(മുകളിൽ: ചൈന സന്ദർശിച്ച 32 പേരുടെ യാത്ര സംഘം)
1989ല്‍ സീതാറാം യെച്ചൂരി റൊമാനിയ സന്ദര്‍ശിക്കുകയും, അവിടത്തെ രാഷ്ട്രീയ, സാമൂഹിക സാഹചാര്യങ്ങളെ കുറിച്ച് പീപ്പിള്‍ ഡെമോക്രസിയില്‍ വിശദമായ ഒരു ലേഖനമെഴുതുകയുമുണ്ടായി. റോമാനിയന്‍ ഭരണകൂടത്തെ പ്രശംസിച്ചു കൊണ്ടെഴുതിയ ആ ലേഖനം പിന്നീട് വലിയ വിവാദങ്ങളാണ് ഉയര്‍ത്തിയത്. എന്തെന്നാല്‍ ഏകാധിപതിയായ റോമാനിയന്‍ ഭരണത്തലവന്‍, നിക്കോളെ ഷെസാസ്ക്യു (Nicolae Ceausescu) അധികം വൈകാതെ തന്നെ അറസ്റ്റ് ചെയ്യപ്പെടുകയും, തൂക്കിലെറ്റപ്പെടുകയുമുണ്ടായി. അതായത്, റോമാനിയന്‍ ഭരണകൂടം ഉപരിപ്ലവമായി, വിദേശ രാജ്യങ്ങള്‍ക്ക് മുന്നില്‍ സൃഷ്ടിച്ച സമാധാനത്തിന്റെയും, സമ്പന്നതയുടെയും അടരുകള്‍ക്ക് അകത്തേക്ക് കടന്നു റൊമാനിയയുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാന്‍ യെച്ചുരിക്ക് കഴിഞ്ഞില്ലെന്നു കരുതേണ്ടി വരുന്നു. ഇക്കാര്യത്തില്‍ യെച്ചൂരിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് തോന്നുന്നു.

കമ്മ്യൂണിസ്റ്റ് /ഏകാധിപത്യ രാജ്യങ്ങളില്‍ മറ്റു രാഷ്ട്രങ്ങളിലെ സന്ദര്‍ശകര്‍ക്ക് മുന്നില്‍ അവരുടെ യഥാര്‍ത്ഥമുഖമല്ല പ്രദര്‍ശിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ, അല്പം ആശങ്കയോടെയാണ് ചൈന സന്ദര്‍ശനത്തെ കുറിച്ചെഴുതുന്നത് . എവിടെത്തിരിഞ്ഞു നോക്കിയാലും പുരോഗതിയുടെയും, വികസനത്തിന്റെയും , സങ്കേതികത്തികക്കുതിപ്പിന്റെയും അടയാളങ്ങള്‍ മാത്രം വായിച്ചെടുക്കാവുന്ന ചൈനയുടെ പുറം തോടിന്നടിയില്‍, ഒരഗ്നി പര്‍വതം പുകയുന്നുണ്ടോ? ഇവിടെയെല്ലാം ഭദ്രമെന്ന് വിളിച്ചുപറയുന്ന, ചൈനയിലെ ചെറുപ്പക്കാരുടെയും, ചെറുപ്പക്കാരികളുടെയും പ്രസന്നവദനത്തിനു പിറകില്‍ അസ്വസ്ഥതയുടെ കൊടുങ്കാറ്റ് വീശുന്നുണ്ടോ? ആര്‍ക്കറിയാം?
ചൈനയിലെക്കൊഴുകുന്ന സന്ദര്‍ശകര്‍
ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് തുടങ്ങിയിട്ട് അധികകാലമായില്ല. ഇന്ത്യയില്‍ നിന്ന് മാത്രമല്ല യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും, മറ്റു ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമൊക്കെയുള്ള ധാരാളം സന്ദര്‍ശകര്‍ ചൈന സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നു. കോവിഡാനന്തരം 2023 മാര്‍ച്ചില്‍ ചൈന, വിസ നിയമങ്ങളില്‍ അയവ് വരുത്തുന്നതോടെയാണ് സന്ദര്‍ശകരുടെ ചൈനയിലേക്കുള്ള ഒഴുക്ക് വര്‍ധിക്കുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളിലെക്കെന്ന പോലെതന്നെ ടൂറിസ്റ്റ് കമ്പനികള്‍ ഇന്ന്, വ്യാപകമായ രീതിയില്‍ ചൈനയിലേക്കുള്ള പാക്കേജ് ടൂറുകള്‍ സംഘടിപ്പിച്ച്ചുകൊണ്ടിരിക്കുന്നു. അത്തരമൊരു ടൂറിലായിരുന്നു ഈയുള്ളവനും ചൈനയിലെത്തിയത്. ദിവസേന ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ ബീജിംഗ് എയര്‍പോര്‍ട്ടിലും, ഷാങ്ങ്ഹായ് എയര്‍പോര്‍ട്ടിലും വന്നിറങ്ങുന്നു. ലോകത്തിലെ തന്നെ വന്‍ സാമ്പത്തിക ശക്തിയായ ചൈന, ടൂറിസത്തിന്റെ വന്‍ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചതായി തോന്നുന്നു.
