ഒരു ഇടവേളക്കുശേഷം ജി.പി രാമചന്ദ്രന്റെ ഈജിപ്ത് യാത്രാക്കുറിപ്പുകൾ പുനരാരംഭിക്കുകയാണ്. കഴിഞ്ഞ 21 അധ്യായങ്ങളിൽ ഈജിപ്തിന്റെ വിവിധ ഭാഗങ്ങളിലൂടെ നടത്തിയ യാത്രകളുടെ വിവരണമാണ് ജി.പി രാമചന്ദ്രൻ അവതരിപ്പിച്ചത്. ഇനിയുള്ള ചില അധ്യായങ്ങൾ ഈജിപ്തിലെ എൽഗോന ഫിലിം ഫെസ്റ്റിവലിൽ ഫിപ്രെസ്‌കി ജൂറിയായി പങ്കെടുക്കുന്നതിന്റെ അനുഭവവും മറ്റ് അനുബന്ധ ചിത്രങ്ങളുമാണ് അവതീർണമാവുന്നത്.
കഴിഞ്ഞ അദ്ധ്യായത്തിൽ സൂചിപ്പിച്ചതു പോലെ, എട്ടാമത് എൽഗോന ഫിലിം ഫെസ്റ്റിവലിൽ ഫിപ്രെസ്കി ജൂറി ആയി പങ്കെടുക്കുകയാണ് ഞാൻ. ഈജിപ്തിലെ ചെങ്കടൽ തീരത്തുള്ള എൽഗോന എന്ന നഗരത്തിലെ മൂവെൻപിക്ക് എന്ന പഞ്ചനക്ഷത്ര റിസോർട്ടിലിരുന്നാണ് ഈ കുറിപ്പ് എഴുതുന്നത്. ഈ റിസോർട്ടും ഇവിടെയുള്ള കുറച്ചേറെ ഹോട്ടലുകളും മാത്രമല്ല പഞ്ചനക്ഷത്ര നിലവാരത്തിലുള്ളത്. ഈ നഗരം തന്നെ ഒരു പഞ്ചനക്ഷത്ര നഗരമാണെന്ന് പറയാം. ഇവിടെ സ്വന്തമായി വീടുകളുള്ളത് ഈജിപ്തിലെയും യൂറോപ്പിലെയും അമേരിക്കയിലെയും സമ്പന്നർക്കാണ്. ഗൾഫ് മേഖലയിൽ നിന്നുള്ള സമ്പന്നരായ അറബികൾ അധികവും അലെക്സാണ്ട്രിയ-മെർസാ മെത്രൂഹ് പാതയോരത്തുള്ള മെഡിറ്ററേനിയൻ തീരത്തെ സമ്പന്നഗൃഹങ്ങളുടെ ഗെയിറ്റഡ് കമ്യൂണിറ്റികൾ ആണ് തെരഞ്ഞെടുക്കുന്നത് എന്നാണ് പരിചയമുള്ളവർ പറയുന്നത്. കൈറോവിലെ ഇന്ത്യൻ എംബസിയിൽ ജോലി ചെയ്യുന്ന ഈജിപ്ത്കാരിയായ ഒരു ജീവനക്കാരി ഇക്കാര്യം എന്നോട് നേരിട്ട് പറഞ്ഞു. അവരുടെ പേര് ചോദിച്ചിരുന്നെങ്കിലും മറന്നുപോയി. ചിരിച്ചു കൊണ്ട് അവർ പറഞ്ഞു: എനിയ്ക്കും മെർസാ മെത്രൂഹിനോട് ചേർന്ന് ഒരു വേനൽക്കാലഗൃഹമുണ്ട്. രണ്ടു മാസം അവിടെ പോയി താമസിക്കും. കൈറോയുടെ സമീപത്തുള്ള പുതിയ നഗരമായ ഒക്ടോബർ സിക്സ് സിറ്റിയിൽ നിന്ന് മെർസാ മെത്രൂഹിലേയ്ക്ക് അടുത്ത ദിവസം തന്നെ ഹൈ സ്പീഡ് ട്രെയിൻ ആരംഭിക്കാൻ പോകുകയാണ്. ഗിസയിലെ ഗ്രാന്റ് ഈജിപ്ഷ്യൻ മ്യൂസിയവും ഈ ഹൈസ്പീഡ് ട്രെയിനുമായിരിക്കും അടുത്ത വർഷങ്ങളിലെ എറ്റവും പ്രധാനമായ ആകർഷണാനുബന്ധങ്ങൾ.

