A Unique Multilingual Media Platform

Articles Culture Society Travel

അറബ് ദേശീയതയും ഈജിപ്തിന്റെ രാഷ്ട്രീയ ആകുലതകളും (ഈജിപ്ത് യാത്രാ കുറിപ്പുകൾ #13)

അറബ് ദേശീയതയും ഈജിപ്തിന്റെ രാഷ്ട്രീയ ആകുലതകളും (ഈജിപ്ത് യാത്രാ കുറിപ്പുകൾ #13)

കൈറോവിൽ നിന്നും ഈജിപ്തിൽ നിന്നും തിരിച്ചുപോരുന്നതിന്റെ തലേന്ന് രാത്രിയാണ് പ്രസിദ്ധമായ തഹ്രീർ ചത്വരത്തിലെത്തി ഞങ്ങൾ ഫോട്ടോയെടുത്തത്. ഇവിടെയെത്തുന്ന ഉടനെ ടൂറിസ്റ്റുകളെ ഫോട്ടോഗ്രാഫർമാർ പൊതിയും. മറ്റു പല സ്ഥലങ്ങളിലും ഈ അനുഭവമുള്ളതുകൊണ്ട് അവരെ ശ്രദ്ധിക്കാതെ മുന്നോട്ടു നീങ്ങിയെങ്കിലും ഏറ്റവും നല്ല ക്ലിക്ക് അവരുടേതായിരിക്കുമെന്ന് ലുഖ്മാൻ പറഞ്ഞതനുസരിച്ച് അവരെത്തന്നെ ആശ്രയിച്ചു. അമേരിക്കൻ യൂണിവേഴ്‌സിറ്റി ഇൻ കൈറോവിൽ പോകുന്നതിനു വേണ്ടി യാത്രയുടെ ആദ്യ ദിവസങ്ങളിൽ തന്നെ തഹ്രീർ സ്‌ക്വയർ വഴി പോയിരുന്നെങ്കിലും അവിടെ ഇറങ്ങി അതിന്റെ വൈബ് മനസ്സിലാക്കിയത് ആ രാത്രിയിലായിരുന്നു. അതിനു മുമ്പായി, നൈൽ നദിയിലൂടെയുള്ള ക്രൂയിസിൽ (ശബ്ദ-വർണഘോഷത്തോടെയുള്ള ബോട്ട് യാത്ര) ബെല്ലിഡാൻസും ഭക്ഷണവും എല്ലാം ആസ്വദിക്കുകയും ചെയ്തിരുന്നു.

ജി.പി രാമചന്ദ്രനും ഭാര്യയും തഹ്‌രീർ സ്‌ക്വയറിൽ

2011 ഫെബ്രുവരി 4നാണ് തഹ്രീർ സ്‌ക്വയറിൽ ടുണീഷ്യയിലാരംഭിച്ച അറബ് വിപ്ലവത്തിന്റെ ഭാഗമായി പിരിഞ്ഞുപോകാൻ കൂട്ടാക്കാത്ത ആൾക്കൂട്ടം സമരം ആരംഭിച്ചത്. അവർ ആയിരങ്ങളും പതിനായിരങ്ങളുമായി വർദ്ധിച്ചു. ഫെബ്രുവരി പതിനൊന്നിന് പ്രസിഡന്റ്‌ മുബാറക്ക് രാജി വെച്ചു. സുപ്രീം കൗൺസിൽ ഓഫ് ആംഡ് ഫോഴ്‌സസ് (സ്‌കാഫ്) എന്ന സൈനിക പരമാധികാര സമിതി രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തു. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പൊതുജനങ്ങളുടെയും വ്യാപകമായ പിന്തുണ സ്‌കാഫിനുണ്ടായിരുന്നില്ലെങ്കിലും മറ്റൊരു ഫലപ്രദമായ സംവിധാനം വരുന്നതു വരെ അവർ തുടർന്നു. 2012 മാർച്ചിൽ മുസ്ലിം ബ്രദർഹുഡ് അവരുടെ പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായി മൊഹമ്മദ് മൊർസിയെ പ്രഖ്യാപിച്ചു.

ഇതിനിടയിലും നാട്ടിൽ നിന്നുള്ള പല വാർത്തകളും ഫേസ്ബുക്കിലും ഇൻസ്റ്റയിലും വാട്‌സാപ്പിലും വന്ന് നിറയുന്നുണ്ടായിരുന്നു. അതിന്റെ കൂട്ടത്തിലാണ്‌ കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക് വഖ്ഫ് ഭേദഗതി ബില്ലിനെതിരായി നടത്തിയ പ്രകടനത്തിൽ സയ്യിദ് ഖുത്ത്ബിയുടെയും ഹസനൽ ബന്നയുടെയും ഫോട്ടോ ഉയർത്തിക്കാട്ടിയ വിവാദ വാർത്ത കണ്ടത്. ഇവരുടെ രണ്ടു പേരുടെയും പ്രവർത്തന കേന്ദ്രമായിരുന്ന കൈറോവിലാണ് അപ്പോൾ ഉണ്ടായിരുന്നത് എന്നതിനാൽ സ്വാഭാവികമായും ലുഖ്മാനോട് ഇക്കാര്യം വിശദമായി ചർച്ച ചെയ്തു.

1928 മുതല്ക്കുള്ള ഈജിപ്തിലെ സാമൂഹ്യ-രാഷ്ട്രീയ ജീവിതം സംഘർഷഭരിതമാക്കി തീർത്തതിൽ മുഖ്യപങ്കു വഹിച്ച മുസ്ലിം ബ്രദർഹുഡിനെക്കുറിച്ച് സൂക്ഷ്മമായി മനസ്സിലാക്കാതെ ഈ പ്രശ്‌നത്തിന്റെ ആഗോള മാനവും കേരള/ഇന്ത്യൻ മാനവും മനസ്സിലാവില്ല എന്നതാണ് യാഥാർത്ഥ്യം. ഇതു പ്രാഥമികമായി മനസ്സിലാക്കാൻ അബ്ദെറഹ്‌മാൻ അയ്യാശ്, അഹ് അൽ അഫീഫി, നോഹ ഇസ്ലത്ത് എന്നിവർ ചേർന്നെഴുതിയ ‘ബ്രോക്കൺ ബോണ്ട്‌സ് – ദ് എക്‌സിസ്‌റ്റെൻഷ്യൽ ക്രൈസിസ് ഓഫ് ഈജിപ്ത് സ് മുസ്ലിം ബ്രദർഹുഡ്’ എന്ന പുസ്തകം വായിക്കണമെന്ന് ലുഖ്മാൻ നിർദ്ദേശിച്ചു. ഉടനെ തന്നെ ആ പുസ്തകം ശേഖരിക്കുകയും ചെയ്തു. ഈ പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ 1925 മുതൽക്കുള്ള ഒരു നൂറ്റാണ്ടു കാലത്തെ ഈജിപ്തിന്റെ രാഷ്ട്രീയത്തെ മനസ്സിലാക്കാനുള്ള ഒരു ശ്രമമാണ് ഈ അദ്ധ്യായത്തിലുള്ളത്.

