A Unique Multilingual Media Platform

Articles Culture Long Read Travel

ഈജിപ്തിലെ ഭക്ഷണനിറവ് (ഈജിപ്ത് യാത്രാ കുറിപ്പുകൾ #14)

ഈജിപ്തിലെ ഭക്ഷണനിറവ് (ഈജിപ്ത് യാത്രാ കുറിപ്പുകൾ #14)

മിസ്‌റികൾ എന്നു വിളിക്കപ്പെടുന്ന ഈജിപ്തുകാർ അവരുടെ തനതായ ഭക്ഷണശൈലിയും സംസ്‌ക്കാരവും നാട്ടിലും പുറത്തും നിലനിർത്തുന്നവരാണ് എന്നു സാമാന്യമായി നിരീക്ഷിക്കാം. കേരളീയരെപ്പോലെ തന്നെ ഗൾഫിൽ ധാരാളമായി ഈജിപ്തുകാരെ കാണാവുന്നതാണ്. ഒരു പക്ഷെ മലയാളികൾക്കു മുമ്പുതന്നെ ഗൾഫ് മേഖലയിൽ ജോലിയ്ക്ക് വന്നു തുടങ്ങിയവരാണ് ഈജിപ്തുകാർ. ഈ വർഷം ജനുവരിയിൽ ‘കല’യുടെ മൈക്രോ ഫിലിം ഫെസ്റ്റിവൽ ജൂറിയായി ക്ഷണം സ്വീകരിച്ച് ഞാൻ കുവൈത്ത് സന്ദർശിച്ചിരുന്നു. കുവൈത്തിലെ തദ്ദേശീയരുടെ ജനസംഖ്യ 2015ലെ കണക്കനുസരിച്ച് പതിമൂന്ന് ലക്ഷമാണ്. ഇന്ത്യക്കാർ പത്തു ലക്ഷവും ഈജിപ്തുകാർ ഏഴു ലക്ഷവും പ്രവാസികളായുണ്ട്. അടുത്തതായുള്ളത് ഫിലിപ്പീനികളാണ്. അത് ഏതാണ്ട് രണ്ടര ലക്ഷമേ ഉള്ളൂ. (ഇന്ത്യക്കാരായ പത്തുലക്ഷം പേരിൽ അഞ്ചു ലക്ഷം പേരും കേരളീയരാണെന്നും ‘കല’യുടെ പ്രവർത്തകർ പറഞ്ഞു). ഇതേ തോതിൽ തന്നെയാണ് വിവിധ ഗൾഫ് രാജ്യങ്ങളിലെയും പ്രവാസി ജനസംഖ്യ. ഇതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലെ മലയാളികൾക്കിടയിൽ മാത്രമല്ല, കേരളത്തിലടക്കം ഗൾഫിലെയും അറേബ്യയിലെയും ഭക്ഷണരീതികൾ പ്രചാരത്തിലാവുകയും നാം ശീലിക്കുകയും ചെയ്യുന്നുണ്ട്. ഇതിലെന്തെങ്കിലും കുഴപ്പമോ അസ്വാഭാവികതയോ ഉണ്ടെന്നല്ല പറഞ്ഞു വരുന്നത്.

അതേ സമയം, ലക്ഷക്കണക്കിന് ഈജിപ്തുകാർ ഗൾഫിലും ഇതര അറബ് രാജ്യങ്ങളിലും മറ്റുമായി പ്രവാസ ജീവിതം നയിക്കുന്നുണ്ടെങ്കിലും അവരവിടെയും ഈജിപ്ഷ്യൻ ഭക്ഷണം തന്നെയാണ് കഴിക്കാൻ ഇഷ്ടപ്പെടുന്നതെന്നതാണ് പ്രധാനം. ലുഖ്മാന്റെ നിരീക്ഷണം കൂടി ചേർത്താണ് ഞാൻ ഈ നിഗമനത്തിലെത്തുന്നത്. രാജ്യത്തിനകത്തെ സ്ഥിതിയും വ്യത്യസ്തമല്ല. സവിശേഷമായ ഭക്ഷണത്തിന് പേരു കേട്ട തുർക്കിയുമായി ഗാഢമായ ബന്ധമാണ് ഈജിപ്തിനുള്ളതെങ്കിലും ടർക്കിഷ് ഭക്ഷണത്തിന് ഈജിപ്ഷ്യൻ ഭക്ഷണസംസ്‌ക്കാരത്തെ ഇനിയും കീഴടക്കാൻ സാധിച്ചിട്ടില്ല. ഷവർമ (സെവിർമെ) പോലുള്ള ജനപ്രിയാഹാരങ്ങൾ പോലും കേരളത്തിൽ കാണുന്ന അത്രയും ഇവിടെ പ്രദർശിപ്പിച്ചു കണ്ടില്ല.

തികച്ചും ലളിതമായ ഭക്ഷണശൈലിയാണ് മിസ്‌റികളുടേത് എന്ന് ലുഖ്മാൻ പറഞ്ഞപ്പോൾ, ഞാൻ പെട്ടെന്നോർത്തത് ബർഗ് മാന്റെ സന്തത സഹചാരിയായിരുന്ന ഛായാഗ്രാഹകൻ സ്വെൻ നിക്വിസ്തിന്റെ ഒരേറ്റുപറച്ചിലാണ്. ലാളിത്യത്തിലെത്തിച്ചേരാൻ ഞങ്ങൾക്ക് നീണ്ട മുപ്പതു വർഷങ്ങൾ വേണ്ടി വന്നു എന്നായിരുന്നു അത്. അതേ പോലെ നീണ്ട അയ്യായിരം വർഷങ്ങൾ കൊണ്ടാണ് ഈജിപ്തിലെ ഭക്ഷണസംസ്‌ക്കാരം വികസിച്ചു വന്നിട്ടുള്ളത്. അതിന്റെ ഫലമായാണ് ലളിതമായ ഭക്ഷണം, തനിമയുള്ള ഭക്ഷണം എന്ന രീതിയിൽ അവർ ഉറച്ചു നിൽക്കുന്നത് എന്നതായിരിക്കാം ഒരു പക്ഷെ യാഥാർത്ഥ്യം.

ഫറോവൻ കാലഘട്ടത്തിലെ അപ്പക്കഷണങ്ങളും മറ്റ് ഭക്ഷണവസ്തുക്കളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

കൈറോവിലെ സിവിലൈസേഷൻ മ്യൂസിയത്തിൽ ഫറോവമാരുടെ കാലത്തുള്ള ബ്രെഡ്, മമ്മികൾക്കു വേണ്ടി ശവക്കല്ലറകൾക്കകത്ത് സൂക്ഷിച്ചു വെച്ചതിൽ നിന്ന് കണ്ടെടുത്തത് പ്രദർശിപ്പിച്ചിട്ടുണ്ട്. മമ്മികളായി സൂക്ഷിക്കുന്ന രാജാക്കന്മാരുടെയും പ്രമുഖരുടെയും ശവശരീരങ്ങളോടൊപ്പം നിരവധി ഭക്ഷണ പദാർത്ഥങ്ങളാണ് പിരമിഡുകളിലും മറ്റ് ശവകുടീരങ്ങളിലും സൂക്ഷിക്കുന്നത്. സക്കാറയിൽ ഞങ്ങൾ കയറി കണ്ട യോസറിന്റെ പിരമിഡിൽ നാനൂറ് അറകളുള്ള ഒരു കൊട്ടാരമാണ് രാജാവിന്റെ മരണാനന്തര ജീവിതത്തിനായി ഒരുക്കിയിട്ടുള്ളത്. അതിൽ മരണാനന്തര ജീവിതകാലത്തേയ്ക്ക് ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചു വെച്ചിരിക്കുകയായിരുന്നു. ഭക്ഷണത്തോടും ജീവിതത്തോടുമുള്ള അവരുടെ കരുതലുകൾ വേർപെടുത്തിക്കാണാൻ കഴിയില്ലെന്നു സാരം.