ഒക്ടോബർ 15ന് പുലർച്ചെ ഇവിടെ എത്തി. കൊച്ചിയിൽ നിന്ന് ദുബൈ വഴി കൈറോയ്ക്കുള്ള വിമാനയാത്ര എമിറേറ്റ്സിലാണ് ഫെസ്റ്റിവൽ അധികൃതർ ഒരുക്കിയിരുന്നത്. മുമ്പും എമിറേറ്റ്സിൽ യാത്ര ചെയ്തപ്പോൾ ലഭിച്ച സേവനമേന്മ ഇക്കുറിയും ലഭ്യമായി. ഫ്ലൈ ദുബൈ, എയർ അറേബ്യ പോലുള്ള ബഡ്ജറ്റ് എയർലൈൻസുകളെക്കാളും മികച്ച നിലവാരമാണ് എല്ലാക്കാര്യത്തിലും എമിറേറ്റ്സ് പുലർത്തുന്നത്. ഖത്തർ എയർവേയ്സ് പൊതുവേ ഭേദമാണെങ്കിലും കഴിഞ്ഞ ഈജിപ്ത് യാത്രയിലുണ്ടായ ചില കല്ലുകടികൾ കാരണം അവരെ ഒഴിവാക്കണമെന്ന് ഞാൻ ഫെസ്റ്റിവൽ പ്രതിനിധികളോട് പറഞ്ഞിരുന്നു. കൈറോവിൽ ഇമിഗ്രേഷനും വിസ പരിശോധനയുമെല്ലാം എളുപ്പത്തിൽ നടന്നു. ലുഖ്മാൻ നിരന്തരം വിളിച്ചു കൊണ്ടിരുന്നു. പല സഹായങ്ങളും മാർഗനിർദ്ദേശങ്ങളും അദ്ദേഹമാണ് നല്‍കിയത്. കൈറോവിൽ ടെർമിനൽ മാറേണ്ടതുണ്ട്. ദുബൈയിലോ സിങ്കപ്പൂരിലോ ഉള്ളതുപോലെ മെട്രോ ഒന്നും കയറണ്ട. എന്നാൽ, ഇറങ്ങിയ ടെർമിനലിൽ നിന്ന് പുറത്തുകടന്നപ്പോൾ ഒരാൾ ഒപ്പം വന്ന് ഇന്ത്യ ഐ ലവ് എന്നെല്ലാം പറഞ്ഞ് സഹായിക്കാൻ പിറകെക്കൂടി. എനിയ്ക്ക് ഹുർഗാദ വിമാനത്തിൽ കയറേണ്ട ടെർമിനലിന്റെ കവാടം വരെ അദ്ദേഹം വന്നു. ഒരു ഡോളർ കൊടുത്തു. നിലവിലുള്ള ഒരു കാര്യം അല്ലെങ്കിൽ അറിവ് തന്നെയാണ് അദ്ദേഹം പറഞ്ഞു തന്നത്. എങ്കിലും അതിനുള്ള കൂലിയായി ഒരു ഡോളർ കൊടുത്തപ്പോൾ ഞാൻ ഗ്രീക്ക് മാസ്റ്ററായ തിയോ ആഞ്ചലോപൗലോയെ ഓർത്തു.