മൊഹമ്മദ് മൊർസി പ്രെസിഡന്റായി പ്രവർത്തിച്ച കാലം (2012-13) ആശയപരവും പ്രായോഗികവുമായ വൈരുദ്ധ്യങ്ങളുടെ സങ്കീർണതകളിലൂടെയാണ് മുസ്ലിം ബ്രദർഹുഡ് കടന്നു പോയത്. അറുപതുകളിലെ നാസറിന്റെ ഭരണത്തെ വേണ്ടതിനും വേണ്ടാത്തതിനും എതിർത്തുകൊണ്ട് ജനപ്രീതി പിടിച്ചുപറ്റാൻ ആദ്യഘട്ടത്തിൽ ശ്രമിച്ച മൊർസി പിന്നീട്, ലേബർ ദിനത്തിൽ വ്യവസായവത്ക്കരണത്തിൽ നാം നാസറിനെ പിന്തുടരുമെന്ന് പ്രഖ്യാപിച്ചു. ഇറാൻ, തുർക്കി, സൗദി അറേബ്യ, എന്നീ രാഷ്ട്രങ്ങൾക്കൊപ്പം ഒരു പ്രാദേശിക അച്ചുതണ്ട് ഉണ്ടാക്കുമെന്ന് പറഞ്ഞ അദ്ദേഹം പിന്നീട് ഇറാനിലുള്ളത് ഷിയാ ഭരണകൂടമായതുകൊണ്ട് അതിൽ നിന്ന് പിന്മാറി. ഇസ്രയേലിനെതിരാണെന്ന് പറയുമ്പോഴും സിയോണിസ്റ്റുകൾക്കെതിരെ സൈനിക പ്രതിരോധം തീർക്കുന്ന ലെബനനിലെ ഹെസ്ബുള്ളയെ അവർ ഷിയാക്കളായതുകൊണ്ട് തള്ളിപ്പറഞ്ഞു.സമാനമായ കാരണങ്ങൾ കൊണ്ട് സിറിയയിലെ അസദ് ഭരണകൂടത്തെയും അംഗീകരിച്ചില്ല. സിറിയയിലെ ജിഹാദിസ്റ്റുകളെ സഹായിക്കാനുള്ള ബ്രദർഹുഡിന്റെ നീക്കത്തെ സൈനിക മേധാവികൾ(സ്‌കാഫ്) വിമർശിച്ചു. നേരത്തെ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അനുകൂല ഭരണത്തെ പുറത്താക്കാനുള്ള ജിഹാദിസ്റ്റുകളുടെ നീക്കത്തെ പിന്തുണയ്ക്കാൻ സാദത്ത് ഭരണകൂടം ഈജിപ്ഷ്യൻ സൈനികരെ അയച്ചിരുന്നു. തിരിച്ചെത്തിയ അവർ എൺപതുകളിലും തൊണ്ണൂറുകളിലും നാട്ടിൽ കലാപാന്തരീക്ഷം സൃഷ്ടിച്ചു. ഈ ദുരനുഭവത്തെ മുൻനിർത്തിയാണ് സിറിയയിലെ വിമതർക്കുള്ള സഹായത്തെ സ്‌കാഫ് എതിർത്തത്.

മൊഹമ്മദ് മൊർസി

തുർക്കിയിലെ എർദോഗാന്റെ എകെപിയുമായുള്ള ബ്രദർഹുഡിന്റെ ബന്ധവും ഇതുപോലെ വൈരുദ്ധ്യങ്ങൾ നിറഞ്ഞതായിരുന്നു. തന്ത്രശാലിയായ എർദോഗാൻ, പാശ്ചാത്യർക്കും ഇസ്ലാമിസ്റ്റുകൾക്കും ഒരു പോലെ സ്വീകാര്യനാണ്. ഇതുൾക്കൊള്ളാൻ ബ്രദർഹുഡിന് ആദ്യം സാധിച്ചില്ലെങ്കിലും പിന്നീട് അവർ തമ്മിലുള്ള ബന്ധം സുദൃഢമായി.

(പുസ്തകത്തിൽ നിന്ന്):
രണ്ടു ബ്രദർഹുഡ് അംഗങ്ങൾ പത്തു ലക്ഷം ആളുകൾ പങ്കെടുക്കുന്ന ഒരു പ്രകടനത്തിൽ പങ്കെടുത്തു നടക്കുകയായിരുന്നു. ഒരാൾ മറ്റേയാളോട് ചോദിച്ചു: നമ്മൾ ശരിയായ പാതയിൽ തന്നെയാണോ? മറുപടി: നേതാക്കൾ മുമ്പിൽ നടക്കുന്നതു കണ്ടില്ലേ. അവർക്കറിയാം എങ്ങോട്ടാണ് പോകേണ്ടത് എന്ന്. നാം നേർവഴിക്കു തന്നെയാണ്.
രണ്ടു നേതാക്കളിലൊരാൾ മറ്റേയാളോട്: നമ്മൾ ശരിയായ പാതയിൽ തന്നെയാണോ? മറുപടി: പിറകിൽ നടക്കുന്ന ലക്ഷങ്ങളെ കണ്ടില്ലേ? നാം ശരിയായ ദിശയിലല്ലെങ്കിൽ അവർ നമ്മളെ പിന്തുടരുമോ? (മുൻ ബ്രദർഹുഡുകാർക്കിടയിലെ ഒരു തമാശ)

തൊണ്ണൂറുകളിൽ ജയിലിലായിരുന്ന ഒരു മുതിർന്ന ബ്രദർഹുഡ് പ്രവർത്തകൻ തന്നെ ചോദ്യം ചെയ്യാനെത്തിയ സൈനിക ഭടനോട് ചോദിച്ചു: താങ്കൾ പ്രാർത്ഥിക്കാറുണ്ടോ? (മറുപടി) ഉണ്ട്.
(ചോദ്യം) താങ്കളുടെ വീട്ടിൽ ഖുർ ആൻ ഉണ്ടോ?
(മറുപടി) ഉണ്ട്
(ചോദ്യം) താങ്കളുടെ ഭാര്യ പർദ ധരിക്കാറുണ്ടോ?
(മറുപടി) ഉണ്ട്
(ചോദ്യം) താങ്കളുടെ കുട്ടികൾ മതപാഠശാലകളിൽ പോകാറുണ്ടോ?
(മറുപടി) ഉണ്ട്.

ഈ മറുപടികൾ കേട്ട ബ്രദർഹുഡ് പ്രവർത്തകൻ പറഞ്ഞത്, അറുപതുകളിൽ ഇതുപോലെ ഞാൻ ജയിലിൽ കഴിഞ്ഞിരുന്നപ്പോൾ അന്നത്തെ സൈനിക ആപ്പീസറോട് ഞാൻ ഈ ചോദ്യങ്ങൾ ചോദിച്ചിരുന്നു. അപ്പോൾ ഇല്ല എന്നായിരുന്നു എല്ലാ ചോദ്യങ്ങൾക്കും ലഭിച്ച മറുപടി. മാത്രമല്ല, നാസ്തികനായ ആ ഭടൻ ഒരു ബെല്ലി ഡാൻസറെ വിവാഹവും ചെയ്തിരുന്നു. അതായത്, ഞങ്ങളുടെ പ്രവർത്തനത്തിലൂടെ ഞങ്ങൾ ഈജിപ്ഷ്യൻ സമൂഹത്തെ ആകെ മാറ്റിയിരിക്കുന്നു. നിങ്ങൾ (തൊണ്ണൂറുകളിലെ സൈനിക ഭടൻ) തന്നെയാണതിന്റെ തെളിവ്. (പുസ്തകത്തിൽ നിന്നുള്ള ഉദ്ധരണി അവസാനിച്ചു)

