A Unique Multilingual Media Platform

Articles Culture International Travel

എൽഗോന ചലച്ചിത്ര മേള – മാനവികതയ്ക്കായി സിനിമ (ഈജിപ്ത് യാത്രാ കുറിപ്പുകൾ #23)

എൽഗോന ചലച്ചിത്ര മേള – മാനവികതയ്ക്കായി സിനിമ (ഈജിപ്ത് യാത്രാ കുറിപ്പുകൾ #23)

എൽഗോന നഗരം നിർമ്മിച്ചെടുത്തതിനും പരിപാലിക്കുന്നതിനും ബന്ധപ്പെട്ട അധികൃതർ ചെലുത്തുന്ന സൂക്ഷ്മ ശ്രദ്ധയും ജാഗ്രതയും, ഈ നഗരം ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കുന്ന ഏതാൾക്കും ബോധ്യമാവും. പണച്ചിലവേറിയ സംഗതിയാണെന്നത് വാസ്തവമാണെങ്കിലും അതിനു പിന്നിലുള്ള അർപ്പണബോധവും വിട്ടുവീഴ്ചയില്ലാത്ത ഉത്തരവാദിത്ത ബോധവും എടുത്തുപറയേണ്ട വിധത്തിൽ മികച്ചതാണ്. എൽഗോനയുടെ ഫ്‌ളാഗ്ഷിപ്പ് പരിപാടിയായ എൽഗോന ഫിലിം ഫെസ്റ്റിവലും ഈ മികവിന്റെ ഉദാഹരണങ്ങളിലൊന്നാണ്.

എൽഗോന ചലച്ചിത്രമേളയുടെ ഉദ്ഘാടന വേളയിൽ ജി.പി രാമചന്ദ്രൻ മറ്റ് ജൂറി അംഗങ്ങൾക്കൊപ്പം

ഉന്നതമായ ചലച്ചിത്രാവബോധവും പരിചയവുമുള്ള ആർടിസ്റ്റിക് ഡയരക്ടറും പ്രോഗ്രാമർമാരും ക്യൂറേറ്റർമാരും എല്ലാം ഇതിന്റെ തെളിവാണ്. പ്രമുഖ ഡോക്കുമെന്ററി സംവിധായിക ആയ മറിയാൻ ഖോറി ആണ് ആർടിസ്റ്റിക് ഡയരക്ടർ. പ്രമുഖ ഈജിപ്ഷ്യൻ താരം യൂസ്ര, അറബ് സിനിമകളുടെ പ്രോത്സാഹനത്തിനായി പ്രവർത്തിക്കുന്ന ഇറാഖിൽ നിന്നുള്ള ഇൻതിഷാൽ അൽ തിമിമി, ഈജിപ്ഷ്യൻ ചലച്ചിത്രകാരൻ യൂസ്രി നസറള്ള, ടുണീഷ്യൻ അഭിനേത്രി ഹെന്റ് സാബ്രി, ടുണീഷ്യൻ ചലച്ചിത്രകാരൻ താരക് ബെൻ അമ്മർ, പ്രമുഖ ആഫ്രിക്കൻ ചലച്ചിത്രകാരനായ അബ്ദെറഹ്‌മാൻ സിസ്സാക്കോ( (മാലി, മൗറിത്താനിയ), ഫോറെസ്റ്റ് വൈറ്റേക്കർ (അമേരിക്കൻ നടൻ), ഹിയാം അബ്ബാസ് (ഗലീലിയിൽ നടിച്ച അഭിനേത്രി), മർവാൻ ഹമേദ്(ഈജിപ്ഷ്യൻ ചലച്ചിത്രകാരൻ), മാർഗരറ്റ് വോൺ ട്രോത്ത (യൂറോപ്യൻ ചലച്ചിത്രകാരി), മൊഹമ്മദ് മലാസ് (സിറിയൻ ചലച്ചിത്രകാരൻ), ആത്തിക് റഹിമി (ഫ്രഞ്ച് അൾജീരിയൻ എഴുത്തുകാരനും ചലച്ചിത്രകാരനും) എന്നിവരടങ്ങുന്ന ഉപദേശക സമിതിയും മേളയ്ക്കുണ്ട്. അമ്ർ മൻസി ആണ് എക്‌സിക്യൂട്ടീവ് ഡയരക്ടർ. ഇന്ത്യക്കാരനായ രാമൻ ചൗള അടക്കം നിരവധി പ്രോഗ്രാമർമാരാണ് ലോകത്തെമ്പാടും നിന്ന് ഏറ്റവും മികച്ച സിനിമകൾ തെരഞ്ഞെടുത്തു കൊണ്ടുവന്ന് ഇവിടെ പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകുന്നത്. കാൻ, വെനീസ്, ബെർലിൻ അടക്കമുള്ള പ്രധാന മേളകളിൽ പുരസ്‌കാരം ലഭിക്കുന്ന ചിത്രങ്ങളെല്ലാം തന്നെ ഇവിടെയുണ്ടായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്. മുൻ വർഷങ്ങളിലും ഇതു തന്നെയായിരുന്നു വാസ്തവം എന്ന് ആർക്കൈവ് പരിശോധിച്ചപ്പോൾ ബോധ്യമായി.

മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക എന്നീ റീജ്യണുകളെ മീന എന്നാണ് വിളിക്കാറ്. മീന മേഖലയിലെ ഏറ്റവും മികച്ച ഫെസ്റ്റിവലുകളിലൊന്നായി എൽഗോന മാറിക്കഴിഞ്ഞു. അറബ് ലോകത്തെയും ഈജിപ്തിലെയും പുതിയ സിനിമയുടെ ഹൃദയസ്പന്ദനം ഇവിടെ നമുക്ക് തൊട്ടറിയാൻ കഴിയും. സിനിഗോന എന്ന വ്യവസായ ഉദ്യമം, ഈ മേഖലയിലെ പുതുനാമ്പുകൾക്ക് സാമ്പത്തിക സഹായം അടക്കമുള്ള മികച്ച പിന്തുണയാണ് നൽകുന്നത്.

ഫീച്ചർ നറേറ്റീവ്, ഫീച്ചർ ഡോക്കുമെന്ററി, ഹ്രസ്വ ചിത്രം എന്നീ മൂന്നു അടിസ്ഥാനങ്ങളിലായി ഔദ്യോഗിക മത്സരവിഭാഗ ചിത്രങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. സിനിമാ നിരൂപകരുടെ അന്താരാഷ്ട്ര സംഘടന (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ്) യായ ഫിപ്രെസ്‌കി, ഏഷ്യ പസിഫിക്ക് മേഖലയിലെ സിനിമകളുടെ പ്രോത്സാഹനത്തിനായുള്ള നെറ്റ് പാക്ക് എന്നീ സംഘടനകളുടെ പ്രത്യേക ജൂറികൾ തെരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്കുള്ള അവാർഡുകളും ഇതിനു പുറമെ നൽകുന്നു. ഫിപ്രെസ്‌കി ജൂറി അംഗമായാണ് ഞാൻ എൽഗോന മേളയിൽ പങ്കെടുത്തത്. പമേല കോൺ (യുഎസ്എ), ഓമ്‌നിയ ആദേൽ (ഈജിപ്ത്) എന്നിവരായിരുന്നു ഫിപ്രെസ്‌കി ജൂറിയിൽ എന്നോടൊപ്പമുണ്ടായിരുന്നത്. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നീ വൻകരകളിൽ നിന്നുള്ള സംവിധായകരുടെ ആദ്യചിത്രങ്ങളായിരുന്നു(ഡെബു ഫിലിം) ഈ വിഭാഗത്തിലുണ്ടായിരുന്നത്.

ഈജിപ്ഷ്യൻ അഭിനേത്രിയായ ലൈല എലോയ് ആയിരുന്നു ഫീച്ചർ നറേറ്റീവ് ജൂറിയുടെ അദ്ധ്യക്ഷ. ഇന്ത്യയിൽ നിന്നുള്ള നടി കനി കുസൃതിയും പലസ്തീനിൽ നിന്നുള്ള ചലച്ചിത്രകാരൻ റഷീദ് മഷറാവിയും ഈ ജൂറിയിലംഗങ്ങളായിരുന്നു. ഫ്രഞ്ച് ചലച്ചിത്രകാരനായ നിക്കോളാസ് ഫിലിബെർട്ട് അദ്ധ്യക്ഷനായ അഞ്ചംഗ ഫീച്ചർ ഡോക്കുമെന്ററി ജൂറിയും ഡാനിഷ് പലസ്തീനിയൻ ചലച്ചിത്രകാരനായ മഹ്ദി ഫ്‌ളീഫെൽ അദ്ധ്യക്ഷനായ അഞ്ചംഗ ഹ്രസ്വ ചിത്ര ജൂറിയും ഞങ്ങളോടൊപ്പം പ്രവർത്തിച്ചിരുന്നു.

ഫിപ്രെസ്‌കി അവാർഡിനായി മത്സരിച്ചത് ഏഴു സിനിമകളായിരുന്നു. ഓൾവെയ്‌സ്, വേർ ദ് വിൻഡ് കംസ് ഫ്രം, ഷാഡോബോക്‌സ്, ഹാപ്പി ബർത്ത്ഡേ, ലവ് ഇമാജിൻഡ്, ലക്കി ലു, ഫിഫ്റ്റി മീറ്റേഴ്‌സ് എന്നിവയാണവ.