സാങ്കേതിക പുരോഗതി ചൈനയില്‍
ഷാങ്ങ്ഹായ് എയര്‍പോര്‍ട്ടില്‍ നിന്നും ഹോട്ടലിലെക്കുള്ള (Holiday Inn) മനോഹരമായ റോഡുകള്‍ക്കിരുവശവും അംബരചുംബികളായ പടുകൂറ്റന്‍ കെട്ടിടങ്ങള്‍ നമ്മെ വരവേല്‍ക്കുന്നു. ലോകത്തിലെ പ്രധാന നഗരങ്ങളായ പ്യാരീസ്, റോം, സിംഗപ്പൂര്‍ എന്നിവയോട് കിടപിടിക്കുന്നതാണ് ഷാങ്ങ്ഹായ് നഗരം. ഹോട്ടലില്‍ ചെക്കിന്‍ ചെയ്തു ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ സാങ്കേതിക (ടെക്നോളജി) രംഗത്ത്, ചൈന കൈവരിച്ച മികവ്, ഞങ്ങളുടെ കതകില്‍ മുട്ടി. കതകു തുറന്ന എന്‍റെ സഹമുറിയന്‍ അബുവിനെ അമ്പരിപ്പിച്ചു കൊണ്ട് ‘റോബോട്ട്’ മുന്നില്‍.

ചെക്കിന്‍ ചെയ്ത ഉടനെ റിസപ്ഷനില്‍ വിളിച്ച് അബു ബ്രഷും, പേസ്റ്റും ആവശ്യപ്പെട്ടിരുന്നു. അത് വെച്ച് നീട്ടി, അഭിവാദ്യം ചെയ്തുകൊണ്ട് റോബോട്ട് മറ്റേതോ റൂമിലേക്ക് നീങ്ങുന്നത് കണ്ട് അബു അമ്പരന്നു നിന്നു. ഞെട്ടല്‍ മറച്ചു വെച്ച് കൊണ്ട് ഇതെത്ര കണ്ടതാ എന്നഭാവത്തില്‍ പിറകില്‍ ഞാനും. ഹോട്ടലിലെ റൂം സര്‍വീസ് ഭാഗികമായി റോബോട്ട് ഏറ്റെടുത്തിരിക്കുന്നു. ഞങ്ങള്‍ താമസിച്ച Holiday Inn അന്താരാഷ്ട്രീയ ഹോട്ടല്‍ ശ്രുംഖലയുടെ (ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ചെയിന്‍ ) ഭാഗമാണെന്ന് പറയേണ്ടതില്ലല്ലോ. ഇതുപോലെ മാരിയറ്റ്, ഒബെറോയ്, ഹില്‍ടന്‍, ലി മെരിഡിയന്‍ എന്ന് തുടങ്ങി ലോകത്തിലെ മിക്ക വന്‍കിട ഗ്രൂപ്പുകളുടെയും ഹോട്ടലുകള്‍ ഷാങ്ങ്ഹായില്‍ കാണാന്‍ കഴിഞ്ഞു.

ബഹുരാഷ്ട്ര കമ്പനികള്‍ (Multinational) ചൈനയില്‍
ഹോട്ടലുകള്‍ മാത്രമല്ല ലോകത്തിലെ മിക്ക മള്‍ടിനേഷനല്‍ (ബഹുരാഷ്ട്ര) കമ്പനികളും ഇന്ന് ചൈനയില്‍ വേരുറപ്പിച്ചു കഴിഞ്ഞു. ഷാങ്ങ്ഹായ് നഗരത്തില്‍ തന്നെ Apple,Samsung, KFC, Macdonald, Toyota, Volkswagen തുടങ്ങിയ ഭീമന്മാരുടെ കൂറ്റന്‍ കെട്ടിടങ്ങള്‍ കാണാം. 1978ല്‍ ചൈനയുടെ പ്രസിഡന്റ്, ഡെങ്ങ് സിയാവോപിങ്ങിന്റെ (Deng Xiaoping) ഓപ്പണ്‍ ഡോര്‍ പോളിസി, ലോക മാകെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നല്ലോ. ചൈന മുതലാളിത്വത്തിലേക്ക് നടന്നടുക്കുകയാണെന്നു പലരും നിരീക്ഷിച്ചിരുന്നതോര്‍ക്കുന്നു.
അല്പം രാഷ്ട്രീയം
പൊതുവേ ചൈനക്കാര്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ മടിയുള്ളവരാണെന്നു തോന്നി. എന്നാല്‍ എന്നിലെ രാഷ്ട്രീയ ജീവി അടങ്ങാന്‍ കൂട്ടാക്കിയില്ല. അവസരം കിട്ടുമ്പോഴെല്ലാം, ഇംഗ്ലീഷ് അറിയാവുന്നവരോടൊക്കെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. ഹോട്ടലിലെ റിസപ്ഷനിസ്റ്റും, ബസ്സിലെ ഡ്രൈവറുമെല്ലാം എന്‍റെ ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞു മാറുന്നതായി തോന്നി.

