ഹരിയാന വിദ്യാർത്ഥികളുടെ സോഷ്യൽ മീഡിയ, കേരളത്തിലെ മാധ്യമങ്ങൾ; ഒരു വിരോധാഭാസ ചിത്രം
ഈ ലക്കം കാലിഡോസ്കോപ്പിൽ രണ്ടു വിഷയങ്ങളാണ് വായനക്കാരോട് പങ്ക് വയ്ക്കുന്നത്. ആദ്യത്തേത് സഹ്യന് അപ്പുറത്ത് നിന്നുമാണ്.
രാജ്ഭവനുകളിൽ ഭാരതാംബയെ കാവിചേല ചുറ്റി പൂജിക്കുന്ന സംഘപരിവാരം, അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ത്രീത്വത്തെ ഏതു വിധത്തിലാണ് പരമാവധി അപമാനിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് ആദ്യ സംഭവം. ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലെ മഹാഋഷി ദയാനന്ദ് സർവ്വകലാശാലയിലെ ശുചീകരണ തൊഴിലാളികളായ സ്ത്രീകളോടാണ് അവരുടെ ആർത്തവകാലം തെളിയിക്കാൻ സാനിറ്ററി പാഡുകളുടെ ഫോട്ടോ സമർപ്പിക്കണമെന്ന് സർവ്വകലാശാലയിലെ സൂപ്പർവൈസർമാരായ ജിതേന്ദ്രയും വിനോദും ആവശ്യപ്പെട്ടത്. ആർത്തവകാലമാണെന്ന് കള്ളം പറഞ്ഞ് ശുചീകരണ തൊഴിലാളികൾ അവധിയെടുക്കുന്നത് തടയാനാണത്രെ ഈ മൃഗീയ വിനോദം സൂപ്പർവൈസർമാർ നടപ്പാക്കിയത്. ശുചീകരണ തൊഴിലാളികൾ ദളിത് വിഭാഗത്തിൽ പെട്ടവരായത് കൊണ്ട് ഇത്തരം മേൽജാതിക്കാരായ സൂപ്പർവൈസർമാർക്ക് അധികാരികളുടെ പിന്തുണയും ലഭിച്ചു. സ്ത്രീ-പുരുഷ സമത്വത്തിന്റെ വക്താവായിരുന്ന ദയാനന്ദ് സരസ്വതിയുടെ പേരിലുള്ള ഒരു സ്ഥാപനത്തിലാണ് ഇതൊക്കെ നടക്കുന്നതെന്നത് വിരോധാഭാസം മാത്രം. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ സർവ്വകലാശാല അധികൃതർ ഇതെഴുതും വരെ തയ്യാറായിട്ടില്ല. ഹരിയാന ഗവർണ്ണർ ആഷിം കുമാർ ഘോഷ് സർവ്വകലാശാല സന്ദർശിക്കുന്ന ദിവസങ്ങളിൽ തന്നെ ഈ സംഭവം ഉണ്ടായിയെന്നതാണ് ഏറ്റവും പരിഹാസ്യമായ കാര്യം.

സർവ്വകലാശാലയിലെ ഒരു കൂട്ടം വിദ്യാർത്ഥികളാണ് ഈ കൊടും കൃത്യം അധികാരികളെ അറിയിച്ചതും സമൂഹമാധ്യമങ്ങളിലൂടെ പുറം ലോകത്ത് എത്തിച്ചതും. സർവ്വകലാശാലയ്ക്ക് പുറത്തുള്ള ചില ദളിത് സംഘടനകൾ വിഷയം ഏറ്റെടുത്തതോടെ പോലീസ് അധികാരികൾക്ക് അന്വേഷിക്കാതെ തരമില്ലെന്നായി. സർവ്വകലാശാലയുടെ അന്തസ്സിന് ഹാനികരമാകാതെ അന്വേഷിക്കണമെന്ന നിർദ്ദേശമാണ് സ്റ്റേഷൻ ഹൗസ് ഓഫീസറായ ഇൻസ്പക്ടർ റോഷൻലാലിന് മേലധികാരികളിൽ നിന്നും ലഭിച്ചത്.