ഇപ്പോൾ മുസ്ലിം ബ്രദർഹുഡ് ഒന്നിലധികം വിഭാഗങ്ങളായി പിളർന്നിരിക്കുകയും ഏതാണ്ട് പ്രവർത്തനരഹിതരായിരിക്കുകയുമാണ്. വിദേശത്തുള്ള പല ശാഖകളും പ്രവർത്തിക്കുന്നുണ്ടെങ്കിലും ഈജിപ്തിൽ ഒന്നും ചെയ്യാനാകുന്നില്ല. ഇസ്സാം തെലിമ എന്ന മുൻ ബ്രദർഹുഡ് നേതാവ് 2021 ഒക്ടോബറിലെഴുതിയ ഒരു ലേഖനത്തിലിപ്രകാരം പറഞ്ഞു: ആളുകളല്ല മുസ്ലിം ബ്രദർഹുഡിലെ പ്രതിസന്ധികളുടെ കാരണം, മറിച്ച് വ്യവസ്ഥാപിതത്വവും സാമ്പത്തിക സുതാര്യതയും ഉത്തരവാദിത്തവും ഇല്ലായ്മയാണ്. അതോടൊപ്പം, പ്രത്യയശാസ്ത്രത്തെ സംബന്ധിച്ചും പുതിയ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിനെ സംബന്ധിച്ചുമുള്ള പഠനങ്ങളോ ലേഖനങ്ങളോ ലഭ്യവുമല്ല. സുഡാൻ, മലേഷ്യ, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങളിലേയ്ക്ക് കുറെ ബ്രദർഹുഡ് പ്രവർത്തകർ രക്ഷപ്പെട്ടു. എന്നാൽ യാതൊരു തരത്തിലുമുള്ള ഏകോപനങ്ങൾ പ്രവർത്തനക്ഷമമല്ല.

മുസ്ലിം ബ്രദർഹുഡിനെ വിമർശിക്കാനോ അവരെക്കുറിച്ച് പഠിക്കാനോ ഒരാൾ ഇസ്ലാം വിദഗ്ദ്ധനാകേണ്ടതില്ല എന്നും ഒരാൾ മുസ്ലിമായതു കൊണ്ടു മാത്രം അയാൾക്ക് ഇസ്ലാമിക്, ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങളെക്കുറിച്ച് മെച്ചപ്പെട്ട ധാരണ ഉണ്ടാകുമെന്ന് കരുതേണ്ടതില്ല എന്നും ബ്രോക്കൺ ബോണ്ട്‌സ് രചയിതാക്കൾ അസന്ദിഗ്ദ്ധമായി പ്രസ്താവിക്കുന്നുണ്ട്. പലരും പിറന്ന കുടുംബത്തിന്റെ പശ്ചാത്തലത്തിലും നിർദ്ദേശത്തിലും സമ്മർദ്ദത്തിലും കൂടുതൽ ചിന്തിക്കാതെ ബ്രദർഹുഡിന്റെ പ്രവർത്തനത്തിൽ ചേരുകയും ആകൃഷ്ടരാകുകയും ആണ് ചെയ്യുന്നത്. ബ്രോക്കൺ ബോണ്ട്‌സിന്റെ രചയിതാക്കളിലൊരാളായ അബ്ദെൽ റഹ്‌മാൻ അയ്യാശ് തന്റെ മുത്തച്ഛൻ മുതല്ക്കുള്ളവർ ബ്രദർഹുഡുകാരായതുകൊണ്ട് നാലാം വയസ്സിൽ തന്നെ അതിൽ ചേർന്ന ആളാണ്.

ഹസനൽ ബന്ന

1928ൽ ഹസനൽ ബന്ന എന്ന സ്‌കൂളധ്യാപകനാണ് മുസ്ലിം ബ്രദർഹുഡ് എന്ന പ്രസ്ഥാനം ആരംഭിക്കുന്നത്. സൂയസ് കനാലിന്റെ തീരത്തുള്ള ഇസ്മയിലിയ എന്ന നഗരത്തിൽ അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്നു ഇരുപത്തിരണ്ടുകാരനായ ഹസനൽ ബന്ന. ഒട്ടോമൻ സാമ്രാജ്യം തകർന്നിട്ട് നാലു വർഷമേ ആയിട്ടുണ്ടായിരുന്നുള്ളൂ. 1919ൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി നടന്ന ഈജിപ്ത് വിപ്ലവത്തിന്റെ കാലത്ത്‌ ഹസനൽ ബന്നയ്ക്ക് പതിമൂന്നു വയസ്സായിരുന്നു പ്രായം. ഈജിപ്ഷ്യൻ ബുദ്ധിജീവികളും രാഷ്ട്രീയക്കാരും പാശ്ചാത്യ ചിന്താഗതികളോടും പ്രത്യയശാസ്ത്രങ്ങളോടും ജീവിതരീതികളോടും ആഭിമുഖ്യം പ്രകടിപ്പിച്ചു കൊണ്ടിരുന്ന ചരിത്ര സാഹചര്യത്തിൽ അതിനെതിരായ ഒരു മതാത്മക ധാർമ്മിക മുന്നേറ്റം എന്ന നിലയ്ക്കാണ് ഹസനൽ ബന്ന മുസ്ലിം ബ്രദർഹുഡ് രൂപീകരിക്കുന്നത്. രാഷ്ട്രീയം പ്രകടമായിരുന്നില്ലെങ്കിലും അതിന്റെ ഉള്ളടക്കത്തിൽ നിന്ന് അത് മനസ്സിലാക്കിയെടുക്കാമായിരുന്നു. സകല സംഗതികളും അടങ്ങിയതാ (കോംപ്രഹൻസീവ്) യിരിക്കണം നമ്മുടെ സംഘടന എന്ന് ഹസനൽ ബന്ന വിഭാവനം ചെയ്തിരുന്നു. രാഷ്ട്രീയപ്രവർത്തനവും മതവിശ്വാസവും ആചാരങ്ങളും പ്രാർത്ഥനകളും എല്ലാം തമ്മിൽ തമ്മിൽ ബന്ധപ്പെടുത്തുകയും കൂട്ടിക്കുഴക്കുകയും ചെയ്യുക എന്നതാണ് ബ്രദർഹുഡിന്റെ രീതി. ലോകത്തിനു മുകളിൽ ഇസ്ലാമിന്റെ അധീശത്വം സ്ഥാപിക്കുക എന്നതായിരുന്നു അവരുടെ അന്തിമ ലക്ഷ്യം.

1930കളിൽ തന്നെ മൊറോക്കോ, ടുണീഷ്യ, ലിബിയ, സുഡാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ മുസ്ലിം ബ്രദർഹുഡിന്റെ ശാഖകൾ ആരംഭിച്ചു. 1938ൽ അൽ നതീർ എന്ന മുഖപത്രം ആരംഭിച്ചു. 1939ൽ നടന്ന അഞ്ചാമത്തെ സമ്മേളനത്തിൽ മുസ്ലിം ബ്രദർഹുഡിനെ ഇപ്രകാരം ഹസനൽ ബന്ന നിർവചിച്ചു. സലഫി ആഹ്വാനം, സുന്നി മാർഗം, രാഷ്ട്രീയ സംഘടന, സാഹസിക സംഘം, ധൈഷണിക-ശാസ്ത്ര കൂട്ടായ്മ, സാമ്പത്തിക കമ്പനി, സാമൂഹ്യ ആശയം. എല്ലാം ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു സംവിധാനമായാണ് ബ്രദർഹുഡിനെ വിഭാവനം ചെയ്തതെന്നു ചുരുക്കം. ഏഴു മാർഗങ്ങളാണ് പ്രവർത്തകർക്കായി നിർദ്ദേശിക്കപ്പെട്ടത്.

