A Unique Multilingual Media Platform

Articles Development Education National Society

ഏറ്റവുമധികം വിദ്യാഭ്യാസ സ്കോളർഷിപ്പ് ലഭിക്കുന്ന എട്ട് രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു: ഇതിൽ നാം അഭിമാനിക്കണോ?

  • May 2, 2026
  • 1 min read
ഏറ്റവുമധികം വിദ്യാഭ്യാസ സ്കോളർഷിപ്പ് ലഭിക്കുന്ന എട്ട് രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു: ഇതിൽ നാം അഭിമാനിക്കണോ?

യുനെസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റാറ്റിസ്റ്റിക്സ് (UIS) പ്രസിദ്ധീകരിച്ച വേൾഡ് എഡ്യൂക്കേഷൻ സ്റ്റാറ്റിസ്റ്റിക്സ് 2025 പ്രകാരം, വിദേശ രാജ്യങ്ങളിൽ നിന്ന് 20 മില്യൺ ഡോളറിലധികം വിദ്യാഭ്യാസ സ്കോളർഷിപ്പ് ലഭിക്കുന്ന ലോകത്തിലെ എട്ട് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പാകിസ്ഥാൻ, ചൈന, വിയറ്റ്നാം, റിപ്പബ്ലിക് ഓഫ് മോൾഡോവ, അൾജീരിയ, സിറിയൻ അറബ് റിപ്പബ്ലിക്, മൊറോക്കോ എന്നിവയാണ് മറ്റ് രാജ്യങ്ങൾ. 1969 മുതൽ OECD, വികസിത രാജ്യങ്ങളിൽ നിന്ന് വികസ്വര രാജ്യങ്ങളിലേക്കുള്ള ഫണ്ടുകളുടെ ഒഴുക്ക് നിരീക്ഷിച്ച് വരികയാണ്. ഈ സാമ്പത്തിക സഹായങ്ങൾ ഔദ്യോഗിക വികസന സഹായം (ഒഡിഎ, ODA) എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള പിന്തുണ ഒഡിഎ സ്കോളർഷിപ്പുകളിൽ ഉൾപ്പെടുന്നു. കൂടാതെ ഈ സാമ്പത്തിക സഹായങ്ങൾ സ്റ്റൈപ്പൻഡുകൾ, ഫീസ് ഇളവുകൾ, ട്യൂഷൻ ഫീസ് ഇളവുകൾ, മറ്റ് അലവൻസുകൾ എന്നിവയിലൂടെ നേരിട്ട് ഗുണഭോക്താക്കളിലേക്കാണ് എത്തുന്നത്. വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും അറിവ്, കഴിവുകൾ എന്നിവയുടെ കൈമാറ്റം, മറ്റുരാജ്യങ്ങളിലേക്കുള്ള പഠന സംബന്ധിയായ യാത്രകൾ സുഗമമാക്കൽ എന്നിവയിൽ ഒഡിഎ നൽകുന്ന സാമ്പത്തിക സഹായങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. ഈ സ്കോളർഷിപ്പുകൾ നമ്മുടെ രാജ്യത്തെ പ്രതിഭകളുടെ കഴിവിനുള്ള  അംഗീകാരമാണ്. നമ്മുടെ രാജ്യം ഏറ്റവും അധികം ഒഡിഎ ലഭിക്കുന്ന എട്ട് രാജ്യങ്ങളിൽ ഒന്നാണ് എന്നത് ശ്രദ്ധേയമായ കാര്യം തന്നെയാണ്. അതേസമയം രാജ്യത്തിൻ്റെ വിദ്യാഭ്യാസ, സാമൂഹിക സാമ്പത്തിക വ്യവസ്ഥയിലെ ചില ഘടനാപരമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങളിലേക്കും  ഇത് വിരൽ ചൂണ്ടുന്നു.