ചൈന ഒരു മുതലാളിത്ത രാജ്യമായി മാറിക്കൊണ്ടിരിക്കുന്നതിനെ കുറിച്ചും, ടിയാനന്‍മന്‍ സ്ക്വയറില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ക്രൂരമായി പട്ടാള ടാങ്ക് കയറ്റി കൊന്നതിനെ കുറിച്ചും, പ്രസിദ്ധമായ ലോങ്ങ് മാര്‍ച്ചിനെകുറിച്ചുമെല്ലാം ചോദിച്ചെങ്കിലും, അത്തരം ചോദ്യങ്ങളില്‍ നിന്നെല്ലാം അവര്‍ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. അല്ലെങ്കില്‍ അതിനെക്കുറചെല്ലാം അജ്ഞത നടിച്ചു. എന്‍റെ പ്രകോപനം സഹിക്കാനാകാതെ, അല്പമെങ്കിലും പറയാന്‍ തയ്യാറായത് ഞങ്ങളുടെ ചൈനീസ് ഗൈഡ് ആയ എക്കോ ലിയു (Echo Liu)വാണ്. ചൈനയിലുള്ള ബഹുരാഷ്ട്ര കമ്പനികളെല്ലാം 40 വര്‍ഷത്തെയോ, 70 വര്‍ഷത്തെയോ ലീസ് എഗ്രീമെന്റില്‍ (Lease Agreement) ആണത്രെ പ്രവര്‍ത്തിക്കുന്നത്. അതായത്, രാജ്യത്തെ വിപണി ബഹുരാഷ്ട്ര കുത്തകള്‍ക്ക് തുറന്നു കൊടുക്കുമ്പോഴും, വലിയ നിബന്ധനകളും നിയന്ത്രങ്ങളുമാണ് അവര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവരുടെ ഉല്പന്നങ്ങള്‍ വില്‍ക്കാനും അതുവഴി പണമുണ്ടാക്കാനും അനുമതി നല്‍കുമ്പോള്‍ തന്നെ, ലീസ് എഗ്രീമെന്റ് കാലാവധി കഴിഞ്ഞാല്‍ അവരെ വേണമെങ്കില്‍ പുറത്താക്കാം. അല്ലെങ്കില്‍ അഗ്രീമെന്റ് പുതുക്കാം. ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ തങ്ങളുടെ ജനങ്ങള്‍ക്ക് വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ കമ്പനി ലീസില്‍ ആയിരിക്കും. ചൈനയുടെ മാര്‍ക്കറ്റില്‍ ലഭിക്കാത്ത ഉല്‍പന്നങ്ങള്‍ ഇല്ല. ഏതൊരു യൂറോപ്യന്‍ രാജ്യത്തോടും കിടപിടിക്കുന്ന, ഏറ്റവും ആധുനിക തരത്തിലുള്ള ഇലക്ട്രോണിക് , ഡിജിറ്റല്‍ ഉപകരണങ്ങള്‍ മാര്‍കെറ്റുകളില്‍ സുലഭം.
ഷാങ്ങ്ഹായ് ടവര്‍
ചൈനയിലെ ഏറ്റവും ഉയരമുള്ളതും, ലോകത്തിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ കെട്ടിടവുമത്രേ ഷാങ്ങ്ഹായ് ടവര്‍.

119 നിലകളുള്ള ഈ കെട്ടിടത്തിന്റെ 118 നിലകള്‍ വരെ സന്ദര്‍ശകര്‍ക്ക് കയറാം. ഷാങ്ങ്ഹായ് നഗരം മുഴുവന്‍ കാണാന്‍ കഴിയുന്ന ഇതിനു മുകളില്‍ നിന്നുള്ള ദൃശ്യം രാത്രിയില്‍ അതി മനോഹരം.
ബുദ്ധമതം, ജെയ്ഡ ബുദ്ധ ക്ഷേത്രം (Jade Buddha Temple)
ചൈനയില്‍ ആഴത്തില്‍ വേരോടിയ ഒരേയൊരു മതം ബുദ്ധമതമാണ്. നിരവധി ബുദ്ധ വിഹാരങ്ങള്‍/ക്ഷേത്രങ്ങള്‍ ചൈനയില്‍ ഉണ്ടെങ്കിലും അവയില്‍ ഏറെ പ്രാധാന്യവും, പ്രത്യേകതകളും ഉള്ളതാണ് ജയ് ഡ് ബുദ്ധ ക്ഷേത്രം.
അറുനൂറു വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം സന്ദര്‍ശിക്കാന്‍ നിരവധി തീര്‍ഥാടകരാണ് വിദേശങ്ങളില്‍ നിന്നെത്തുന്നത്. എന്നാല്‍ ചൈനയുടെ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തില്‍, മതത്തിന് നമ്മുടെ രാജ്യത്തുള്ളതുപോലെ വലിയ പങ്കൊന്നും ഉണ്ടെന്നു തോന്നുന്നില്ല. മാത്രമല്ല സന്ദര്‍ശകരില്‍ സ്വദേശികള്‍(ചൈനക്കാര്‍) വിരളമാണ്. ക്ഷേത്രത്തിന്റെ വാസ്തുകല(ആര്‍ക്കിടെക്ച്ചര്‍)യും ചുമര്‍ ശില്പങ്ങളും മനോഹരങ്ങളാണ്.
