കെ.എസ് ബിമലിൻ്റെ സാംസ്കാരിക ഗ്രാമവും നിതിൻ രാജിനെ കൊന്ന സാംസ്കാരിക കേരളവും
എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ ഡോക്ടർ ഖദീജാമുംതാസ് എഴുതുന്ന പംക്തി ‘ഹൃദയപക്ഷം’ തുടരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഏപ്രിൽ 26ന്, വടക്കൻ മലബാറിലെ എടച്ചേരിയിൽ ബിമൽ സാംസ്കാരികഗ്രാമം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്ന പ്രൗഢമായ ചടങ്ങ് നടന്നു. അകാലത്തിൽ പൊലിഞ്ഞ, സർഗാത്മകതയും രാഷ്ട്രീയ പ്രബുദ്ധതയും ഒരുപോലെയിണങ്ങിയ കെ. എസ്. ബിമൽ എന്ന പ്രതിഭയെ കലാരംഗത്തും രാഷ്ട്രീയ രംഗത്തുമുള്ള സഖാക്കൾ ഒന്നു ചേർന്ന് ‘നീ യെന്നും ഞങ്ങളോടൊപ്പമുണ്ട്’ എന്ന് പ്രഖ്യാപിച്ച വൈകാരിക മുഹൂർത്തം. മാഹി കനാലിൻ്റെ കരയിൽ ഒരേക്കറിലധികം ഭൂമിയിൽ ഒരു സാംസ്കാരിക ഗ്രാമം പടർന്നു കിടക്കുന്ന കാഴ്ച ആവേശജനകമായിരുന്നു. ഓപ്പൺ സ്റ്റേജും നാടക-നൃത്ത_ചിത്രകലാ പരിശീലന ഹാളും തീയറ്റർ സംവിധാനങ്ങളും, വായനശാലയും, പാർക്കും കഫേകളും വാഹന പാർക്കിംഗ് സൗകര്യവും ഒക്കെയായി ആ പ്രതിഭ നിതൃനിദ്ര കൊള്ളുന്ന വീട്ടുമുറ്റത്തുനിന്ന് അധികം ദൂരെയല്ലാതെ സ്മാരകം പൂർണതയിലേയ്ക്ക് അടുത്തു കൊണ്ടിരിക്കുന്നു.

സ്റ്റേജിനുമുമ്പിൽ സന്ധ്യാവേളയിൽ ഒരു ഗ്രാമം മുഴുവൻ. ഒപ്പം, ദൂരസ്ഥലങ്ങളിൽ നിന്നടക്കം എത്തിച്ചേർന്ന സുഹൃത്തുക്കൾ, ബിമലിൻ്റെ കുടുംബം …. ദൂരെ പാർക്കിൽ, കൊച്ചുകുട്ടികൾ അല്ലലില്ലാതെ കളിക്കുന്നു. ഐസ്‌ക്രീം നുണയുന്നു. സ്റ്റേജിനു പുറകിൽ രാത്രി അവതരിപ്പിക്കാനിരിക്കുന്ന നാടകത്തിനുള്ള ഒരുക്കങ്ങളിലാണ് ചിലർ. ബിമൽ മരിക്കും മുമ്പും, 2015ൽ ഓർമ്മയായശേഷവുമുള്ള അനുസ്മരണ ദിനങ്ങളിലും അല്ലാതെയുമായി നടന്ന പ്രോഗ്രാമുകളുടെ ചിത്രപ്രദർശനം ആകർഷകമായി, അടിക്കുറിപ്പുകളോടെ, നടവഴിയുടെ ഇരുപുറവും. സ്റ്റേജിൽ ബിമലിൻ്റെ നാടകങ്ങളുടെ സംവിധായകനും നടനുമായ മനോജ്നാരായണൻ. ഓൺലൈൻ ആയി സ്റ്റേജിനു മുമ്പിൽ വലിയ സ്ക്രീനിൽ പരിപാടിയുടെ പ്രൗഢമായ ഉദ്ഘാടനപ്രഭാഷണം , മലയാളത്തിൻ്റെ പ്രിയകവി കെ സച്ചിദാനന്ദൻ നടത്തുന്നു!