ഐഷ് എന്ന റൊട്ടിയാണ് അയ്യായിരം കൊല്ലം കൊണ്ട് ഈജിപ്തുകാർ വികസിപ്പിച്ചും നിലനിർത്തിയുമുണ്ടാക്കിയ ഭക്ഷണ സംസ്‌ക്കാരത്തിന്റെ അടിസ്ഥാനം.

അടുക്കി വച്ചിരുന്ന മാംസ മമ്മികൾ നിറച്ച 48 തടിപ്പെട്ടികൾ ആയിരുന്നു തൂത്തൻഖാമുൻ രാജാവിന്റെ ശവകുടീരത്തിൽ

ഈജിപ്തുകാരുടെ സകല സമയത്തെയും മുഖ്യഭക്ഷണം ആണിത്‌. ജീവിതം എന്നാണ് ഐഷ് എന്ന വാക്കിന്റെ അർത്ഥം. മരണത്തിനു മുമ്പും പിമ്പുമായി ഉള്ള ജീവിതത്തിന്റെ “ജീവിത”മാണ് ഐഷ് എന്നു ചുരുക്കം. ബ്രെഡ് ലവേഴ്‌സ് (റൊട്ടിപ്രണയികൾ) ആയിരുന്നു ഈജിപ്തുകാർ എന്ന് മ്യൂസിയത്തിലെഴുതി വെച്ചിട്ടുണ്ട്. അയ്യായിരം വർഷത്തെ ശീലങ്ങൾ കൊണ്ടും പരിചയങ്ങൾ കൊണ്ടും വികസിപ്പിച്ച പാചകരീതിയാണ് ഐഷിനുള്ളത്. എണ്ണ പരിമിതമായോ ഒട്ടുമില്ലാതെയോ തദ്ദേശീയമായ രീതിയിൽ മാവ് ചുട്ടെടുക്കുന്നു. തവിടു കളയാത്ത ഗോതമ്പ് പൊടിച്ച് ആ മാവാണ് പൊതുവേ ഉപയോഗിക്കുന്നത്. തവിടു കളയാത്ത റൊട്ടിയ്ക്ക് ഐഷ് ബലദി എന്നാണ് കൃത്യമായ പേര്. ഐഷ് ശാമി എന്ന പ്രത്യേക ഇനവും ഇവിടെ പ്രചാരത്തിലുണ്ട്. ഗാദ് എന്ന പ്രസിദ്ധമായ റെസ്റ്റോറണ്ട് ശൃംഖലയിൽ ലഭിക്കുന്നത് ഇതാണ്. പലസ്തീനിലെ ഗാസയിലും സിറിയയിലും കൂടുതൽ ഉപയോഗിക്കുന്ന ഇതിൽ തവിടു കളഞ്ഞ ഗോതമ്പപ്പൊടിയാണുപയോഗിക്കുന്നത്. കനലിൽ തന്നെയാണ് ചുട്ടെടുക്കുന്നത്‌.

ജീവിതം എന്നതാണല്ലോ ഐഷ് എന്ന അറബ് വാക്കിന്റെ വാച്യാർത്ഥം. ഈജിപ്തുകാരുടെ ജീവിതത്തെയും ഭക്ഷണസംസ്‌ക്കാരത്തെയും അതിജീവനത്തെപ്പോലും നിർണയിക്കുന്നത് ഐഷ് ആണെന്നതാണിതിന്റെ സൂക്ഷ്മാർത്ഥം. ലക്‌സറിൽ പ്രഭാതകാൽനടത്തത്തിനായി പുറത്തിറങ്ങിയപ്പോൾ, സൈക്കിളിലും മോട്ടോർ സൈക്കിളിലും ഐഷ് വിറ്റുനടക്കുന്ന ആളെയും വീടുകൾക്കു മുമ്പിലും അല്ലാതെയുമായി അത് വാങ്ങുന്നവരെയും കാണാൻ കഴിഞ്ഞു. ഒരു പൗണ്ടോ ഒന്നര പൗണ്ടോ ആണ് വഴിയോരങ്ങളിൽ ലഭിക്കുന്ന ഈ ഐഷുകളിൽ ഒരെണ്ണത്തിന്റെ വില. അതായത് ഒരു രൂപ എഴുപത് പൈസ അല്ലെങ്കിൽ രണ്ടു രൂപ പത്തു പൈസ (ഇന്ത്യൻ മൂല്യം). ചുരുക്കത്തിൽ പത്തു രൂപയുണ്ടെങ്കിൽ അഞ്ചോ ആറോ ഐഷ് ലഭിക്കും. ഒരാൾക്ക് ചിലപ്പോൾ രണ്ടാൾക്ക് ഒരു ദിവസത്തെ പട്ടിണി മാറാൻ ഇത് ധാരാളം. ഐഷ് നിർമ്മിച്ചു വിൽക്കുന്നവർക്ക് സർക്കാർ സബ്‌സിഡി അനുവദിക്കുന്നുണ്ട്. അതുകൊണ്ടാണ് ഐഷിന്റെ വില ഇത്രയും കുറഞ്ഞിരിക്കുന്നത്. തൊണ്ണൂറു ശതമാനം മരുഭൂമിയും മഴ തീരെ ഇല്ലാത്ത അവസ്ഥയുമെല്ലാമുള്ള ഈജിപ്തിൽ മനുഷ്യർ അതിജീവിച്ചതെങ്ങനെ എന്നതിന്റെ രഹസ്യവും പരസ്യവുമാണ് ഐഷ് എന്ന റൊട്ടി എന്നതാണ് പരമാർത്ഥം. ആശുപത്രികൾ പോലും ഇവിടെ കുറവാണെന്നും ലുഖ്മാൻ പറഞ്ഞു.