വ്യാവസായിക പുരോഗതി
ചൈനയുടെ വ്യാവസായിക പുരോഗതിയുടെ ചില അടയാളങ്ങള്‍ നേരില്‍ കാണാനുള്ള അവസരം ഞങ്ങള്‍ക്ക് ലഭിച്ചു. അതില്‍ ഒന്നായിരുന്നു വോള്‍ക്സ് വാഗന്‍ കാര്‍ ഫാക്ടറി. ഈ പടുകൂറ്റന്‍ ഫാക്ടറിയുടെ മുപ്പതോളം പ്ലാന്റുകള്‍ ചൈനയുടെ പല ഭാഗങ്ങളിലായി ഏറ്റവും ആധുനിക രീതിയിലുള്ള കാറുകളും, സ്പെയര്‍ പാര്‍ട്ട്സുകളും,

ഇലക്ട്രിക് വാഹനങ്ങളും നിര്‍മ്മിക്കുന്നു. ലോകത്തിലെ ഏറ്റവും ആധുനിക മോഡലുകളിലുള്ള അതി മനോഹരമായ കാറുകളുടെ നിര ഏറെ ആകര്‍ഷകം. വോള്‍ക്സ് വാഗന്‍ കമ്പനിക്ക് പുറമേ ലോക പ്രസിദ്ധമായ ചൈനാ സില്‍കിന്റെ ഒരു ഫാക്ടറിയും സന്ദര്‍ശിക്കാനുള്ള അവസരം ഞങ്ങള്‍ക്ക് ലഭിച്ചു. പട്ടുനൂല്‍ പുഴുക്കളെ ഉപയോഗിച്ചുകൊണ്ടുള്ള സില്‍ക്ക് നിര്‍മ്മാണം ഏറെ കൌതുകരമായി തോന്നി.
ബുള്ളറ്റ് ട്രെയിന്‍
മൂന്നു ദിവസം ഷാങ്ങ്ഹായില്‍ കഴിച്ചു കൂട്ടിയ ശേഷം ഞങ്ങള്‍ ബീജിങ്ങിലേക്കു പോയത് ചൈനയിലെ മറ്റൊരു വിസ്മയമായ ബുള്ളെറ്റ് ട്രെയിനില്‍ ആണ്. 1200 കിലോമീറ്ററില്‍ അധികം ദൂരമുണ്ട് ബീജിങ്ങിലേക്ക്. നാലര മണിക്കൂര്‍ കൊണ്ട് 1200 കിലോമീറ്റര്‍ താണ്ടി. മണിക്കൂറില്‍ 350 കിലോമീറ്റര്‍ സ്പീഡില്‍. നല്ല സ്പീഡിലുള്ള ട്രെയിന്‍ അല്ലെ, വിഴാതെ പിടിച്ചിരിക്കാം എന്ന് കരുതിയ ഞങ്ങള്‍ക്ക് തെറ്റി. ഇളക്കമോ ചാഞ്ചാട്ടമോ ഇല്ലാതെ, സ്വീകരണ മുറിയില്‍ ഇരിക്കുന്ന ലാഘവത്തോടെ പുറം കാഴ്ചകള്‍ കണ്ട്, നാലര മണിക്കൂറില്‍ ഞങ്ങള്‍ ബീജിങ്ങിലെത്തി. റെയില്‍ പാളങ്ങള്‍ വിരിച്ചിട്ട ഭൂമിയുടെ പ്രതലം നല്ല നിരപ്പുള്ളതായത് കൊണ്ടത്രേ ഇളക്കം അനുഭവപ്പെടാത്തത്. നമ്മുടെ ഇന്ത്യയിലും/കേരളത്തിലും ബുള്ളറ്റ് ട്രെയിന്‍ സമീപ ഭാവിയില്‍ വരുമായിരിക്കും.

മഗ്നെറ്റിക് ലെവിറ്റേഷന്‍ (maglev)ടെക്നോളജി ഉപയോഗിച്ചു ഓടുന്ന എലെക്ട്രോ മാഗ്നെറ്റ് ട്രെയിന്‍ ചൈനയിലെ മറ്റൊരു വിസ്മയമാണ്. രണ്ടിഞ്ച് അകലത്തില്‍, പാളം തൊടാതെ ഓടുന്ന (ഒഴുകുന്ന) ഇത്തരം ട്രെയിനുകള്‍ ഇപ്പോള്‍ ഷാങ്ങ്ഹായില്‍ ട്രയല്‍ റണ്ണില്‍ ആണ്. മണിക്കൂറില്‍ 600/700 കിലോമീറ്റര്‍ വേഗമാണ് ഇതിന്റെ ടാര്‍ഗറ്റ്.