1. നല്ല മുസ്ലിമായി പരിഷ്‌ക്കരിക്കപ്പെടുക,
2. മുസ്ലിം കുടുംബം സ്ഥാപിക്കുക,
3. സമൂഹത്തിന് മാർഗനിർദ്ദേശങ്ങൾ നൽകുക,
4. വൈദേശിക ശക്തികളിൽ നിന്ന് സ്വദേശത്തെ വിമോചിപ്പിക്കുക,
5. ഭരണകൂടത്തെ ഇസ്ലാമികവത്ക്കരിക്കുക,
6. ലോകത്ത് ഇസ്ലാമിക് ഉമ്മാഹ് (സമ്പൂർണ ഭരണം) നിർമ്മിക്കുക,
7. ഇസ്ലാമിന്റെ ആഹ്വാനം പ്രചരിപ്പിക്കുന്നതിനായി അദ്ധ്യാപകന്റെ (ഉസ്താദിയ) കടമ നിർവഹിക്കുക.

1940ൽ തന്നെ ഹസനൽ ബന്ന, മുസ്ലിം ബ്രദർഹുഡ്ഡിന് സ്‌പെഷ്യൽ അപ്പാരറ്റസ് എന്ന പേരിൽ ഒരു സൈനിക വിഭാഗം ഉണ്ടാക്കിയിരുന്നു. ഗറില്ല സമരങ്ങളും മറ്റ് സായുധ നീക്കങ്ങളും നടത്താൻ വേണ്ടിയാണിത്. ഇതിൽ ഒരു യുവ ആപ്പീസറായി ജമാൽ അബ്ദെൽ നാസറും റിക്രൂട്ട് ചെയ്യപ്പെട്ടിരുന്നു എന്നതും ശ്രദ്ധേയമാണ്. പിന്നീട് പ്രസിഡന്റ് ആയി മാറുന്നതോടെ, മുസ്ലിം ബ്രദർഹുഡ്ഡിന്റെ ഏറ്റവും വലിയ വിമർശകനും ശത്രുവും ആയി നാസർ മാറി എന്നതും പ്രസ്താവ്യമാണ്. 1948ൽ ഈജിപ്ഷ്യൻ പ്രസിഡന്റ്‌ മഹ്‌മൂദ് ഫാഹ്‌മി അൽ നൊക്രാഷി പാഷ മുസ്ലിം ബ്രദർഹുഡിനെ പിരിച്ചുവിട്ടുകൊണ്ട് ഒരു ഉത്തരവിറക്കി. അക്കാലത്ത് മുസ്ലിം ബ്രദർഹുഡ് ഈജിപ്തിലും സമീപ രാജ്യങ്ങളിലും വളരെ ശക്തമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ വർഷം ഡിസംബർ 28ന് ബ്രദർഹുഡ്ഡിന്റെ സൈനിക വിഭാഗമായ സ്‌പെഷ്യൽ അപ്പാരറ്റസിലെ ഒരംഗം നൊക്രാഷിയെ വധിച്ചു. 1949 ജനുവരിയിൽ ഏതായാലും ഹസനൽ ബന്ന ഈ കൊലപാതകത്തെ തള്ളിപ്പറഞ്ഞു. എന്നാൽ അതേ വർഷം ഫെബ്രുവരി 12ന് കൈറോ നഗരത്തിൽ വെച്ച് ഹസനൽ ബന്ന വെടിവെച്ച് കൊല്ലപ്പെട്ടു. ഇതുവരെയും ആരാണ് കൊലപാതകി എന്ന കാര്യം തെളിയിക്കപ്പെട്ടിട്ടില്ല. അതിനെ തുടർന്ന് ബ്രദർഹുഡ് രൂക്ഷമായ സംഘടനാ പ്രശ്‌നങ്ങളിൽ പെട്ട് ഉഴലുന്ന സ്ഥിതിയിലായി. അതെന്തായാലും 1952ലെ കൂപ്പിനെ (അട്ടിമറി) ബ്രദർഹുഡ് പിന്തുണച്ചു. എന്നാൽ, അധികാരത്തിൽ വന്ന പുതിയ സർക്കാർ രണ്ടു വർഷത്തിനകം തന്നെ ബ്രദർഹുഡ്ഡിനെതിരായ നീക്കങ്ങൾ ആരംഭിച്ചു.

1954 ഒക്ടോബറിൽ ബ്രദർഹുഡ് സൈനിക വിഭാഗത്തിലെ അംഗമായ മഹ്‌മൂദ് അബ്ദെൽ ലത്തീഫ്, ജമാൽ അബ്ദെൽ നാസറിനെതിരെ എട്ടു റൗണ്ട് വെടിവെച്ചു. നാസർ അലെക്‌സാണ്ട്രിയയിൽ പ്രസംഗിക്കുകയായിരുന്നു. പക്ഷെ വെടികളൊന്നും തന്നെ അദ്ദേഹത്തിന് കൊണ്ടില്ല. അബ്ദെൽ ലത്തീഫിനെ അവിടെ വെച്ചു തന്നെ അറസ്റ്റ് ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ഏതാണ്ട് കാൽ ലക്ഷം ബ്രദർഹുഡ് പ്രവർത്തകരെ രാജ്യമാകെയുള്ള പ്രദേശങ്ങളിൽ നിന്നായി പിടികൂടി. വിചാരണയക്കു ശേഷം ഇവരിൽ നിന്ന് ആറു പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി. നാസറിനെതിരായ കൊലപാതകശ്രമം തങ്ങളല്ല നടത്തിയതെന്നും അത് ഭരണകൂടത്തിന്റെ പ്രഹസനം മാത്രമായിരുന്നുവെന്നും ബ്രദർഹുഡ് വ്യാഖ്യാനിച്ചു.

സലാദ്ദീൻ ഫോർട്ടിലെ ജമാൽ അബ്ദുനാസറിൻ്റെ പ്രതിമയ്ക്ക് മുന്നിൽ ജിപി രാമചന്ദ്രൻ

ഇക്കാലത്താണ്, സയ്യിദ് ഖുത്ത്ബി എന്ന സാഹിത്യ നിരൂപകനെ ബ്രദർഹുഡ് തങ്ങളുടെ തലപ്പത്തേയ്ക്ക് കൊണ്ടുവരുന്നത്. തുടക്കത്തിൽ മുഖപത്രത്തിന്റെ പത്രാധിപരായ ഖുത്ത്ബിയെ ഭരണകൂടം അറസ്റ്റ് ചെയ്യുകയും നിരവധി വർഷം തടവിൽ പാർപ്പിക്കുകയും ചെയ്തു. ജയിലിലായിരുന്ന അവസരത്തിലാണ് ഖുത്ത്ബി വഴിയടയാളങ്ങൾ (മൈൽസ്‌റ്റോൺസ്) എന്ന പ്രസിദ്ധമായ പുസ്തകം എഴുതുന്നത്. സലഫി ജിഹാദിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഒരു മാനിഫെസ്റ്റോ തന്നെയായി ഈ പുസ്തകം പരിണമിച്ചു. ഈ പുസ്തകം ബ്രദർഹുഡ്ഡിനകത്തും പുറത്തും കോളിളക്കങ്ങളുണ്ടാക്കി.