 ഒഡിഎ: ഇന്ത്യയ്ക്ക്  ലഭിക്കുന്നത് 20 മില്യൺ ഡോളർ  

അന്താരാഷ്ട്ര ബന്ധങ്ങൾ മെച്ചപ്പെടുത്തൽ, മനുഷ്യ മൂലധനം വികസിപ്പിക്കൽ, സഹായം സ്വീകരിക്കുന്ന രാജ്യങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഒഡിഎയുടെ പ്രത്യക്ഷ ലക്ഷ്യം. എന്നാൽ ചില അപ്രഖ്യാപിത ലക്ഷ്യങ്ങളും ഒഡിഎയ്ക്ക് ഉണ്ടെന്ന് കാണാം. മൃദുശക്തി (soft power) വർദ്ധിപ്പിക്കൽ, വൈജ്ഞാനികശാസ്ത്രപരമായ ആധിപത്യം എന്നിവ ഇതിൻ്റെ അപ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. മധ്യ, ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയും പാകിസ്ഥാനും മാത്രമാണ് 20 ദശലക്ഷം ഒഡിഎ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉള്ളത്. ഒഡിഎ സ്കോളർഷിപ്പിൻ്റെ ശരാശരി കണക്ക് 6 ദശലക്ഷം ആണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. അങ്ങനെ നോക്കുമ്പോൾ ഇന്ത്യയ്ക്ക്  ലഭിക്കുന്ന 20 ദശലക്ഷം ഡോളർ ഒരു അസാധാരണ തുകയാണ്. ഇത്ര വലിയ സ്കോളർഷിപ്പ് തുക നമ്മുടെ രാജ്യം കൈപ്പറ്റുന്നു എന്നത് സൂചിപ്പിക്കുന്നതെന്താണ്.

മൂന്ന് വാദങ്ങൾ പരിഗണിക്കാം: 

  • ആഗോള അക്കാദമിക് മേഖലയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും മികവ്
  • ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാർത്ഥികളെ ഇവിടെ തന്നെ നിലനിർത്തുന്നതിലുള്ള നമ്മുടെ നിസ്സഹായത
  • വികസിത രാജ്യങ്ങളുടെ അക്കാദമിക് സ്വാധീനങ്ങൾക്ക് വിധേയമാകുക

ആഗോള ഗവേഷണ ഭൂപടത്തിൽ ഇന്ത്യൻ ഗവേഷകർക്ക് വളരെ സുപ്രധാനമായ സ്ഥാനമുണ്ട്. എൽസെവിയറിൻ്റെ (2023) ആഗോള ഗവേഷണ റിപ്പോർട്ട് കാണിക്കുന്നത് ആഗോള ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ 5.2ശതമാനവും ഇന്ത്യൻ ഗവേഷകരാണ് സംഭാവന ചെയ്യുന്നതെന്നാണ്. ഇക്കാര്യത്തിൽ ജി20 രാജ്യങ്ങളിൽ, യുഎസ്എയ്ക്കും ചൈനയ്ക്കും തൊട്ടുപിന്നിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. എന്നാൽ മറുവശത്ത്, ലോകബാങ്ക് ചൂണ്ടിക്കാണിക്കുന്നത് അത്ര ശുഭകരമായ കാര്യമല്ല. ലോകബാങ്കിൻ്റെ കണക്കനുസരിച്ച്, ഇന്ത്യയുടെ 2020ലെ  ഗവേഷണ വികസന നിക്ഷേപം ദേശീയ ജിഡിപിയുടെ 0.65% മാത്രമാണ് എന്നാണ്. യുഎസ്എ (3.07%), ജപ്പാൻ (3.24%), ജർമ്മനി (3.18%), ദക്ഷിണ കൊറിയ (4.64%) തുടങ്ങിയ ആഗോള ശക്തികളുടേതുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്. ഇന്ത്യയുടെ സാമ്പത്തിക സർവേ (2023-24) പ്രകാരം, സർക്കാരുകൾ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന മൊത്തം ചെലവ് ജിഡിപിയുടെ 2.7% മാത്രമാണ്. 2017 ന് ശേഷം ഇത് ഒരിക്കലും 2.9% കവിഞ്ഞിട്ടില്ല. സാമൂഹിക സേവനങ്ങൾക്കായുള്ള മൊത്തം ചെലവിൽ വിദ്യാഭ്യാസത്തിനായുള്ള ചെലവ് 2017-18 ൽ ഇത് 10.7 ആയിരുന്നു. എന്നാൽ 2024 ൽ ഇത്  9.2 ആയി കുറഞ്ഞു.