ടിയാനന്‍മെന്‍ സ്ക്വയര്‍
ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലെ, ഏറ്റവും തന്ത്രപ്രധാനവും, ചരിത്ര പ്രസിദ്ധവുമായ സ്ഥലമാണ് ടിയാനന്‍മെന്‍ സ്ക്വയര്‍. ഡല്‍ഹിയിലെ വിജയ് ചൌക്ക് പോലെ, രാഷ്‌ട്രപതി ഭവന്‍ പോലെ പ്രധാനപ്പെട്ട ഇടം. എന്നാല്‍ വിജയ് ചൌക്ക് പോലെയോ രാഷ്ടപതി ഭവന്‍ പോലെയോ ടിയാനന്‍മെന്‍ സ്ക്വയര്‍ സന്ദര്‍ശിക്കാനാകില്ല. അതിനു കടമ്പകള്‍ ഏറെയുണ്ട്.

ഒരാഴ്ച മുന്‍പെങ്കിലും പാസ്പോര്‍ട്ടും മറ്റു യാത്ര രേഖകളുമായി സന്ദര്‍ശനാനുമതി തേടണം. വിദേശികള്‍ ആണെങ്കില്‍ സന്ദര്‍ശനസമയം പാസ്പോര്‍ട്ട് കയ്യിലുണ്ടാവണം. സന്ദര്‍ശകര്‍ക്കായുള്ള നീണ്ട വരികളില്‍ ഇടം പിടിക്കണം. വരിയില്‍ നില്‍ക്കുമ്പോള്‍ വീണ്ടും ഞങ്ങളുടെ ഗൈഡ് എക്കൊ ലിയുമായി സംഭാഷണം നടത്താന്‍ ശ്രമിച്ചു. ഇത്തവണ എന്‍റെ പ്രകോപനത്തില്‍ നിന്ന് അവള്‍ക്കു ഒഴിഞ്ഞു മാറാനായില്ല. ‘ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളായ പ്രക്ഷോഭകാരികളെ പട്ടാള ടാങ്ക് കയറ്റി അരച്ചുകൊന്നയിടമല്ലേ ഇത്?’ ഞാന്‍ ചോദിച്ചു. അവളുടെ മുഖം ചുവക്കുന്നത് ഞാന്‍ കണ്ടു. അവള്‍ എന്റെയടുത്തേക്ക് നീങ്ങി നിന്ന് ശബ്ദം താഴ്ത്തി പറഞ്ഞു. ‘ ആരാണ് നിങ്ങള്‍ക്ക് ഞങ്ങളെ കുറിച്ച് ഇത്തരം നുണകള്‍ പറഞ്ഞു തന്നത് ? വിദേശ മാധ്യമങ്ങളില്‍ അതിശയോക്തി കലര്‍ന്ന ഇത്തരം നിരവധി കഥകള്‍ അക്കാലത്ത് പ്രചരിപ്പിച്ചിട്ടൂണ്ടെന്നു ഞാന്‍ കേട്ടിട്ടുണ്ട്. 22 വിദ്യാര്‍ഥികള്‍ മാത്രമാണ് മരിച്ചത്.’ ഇത്രയും പറഞ്ഞു പെട്ടെന്ന് അവള്‍ മുന്നിലേക്ക് നടന്നു. അവളുടെ ചുമന്നു തുടുത്ത മുഖത്ത് ഭയം മിന്നി മറയുന്നത് എനിക്ക് വായിച്ചെടുക്കാമായിരുന്നു. ടിയാനന്‍മെന്‍ സ്ക്വയറില്‍ നിന്നാണ് ഈ സംഭാഷണം എന്ന് ഞാന്‍ പെട്ടെന്നോര്‍ത്തു. ചുറ്റുപുറവും പോലീസും, രഹസ്യ പോലീസും മറ്റും റോന്തു ചുറ്റുന്നുണ്ട്. പോരാത്തതിന് CCTV ക്യാമറയുടെ സൂഷ്മ നിരീക്ഷണത്തിലും. ഏകദേശം 4 പതിറ്റാണ്ട് മുന്‍പ് നടന്ന വിദ്യാര്‍ത്ഥിപ്രക്ഷോഭമാണ് . ആവിഷ്കാര സ്വാതന്ത്ര്യത്തിനും, അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ടിയാനന്‍മെന്‍സ്ക്വയറിലെ തെരുവില്‍ ഇറങ്ങിയപ്പോള്‍ ഭരണകൂടം പട്ടാള ടാങ്കുകള്‍ നിരത്തി പ്രക്ഷോഭകാരികളെ നേരിടുകയും, നിരവധി വിദ്യാര്‍ഥികള്‍ കൊല ചെയ്യപ്പെടുകയും ചെയ്തു. ഒരുപക്ഷെ എക്കോ ലിയു അപ്പോള്‍ ജനിച്ചിട്ട് പോലും ഉണ്ടായിരിക്കില്ല. എന്നിട്ടും തന്‍റെ ഭരണകൂടത്തെ അവള്‍ ന്യായീകരിക്കുന്നതു ഭയം കൊണ്ടായിരിക്കുമോ? ആര്‍ക്കറിയാം? അവളെ പുഞ്ചിരിക്കുന്ന പ്രസന്നമായ മുഖത്തോടെ മാത്രമേ കണ്ടിട്ടുള്ളൂ. അവളെ മാത്രമല്ല, ചൈനയില്‍ ഞാന്‍ കണ്ട ചെറുപ്പക്കാരെല്ലാം പ്രസന്ന വദനരും, നല്ലപോലെ വസ്ത്രം ധരിക്കുന്നവരും, ആരോഗ്യവാന്മാരുമാണ്. ഇവരുടെയൊക്കെ മുഖത്ത് കാണുന്ന ഈ പ്രസന്നത, ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ, അസ്വസ്തവും അശാന്തവുമായ ഒരു മനസ്സിന്റെ മുഖം മൂടിയാണോ? ചൈനയുടെ വികസനക്കുതിപ്പിന്റെയും, പുരോഗതിയുടെയും പിറകില്‍ എപ്പോള്‍ വേണമെങ്കിളും പോട്ടിയൊലിക്കാവുന്ന ഒരു അഗ്നി പര്‍വതം പുകയുന്നുണ്ടോ?