ഓൾവെയ്സ് എന്ന ഈ ചൈനീസ് ഡോക്കുമെന്ററി ഗ്രാമീണ ചൈനയിൽ കൗമാരകാലത്തെ ഒരാൺകുട്ടിയുടെ ജീവിതാന്വേഷണങ്ങളാണ് കവിതയും കൂടെ കൂട്ടി വരച്ചു കാട്ടുന്നത്. ഏകാന്തതയും പ്രകൃതിയും മുതിർന്നവരുടെ ‘അ’നീതികളും എല്ലാം കൂടിക്കലരുന്നു. കഥാപാത്രങ്ങളുടെ ഏറ്റവും ആഴമേറിയ പോരാട്ടങ്ങളും സാംസ്കാരിക സ്വത്വവും ഓൾവെയ്‌സ് പ്രത്യക്ഷീകരിക്കുന്നു. ഡെമിംഗ് ചെൻ ആണ് സംവിധായകൻ. അദ്ദേഹവും നിർമാതാക്കളിലൊരാളായ ഹാൻസെൻ ലിന്നും മേളയ്‌ക്കെത്തിയിരുന്നു. ഓൾവെയ്‌സിനാണ് ഫിപ്രെസ്‌കി അവാർഡ് ലഭിച്ചത്. ഏറ്റവും നല്ല ഡോക്കുമെന്ററിയ്ക്കുള്ള എൽഗോന ഗോൾഡൻ സ്റ്റാർ അവാർഡും നെറ്റ്പാക്ക് അവാർഡും ഓൾവെയ്‌സിനു ലഭിച്ചു.

കറുപ്പും വെളുപ്പും ഋതുക്കളുമായി ബന്ധപ്പെട്ട നിറങ്ങളും ഉപയോഗിച്ചുകൊണ്ട്, ദൃശ്യങ്ങൾക്ക് വ്യക്തമായ മാനം നൽകുന്ന സിനിമയാണ് ഓൾവെയ്‌സ്‌. ടെലിവിഷനിൽ കേൾക്കുന്ന ഔദ്യോഗിക ഭരണകൂടത്തിന്റെ വാചാടോപത്തിനെതിരെ കഥാപാത്രങ്ങളുടെ വെല്ലുവിളി നിറഞ്ഞ ദൈനംദിന ജീവിതത്തെ സജ്ജമാക്കിക്കൊണ്ടുള്ള ആഖ്യാനം രാഷ്ട്രീയ പിരിമുറുക്കത്തെ വ്യക്തമായി അഭിസംബോധന ചെയ്യുന്നു. ജീവിതം വിധിയാണോ അതോ അതിജീവിക്കാനും സാഹചര്യങ്ങൾ മാറ്റാനുമുള്ള ആളുകളുടെ ശക്തിയാണോ എന്ന് ചോദിച്ചുകൊണ്ട് കഥ സാമൂഹിക നിലകളെയും വർഗ വ്യത്യാസങ്ങളെയും പരിശോധിക്കുന്നു. ഭാവിയെ പ്രതിനിധീകരിക്കുന്ന കുട്ടിയും വെവ്വേറെ പേരിട്ടിരിക്കുന്ന അധ്യായങ്ങളും ഉപയോഗിച്ച്, അടിച്ചമർത്തുന്ന അന്തരീക്ഷത്തിന് പുറത്തുള്ള ഒരു പുതിയ ജീവിതത്തിനായുള്ള പ്രതീക്ഷയുമായി അവരുടെ വർത്തമാനകാല പോരാട്ടത്തെ താരതമ്യം ചെയ്യുന്നു.

യുവകഥാപാത്രങ്ങളുടെ കാവ്യാത്മകമായ ശബ്ദവും സംവേദനക്ഷമതയും ഉപയോഗിച്ച് ഒരു പ്രാർത്ഥന, ഭാവിയിലേക്കുള്ള ഒരു വഴിപാട് പോലെ തോന്നിക്കുന്ന ഒരു കഥയെ രൂപപ്പെടുത്തുന്ന ഒരു ചലച്ചിത്രകാരനെ, ഇത്രയും ആവേശം പ്രകടിപ്പിക്കുന്ന ഒരു പ്രതിഭയെ കണ്ടെത്തുന്നത് ആഹ്ലാദകരമാണ്. സൂക്ഷ്മമായി വാറ്റിയെടുത്ത സുഗന്ധദ്രവ്യം പോലെ, ഓരോ നിമിഷവും, ആത്മാർത്ഥതയോടെ, ധൈര്യത്തോടെ, പ്രതിബദ്ധതയോടെ, എല്ലാറ്റിനുമുപരി, കേവലമായ ഓഡിയോവിഷ്വൽ സൗന്ദര്യത്തിലൂടെ, കഥ ഒരു അടുപ്പമുള്ളതും സ്നേഹനിർഭരവുമായ ഒരു ലെൻസിലൂടെയാണ് പറയുന്നത്. ഈ സിനിമ നിരവധി സിനിമാറ്റിക് ഭാഷകളിൽ നമ്മോട് സംസാരിച്ചു, കരകൗശലത്തിന്റെയും കഥപറച്ചിലിന്റെയും വിപുലമായ ഒരു പാലറ്റ് സംഘടിപ്പിച്ച് പ്രദർശിപ്പിച്ചു, ഒരു ചെറിയ ഇതിഹാസ യാത്ര, പക്ഷേ നമ്മുടെ ഓർമ്മകളിൽ തുടർന്നും നിലനിൽക്കും.

അമേൽ ഗ്വിലാറ്റി സംവിധാനം ചെയ്ത ടുണീഷ്യൻ സിനിമയായ ‘എവിടെ നിന്നാണ്‌ കാറ്റ് വരുന്നത്’ (വേർ ദ് വിൻഡ് കംസ് ഫ്രം) എന്ന സിനിമയിലെ മുഖ്യ കഥാപാത്രങ്ങളായ എലീസയും മെഹ്ദിയും ദാരിദ്ര്യത്തിൽ നിന്ന് മോചനം നേടാൻ ടുണീഷ്യയുടെ മറ്റൊരറ്റത്ത് നടക്കുന്ന പെയിന്റിംഗ് സെലക്ഷനിൽ പങ്കെടുക്കാൻ പോകുന്നു. കാർ മോഷ്ടിച്ചും പല ഉടായിപ്പുകൾ കാട്ടിയുമാണ് പോകുന്നത്. അവിടെ പക്ഷെ സ്വജനപക്ഷപാതമാണ് നടന്നത്. അവർ തോൽക്കുന്നില്ല. സദാചാരം, മതം, കുടുംബം തുടങ്ങി മറ്റു വിഷയങ്ങളും ഉൾച്ചേർത്തിട്ടുണ്ട്. മികച്ച അറബി നറേറ്റീവ് ഫീച്ചർ സിനിമയ്ക്കുള്ള എൽഗോന സ്റ്റാർ വേർ ദ് വിന്റ് കംമ്‌സ് ഫ്രമിനു ലഭിച്ചു.

ഇന്ത്യൻ തൊഴിലാളി സ്ത്രീയുടെ നിത്യ സഹന ജീവിത യാഥാർഥ്യമാണ് നിഴൽപ്പെട്ടി (ഷാഡോബോക്‌സ്) എന്ന ബംഗാളി സിനിമയിലുള്ളത്‌. എൽഗോന മേളയിലെ ഏക ഇന്ത്യൻ സിനിമയായിരുന്നു ഷാഡോബോക്‌സ്. സൈന്യത്തിൽ നിന്ന് പിരിച്ചു വിടപ്പെട്ട സുന്ദർ എന്നയാൾക്ക് അല്പം മാനസിക വിഭ്രാന്തിയുണ്ട്. എല്ലാവരെയും എല്ലാത്തിനെയും ഭയമാണ്. തവളകളെ പിടിച്ച് കോളേജ് സുവോളജി ലാബുകളിൽ വിൽക്കുകയാണ് പണി. മദ്യപിക്കുകയും ചെയ്യും. അതിനൊരാൾ കൂട്ടുണ്ട്. അയാൾ കൊല്ലപ്പെടുന്നു. സുന്ദർ ഒളിവിൽ പോകുന്നു. ഭാര്യയായ മായ സകല ചില്ലറ ജോലികളും ചെയ്താണ് കുടുംബം പോറ്റുന്നത്. ഏക മകൻ ആകെ ചിന്താക്കുഴപ്പത്തിലാണ്‌. ഏറ്റവും നല്ല ഫീച്ചർ നറേറ്റീവിനുള്ള നെറ്റ്പാക്ക് അവാർഡ് ഷാഡോ ബോക്‌സിനു ലഭിച്ചു.