എൻ്റെ ഓർമ്മകൾ പുറകോട്ടു പോയി. 2016 ൽ കെ.എസ്. ബിമലിൻ്റെ ഒന്നാം ചരമവാർഷികം കോഴിക്കോടു നടക്കുന്നു.’ഗോവർദ്ധൻ്റെ യാത്രകളു’ടെ കർത്താവ് ആനന്ദ് ഉദ്ഘാടകൻ. കൃതിയുടെ പേര് എടുത്തു പറയാൻ കാരണം ബിമൽ പ്രിയത്തോടെ നാടകമാക്കിയ രാഷ്ട്രീയ നോവൽ ആയിരുന്നു അത് എന്നതിനാലാണ്. തിങ്ങിനിറഞ്ഞ കോഴിക്കോട്ടെ സദസ്സ് . കൃത്യമായി ഓർക്കുന്നില്ല, ഫോട്ടോ അനാച്ഛാദനമാണോ സ്മരണിക പ്രകാശനമാണോ, ആനന്ദ് നിർവഹിച്ചുകഴിഞ്ഞ ഉടനെ പിന്നിലെ രണ്ടോ മൂന്നോ നിരകളിലെ യുവാക്കൾ ഒന്നടങ്കം എഴുന്നേററു നിന്ന് ഉച്ചത്തിൽ മുഷ്ഠി ചുരുട്ടി ബിമലിന് വിപ്ലവാഭിവാദ്യങ്ങൾ അർപ്പിച്ചു. പ്രതീക്ഷിക്കാതിരുന്നതിനാൽ ഒന്നു അമ്പരന്നുപോയി. ഞാൻ ആനന്ദിനു നേരെ കണ്ണയച്ചു

അതീവസൗമ്യനായ എഴുത്തുകാരൻ്റെ മുഖത്തും വല്ലാത്ത അസ്വസ്ഥതയാണു കണ്ടത്. പിന്നാലെ അദ്ദേഹത്തിൻ്റെ ഉദ്ഘാടനപ്രസംഗമായിരുന്നു. അതിൽ ആ അസ്വസ്ഥത നിഴലിക്കുന്നുണ്ടായിരുന്നു. ആൾക്കൂട്ടത്തിൻ്റെ ആസുര ശക്തിയെ കൃത്യമായി നോവലുകളിൽ ആവിഷ്‌കരിച്ച ആളല്ലേ അദ്ദേഹം!ആൾക്കൂട്ടം എന്ന നോവലിലൂടെ മാതമല്ലത്. ‘അഭയാർത്ഥികളി’ൽ കുംഭമേളയുടെ മഹാജനസാഗരത്തിൽ പെട്ടുപോവുന്ന മനുഷ്യരെ നാം കാണുന്നു. അങ്ങനെ പല കൃതി കളിലുമുണ്ട് അവർ , മുഖമില്ലാത്തവർ ! മുഖമില്ലാത്ത ആൾക്കൂട്ടത്തെക്കൊണ്ട് എന്തും ചെയ്യിപ്പിക്കാം എന്ന് കഥാകാരനറിയാം. ആജ്ഞകൊടുത്താൽ മതി. പട്ടാളക്കാരെ സൈന്യാധിപൻ നിയന്ത്രിക്കും പോലെ. ധാർമ്മിക ബോധത്തോടെ ചിന്തിക്കാൻ തുടങ്ങിയാൽ, മനുഷ്യ സഹജ വൈകാരികതകൾക്കടിമപ്പെട്ട് പ്രവർത്തിച്ചാൽ പട്ടാളക്കാരൻ ശിക്ഷാർഹനാവും. പഴയകാല യുദ്ധമുഖങ്ങളിൽ കുതിരകളുടെ സ്ഥാനം പോലെയാണത്. അതീവ ഊർജ്ജത്തോടെ മുന്നോട്ടു കുതിക്കാൻ കുതിരകൾക്കാവും. അപ്പോഴും കടിഞ്ഞാൺ മറ്റൊരാളുടെ കയ്യിൽ. മുതുകിലിരിക്കുന്നവനാണ് തൻ്റെ ശത്രു എന്നറിയാതെ ആ ശത്രുവിൻ്റെ ശത്രുവിനു നേരെ അവ കുതിക്കുന്നു!