1967ലെ അറബ് ഇസ്രയേൽ യുദ്ധത്തിൽ ഈജിപ്ഷ്യൻ സൈന്യം പരാജയപ്പെട്ടു. ഇത് പൊതുജനത്തിനിടയിൽ മതാത്മകത വൈകാരികതയ്ക്ക് പ്രാമുഖ്യം തിരിച്ചുകിട്ടാനിടയാക്കി. ഈ പ്രതിസന്ധിയും തങ്ങളുടെ വളർച്ചയ്ക്കായി ബ്രദർഹുഡ് പ്രയോജനപ്പെടുത്തി. 1970 മുതൽ 1981വരെയുള്ള അൻവർ സാദത്ത് ഭരണകാലത്ത് കാര്യങ്ങൾ കുറെക്കൂടി എളുപ്പമായിത്തീർന്നു. സർവകലാശാലകളിലും മറ്റും ബ്രദർഹുഡ്ഡിന്റെ സ്വാധീനം വർദ്ധിച്ചത് ഇക്കാലത്താണ്. 1980കളിൽ ലിബറൽ വഫ്ദ് പാർടിയോടൊപ്പവും 1990കളിൽ ഇടതുപക്ഷ ലേബർ പാർടിയോടൊപ്പവും മുന്നണിബന്ധങ്ങളുണ്ടാക്കി ബ്രദർഹുഡ് തെരഞ്ഞെടുപ്പുകളിൽ പങ്കെടുത്തു.

സയ്യിദ് ഖുത്ത്ബി

ആധുനികമായ കക്ഷിരാഷ്ട്രീയം ഈജിപ്തിൽ വികസിച്ചു വന്നത് 1919ലെ വിപ്ലവത്തെത്തുടർന്ന് വഫ്ദ് പാർടി രൂപീകരിച്ചതോടെയാണ്. ഒന്നാം ലോകമഹായുദ്ധകാലത്ത് ഉളവായ സാമൂഹികവും സാമ്പത്തികവുമായ പ്രക്രിയകൾ; ബഹുജനങ്ങളും ദേശീയതാവാദികളായ വരേണ്യ നേതൃത്വവും ഒരു ഭാഗത്തും ബ്രിട്ടീഷ് സാമ്രാജ്യത്വവും അതിന്റെ ഏജന്റന്മാരായ രാജഭരണവും മറുഭാഗത്തും എന്ന നിലയിൽ പിളർപ്പ് രൂപപ്പെട്ടു. ഇതിന്റെ തുടർച്ചയായി ഭാഗികമായ പാർലമെന്ററി രാഷ്ട്രീയമാണ് രാജ്യത്തുണ്ടായത്. ഇക്കാലത്ത് സർവകലാശാലകളിൽ ചിന്തയുടെയും മാറ്റത്തിന്റെയും കാറ്റുകൾ വീശി. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് പൊതുബോധത്തെ നിർണയിക്കുന്ന മധ്യവർഗം രൂപം കൊള്ളുന്നത് ഇതിന്റെ തുടർച്ചയായാണ്. 1952ൽ ഫ്രീ ഓഫീസേഴ്‌സ് അധികാരം പിടിച്ചെടുത്തു. ഇതിനെ തുടർന്ന് ഏതാണ്ട് ആറു പതിറ്റാണ്ടുകൾ രാഷ്ട്രീയ പാർടികളും ജനാധിപത്യവും നിരോധിക്കപ്പെട്ടു.

അൻവർ സാദത്ത്

നാസർ അറബ് ദേശീയതയാണ് ഉയർത്തിപ്പിടിച്ചതെങ്കിലും, 1967ലെ യുദ്ധപരാജയത്തെത്തുടർന്ന് സ്വേഛാധിപത്യത്തിന് പകരം ജനാധിപത്യം എന്ന മുദ്രാവാക്യത്തിന് ഈജിപ്തിൽ പൊതുസമ്മതി കിട്ടിത്തുടങ്ങി. അറബ് ദേശീയതയും അറബ് സോഷ്യലിസ്റ്റ് രാഷ്ട്രീയവുമാണ് ജമാൽ അബ്ദെൽ നാസർ വികസിപ്പിക്കാൻ ശ്രമിച്ച പ്രത്യയശാസ്ത്രങ്ങൾ. ഓട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയെ തുടർന്ന്, പാശ്ചാത്യ ശക്തികളുടെ അധിനിവേശനീക്കങ്ങളെ ചെറുക്കുക എന്നതായിരുന്നു അറബ് രാജ്യങ്ങൾ തമ്മിലുള്ള ഐക്യത്തിന്റെ തത്ക്ഷണ അജണ്ട. ഇറാഖിലും മറ്റും ശക്തമായ ബാത്ത് പാർടി അടക്കമുള്ളവർ ഈ അജണ്ടയിൽ ആകൃഷ്ടരായി. ആധുനികത, സെക്കുലറിസം, സ്വതന്ത്ര റിപ്പബ്ലിക്ക്, രാജ ഭരണത്തിൽ നിന്നും മതാത്മകതയിൽ നിന്നുമുള്ള വിടുതൽ, അറബ് ഭാഷയുടെ അടിസ്ഥാനത്തിലുള്ള സ്വത്വാത്മക ദേശീയത, സാമ്രാജ്യത്വ വിരോധം, ലോക രാജ്യങ്ങൾ തമ്മിലുള്ള മികച്ച ബാന്ധവം, പാൻ അറബിസം, ചേരിചേരാ നയം, ക്ഷേമ രാഷ്ട്രം, സോഷ്യലിസം, വ്യവസായവത്ക്കരണം എന്നിങ്ങനെ ആധുനിക കാലത്തെ നിർണയിക്കുന്ന മിക്കവാറും ആശയങ്ങളെല്ലാം അറബ് ദേശീയതയ്ക്ക് സ്വീകാര്യമായിരുന്നു. അൾജീരിയ, ലിബിയ, സിറിയ, ഇറാഖ്, പലസ്തീൻ, ലെബനൻ എന്നിവിടങ്ങളിലും ഈ ആശയത്തിന് വൻ സ്വീകാര്യത ലഭിച്ചു. കമ്യൂണിസത്തോടുള്ള വിരക്തി പ്രകടമായിരുന്നു. ഈജിപ്തിലടക്കം പലയിടത്തും കമ്യൂണിസ്റ്റ് പാർടികൾ നിരോധിക്കപ്പെട്ടു. ജനാധിപത്യപരമായ ഉള്ളടക്കവും വികസിപ്പിക്കാനായില്ല. സൂയസ് കനാൽ മുതൽ അൽ അസ്ഹർ സർവകലാശാല വരെ നാസർ ദേശസാൽക്കരിച്ചത് നിർണായകമായ നടപടികളായിരുന്നു. യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക് എന്ന രാഷ്ട്രം തന്നെ രൂപീകരിക്കപ്പെട്ടു (ഈജിപ്തും സിറിയയും ഗാസയും ഇതിലുണ്ടായിരുന്നു). ഇപ്പോഴും ഈജിപ്തിന്റെ ഔദ്യോഗിക നാമം അറബ് റിപ്പബ്ലിക്ക് ഓഫ് ഈജിപ്ത് എന്നാണ്.