തന്റെ ‘എറ്റേണിറ്റി ആന്റ് എ ഡേ’ എന്ന സിനിമയിലെ മുഖ്യ കഥാപാത്രമായ മുതിർന്ന കവി അലെക്‌സാണ്ട്രോസ്, തുടർച്ചയായ യാത്രയ്ക്കിടയിൽ താൻ തിരഞ്ഞുകൊണ്ടിരിക്കുന്ന വാക്ക് ആരെങ്കിലും പറഞ്ഞാൽ ഉടനെ അയാൾക്ക് ഒരു ഡോളർ കൊടുക്കും. ആ വാക്ക് കിട്ടാത്തതു കൊണ്ട് അദ്ദേഹം എഴുതുന്ന കവിത നിന്നു പോയിട്ടുണ്ടാവും. ആ വാക്ക് മറ്റൊരാളിൽ നിന്ന് ലഭിക്കുന്നതോടെ കവിത തുടരുന്നു. നിലവിലുള്ള വാക്കുകൾ കൊണ്ട് കവിത എഴുതുമ്പോൾ അത് കവിയുടേതായി തീരുന്നുണ്ട്. പിന്നീട് ആസ്വാദനത്തിലൂടെ വായനക്കാരന്റെയും. ഈ കൈമാറ്റത്തിന്റെ വിലയാണ് ഒരു ഡോളർ. കൈറോവിലും എന്റെ കാര്യത്തിൽ സംഭവിച്ചത് സമാനമായ കാര്യമാണ്. ടെർമിനൽ മൂന്നിൽ നിന്ന് രണ്ടിലേയ്ക്ക് പോകേണ്ടതുണ്ട്. സമയമൊക്കെ അത്യാവശ്യത്തിനുണ്ട്. വഴിയടയാളങ്ങൾ ഇംഗ്ലീഷിലും അറബിയിലും ഫ്രഞ്ചിലുമെല്ലാം എഴുതിയിട്ടുണ്ട്. എന്നാലും തപ്പിത്തടയാനും വഴി തെറ്റാനുമൊക്കെ സാധ്യതകൾ ഉണ്ട്. അവിടെ ആണ് ഒരാൾ വഴിയുടെ സഹായവുമായെത്തുന്നത്. മനുഷ്യാനന്തര കാലത്തേയ്ക്ക് അതിവേഗം കുതിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കടന്നുവരുന്ന മാനുഷികസ്പർശങ്ങളായും ഈ അനൗപചാരിക (ഇൻഫോമൽ) സേവനങ്ങളെ കണക്കാക്കാം.
കൈറോവിൽ നിന്ന് ഹുർഗാദയിലേയ്ക്ക് ഒരു മണിക്കൂറാണ് യാത്രാസമയം. ഹുർഗാദ ചെറിയ വിമാനത്താവളമാണെങ്കിലും അന്താരാഷ്ട്ര സർവീസുകൾ ധാരാളം നടത്തുന്നുണ്ട്. അധികവും വിനോദസഞ്ചാരികൾ ആണ് വരുന്നതെന്നു തോന്നുന്നു. ഹുര്‍ഗാദയും ചെങ്കടല്‍ തീരത്തു തന്നെയുള്ള നഗരമാണ്. ഹുർഗാദയിൽ ഇറങ്ങുന്നിടത്ത് തന്നെ എൽഗോന മേളയുടെ പ്രതിനിധി പ്ലക്കാർഡുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. ലണ്ടൻ കാബ് എന്നു പേരുള്ള വൈദ്യുതികാറുകൾ ആണ് എൽഗോന മേളയുടെ ഔദ്യോഗിക വാഹനങ്ങൾ ആയി ഓടുന്നത്. ടൈ കെട്ടി സ്യൂട്ടണിഞ്ഞവരും അല്ലാത്തവരുമായ സാരഥികൾ വോളണ്ടിയർമാരുടെ നിർദ്ദേശമനുസരിച്ച് ഫെസ്റ്റിവൽ അതിഥികളെ എല്ലായിടത്തും എത്തിയ്ക്കും. അബു ഗലി എന്ന കമ്പനിയുടെ ബ്രാന്റാണ് ലണ്ടൻ കാബ്.

