A Unique Multilingual Media Platform

Articles Culture Literature Travel

നജീബ് മഹ്ഫൂസ് – രണ്ടു നാഗരികതകളുടെ മനുഷ്യനവോത്ഥാനം (ഈജിപ്ത് യാത്രാ കുറിപ്പുകള്‍ #20)

നജീബ് മഹ്ഫൂസ് – രണ്ടു നാഗരികതകളുടെ മനുഷ്യനവോത്ഥാനം (ഈജിപ്ത് യാത്രാ കുറിപ്പുകള്‍ #20)

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റെട്ട് ഫെബ്രുവരിയിലാണ് പ്രശസ്ത മലയാള സാഹിത്യകാരനായ എം.ടി വാസുദേവന്‍ നായര്‍ ഈജിപത് സന്ദര്‍ശിക്കാന്‍ പോയത്. സഞ്ചാരികളുടെ പതിവു സന്ദര്‍ശനങ്ങള്‍ക്കു പുറമെ തനിക്ക് മറ്റൊരാഗ്രഹം കൂടിയുണ്ടെന്ന് കൂടെയുള്ള രണ്ടു സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞു. അതിതായിരുന്നു: കഴിയുമെങ്കില്‍ നജീബ് മഹ്ഫൂസിനെ കാണണം. എംടിയുടെ മനസ്സിലെ കണക്കനുസരിച്ച് അന്നു തന്നെ മഹ്ഫൂസിന് 85 വയസ്സുണ്ടായിരിക്കും. അദ്ദേഹത്തിന്റെ ആ ആഗ്രഹം പക്ഷെ നടന്നില്ല. നജീബ് മഹ്ഫൂസ് കൈറോവില്‍ നിന്ന് കുറച്ചകലെ അഗൂസ എന്ന സ്ഥലത്താണ് അപ്പോള്‍ താമസിക്കുന്നതെന്നും, രോഗിയും അവശനുമായതിനാല്‍ സന്ദര്‍ശകരെ അനുവദിക്കാറില്ല എന്നും സുഹൃത്തുക്കള്‍ എംടിയെ അറിയിച്ചു.

കൈറോയിൽ ആരാധകരുമായി സംസാരിക്കുന്ന മഹ്ഫൂസ് (നടുക്ക്)

എം.ടി കൈറോവിലെത്തിയപ്പോള്‍ അവിടെ നടന്നിരുന്ന വലിയൊരു പുസ്തകമേളയില്‍ പോകുകയും അതിലുള്ള അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ സ്റ്റാള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഇന്‍ കൈറോ പ്രസ്സ് ആണ് നജീബ് മഹ്ഫൂസിന്റെ മിക്ക പുസ്തകങ്ങളുടെയും ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഞങ്ങളുടെ യാത്രയില്‍, എയുസി പ്രസ്സിന്റെ പുസ്തക വില്‍പന ശാല നിര്‍ബന്ധമായും കാണണം എന്ന് ലുഖ്മാന്‍ പറഞ്ഞു. അതനുസരിച്ച് കൈറോവിലുണ്ടായിരുന്ന ഒരു ദിവസം അമേരിക്കന്‍ യൂണിവേഴ്‌സിറ്റി കോമ്പൗണ്ടിനകത്ത് പോകുകയും അവിടെയുള്ള വിശാലവും മനോഹരമായി സജ്ജീകരിച്ചതുമായ പുസ്തകശാല സന്ദര്‍ശിക്കുകയും ചെയ്തു. അവിടെ ഏറ്റവും ആകര്‍ഷണമായി തോന്നിയത് നജീബ് മഹ്ഫൂസിന്റെ പുസ്തകങ്ങള്‍ക്കു മാത്രമായുള്ള പ്രത്യേക ഷെല്‍ഫായിരുന്നു. ഈ സ്‌റ്റോറില്‍ നിന്ന് നജീബ് മഹ്ഫൂസിന്റെ കുറെയധികം കൃതികള്‍ ആവേശത്തോടെ വാങ്ങിക്കൊണ്ടുപോന്നു.