യുദ്ധങ്ങളും പാശ്ചാത്യ ശക്തികളുടെ കടന്നു കയറ്റങ്ങളും സോഷ്യലിസ്റ്റ് ബ്ലോക്കിനുണ്ടായ തിരിച്ചടികളും പെട്രോ ഡോളറിന്റെ സ്വാധീനവും എല്ലാം ചേർന്ന് അറബ് ദേശീയതാ സങ്കല്പങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനെ തടസ്സപ്പെടുത്തി. പലസ്തീൻ പ്രശ്‌നം രൂക്ഷമാകുന്നതിലും സിറിയയിലെയും യമനിലെയും ഇറാഖിലെയും ആഭ്യന്തര കലഹങ്ങളും എല്ലാം ഇതിന്റെ അനന്തര ഫലങ്ങളാണ്. അറബ് ദേശീയതാ സങ്കല്പങ്ങൾക്ക് കടക വിരുദ്ധമായ ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ ശക്തി പ്രാപിച്ചതും ഇതിനെ തുടർന്നാണ്.

1908ലാണ് കൈറോ സർവകലാശാല ആരംഭിക്കുന്നത്. 1919ൽ ദേശീയതാ വാദികൾ സർവകലാശാലയിൽ അവരുടെ പ്രചാരണം പ്രബലപ്പെടുത്തി. 1930കളിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സമരത്തിന് തിരി കൊളുത്തുന്നത് ഇവിടെ നിന്നാണ്. 1936ലെ ആംഗ്ലോ ഈജിപ്ഷ്യൻ കരാർ ഇതിനെ തുടർന്നുണ്ടായി. സാമ്രാജ്യത്വാധിനിവേശം അവസാനിച്ചു. വഫ്ദ് പാർടിയ്ക്കാണ് പ്രാമുഖ്യം എങ്കിലും വലതുപക്ഷത്ത് യംഗ് ഈജിപ്ത് പാർടി മുതൽ ഇടതുപക്ഷത്ത് കമ്യൂണിസ്റ്റ് പാർടി വരെ പല പാർടികളും ഇക്കാലത്ത് ഉടലെടുത്തു. 1938ലാണ് അലെക്‌സാണ്ട്രിയ സർവകലാശാല ആരംഭിക്കുന്നത്. ഇതിന്റെ പിന്നാലെയാണ് ഹസനൽ ബന്ന മുസ്ലിം ബ്രദർഹുഡ് സംഘടിപ്പിക്കുന്നതും.

1970ൽ ജമാൽ അബ്ദെൽ നാസർ മരണപ്പെട്ടതിനു ശേഷം അൻവര് സാദത്തായിരുന്നു പ്രസിഡന്റ്‌. നാസറിസ്റ്റുകളെയും കമ്യൂണിസ്റ്റുകളെയും നേരിടാൻ അദ്ദേഹം പരോക്ഷമായി ബ്രദർഹുഡിനെ പ്രോത്സാഹിപ്പിച്ചു. ഇസ്രായേലുമായി സമാധാനം സ്ഥാപിക്കുകയും മുതലാളിത്ത സാമ്പത്തിക നയങ്ങളുമായി ഭരണം തുടരുകയും ചെയ്തു. നാസറുടെ കാലത്ത് തടവിലായിരുന്ന ബ്രദർഹുഡ് പ്രവർത്തകരിലധികവും ഇക്കാലത്ത് വിമോചിതരായി. സർവകലാശാലകളിൽ അധികവും ബ്രദർഹുഡ് ആശയങ്ങൾക്ക് പ്രാമുഖ്യം ലഭ്യമായി.

1908-ൽ ഈജിപ്ഷ്യൻ സർവകലാശാലയുടെ ആദ്യത്തെ മീറ്റിംഗ്. (ഇതാണ് പിന്നീട് കൈറോ യൂണിവേഴ്സിറ്റി ആയി പേരു മാറിയത്.)

നാസറിനു ശേഷമുള്ള കാലഘട്ടത്തിൽ, ഗൾഫ് മേഖലയിലെ പെട്രോഡോളറിന്റെ വികസനാനുകൂല്യങ്ങൾ ഈജിപ്ഷ്യൻ ജനതയ്ക്കും ലഭ്യമായി. നിരവധി യുവാക്കൾ അവിടങ്ങളിൽ ജോലിയ്ക്ക് ചേർന്നു. ഇവർക്കിടയിൽ മുസ്ലിം ബ്രദർഹുഡ്ഡിന്റെ സ്വാധീനവും വർദ്ധിച്ചു. 1980കളിൽ ഈജിപ്തിലെ ഏറ്റവും ധനികരായ പതിനെട്ട് വാണിജ്യകുടുംബങ്ങളിൽ എട്ടെണ്ണവും ബ്രദർഹുഡ് അനുകൂലികളായിരുന്നു. നാസറുടെ ക്ഷേമരാഷ്ട്രാശയം ഉപേക്ഷിക്കപ്പെട്ടിരുന്നു. ഈ വിടവിലേയ്ക്ക് ഇസ്ലാമിസ്റ്റ് ജീവകാരുണ്യവും ഐക്യപ്രകടനങ്ങളും കടന്നു വന്നു. നഗരങ്ങളിലേയ്ക്ക് ഒഴുകിയെത്തിയ ഗ്രാമീണാഭയാർത്ഥികളെ അവർ ചേർത്തു പിടിച്ചു. ഈ ലുംപൻ പ്രോളിറ്റേറിയറ്റുകളും ബ്രദർഹുഡ്ഡിന്റെ പ്രവർത്തകരായി മാറി. സ്വകാര്യ ആരാധനാലയങ്ങളും ഇസ്ലാമിക് ബാങ്കുകളും ധാരാളം നിലവിൽ വന്നു.

സോവിയറ്റ് യൂണിയൻ ശിഥിലമായതോടെ, മുബാറക്കിന്റെ പാശ്ചാത്യാനുകൂലാശയങ്ങൾ പ്രബലമാകുകയും ഈജിപ്ത് സമ്പൂർണമായും അമേരിക്കൻ അനുകൂലമായി മാറുകയും ചെയ്തു. 1990-91 കാലത്തെ ഗൾഫ് യുദ്ധത്തിൽ ഈജിപ്ത് പങ്കെടുത്തു. ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഭാഷണങ്ങൾക്ക് ഈജിപ്ത് മധ്യസ്ഥനായി. ഇതെല്ലാം ചേർന്ന് അറബ് ദേശീയത എന്ന ആശയത്തിൽ നിന്ന് ഈജിപ്ത് തെന്നിമാറി.

