കൈറോയിൽ നിന്ന് 200 കിലോമീറ്റർ സഞ്ചരിച്ച് പോർട്ട് സൈദ് എന്ന മനോഹരത്തുറമുഖ നഗരത്തിലെത്തിയാണ് ഞങ്ങൾ സൂയസ് കനാൽ മുറിച്ചു കടന്നത്. ഇസ്മയിലിയ പ്രദേശം കടന്നാണ് പോർട്ട് സൈദിലേയ്ക്കുള്ള പാത പോകുന്നത്. ഇസ്മയിലിയയിലും സൂയസ് കനാൽ കാണാൻ സാധിക്കും. പക്ഷെ ചരിത്രപരമായി പ്രാധാന്യമുള്ളതും കനാലിനു മുകളിലൂടെ ഫെറി(ജങ്കാർ)യിൽ നമുക്കും വാഹനത്തിനും യാത്ര ചെയ്യാൻ സാധിക്കും എന്നതുമാണ് പോർട്ട് സൈദ് തിരഞ്ഞെടുക്കാനുള്ള കാരണം. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ മനുഷ്യനിർമ്മിത കനാലാണ് സൂയസ് കനാൽ. സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ നാം ഏറെ കേട്ട പദമാണ് സൂയസ് കനാൽ എന്നത്. സൂയസ് കനാൽ സന്ദർശിക്കാനും മുറിച്ചു കടക്കാനും സാധിച്ചത് ഏറെ സന്തോഷമുണ്ടാക്കി.
പോർട്ട് സൈദിൽ നിന്ന് ഫെറി കടന്നാൽ പോർട്ട് ഫുവാദിലാണ് നാമെത്തുക. അവിടെ നിന്ന് ഇരുനൂറു കിലോമീറ്റർ ദൂരമാണ് റഫാ അതിർത്തിയിലേയ്ക്ക്. റഫാ അതിർത്തി ഗാസ(പലസ്തീൻ)യിലേയ്ക്കുള്ളതാണ്. ഗാസയും സിനായ് മലനിരകളും മുമ്പ് ഈജിപ്തിന്റെ ഭാഗമായിരുന്നു. ഗാസ പിന്നീട് പലസ്തീന്റെ ഭാഗമാകുകയും ഇസ്രായേലിന്റെ ക്രൂരമായ വംശഹത്യയുടെ ദുരന്തഭൂമിയായിത്തീരുകയും ചെയ്തു. പോർട്ട് ഫുവാദ് അടക്കമുള്ള സൂയസ് കനാൽ അതിർത്തി വരെയുള്ള സ്ഥലങ്ങളും ഈജിപ്ത് ഇസ്രായേൽ യുദ്ധത്തെത്തുടർന്ന് ഇസ്രായേൽ പിടിച്ചടക്കിയിരുന്നു. അറുപതുകളിലും എഴുപതുകളിലും നിരവധി യുദ്ധങ്ങളാണ് ഈജിപ്തും ഇസ്രായേലും തമ്മിൽ നടന്നത്. അതിനുശേഷമാണ് പോർട്ട് ഫുവാദ് ഈജിപ്തിനു തിരിച്ചു കിട്ടിയത്. അവിടുത്തെ ഉപ്പ് ശേഖരണ വളപ്പിലെത്തിയപ്പോൾ പാലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന നിരവധി സുവനീറുകളും ചിത്രങ്ങളും പ്രദർശിപ്പിച്ച ഒരു കടയുണ്ടായിരുന്നു. സയണിണിസ്റ്റുകളുടെ നാശോന്മുഖ വംശഹത്യകൾക്കെതിരായി ചെറുത്തുനില്പ് തുടരുന്ന മഹത്തായ പാലസ്തീൻ ജനതയോടും രാഷ്ട്രത്തോടും ഞങ്ങൾ വീണ്ടും ഐക്യപ്പെട്ടു.