സൈക്കിളിൽ പുതുതായി ചുട്ട ഐഷ് ബലദി വിൽക്കുന്ന ഒരാൾ

എല്ലാത്തരം ഭക്ഷണത്തിന്റെ കൂടെയും ഐഷ് ഈജിപ്തിലെ ഹോട്ടലുകളിൽ ലഭിക്കും. പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം എന്നിവയിലെല്ലാം ഐഷ് അവിഭാജ്യഘടകമാണ്. ചായയുടെയും കാപ്പിയുടെയും സർബത്തിന്റെയും ഒപ്പം വെറുതെ കടിച്ചും; പച്ചക്കറിയും ഇറച്ചിക്കഷ്ണങ്ങളും മറ്റും ഇടയിൽ വെച്ച് സാൻഡ് വിച്ചായും; പച്ചക്കറി കൊണ്ടോ ഇറച്ചി കൊണ്ടോ ഉണ്ടാക്കിയ കറികളിൽ മുക്കി സാധാരണ റൊട്ടി കഴിക്കുന്നതു പോലെയും, ചോറിനോടൊപ്പവും മിസ്‌റികൾ(ഈജിപ്തുകാർ) ഐഷ് കഴിക്കും. പൊതുവെ മാംസക്കറികൾക്കു പകരം, ഫൂൽ പോലുള്ള വൻ പയറു കൊണ്ടുള്ള കറി കൂട്ടിയാണ് മിസ്‌റികൾ ഐഷ് ഉച്ചയ്ക്കും മറ്റും കഴിക്കുന്നത്.

ലക്‌സറിൽ നിന്ന് ഞങ്ങളെ അസ്വാനിലേയ്ക്ക് കൊണ്ടു പോയ ഡ്രൈവർ അസ്വാനിലെ തിരക്കു പിടിച്ച ഒരു ഹോട്ടലിൽ ഞങ്ങളോടൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ വന്നിരുന്നു. കറികൾ എല്ലാവർക്കും എടുക്കാവുന്ന രീതിയിൽ പല പാത്രങ്ങളിൽ വെക്കും. ചെറിയ പ്ലേറ്റിലാണ് സാലഡും മറ്റും. അദ്ദേഹം, തനിക്കെടുക്കാനുള്ള ഐഷ് വെറും മേശപ്പുറത്ത് ഒരു ടിഷ്യൂ പേപ്പർ പോലുമില്ലാതെയാണ് വെച്ചിരുന്നത്. അതിൽ നിന്നെടുത്ത് കഴിക്കുന്നു. നമുക്കിത്തിരി വൈമനസ്യം തോന്നും. പക്ഷെ അത് മിസ്‌റികളുടെ രീതിയാണെന്ന് ലുഖ്മാൻ പറഞ്ഞു. പ്ലേറ്റ് പോലെയോ അല്ലെങ്കിൽ മേശ പോലെയോ ഉള്ള, ഭക്ഷണം വെക്കാവുന്ന ഒരു നിലമായാണ് അദ്ദേഹം ഐഷിനെ കാണുന്നത് എന്നെന്റെ വന്യമായ മനസ്സിൽ ഒരാലോചന കടന്നു പോയി. പച്ചക്കറികളുടെ വിവിധ തരം വേവുകളും വറവുകളും കറി (മഷ് വി) കളും ഇവിടെയുണ്ടായിരുന്നു. മുലൂഖിയ എന്ന ഒരു സൂപ്പ് പ്രത്യേകമായി തോന്നി. ചീര പോലുള്ള ഒരു ഇലയുടെ സൂപ്പാണത്. വളരെ പാരമ്പര്യമുള്ള ഒരു ഭക്ഷണവിഭവമായിരുന്നു അത്.

മുലൂഖിയ

അതേ സമയം, ഈജിപ്തിലെ ദേശീയ ഭക്ഷണം എന്നത് കുശരിയാണ്. വിസ്മയകരമായ ഒരു കൂട്ടാണ് കുശരി. അരിയും ചെറുപയറും പാസ്തയും സേമിയയും ഒരേ തോതിൽ കൂട്ടിക്കലർത്തി വേവിച്ചുണ്ടാക്കുന്ന ഏറ്റവും ആരോഗ്യപ്രദമായ സസ്യാഹാരമിശ്രിതമാണ് കുശരി. അരിയ്ക്കു പകരം മക്രോണിയും ഉപയോഗിക്കാറുണ്ട്. തക്കാളി പെയിസ്റ്റും മറ്റ് ചില സ്വാദുതുള്ളികളും (സോസ്) ഒഴിച്ചു കഴിക്കാൻ ബഹുസ്വാദാണ്‌. ഏറ്റവും നല്ല കുശരി തഹ്രീർ എന്ന ബ്രാന്റഡ് ചെയിൻ സ്‌റ്റോറുകളിലാണ് ലഭിക്കുന്നത്. രണ്ടിലധികം തവണ പലയിടങ്ങളിൽ നിന്ന് ഇവരുടെ കുശരി വാങ്ങിക്കഴിച്ചു. എല്ലാ നിലയ്ക്കും ഗംഭീരം. വയറു നിറയെ കഴിക്കാം, ഏമ്പക്കവും വിടാം എന്നതും കുശരിയുടെ ഫലസിദ്ധിയാണ്. പതിനഞ്ചോ ഇരുപതോ പൗണ്ട് മാത്രമേ കുശരിയ്ക്ക് വിലയുള്ളൂ. സത്യത്തിൽ കുശരി പരിപൂർണ സസ്യാഹാരമാണ്. എന്നാൽ, പരിഷ്‌ക്കാരത്തിന്റെ ഭാഗമായി ഇപ്പോൾ ഇറച്ചി ചേർത്ത കുശരിയും ഈജിപ്തിൽ ലഭ്യമാണ്. ചിക്കന്റെയും മട്ടൻ ലിവറിന്റെയും ബീഫിന്റെയും കഷണങ്ങൾ മൂടി പോലെയോ പാട പോലെയോ മുകളിലിട്ട് കുശരി തയ്യാറാക്കുന്ന രീതിയും മാംസാഹാരപ്രിയരെ ലാക്കാക്കി പരീക്ഷിച്ചു വിജയിപ്പിച്ചിട്ടുണ്ട്. തഹ്രീർ സ്‌ക്വയറിലെ അബു താരീഖിലും നല്ല കുശരി ലഭ്യമാണ്.