നയപരമായ പ്രചാരണവും വിദ്യാഭ്യാസത്തിനുള്ള സമ്പൂർണ്ണ ഫണ്ടിംഗിലെ വർദ്ധനവും ഉണ്ടായിരുന്നിട്ടും, വിദ്യാഭ്യാസത്തിലേക്കുള്ള ജിഡിപിയുടെ ആപേക്ഷിക വിഹിതം കുത്തനെ കുറഞ്ഞുവരികയാണ്. ഉന്നത വിദ്യാഭ്യാസം, ഗവേഷണം, വികസനം എന്നിവയിലെ ഈ അപര്യാപ്ത നിക്ഷേപം നമ്മുടെ മിടുക്കരായ വിദ്യാർത്ഥികൾ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നതിനും ബൗദ്ധിക ചോർച്ചയ്ക്കും കാരണമാകുന്നു. ഇത് UNESCOയുടെ 2025 ലെ ലോക വിദ്യാഭ്യാസ സ്ഥിതിവിവരക്കണക്കിലും വ്യക്തമാണ്. 

കണക്കുമില്ല, രേഖയുമില്ല

ഇന്ത്യയിൽ നിന്ന് സകോളർഷിപ്പുകൾ അടക്കമുള്ള സാമ്പത്തിക സഹായം ലഭിക്കുന്ന വിദേശ വിദ്യാർത്ഥികളുടെ കണക്കും അവർക്ക് ലഭിക്കുന്ന മൊത്തം തുകയേയും കുറിച്ച് അറിയാൻ സ്വാഭാവികമായും താത്പര്യമുണ്ടാകും. എന്നാൽ  യുനെസ്കോയുടെ UIS, OECD എന്നീ അന്താരാഷ്ട്രീയ ഏജൻസികളുടെ കണക്കുകളിലെവിടെയും ഒഡിഎ ലഭിക്കുന്ന ഇന്ത്യക്കാരായ വിദ്യാർത്ഥികളുടെ എണ്ണം വ്യക്തമല്ല. ഇന്ത്യയുടെ സർക്കാർ രേഖകളിലെവിടെയും ഈ വിശദാംശങ്ങൾ ലഭ്യമല്ല. ഇന്ത്യയിലെ വിവിധ വിഭാഗങ്ങൾക്കിടയിലും (ലിംഗഭേദം, സാമൂഹിക സാമ്പത്തിക വിഭാഗങ്ങൾ മുതലായവ) വിവിധ പഠന വിഷയങ്ങൾക്കും ഒഡിഎയുടെ വിതരണത്തിൻ്റെ തോത് ഉൾക്കാഴ്ചയുള്ള വിവരങ്ങൾ വാഗ്ദാനം ചെയ്യാൻ സാധിക്കുന്നതാണ് ഈ കണക്ക് എന്നതിനാൽ ഈ വിവരങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.

