A Unique Multilingual Media Platform

Articles Kerala Politics Society

രാഷ്ട്രീയവും രാഷ്ട്രബോധവും തൊഴിൽ നിയമങ്ങളുടെ പൊളിച്ചെഴുത്തും

  • November 25, 2025
  • 1 min read
രാഷ്ട്രീയവും രാഷ്ട്രബോധവും തൊഴിൽ നിയമങ്ങളുടെ പൊളിച്ചെഴുത്തും

മതരാഷ്ട്രീയത്തിന്റെ തണലിൽ ക്രോണി ക്യാപ്പിറ്റലിസത്തിന് മോദിയും കൂട്ടരും കുട പിടിക്കാൻ തുടങ്ങിയിട്ട് പതിനൊന്ന് വർഷങ്ങളായി. ഇന്ത്യൻ ​ഗ്രാമങ്ങളിലെ വിശപ്പകറ്റാൻ നാടായ നാടുകളിൽ ഇന്ത്യൻ യുവത്വം അലയുമ്പോഴും മുതലാളിമാരുടെ സേവകന്മാരായി നിയമനിർമ്മാണങ്ങൾ നടത്തിയും അവർക്കു വേണ്ട വിധത്തിലുള്ള നയങ്ങൾ നടപ്പിലാക്കിയും സംഘപരിവാരം വളരുകയാണ്. ജനാധിപത്യത്തെ പൂട്ടിയിട്ട ശേഷം ബീഹാറിൽ തെരഞ്ഞെടുപ്പ് വിജയം നേടിയ ഉടൻ തങ്ങളാണ് ഇന്ത്യയെന്ന തോന്നൽ സംഘപരിവാരത്തിനുണ്ടായിരിക്കുന്നു. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് രാജ്യത്ത് നില നിന്നിരുന്ന തൊഴിൽ നിയമങ്ങളെ മോദി സർക്കാർ പൊളിച്ചെഴുതിയത്.

തൊഴിലെടുത്ത് ജീവിക്കുന്നവർ വർഷങ്ങൾ നീണ്ട പോരാട്ടങ്ങളിലൂടെയും രാജ്യതന്തജ്ഞരായ ഭരണാധികാരികളുടെ ദീർഘവീക്ഷണത്തിലൂടെയും നേടിയെടുത്ത തൊഴിൽ സുരക്ഷയേയും ജീവിത പരിരക്ഷയേയും കീറിയെറിയാനാണ് മോദിയും കൂട്ടരും ഈ വികല നയങ്ങളിലൂടെ ശ്രമിക്കുന്നത്. ടോക്കൺ സമരങ്ങൾക്ക് അപ്പുറം ഒന്നും സംഭവിക്കില്ലെന്ന അമിത ആത്മവിശ്വാസം ബീഹാർ ജയത്തോടെ എൻ.‍‍ഡി.എയ്ക്ക് ഉണ്ടായിരിക്കുന്നു.കർഷകരുടെ രോഷാ​ഗ്നിയിൽ കൈപൊള്ളി കർഷക കരിനിയമങ്ങൾ പിൻവലിക്കേണ്ടി വന്നതിന്റെ ജാള്യത ഇപ്പോഴും നരേന്ദ്രമോദിക്കുണ്ട്.

തൊഴിൽദാതാക്കളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന കാര്യത്തിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന ആർക്കും സംശയമില്ല. തൊഴിലുകൾ സൃഷ്ടിച്ച് രാജ്യത്തിന്റെ സർവ്വോന്മുഖമായ വളർച്ച ഉറപ്പാക്കുന്ന സംരംഭകരുടെ ന്യായമായ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. പക്ഷേ അവരുടെയൊക്കെ നിക്ഷിപ്ത താൽപര്യങ്ങൾക്ക് കുടപിടിക്കാനുള്ള ജോലി ഒരു സർക്കാരിന്റേതല്ല. ഭൂരിപക്ഷം വരുന്ന ജനതയുടെ ജീവിക്കാനുള്ള അവകാശമാണ് സർക്കാരും അതിന്റെ അമരത്തിരിക്കുന്നവരും സംരക്ഷിക്കേണ്ടത്.തൊഴിൽ സുരക്ഷ നഷ്ടപ്പെടുകയെന്നാൽ അരാജകത്വം സൃഷ്ടിക്കപ്പെടുന്നു എന്നാണ് അർത്ഥം. ഇത് ലോക ചരിത്രത്തിന്റെ വിവിധ ദശകളിൽ നാം കണ്ടിട്ടുണ്ട്. നേപ്പാളിലും ശ്രീലങ്കയിലും ഈയടുത്ത കാലത്ത് കണ്ട പ്രക്ഷോഭങ്ങൾ പൂർണ്ണമായും തൊഴിലുമായി ബന്ധപ്പെട്ടതായിരുന്നു. സർക്കാരുകളുടെ സർവ്വനാശമായിരുന്നു ഫലം. ലാഭം എന്ന വാക്കിന് മോശമായ അർത്ഥം കൽപ്പിക്കേണ്ടതില്ലെങ്കിലും അത് ചൂഷണത്തിനുള്ള ഉപാധിയാക്കി മാറ്റാനുള്ള ലൈസൻസാണ് ഇപ്പോൾ മോദി ഭരണകൂടം കോർപ്പറേറ്റുകൾ മുതൽ അർദ്ധ വ്യവസായികൾക്ക് വരെ നൽകിയിരിക്കുന്നത്.