കൈറോവിൽ നിന്ന് അലെക്‌സാണ്ട്രിയയിലേയ്ക്കും അവിടെ നിന്ന് മർസാ മത്രൂഹ് വഴി സിവയിലേയ്ക്കുമുള്ള ഞങ്ങളുടെ ദീർഘയാത്രയിൽ മംദൂഹ് എന്ന മദ്ധ്യവയസ്‌കനും വിമുക്തഭടനുമായ ടാക്‌സി ഡ്രൈവർ അദ്ദേഹത്തിന്റെ സ്വന്തം കാർ ഓടിച്ച് ഞങ്ങളെ നയിച്ചത് നേരത്തെ ഒരധ്യായത്തിൽ സൂചിപ്പിച്ചിരുന്നല്ലോ. സ്വന്തം കാറിനെ മക്കളെയെന്നതുപോലെ പരിപാലിക്കുന്ന ആളാണദ്ദേഹം. എവിടെയെങ്കിലും ഒരിടത്ത് നിർത്തി അല്പസമയം ലഭിച്ചാൽ അപ്പോൾ കണ്ണാടികൾ തുടയ്ക്കും, സീറ്റുകൾ വൃത്തിയാക്കും, അങ്ങനെയങ്ങനെ. ഇങ്ങനെയൊക്കെയായിട്ടും, അന്നത്തെ യാത്രാരംഭത്തിൽ തന്നെ അദ്ദേഹത്തിന്റെ വയറിന് എന്തോ ഒരസ്വസ്ഥത തോന്നിയിരുന്നു. യാത്രക്കാരായ നമ്മളെ ഒരു സെക്കന്റ് പോലും ബുദ്ധിമുട്ടിക്കാതെ, വഴിയിൽ സൗകര്യപ്പെടുമ്പോഴൊക്കെ മംദൂഹ് ശുചിമുറിയിലേയ്‌ക്കോടുന്നത് കണ്ടു. മരുന്നെന്തെങ്കിലും കഴിക്കണോ എന്നു ചോദിച്ചപ്പോഴും അദ്ദേഹം ചിരിച്ചതേ ഉള്ളൂ. അലെക്‌സാണ്ട്രിയയിൽ ഇന്ത്യൻ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ അദ്ദേഹം ഒഴിഞ്ഞുമാറി. എന്നാൽ, മർസാ മത്രൂഹിലെ തഹ്രീർ എന്ന ബ്രാന്റ് ഷോപ്പിൽ കുശരിയാണ് വാങ്ങുന്നതെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ വിടർന്നു. ഞങ്ങളെപ്പോലെ, ഓരോ പാത്രം കുശരി സ്വാദോടെയും കുട്ടിത്തം വിടാത്ത വിസ്മയത്തോടെയും മംദൂഹ് അകത്താക്കുന്നതു കാണുമ്പോൾ ഞങ്ങളുടെ വയറെന്നതു പോലെ മനസ്സും നിറഞ്ഞു. തിരിച്ചുള്ള യാത്രയിലും ഇടയ്ക്ക് കണ്ട തഹ്രീർ കടയിൽ നിന്ന് കുശരി വാങ്ങിക്കഴിക്കാൻ ഞങ്ങളോടൊപ്പം അദ്ദേഹം ചേർന്നു നിന്നു.

ടേക്ക് എവേ ഭക്ഷണം എന്ന നിലയ്ക്കും കുശരി ഉഷാറായ ഐറ്റമാണ്. കയ്യിൽ വെച്ച് ഏതു തെരുവോരത്തു നിന്നും അല്ലെങ്കിൽ യാത്രയ്ക്കിടയിൽ മടിയിൽ വെച്ചും ഒക്കെ കഴിക്കാവുന്ന വൺ പോട്ട് മീൽ (ഒറ്റപ്പാത്ര ഭക്ഷണം) ആണ് കുശരി. ക്ലിയോപാട്ര ബീച്ച് കാണാനായി മർസാ മത്രൂഹിൽ അല്പനേരം ചിലവഴിച്ചപ്പോൾ ഉച്ച ഭക്ഷണം വിശാലമായി ഇരുന്ന് കഴിക്കാനുള്ള സമയമുണ്ടായിരുന്നില്ല. മർസാ മത്രൂഹ് ആണെങ്കിൽ വിമാനത്താവളം അടക്കം ഉള്ള ടൂറിസ്റ്റ് നഗരമാണെങ്കിലും ഒരു മരുനഗരത്തിന്റെ സ്വഭാവമാണ് അനുഭവപ്പെട്ടത്‌. സിവായിലേയ്ക്കുള്ള ബാക്കി മുന്നൂറ് കിലോമീറ്റർ മരുഭൂമി താണ്ടണം. പരിശോധനകൾ ഉള്ളതുകൊണ്ട് സന്ധ്യയ്ക്കു മുമ്പ് യാത്ര പൂർത്തിയാക്കണം. ഈ സാഹചര്യത്തിൽ ആണ് ടേക്ക് എവേ ഭക്ഷണം രക്ഷക്കായെത്തിയത്. തഹ്രീർ കുശരിയുടെ സ്റ്റാളിൽ നിന്ന് കുശരിയും തൊട്ടടുത്ത ബി ലബൻ മധുരപ്പലഹാര സ്റ്റാളിൽ നിന്ന് റുസ് ബി ലബനും വാങ്ങി. രണ്ടും സസ്യാഹാരമാണ്. ബിരിയാണി, പുലാവ്, ഫ്രൈഡ് റൈസ് പോലുള്ള നമ്മുടെ ഇഷ്ടഭക്ഷണത്തിനൊപ്പം ചേർത്തു വെക്കാവുന്ന മികച്ച വിഭവമായ കുശരി എന്തുകൊണ്ടാണ് കേരളത്തിൽ ലഭ്യമാകാത്തത് എന്നറിയില്ല.

ജി.പി രാമചന്ദ്രനും ഭാര്യയും യാത്ര ചെയ്യുമ്പോൾ കാറിനുള്ളിൽ ‘കുശരി’ കഴിക്കുന്നു

പാലുല്പന്നങ്ങളുടെയും ഐസ്‌ക്രീമുകളുടെയും മധുരപലഹാരങ്ങളുടെയും കേക്കുകളുടെയും പേസ്ട്രികളുടെയും വിപുലമായ ശേഖരങ്ങളുള്ള ബേക്കറി ശൃംഖലയാണ് ബി ലബൻ. നൂറ്റിയമ്പതോളം ശാഖകൾ ഈജിപ്തിലും പുറത്ത് മറ്റ് ഗൾഫ് രാജ്യങ്ങളിലുമായുള്ള ബി ലബൻ മധുരപ്രിയരുടെ നിത്യസന്ദർശനകേന്ദ്രമാണ്. ഇരുനൂറോളം ഉത്പന്നങ്ങൾ ഇവരുടേതായുണ്ട്. വഴിയിൽ കണ്ട ബി ലബൻ സ്റ്റോറുകളിലെല്ലാം മുടിഞ്ഞ തിരക്കായിരുന്നു. കാണുമ്പോൾ വായിൽ വെള്ളമൂറുന്നുണ്ടെങ്കിലും എന്തുപറയണം, എന്തു വാങ്ങണം എന്നറിയാതെ പകച്ചു പോയി. ലുഖ്മാൻ തന്റെ പരിചയത്തിൽ നിന്ന് ആണ് റുസ് ബി ലബൻ എന്ന പലഹാരം നിർദ്ദേശിച്ചത്. ഏതാണ്ട് നമ്മുടെ പാൽപ്പായസം പോലെ തോന്നും. നാവിനും വയറിനും മാത്രമല്ല, മനസ്സിനും ആശ്വാസവും ഊർജ്ജവും പ്രദാനം ചെയ്ത മികച്ച അനുഭൂതിയായിരുന്നു റുസ് ബി ലബൻ. അലെക്‌സാണ്ട്രിയയിലെ ഒരു ബി ലബൻ സ്റ്റോറിൽ നിന്നു വാങ്ങിയ റുസ് ബി ലബൻ, ഒരു മണിക്കൂർ നീണ്ട ഡബിൾ ഡക്കർ ബസ്സിന്റെ തുറന്ന മുകൾത്തട്ടിൽ തണുത്തു വിറച്ചിരുന്ന നഗരപ്രദക്ഷിണ യാത്രയിൽ ഉള്ളം കുളിർപ്പിക്കാനായി ഞങ്ങൾ നുണച്ചിറക്കി.