നജീബ് മഹ്ഫൂസ്

ഈജിപ്തുകാരുടെ അഭിമാനമായ നജീപ് മഹ്ഫൂസിന് ആയിരത്തി തൊള്ളായിരത്തി എണ്‍പത്തെട്ടില്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. ആദ്യമായിട്ടാണ് അറബ് സാഹിത്യത്തിന് നോബല്‍ ലഭിക്കുന്നത്. കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളായി ഈജിപ്ഷ്യന്‍ സാഹിത്യത്തില്‍ നിരന്തര സാന്നിദ്ധ്യമായി വിസ്മയങ്ങള്‍ സൃഷ്ടിച്ച അദ്ദേഹം, തലമുറകള്‍ മാറുമ്പോഴും സമാരാധ്യനായി തുടര്‍ന്നു. 1978ല്‍ അദ്ദേഹത്തിന്റെ മിറാമര്‍ എന്ന നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ അവതാരികയില്‍ വിഖ്യാതനായ ബ്രിട്ടീഷ് നോവലിസ്റ്റ് ജോണ്‍ ഫൗള്‍സ് എഴുതി: മഹ്ഫൂസിനെ പാശ്ചാത്യര്‍ അറിയാത്തത് അദ്ദേഹം വായന അര്‍ഹിക്കാത്തതു കൊണ്ടല്ല. ലണ്ടനില്‍ നിന്നോ പാരീസില്‍ നിന്നോ ഏതാനും മണിക്കൂറുകളുടെ വിമാനയാത്രയേ കൈറോവിലേയ്ക്ക് വേണ്ടൂ. പക്ഷേ, സാംസ്‌ക്കാരികയാത്ര വളരെ സങ്കീര്‍ണവും ദുഷ്‌കരവുമാണ്. ശ്രദ്ധേയമായ ആധുനിക ലോകസാഹിത്യങ്ങളില്‍ ഏറ്റവും കുറച്ച് അറിയപ്പെടുന്നത് അറബിയാണ്. അറബ് മനസ്സ് പാശ്ചാത്യര്‍ക്ക് അജ്ഞേയമായി തോന്നുന്നതും അതുകൊണ്ടു തന്നെ.

കൈറോ ത്രയം എന്നറിയപ്പെടുന്ന മൂന്നു നോവലുകളാണ് ബൈനല്‍ ഖസ്‌റൈന്‍, ഖസ്‌റുല്‍ ശൗഖ്, അല്‍സുക്കരിയ്യ അഥവാ പാലസ് വാക്ക്, പാലസ് ഓഫ് ഡിസൈയര്‍, ഷുഗര്‍ സ്ട്രീറ്റ്. ഇതില്‍ പാലസ് വാക്ക് പ്രസിദ്ധ നോവലിസ്റ്റ് ബി എം സുഹറ കൊട്ടാരത്തെരുവ് എന്ന പേരില്‍ സ്വതന്ത്ര പരിഭാഷ നടത്തിയിട്ടുണ്ട്. ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ചു. ഈ പരിഭാഷയുടെ ആമുഖക്കുറിപ്പ് എഴുതിയിരിക്കുന്നത് എം ടി വാസുദേവന്‍ നായരാണ്. അദ്ദേഹത്തിന്റെ ആമുഖക്കുറിപ്പില്‍ നിന്നാണ് ചില വാചകങ്ങള്‍ മേല്‍ഖണ്ഡികകളില്‍ ഉദ്ധരിച്ചത്. ഷുഗര്‍ സ്ട്രീറ്റ് മിഠായിത്തെരുവ് എന്ന പേരില്‍ ഡോ. എന്‍ ഷംനാദ് പരിഭാഷപ്പെടുത്തിയത് ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. മിറാമര്‍, ഔലാദു ഹാറതിനാ (തെരുവിന്റെ മക്കള്‍), എന്നീ നോവലുകളും നക്ഷത്രങ്ങള്‍ മന്ത്രിച്ചത് എന്ന പതിനെട്ടു കഥകളുടെ സമാഹാരവും ഡോ. എന്‍ ഷംനാദ് പരിഭാഷപ്പെടുത്തിയതും മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്.