ഇതേ ആനന്ദ് ഇതേ ആൾകൂട്ടം നോവലിൽ അവകാശങ്ങൾക്കായി പൊരുതുന്ന തൊഴിലാളികളെ കൂടി കാണിച്ചുതരുന്നുമുണ്ട്. സമാനവേദനകളാലും അനീതികൾക്കെതിരെയായും ഒന്നിപ്പിക്കപ്പെട്ട് കൈകോർക്കുന്നവർ. ആ ആൾക്കൂട്ടം ഒരു ശക്തിയാണ് .യൂണിയൻ നേതാക്കളാൽ വഞ്ചിക്കപ്പെടും വരെയെങ്കിലും ആ ആൾക്കൂട്ടം സൃഷ്ടിപരമാണ്. ആൾക്കൂട്ടം ഇവിടെ ആൾ കൂട്ടായ്മയാകുന്നു. കൂട്ടായ്മക്ക് പലതു ചെയ്യാനാവും. ഞാനാലോചിക്കുകയായിരുന്നു, അന്ന് ആനന്ദിനെ അസ്വസ്ഥമാക്കിയ ആൾക്കൂട്ടമാണ്, സൗഹൃദക്കൂട്ടമാണ് ബിമൽ ഗ്രാമം കെട്ടിപ്പടുത്തത് ! സുഹൃത് സംഘം അതിൻ്റെ എല്ലാ സർഗാത്മകതയും ഇവിടെ പ്രാവർത്തികമാക്കിയിരിക്കുന്നു!
ഇന്ത്യൻ രാഷ്ട്രീയം പ്രതീകാത്മകമായി അവതരിപ്പിക്കപ്പെപെടുന്നു എന്നുള്ളതാണല്ലോ ഗോവർദ്ധൻ്റെ യാത്രകളുടെ പ്രത്യേകത. വിശിഷ്ടമായ ഭരണഘടനയും നീതിന്യായവ്യവസ്ഥയുമുള്ള രാജ്യത്ത് ,തികച്ചും ന്യായമെന്ന നിലയിൽ, കൊലക്കയറിനു യോജിച്ച കഴുത്തായതിനാൽ തൂക്കിക്കൊല്ലപ്പെടുന്ന അനേകരിലൊരുവൻ, ഗോവർദ്ധൻ. ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ നാടക കഥാപത്രമായ ഗോവർദ്ധൻ ആനന്ദിൻ്റെ നോവലിലേക്ക് കഥാപാത്രമായെത്തുന്നു. നോവലിലെ ഗോവർദ്ധൻ യാത്ര ചെയ്യുന്നത് ഇന്ത്യയുടെ ചരിത്രത്തിലൂടെയാണ്. ഇബ്നുബത്തൂത്ത കണ്ട ഇന്ത്യ മുതലിങ്ങോട്ട്. അധികാരത്വര, അധികാരത്തിലുള്ളവർക്കു വേണ്ടി ചതിയും ക്രൂരതകളും നടപ്പിലാക്കാൻ മടിക്കാത്ത അലി ദോസ്തുമാർ … ചരിത്രം എന്നും ബലഹീനതയാണ് ആനന്ദിന്. അല്ലെങ്കിൽ ചരിത്രമറിയുന്നത് എത്ര പ്രാധാന്യമുള്ളത് എന്നറിഞ്ഞ ആളാണദ്ദേഹം. ചരിത്രത്തിൻ്റെ വെളിച്ചത്തിലേ വർത്തമാന വിശകലനമുള്ളൂ. ഭാവി എന്ത് എന്ന പ്രവചനമോ കരുതലോ ഉള്ളു.
സ്വാതന്ത്ര്യാനന്തര ഇന്ത്യൻ മനസ്സിൻ്റെ കാലത്തിലൂടെയുള്ള ഈ പരിണാമം സൂക്ഷ്മമായി നോക്കിക്കണ്ടവനാണ് ആനന്ദ്. അതദ്ദേഹത്തെ വ്യഥിതനാക്കുന്നു, ദാർശനികനാക്കുന്നു. പാരമ്പര്യത്തിലേയ്ക്കും അതിൻ്റെ എല്ലാജീർണതകളിലേക്കുമുള്ള അന്ധമായ, ഗൃഹാതുരമായ തിരിഞ്ഞു നടത്തം. ആ നടത്തത്തിൽ അണിചേരുന്ന ബുദ്ധിജീവികളും ശാസ്ത്രജ്ഞരും , ആ കൂട്ടനടത്തത്തിൽ അന്യരായി പുറന്തളളപ്പെടുന്നവർ, അങ്ങനെ പുറന്തള്ളപ്പെടുന്നവരോടുള്ള ഹൃദയ കാഠിന്യം, ഒരു പരിചയവുമില്ലാത്ത ആളോടും അകാരണമായ വെറുപ്പുണ്ടാവുന്നത് സ്വാഭാവികമാവുന്ന അവസ്ഥ, അനൃപീഡനത്വര … നിരാശപ്പെടുത്തുന്നതല്ലേ സമൂഹ മനസ്സിൻ്റെ ഈ മാറ്റങ്ങൾ?