സാറ ഗോഹെർ സംവിധാനം ചെയ്ത ഹാപ്പി ബർത്ത്ഡേ (ഈജിപ്ത്) ബാലവേല, നിഷ്ക്കളങ്ക സ്നേഹം, വർഗ വൈരുദ്ധ്യം എന്നീ ഘടകങ്ങൾ നന്നായി ചിത്രീകരിച്ചു.ട്രിബേക്ക ഫെസ്റ്റിവലിൽ മൂന്ന് പ്രമുഖ അവാർഡുകൾ ലഭിച്ച സിനിമയാണിത്.

സാറാ റോസിക്ക് സംവിധാനം ചെയ്ത സങ്കൽപിക്കപ്പെട്ട പ്രണയം (ലവ് ഇമാജിൻഡ്) എന്ന ഈജിപ്ഷ്യൻ സിനിമയിൽ കൗമാരപ്രണയക്കാരായ വാർദയും നോഹയും തമ്മിൽ സൗന്ദര്യപ്പിണക്കം കൊണ്ട് അകലുന്നതും ആ ഘട്ടത്തിൽ അവരുടെ യൂണിവേഴ്‌സിറ്റിയിലെത്തുന്ന യൂസെഫ് എന്ന കർക്കശക്കാരനായ പ്രൊഫസർ അയാൾ സൃഷ്ടിച്ച തടസ്സങ്ങളെല്ലാം തട്ടിനീക്കി ഈ പിണക്കത്തിനിടയിൽ കക്ഷിയാവുന്നതുമായ, ത്രികോണപ്രേമകഥയാണുള്ളത്. ഒളിഞ്ഞുനോട്ടം, ആസക്തി, ശാരീരികാകർഷണം എന്നിങ്ങനെ പ്രണയത്തിന്റെ സാമ്രാജ്യത്തിനകത്തെ വിഷയങ്ങളൊക്കെ ഇതിൽ കടന്നു വരുന്നു.

ലോയ്ഡ് ലീ ചോയ് സംവിധാനം ചെയ്ത ലക്കി ലു (കാനഡ,യു എസ് എ) എന്ന സിനിമയുടെ കഥാഗതിയ്ക്ക് ഡിസീക്കയുടെ ബൈസിക്കിൾ തീവ്‌സുമായി ചില ചാർച്ചകൾ തോന്നി. ന്യൂയോർക്ക് നഗരത്തിൽ ചൈനക്കാർ താമസിക്കുന്ന പ്രദേശത്ത് ഭക്ഷണം വീടുകളിലെത്തിക്കുന്ന ജോലി ചെയ്യുകയാണ് ലു. ക്രോച്ചിംഗ് ടൈഗർ ഹിഡ്ഡൺ ഡ്രാഗൺ എന്ന ആംഗ് ലീ സംവിധാനം ചെയ്ത പ്രസിദ്ധ ചിത്രത്തിൽ അടക്കം അഭിനയിച്ച ചാങ് ചെൻ ആണ് ലുവിന്റെ വേഷത്തിൽ. നിത്യജീവിതത്തിനും അന്തസ്സിനും വേണ്ടി അഭയാർത്ഥിയായ തൊഴിലാളി, മുതലാളിത്ത സ്വർഗനഗരത്തിൽ പൊരുതുന്നതിന്റെ വാസ്തവസാക്ഷ്യമാണ് ലക്കി ലു. മികച്ച രണ്ടാമത്തെ ഫീച്ചർ സിനിമയ്ക്കുള്ള എൽഗോന സിൽവർ സ്റ്റാർ ലക്കി ലുവിനു ലഭിച്ചു.

അമ്പതു മീറ്ററുകൾ(ഫിഫ്റ്റി മീറ്റേഴ്‌സ്, ഈജിപ്ത്, യോംന ഖത്താബ്) ഒരു ഫാമിലി സിനിമയാണ്. മുതിർന്ന വാട്ടർ സ്‌പോർട്‌സ് കളിക്കാരനായ പിതാവുമായി മകൾ സംസാരിക്കുന്നതും അയാളുടെയും സുഹൃത്തുക്കളുടെയും ജീവിതം ഓർത്തെടുക്കുന്നതുമാണ് ഈ സിനിമയിലുള്ളത്.

ഫീച്ചർ നറേറ്റീവ് മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച, എന്റെ പിതാവിന്റെ അത്തർ (മൈ ഫാദേഴ്‌സ് സെന്റ്) എന്ന മൊഹമ്മദ് സിയാം സംവിധാനം ചെയ്ത ഈജിപ്ഷ്യൻ സിനിമ, പിതാവിന്റെ മരണത്തലേന്ന് മകൻ പിതാവിനെയും തന്നെത്തന്നെയും കണ്ടെടുക്കുന്ന കഥയാണ് ആഖ്യാനം ചെയ്യുന്നത്. കച്ചവടക്കാരനായ പിതാവ് അഹമ്മദ് മാലെക്ക് കോമയിൽ നിന്നെഴുന്നേറ്റ് അധിക ദിവസം ജീവിച്ചിരിക്കുന്നില്ല. മരണരാത്രിയിൽ നടന്നതെന്ത് എന്ന പരിസമാപ്തിയുടെയും മനസ്സിലാക്കലിന്റെയും ഉൾക്കൊള്ളലിന്റെയും സിനിമയാണിത്. വൈരുദ്ധ്യങ്ങളെയും സങ്കീർണതകളെയും ഏറ്റവും നന്നായി സന്നിവേശിപ്പിക്കാൻ പറ്റുന്ന സിനിമയുടെ ഭാഷയാണിവിടെയും വിജയിക്കുന്നത്. നല്ല നടനുള്ള എൽഗോന സ്റ്റാർ അവാർഡ് ഈ സിനിമയിലഭിനയിച്ച അഹ്‌മെദ് മാലെക്കിനു ലഭിച്ചു.

അഹമ്മദിന്റെ മകൻ കമെൽ എൽ ബാഷയുമായി അയാൾക്കുള്ളതും തിരിച്ചുള്ളതുമായ വെറുപ്പിന്റെയും അവജ്ഞയുടെയും എല്ലാം കാരണങ്ങളും നിവാരണങ്ങളുമാണ് അവിശ്വസനീയമായ ആ രാത്രിയിൽ നടക്കുന്നത്. കമെലിന്റെ യഥാർത്ഥ പിതാവ് അഹമ്മദിന്റെ ഒരു ഉറ്റ സുഹൃത്തായിരുന്നു. ഈ വഞ്ചനയിൽ ഭാര്യയ്ക്ക് അയാൾ മാപ്പു കൊടുത്തില്ല. അമ്മയെ മക്കളിൽ നിന്ന് രോഗത്തിന്റെ പേരിൽ അകറ്റി നിർത്തി. അങ്ങനെ അവർ മരിക്കുകയും ചെയ്തു. മൂത്ത മകൻ അലിയെ നന്നായി നോക്കിയ അഹമ്മദ് കമെലിനോട് വൈരാഗ്യത്തോടെയാണ് എന്നും പെരുമാറിയത്. ഇത് കമെലിനെ മയക്കു മരുന്നടിമത്തത്തിലേയ്ക്കും വില്പനയിലേയ്ക്കുമാണെത്തിച്ചത്. ഫാർമസി കോളേജിൽ പഠനം പൂർത്തിയാക്കാതെ പുറത്തു വന്ന കമെൽ, വേദനാ നിവാരണത്തിന് (പെയിൻ കില്ലർ) ‘മാന്ത്രികമായ’ നിരോധിത ഗുളികകൾ കൈവശമുള്ള ആളാണ്. വേദന സഹിക്കവയ്യാതാവാതെ മകനോട് അത്തരമൊരു ഗുളിക അഹമ്മദ് ചോദിച്ചു വാങ്ങിച്ച് കഴിക്കുന്നുണ്ട്. അതാകാം അയാളുടെ മരണകാരണം.

ഇവിടെ പിതാവിന് അന്തിമമായതും തുറന്നു പറച്ചിലിനു ശേഷം മനസ്സമാധാനത്തോടു കൂടിയതുമായ മരണം മകൻ (നിയമപരമായി ശരിയായ വളർത്തു മകൻ) സമ്മാനിക്കുന്നു എന്നാണോ അതോ കൊലപാതകം നിർവഹിച്ചു എന്നാണോ നാം മനസ്സിലാക്കേണ്ടത് എന്ന കാര്യം കാണിയുടെ ധാർമ്മികതയ്ക്ക് വിട്ടു തരികയാണ് സംവിധായകൻ.