എന്തുതന്നെയായാലും ലഭ്യമായ സ്ഥിതി വിവരകണക്കുകൾ ചൂണ്ടിക്കാണിക്കുന്നത് നമ്മുടെ ഉയർന്ന ഗുണനിലവാരമുള്ള മനുഷ്യവിഭവശേഷി വിദേശ സാമ്പത്തിക സഹായത്താൽ ആകർഷിക്കപ്പെടുകയും അതുവഴി ഒഡിഎ ദാതാക്കളായ രാജ്യങ്ങളുടെ അക്കാദമിക് താൽപ്പര്യങ്ങളാലും വിദ്യാഭ്യാസ രീതികളാലും സ്വാധീനിക്കപ്പെടുകയും രൂപപ്പെടുകയും ചെയ്യുന്ന ഒരു സാഹചര്യമാണ്. ഇത് വിദ്യാഭ്യാസ സമ്പ്രദായത്തിലും, വലിയ തലത്തിൽ സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും ഗുരുതരമായ ഘടനാപരമായ മാറ്റങ്ങൾ ഉണ്ടാക്കുവാൻ പര്യാപ്തമാണ്. ഒഡിഎ സ്വീകരിക്കുന്ന മുൻനിര രാജ്യങ്ങളിൽ നിലനിൽക്കുന്ന ആശയങ്ങൾ, രീതിശാസ്ത്രം, ഭാഷ, പാഠ്യപദ്ധതി, ഗവേഷണ പരിഗണനകൾ എന്നിവ സഹായം ലഭിക്കുന്ന വിദ്യാർത്ഥികളിലൂടെ താഴേക്ക് അരിച്ചിറങ്ങുന്ന അവസ്ഥയുണ്ടാകുന്നു. വിദേശ ധനസഹായത്തോടെ പഠന ഗവേഷണങ്ങളിലേർപ്പെട്ട് നമ്മുടെ രാജ്യത്തേക്ക് തിരികെയെത്തുന്നവർക്ക് പ്രത്യേക പരിഗണന ലഭിക്കുന്ന അവസ്ഥ നിലനിൽക്കുന്നുണ്ട്.  അവർ ഉയർന്ന തലത്തിലുള്ള അക്കാദമിക് സ്ഥാപനങ്ങളിലും മറ്റും ജോലിക്കായി തിരഞ്ഞെടുക്കപ്പെടുന്ന കാര്യത്തിൽ പ്രത്യേക പരിഗണനകൾക്ക് അർഹരാവാറുണ്ട്. ഇതുവഴി ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിൽ, പാഠ്യപദ്ധതിയും ഗവേഷണ രീതികളും രൂപപ്പെടുത്തുന്നതിൽ ഒഡിഎ നൽകുന്ന  രാജ്യങ്ങളുടെ താത്പര്യങ്ങളും ആശയങ്ങളും ആധിപത്യം പുലർത്തുന്ന അവസ്ഥയുണ്ടാവുന്നു. അങ്ങനെ, വികസ്വര രാജ്യങ്ങളിലെ അറിവിൻ്റെയും നൈപുണ്യങ്ങളുടെയും വികാസവും ഒഡിഎ ദാതാക്കളായ രാജ്യങ്ങളിലെ വിജ്ഞാന വ്യവസ്ഥയെ അനുകരിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കപ്പെടുന്നു. ഇത്തരത്തിൽ ഒഡിഎ സ്കോളർഷിപ്പുകൾ ലഭിച്ച് പഠിച്ചവരുടെ അക്കാദമിക ശ്രേണിപരമായ സ്ഥാനം ഇന്ത്യയിൽ പ്രകടമാണ്. ഇങ്ങനെയുള്ളവർക്ക് ഐഐടികൾ, ദേശീയ പ്രാധാന്യമുള്ള മറ്റ് സ്ഥാപനങ്ങൾ, കേന്ദ്ര, സംസ്ഥാന സർവകലാശാലകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് നിയമനങ്ങളിൽ ലഭിക്കുന്ന പരിഗണന ഇതിനുദാഹരണമാണ്.

ഒഡിഎ: ഇന്ത്യയ്ക്ക് കിട്ടുന്ന തുകയെത്ര?