ടിയാനന്‍മെന്‍ സ്ക്വയറില്‍, പിറകിലെ ഭിത്തിയില്‍ മവോസേതൂങ്ങിന്റെ പടുകൂറ്റന്‍ ചിത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രസിഡന്റ് സിജിന്‍പിങ്ങി(Xi Jinping)ന്റെതടക്കം ആരുടേയും ചിത്രങ്ങള്‍ എവിടെയും കണ്ടില്ല. സ്ക്വയറിന്‍റെ ഇടതുഭാഗത്തായി ചൈനയുടെ പാര്‍ലിമെന്റ് മന്ദിരമാണ്. വലതുവശത്ത് ചരിത്രപ്രസിദ്ധമായ ലോങ്ങ് മാര്‍ച്ചിന്റെ മനോഹരമായ ശില്പമുണ്ട്. ഡല്‍ഹിയിലെ സര്‍ദാര്‍ പട്ടേല്‍ മാര്‍ഗില്‍ സ്ഥാപിക്കപ്പെട്ട ഗാന്ധിജി നയിക്കുന്ന ദണ്ടി മാര്‍ച്ചിന്റെ (ഗ്യാരഹ് മൂര്‍ത്തി) ശില്പത്തെ ഓര്‍മപ്പെടുത്തുന്നുണ്ട് ലോങ്ങ് മാര്‍ച്ചിന്റെ ശില്‍പം.
ചൈനയിലെ വന്‍ മതില്‍ (The Great Wall of China)
ലോകത്തിലെ സപ്താത്ഭുതങ്ങളില്‍ ഒന്നെന്നു പറയപ്പെടുന്ന, UNESCO ലിസ്റ്റില്‍ ഇടം പിടിച്ച, ചരിത്ര പ്രസിദ്ധമായ ഒന്നാണ് ചൈനയിലെ വന്‍മതില്‍ .

മിങ് രാജ വംശകാലത്ത് അതിര്‍ത്തി സംരക്ഷണത്തിനായി (1368 -1644 ) ഇഷ്ടികയും, മണ്ണും, കല്ലും ഉപയോഗിച്ചു നിര്‍മ്മിച്ച, 21000 കിലോമീറ്റര്‍ നീളമുള്ള ഈ മതില്‍ ഇന്ന് ഒരു ചരിത്ര സ്മാരകമായി നില നിര്‍ത്തിയിരിക്കുകയാണ്. ദിവസവും പതിനായിരങ്ങള്‍ വന്‍മതില്‍ സന്ദര്‍ശിക്കാനെത്തുന്നു. വന്‍മതില്‍ മുഴുവന്‍ നടന്നു കാണുക എന്നത് അസാധ്യമായ കാര്യമാണ്. തുടക്കത്തില്‍ ഏതാനും പടികള്‍ കയറിയ ശേഷം ഞാന്‍ പിന്‍വാങ്ങി.
ഴാങ്ങ് ജിയാജി ഗ്രാന്‍ഡ് കാന്യോന്‍ ഗ്ലാസ്സ് ബ്രിഡ്ജ് (Zhangjiajie Grand Canyon Glass Bridge)
ബീജിങ്ങിലെ മറ്റൊരാകര്‍ഷണമാണ് ഗ്ലാസ് ബ്രിഡ്ജ്. മലകള്‍ക്കിടയില്‍ ഏകദേശം 430 മീറ്റര്‍ നീളത്തില്‍ 6 മീറ്റര്‍ വീതിയില്‍ ട്രന്‍സ്പാരന്റായ ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച ഒരു പാലം.

കേബിള്‍ കാറില്‍ കയറി മലമുകളിലെത്തി ഗ്ലാസ് ബ്രിഡ്ജില്‍ കയറാം. മുകളില്‍ നിന്നുള്ള കാഴ്ച വിസ്മയിപ്പിക്കുന്നത്. ബീജിംഗ് സിറ്റിയില്‍ നിന്ന് കുറെ ദൂരം ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു വേണം ഇവിടെയെത്താന്‍. ചൈനയിലെ ഗ്രാമങ്ങളെ കുറിച്ചും ഗ്രാമ വാസികളെ കുറിച്ചുമൊക്കെ അറിയാനുള്ള അവസരം കൂടിയായിരുന്നു ഇവിടേക്കുള്ള യാത്ര.