ഒരു മനുഷ്യന്റെ അന്തസ്സ് കെടുത്തുന്ന തരത്തിലാണ് ഇപ്പോഴത്തെ തൊഴിൽ നയങ്ങളിലെ മാറ്റം. രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ തൊഴിൽ രഹിതനാകുന്ന ഭയാനകമായ സാഹചര്യം സൃഷ്ടിച്ച് തൊഴിൽ മേഖലയിൽ അശാന്തി വിളയിക്കാനുള്ള ഈ രാഷ്ട്രീയ ദൗത്യം അദാനി-അംബാനിമാർക്കു പോലും നല്ലതല്ല. നിലനിൽപ്പിനെ കുറിച്ചുള്ള ഉത്കണ്ഠയിൽ പണിയെടുക്കുന്ന ഒരാളിൽ നിന്നും എന്തു പ്രത്യുൽപാദനപരതയാണ് പ്രതീക്ഷിക്കേണ്ടത്? അത്തരത്തിൽ തൊഴിലിന്റെ ​ഗുണം കുറയുമ്പോൾ ഒരുപാട് സൂചകങ്ങളെ അത് നേരിട്ടു ബാധിക്കുമെന്ന് പ്രധാനമന്ത്രിയുടെ ചുറ്റും നിന്ന് ദശലക്ഷങ്ങൾ പ്രതിവർഷം ശമ്പളവും മറ്റ് അലവൻസുകളുമായി പറ്റുന്ന ധനകാര്യ വിദ​ഗ്ദന്മാർ പറഞ്ഞു കൊടുക്കേണ്ടതല്ലേ? മുൻപ് കള്ളപ്പണം നിയന്ത്രിക്കാനെന്ന പേരിൽ നോട്ടുനിരോധനം നടത്തിയത് പോലുള്ള ഒരു വിഡ്ഢിത്തരമാണ് തൊഴിൽ നിയമങ്ങളുടെ ഭേദ​ഗതികളിലൂടെ മോദി സർക്കാർ നടത്തിയിരിക്കുന്നത്.

കേരളത്തിന്റെ രാഷ്ട്രീയ ബോധം ലോക പ്രശസ്തമാണ്. പക്ഷേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ മുന്നണികളും നേരിടുന്ന വിമതശല്യം കാണുമ്പോൾ മലയാളിയുടെ രാഷ്ട്രീയ ബോധത്തിന് കാര്യമായ എന്തോ പ്രശ്നമുണ്ടെന്നാണ് തോന്നുന്നത്.ഒരു രാഷ്ട്രീയ പാർട്ടിയിൽ ഒരൾ പ്രവർത്തിക്കുന്നത് അയാൾ സ്വാംശീകരിച്ചിരിക്കുന്ന രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് സാമാന്യബോധമുള്ളവർ വിശ്വസിക്കുന്നത്. ഒരു വാർഡ് മെമ്പറെങ്കിലും ആയാലേ തന്റെ രാഷ്ട്രീയ നിലപാടുകൾക്ക് പ്രാധാന്യം ഉള്ളൂ എന്ന് കരുതുന്ന വിധത്തിലേക്ക് അധ:പതിച്ചാൽ അതുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ ചെറുതല്ല. സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ മുഖ്യസാരഥ്യം വഹിച്ച ഒരാൾ തിരുവനന്തപുരത്ത് വിമത സ്ഥാനാർത്ഥിയായി മൽസരിക്കാൻ തീരുമാനിച്ചിരിക്കുന്നു. ദേശാഭിമാനി മനോരമ പോലെയൊരു സാധാരണ ദിനപത്രം എന്നതിലുപരി സി.പി.എം ഉയർത്തിപിടിക്കുന്ന തത്വശാസ്ത്രത്തിന്റെ ആശയപ്രചാരകർ കൂടിയാണ്. അതിൽ ദീർഘകാലം പ്രവർത്തിച്ച ഒരാൾ വിമതനായി മാറിയെങ്കിൽ അയാൾ ഇത്രകാലം സൂക്ഷിച്ച രാഷ്ട്രീയ ബോധ്യം നാട്യമായിരുന്നില്ലേ?