വികസിത രാജ്യങ്ങളുടെ, പ്രധാനമായും അമേരിക്കയുടെയും ചുരുക്കം ചില യൂറോപ്യൻ രാജ്യങ്ങളുടെയും, ഒഡിഎ സ്കോളർഷിപ്പുകളുടെ ദാതാക്കളിൽ ആധിപത്യം പുലർത്തുന്ന പഠന ഗവേഷണ രീതികൾ, ഉപകരണങ്ങൾ, കാഴ്ചപ്പാടുകൾ എന്നിവ വികസ്വര രാജ്യങ്ങളുടെ സാഹചര്യങ്ങളിൽ പ്രയോഗിക്കുന്നത് പലപ്പോഴും വിരുദ്ധഫലങ്ങളാണ് സൃഷ്ടിക്കുന്നത്. മറ്റു രാജ്യങ്ങളെ അനുകരിക്കുന്നത് ഒരു രാജ്യത്തിൻ്റെയും യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല. ഒരുതരത്തിൽ പറഞ്ഞാൽ പഠനത്തിനുള്ള സാമ്പത്തിക സഹായത്തിലൂടെ കൊളോണിയൽവൽക്കരണത്തിൻ്റെ ആഴം കൂട്ടുകയും അടിമ മനസ്സിൻ്റെ സാന്നിധ്യം വികസ്വര രാജ്യങ്ങളിൽ ഉറപ്പാക്കുകയുമാണ് ഇത് ചെയ്യുന്നത്. വിദ്യാർത്ഥികളും ഗവേഷകരും മറ്റു രാജ്യങ്ങളിൽ നിന്ന് സ്കോളർഷിപ്പുകളും സാമ്പത്തിക സഹായവും സ്വീകരിക്കുന്നതിന് എതിരല്ല ഈ വാദം. മറിച്ച്, ഒഡിഎ സ്കോളർഷിപ്പുകളുടെ രാഷ്ട്രീയവും ഭാവിയിൽ ഉണ്ടാവാൻ സാധ്യതയുള്ള അതിൻ്റെ പ്രത്യാഘാതങ്ങളെയും സംബന്ധിച്ച് മുന്നറിയിപ്പ് നൽകുക മാത്രമാണ് ഉദ്ദേശ്യം. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഒഡിഎ ദാതാവ് എന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനത്തെക്കുറിച്ചുള്ള മാക്രോ ലെവൽ സ്ഥിതിവിവരക്കണക്കുകളാണ് കൂടുതൽ പ്രധാനം. ഒഡിഎ ആയി ഇന്ത്യ നൽകുന്നതും സ്വീകരിക്കുന്നതുമായ തുക എത്രയാണ് എന്നത് നിർണായക ചോദ്യമാണ്. വികസന പാതയിൽ രാജ്യത്തിൻ്റെ ആപേക്ഷിക സ്ഥാനം തെളിയിക്കുന്നതിന് ഇത് സഹായിക്കും. 