യൂറോപ്യന്‍ രാജ്യങ്ങളെ പോലെയോ, ഏഷ്യയിലെയോ, അഫ്രിക്കയിലെയോ രാജ്യങ്ങളെ പോലെയോ ചൈന പെട്ടെന്ന് കണ്ട് തീര്‍ക്കാനാവില്ല. ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയെ മറികടന്നെങ്കിലും വിസ്തൃതിയുടെ കാര്യത്തില്‍ ചൈന, ഇന്ത്യയേക്കാള്‍ ഏറെ മുന്നിലാണ്. 9 ദിവസത്തെ ഒരു പാക്കേജ് ടൂറില്‍ പോയ ഞങ്ങള്‍ക്ക് ചൈന പോലെയുള്ള ഒരു രാജ്യം കവര്‍ ചെയ്യുകയെന്നാല്‍ ദുഷ്ക്കരമാണ്.
ചൈന ടൂറിസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത് അടുത്ത കാലത്താണ്. ടൂറിസത്തിന്റെ വന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ചൈന തീരുമാനിച്ചതിന്റെ നിരവധി അടയാളങ്ങള്‍ കാണാനുണ്ട്. ഉദാഹരണത്തിന് ബീജിംഗ് ഒളിമ്പിക്സിനായി നിര്‍മിച്ച നാഷണല്‍ സ്റ്റെഡിയം പോലും അവര്‍ ഒരു ടൂറിസ്റ്റ് സ്പോട്ട് ആക്കി മാറ്റിക്കഴിഞ്ഞു. (ഡല്‍ഹിയിലെ കോമണ്‍ വെല്‍ത്ത് വില്ലേജും, ഏഷ്യാഡ് വില്ലജും മറ്റും ഈ രീതിയ്ടില്‍ ചിന്തിച്ചെങ്കില്‍ ). അതുപോലെ ടൂറിസ്റ്റ്കള്‍ക്കായി പ്രസിദ്ധമായ ചൈനീസ് ആക്രോബാറ്റിക് ഷോ (Chinese Acrobatic show) സംഘടിപ്പിക്കുന്നു. ഇപ്പോള്‍ തന്നെ ഇംഗ്ലീഷ് അറിയുന്ന ഗൈഡ് കള്‍ക്ക് പോലും വലിയ ഡിമാണ്ട് ആണെന്ന് ഞങ്ങളുടെ ഗൈഡ് എക്കോ ലിയു പറയുന്നു.
ചൈനീസ് ഫുഡ്
ലോകപ്രസിദ്ധമാണ് ചൈനീസ് ഫുഡ്. ലോകത്ത് എവിടെ ചെന്നാലും, എത് പഞ്ച നക്ഷത്ര ഹോട്ടല്‍ ആയാലും അവിടെയെല്ലാം ഒരു ചൈനീസ് ഫുഡിന്റെ സെക്ഷന്‍ നിര്‍ബന്ധമായും കാണും. ഇന്ത്യയിലും ചൈനീസ് ഫുഡ് ഏറെ പ്രിയപ്പെട്ടതാണല്ലോ. എന്നാല്‍ ഇന്ത്യയില്‍ കിട്ടുന്ന ചൈനീസ് ഫുഡ് നമ്മുടെ രുചിക്കനുസരിച്ച് (Indianised Chinese food) പാകം ചെയ്യപ്പെടുന്നു. എന്നാല്‍ ചൈനയുടെ ട്രഡിഷനല്‍ (Authentic Chinese Food) ചൈനയില്‍ മാത്രം ലഭ്യമാകുന്നതാണ്. ഞങ്ങളുടെ ഗ്രൂപ്പിനു രണ്ടും, ചൈനയില്‍ ലഭ്യമാകുന്ന ഇന്ത്യന്‍ ഹോട്ടലുകളിലെ ഭക്ഷണവും, Authentic ചൈനീസ് ഫുഡും ലഭ്യമാക്കിയിരുന്നു.
നമ്മില്‍ നിന്ന് വ്യത്യസ്തമായി മസാലകള്‍ ചേര്‍ക്കാതെയാണ് മിക്കവാറും ചൈനീസ് ഭക്ഷണ രീതി. ചൈനക്കാരുടെ ആരോഗ്യത്തിന്റെ രഹസ്യവും ഒരു പക്ഷെ അതായിരിക്കാം. ഹൃദ്രോഗവും, ലിവര്‍, കിഡ്നി രോഗങ്ങളുമെല്ലാം ചൈനയില്‍ താരതമ്യേന വളരെ കുറവത്രേ. പൊതുവേ ചൈനക്കാര്‍ ആരോഗ്യവാന്മാരാണ്.