ഹുർഗാദയിൽ നിന്ന് ഇരുപത്തഞ്ച് കിലോമീറ്റർ ദൂരമാണ് എൽഗോനയിലേയ്ക്കുള്ളത്. ലഗൂൺ എന്നാണ് ഗോന എന്ന അറബി വാക്കിന്റെ അർത്ഥം. ‘അൽ’ എന്നോ ‘എൽ’ എന്നോ അറബി വാക്കുകൾക്ക് മുമ്പായുണ്ടാവും. അങ്ങനെയാണ് എൽ ഗോന എന്ന പേരു വരുന്നത്. കടലിനോട് ചേർന്നും കടലിലേയ്ക്ക് തള്ളിയും കടലിങ്ങോട്ട് കടന്നുകയറിയും അപ്രകാരം പരന്നു കിടക്കുന്ന കായലുകളും ചതുപ്പുനിലങ്ങളും പൊയ്കകളും എല്ലാമാണ് ഇവിടെ ഉള്ളത്. ഈ പ്രദേശം ഈജിപ്തിലെ ശതകോടീശ്വരന്മാരായ സാവിരിസ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒറാസ്കോം ഡെവലപ്മെന്റ് കമ്പനിയാണ് കഴിഞ്ഞ മുപ്പത്തഞ്ചു കൊല്ലം കൊണ്ട് ഇപ്പോൾ കാണുന്നതു പോലെയുള്ള ഒരു വിസ്മയ നഗരമാക്കി മാറ്റിയിരിക്കുന്നത്.
ഹോട്ടലുകളും ഹോസ്റ്റലുകളും വീടുകളും മറീനകളും വിദ്യാലയങ്ങളും ആശുപത്രികളും കടകളും ആരാധനാലയങ്ങളും കളിസ്ഥലങ്ങളും ലൈബ്രറിയും എല്ലാമുള്ള എൽഗോനയുടെ എൻട്രി പോയന്റുകളിൽ കർശനമായ പരിശോധനകൾക്കു ശേഷമേ ആരെയും കടത്തിവിടുകയുള്ളൂ. റിസർവേഷൻ അല്ലെങ്കിൽ ഇൻ വിറ്റേഷൻ നിർബന്ധമാണ്. ഓരോ ഹോട്ടലിലും റിസോർട്ടിലും ഗേറ്റിലെത്തുമ്പോൾ ഇതേ പരിശോധന ആവർത്തിക്കും. റൂം നമ്പർ പറഞ്ഞാലേ കടത്തിവിടൂ. എപ്പോഴും വോളണ്ടിയർമാരും ഡ്രൈവർമാരും കൂടെയുള്ളതുകൊണ്ട് ഈ യാത്രയിൽ അതൊരു വിഷമമായി തോന്നിയില്ല.

എല്ലായിടത്തും കടൽ അഭിമുഖമായുണ്ട്. നിയന്ത്രിതമായ രീതിയിൽ കടലിലിറങ്ങി കുളിക്കാം. സമുദ്രവിനോദങ്ങളുടെ നിരവധി സാധ്യതകളുള്ള അനേകം ബീച്ചുകളാണിവിടെയുള്ളത്. എല്ലാ നിർമ്മാണപ്രവൃത്തികളും ഒറാസ്കോം തന്നെ ആണ് ചെയ്യുക. മധ്യകാല ഈജിപ്ഷ്യൻ ഗ്രാമങ്ങളുടെ ശൈലിയിലുള്ള കെട്ടിടങ്ങളാണധികവും . നൂബിയ ഗ്രാമങ്ങളുമുണ്ട്. ഫെസ്റ്റിവലിന്റെ മുഖ്യവേദിയായ പ്ലാസ ഒരു പടുകൂറ്റൻ സാംസ്കാരിക നിലയത്തിനകത്താണ്. കർണക് ക്ഷേത്രത്തെ ചില നിലയിൽ ഓർമ്മിപ്പിച്ച ഈ നിർമ്മിതിയുടെ ചുറ്റുഭാഗത്തും തടാകങ്ങളാണ്. മുകളിൽ തുറന്ന വേദിയിലാണ് ഉദ്ഘാടന-സമാപന ച്ചടങ്ങുകളും വൈകുന്നേരത്തെ സിനിമാപ്രദർശനങ്ങളും നടക്കുന്നത്. ചർച്ചകളും സെമിനാറുകളും പ്രദർശനങ്ങളുമെല്ലാം ഇവിടെ തന്നെ.