ഈജിപ്ഷ്യൻ തൊഴിലാളി വർഗ ജീവിതത്തിന്റെ സൂക്ഷ്മതകൾ കൃത്യമായി വിശദീകരിക്കുന്നതിനാലാണ് ദ് സെറ്റിൽമെന്റ് (അൽ മോസ്ത മെറ) എന്ന സിനിമ ശ്രദ്ധേയമായത്.അലെക്സാണ്ട്രിയയിലെ പഴയ മട്ടിലുള്ള ഒരു ഫാക്ടറിയിൽ സുരക്ഷാവീഴ്ചയിൽ മരണപ്പെടുന്നയാളുടെ മകനായ ഹൊസ്സാമിന് അവിടെ ജോലി ലഭിക്കുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള അവന് അവിടെ മാനേജ്മെന്റിന്റെ കാരുണ്യം കൊണ്ട് മാത്രമാണ് ജോലി കൊടുക്കുന്നതെന്ന് മേലധികാരിയായ എഞ്ചിനീയർ അവനോട് നേരിട്ട് പറയുന്നുണ്ട്. യഥാർത്ഥത്തിൽ കമ്പനി മുതലാളിമാർ കൊടുക്കേണ്ട നഷ്ടപരിഹാരത്തിൽ നിന്നും നിയമ നടപടികളിൽ നിന്നും രക്ഷപ്പെടാനാണ് ഹൊസ്സാമിനെ ജോലി കൊടുത്ത് ‘തണുപ്പിക്കുന്നതെന്ന്’ അവന് മനസ്സിലാവുന്നു. ഹൊസ്സാമിന്റെ പിന്നാലെ സ്കൂൾ ഉപേക്ഷിച്ച് അനിയൻ മാറോ എന്ന പന്ത്രണ്ടു വയസ്സുകാരനും ദിവസവും കമ്പനിയിൽ പോകുന്നുണ്ട്. അവിടെ ചില്ലറ ജോലികൾ ചെയ്യുന്നു, പക്ഷെ അവന് കൂലി കിട്ടുന്നുണ്ടോ എന്നറിയുന്നില്ല.

കുറ്റം, നിയമം, ധാർമ്മികത, ഉത്തരവാദിത്വം എന്നീ അടിസ്ഥാനഘടകങ്ങൾ മുതലാളിത്ത ലോകത്ത് വർഗപരമായാണ് പരിചരിക്കപ്പെടുന്നത് എന്ന തീക്ഷ്ണമായ വസ്തുതയാണ് അൽ മോസ്തമെറ എന്ന ഈജിപ്ഷ്യൻ സിനിമയും തുറന്നുകാട്ടുന്നത്.ഇറ്റാലിയൻ നിയോ റിയലിസത്തിന്റെ രീതി കാണാവുന്ന ദ് സെറ്റിൽമെന്റിൽ ഈജിപ്ഷ്യൻ ജീവിതത്തിന്റെ സൂക്ഷ്മത പലപ്പോഴായി എനിയ്ക്ക് കണ്ടെടുക്കാനായി. ഫാക്റ്ററിയിൽ ഇപ്പോഴും പ്രവർത്തിക്കുന്ന പഴയ യന്ത്രസാമഗ്രികളിൽ മെയിഡ് ഇൻ യു എസ്‌ എസ്‌ ആർ എന്ന് തെളിഞ്ഞു കാണാം. പ്രസിഡന്റ് ജമാൽ അബ്ദുന്നാസറിന്റെ കാലവും സോവിയറ്റ് യൂണിയന്റെ സഹായങ്ങളും എല്ലാം അവിടെ ചരിത്രവത്ക്കരിക്കപ്പെട്ടു. എന്റെ മനസ്സിലേയ്ക്ക് അസ്വാൻ അണക്കെട്ടിലെ തെളിനീർ സുരക്ഷാശീതളിമയോടെ നിറഞ്ഞൊഴുകി. ഉച്ചഭക്ഷണം കഴിക്കുമ്പോൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു കൊണ്ടു വരുന്ന ഐഷ് എന്ന റൊട്ടി, പ്ലേറ്റോ ടിഷ്യൂ പേപ്പറോ പോലുമില്ലാതെ വെറും മേശപ്പലകപ്പുറത്ത് വെച്ചാണ് ആ‌ നീലക്കോളർ തൊഴിലാളികൾ കറി കൂട്ടി കഴിക്കുന്നത്. അസ്വാനിലെ ഇടുങ്ങിയ തെരുവിൽ തിരക്കേറിയ തീൻ ശാലയിൽ ഞങ്ങളെ അവിടെ എത്തിച്ച കാർ ഡ്രൈവറും ഇതുപോലെയായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്.

മൊഹമ്മദ് റഷാദിന്റെ ആദ്യ ഫീച്ചറാണിത്. ബെർലിൻ മേളയിൽ പ്രീമിയർ ചെയ്ത ദ് സെറ്റിൽമെന്റ് എൽഗോന മേളയിൽ മത്സരവിഭാഗത്തിലുണ്ടായിരുന്നു. മികച്ച മൂന്നാമത്തെ സിനിമയ്ക്കുള്ള എൽഗോന ബ്രോൺസ് സ്റ്റാർ ദ് സെറ്റിൽമെന്റിനാണ് ലഭിച്ചത്.

സിമോൺ മേസ സോത്തോ സംവിധാനം ചെയ്ത ഒരു കവി(എ പോയറ്റ്) എന്ന കൊളമ്പിയൻ ഫീച്ചർ, സ്നേഹത്തിന്റെയും തിരിച്ചറിവിന്റെയും അരാജകത്വത്തിന്റെയും തോൽവിയുടെയും തെറ്റിദ്ധാരണയുടെയും മുതലെടുപ്പിന്റെയും അധികാരത്തിന്റെയും എല്ലാം ഭാഷയും നിമിത്തവും മാധ്യമവുമാകുന്ന കഥയാണ് പറയുന്നത്. കവിത കൊണ്ട് പ്രശസ്തിയും പണവും നേടിയില്ലെങ്കിൽ എന്തു പ്രയോജനം എന്ന വിരോധാഭാസകരമായ ചോദ്യം ഉയർത്തുന്ന എ പോയറ്റ്, വിദ്യാർത്ഥിനിയും അദ്ധ്യാപകനും തമ്മിലും മെന്ററും നവാഗത കവിയും തമ്മിലും ഒക്കെ ഉള്ള ബന്ധങ്ങളെ സൂക്ഷ്മമായി പരിശോധിക്കുന്നു. കവിതാ ഫെസ്റ്റിവലുകൾ പോലെയുള്ള കെട്ടുകാഴ്ചകളുടെ കലാവിരുദ്ധതയും തുറന്നു കാട്ടപ്പെടുന്നു. മികച്ച ഫീച്ചർ സിനിമയ്ക്കുള്ള എൽഗോന ഗോൾഡൻ് സ്റ്റാർ എ പോയിറ്റിനു ലഭിച്ചു.

ആദംസ് സെയിക്ക്(ബെൽജിയം, ലോറ വാന്റെൽ), ഫാദർ മദർ സിസ്റ്റർ ബ്രദർ (യു എസ് എ, ജിം ജാർമുഷ്), മിൽക്ക് ടീത്ത് (റുമാനിയ, മിഹായ് മിൻ കാൻ), നിനോ (ഫ്രാൻസ്, പോളിൻ ലോക്കസ്), എ പെയിൽ വ്യൂ ഓഫ് ഹിൽസ് (ജപ്പാൻ, കെയ് ഇഷിക്കാവ), റോമെരിയ (സ്‌പെയിൻ, കാർല സിമോൺ), ടു പ്രോസിക്യൂട്ടേഴ്‌സ് (ഫ്രാൻസ്, സെർഗെയ് ലോസിന്ത്‌സ), എന്നീ സിനിമകളും ഈ വിഭാഗത്തിലുണ്ടായിരുന്നു.

എൽഗോന മേളയുടെ ഒരു സവിശേഷത ആയി തോന്നിയത് ഡോക്കുമെന്ററി വിഭാഗത്തിനും ഫീച്ചർ നറേറ്റീവീനോടൊപ്പം തുല്യപ്രാധാന്യം നൽകിയതാണ്. നിരവധി ശ്രദ്ധേയ സിനിമകൾ ഈ വിഭാഗത്തിലുണ്ടായിരുന്നു. ഫിപ്രെസ്‌കി ജൂറി അവാർഡിനർഹമായ സിനിമ (ഓൾവെയ്‌സ്) ഈ വിഭാഗത്തിൽ നിന്നായിരുന്നു.

ജോർജ് ഓർവെല്ലിന്റെ പ്രസിദ്ധമായ 1984 എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തി പ്രസിദ്ധ ചലച്ചിത്രകാരൻ റോൾ പെക്ക് സംവിധാനം ചെയ്ത ഡോക്കുമെന്ററിയാണ് ഓർവെൽസ് 2+2=5.. എല്ലാത്തരം സമഗ്രാധിപത്യങ്ങളെയും ഫാസിസത്തെയും യുദ്ധോത്സുക സാമ്രാജ്യത്വങ്ങളെയും തുറന്നെതിർക്കുന്ന സിനിമയാണിത്. ബ്രിട്ടീഷ് ഇന്ത്യയിൽ ജനിച്ച ജോർജ് ഓർവെൽ അക്കാലത്തെ ബർമ്മയിൽ സൈനികനായി ജോലി ചെയ്തിട്ടുണ്ട്. നാസികളുടെ കാലം മുതൽ ട്രമ്പും നെതന്യാഹുവും സൃഷ്ടിക്കുന്ന പുതിയ കാലം വരെയുള്ള മനുഷ്യത്വ വിരുദ്ധ സ്വാതന്ത്ര്യ വിരുദ്ധ ചരിത്രങ്ങളെയെല്ലാം പരാമർശിക്കുന്ന റോൾ പെക്ക്, ഓർവെൽ പ്രവചിച്ച ഡിസ്റ്റോപ്പിയൻ ലോകത്തിന്റെ ആവിർഭാവമാണിതെന്ന് വ്യാഖ്യാനിക്കുന്നു. മികച്ച മൂന്നാമത്തെ ഫീച്ചർ ഡോക്കുമെന്ററിക്കുള്ള എൽഗോന ബ്രോൺസ് സ്റ്റാർ ഓർവെല്ലിനു ലഭിച്ചു.