2021ൽ അലെക്‌സാണ്ട്രിയയിലാണ് ബി ലബൻ എന്ന ബേക്കിംഗ് കമ്പനി തുടങ്ങിയത്. ഈജിപ്തിനു പുറമെ ഒമ്പതോളം രാജ്യങ്ങളിൽ ശാഖകളുള്ള ബി ലബനിൽ ഇരുപത്തയ്യായിരത്തിലധികം പേർക്ക് ജോലി ലഭിച്ചു. ഇതിനിടയിൽ, സൗദി അറേബ്യയിലെ ബി ലബൻ കടകൾ ഭക്ഷണ പരിശോധനാ അധികൃതർ അടച്ചു പൂട്ടിയതിന്റെ പുറകെ ഈജിപ്തിലും വ്യാപകമായി ബി ലബൻ അടയ്‌ക്കേണ്ട സ്ഥിതിയുണ്ടായി. പിന്നീട് പ്രസിഡണ്ട് അബ്ദെൽ ഫത്താ എൽ സീസി അടക്കം ഇടപെട്ടാണ് പൂർവസ്ഥിതിയിൽ ബി ലബന് പുനപ്രവർത്തനം ആരംഭിക്കാനായത്. ഈ കുറിപ്പെഴുതുന്നതിന്റെ ഭാഗമായി ഞാനിന്ന് ബി ബബൻ ഈജിപ്തിന്റെ ഇൻസ്റ്റഗ്രാം പേജ് നോക്കിയപ്പോൾ, ഗാസയിൽ നിന്ന് അവർക്ക് ലഭിച്ച ഒരു സന്ദേശത്തിനുള്ള അവരുടെ മറുപടിയാണ് കണ്ടത്. ഒരു പക്ഷെ സാങ്കല്പികമായിരിക്കാം, എങ്കിലും രാഷ്ട്രീയമായി എത്ര ഭാവനാനിർഭരം. വേദനയുടെയും മുറിവിന്റെയും വിനാശത്തിന്റെയും പര്യായമായി മാറിയ ഗാസയിൽ ഒരുനാൾ സമാധാനവും ആശ്വാസവുമുണ്ടാവുമെന്നും അപ്പോൾ അവിടെ മധുരത്തിന്റെ പ്രകടനവുമായി ഞങ്ങളുണ്ടാവും എന്ന ഒരു വാഗ്ദാനമാണ് ആ റീലിലുള്ളത്. മധുരപലഹാരത്തിന് ഇത്ര നല്ല രാഷ്ട്രീയ സന്ദേശം അതും ശുഭാപ്തിവിശ്വാസം പകരാൻ കഴിയുമെന്ന് അതു കണ്ടപ്പോൾ തോന്നി.

പാലിൽ നിന്ന് ഉത്പാദിപ്പിക്കുന്ന പല വിഭവങ്ങളും ഇതുപോലുള്ള ബ്രാന്റഡ് കടകളിലല്ലാതെയും ഈജിപ്തിൽ ലഭ്യമാണ്. ഗ്രാമങ്ങളിലെ കർഷകരും മറ്റു സാധാരണക്കാരും വെണ്ണ കൊണ്ടും മറ്റും ഉണ്ടാക്കുന്ന പലതരം ഭക്ഷണസാമഗ്രികൾ ഇവിടെയുണ്ട്. ഇതിന്റെയെല്ലാം സ്വാദ് നമുക്ക് പെട്ടെന്ന് പിടിക്കണമെന്നില്ല.

ഏറ്റവും ആരോഗ്യപ്രദമായ പ്രാതൽ ശീലമാണ് ഈജിപ്തുകാർക്കുള്ളതെന്ന് ലുഖ്മാൻ അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞു. ഞങ്ങൾ താമസിച്ച ഹോട്ടലുകളിലും ഫ്‌ളാറ്റുകളിലും പക്ഷെ മിശ്രിതമായ അനുഭവമാണുണ്ടായത്. ബഡ്ജറ്റ് ബ്രേക്ക് ഫാസ്റ്റ് എന്നു വിളിക്കാവുന്ന തരത്തിൽ നാലായി മുറിച്ച ഒരു റൊട്ടിയും നീളത്തിലുള്ള ഒരു ബണ്ണും ക്രൊസോണും അഞ്ചു കഷ്ണം കുക്കുമ്പറും ഒരു തക്കാളിക്കഷ്ണവും ചീസും പിന്നെ ജാം, വെണ്ണ എന്നിവയും പാൽകാപ്പിയും. അധികമായുണ്ടായിരുന്നത് യോഗർട്ടാണ്. ഇതിനൊപ്പം അതെങ്ങനെയാണ് കഴിക്കുന്നത് എന്ന വ്യഥ പുറകെയും. ഇവിടെ ബ്രേക്ക് ഫാസ്റ്റ് ഓർഡർ ചെയ്യുമ്പോൾ ബീൻസ് വേണമോ എന്ന ചോദ്യം ഉറപ്പായും കേൾക്കും. ആദ്യം അത് മനസ്സിലായില്ലെങ്കിലും വൻ പയർ വേവിച്ചുണ്ടാക്കുന്ന ഫൂൽ എന്ന കറിയാണതെന്ന് കിട്ടിയപ്പോൾ മനസ്സിലായി. ഫൂൽ ഇല്ലെങ്കിൽ ഈ ഉണക്കപ്രാതൽ തീർത്തും പ്രക്ഷീണമായേനെ. ഫൂൽ എന്ന ഈ പയറുകറി ഈജിപ്തിൽ പ്രശസ്തമാണ്. വൻ പയറിനെ കുഴമ്പു രൂപത്തിലാക്കുന്ന അത്രയും വേവിച്ചാണ് ഈ കറി തയ്യാറാക്കുന്നത്. ഐഷിനെ നനച്ച് തൊണ്ടയിലൂടെ ഇറക്കാൻ പാകമാക്കുന്നത് ഫൂലാണെപ്പോഴും.