ഈജിപ്തിലെ അതിസമ്പന്നരും യൂറോപ്യൻ നാടുകളിൽ നിന്നുള്ള വിനോദസഞ്ചാരികളുമാണ് പ്രധാനമായും എൽഗോനയിലെത്തുന്നത്. ആൽഫ്രെഡോ ഫ്രെഡ, മിഷേൽ ഗ്രേവ്സ് എന്നീ യൂറോപ്യൻ/അമേരിക്കൻ ആർക്കിടെക്റ്റുകളാണ് എൽഗോനയിലെ കെട്ടിടങ്ങളും മറ്റും ഡിസൈൻ ചെയ്തിരിക്കുന്നത്.

2021ൽ എൽഗോന മേള ആരംഭിക്കുന്നതിന്റെ തലേന്ന് പ്രധാന ഫെസ്റ്റിവൽ പ്ലാസയിൽ വൻ തീപ്പിടുത്തമുണ്ടായി. കാര്യമായ ആളപായമൊന്നുമുണ്ടായില്ല. എന്നാൽ അത്ഭുതകരമെന്ന് പറയട്ടെ ഏഴോ എട്ടോ മണിക്കൂറുകൾ കൊണ്ട് ഇങ്ങനെയൊരു തീപ്പിടുത്തം നടന്നതേയില്ല എന്നു തോന്നിക്കുന്ന വിധത്തിൽ എല്ലാം പഴയതുപോലെ ഒറാസ്കോം പുനർനിർമ്മിച്ചു. ഇത് നേരിൽ കണ്ട ഒരു വോളണ്ടിയർ ഇക്കാര്യം എന്നോട് നേരിൽ പറഞ്ഞു.
പഴമ തോന്നിക്കുമെങ്കിലും എല്ലാ നിലയ്ക്കും ഭാവിയുടെ നഗരമാണ് എൽഗോന. സമ്പന്നരുടെ സ്വകാര്യസ്വത്ത് അവരുടേതായ നിർമ്മിത നിയമങ്ങളും മര്യാദകളും പെരുമാറ്റച്ചട്ടങ്ങളും വാസ്തുശില്പാകൃതികളും അടിസ്ഥാനപ്പെടുത്തി ചെലവഴിക്കാനുള്ള ഒരു നിയോലിബറൽ സാധ്യതയും യാഥാർത്ഥ്യവുമാണ് എൽഗോന.
എൽഗോനയിലെ ഉൾക്കടലുകളിലൂടെയും കായലുകളിലൂടെയും പുറം കടലിലൂടെയുമുള്ള ലഗൂൺ ട്രിപ്പ് തികച്ചും ഉന്മേഷം പകരുന്നതായിരുന്നു. മൂവെൻപിക്ക് ഹോട്ടലിലെ ലോബിയിൽ ഇവിടത്തെ വിനോദ/സഞ്ചാര സാധ്യതകളുടെ നിരവധി ഓപ്ഷനുകൾ ലഘുലേഖകളിലൂടെയും കമ്പ്യൂട്ടർ സ്ക്രീനുകളിലൂടെയും നിരത്തിവെച്ചിട്ടുണ്ട്. ഓർഡറുകൾ സ്വീകരിക്കാൻ വിവിധ ഓപ്പറേറ്റർമാരുടെ പ്രതിനിധികളും അവിടെ ഇരിക്കുന്നുണ്ട്. ഡൈവിംഗ്, ഡോൾഫിൻ വിളയാട്ടങ്ങൾ, മരുഭൂമി യാത്ര എന്നിങ്ങനെ പലതുമുണ്ട്. ഇക്കൂട്ടത്തിൽ ലഗൂൺ ട്രിപ്പിൽ ആണ് നിർബന്ധമായും പോകേണ്ടതെന്ന് എനിയ്ക്ക് തോന്നിയത്. എന്നാൽ ഇതിന്റെ വാടക ഒറ്റയ്ക്ക് താങ്ങാവുന്നതായിരുന്നില്ല. മേളയിലെ അതിഥികളിൽ ഒന്നുരണ്ടാളോട് ആരാഞ്ഞെങ്കിലും ആരും കൂടെകൂടാൻ താല്പര്യം കാണിച്ചില്ല. ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂറിന് അമ്പതു യൂറോ ആണ് വാടക. രണ്ടോ മൂന്നോ ആളുണ്ടെങ്കിൽ ആശ്വാസമായിരുന്നു. നടന്നില്ല. അവസാനം ഇതിന്റെ നടത്തിപ്പുകാരനായ കിനോയുമായി വിലപേശൽ ആരംഭിച്ചു. തന്റെ ബെസ്റ്റ് റേറ്റ് എന്ന ടാഗോടെ മുപ്പത്തഞ്ച് യൂറോയ്ക്ക് (മുവ്വായിരത്തഞ്ഞൂറ് ഇന്ത്യൻ രൂപയോളം) കൊണ്ടുപോകാമെന്ന് സമ്മതിച്ചു.