നിന്റെ ആത്മാവിനെ കയ്യിലെടുത്തു നടക്കുക (Put your soul on your hand and walk) എന്ന കാവ്യാത്മകമായ ശീർഷകമുള്ള സിനിമ, ഗാസയിലെ ഒരു യുവതിയുടെ ജീവിതമാണ് ഡോക്കുമെന്റ് ചെയ്യുന്നത്. സെപ്പിഡേ‌ ഫാർസി എന്ന സംവിധായിക ഇറാൻ കാരിയാണെങ്കിലും ഇപ്പോൾ പാരീസിലാണ് താമസം. അവർക്ക് രാഷ്ട്രീയ കാരണങ്ങളാൽ മാതൃരാജ്യത്തേയ്ക്ക് വരാനാവില്ല. കുറെക്കാലം അവിടെ ജയിൽ വാസം അനുഷ്ഠിച്ചിട്ടുള്ള സെപ്പിഡേ, ഗാസയിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശയുദ്ധകാലത്ത് അവിടേയ്ക്ക് പോകാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൈറോവിൽ എത്തിയ അവരെ റാഫ അതിർത്തി കടക്കാൻ സൈന്യം അനുവദിച്ചില്ല. ഫത്മ എന്ന ഗാസ സ്വദേശിയുമായി ഇതിനിടയിൽ സെപ്പിഡേ ഗാഢസൗഹൃദത്തിലാവുന്നു. ഇരുപത്തിരണ്ടുകാരിയായ ഫത്മ നാളിതുവരെയും ഗാസയിൽ നിന്ന് പുറത്തേയ്ക്ക് പോയിട്ടില്ല. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലും പല അഭയാർത്ഥി ക്യാമ്പുകളിലുമായി മാറിമാറി താമസിക്കുന്ന ഫത്മയുമായി 2023 ഒക്ടോബറിനു ശേഷം 2025 ഏപ്രിൽ വരെ പലതവണ സംവിധായിക നടത്തുന്ന വീഡിയോ കോളുകളാണ് സിനിമയിൽ പ്രധാനമായും ഉള്ളത്. നെറ്റ്‌വർക്ക് ദുർബലമായതിനാൽ പല കോളുകളും ഇടയ്ക്കിടെ മുറിഞ്ഞുപോകും, മിക്കപ്പോഴും ഫത്മ സംസാരിക്കുന്നതും വ്യക്തമാകില്ല. ഇത്തരത്തിലുള്ള ദൃശ്യങ്ങൾ അവയുടെ മുറിവുകൾ കൊണ്ടു തന്നെ കാലത്തെ അടയാളപ്പെടുത്തുന്നു.

ജി പി രാമചന്ദ്രൻ, പാലസ്തീൻ യുവ ചലച്ചിത്ര നിർമ്മാതാക്കളായ അസ്മഹാൻ ബകെരാത്, ബാൻ മറാക്ക എന്നിവരോടൊപ്പം

ഫത്മ ഗാസയിലെ ദൃശ്യങ്ങൾ ഫോട്ടോയിൽ പകർത്തിക്കൊണ്ടിരുന്നു. സംവിധായിക സെപ്പിഡേ ഫാർസിയുമായി വീഡിയോ കോൾ ചെയ്യുമ്പോഴുള്ള ഊർജ്ജവും പ്രസരിപ്പും ശ്രദ്ധേയമാണ്. ഇസ്രയേൽ ബോംബിംഗിൽ അവളും കുടുംബവും മരിച്ചു. കാൻ മേളയിൽ സെലക്ഷൻ കിട്ടിക്കഴിഞ്ഞാണ് അവളുടെ മരണം. ഡോക്കുമെന്ററിയുടെ ശക്തി.

ഫ്രാങ്കോ ഇറാഖി ചലച്ചിത്രകാരനായ അബ്ബാസ് ഫാഹ്ദെൽ ഇപ്പോൾ ലെബനനിലാണ് താമസം. തെക്കെ ലെബനനിലെ നബത്തീയിലാണദ്ദേഹം ഭാര്യയും കൊച്ചു കുട്ടിയുമായി താമസിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന യുദ്ധത്തിൽ ഈ പ്രദേശം മുഴുവനും ഇസ്രയേൽ ബോംബിട്ട് നശിപ്പിച്ചു. ഇതിന്റെ യാഥാർത്ഥ്യപൂർണവും കാവ്യാത്മകവും ശുഭാപ്തിവിശ്വാസം പകരുന്നതുമായ ഡോക്കുമെന്ററിയാണ് മുറിഞ്ഞ ഭൂമിയുടെ കഥകൾ (ടെയിൽസ് ഓഫ് ദ് വൂണ്ടഡ് ലാന്റ്).

ഈ ചിത്രത്തിന് ഈ വർഷത്തെ ലൊക്കാർണോ മേളയിൽ ഏറ്റവും നല്ല സംവിധായകനുള്ള പുരസ്കാരം ലഭിച്ചു. ചിത്രത്തിന്റെ തുടക്കത്തിലും ഒടുക്കവും ശവപേടക ഘോഷയാത്രയും ശവസംസ്കാരപ്രസംഗങ്ങളുമാണുള്ളത്. ഡ്രോൺ വഴി ചിത്രീകരിച്ചിട്ടുള്ള ഈ ദൃശ്യങ്ങളിൽ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിലൂടെ ജനങ്ങളും ശവപേടകങ്ങളും ആംബുലൻസുകളും രക്തസാക്ഷികളുടെ പടമുള്ള പ്ലക്കാർഡുകളും കൊടികളും എല്ലാം കാണാം. ഏപ്രിലിൽ വെടിനിർത്തലിനുശേഷം അബ്ബാസും കുടുംബവും തങ്ങളുടെ വീട്ടിലേയ്ക്ക് തിരിച്ചു വരുന്നു. അവരുടെ വീടിന്റെ മേൽക്കൂരയിലെ ഓടുകളും ജനാലകളിലെ കണ്ണാടികളും കർട്ടൻ തുണികളും മാത്രമേ നശിച്ചിട്ടുള്ളൂ. എന്നാൽ ആ പ്രദേശത്തെ നിരവധി വീടുകൾ, പള്ളികൾ, വിദ്യാലയങ്ങൾ, അമ്യൂസ്മെന്റ് പാർക്ക്, ഗ്രന്ഥശാല, അങ്ങാടികൾ, വാഹനങ്ങൾ എല്ലാം തകർന്നു തരിപ്പണമായിരിക്കുന്നു. അബ്ബാസിന്റെ ഭാര്യ ഓരോന്നും ഓർത്തെടുക്കുന്നുണ്ട്. താൻ കുട്ടിക്കാലത്ത് വിലകുറഞ്ഞ മുക്കുപണ്ടങ്ങൾ വാങ്ങിച്ചിരുന്ന കട, നബത്തീയിലെ ഏറ്റവും പഴക്കം ചെന്ന ഫോട്ടോഗ്രാഫറുടെ സ്റ്റുഡിയോ അങ്ങിനെ പലതും ഇല്ലാതായി. നബത്തീയുടെയും ചുറ്റുമുള്ള ഗ്രാമങ്ങളുടെയും ചരിത്രരേഖകൾ തന്നെ നാമാവശേഷമായി.

സ്വന്തമായി നാലായിരം പുസ്തകങ്ങളുണ്ടായിരുന്ന ഗാർഹിക ലൈബ്രറിയും വീടും തകർന്നടിഞ്ഞതിനെക്കുറിച്ച് വയോധികനായ ഒരയൽ വാസി സംസാരിക്കുന്നതു കാണാം. അറുപത് കൊല്ലം കൊണ്ടാണ് അയാൽ ആ പുസ്തകങ്ങൾ ശേഖരിച്ചത്. കുട്ടിക്കാലത്ത് വായനയോട് കമ്പം കൂടി ആദ്യം വാങ്ങിയത് മാർക്സിസം ആന്റ് ഓറിയന്റ് എന്ന പുസ്തകമായിരുന്നു. ആറു പൗണ്ടായിരുന്നു വില. അത്രയും കയ്യിലുണ്ടായിരുന്നില്ല. സുഹൃത്തും അയാളും മൂന്ന് പൗണ്ട് വീതം പങ്കിട്ട് സംയുക്തമായാണ് ആ പുസ്തകം വാങ്ങിയത്. വീട്ടിൽ രാഷ്ട്രീയം വായിക്കാൻ അനുവാദമില്ലാതിരുന്നതിനാൽ പള്ളിയിൽ പോയിരുന്നാണ് ആ പുസ്തകം അവർ വായിച്ചത്. തടിച്ച പുസ്തകം ആയിരുന്നതിനാൽ അത് ഖുർആൻ ആണെന്നെല്ലാവരും കരുതി എന്നാണ് സമ്പൂർണ്ണ നഷ്ടത്തിനു ശേഷവുമുള്ള തുറന്ന ചിരിയിലൂടെ അയാൾ ഓർത്തെടുക്കുന്നത്.