കുറെയധികം ഈജിപ്ഷ്യൻ യുവാക്കൾക്ക് മുസ്ലിം ബ്രദർഹുഡ് എന്നത് അവരുടെ സമുദായം തന്നെയാണ്. പ്രസ്ഥാനം തന്നെ സമുദായവും ഗോത്രവുമായി മാറുന്ന സ്ഥിതിയാണിവിടെ സംഭവിക്കുന്നത്. എണ്ണമറ്റ പ്രഭാഷണങ്ങളും മീൻപിടിക്കുന്നതിനും രാത്രികൾ ഒന്നിച്ച് താമസിക്കുന്നതിനുമുള്ള ക്യാമ്പുകളും സിനിമാപ്രദർശനങ്ങളും പ്രതിഷേധപ്രകടനങ്ങളും രാഷ്ട്രീയപരിപാടികളുമെല്ലാമായി മറ്റേതൊരു ബ്രദർഹുഡ് കുടുംബാംഗവും പോലെ വളരുന്നതിനിടയിൽ നിരവധി തവണ മറ്റു സംഘാംഗങ്ങളോടൊപ്പവും നേതാക്കൾക്കൊപ്പവും അവർ സമയം ചെലവഴിക്കുന്നു. ഇതിലൂടെയുണ്ടാകുന്ന മസ്തിഷ്‌ക്കപ്രക്ഷാളനം അളവറ്റതാണ്. സുരക്ഷിതമായ ഒരു സാമൂഹ്യ രക്ഷാകർതൃത്വവും ജീവിതോപാധിയും അംഗങ്ങൾക്കായി ബ്രദർഹുഡ് ഒരുക്കിക്കൊടുക്കും. നിങ്ങളൊരു കച്ചവടക്കാരനോ ഡോക്ടറോ അക്കൗണ്ടന്റോ എഞ്ചിനീയറോ വക്കീലോ ആണെങ്കിൽ നിങ്ങൾക്കുള്ള ഇടപാടുകാരെ ഉറപ്പാക്കുന്നത് ബ്രദർഹുഡായിരിക്കും. അഥവാ എപ്പോഴെങ്കിലും നിങ്ങൾ അറസ്റ്റിലായാൽ (അതിനുള്ള സാധ്യത ഏറെയാണ്) നിങ്ങളുടെ കുടുംബം മുമ്പെങ്ങനെയാണോ കഴിഞ്ഞിരുന്നത് അതേ നിലയിൽ കഴിയാനുള്ള സാമ്പത്തികവും അല്ലാത്തതുമായ സഹായങ്ങൾ നിങ്ങൾ തടവിലുള്ളത്രയും കാലം, അതെത്ര നീണ്ടു പോയാലും സംഘടന ഉറപ്പാക്കും. ബ്രദർഹുഡ് അംഗങ്ങൾ അവരുടെയും അവരുടെ മക്കളുടെയും വിവാഹങ്ങൾ സംഘടനയ്ക്കകത്തുള്ളവരുമായി തന്നെ നടത്താൻ ശ്രദ്ധിക്കാറുണ്ട്. സ്‌കൂളുകളും കിന്റർഗാർട്ടനുകളും ബ്രദർഹുഡ് അംഗങ്ങളുടെയും അല്ലാത്തവരുടെയും ആവശ്യാർത്ഥം ഈജിപ്തിലാകെ പ്രവർത്തിച്ചു വന്നിരുന്നു. അതായത്, ബ്രദർഹുഡ് എന്നത് കേവലം ഒരു രാഷ്ട്രീയ പാർടിയോ സാമൂഹ്യ സംഘടനയോ സാമുദായിക വിഭാഗമോ മാത്രമല്ല, അതിനെക്കാളെല്ലാം വലുതാണ്.

അബ്ദെൽ ഫത്താ എൽ സീസി

2005ലെ ഈജിപ്ത് പാർലമെന്ററി തെരഞ്ഞെടുപ്പിൽ, ലോവർ ചേംബറിലെ ആകെയുള്ള 444 സീറ്റുകളിൽ 88 എണ്ണത്തിൽ മുസ്ലിം ബ്രദർഹുഡ് വിജയിച്ചു. ഇക്കാലത്താണ് അബ്ദെൽ റഹ്‌മാൻ അയ്യാശ് ബ്ലോഗെഴുത്ത് ആരംഭിക്കുന്നത്. മൂന്നാം തലമുറ ബ്രദർഹുഡുകാരനാണ് അയ്യാഷ്. തങ്ങൾ കാണുന്ന സിനിമയെക്കുറിച്ചും കേൾക്കുന്ന പാട്ടുകളെക്കുറിച്ചും പ്രണയാഭിലാഷങ്ങളെക്കുറിച്ചുമെല്ലാമാണ് അദ്ദേഹമടക്കമുള്ള സുഹൃത്തുക്കൾ ബ്ലോഗെഴുതിയിരുന്നത്. ഇത് ഒരു വശത്ത് മുസ്ലിം ബ്രദർഹുഡിനെ മനുഷ്യവത്ക്കരിക്കാൻ സഹായിച്ചു. മറ്റൊരു വശത്താകട്ടെ, ബ്രദർഹുഡ് നേതൃത്വത്തിന് ഈ തുറന്നിടലുകളും തുറന്നു പറച്ചിലുകളും ഇഷ്ടമായതുമില്ല. ഇത്തരക്കാർക്കൊന്നും ബ്രദർഹുഡിന്റെ സങ്കീർണമായ സംഘടനാ ശ്രേണിയിൽ വലിയ സ്ഥാനമോ സ്വാധീനമോ ഉണ്ടായിരുന്നില്ല. അതായത്, പാരലൽ ലോകത്തിനകത്ത് മറ്റൊരു പാരലൽ ലോകം സൃഷ്ടിക്കുകയായിരുന്നു അവർ.
കൃസ്ത്യാനികളെയും സ്ത്രീകളെയും രാജ്യത്തിന്റെ പ്രഡിഡണ്ടോ സുപ്രധാന ഭരണാധികാരിയോ ആവുന്നതിൽ നിന്നും വിലക്കുന്ന സമീപനമാണ് മുസ്ലിം ബ്രദർഹുഡിന് 2007ൽ അടക്കം ഉണ്ടായിരുന്നത്. ഇത്തരം കാര്യങ്ങളെക്കുറിച്ച് സംഘടനയ്ക്കുള്ളിൽ വിമർശനം ഉയർത്തിയ അയ്യാശ് അടക്കമുള്ളവരെ ബ്രദർ ഹുഡിന്റെ സമുന്നത നേതാവ് മൊഹമ്മദ് മൊർസി നേരിട്ട് വിളിപ്പിക്കുകയും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് മൊർസിയാണ് 2012ൽ ഈജിപ്തിന്റെ പ്രസിഡന്റ്‌ ആവുന്നത്. 2008ൽ ഏപ്രിൽ 6 മുന്നേറ്റത്തിന്റെ ഭാഗമായി അൽ മഹല്ല അൽ കുബ്ര എന്ന വ്യവസായ നഗരത്തിൽ നടന്ന പൊതുപണിമുടക്കിനെ ബ്രദർഹുഡ് നേതാക്കൾ എതിർത്തതും, സംഘടനയോട് വിപ്രതിപത്തി വളർത്താൻ അയ്യാശിനെ പ്രേരിപ്പിച്ചു. മുസ്ലിം ബ്രദർഹുഡ് ഒരു പ്രതിവിപ്ലവ സംഘടനയാണെന്ന ബോധ്യം അദ്ദേഹത്തിൽ ഉറച്ചു തുടങ്ങി. 2010ലാണ് അയ്യാശ് ഔദ്യോഗികമായി ബ്രദർഹുഡുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്. 2011ൽ പ്രസിഡന്റ്‌ മുബാറക്കിനെ പുറത്താക്കി മൊർസിയുടെ നേതൃത്വത്തിലുള്ള ബ്രദർഹുഡ് സർക്കാർ കുറഞ്ഞ ദിവസത്തേക്കാണെങ്കിലും ഈജിപ്ത് ഭരിക്കുന്നതിനും ലോകം സാക്ഷിയായി. അബ്ദെൽ ഫത്താ എൽ സീസിയുടെ നേതൃത്വത്തിലുള്ളവർ ബ്രദർഹുഡിനെ ഭരണത്തിൽ നിന്ന് പുറത്താക്കി ഈജിപ്ത് ഭരണം കൈയടക്കുകയും ചെയ്തു. സീസി തന്നെയാണ് ഇപ്പോഴും ഈജിപ്തിന്റെ പ്രസിഡന്റ്‌ .