മെഡിറ്ററേനിയൻ കടലും റെഡ് സീയും തമ്മിൽ ബന്ധിപ്പിക്കുന്ന സൂയസ് കനാൽ ചരക്കു ഗതാഗതത്തിന്റെ നിർണായക മാർഗമാണ്. 190 ലധികം കിലോമീറ്റർ ദൈർഘ്യമാണ് സൂയസ് കനാലിനുള്ളത്. സൂയസ് കനാലിലൂടെയുള്ള കപ്പൽ യാത്രകളുടെ വേഗത കൂട്ടാനും കൂടുതൽ സുഗമമാക്കാനും വേണ്ടി മുപ്പത്തഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ബൈപ്പാസ് അടുത്ത കാലത്ത് ഈജിപ്ത് നിർമ്മിച്ചിട്ടുണ്ട്.
കൊളോണിയൽ ഭരണകാലത്ത് ഫ്രഞ്ചുകാരുടെ കീഴിൽ ഈജിപ്ത് ഉണ്ടായിരുന്ന കാലത്താണ്, പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സൂയസ് കനാൽ നിർമ്മിച്ചത്. പത്തു വർഷത്തെ നിർമ്മാണ പ്രവർത്തനമാണ് സൂയസ് കനാലിനു വേണ്ടി അക്കാലത്ത് നടത്തിയത്. ചരക്കുഗതാഗതം സുഗമമാക്കുക എന്നതാണ് സൂയസ് കനാലിന്റെ ഉദ്ദേശ്യം. സൂയസ് കനാൽ വരുന്നതിനു മുമ്പ്, കിലോമീറ്ററുകൾ താണ്ടി ആഫ്രിക്കയെ ചുറ്റിവളഞ്ഞു വേണമായിരുന്നു ചരക്കുകൾ കൊണ്ടു പോകാൻ. ഏഷ്യൻ വൻകരയ്ക്കും ആഫ്രിക്കയ്ക്കുമിടയിലായിട്ടാണ് സൂയസ് കനാൽ. ഇതിന്റെ നിർണായകപ്രാധാന്യം പല ഘട്ടത്തിലും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈജിപ്ത് പ്രസിഡന്റ് ജമാൽ അബ്ദുൽ നാസർ സൂയസ് കനാൽ ദേശസാൽക്കരിച്ചു. സൂയസ് കനാലിന്റെ പ്രാധാന്യം കണക്കിലെടുത്താണ്, ഇസ്രയേലും പലസ്തീനുമായുള്ള വിഭജനം പോലും ആദ്യഘട്ടത്തിൽ രൂപപ്പെടുത്തിയത്.
പാശ്ചാത്യവത്ക്കരിക്കപ്പെട്ട നഗരമാണ് പോർട്ട് സൈദ്. നിരവധി കഫേകളും പണ്ടാരശാലകളും എല്ലാമുള്ള പോർട്ട് സൈദിൽ നാവികരും കപ്പൽ നിയന്ത്രണ ആപ്പീസുകളും എല്ലാമുണ്ട്. എന്റെ സുഹൃത്തും പാലക്കാട്ടുകാരനുമായ ബിജു (വിജയ് മേനോൻ) ഇപ്പോൾ പോർട്ട് സൈദിലാണ് ജോലി ചെയ്യുന്നത് എന്നറിയിക്കുകയുണ്ടായി. മർച്ചന്റ് നേവിക്കാരനായ അദ്ദേഹം ഏറെക്കാലം കപ്പലുകളിൽ ചുറ്റി സഞ്ചരിച്ച് യാത്ര ചെയ്ത് ജോലി ചെയ്യുന്ന മേഖലയിലായിരുന്നു. ഇപ്പോൾ അതവസാനിപ്പിച്ച് കപ്പൽ നിയന്ത്രണം, മാനേജ്മെന്റ് എന്നീ ജോലികളാണ് ചെയ്യുന്നത്. പോർട്ട് സൈദിൽ നിന്ന് പോന്നതിനു ശേഷം ഫോട്ടോകൾ ഫേസ്ബുക്കിലിട്ടപ്പോഴാണ് ഞാനിവിടെയുണ്ട്, കാണാമായിരുന്നു എന്നദ്ദേഹം അറിയിച്ചത്. മറ്റൊരിക്കലാവട്ടെ.