യുദ്ധം വരുമ്പോൾ മനുഷ്യർക്ക് ഓടിപ്പോവുകയെങ്കിലും ചെയ്യാം. മൃഗങ്ങളും പക്ഷികളും എന്ത് ചെയ്യും. അബ്ബാസിന്റെ വീട്ടിലെ പൂച്ചകളെ നോക്കാമെന്നേറ്റ ആൾക്ക് അതിനു സാധിക്കുന്നില്ല. ഡ്രോണുകളെ പേടിച്ച് അയാൾ തന്റെ വീടിനും അബ്ബാസിന്റെ വീടിനും ഇടയിലുള്ള റോഡിലൂടെ നടക്കാൻ പേടിച്ചു. എന്നാൽ അയാൾ നിരവധി നായ്ക്കൾക്കും പൂച്ചകൾക്കും ഭക്ഷണം നൽകുകയും ചെയ്തു. അബ്ബാസിന്റെ വീട്ടിലെ പൂച്ചകൾക്ക് പാലും തീറ്റയും നൽകിയത് അടുത്ത വീട്ടിലെ ആടുവളർത്തൽകാരനാണ്. കുറെയധികം ആടുള്ളതിനാൽ അയാൾക്ക് നബത്തീ വിട്ടോടാൻ സാധിച്ചില്ല.

വെറുപ്പിന് നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയും, എന്നാൽ സ്നേഹത്തിന് അതിനേക്കാളും കാര്യങ്ങൾ ചെയ്യാൻ കഴിയും. അതുപോലെത്തന്നെയാണ് യുദ്ധത്തിന്റെ കാര്യവും. യുദ്ധത്തിന് ചെയ്യാനാവുന്നതിനേക്കാൾ സമാധാനത്തിനാണ് ചെയ്യാനാവുക. അബ്ബാസിന്റെ ഭാര്യാമാതാവ് പറയുന്നതാണിത്.

നോവലിസ്റ്റ് കൂടിയായ അബ്ബാസ് ഫാഹ്ദെൽ ചിത്രത്തിൽ മുഖ്യമായും പ്രത്യക്ഷപ്പെട്ട് ആഖ്യാനങ്ങൾ നിർവഹിച്ച ഭാര്യയും മകളുമൊത്താണ് എൽഗോന മേളയിലെത്തിയത്. നവമ്പറിലെ കൊൽക്കത്ത മേളയിൽ ക്ഷണം ലഭിച്ചതിനാൽ അബ്ബാസ് ഫാഹ്ദെൽ അവിടെ വരുന്നുണ്ടെന്ന് പറഞ്ഞു.

മനുഷ്യരുടെ ശവശരീരങ്ങളോ മുറിഞ്ഞ ശരീരാവശിഷ്ടങ്ങളോ ചോരച്ചാലുകളോ ഒന്നും സിനിമയിലില്ല. ജീവിതവും അന്തിമവിജയവും തങ്ങൾക്കൊപ്പമാണെന്ന ലെബനീസുകാരുടെ നിശ്ചയദാർഢ്യമാണ് ചിത്രത്തെ സവിശേഷമാക്കുന്നത്‌. അതേസമയം ദുരന്തത്തെ ഒരിക്കലും കാല്പനികവത്ക്കരിക്കുന്നില്ല.

എൽഗൗന ഫിലിം ഫെസ്റ്റിവലിൽ ഫെസ്റ്റിവൽ പ്ലാസയിൽ അൽ നൂർ വൽ അമൽ ചാരിറ്റി ഓർക്കസ്ട്ര അവതരിപ്പിക്കുന്നു.

ഹോം ലാന്റ്- ഇറാഖ് യേർ സീറോ, യാര, ബിറ്റർ ബ്രെഡ് എന്നിങ്ങനെ നിരവധി സിനിമകൾ അബ്ബാസ് ഫാഹ്ദെൽ സംവിധാനം ചെയ്തിട്ടുണ്ട്. ഹിസ്ബുള്ളയുടെ പൊതുയോഗത്തിന്റെ ദൃശ്യത്തോടെയാണ് ടെയിൽസ് ഓഫ് ദ് വൂണ്ടഡ് ലാന്റ് സമാപിക്കുന്നത്. സൗത്ത് ലെബനോണിലെ പ്രതിരോധത്തിന്റെ പേരാണ് ഹിസ്ബുള്ള എന്നും പാശ്ചാത്യ പ്രചാരണങ്ങളിൽ ഭീകരരായിട്ടാണവരെ ചിത്രീകരിക്കുന്നതെങ്കിലും ലെബനോന്റെയും അവിടത്തെ ജനതയുടെയും സ്വാതന്ത്ര്യ-വിമോചന പ്രസ്ഥാനമാണതെന്നും അബ്ബാസ് അർത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞു.

ബിലോ ദ് ക്ലൗഡ്‌സ് (ഇറ്റലി, ഗിയാൻ ഫ്രാങ്കോ റോസി), ബെറ്റർ ഗോ മാഡ് ഇൻ ദ് വൈൽഡ് (ചെക്ക് റിപ്പബ്ലിക്ക്, മിറോ റോമോ), ഹൗ ടു ബിൽഡ് എ ലൈബ്രറി (യു എസ് എ, മൈയ ലെക്കോവ് & ക്രിസ്റ്റഫർ കിംഗ്), കാബൂൾ ബിറ്റ്വീൻ പ്രേയേഴ്‌സ് (നെതർ ലാന്റ്‌സ്, അബൂസർ അമിനി), ലൈഫ് ആഫ്റ്റർ സിഹാം (ഈജിപ്ത്, നമീർ അബ്ദേൽ മെസ്സീ) എന്നിവയും ഈ വിഭാഗത്തിലുണ്ടായിരുന്നു.

മത്സരേതര വിഭാഗത്തിൽ ഔദ്യോഗിക എൻട്രിയായി പ്രദർശിപ്പിച്ച ജാഫർ പനാഹിയുടെ അത് വെറുമൊരു അപകടം മാത്രം എന്ന പുതിയ സിനിമ, സമഗ്രാധിപത്യം, മർദ്ദനാധികാരവാഴ്ച, മതമൗലികവാദവും മതഭ്രാന്തും എന്നിങ്ങനെ ഇക്കാലത്ത് നാം നേരിടുന്ന ഭീകരയാഥാർത്ഥ്യങ്ങളെ നിസ്സംശയം തുറന്നു കാട്ടുന്നു. എന്താണ് പരിഹാരം? അത് വയലൻസിന്റേതല്ല എന്ന ആശയം മുന്നോട്ടു വെക്കുന്നതു കൊണ്ട് സിനിമയ്ക്കുള്ള ഒരു സന്ദേശം കൂടിയാണ് ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്. 2025ലെ കാൻ മേളയിൽ പാം ദ് ഓർ നേടിയ ഈ സിനിമ ഏറെക്കാലത്തെ വീട്ടു തടങ്കലിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിമോചനത്തിനുശേഷമുള്ള നിർണായക സിനിമയുമാണ്.

കൊച്ചു പെൺകുട്ടിയുടെ വിവേകം, വിവാഹത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളും ഫോട്ടോ സെഷനുകളും, നിറഞ്ഞ ഗർഭവും പ്രസവവും, ആശുപത്രികളിലെ സന്ദിഗ്ദ്ധതകൾ, മലവിസർജ്ജനവും മനം പുരട്ടലും‌ ഛർദ്ദിയും എന്നിങ്ങനെ സാധാരണ ജീവിതത്തിലെ ഘടകങ്ങൾ കൊണ്ടാണ് ജാഫർ പനാഹി കാലത്തിന്റെ സന്ദേശം വാർത്തെടുക്കുന്നത്.

ഇക്ബാൽ എന്നു പേരുള്ള ആൾ നിറവയറുള്ള ഭാര്യയും മകളുമൊത്ത് രാത്രിയിൽ കാറോടിക്കവെ ഒരു നായ അതിനുമുന്നിൽ കുടുങ്ങിച്ചാവുന്നു. മകൾക്കത് സഹിക്കാനേ ആവുന്നില്ല. വെറുമൊരപകടം മാത്രമാണത് എന്ന് അവളുടെ ഉമ്മ ഭർത്താവിനെ ന്യായീകരിക്കുന്നുണ്ട്. കാർ കേടുവരുന്നതുകൊണ്ട് അടുത്തുള്ള ഗരാഷിലെത്തിച്ച് നന്നാക്കുന്നതിനിടയിൽ അവിടെ ഉണ്ടായിരുന്ന വാഹിദ് എന്ന മുൻ തടവുകാരൻ ഇയാളെ തിരിച്ചറിയുന്നു. സൈനിക ആപ്പീസറെന്ന നിലയിൽ ഇക്ബാൽ നടത്തിയ ക്രൂരപീഡനങ്ങളെല്ലാം വാഹിദിന്റെ തലയിലേയ്ക്ക് ഇരച്ചു കയറുന്നു. ഒന്നും വിശദീകരിക്കുകയോ ദൃശ്യങ്ങൾ കാണിക്കുകയോ ചെയ്യുന്നില്ല. അയാളുടെ പരാമർശങ്ങളും മുഖഭാവവും ചെയ്തികളുമാണ് വാഹിദ് അനുഭവിച്ച മാരകമായ മർദ്ദനങ്ങളുടെ ഭീകരാവസ്ഥ വെളിപ്പെടുത്തുന്നത്. വാഹിദിന്റെ വിവാഹജീവിതം ഇല്ലാതായി, അയാളുടെ വൃക്കകൾക്ക് സ്ഥിരമായ തകരാറുകളും സംഭവിച്ചു.