മിന, പിബു എന്ന് പേരുകളുള്ള രണ്ടു സാരഥികളും ഞാനും കൂടി യന്ത്രബോട്ടിൽ യാത്ര പുറപ്പെട്ടു. മൂവെൻപിക്കിലെ ബീച്ചിൽ നിന്ന് കയറി എൽഗോനയിലെ മുന്തിയ ഹോട്ടലായ ഷെറാട്ടണിന്റെ അരുകിലൂടെ ബോട്ട് നീങ്ങി. സ്വകാര്യ ഗൃഹങ്ങളും പല ഹോട്ടലുകളും മറീനകളുമാണ് ലഗൂൺ ട്രിപ്പ് കവർ ചെയ്യുന്നത്. അബു തിഗ് മറീന, ഫനാദിർ മറീന എന്നിവ ഏറ്റവും പ്രധാനപ്പെട്ട മറീനകളാണ്. ഇവിടെ എല്ലാം കടകളും റെസ്റ്റോറന്റുകളും ആണുള്ളത്. എല്ലാം പൊയ്കകളോടോ കടലിനോടോ അഭിമുഖമായാണ് നിർമ്മിച്ചിരിക്കുന്നത്.

കിനോയും മിനയും പിബുവും അടക്കമുള്ള നൂറുകണക്കിന് തൊഴിലാളികളുടെ ഉപജീവന സാധ്യതയുമാണ് എൽഗോന. നിർമ്മാണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതിനാൽ ആ മേഖലയിലെ തൊഴിലാളികൾക്കും ജോലി കിട്ടും. ഇവരിലധികം പേരും ഹുർഗാദയിൽ താമസിച്ച് ദിവസവും വന്നുപോവുകയാണ് ചെയ്യുന്നത്. എൽഗോനയിൽ താമസിക്കാനവരുടെ വരുമാനം കൊണ്ട് സാധിക്കില്ല. എൽഗോനയിലെ മിതമായ വലിപ്പമുള്ള ഒരു വീട്ടുടമ മാസം തോറും മുപ്പതിനായിരം ഈജിപ്ഷ്യൻ പൗണ്ട് മെയിന്റനൻസ് ചാർജായി അധികാരികൾക്ക് കൊടുക്കണം. അതായത് അറുപതിനായിരം ഇന്ത്യൻ രൂപ. ഇവിടത്തെ ജീവിതനിലവാരവും സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും വിലയും ഇതിൽ നിന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. മിനയും പിബുവും കോപ്റ്റിക് കൃസ്ത്യൻ വിഭാഗത്തിൽ പെട്ടവരാണ്. ഈജിപ്തിലെ പ്രധാന ന്യൂനപക്ഷമായ കോപ്റ്റിക് കൃസ്ത്യൻ പള്ളികൾ ഹുർഗാദയിലും എൽഗോനയിലുമുണ്ട്. സാവിരിസ് കുടുംബവും ഇതേ വിഭാഗത്തിൽ പെട്ടവരാണ്.