ഫൂൽ

ഒരു വില്ലേജ് യാത്രയിൽ ലുഖ്മാൻ കഴിച്ച ഗംഭീരമായ പ്രാതലിനെക്കുറിച്ച് അദ്ദേഹം വിവരിച്ചത് കേൾക്കുമ്പോൾ തന്നെ വയറും മനസ്സും നിറയും. ഐഷും ഫൂലും കുഫ്തയും ജർജീറും അടങ്ങിയ തനത് ഈജിപ്ഷ്യൻ ബ്രേക്ഫാസ്റ്റ്, പൗരാണിക സിറ്റിയായ ഫയ്യൂമിൽ നിന്ന് കഴിച്ചതാണ് ലുഖ്മാൻ അയവിറക്കിയത്. അതു ഞങ്ങൾക്ക് രുചിക്കാനായില്ലെങ്കിലും പകരം കൈറോവിലെ തന്നെ ഗാദ് എന്ന ജനപ്രിയ തീൻശാലയിലെ പ്രഭാതഭക്ഷണം കഴിക്കാൻ സാധിച്ചത് മനോഹരമായ അനുഭവമായിരുന്നു. കൈറോവിന്റെ ഹൃദയമായ തഹ്രീരിലും മറ്റിടങ്ങളിലും ഗാദിന്റെ കടകളുണ്ട്. ഫലാഫൽ ഇവിടെ പരിപ്പുവട കം കട്ലറ്റിന്റെ ചെറുരൂപത്തിനെ അതിജീവിച്ച് വലിയ ഉഴുന്നുവടയുടെ ആകൃതി കൈവരിച്ചിരിക്കുന്നു. മല്ലിയും ജീരകവും വിതറിയത് ഹൃദ്യമായി. വൻ പയർ കൊണ്ടുള്ള ഫൂൽ എടുക്കേണ്ടി വന്നില്ല. ഗ്രീൻ സലാഡിൽ ഏറ്റവും ഫ്രഷായ പച്ചക്കറി കഷണങ്ങൾ. ട്വിസ്റ്റായത് പക്ഷെ ജുബ്ൻ ആദി ആണ്. വീട്ടിൽ തന്നെ ഉണ്ടാക്കുന്ന കലർപ്പില്ലാത്ത പുതിയ വെണ്ണയിൽ കക്കിരിയുടെയും തക്കാളിയുടെയും കുഞ്ഞു കഷണങ്ങൾ. പുതിന പോലെ തോന്നിക്കുന്ന ജിർജിർ എന്ന ഇല മേമ്പൊടിയായും. കടും ചായ കൂടിയായതോടെ കുശാലായി.

പരമ്പരാഗത ഈജിപ്ഷ്യൻ പ്രഭാതഭക്ഷണം കഴിക്കുന്ന ലുക്മാൻ

ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുന്ന മിസ്‌രികളുടെ ശീലം റമളാനിലും മാറ്റമില്ലാതെ തുടരുന്നത് ലുഖ്മാന് അനുഭവിക്കാനായത് മംദൂഹ് ഇഫ്താറിന് ക്ഷണിച്ചപ്പോഴാണ്. പത്തിലേറെ വിഭവങ്ങൾ ഒരുക്കി, മിസ്‌രി ഇഫ്താറിന്റെ തനിമ അദ്ദേഹം കാണിച്ചു കൊടുത്തു. ഈത്തപ്പഴത്തിന്റ സവിശേഷ പാനീയം, മുലൂഖിയ്യ, മട്ടൻ സൂപ്പ്, ബീഫ് കറി, പലതരം പച്ചക്കറികൾ എല്ലാം അടങ്ങിയ നോമ്പുതുറ. ഐശ് റൊട്ടിയും മമ്പയർ കറിയായ ഫൂലും വിൽക്കുന്ന കടകളിൽ റമളാനിലും നല്ല തിരക്കുണ്ട്. തിരക്കു കുറവില്ല. പാവങ്ങൾക്കും നോമ്പു തുറക്കണമല്ലോ! അവ കഴിച്ചാൽ വയറുനിറയും. ഒട്ടും ഭാരം തോന്നുകയും ഇല്ല. കുനാഫ പോലെ റമസാൻ സ്‌പെഷ്യൽ സ്വീറ്റ്സും ധാരാളമായി കിട്ടും തെരുവുകളിൽ. മിസ്‌റിലെ റമളാന് അതിലൊരിക്കൽ എങ്കിലും പങ്കുചേർന്നു അനുഭവിക്കുക തന്നെ വേണം.

മാംസത്തിന് ഈജിപ്തിൽ പൊതുവെ വില കൂടുതലാണ്. ബീഫിനും മട്ടണും എല്ലാം കേരളത്തിലുള്ളതിനേക്കാൾ വില കൂടും. അതിനാൽ സാധാരണക്കാരെല്ലാം വിശേഷാവസരങ്ങളിലോ ആഴ്ചയിലൊന്നോ രണ്ടോ തവണ മാത്രമാണ് ഇറച്ചി അവരുടെ ഭക്ഷണത്തിലുൾപ്പെടുത്താറ്. മീൻ ലഭ്യമായ പ്രദേശങ്ങളിൽ അത് ധാരാളമായി കഴിക്കും. പ്രത്യേകിച്ചും അലെക്‌സാണ്ട്രിയ പോലെ മെഡിറ്ററേനിയൻ തീരത്തുള്ള നഗരങ്ങളിൽ മീൻവിഭവങ്ങൾക്ക് പ്രചാരമേറും. ഈജിപ്ഷ്യൻ ഭക്ഷണങ്ങളിൽ ഏറെ സ്വാദോടെ കഴിച്ചിട്ടുള്ള ഇനം ഫിഷ് ആണ് എന്ന് പറയുന്ന ലുഖ്മാൻ പക്ഷേ, ഫിഷ് വളരെ നന്നായി ഗ്രിൽ ചെയ്തു തരുന്ന റെസ്റ്ററന്റുകൾ പൊതുവെ കുറവാണ് എന്നും പറയുന്നു.

ലുഖ്മാനും മമ്ദൂഹും ഇഫ്താർ കഴിക്കുന്നു

ചെങ്കടലിനോട് ചേർന്നു കിടക്കുന്ന അതി മനോഹരമായ സിറ്റിയായ ഹുർഗാദ (കെയ്റോവിൽ നിന്ന് ഏതാണ്ട് അഞ്ഞൂറ് കിലോ മീറ്റർ മാറി)യിൽ ചെങ്കടലിലെ മത്സ്യങ്ങൾ മാത്രമായി വിവിധ രൂപത്തിൽ പാചകം ചെയ്തു കൊടുക്കുന്ന ധാരാളം റെസ്റ്ററന്റുകൾ കണ്ടതും ലുഖ്മാൻ ഓർമ്മിച്ചു. അതിലൊന്നിൽ നിന്ന് കഴിച്ചതിന്റെ പടവും അദ്ദേഹം പങ്കുവെച്ചു. മിക്സഡ് ഫിഷ് സൂപ്പും, നേരത്തെ കഴിച്ചു പരിചയമില്ലാത്ത ഒരു ഫിഷും കഴിക്കുന്നതിന്റെ ചിത്രമാണ് പങ്കുവെച്ചത്‌. മിനിമം മസാലയിൽ പാകം ചെയ്യുന്നതിനാൽ മത്സ്യത്തിന്റെ യഥാർത്ഥ സ്വാദാണ് ലഭിക്കുക.