വാഹിദ് ഇക്ബാലിനെ പിന്തുടർന്ന് അയാളെ പിടികൂടി ജീവനോടെ കുഴിച്ചിടാൻ വേണ്ടി തീരുമാനിക്കുന്നു. ഇക്ബാലിന്റെ വലതു കാൽ കൃത്രിമമായി വെച്ചതാണ്. അയാളുടെ നടത്തത്തിന്റെ ശബ്ദങ്ങൾ ആണ് അയാളെ തിരിച്ചറിയുന്നതിന് വാഹിദിനെ പ്രേരിപ്പിക്കുന്നത്. അതേസമയം ഇതയാളല്ല എന്ന തോന്നലും വാഹിദിനുണ്ടാകുന്നു. അപ്പോൾ അയാൾ ഇക്ബാലിനെ കുഴിയിൽ നിന്ന് പുറത്തെടുത്ത് മറ്റു സഹതടവുകാരെ അന്വേഷിച്ചു പോകുന്നു. അങ്ങിനെയാണ് ഫോട്ടോഗ്രാഫറായ സിവാ, വിവാഹത്തലേന്നത്തെ വധുവായ ഗോലിയും വരൻ അലിയും വഴക്കാളിയായ അലിയും ഇക്ബാലിന്റെ ശരീരത്തോടൊപ്പം വാഹിദിന്റെ വാനിലാകുന്നത്.

വാഹിദും സഖാക്കളും അക്രമത്തിനും പ്രതികാരത്തിനുമായി നിരന്തരം തുനിയുന്നുണ്ടെങ്കിലും അതിനു സാധിക്കാതെയും വേണ്ടെന്നു വെച്ചും അവർ പിൻ വാങ്ങുകയാണ്. മനുഷ്യ പ്രതിപക്ഷത്തിന്റെ അഹിംസാ മറുപടികളാണ് ജാഫർ പനാഹിയുടെ സിനിമയെ മഹത്തരമാക്കുന്നത്. അക്രമത്തെ അക്രമം കൊണ്ട് നേരിട്ടാൽ നാം എവിടെയും എത്താൻ പോകുന്നില്ല എന്ന കാലാതീതമായ സന്ദേശം ഈ കലുഷിതമായ കാലത്ത് ഉയർത്തിപ്പിടിക്കാൻ സാധിക്കുന്നത് നിസ്സാരമല്ല.

ജാഫർ പനാഹിയുടെ ധൈര്യവും ജാഗ്രതയും ഇറാനകത്തും പുറത്തുമുള്ളവരാൽ പ്രകീർത്തിക്കപ്പെട്ടു. നോബൽ സമ്മാന ജേതാവായ നർഗീസ് മൊഹമ്മദി അടക്കം ഇറാനിലെ നൂറ്റമ്പതോളം പ്രമുഖർ പനാഹിയ്ക്ക് ഐക്യദാർഢ്യവും പ്രശംസയും കൊടുത്തുകൊണ്ടുള്ള പ്രസ്താവന ഇറക്കി.

ഐഎസ്സുകാരെപ്പോലെ തന്നെയാണ് ഇറാനിലെ മതാധികാര സൈനികോദ്യോഗസ്ഥരും എന്ന് വാഹിദ് പറയുന്നുണ്ട്. ഒരാളെ കൊലപ്പെടുത്തിയാൽ അയാൾ അതർഹിക്കുന്നുണ്ടെങ്കിൽ അങ്ങനെയും അതല്ല ആളുമാറിയാണ് കൊല്ലപ്പെട്ടതെങ്കിൽ ഐഎസ്സിനാലാണത് സംഭവിക്കുന്നതെന്നതിനാൽ അയാൾക്ക് സ്വർഗം ലഭിക്കുമെന്നുമാണ് അവർ പറയാറുള്ളത് എന്നും നിങ്ങളും അവരെപ്പോലെ തന്നെ എന്ന് വാഹിദ് ഇക്ബാലിനോട് പറയുന്നുണ്ട്. മതഭ്രാന്തും ഭീകരതയും എത്ര മാത്രം മനുഷ്യത്വവിരുദ്ധമായ സങ്കൽപ്പങ്ങളെയാണ് ആനയിക്കുന്നത് എന്നു നോക്കൂ.

കരീം എൽഷെനാവി സംവിധാനം ചെയ്ത മാന്യന്മാർ(അൽ സാദാ അൽ അഫാദിൽ) എന്ന ഈജിപ്ഷ്യൻ സിനിമ, രാജ്യത്തെ തിയറ്ററുകളിൽ വൻ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് എൽഗോന മേളയിലുമെത്തിയത്. മടക്കയാത്രയിൽ ഞാൻ താമസിച്ചിരുന്ന കൈറോവിലെ ഹോട്ടലിനടുത്തുള്ള രണ്ടു തിയേറ്ററുകളിലും (മിയാമി, മെട്രോ) ഈ സിനിമ കളിക്കുന്നുണ്ടായിരുന്നു. വൻ തിരക്കും കൗണ്ടറുകളിൽ കണ്ടു. ഗ്രാമത്തിലെ വീട്ടിൽ മരണമടയുന്ന പ്രമാണിയുടെ മൃതദേഹവും ശവസംസ്‌ക്കാരത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ മിക്കവരുടെയും പൊയ്മുഖങ്ങൾ അഴിഞ്ഞുപോകുന്നതുമാണ് ഈ നർമ്മപ്രധാനമായ സിനിമയിലുള്ളത്.

കുർദിസ്താനിൽ നിന്നുള്ള ബേർണിംഗ് ഡസ്റ്റ്(ഇബ്രാഹിം സയ്യിദി), ജലക്ഷാമത്താൽ ഉഴലുന്ന ഒരു കർഷകന്റെ അതിജീവനശ്രമമാണ് ആവിഷ്‌ക്കരിക്കുന്നത്.

എബ്ലേസ്(തോമസ് ക്രൂത്തോഫ്), അനിമൽസ് ഇൻ വാർ(നിരവധി സംവിധായകർ), ബ്ലൂ മൂൺ (റിച്ചാർഡ് ലിങ്ക്‌ലേറ്റർ), ദ് ഡെവിൾ സ്‌മോക്ക്‌സ് (ഏർണെസ്‌റ്റോ മാർട്ടിനെസ് ബൂസിയോ), ഡി ജെ അഹ്‌മ്മത്ത് (ജോർജി എം അൺകോവ്‌സ്‌കി), ഡ്രീംസ്(സെക്‌സ് ലവ്/ഡാഗ് ജോൺ ഹൂഗേരൂദ്), ഫ്രാങ്കെൻസ്റ്റീൻ( ഗില്ലെർമോ ദെൽ തോരോ), ലാ ഗ്രാസിയ(പൗലോ സോറെന്റിനോ), സീഡ്‌സ് (ബ്രിട്ടണി ഷൈൻ), സിറാത്ത്(ഒലിവേർ ലാക്‌സെ) തുടങ്ങി നിരവധി പുതിയ സിനിമകൾ മത്സരേതര വിഭാഗത്തിൽ പ്രദർശിപ്പിച്ചു.

എട്ടാമത് എൽഗോന ഫിലിം ഫെസ്റ്റിവലിൽ, ജന്മശതാബ്ദി ആഘോഷിക്കുന്ന വിഖ്യാത ഈജിപ്ഷ്യൻ മാസ്റ്ററായ യൂസുഫ് ശാഹീന്റെ സിനിമകൾ പരിചയപ്പെടാൻ പല അവസരങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ അലെക്സാണ്ട്രിയ എഗൈൻ ആന്റ് ഫോറെവർ ഫെസ്റ്റിവൽ പ്ലാസയിലെ മുഖ്യ വേദിയിൽ വൈകീട്ട് ഏഴു മണിയ്ക്ക് പ്രദർശിപ്പിച്ചു. യൂസുഫ് ശാഹിന്റെ മരുമകളും എൽഗോന ഫെസ്റ്റിവലിന്റെ ആർടിസ്റ്റിക് ഡയരക്ടറുമായ പ്രസിദ്ധ ചലച്ചിത്രകാരി മറിയാൻ ഖോറി സിനിമ അവതരിപ്പിച്ചു. സിനിമയിൽ മുഖ്യ വേഷം അവതരിപ്പിച്ച യൂസ്ര എന്ന പ്രമുഖ ഈജിപ്ഷ്യൻ നടിയുടെ അഭിനയ ജീവിതത്തിന്റെ അമ്പതാം വാർഷികവുമാണിത്. അതു സംബന്ധമായ പ്രത്യേക പ്രദർശനവുമുണ്ടായിരുന്നു. യൂസ്ര ഈ പ്രദർശനത്തിലും മറ്റുമായി മുഴുവൻ ദിവസവും മേളയിലുണ്ടായിരുന്നു.