2013 ഓഗസ്ത് 14 ആവുമ്പോഴേയ്ക്ക്‌ കൈറോ നഗരത്തിലെ നസർ മദീനത്തിലെ റബാ അൽ അദവിയാ മോസ്‌കിലും മുന്നിലെ ചത്വരത്തിലുമായി ആയിരക്കണക്കിന് ബ്രദർഹുഡ് പ്രതിഷേധക്കാർ തടിച്ചു കൂടിയിരുന്നു. കുറച്ചു ദിവസമായി അവിടെ തടിച്ചു കൂടി പിരിഞ്ഞുപോകാൻ വിസമ്മതിച്ച മുസ്ലിം ബ്രദർഹുഡ് സംഘത്തിനെതിരെ സൈനികർ വെടിവെക്കുകയും ഔദ്യോഗിക കണക്കനുസരിച്ച് തൊള്ളായിരത്തിലധികം പേർ കൊല്ലപ്പെടുകയും ചെയ്തു. റബാ കൂട്ടക്കൊല എന്നാണിത് അറിയപ്പെടുന്നത്. അന്ന് പ്രതിരോധ മന്ത്രിയായിരുന്ന അബ്ദെൽ ഫത്താ എൽ സീസിയ്ക്ക് ലിബറലുകളുടെയും ഇടതുപക്ഷത്തിന്റെയും സലഫി ശക്തികളുടെയും പിന്തുണ ഉണ്ടായിരുന്നു. റിപ്പബ്ലിക് നിലനില്ക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

ഇസ്ലാമിക വിജ്ഞാനത്തിന്റെ ലോക കേന്ദ്രമായ ഈജിപ്തിൽ നിന്ന് രാഷ്ട്രീയ ഇസ്ലാമിന്റെ മുളകൾ നുള്ളിക്കളയുകയും വളർച്ച തടയുകയും ചെയ്ത പ്രസിഡന്റ് ആയി അബ്ദെൽ ഫത്താ എൽ സീസിയെ ചരിത്രം വിലയിരുത്തും. ഇതിനെ തുടർന്നാണ് മുസ്ലിം ബ്രദർഹുഡ് പ്രവർത്തനം രാജ്യത്തിനകത്ത് പാടെ ഇല്ലാതാവുന്നത്. ഇക്കാര്യം പറയുന്നതിനിടയിൽ, 1811ൽ സലാദിൻ കോട്ടയ്ക്കുള്ളിൽ നടന്ന ഒരു കൂട്ടക്കൊലയെക്കുറിച്ച് ലുഖ്മാൻ പരാമർശിച്ചത് ഏറെ കൗതുകമുണർത്തി. മമ്ലൂക്കുകളിൽ നിന്ന് ഭരണം ഏറ്റെടുത്ത മൊഹമ്മദ് അലി പാഷയാണ് തന്ത്രപരമായി മമ്ലൂക്കുകളിലെ പ്രമുഖരെ ക്ഷണിച്ചു വരുത്തി ഒരു ഹാളിനകത്ത് ഇരുത്തി സത്ക്കരിച്ചതിനു ശേഷം കൂട്ടമായി കൊലപ്പെടുത്തിയത്. ഒട്ടോമൻ സാമ്രാജ്യത്തിന്റെ അൽബേനിയൻ കണ്ടിൻജന്റിന്റെ കമാണ്ടർ ആയിരുന്നു മസെഡോണിയയിൽ ജനിച്ച മൊഹമ്മദ് അലി. 1952 വരെയുള്ള ഈജിപ്തിലെ സാമ്രാജ്യഭരണം സുസാധ്യമാക്കിയ കൂട്ടക്കൊലയായിരുന്നു ഇത്. തുടർന്ന് ഈജിപ്തിലാകെ ഏതാണ്ട് മുവ്വായിരത്തോളം മമ്ലൂക്കുകളെ ആകെ കൊലപ്പെടുത്തി. ഇതോടെ മമ്ലൂക്കുകൾ എന്ന വിഭാഗം തന്നെ രാജ്യത്തു നിന്ന് തുടച്ചുനീക്കപ്പെട്ടു. അടിമകളെ റിക്രൂട്ട് ചെയ്ത് സൈനികരാക്കുന്ന രീതിയിലൂടെ ഭരണത്തിലേയ്ക്ക് വന്നവരായിരുന്നു മമ്ലൂക്കൂകൾ.

റബാ കൂട്ടക്കൊല

2019 ജൂൺ 17ന് കൈറോയിലെ ഒരു കോടതിമുറിയിൽ ബ്രദർഹുഡ് പ്രതിനിധിയായി ഈജിപ്തിന്റെ പ്രഡിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട മൊഹമ്മദ് മൊർസി കുഴഞ്ഞു വീണ് മരിച്ചു. 2022ൽ ഈജിപ്തിൽ എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്താൻ കെല്പില്ലാത്ത ഒരു പ്രസ്ഥാനമായി മുസ്ലിം ബ്രദർഹുഡ് നാമാവശേഷമായിത്തീർന്നുവെന്ന് ഇടക്കാല ഗൈഡായി പ്രവർത്തിച്ച ഇബ്രാഹിം മുനീർ റോയിട്ടറിനോട് പറഞ്ഞു. അധികം വൈകാതെ അദ്ദേഹവും മരിച്ചു. പ്രച്ഛന്നരീതിയിലെങ്കിലും ഈജിപ്തിൽ പ്രവർത്തിക്കാൻ ഒരു നിലയ്ക്കും ആവതില്ലാത്ത പ്രസ്ഥാനമായി ബ്രദർഹുഡ് മാറിത്തീർന്നു എന്നതാണ് വാസ്തവം.

രാഷ്ട്രീയ- പ്രത്യയശാസ്ത്ര-സൈനിക സംഘടനയായി അറിയപ്പെട്ട മുസ്ലിം ബ്രദർഹുഡ് വാസ്തവത്തിൽ എണ്ണത്തിൽ കുറവായ അംഗങ്ങളുടെ ആത്മാർത്ഥമായ സമർപ്പണം ഉള്ളതായിരിക്കെ തന്നെ വരേണ്യ ചിന്താഗതിയുള്ള ഒരു മത-സാമൂഹ്യ സംഘടനയാണെന്നതാണ് വാസ്തവം,. അതുകൊണ്ടാണ് അതിന് ഒരു ബഹുജനപ്രസ്ഥാനമായി മാറാൻ കഴിയാതിരുന്നത്. 2011ലെ വിപ്ലവത്തെ തുടർന്ന് ഏതാനും മാസങ്ങൾ അധികാരത്തിലിരുന്നുവെങ്കിലും ഇപ്പോൾ, സ്വത്വപരമായും നിയമപരമായും സംഘടനാപരമായും മുസ്ലിം ബ്രദർഹുഡ് ഈജിപ്തിൽ ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു.

 

(അടുത്ത ലക്കത്തിൽ: ഈജിപ്തിലെ ഭക്ഷണനിറവ്‌)


ഈ പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.