പ്രാവ് ഗ്രില്ല് ചെയ്തത്, ആടിന്റെ ലിവർ, മട്ടൺ സൂപ്പ്, എന്നിവയും മാംസാഹാരപ്രിയർക്ക് ഈജിപ്തിലെവിടെയും ലഭ്യമാവും. ഉപ്പും മുളകും എല്ലാം കുറവായേ ഉപയോഗിക്കൂ. പ്രാവ് ഗ്രില്ല് ചെയ്തതിൽ ഏറ്റവും കുറഞ്ഞ മസാലയായതിനാൽ സ്വാഭാവികമായ സ്വാദാണുണ്ടാവുക. പ്രാവിനെ വളർത്തലും അതിനെ പരിപാലിക്കലും പിന്നീട് ഭക്ഷിക്കലും ഈജിപ്തിൽ പ്രധാനമാണ്. പ്രാവുകളെ ഗോപുരം പോലെയുള്ള വലിയ കൂടുകളിൽ വളർത്തുന്നത് കർഷകർക്കിടയിൽ പതിവാണ്. ഇതിനെക്കുറിച്ചും മുമ്പൊരു അദ്ധ്യായത്തിൽ വിവരിച്ചിരുന്നു. ഈ കൂറ്റൻ പ്രാവുകൂടിന്റെ പേര് ബുർജ് ഹമാം എന്നാണ്. വെള്ളിയാഴ്ച ചന്തകളിൽ ധാരാളം പ്രാവുകളെ വില്ക്കുന്നുണ്ടാവും. പ്രാവുകളെ അപ്പടി ഗ്രിൽ ചെയ്തതും ഉള്ളിൽ ചോറ് നിറച്ചതുമുണ്ടാവും. മട്ടൺ ലിവറിന് സ്വാദു മാത്രമേ ഉള്ളൂ. ഇറച്ചിയിൽ ധാരാളമായി പച്ചക്കറി ഇടും. തക്കാളി, ഉള്ളി എല്ലാമുണ്ടാവും. റോസ്റ്റ് രൂപത്തിലാണുണ്ടാവുക. ചിക്കൻ ഗ്രില്ല് ചെയ്തതിന് ശീഷ് എന്നാണ് പേര്‌. ചിക്കൻ ടിക്ക പോലെയാണെങ്കിലും വളരെ കുറവ് മസാലയിലാണ് ഗ്രിൽ ചെയ്യുന്നത്‌. മലയാളി വിദ്യാർത്ഥികൾക്ക് ആദ്യഘട്ടത്തിൽ ഇത് ഇറങ്ങാൻ ബുദ്ധിമുട്ടുണ്ടാവാറുണ്ട്. ഇലകൾ, കാബേജ്, എല്ലാം കൂടെയുണ്ടാവും. ഫ്രഞ്ച് ഫ്രൈ എല്ലായിടത്തും ലഭിക്കും.

പ്രാവ് ഗ്രില്ല് ചെയ്തത്; ഹമാം മഹ്‌ഷി

മുന്തിരി ഇലയ്ക്കുള്ളിൽ ചോറ് നിറയ്ക്കുന്ന ഒരു വിഭവവും പലയിടത്തും ലഭ്യമാണ്. അവസരമൊത്തുവരാത്തതിനാൽ അതു കഴിക്കാൻ സാധിച്ചില്ല. ലെബനനിലും ധാരാളമായുള്ള ഒരു വിഭവമാണിത്. പച്ചക്കറി സാലഡുകളും പഴങ്ങളും എപ്പോഴും കൂടെ കഴിക്കുന്ന ശീലവും കാണാവുന്നതാണ്. പച്ചക്കറികളും പഴങ്ങളും ഈജിപ്തിലെമ്പാടും സുലഭമായി ലഭിക്കും. വില താരതമ്യേന കുറവാണെന്നു മാത്രമല്ല, ഇവയെല്ലാം തികച്ചും പുതിയവയായിരിക്കുകയും ചെയ്യും. ചീഞ്ഞതും പഴകിയതുമൊന്നും എവിടെയും അധികം കാണില്ല. പേർസ്യൻ സാമ്രാജ്യം ഈജിപ്തിനെ കീഴടക്കിയതിന്റെ കാരണങ്ങളിലൊന്ന് ഇവിടത്തെ കാർഷികോത്പന്നങ്ങളുടെ നിറവായിരുന്നല്ലോ. (മറ്റൊന്ന് അസ്വാനടക്കമുള്ള പ്രദേശങ്ങളിലെ സ്വർണ നിക്ഷേപം. ഇതും മുമ്പൊരു അദ്ധ്യായത്തിൽ സൂചിപ്പിച്ചിരുന്നു). നൈൽ നദിയുടെ തീരങ്ങളിൽ ധാരാളമായുള്ള കൃഷി, ഈജിപ്തുകാരുടെ ശാരീരികാരോഗ്യത്തെയും പല സഹസ്രാബ്ദങ്ങളായി നിലനിർത്തി എന്നതാണ് വാസ്തവം.

പരമ്പരാഗതവും നൂതനവുമായ ശൈലികളിൽ ചായക്കടകളും കോഫി ഷോപ്പുകളും കൈറോ, അലെക്‌സാണ്ട്രിയ പോലുള്ള വൻ നഗരങ്ങളിലും മറ്റ് ചെറു നഗരങ്ങളിലും ധാരാളമായി കാണാം. ഇറാഖി കുർദിസ്താനിലെ സുലൈമാനി എന്ന നഗരത്തിൽ പോയപ്പോൾ കണ്ട ചായക്കടകളിലെ ബുക്ക് ഷെൽഫുകളൊന്നും പക്ഷെ കൈറോവിലെ ചായക്കടകളിലുണ്ടായിരുന്നില്ല. കട്ടൻ ചായയും കുടിച്ച് പലപ്പോഴും സിഗരറ്റും വലിച്ച് മണിക്കൂറുകളോളം സൊറ പറയുന്ന നിരവധി ആണുങ്ങളെ നമുക്ക് ഈ ചായക്കടകളിൽ കണ്ടു മുട്ടാനാവും. അസ്വാനിലെ ഒരു ചായക്കടയിൽ കാലത്ത് നടക്കാനിറങ്ങിയപ്പോൾ കയറിയ അനുഭവം ഞാനെഴുതിയിരുന്നല്ലോ. അതു പോലെ തന്നെയാണ് മിക്ക ചായക്കടകളിലും. എണ്ണക്കടികളോ എന്തിന് ബിസ്‌ക്കറ്റു പോലും മിക്ക ചായക്കടകളിലുമുണ്ടാവില്ല. വെറും ചായ മാത്രം.

പക്ഷം, അതു പാകം ചെയ്യുന്നതും സെർവ് ചെയ്യുന്നതുമൊക്കെ തികഞ്ഞ സ്‌നേഹത്തോടെ, കരുതലോടെ, മര്യാദയോടെ, ബഹുമാനത്തോടെയാണ്. മാത്രമല്ല, ഈ വെറും ചായയും കുടിച്ച് മണിക്കൂറുകൾ അവിടെയിരുന്നാലും ആരും എഴുന്നേല്പിച്ചു വിടില്ല. നമ്മുടെ നാട്ടിൽ പൊതുനിരത്തിലെ കൾവർട്ടിലോ പീടിക വരാന്തയിലെ ബെഞ്ചിലോ കുത്തിയിരിക്കുന്നതു പോലെ ഇവിടെ ഇരിക്കാം. (ഇപ്പോൾ ഇത്തരം ഇരിപ്പുകൾ കേരളത്തിൽ കാലഹരണപ്പെട്ടു, മാത്രമല്ല കൾവർട്ടിലിരിക്കുന്നവരെ പോലീസ് പൊക്കുകയും ചെയ്യും). ആധുനിക ശൈലിയിലുള്ള കോഫി ഷോപ്പുകളിൽ കുക്കീസും പേസ്ട്രിയും ബർഗറും സാൻഡ് വിച്ചും എല്ലാം ലഭിക്കും. പോർട് സൈദിൽ ഇത്തരം ഒരു കോഫി ഷോപ്പിൽ കയറിയപ്പോൾ, യുവമിഥുനങ്ങൾ സല്ലാപത്തിനായി അവിടെ ഇരിക്കുന്നതു കണ്ടു.