പതിനാറാം നൂറ്റാണ്ടിൽ മമ്ലൂക്ക് അധീനതയിൽ നിന്ന് ഒട്ടോമൻ സാമ്രാജ്യം ഈജിപ്തിനെ അതിന്റെ ഭാഗമാക്കി. പതിനാലാം നൂറ്റാണ്ടിൽ ഈജിപ്തിൽ പ്ലേഗ് പരക്കുകയും ജനസംഖ്യയുടെ ഏതാണ്ട് നാല്പതു ശതമാനത്തോളം പേർ മരിക്കുകയും ചെയ്തു. ബ്ലാക്ക് ഡെത്ത് എന്ന പേരിലറിയപ്പെടുന്ന ഈ ദുരന്തത്തിനു ശേഷമാണ് ഒട്ടോമൻ സാമ്രാജ്യം ഈജിപ്തിനെ അതിന്റെ ഭാഗമാക്കിയത്. മമ്ലൂക്കുകളെ ഈജിപ്തിലെ ഭരണാധികാരികളാക്കി നിലനിർത്തിക്കൊണ്ടുള്ള ഒട്ടോമൻ ഭരണം രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ് ചെയ്തത്. പ്ലേഗിന്റെ കഷ്ടപ്പാടുകളും അമിത സൈനികവത്ക്കരണവും സാമ്പത്തിക അസ്ഥിരത ഉണ്ടാക്കുകയും പൗര സമൂഹത്തെ കൂടുതൽ ജീർണമാക്കുകയും ചെയ്തു. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ ഈജിപ്തിൽ ആറ് തവണയാണ് ക്ഷാമമുണ്ടായത്. ഇതിൽ 1784ലെ ക്ഷാമത്തിൽ രാജ്യത്തെ ജനസംഖ്യയുടെ ഏതാണ്ട് ആറിലൊന്നു പേരും മരണപ്പെട്ടു. ഇതിനെ തുടർന്നാണ് നെപ്പോളിയൻ ബോണപ്പാർട് ഈജിപ്തിൽ ഫ്രഞ്ച് അധിനിവേശം സ്ഥാപിക്കുന്നത്. ടോളമിമാർ സ്ഥാപിച്ച റോസെറ്റ ശിലാഫലകം കണ്ടെടുത്തതോടെ, ഈജിപ്തിന്റെ ചരിത്രം ആധുനിക രീതിയിൽ പഠനവിധേയമാക്കേണ്ടതിന്റെ ആവശ്യകത നെപ്പോളിയൻ ഭരണത്തിന് ബോധ്യമായി. ഈജിപ്തോളജി എന്ന ചരിത്ര-പുരാവസ്തു-സംസ്ക്കാര-പഠനമേഖല ആരംഭിക്കുന്നത് ഈ ഘട്ടത്തിലാണ്. എന്നാൽ, വളരെ കുറച്ചു കാലം മാത്രമേ ഫ്രഞ്ച് ഭരണം ഈജിപ്തിൽ നിലനിന്നുള്ളൂ. ഒട്ടോമൻ ഭരണകൂടം ഫ്രഞ്ചുകാരെ തുരത്തിയതിന്റെ പിന്നാലെ രാജ്യത്ത് അരാജകത്വം ആണുണ്ടായത്. ഇത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഭാഗമായി ഈജിപ്തിനെയും മാറ്റുന്നതിലേയ്ക്കാണ് എത്തിച്ചത്. അൽബേനിയൻ സൈനികവ്യൂഹം ഈജിപ്തിൽ ആധിപത്യം സ്ഥാപിച്ചെങ്കിലും ഇവർ ഫലത്തിൽ ബ്രിട്ടീഷ് പാവകൾ ആയിത്തീരുകയാണുണ്ടായത്. 1882ഓടെ സമ്പൂർണമായും ബ്രിട്ടീഷ് കോളണി ആയി ഈജിപ്ത് മാറി. 1952ൽ നടന്ന വിപ്ലവത്തിലൂടെയാണ് ദേശീയവാദികളുടെ ഭരണത്തിലുള്ള ഒരു റിപ്പബ്ലിക്ക് ആയി ഈജിപ്ത് സ്വതന്ത്രമാകുന്നത്.