 

കഥ പറച്ചിലിന്റെ നൂറ്റാണ്ടുകള്‍ കൊണ്ടു കൂടിയാണ് ഈജിപ്ത് പരിഷ്‌ക്കരിക്കപ്പെട്ടതും നവീകരിക്കപ്പെട്ടതും. സുപ്രസിദ്ധമായ ആയിരത്തൊന്നു രാവുകള്‍ തന്നെയാണിതിന്റെ മികച്ച ഉദാഹരണം. ഇന്ത്യനും ഇറാനിയനും ഇറാഖിയുമൊക്കെയായ പശ്ചാത്തലങ്ങളുള്ള നിരവധി നിരവധി കഥകളാണ് അറബ് ഭാഷയുടെ ഉജ്വലവും സജീവവുമായ വികാസത്തിന് ഹേതുവായിട്ടുള്ളത്. എന്നാല്‍, രണ്ടായിരം വര്‍ഷത്തെ കഥാപാരമ്പര്യം ഉണ്ടായിട്ടും ആധുനിക മട്ടിലുള്ള ഈജിപ്ഷ്യന്‍ നോവല്‍ രൂപപ്പെടുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മാത്രമാണെന്നാണ് സാഹിത്യ നോബലിന്റെ കണ്‍സല്‍ട്ടിംഗ് എഡിറ്ററും സ്‌റ്റോക്ക്‌ഹോം സര്‍വകലാശാല പ്രൊഫസറും ആയ ആന്‍ഡേഴ്‌സ് ഹാലെങ്‌ഗ്രെന്‍ വിലയിരുത്തുന്നത്.

ആധുനിക അറബ് നോവലിന്റെ പിറവി സംഭവിച്ച സാംസ്‌ക്കാരിക സന്ദര്‍ഭത്തിന്റെ സവിശേഷതകള്‍ ആന്‍ഡേഴ്‌സ് ഹാലെങ്ഗ്രന്‍ ഇപ്രകാരം പട്ടികപ്പെടുത്തുന്നു.: യൂറോപ്യന്‍ സാഹിത്യത്തിന്റെ സ്വാധീനം, ഈജിപ്തിലെ അച്ചടി വ്യവസായവും വൃത്താന്ത പത്രങ്ങളുടെയും മാസികകളുടെയും പ്രചാരവും, പൊതുവിദ്യാഭ്യാസവും സാക്ഷരതാവ്യാപനവും, വിദേശ അധിനിവേശത്തില്‍ നിന്നുള്ള വിമോചനം, വിശാലമായ തരത്തില്‍ സാര്‍വദേശീയ ബോധമുള്ള ബുദ്ധിജീവി വൃന്ദത്തിന്റെ ആവിര്‍ഭാവം. അറബ് നവോത്ഥാനത്തിന്റെ പ്രകടനവുമാണ് നോവല്‍ എന്ന സാഹിത്യ രൂപത്തിന്റെ പ്രചാരം. മുഹമ്മദ് ഹുസൈന്‍ ഹയ്ക്കല്‍, താഹ ഹുസൈന്‍, ഇബ്രാഹിം അല്‍ മസീനി, മഹ്‌മൂദ് താഹിര്‍ ലശീന്‍, തൗഫീഖ് അല്‍ ഹക്കീം പോലുള്ളവരുടെ മഹത്തായ നോവലുകളാണ് ഈജിപ്ഷ്യന്‍ നോവല്‍ ശാഖയെ ലോകശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നത്. മുഹമ്മദ് ഹുസൈന്‍ ഹയ്ക്കലിന്റെ സൈനബ് (1912) ആണ് കൃത്യമായ രീതിയില്‍ ആദ്യത്തെ ആധുനിക അറബ് നോവല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കൃതി.