ഈജിപ്ഷ്യൻ നഗരജീവിതത്തിൽ കോഫി ഷോപ്പുകൾ ഏറ്റവും പ്രധാനമാണെന്നത് നജീബ് മെഹ്ഫൂസിന്റെ നോവലുകളിൽ നിന്നും മനസ്സിലാക്കാം. അദ്ദേഹത്തിന്റെ ഖാൻ അൽ ഖലീലി (1946) എന്ന നോവലിലെ പല സംഭവങ്ങളും നടക്കുന്നത് കോഫിഷോപ്പുകളുടെ പശ്ചാത്തലത്തിലാണ്. മെഹ്ഫൂസിനെക്കുറിച്ചു തന്നെ ഒരധ്യായം ഈ പരമ്പരയിൽ എഴുതുന്നുണ്ട്. അപ്പോൾ അക്കാര്യവും വിശദീകരിക്കാം. ഖാൻ അൽ ഖലീലി എന്ന കൈറോയുടെ ഹൃദയ ഭാഗത്തുള്ള കമ്പോളത്തിലെ നാഡീഞരമ്പുകൾ പോലുള്ള റോഡുകളിലൊന്നായ ജമാലിയ സ്ട്രീറ്റിലായിരുന്നു മഹ്ഫൂസിന്റെ വീട്. അദ്ദേഹം സ്ഥിരമായി കോഫി കഴിച്ചിരുന്ന ഷോപ്പ് നജീബ് മെഹ്ഫൂസ് കോഫി ഷോപ്പ് എന്ന പേരിൽ പ്രവർത്തിക്കുന്നതിനെക്കുറിച്ചും അതിൽ കയറാനായില്ലെങ്കിലും അതിന്റെ മുമ്പിൽ നിന്ന് ഫോട്ടോയെടുത്തതും മുൻ അധ്യായങ്ങളിലൊന്നിൽ പ്രതിപാദിച്ചിരുന്നു.

എറണാകുളത്തെ പ്രസ്‌ക്ലബ്ബ് റോഡിലുള്ള ബ്ലോസം ബുക്ക് ഫെയറിൽ നിന്ന്‌ വാങ്ങിച്ച കൈറോ സ്വാൻ സോംഗ് എന്ന മെക്കാവി സൈദിന്റെ നോവൽ (അറബിക് ഫിക്ഷനായുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന് ഷോർട് ലിസ്റ്റ് ചെയ്തത്) ആരംഭിക്കുന്നത് ഇങ്ങനെയാണ്. അർദ്ധരാത്രി കഴിഞ്ഞല്പനേരമായി, കോഫി ഷോപ്പ് അടയ്ക്കാൻ തുടങ്ങുന്നതേ ഉള്ളൂ. രണ്ട് മേശകളിൽ മാത്രമാണ് ആളുകൾ ഉള്ളത്. അരിച്ചിറങ്ങുന്ന തണുപ്പ് അവരെ ബാധിക്കുന്നുണ്ടെന്നു തോന്നുന്നില്ല. ഓരോ അഞ്ചു മിനുറ്റിലും ക്ലോക്ക് നോക്കിക്കൊണ്ടിരിക്കുന്ന വെയ്റ്ററുടെ അക്ഷമയിൽ നിന്ന് എന്നെ രക്ഷിക്കുന്നതവരാണ്. കടയടയ്ക്കാൻ പോകുകയാണെന്ന് അയാളെപ്പോഴാണ് പറയുന്നത് എന്നും പേടിച്ചാണ് ഞാൻ കാത്തിരിക്കുന്നത്. എന്റെ മുന്നിലുള്ള ഒഴിഞ്ഞ ഗ്ലാസ് എപ്പോഴൊക്കെ അയാളെടുത്തു കൊണ്ടുപോയി മേശപ്പുറം തുടയ്ക്കുന്നോ അപ്പോഴൊക്കെ ഞാനടുത്ത കാപ്പിയോ ഹോട്ട് ചോക്ലേറ്റോ ഓർഡർ ചെയ്യും. അടുപ്പ് കെടുത്തി, ഇനി ഒന്നുമില്ല എന്ന കുശിനിക്കാരന്റെ അറിയിപ്പ് കേട്ട ഉടനെ ഞാനൊരു പെപ്‌സി ഓർഡർ ചെയ്തു…..

ചായക്കടകളും കോഫിഷോപ്പുകളുമാണ് കൈറോ നഗരത്തെ ഒരു ഉറങ്ങാത്ത നഗരമായി സമയദൈർഘ്യം വരുത്തുന്നത്. രാത്രികൾ, അർദ്ധരാത്രികൾ, അർദ്ധരാത്രിയ്ക്കു ശേഷമുള്ള സമയങ്ങൾ, പുലർകാലം എന്നീ സമയങ്ങളെല്ലാം കൈറോ സജീവമായ നഗരമായി തുടരുന്നു.

കെയ്‌റോ നഗരത്തിന്റെ രാത്രി കാഴ്ച

പഴയ മൊസപ്പൊട്ടോമിയ, ബാബിലോണിയ നാഗരികതയുടെ തുടർച്ചയായും ഫ്രഞ്ച് സംസ്‌ക്കാര സ്വാധീനത്തിന്റെ ഭാഗമായും ഈ ചായക്കടകളേയും കോഫിഷോപ്പുകളെയും കാണാമെന്നു തോന്നുന്നു. ആയിരക്കണക്കിന് ചായക്കടകൾ, ചിലപ്പോൾ ഒരേ നിരത്തിൽ നിരനിരയായി പോലും ചായക്കടകളുള്ള നഗരമാണ് കൈറോ. പതിനഞ്ചാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ചരിത്രത്തിൽ തന്നെ കൈറോവിലെ ചായക്കടകളെക്കുറിച്ച് സൂചനകളുണ്ട്. കൈറോ നഗരത്തിന്റെ സമ്പന്നമായ സാഹിത്യ, സാംസ്‌ക്കാരിക സംവാദ ചരിത്രത്തിലും ചായക്കടകൾക്കും കോഫിഷോപ്പുകൾക്കും പങ്കുണ്ടെന്നത് വ്യക്തമാണ്.

 

(അടുത്ത ലക്കത്തിൽ: വികാരത്തിന്റെ റാണി – എലീസയുടെ മാസ്മരികമായ സംഗീതം)


ഈ പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.