അൽബേനിയൻ റെജിമെന്റിന്റെ കമാൻഡർ ആയിരുന്ന മുഹമ്മദ് അലിയുടെ പേരക്കുട്ടികളായ സയ്യിദും ഇസ്മയിലും ഫ്രഞ്ച് സഹകരണത്തോടെ സൂയസ് കനാൽ പണി ആരംഭിക്കുകയും 19869ൽ പൂർത്തീകരിക്കുകയും ചെയ്തു. സൂയസ് കനാൽ പണി തീർന്നപ്പോൾ രാജ്യം കടക്കെണിയിലാവുകയും ബ്രിട്ടീഷുകാർ ഇത് മുതലെടുത്ത് രാജ്യം പിടിച്ചെടുക്കുകയും ചെയ്തു. അസ്വാൻ ഹൈഡാം പണിയുന്നതിനുള്ള സഹായവാഗ്ദാനത്തിൽ നിന്ന് അമേരിക്കയും ബ്രിട്ടനും പിന്മാറുകയും സോവിയറ്റ് യൂണിയൻ അക്കാര്യം ഏറ്റെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രസിഡണ്ട് ജമാൽ അബ്ദുൾ നാസർ സൂയസ് കനാൽ ദേശസാൽക്കരിച്ചത്. ഇക്കാര്യം അദ്ധ്യായം അഞ്ചിൽ നേരത്തെ സൂചിപ്പിച്ചിരുന്നു.

സൂയസ് കനാലിന് ബദലായി മറ്റൊരു കനാൽ പണിയാനുള്ള പദ്ധതി ഇസ്രായേലിനുമുണ്ട്. ഇസ്രായേൽ സ്ഥാപകനായ ബെൻ ഗുരിയോൺ കനാൽ എന്ന് പേരിട്ടിട്ടുള്ള ഈ കനാൽ, സൗദി അറേബ്യ ഭാഗത്തുള്ള അക്വാബ ഗൾഫ് എന്ന ഉൾക്കടൽ ചെങ്കടലിനോട് യോജിച്ചാണ് കിടക്കുന്നത്. ഇതിലൂടെ കടന്ന് പോർട്ട് ഓഫ് എയിലത്ത് എന്ന തുറമുഖത്തു നിന്ന് അഷ്കെലോൺ എന്ന മെഡിറ്ററേനിയനിലെ തുറമുഖത്തേക്കാണ് ഇസ്രായേലിന്റെ ബെൻ ഗുരിയോൺ കനാൽ പ്ലാൻ ചെയ്തിരിക്കുന്നത്. അഷ്കെലോൺ തുറമുഖം ഗാസ മുനമ്പിനോട് തൊട്ടാണ് കിടക്കുന്നത്. ഗാസയിൽ നിന്ന് പലസ്തീൻ വംശജരെ ഒഴിപ്പിക്കുക എന്ന സയോണിസ്റ്റ് തന്ത്രത്തിനു പിന്നിൽ ഈ വ്യാപാര ഉദ്ദേശ്യവുമുണ്ടെന്ന് അറബ് ലോകത്തുള്ളവർക്കറിയാം.
1858ൽ ഫ്രഞ്ച് സൂയസ് കനാൽ കമ്പനി രൂപീകരിച്ച് തൊണ്ണൂറ്റിയൊമ്പത് വർഷത്തെ വാടകക്കരാർ ഉണ്ടാക്കിയാണ് കനാൽ പണി ആരംഭിച്ചത്. 1868ൽ പണി പൂർത്തിയായി. സൂയസ് കനാൽ നിർമ്മിക്കാനുള്ള തീരുമാനത്തെ അക്കാലത്ത് ബ്രിട്ടീഷ് സർക്കാർ എതിർത്തിരുന്നു. ആഫ്രിക്കയെ ചുറ്റിവളഞ്ഞുകൊണ്ടുള്ള കേപ് റൂട്ടും അതിന്റെ മറ്റ് അനുബന്ധ പാതകളും നിയന്ത്രിച്ചിരുന്നത് ബ്രിട്ടീഷുകാരായതു കൊണ്ട് അവരുടെ വരുമാനലഭ്യതയും നിയന്ത്രണാധികാരവും നഷ്ടമാകുമെന്നതിനാലാണ് സൂയസ് കനാലിനെ അവർ എതിർത്തത്. പിൽക്കാലത്ത്, ഈജിപ്ത് ബ്രിട്ടീഷ് കോളനിയായി മാറിയപ്പോൾ ഇതിന്റെ ഗുണം അവർക്കു തന്നെ കിട്ടുകയും ചെയ്തതിനെ കാലത്തിന്റെ വിധിവൈപരീത്യം എന്നു വിശേഷിപ്പിക്കാം.