നിർഭാഗ്യവശാൽ, OECD Development Co-operation Profile പറയുന്നത് 2023-24  കാലയളവിൽ ഇന്ത്യയുടെ മൊത്തം ഒഡിഎ  708 മില്യൺ യുഎസ് ഡോളറാണെന്നാണ്.  എന്നാൽ ഇത് എത്തിച്ചേരുന്നത് ഇന്ത്യയിലെതന്നെ  ഏതെല്ലാം ജനവിഭാഗങ്ങളിലേക്കാണ്,  ഏതൊക്കെ വിഷയങ്ങളിലേക്കാണ് എന്ന ചോദ്യങ്ങൾക്കുള്ള കണക്കുകളെന്നും ലഭ്യമല്ല. ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക സർവേയോ മറ്റ് സർക്കാർ രേഖകളിലോ പോലും ഈ ഡാറ്റ ലഭ്യമല്ല. എന്നിരുന്നാലും, ഒഡിഎ സ്കോളർഷിപ്പിൻ്റെ ഏറ്റവും വലിയ ആഗോള സ്വീകർത്താക്കളിൽ ഒന്നാണ് ഇന്ത്യ.  എന്നാൽ നാം
ഒരു പ്രധാന ഒഡിഎ ദാതാവല്ല താനും. ചുരുക്കം പറഞാൽ നമ്മുടെ വിദ്യാർത്ഥികൾ പഠന ഗവേഷണ സഹായം സ്വീകരിക്കുന്നവരാവുമ്പോൾ നമ്മുടെ രാജ്യം മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നൽകുന്ന സഹായം തുലോം പരിമിതമാണ് താനും. പഠന ഗവേഷണങ്ങൾക്കായി സാമ്പത്തിക സഹായം സ്വീകരിച്ച് വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും വലിയ ഒഴുക്ക് ഉണ്ടാവുന്നത് രാജ്യത്തിന് ഒരു അംഗീകാരമല്ല, മറിച്ച് സാമ്പത്തിക സഹായം കൊടുക്കാൻ കഴിയുന്ന രാജ്യങ്ങൾക്ക് അത് ഒരു നേട്ടമാണ്. മറുവശത്ത്, വിദേശ പണ്ഡിതർക്ക് പിന്തുണ നൽകാനുള്ള നമ്മുടെ കഴിവില്ലായ്മയെയും രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിനായുള്ള പരിമിതികളെയും ഇത് തുറന്നുകാട്ടുകയും ചെയ്യുന്നു.  

ഇന്ത്യൻ വിജ്ഞാന വ്യവസ്ഥയ്ക്കുള്ള വെല്ലുവിളി

ഒഡിഎ വഴിയുള്ള വിദേശ സ്കോളർഷിപ്പുകൾ പ്രധാനമായും ലഭിക്കുന്നത് സാമ്പത്തികമായി ഉയർന്ന നിലവാരത്തിൽപ്പെട്ട കുടുംബങ്ങളിൽ നിന്നും വരുന്നവർക്കാണ്.  അങ്ങനെയല്ലാത്ത കുടുംബങ്ങളിൽ നിന്നുള്ളവർ വളരെ പരിമിതമായ അളവിൽ മാത്രമാണ് ഇത്തരത്തിലുള്ള സാമ്പത്തിക സഹായങ്ങൾക്ക്   അർഹരാകുന്നത്.  അതുകൊണ്ടുതന്നെ ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പാക്കുക എന്ന ആശയത്തിനുള്ള പ്രതിവിധിയല്ല വിദേശ വിദ്യാഭ്യാസ സ്കോളർഷിപ്പുകളും പഠന അവസരങ്ങളും.  അതുകൊണ്ടുതന്നെ ഒഡിഎ വഴി ലഭിക്കുന്ന സ്കോളർഷിപ്പുകൾ, സാമ്പത്തിക സഹായങ്ങൾ എന്നിവ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും നൽകുന്നതിനുള്ള ഒരു പരിഹാരവും ആകുന്നില്ല. യഥാർത്ഥത്തിൽ തുല്യതയേയും ലഭ്യതയേയും അപകടകരമാക്കുന്ന തരത്തിലാണ് ഒഡിഎ സ്കോളർഷിപ്പുകളുടെ സാമൂഹിക സ്വാധീനമെന്നത് വ്യക്തമാണ്.  ഇന്ത്യയുടെ ആവശ്യങ്ങൾക്കും താത്പര്യങ്ങൾക്കും   അനുസരിച്ചുള്ള ഒരു വിജ്ഞാന വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിന് ഇത്തരത്തിലുള്ള വിദേശ സ്കോളർഷിപ്പുകൾ വെല്ലുവിളികൾ ആയിട്ടാണ് മാറുന്നത്.