എൽഗോന ഫിലിം ഫെസ്റ്റിവലിന്റെ വിശേഷങ്ങളും വിശദാംശങ്ങളും അടുത്ത ലക്കത്തിലാണ് വിവരിക്കുന്നത്. എന്നാൽ മേളയ്ക്കിടയിലുണ്ടായതും സിനിമയുമായി പ്രത്യക്ഷ ബന്ധമില്ലാത്തതുമായ ഒരനുഭവം ഇവിടെ തന്നെ പങ്കിടാം. ബഹുമാനപ്പെട്ട ഇന്ത്യൻ അംബാസിഡർ സുരേഷ് കെ റെഡ്ഡി ഐ.എഫ്.എസ് നൽകിയ വിരുന്നിന്റെ കാര്യമാണത്.
പത്തിൽ താഴെ പേർ മാത്രമാണ് ഇന്ത്യക്കാരായി മേളയിലുണ്ടായിരുന്നത്. ഫീച്ചർ നറേറ്റീവ് ജൂറി അംഗം അഭിനേത്രി കനി കുസൃതി, മത്സരവിഭാഗത്തിലുള്ള ഷാഡോ ബോക്സ് എന്ന സിനിമയുടെ സംവിധായകൻ സൗമ്യേന്ദ്ര ശാഹി, ഈ സിനിമയിലെ മുഖ്യ നടി തിലോത്തമ, അവരുടെ ഭർത്താവ്, പ്രോഗ്രാമറായ രാമൻ ചൗള, അദ്ദേഹത്തിന്റെ പത്നി എന്നിങ്ങനെ ഏതാനും പേർ മാത്രമടങ്ങുന്ന ഇന്ത്യക്കാരെയും മേളയുടെ ആർടിസ്റ്റിക് ഡയരക്ടർ മറിയാൻ ഖോലി അടക്കം കുറച്ചാളുകളെയും മാത്രമാണ് വിരുന്നിന് ക്ഷണിച്ചത്. പല വിദേശ യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയുടെ അംബാസഡർമാരിൽ ആരെയെങ്കിലും കാണാനോ അടുത്തിടപഴകാനോ ഇതുവരെയും അവസരങ്ങളുണ്ടായിട്ടില്ല. അതുകൊണ്ടാണ് ഇത് സവിശേഷകരവും അഭിമാനകരവുമായ ഒരു അനുഭവമായി തോന്നിയത്. പതിറ്റാണ്ടുകൾക്കു മുമ്പ് എസ് കെ പൊറ്റെക്കാട് ഈജിപ്ത് യാത്ര നടത്തിയപ്പോൾ കൈറോവിലെ എംബസി സന്ദർശിച്ചതും താമസത്തിനാവശ്യമായ ചില രേഖകൾ സാക്ഷ്യപ്പെടുത്തി വാങ്ങിയതുമെല്ലാം ക്ലിയോപാട്രയുടെ നാട്ടിൽ എന്ന യാത്രാ വിവരണ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.