കോൺ​ഗ്രസ്സ് സ്വയം തകരാൻ നിൽക്കുന്ന ഒരു പ്രസ്ഥാനമായത് കൊണ്ടാണ് രാഷ്ട്രീയം പറയുന്നതിന് പകരം ശബരിമലയെന്ന് പറഞ്ഞ് പിന്നേയും അട്ടഹസിക്കുന്നത്. ഒരു ചക്ക വീണ് മുയൽ ചത്തുവെന്ന് കരുതി അതൊരു സ്ഥിരം അജണ്ടയായി കൊണ്ടു നടക്കുന്നത് അത്ര ഭൂഷണമായ കാര്യമല്ല. തങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നയങ്ങളും കാര്യപരിപാടികളും പറയാതെ പോലീസ് അന്വേഷിക്കുന്ന ഒരു സാധാ മോഷണകേസിനെ തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത് കൊണ്ട് നാട്ടിൽ വികസനം വരുമോ? ​ഗ്രാമങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിലൂടെ മാത്രമേ ഇന്ത്യ വികസിക്കൂവെന്ന് കട്ടായം പറഞ്ഞത് ​ഗാന്ധിജിയാണ്. കോൺ​ഗ്രസ്സുകാർ ഇപ്പോഴും ​ഗാന്ധിത്തൊപ്പി ധരിക്കുന്നുണ്ട്. കെ.മുരളീധരൻ ​ഗാന്ധിത്തൊപ്പിയുടെ ബ്രാൻഡ് അംബാസിഡറുമാണ്. ഒരു ക്ഷേത്രം നശിച്ചാൽ അത്രയും നല്ലതെന്ന് വിശ്വസിച്ച നെഹ്റുവിന്റെ പിൻമുറക്കാർക്ക് തെരഞ്ഞെടുപ്പിനെ നേരിടണമെങ്കിൽ ശബരിമലയും അയ്യപ്പനും വേണമെന്നതാണ് സ്ഥിതി. ഈ അപചയം മൂലമാണ് സുരേഷ് ​ഗോപിയുടെ പുലഭ്യം പറച്ചിൽ കേരളം കേൾക്കേണ്ടി വരുന്നത്.

തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം ലഭിച്ചാൽ 45 ദിവസത്തിനകം പ്രധാനമന്ത്രി നേരിട്ടെത്തി തിരുവനന്തപുരത്തെ വികസിപ്പിക്കാനുള്ള് അസ്ത്രങ്ങൾ തൊടുക്കുമെന്നാണ് ഒരു ബി.ജെ.പി നേതാവ് പത്രസമ്മേളനം നടത്തി പറഞ്ഞത്. ഡൽഹിയിലായാലും ഈ നേതാവ് മൽസരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ കൊടുങ്ങാനൂർ വാർഡിലായാലും ജയിക്കണമെങ്കിൽ മോദി  ഇമേജ് വേണമെന്ന ഒരു തെറ്റിദ്ധാരണ കേരളത്തിലെ ബി.ജെ.പിക്കാർക്കുണ്ട്. കേരളത്തിൽ എല്ലാ വാർഡുകളിലും സ്ഥാനാർത്ഥികളെ നിറുത്താൻ പറ്റിയിട്ടില്ല. ബി.ജെ.പി സ്വയം ശക്തികേന്ദ്രമെന്ന് വിശേഷിപ്പിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനോട് ചേർന്നു കിടക്കുന്ന നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ ഏഴ് വാർ‍ഡുകളിൽ ബി.ജെ.പിക്കോ സഖ്യകക്ഷികൾക്കോ സ്ഥാനാർത്ഥികളില്ല. ഈ വാർഡുകളിലെ ബി.ജെ.പി അം​ഗങ്ങളും അനുഭാവികളും ആർക്ക് വോട്ട് ചെയ്യുമെന്ന് ഈ ലേഖകൻ മുതിർന്ന ഒരു ബി.ജെ.പി നേതാവിനോട് ചോദിച്ചപ്പോൾ ലഭിച്ച ഉത്തരം അവരൊക്കെ മനസാക്ഷി വോട്ട് ചെയ്യുമെന്നാണ്. രാഷ്ട്രീയ ബോധ്യമില്ലാത്ത മനസാക്ഷികളാണ് ഇപ്പോൾ ജനാധിപത്യ ഇന്ത്യയുടെ പ്രധാന പ്രശ്നം. ഇതൊരു ചെറിയ പ്രശ്നമല്ല. വോട്ട് ചോരി നടത്താനും വോട്ടർപട്ടികയിൽ വെട്ടിനിരത്തലുകൾ നടത്താനും കഴിയുന്നത് രാഷ്ട്രീയ ബോധ്യവും രാഷ്ട്ര ബോധവും എല്ലാ രാഷ്ട്രീയ പാർട്ടികളിലും കുറഞ്ഞു വരുന്നത് കൊണ്ടാണ്.

എനിക്ക് ശേഷം പ്രളയമെന്ന് ആരും ധരിക്കരുത്. കാലം അതാണ് നമ്മെ പഠിപ്പിക്കുന്നത്.


മറ്റ് ലേഖനങ്ങൾ: കാലിഡോസ്കോപ്പ്

About Author

എം.കെ നാരായണ മൂർത്തി

മാധ്യമ പ്രവർത്തകൻ. Thou Newz എന്ന യൂട്യൂബ് വാർത്താ ചാനലിൻ്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. അറുപതിൽപരം രാജ്യങ്ങളിൽ യാത്ര ചെയ്ത് രാഷ്ട്രീയ - സാമുഹിക വിഷയങ്ങൾ പഠിച്ചിട്ടുണ്ട്.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.