1875ലാണ് സൂയസ് കനാൽ കമ്പനി ഫ്രഞ്ച് ബ്രിട്ടീഷ് സംയുക്ത ഉടമസ്ഥതയ്ക്കു കീഴിലാവുന്നത്. 44 ശതമാനം ഓഹരി യുണൈറ്റഡ് കിങ്ഡം (യു.കെ) വാങ്ങിയതോടെയാണ് ഇത് സാധ്യമായത്. 1888ലെ കോൺസ്റ്റാന്റിനോപ്പിൾ (ഇസ്താംബുൾ) അന്താരാഷ്ട്ര കൺവെൻഷൻ സൂയസ് കനാലിലൂടെയുള്ള ഗതാഗതം സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. യുദ്ധ കാലത്തെന്നതു പോലെ സമാധാന കാലത്തും, വാണിജ്യത്തിനായുള്ളതും ആയുധങ്ങൾ കൊണ്ടു പോകുന്നതും, ഏത് കൊടിയാണതിലുള്ളതെന്നു നോക്കാതെ സൂയസ് കനാൽ എന്ന അന്താരാഷ്ട്ര കനാലിൽ ഏതു കപ്പലിനും പോകാം എന്നതായിരുന്നു കോൺസ്റ്റാന്റിനോപ്പിൾ കരാറിലുള്ള പ്രഖ്യാപനം. 1956ൽ ഈജിപ്ത് പ്രസിഡന്റ് ജമാൽ അബ്ദുൽ നാസർ സൂയസ് കനാൽ ദേശസാൽക്കരിച്ചു. ഇത് നയപരമായ സംഘർഷത്തിലേയ്ക്ക് നയിക്കുകയും കനാൽ ഒരു വർഷത്തോളം അടച്ചിടുകയും ചെയ്തു. 1957ൽ കനാൽ വീണ്ടും തുറന്നു. 1961ൽ നാസർ പ്രോജക്റ്റ് എന്ന പേരിൽ, വലിയ കപ്പലുകളുടെ യാത്ര ആരംഭിച്ചു. 1967ൽ ഇസ്രായേലുമായുണ്ടായ യുദ്ധത്തിന്റെ കാലത്ത് സൂയസ് കനാലിലേയ്ക്കുള്ള പ്രവേശനം ഈജിപ്ത് സർക്കാർ വിലക്കി. 1975ൽ അന്നത്തെ ഈജിപ്ത് പ്രസിഡന്റ് അൻവർ എൽ സാദത്ത് സൂയസ് കനാൽ തുറന്നു കൊടുത്തു. ഇപ്രകാരം, ആഭ്യന്തരവും വൈദേശികവുമായ രാജ്യതന്ത്രങ്ങളുടെയും യുദ്ധങ്ങളുടെയും പിടിച്ചടക്കലുകളുടെയും അടച്ചിടലുകളുടെയും തുറന്നുകൊടുക്കലുകളുടെയും മറ്റുമായ സങ്കീർണവും സംഘർഷഭരിതവുമായ ചരിത്രവും സൂയസ് കനാലിനുണ്ട്. ലോകവാണിജ്യ ഞരമ്പുകളുടെ മർമ്മമാണ് യഥാർത്ഥത്തിൽ സൂയസ് കനാൽ.
സൂയസ് കനാൽ അതോറിറ്റിയ്ക്ക് പ്രത്യേക പതാക ഉണ്ട്. നീല നിറത്തിലുള്ള ഈ പതാകയും ഈജിപ്തിന്റെ ദേശീയ പതാകയും ഇവിടെ കാണാം.
(അടുത്ത ലക്കത്തിൽ: അറബ് ദേശീയതയും ഈജിപ്തിന്റെ രാഷ്ട്രീയ ആകുലതകളും)
ഈ പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.