എന്നാല്‍, ഈ പരിമിതികളെയെല്ലാം അഭൂതപൂര്‍വ്വമായ തരത്തില്‍ അതിജീവിയ്ക്കുകയും ഈജീപ്ഷ്യന്‍ നോവലിനെ ലോകത്തിന്റെ നെറുകയിലെത്തിക്കുകയും ചെയ്ത മഹാനായ നോവലിസ്റ്റാണ് നജീബ് മഹ്ഫൂസ്. ആദ്യമായി അറബ് സാഹിത്യത്തിന് നോബല്‍ സമ്മാനം ലഭിച്ചത് 1988ല്‍ നജീബ് മഹ്ഫൂസിനാണ്. ആവിഷക്കാരത്തിന്റെയും മനനത്തിന്റെയും സര്‍ഗാത്മകതയുടെയും നൂതനമായ രചനാപ്രപഞ്ചം തന്നെ നജീബ് മഹ്ഫൂസ് തന്റെ നിരവധി കൃതികളിലൂടെ നിര്‍മ്മിച്ചെടുത്തു. നോവലെഴുത്തെന്നതു പോലെ തിരക്കഥാരചനയിലും മുഴുകിയ നജീബ് മഹ്ഫൂസ് ഈജിപ്ഷ്യന്‍ സിനിമയുടെ കീര്‍ത്തിയും വ്യാപിപ്പിച്ചു. കൈറോയിലെ പ്രസിദ്ധ പത്രമായ അല്‍ അഹ്‌റാമില്‍ കോളമി്‌സ്റ്റുമായിരുന്നു അദ്ദേഹം.

1982ലെഴുതിയ ലയാലി അല്‍ഫ് ലൈല (അറേബ്യന്‍ ദിനരാത്രങ്ങള്‍) എന്ന നോവലില്‍ ആയിരത്തൊന്നു രാത്രികളുടെ തുടര്‍ച്ചയും നജീബ് മഹ്ഫൂസ് എഴുതുന്നുണ്ട്. ശഹ്രിയാറും ശെഹര്‍സാദും അലാവുദ്ദീനും എല്ലാം കഥാപാത്രങ്ങളായ ലയാലി അല്‍ഫ് ലൈല, സമകാലിക രാഷ്ട്രീയത്തെയും സമൂഹത്തെയുമാണ് വിശകലനം ചെയ്യുന്നത്. ഭരണകര്‍ത്താവ്, ഭരിക്കപ്പെടുന്നവര്‍, നിഗൂഢനായ വഴികാട്ടി, രഹസ്യമായ ബന്ധങ്ങള്‍ എന്നിങ്ങനെയുള്ള പരമ്പരാഗത മാതൃകകള്‍ ഉപയോഗിച്ചുകൊണ്ട് നന്മയും തിന്മയും തമ്മിലും ശരിയും തെറ്റും തമ്മിലും വിശ്വാസ്യതയും വഞ്ചനയും തമ്മിലും ഉള്ള പാരസ്പര്യങ്ങളെയെല്ലാം അദ്ദേഹം പ്രയോജനപ്പെടുത്തി.

പന്ത്രണ്ടാം സാമ്രാജ്യകാലത്തെ ഖെത്തിയുടെ പാഠങ്ങള്‍ അഥവാ വാണിജ്യപ്രഹസനങ്ങള്‍ എന്ന കൃതിയില്‍, എഴുത്തുകാരുടെ ജോലി മറ്റെല്ലാ ജോലികളെക്കാളും മേലെയാണെന്ന് സ്ഥാപിക്കുന്നുണ്ട്. പുസ്തകം എന്നത് വെള്ളം പോലെ മനുഷ്യര്‍ക്ക് സര്‍വ്വപ്രധാനമാണെന്ന് ഈ രചന വാഴ്ത്തുന്നു. സാഹിത്യത്തിന്റെ അറബ് പദമായ അദാബ് സൂചിപ്പിക്കുന്നത് ഉന്നത നിലവാരത്തിലുള്ള സംസ്‌ക്കാരവും സല്‍സ്വഭാവവും മികച്ച മര്യാദകളുമാണ്.