അബു തിഗ് മറീനയിലുള്ള ചാർലീസ് ഹോട്ട് സ്റ്റോൺ എന്ന റെസ്റ്റോറന്റിലായിരുന്നു വിരുന്ന്. അംബാസഡർ അദ്ദേഹത്തിന്റെ പത്നി, മകൾ എന്നിവരോടൊപ്പം ആണെത്തിയത്. ഫസ്റ്റ് സെക്രട്ടറിയായ ഡോ. പ്രകാശ് ചൗധരി അടക്കം മറ്റുദ്യോഗസ്ഥരുമുണ്ടായിരുന്നു. ചിലരെല്ലാം ഈജിപ്ഷ്യൻ പൗരരാണ്. നൂറുകൊല്ലത്തിലധികം പഴക്കമുള്ള കെട്ടിടത്തിലാണ് കൈറോവിലെ ഇന്ത്യൻ എംബസി പ്രവർത്തിക്കുന്നത്. എസ് കെ പൊറ്റെക്കാട് പോയ അതേ കെട്ടിടം തന്നെ ആയിരിക്കും അത്. ഇന്ത്യൻ കൾച്ചറൽ സെന്റർ വേറെയുമുണ്ട്. ഹൈദരാബാദ് സ്വദേശിയാണ് സുരേഷ് കെ റെഡ്ഡി. അഞ്ചു മാസമേ ആയിട്ടുള്ളൂ ഇവിടെ ചുമതലയേറ്റെടുത്തിട്ട്. ഇതിനു മുമ്പ് ബ്രസീലിലായിരുന്നു. ഇറാഖിലെ അംബാസഡർ ആയിരുന്ന കാലത്താണ് അവിടെ ഐ എസ് ആക്രമണം രൂക്ഷമായത്. അന്ന് തടവിലാക്കപ്പെട്ട മലയാളി നഴ്സുമാരെ രക്ഷിച്ച് നാട്ടിലെത്തിയ്ക്കുന്നതിന് അദ്ദേഹമാണ് നേതൃത്വം നൽകിയതെന്ന് പറഞ്ഞു. ഈ വിഷയത്തിൽ എടുത്തിട്ടുള്ള ടേക്ക് ഓഫ് എന്ന മലയാള സിനിമയുടെ കാര്യം ഞാനും പറഞ്ഞു. ഐഎസ്സിനെതിരെ നേർക്കു നേർ പോരാട്ടം നടത്തുന്ന കുർദ് പാർട്ടികളുടെ നേതാക്കളെയും ബർസാനി, തലബാനി തുടങ്ങിയ ഭരണാധികാരികളെയും തനിയ്ക്ക് പരിചയമുണ്ടെന്നും എർബിൽ, സുലൈമാനി അടക്കമുള്ള കുർദ് നഗരങ്ങൾ സന്ദർശിച്ചതുമെല്ലാം അദ്ദേഹം ഓർമ്മിച്ചു.

എൻ.എഫ്.ഡി സിയുടെ സ്റ്റാൾ മേളയിലുണ്ടായിരുന്നു. എംബസി ഉദ്യോഗസ്ഥരാണ് അതിന്റെ പ്രവർത്തനം നടത്തിയിരുന്നത്. രണ്ടു ദിവസത്തിലധികം സമയം ഇന്ത്യൻ അംബാസിഡർ മേളയിൽ ചെലവഴിച്ചു. ഷാഡോ ബോക്സിന് നെറ്റ്പാക്ക് അവാർഡ് ലഭിച്ചതിന്റെ പിന്നാലെ സംവിധായകൻ സൗമ്യേന്ദ്ര ശാഹിയോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. ഫ്രാൻസ്, ജർമ്മനി എന്നിങ്ങനെ മറ്റു ചില രാജ്യങ്ങളുടെ അംബാസിഡർമാരും എൽഗോന മേളയിലെത്തിയിരുന്നു.
ചെങ്കടൽ തീരത്തു തന്നെയുള്ള ഷർമ് എൽ ഷെയ്ക്ക് എന്ന നഗരവും റിസോർട്ട് രീതിയിൽ വികസിപ്പിച്ചിട്ടുള്ളതാണ്. അന്താരാഷ്ട്ര സമ്മേളനങ്ങളും മറ്റും നടത്തുന്ന ഈ നഗരം സിനായ് പ്രവിശ്യയിലാണുള്ളത്. ഈയടുത്ത ദിവസം അമേരിക്കൻ പ്രസിഡന്റ് ട്രമ്പ് പങ്കെടുത്ത ഗാസയിലെ വെടിനിർത്തൽ കരാർ ഒപ്പിട്ടത് ഇവിടെ വെച്ചാണ്. മാളും മറ്റ് അത്യന്താധുനിക സംവിധാനങ്ങളുമുള്ള ഷർമ് എൽ ഷെയ്ക്കിലും കടൽ ശാന്തവും തെളിമയുള്ളതുമാണ്.

(അടുത്ത ലക്കത്തിൽ: എൽഗോന ചലച്ചിത്ര മേള- മാനവികതയ്ക്കായി സിനിമ)
ഈ പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