കണക്കുകൾ വളരെ വ്യക്തമാണ്.  ഇന്ത്യൻ ഗവൺമെൻ്റിൻ്റെ സ്കോളർഷിപ്പുകൾ പ്രധാനമായും നൽകുന്നത് ഇന്ത്യൻ  വിദ്യാർത്ഥികൾക്കാണ്.  ഇന്ത്യയുടെ ഉന്നത  വിദ്യാഭ്യാസമേഖല വരുംകാലങ്ങളിൽ വലിയ  തയ്യാറെടുപ്പുകൾ  നടത്തേണ്ട ഘട്ടത്തിലാണ് നാമിപ്പോഴുള്ളത്.  കാരണം നമ്മുടെ സ്കൂളുകളിൽ 26.5  കോടി വിദ്യാർത്ഥികൾ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നു.  ഇവർക്കെല്ലാവർക്കും ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള പ്രാപ്തി ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക്  ഇപ്പോഴില്ല എന്ന കാര്യം വളരെ വ്യക്തമാണ്.  കേന്ദ്ര വിദ്യാഭ്യാസ വകുപ്പിൻ്റെ കണക്കുകൾ അനുസരിച്ച് എലിമെൻ്ററി തലത്തിൽ എൻറോൾമെൻ്റ് അനുപാതം 90. 6 എത്തിയിട്ടുണ്ട്.  സെക്കൻഡറി തലത്തിൽ ഇത് 78.7,  ഹയർസെക്കൻഡറി തലത്തിൽ 58.4 എന്നിങ്ങനെയും  ആണ്.  അതേസമയം തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ എൻട്രോൾമെൻ്റ് 2014ൽ 23.7 ആയിരുന്നത് 2021 ആകുമ്പോഴേക്കും  28.8  ആയി വർദ്ധിച്ചു.  നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇപ്പോൾ  പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വെറും 4.33 കോടി മാത്രമാണ്. ദേശീയ വിദ്യാഭ്യാസ നയം  2035 ഓടുകൂടി ഉന്നത വിദ്യാഭ്യാസ മേഖലയിൽ 50% എൻറോൾമെൻ്റ് അനുപാതം ഉറപ്പാക്കണം എന്ന് നിർദ്ദേശിക്കുമ്പോൾ നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല അതിനുള്ള കഴിവില്ലാതെ കിതയ്ക്കുകയാണ്. 

1960കളിൽ  കോത്താരി കമ്മിഷൻ മുന്നോട്ടു വച്ച ഒരു പ്രധാനപ്പെട്ട നിർദ്ദേശമാണ് വിദ്യാഭ്യാസത്തിനുവേണ്ടി ദേശീയ ജിഡിപിയുടെ ആറു ശതമാനം നീക്കി  വയ്ക്കണമെന്നുള്ളത്.  വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും നമുക്ക് ആറു ശതമാനം എന്ന മാന്ത്രിക നമ്പറിലേക്ക് എത്താൻ സാധിച്ചിട്ടില്ല.   വിദ്യാഭ്യാസത്തിന് ദേശീയ ജിഡിപിയുടെ ആറു ശതമാനം  വേണമെന്ന  ആവശ്യം ഒരു മുറവിളിയായി മാത്രം ഇപ്പോഴും അവശേഷിക്കുന്നു.  2026ൽ നിന്നുകൊണ്ട് ആ മുറവിളിയിൽ ഞാനും പങ്കുചേരുന്നു.

About Author

അമൃത് ജി കുമാർ

കേരള കേന്ദ്ര സർവ്വകലാശാലയിലെ സ്കൂൾ ഓഫ് എഡ്യൂക്കേഷനിൽ പ്രൊഫസറാണ്. വിമർശനാത്മക സിദ്ധാന്തവും വിദ്യാഭ്യാസവും, വിദ്യാഭ്യാസത്തിലെ നവലിബറൽ സ്വാധീനങ്ങൾ, വിദ്യാഭ്യാസ നയ വിശകലനം എന്നീ മേഖലകളിൽ പഠന ഗവേഷണങ്ങൾ നടത്തുന്നു. ആനുകാലികങ്ങളിലെ പംക്തികളിലൂടെ എഴുത്തിന്റെ മേഖലയിലും സജീവമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x