നജീബ് മഹ്ഫൂസിന്റെ ആഖ്യാനവഴികളില്‍ കടന്നു വരുന്ന പലതരത്തിലുള്ള കഥാപാത്രങ്ങളെ തുടക്കത്തില്‍ തന്നെ വിശദമായി പരിചയപ്പെടുത്തും. അവര്‍ക്കെല്ലാം തനതായ വ്യക്തിത്വമുണ്ട്, അത് ചിലപ്പോള്‍ നമ്മുടെ പരിഗണനകള്‍ക്കുമപ്പുറത്തായിരിക്കും. അവരില്‍ ചിലര്‍ വന്ന പോലെ തന്നെ അപ്രത്യക്ഷമാവും’; പക്ഷെ, അവരിലെ നിഗൂഢതകളും സന്ദിഗ്ദ്ധതകളും ബാക്കി നില്‍ക്കും. സത്യത്തില്‍ അവര്‍ക്കെല്ലാം വിശാലമായതോ സങ്കീര്‍ണമായതോ ആയ കഥകളുണ്ട്. അവരെല്ലാം കടങ്കഥകളാണെന്നും പറയാം. ഈജിപ്ഷ്യന്‍ ചരിത്രം പോലെ എഴുതിയും മാറ്റിയെഴുതിയും തീരാത്ത കഥകളാണവര്‍. സന്ദര്‍ഭവും കാലവും അവസരവും മാറുമ്പോള്‍, അവരിലും മാറ്റങ്ങളുണ്ടാകുന്നത് കാണാം. അവരുടെ അര്‍ത്ഥമെന്തെന്നും അവരിലൂടെ ഉദ്ദേശിക്കപ്പെടുന്നതെന്തെന്നും ഓരോരുത്തര്‍ക്കും അവരുടെ ബോധ്യം വെച്ച് വ്യാഖ്യാനിക്കാം. മനുഷ്യര്‍ എന്നത് മായ പോലെ കാണപ്പെടുമെന്നും മരണത്തോടെ അതില്ലാതാകുന്നില്ല എന്നും നമുക്ക് തോന്നും.

കെയ്‌റോയിലെ എ.യു.സി. പ്രസ് ബുക്ക്‌സ്റ്റോറിലെ നഗീബ് മഹ്ഫൂസിന്റെ കൃതികളുടെ ഷെൽഫിന് മുന്നിൽ നിൽക്കുന്ന ജി.പി. രാമചന്ദ്രൻ.

പ്രാചീന ഈജിപ്ഷ്യന്‍ ചരിത്രത്തെ ഉപപാദിച്ചുകൊണ്ടുളള രചനകളിലൂടെയാണ് നജീബ് മഹ്ഫൂസ് തന്റെ സൃഷ്ടിപ്രക്രിയ ആരംഭിച്ചത്. വര്‍ത്തമാനകാലത്തെ മനസ്സിലാക്കാനായി ചരിത്രത്തില്‍ നിന്നു തുടങ്ങുകയായിരുന്നില്ല അത്; അതിനെ പരോക്ഷമായി വിമര്‍ശിക്കാനുള്ള ഒരു ഉപാധിയായിരുന്നു അത്. തന്റെ രാജ്യത്തിന്റെ സാംസ്‌ക്കാരിക സ്വത്വം അന്വേഷിക്കുകയും തന്റെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്ന വിചാരമണ്ഡലം വേര്‍തിരിച്ചെടുക്കുകയുമായിരുന്നു അദ്ദേഹം. യുദ്ധങ്ങളും സാമൂഹ്യ പരിവര്‍ത്തനങ്ങളും കലാപങ്ങളും വിനാശങ്ങളും അതിജീവിച്ച കാലങ്ങളിലെ ജനതയെ മഹ്ഫൂസ് അടയാളപ്പെടുത്തി. അറബിയുടെയും ഇസ്ലാമിന്റെയും പാരമ്പര്യങ്ങളെന്നും അതിരുകളെന്നും കരുതിപ്പോന്ന പല നിയമങ്ങളെയും ചട്ടക്കൂടുകളെയും ഉല്ലംഘിച്ചു കൊണ്ട് അവയെ പുനര്‍നിര്‍ണയിക്കുകയായിരുന്നു വാസ്തവത്തില്‍ നജീബ് മഹ്ഫൂസ്.

പഴയ കൈറോ

ഭൂതകാലത്തെക്കുറിച്ച് എഴുതുമ്പോള്‍ താന്‍ എഴുതുന്നത് വര്‍ത്തമാനകാലത്തെക്കുറിച്ചാണെന്ന് നജീബ് മഹ്ഫൂസ് തിരിച്ചറിഞ്ഞു. ആധുനിക ഈജിപ്തിനെക്കുറിച്ച് എഴുതാനാരംഭിച്ചപ്പോള്‍, അവയെല്ലാം താന്‍ ജീവിക്കുന്ന കാലത്തെക്കുറിച്ചെന്നതു പോലെ, പഴയ കാലത്തെക്കുറിച്ചുമാണെന്നും അദ്ദേഹത്തിന് മനസ്സിലായി. പ്രാചീന കാലം മുതല്ക്കുള്ള ഈജിപ്തിന്റെ ചരിത്രവും താന്‍ ജീവിക്കുന്ന കാലത്തിന്റെ ആകുലതകളും അദ്ദേഹത്തിന്റെ നോവലുകളില്‍ കടന്നുവന്നു.