അലെക്‌സാണ്ട്രിയ പിന്നെയും എന്നെന്നേയ്ക്കും (ഇസ്കന്ദരിയ കമാൻ വ കമാൻ/1990) എന്ന സിനിമ, നാലു ചിത്രങ്ങളടങ്ങിയ ഒരു പരമ്പരയിലെ മൂന്നാമത്തെ സിനിമയാണ്. അലെക്‌സാണ്ട്രിയ എന്തിന്(1978), ഒരു ഈജിപ്ഷ്യൻ കഥ(1982), എന്നിവയ്ക്കു ശേഷവും അലെക്‌സാണ്ട്രിയ… ന്യൂയോർക്ക്(2004) എന്ന സിനിമയ്ക്കു മുമ്പുമാണ് അലെക്‌സാണ്ട്രിയ എഗൈൻ ആന്റ് ഫോറെവർ എടുത്തത്‌. (അലെക്‌സാണ്ട്രിയ എഗൈൻ ആന്റ് ഫോറെവർ സംബന്ധമായ വിശദവിവരങ്ങൾ ഈ പരമ്പരയുടെ പതിനെട്ടാം അദ്ധ്യായത്തിൽ എഴുതിയിരുന്നു)

കൈറോ സ്റ്റേഷൻ എന്ന ഇൻസ്റ്റലേഷനാണ് അതിഗംഭീരമായ മറ്റൊരനുഭവം. പ്ലാസയുടെ ഹൃദയഭാഗത്ത് മുഴുവലിപ്പമുള്ള ഒരു തീവണ്ടി ബോഗി സജ്ജീകരിച്ചിരിക്കുന്നു. കാണികൾക്ക് അതിനകത്തു കയറിയിരുന്ന് ശാഹീന്റെ സിനിമകൾ പകർന്നു നൽകിയ സന്ത്രാസങ്ങളും സൗന്ദര്യങ്ങളും രാഷ്ട്രീയവും കാവ്യാത്മകതയും അനുഭവിക്കാം. ഷെറീൻ ഫർഗാൾ ആണ് ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. ബോഗിയ്ക്കകത്ത് നാം കയറിയിരുന്നാൽ മുമ്പിലെ തിരശ്ശീലയിൽ വിവിധ ശാഹീൻ സിനിമകളിലെ ഖണ്ഡങ്ങൾ കാണാം. അതോടൊപ്പം ഇരുവശങ്ങളിലെ ജനാലകൾക്കു പുറത്ത് മുമ്പിലെ സ്ക്രീനിലെ ദൃശ്യത്തിന്റെ അനുബന്ധങ്ങളും മറ്റുമുണ്ടെന്നതാണ് സവിശേഷത. നമ്മൾ തീവണ്ടിയിൽ സഞ്ചരിക്കുന്നതു പോലെയും, സിനിമാശാല തീവണ്ടി ആയതുപോലെയും തോന്നിയ്ക്കും.

സലാദിനിലെയും മസ്രെയയിലെയും അലെക്സാണ്ട്രിയ ഫോറെവറിലെയും ദൃശ്യങ്ങൾ ഉണ്ട്. സാവിരിസ് ഫൗണ്ടേഷനാണ് ഈ പ്രതിഷ്ഠാപനം ഒരുക്കൂട്ടിയിരിക്കുന്നത്. യൂസുഫ് ശാഹീൻ ഈജിപ്ഷ്യൻ സിനിമയെ പ്രതിബിംബങ്ങളുടെയും മനുഷ്യരുടെയും അവരുടെ ജീവപ്രപഞ്ചങ്ങളുടെയും അതിന്റെ വൈരുദ്ധ്യങ്ങളുടെയും അനന്തമായ ഭാവനകളുടെയും പിരമിഡുകളാക്കി ലോകത്തോളം ഉയർത്തിയ മഹാപ്രതിഭയാണ്.

1958ൽ ഇറങ്ങിയ യൂസുഫ് ശാഹീന്റെ കൈറോ സ്‌റ്റേഷൻ എന്ന സിനിമയ്ക്ക് ഇരുമ്പു കവാടം (ബാബുൽ ഹദീദ്) എന്ന ഒരു പേരു കൂടിയുണ്ട്. സിനിമയുടെ മുഴുവൻ സമയവും കൈറോ റെയിൽവേ സ്‌റ്റേഷനിലാണ് കഥ നടക്കുന്നത്. (കൈറോ സ്‌റ്റേഷൻ സംബന്ധമായ വിശദവിവരങ്ങൾ ഈ പരമ്പരയുടെ പത്തൊമ്പതാം അദ്ധ്യായത്തിൽ എഴുതിയിരുന്നു)

പലസ്തീൻ നോട്ടങ്ങൾ (വിൻഡോ ഓൺ പലസ്തീൻ) എന്ന വിഭാഗത്തിൽ ഏഴു പുതിയ ഹ്രസ്വ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. വിൻഡോ ഓൺ പലസ്തീന്റെ മൂന്നാമത്തെ എഡിഷനാണ് എട്ടാമത് എൽഗോന മേളയിലുണ്ടായിരുന്നത്. ഇത് ഇനിയുള്ള വർഷങ്ങളിലുമുണ്ടാവും. പലസ്തീൻ പോരാട്ടത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനാണ് ഈ വിഭാഗം ഏർപ്പെടുത്തിയിരിക്കുന്നത്.മഹ്ദി ഫീഫെലിന്റെ ഈ ലോകം നമ്മുടേതല്ല (എ വേൾഡ് നോട്ട് ഔവേഴ്‌സ്, 2012) എന്ന പ്രസിദ്ധമായ പലസ്തീനിയൻ ഡോക്കുമെന്ററി ആയിരുന്നു ഈ വിഭാഗത്തിലെ മുഖ്യ ആകർഷണം. ബെർലിനാലെ സമാധാന സമ്മാനം ലഭിച്ച ഈ സിനിമയ്ക്ക് മുപ്പതോളം മറ്റ് അവാർഡുകളും ലഭിച്ചിട്ടുണ്ട്. തെക്കേ ലെബനണിലെ അയിൻ എൽ ഹെൽവേ എന്ന അഭയാർത്ഥി ക്യാമ്പിലെ ജീവിതമാണ് നർമ്മം കലർത്തി ഈ സിനിമയിലാവിഷ്‌ക്കരിക്കുന്നത്. സമൂഹം, ഒത്തു ചേർന്നു നില്ക്കൽ, സൗഹൃദം എന്നിങ്ങനെ ഏത് അസാധാരണ സാഹചര്യത്തിലും ജീവിതം സാധ്യമാക്കുന്ന മനുഷ്യാധുനികതകളുടെ അനിവാര്യത തെളിയിക്കുന്ന സിനിമയാണിത്. പ്രായം ചെന്നവർ മരിക്കും, ചെറുപ്പക്കാരാവട്ടെ എല്ലാം മറക്കുകയും ചെയ്യും. എന്ന ഓർമ്മയുടെ വിനാശത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൊണ്ടാണ് ഈ സിനിമ ശ്രദ്ധേയമാകുന്നത്.

ഫിപ്രെസ്‌കി എന്ന ചലച്ചിത്ര നിരൂപകരുടെ അന്താരാഷ്ട്ര സംഘടനയ്ക്ക് ഈ വർഷം നൂറു വയസ്സു തികഞ്ഞു. ലോകത്തു നടക്കുന്ന മിക്കവാറും എല്ലാ പ്രമുഖ മേളകളിലും ഫിപ്രെസ്‌കിയുടെ സാന്നിദ്ധ്യമുണ്ട്. ഫിപ്രെസ്‌കിയുടെ നൂറാം വർഷത്തിൽ ചലച്ചിത്ര നിരൂപണം എന്ന വിഷയത്തിൽ എൽഗോനയിൽ സംവാദം നടന്നു. ഫിപ്രെസ്‌കി അന്താരാഷ്ട്ര പ്രസിഡണ്ടും ഈജിപ്തുകാരനുമായ അഹ്‌മ്മെദ് ഷോക്കി, നിരൂപകരായ ഓല സാൽവ, ദുബ്രാവ്ക ലാകിസ് എന്നിവരും കൈറോ മേളയുടെ ഡയരക്ടറായ മൊഹമ്മദ് താരെക്കും സംവാദത്തിൽ പങ്കെടുത്തു. ചലച്ചിത്രകാരർക്കു വേണ്ടിയല്ല, ഞങ്ങൾ പ്രേക്ഷകർക്കു വേണ്ടിയാണ് എഴുതുന്നതെന്ന് അഹ്‌മ്മെദ് ഷോക്കിയും സിനിമയോടുള്ള പ്രണയമാണ് അതിന്റെ നിർമ്മാണത്തിലും നിരൂപണത്തിലും കാണാവുന്നതെന്ന് ലാകിസും പറഞ്ഞു.


ഈ പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.