ചൈനയിലെ ഇന്ത്യന്‍ സാമീപ്യം
ചൈനയിലേക്ക് വരുമ്പോള്‍ ഫ്ലൈറ്റില്‍ എന്റെയടുത്ത സീറ്റില്‍ തമിള്‍നാട്ടില്‍ നിന്നുള്ള ഒരു മെഡിക്കല്‍ വിദ്യാര്‍ഥി ഉണ്ടായിരുന്നു. 20000ത്തില്‍ അധികം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉണ്ടത്രേ ചൈനയില്‍ ഇപ്പോള്‍ തന്നെ. ഫീസിന്റെ കാര്യത്തിലും, പഠനനിലവാരത്തിന്റെ കാര്യത്തിലും ഇന്ത്യയേക്കാള്‍ ഭേദമത്രേ ചൈന. എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളും ചൈനയെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നു പറയപ്പെടുന്നു.

വന്‍ തുക ചിലവാക്കി ജര്‍മ്മനി, ഓസ്ട്രേലിയ, U.K, കാനഡ എന്നീ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ ചെയനയിലെക്കൊഴുകാന്‍ വലിയ താമസമില്ലെന്നു തോന്നുന്നു. ചൈനയില്‍ ഇന്ത്യന്‍ ഭക്ഷണം കിട്ടുന്ന ഹോട്ടലുകള്‍ നഗരങ്ങളില്‍ പലയിടത്തും കാണാം. ഇന്ത്യന്‍ സമൂഹം ചൈനയില്‍ അധികം വൈകാതെതന്നെ പടര്‍ന്നു പന്തലിക്കാനുള്ള സാധ്യതകള്‍ കാണുന്നു,

ചൈനയില്‍ വന്നിറങ്ങിയതുമുതല്‍, ഈ രാജ്യത്തിന്റെ സാമ്പത്തിക, സാങ്കേതിക വളര്‍ച്ചയില്‍ എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യത്തെ കുറിച്ച് കൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാമെന്ന് തോന്നുന്നു. ചൈന അര നൂറ്റാണ്ടു മുന്‍പ് വരെ ഇന്ത്യയേക്കാള്‍ എല്ലാ കാര്യത്തിലും പിറകിലുള്ള ഒരു ദരിദ്ര രാജ്യമായിരുന്നുവല്ലോ. എന്നാല്‍ ഇന്ന് ചൈന അമേരിക്കയോട് പോലും കിടപിടിക്കുന്ന ഒരു സാമ്പത്തിക (Economy)ശക്തിയായി മാറി എന്ന് മാത്രമല്ല ഏതു മേഖലയെടുത്താലും ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ നിക്കുന്ന ഒരു രാഷ്ട്രമായി മാറിക്കഴിഞ്ഞു. യഥാര്‍ഥത്തില്‍ 1978ല്‍ നടപ്പാക്കിയ പുത്തന്‍ സാമ്പത്തിക നയമാണ് (ഓപ്പണ്‍ ഡോര്‍ പോളിസി ) ചൈനയുടെ ഈ കുതിപ്പിന് കാരണമെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. നമ്മുടെ രാജ്യവും പുതിയ സാമ്പത്തിക നയം (ആഗോള വല്‍ക്കരണമെന്ന പേരില്‍) നടപ്പാക്കാന്‍ ശ്രമിച്ചല്ലോ. ചൈന സമസ്ത മേഖലകളിലും മുന്നോട്ടു പോയപ്പോള്‍ നമ്മുടെ രാജ്യം എന്തുകൊണ്ട് പിറകോട്ട് പോയി. ആഗോളവല്‍ക്കരണത്തിന്റെ ഫലമായി, ഇന്ത്യയില്‍ ദരിദ്രന്‍ കൂടുതല്‍ ദരിദ്രനും, ധനികന്‍ കൂടുതല്‍ ധനികനുമാവുകയാനുണ്ടായത്.
അതായത് ആഗോളവല്‍ക്കരണത്തിന്റെ ഗുണഫലങ്ങള്‍ ചൈനയില്‍ രാഷ്ട്രത്തിനും, ഇവിടത്തെ ജനങ്ങള്‍ക്കും ഗുണം ചെയ്തപ്പോള്‍ ഇന്ത്യയില്‍ അത് ഒരുപറ്റം ധനികര്‍ക്ക് മാത്രം ലഭിച്ചുവെന്ന് കരുതേണ്ടി വരുമോ? അങ്ങിനെയെങ്കില്‍, ചൈനയില്‍ എന്തെല്ലാം പരിമിതികളുണ്ടെങ്കിലും, ഒരു സോഷ്യലിസ്റ്റ് ഭരണകൂടം ഉള്ളത് കൊണ്ടാണോ മുന്നോട്ടുള്ള ഈ കുതിപ്പുണ്ടായത്? രാഷ്ട്രീയ വിദ്യാര്‍ഥികളും, ചിന്തകരും, പഠിക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്യേണ്ട വിഷയമാണെന്ന് തോന്നുന്നു.
ചൈനയെ കൂടുതല്‍ അറിയാന്‍ ഒരു യാത്ര കൂടി വേണ്ടിവരുമെന്ന് കരുതുന്നു.