ആധുനിക കൈറോവിനെക്കുറിച്ചുള്ള നജീബ് മഹ്ഫൂസിന്റെ നോവലുകളിലാദ്യത്തേതെന്നു പറയാവുന്നത് ഖാന്‍ അല്‍ ഖലീലി ആണ്. പഴയ കൈറോവിലെ തിരക്കു പിടിച്ച ജനവാസ കേന്ദ്രവും അങ്ങാടികളുടെ സമുച്ചയവുമാണ് ഖാന്‍ അല്‍ ഖലീലി. നജീബ് മഹ്ഫൂസിന്റെ വീടും ഇവിടെ തന്നെയായിരുന്നു. അവിടെയുള്ള ഒരു കോഫിഷോപ്പില്‍ അദ്ദേഹം മണിക്കൂറുകള്‍ ചെലവഴിച്ചിരുന്നു. ഇപ്പോള്‍ അത് നജീബ് മഹ്ഫൂസ് കോഫി ഷോപ്പ് എന്ന പേരില്‍ അറിയപ്പെടുന്നു. അതിന്റെ അടുത്തേക്ക് പോലും പോകാന്‍ പറ്റാത്തത്ര തിരക്കായിരുന്നു. റോഡിന്റെ മറുവശത്തു നിന്നാണ് ഞങ്ങള്‍ ഒരു ഫോട്ടോ പോലും എടുത്തത്. യുദ്ധകാലത്ത് താമസം മാറേണ്ടിവന്ന ഒരു കുടുംബത്തിന്റെ കഥയാണ് ഇത്.

നജീബ് മഹ്ഫൂസ് കോഫി ഷോപ്പ് (പിറകിൽ നീല ബോർഡ്)

മഹ്ഫൂസിന്റെ നോവലുകളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് മികച്ച തോതില്‍ പ്രാധാന്യം ലഭിക്കാറുണ്ട്. അഭിസാരികകള്‍, തോറ്റുപോയ സ്ത്രീകള്‍ എന്നിവരുടെ സാന്നിദ്ധ്യം പലപ്പോഴും കഥയുടെ മര്‍മ്മങ്ങളെ തൊടുന്നതാണ്. അടിച്ചമര്‍ത്തപ്പെടുന്നവരോടും വേദന അനുഭവിക്കുന്നവരോടും ഒപ്പം ചേര്‍ന്നുള്ള പക്ഷപാതിത്വം എപ്പോഴും വ്യക്തമാണ്.