റോഹ്തക്ക് പൊലീസ് സൂപ്രണ്ട് സുരീന്ദർ സിംഗ് ഭോരിയയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനാണ് ഇപ്പോൾ അന്വേഷണ ചുമതല. എന്തിനും ഏതിനും പ്രതികരിക്കുന്ന ഹരിയാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേണു ഭാട്ടിയ ഈ വിഷയത്തിൽ ഇതു വരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ബി.ജെ.പിയുടെ സജീവ പ്രവർത്തകയായ രേണു ഭാട്ടിയ, ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു എന്ന ഒറ്റകാരണത്തിന് അശോക യൂണിവേഴിസിറ്റിയിലെ പ്രൊഫസർ അലി ഖാൻ മെഹമൂദാബാദിനെതിന്റെ അറസ്റ്റിൽ മുഖ്യ പങ്കു വഹിച്ചയാളാണ് താനും.
ബീഹാർ തെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാൻ പൊതു ഖജനാവിലെ പണം വാരിയെറിഞ്ഞ ബി.ജെ.പി കേന്ദ്രനേതൃത്വം ഈ വിഷയത്തിൽ ഇതു വരെ പ്രതികരിക്കാത്തതിൽ ഈ ലേഖകന് യാതൊരു അത്ഭുതവുമില്ല. മനുസ്മൃതിയിൽ വിശ്വസിക്കുന്ന സംഘപരിവാരത്തിന് സ്ത്രീയെന്നതു വെറും ഉപകരണമാണ്. അധികാരത്തിന് വേണ്ടി അവർ തരാതരം പോലെ സ്ത്രീത്വത്തെ ഉപയോഗിക്കും. ഹരിയാനയിലെ ജാതി രാഷ്ട്രീയത്തിന്റെ ഇരകളായി ഇന്നും അടിത്തട്ടു ജോലികൾ മാത്രം ചെയ്യുന്ന ദളിതരോട് ബ്രാഹ്മണ്യത്തിന്റെ അപ്പോസ്തലന്മാരിൽ നിന്നും നീതി പ്രതീക്ഷിക്കേണ്ടതില്ല.കോരന്റെ കഞ്ഞി കുമ്പിളിൽ തന്നെ വിളമ്പണമെന്നതാണ് സംഘപരിവാര രാഷ്ട്രീയത്തിന്റെ അടിസ്ഥാന പ്രമാണം. കൊല്ലും കൊലയും ഇന്നും നിർബാധം തുടരുന്ന ഹരിയാന രാഷ്ട്രീയത്തിൽ ആർത്തവ രാഷ്ട്രീയത്തിന്റെ നാളുകളാണ് ഇനി വരാൻ പോകുന്നത്.
രണ്ടാമത്തെ വിഷയം കേരളത്തിലെ മാധ്യമങ്ങളെ കുറിച്ചാണ്. ശോചനീയമാണ് അവസ്ഥ. ഒരു കള്ളൻ നാട്ടിലെ മുഴുവൻ ബാങ്കുകളേയും പറ്റിച്ച് ശബരിമലയിൽ കൊണ്ടു വന്ന് സ്ഥാപിച്ച സ്വർണ്ണം മറ്റൊരു കള്ളൻ കട്ടോണ്ടു പോയി. ഒരു വമ്പൻ മോഷണം. പമ്പ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഒരു സർക്കിൾ ഇൻസ്പക്ടർ അന്വേഷിക്കേണ്ട കേസ്. അതിന് വേണ്ടി കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ മുൻ പേജുകളും സെന്റർ പേജുകളും ദിവസങ്ങളോളം ഉപയോഗിച്ചത് കാണുമ്പോൾ ലജ്ജ തോന്നുകയാണ്. ദേവന്റെ മുതൽ കട്ടു എന്നു എഴുതിയ പേനയുന്തുകാർ പോലുമുണ്ട്. ഇതേ ദിവസങ്ങളിൽ തന്നെ കേരളത്തിൽ മറ്റൊരു കാര്യം നടക്കുന്നുണ്ടായിരുന്നു. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ നിന്ന് ജീവൻ രക്ഷാ ഉപകരണങ്ങളും അടിയന്തര ശസ്ത്രക്രിയയ്ക്ക് ആവശ്യമായതുമായ ഉപകരണങ്ങളും മരുന്നു കമ്പനികളുടെ ഗുണ്ടകൾ തിരികെ പറക്കുകയായിരുന്നു. ആയിരക്കണക്കിന് ശസ്ത്രക്രിയകളാണ് മുടങ്ങിയത്. എത്ര പേർ മരിച്ചുവെന്നതിന് കണക്കുകളില്ല. ഒരു പത്രത്തിന്റേയും ഒന്നാം പേജിൽ ഈ വാർത്ത വന്നില്ല.ചരമ കോളത്തിന് ലഭിക്കുന്ന പ്രാധാന്യം പോലും പത്രങ്ങൾ ഈ വാർത്തയ്ക്ക് നൽകിയില്ല.