പിരമിഡുകളെന്നതു പോലെ, ഈജിപ്ഷ്യന്‍ സംസ്‌കാരത്തിന്റെ അഭേദ്യഭാഗമായി മാറിക്കഴിഞ്ഞ ഇതിഹാസപുരുഷനാണ് നജീബ് മഹ്ഫൂസ്. 1911ല്‍ പഴയ കൈറോവില്‍ ജനിച്ച അദ്ദേഹം ജമാലിയ എന്ന ഡിസ്ട്രിക്റ്റിലാണ് വളര്‍ന്നത്. തൊഴിലാളികള്‍ തിങ്ങിപ്പാര്‍ത്തിരുന്ന ഈ നഗരാന്തരം ഒട്ടകപ്പാത/കാമല്‍ റോഡ് എന്നും അറിയപ്പെട്ടിരുന്നു. ഫാത്തിമികളുടെ കാലത്തെ ഈജിപ്തിലെ അനേകം സ്മാരകങ്ങള്‍ അവിടെ ഉണ്ട്. 2006ല്‍ തൊണ്ണൂറ്റിനാലാം വയസ്സിലാണ് നജീബ് മഹ്ഫൂസ് അന്തരിച്ചത്. പല തലമുറകളുടെ ഉപദേശങ്ങളും സ്വപ്‌നങ്ങളും ആവലാതികളും പ്രതിധ്വനികളും അദ്ദേഹം കേട്ടു. പ്രസിഡൻ്റ് അന്‍വര്‍ സാദത്തിനെ ഇസ്ലാമിസ്റ്റുകള്‍ കൊലപ്പെടുത്തിയപ്പോള്‍, ഫറോവ മരിച്ചു എന്ന മുദ്രാവാക്യവും അദ്ദേഹം ശ്രവിച്ചു. വിപ്ലവാനന്തരം, താന്‍ ഭാവന ചെയ്ത ആധുനിക ഈജിപ്ത് അല്ല സാക്ഷാത്കൃതമായത് എന്ന തിരിച്ചറിവ്, മഹ്ഫൂസിന്റെ രാഷ്ട്രീയ ഭാവുകത്വത്തില്‍ നീറിപ്പിടിച്ചിരുന്നു. ദാരിദ്ര്യവും നിരക്ഷരതയും രോഗങ്ങളും ഏകാധിപത്യവുമുള്ള ഒരു റിപ്പബ്ലിക്ക് എന്ന് ഈജിപ്തിനെ ഉള്ളില്‍ നിന്നു മനസ്സിലാക്കുമ്പോഴുള്ള വ്യഥകള്‍ അദ്ദേഹത്തിന്റെ രചനകളില്‍ പ്രതിഫലിക്കുന്നുണ്ട്. ഈജിപ്ഷ്യന്‍ സ്വത്വം എന്നത്, മതത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും ദീര്‍ഘവും സമ്പന്നവുമായ ചരിത്രത്തിന്റെയും പ്രാദേശിക ഉദ്ഗ്രഥനത്തിന്റെയും നിദര്‍ശനമാണെന്നും മഹ്ഫൂസ് അടയാളപ്പെടുത്തി.

പഴയ കെയ്‌റോയിലെ തെരുവുകളിൽ തങ്ങളുടെ സാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാർ

നജീബ് മഹ്ഫൂസ് വെറുമൊരു കാഴ്ചക്കാരനായ എഴുത്തുകാരനായിരുന്നില്ല. രാഷ്ട്ര നിര്‍മ്മിതിയില്‍ വ്യക്തമായ നിലപാടോടെ ഇടപെട്ട ബുദ്ധിജീവിയായിരുന്നു. അതുകൊണ്ടാണ് മതഭ്രാന്തന്മാര്‍ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ കഴുത്തില്‍ അക്രമി കത്തി കുത്തിയിറക്കിയെങ്കിലും അദ്ദേഹത്തെ കൊല്ലാനായില്ല. എന്നാല്‍ പിന്നീടുള്ള ജീവിതം ദുരിതമയമായിരുന്നു. അതേസമയം, ഈ കൊലപാതകശ്രമം, നജീബ് മഹ്ഫൂസിന്റെ ഭാവനയെയോ സ്ഥൈര്യത്തെയോ നിലപാടിനെയോ ബാധിച്ചതുമില്ല. തെരുവിന്റെ മക്കള്‍ (ചില്‍ഡ്രന്‍ ഓഫ് ആലെയ്) എന്ന നോവലാണ് മതഭ്രാന്തരെ പ്രകോപിപ്പിച്ചത്. ഭരണകൂടത്തിനും മത്രഭ്രാന്തിനും ഇടയില്‍, കടലിനും ചെകുത്താനുമിടയില്‍ എന്ന വണ്ണം സ്വന്തം സര്‍ഗാത്മകത കൊണ്ടും ചരിത്ര-രാഷ്ട്രീയ-സംസ്‌ക്കാര കൃത്യത കൊണ്ടുമാണ് മഹ്ഫൂസ് ചെറുത്തു നിന്നത്.

 

കടപ്പാട്: Naguib Mahfouz – The Son of Two Civilizations. (nobelprize.org)

 

(അടുത്ത ലക്കത്തില്‍- നജീബ് മഹ്ഫൂസിന്റെ കൈറോ ത്രയം- അധികാരവും ഉയര്‍ച്ച താഴ്ചകളും)


ഈ പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.