ഇതേ അവസ്ഥയാണ് കർണ്ണാടകയിലെ പാവപ്പെട്ട കർഷകന്റെ കൃഷി ഭൂമി ചുളുവിലയ്ക്ക് തട്ടിയെടുത്ത് ഭൂമി കുംഭകോണം നടത്തിയ ശേഷം കേരളത്തിൽ വന്ന് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റായി വിരാജിക്കുന്ന രാജീവ് ചന്ദ്രശേഖറിനെ സംബന്ധിച്ച വാർത്തകളുടേയും സ്ഥിതി. കേരളത്തിലെ ഒരു ചാനൽ തെളിവുകൾ നിരത്തി വാർത്ത നൽകിയിട്ടും കേരളത്തിലെ മുഖ്യധാരാ പത്രങ്ങൾ ഇത് കണ്ട മട്ട് നടിച്ചിട്ടില്ല. ഒരു വരി വാർത്ത പോലും നൽകിയിട്ടുമില്ല. എന്തു വാർത്താ സംസ്കാരമാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്? രാവിലെ എട്ടു രൂപ നൽകി പത്രം വാങ്ങുന്നവന്റെ അറിയാനുള്ള അവകാശത്തെയാണ് ഇവർ ഹനിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ദർഘാസ് പരസ്യങ്ങൾ മുടങ്ങി പോകുമോയെന്ന പേടിയാണോ അതോ മറ്റേ ചാനൽ നൽകിയ വാർത്ത തങ്ങൾ ഏറ്റു പിടിക്കണ്ടെന്ന തരം താഴ്ന്ന വാർത്താ സംസ്കാരമോ? രണ്ടായാലും ഏറ്റവും മോശമായ പ്രവണതയാണ്. ഒരു വൻകിട തട്ടിപ്പ് നടത്തിയ ശേഷം ഒരു രാഷ്ട്രീയ പാർട്ടിയുടെ തലപ്പത്ത് വന്ന് അധികാരകേന്ദ്രങ്ങളിൽ ഇടപെടുന്ന ഒരാളുടെ പൊളളത്തരം ജനങ്ങളെ അറിയിക്കാനും അതു വഴി ജനങ്ങൾക്ക് സ്വയം പ്രതിരോധം തീർക്കാനുള്ള അവസരമാണ് ഈ പത്രങ്ങൾ നഷ്ടപ്പെടുത്തുന്നത്. ഉത്തരേന്ത്യൻ ഗോഡി മീഡിയയുടെ നിലവാരത്തിലേക്ക് ഇവർ താഴ്ന്നു. പത്രസമ്മേളനത്തിൽ മുഴുവൻ പത്രപ്രതിനിധികൾക്കും ഭ്രാന്താണെന്ന് ആംഗ്യ വിക്ഷേപം നടത്തിയ രാജീവ് ചന്ദ്രശേഖറിന്റെ നിലവാരം നമുക്ക് മനസ്സിലാകും. ഒരു മൂന്നാംകിട രാഷ്ട്രീയക്കാരനിൽ നിന്നും ഇതിൽ കൂടുതലൊന്നും കേരളം പ്രതീക്ഷിക്കുന്നുമില്ല. പക്ഷേ ഈ അവഹേളനം ജനമധ്യത്തിൽ തുറന്നു കാണിക്കാനുള്ള ആർജ്ജവം ഇന്നാട്ടിലെ പത്രങ്ങൾ കാണിക്കണം. പോത്തൻ ജോസഫും ടി.ജെ.എസ് ജോർജ്ജും ടി.എൻ ഗോപകുമാറുമൊക്കെ നമ്മുടെ മുമ്പേ പറന്ന പക്ഷികളാണെന്ന ബോധം മാധ്യമ പ്രവർത്തർക്കും ഉണ്ടാകണം. കളിയല്ല കാര്യം.
ഈ പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.