ചരിത്രത്തെത്തന്നെ മാററിപ്പണിയാനുള്ള ശ്രമങ്ങൾ ഈ മാറ്റങ്ങളെ ത്വരിതപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിത്തന്നെയാണു താനും. സമന്വയത്തിൻ്റെ ചരിത്രങ്ങളൊക്കെ വെട്ടി മാററുക. അപരവൽക്കരിക്കപ്പെട്ടവൻ്റെ ക്രൂരതകൾ ഉയർത്തിപ്പിടിക്കുക, ഗാന്ധിവധം ഉൾപ്പെടെയുള്ളവയെ തമസ്കരിക്കുക! ഇന്ത്യൻ ചരിത്ര കോൺഗ്രസും നാഷണൽ കരികുലം കമ്മറ്റിയും മാററിപ്പണിഞ്ഞ് ഇതേ ഉദ്ദേശൃങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നു., ചരിത്രസത്യങ്ങൾ പുറത്തു കൊണ്ടുവരാവുന്ന ഉദ്ഘനനങ്ങളെ തടസ്സപ്പെടുത്തുക, പാഠ പുസ്തകങ്ങളിൽ പാഠഭാഗങ്ങൾ മാററുക, തിരുകിക്കയററുക ഇങ്ങനെ പോകുന്നു അവ.
പുതിയ നാഷണൽ എഡ്യക്കേഷൻ പോളിസി (NEP) കൃത്യമായും ചിന്താഹീനരായ, ചരിത്രമറിയാത്ത ഭാഷാജ്ഞാനമില്ലാത്ത, അതുകൊണ്ടു തന്നെ സ്വയം വായിച്ചു വളരാനാവാത്ത, തൊഴിലധിഷ്ഠിതം എന്ന പേരിൽ മുതലാളീദാസൃത്തിനുമാത്രമുതകുന്ന പുതുതലമുറകളെ ഉണ്ടാക്കിയെടുക്കുന്ന തന്ത്രത്തിൽ ഊന്നിയതാണു താനും. സൂക്ഷ്മമായി നോക്കിയാൽ, ജാതിയധിഷ്ഠിത തൊഴിലുകൾ ടാലൻ്റ് സെർച്ചിംഗ് എന്നപേരിൽ തിരികെ കൊണ്ടുവന്ന് ദളിത്, ആദിവാസി വിഭാഗങ്ങളെ ഉപരിപഠന സാധ്യതയില്ലാത്തവരാക്കി പരിണമിപ്പിച്ച് ദാസ്യവും ജാതീയതയും തിരികെയെത്തിക്കുക എന്ന തന്ത്രവുമുണ്ട് എൻ ഇ പിയിൽ.
ചിന്താശക്തിയില്ലാത്തവരാകുമ്പോൾ അവർ ചോദ്യങ്ങൾ ചോദിക്കില്ല. സംഘടിക്കില്ല. NAAC അക്രിഡിറ്റേഷനെന്ന മോഹവലയവും സ്വാശ്രയ കോളേജുകളും യൂണിവേഴ്സിറ്റികളുടെ അപ്രത്യക്ഷമാവലും കോളേജ് തലത്തിലെ വിദ്യാർത്ഥികളുടെ ബൗദ്ധികവും സർഗപരവുമായ വളർച്ചക്ക് തടയിടുന്നു. ക്യാംപസ് രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്നു. ഫലമോ,അധ്യാപകരുടെ സാഡിസ്റ്റ് പ്രവണതകൾക്ക് വിദ്യാർത്ഥികളെ എറിഞ്ഞുകൊടുക്കുക എന്നതു തന്നെ. പഠിച്ചു പാസ്സായി വരുന്നവരോ, തൊഴിലവകാശങ്ങളൊന്നുമില്ലാത്ത പ്രതികരിക്കാനാവാത്ത തൊഴിൽക്കൂട്ടങ്ങളായി പരിണമിക്കുകയും !

ഈയിടെ നടന്ന നിതിൻരാജിൻ്റെ ജാതിക്കൊലപാതകം ഇത്തരം പ്രവണതകളെ തുറന്നു കാണിക്കുന്നതുതന്നെയാണ്. മലയാളികൾ തങ്ങളുടെ നവോത്ഥാന ചരിത്രത്തെ, അതിലിടപെട്ടു വഴി കാണിച്ച അയ്യങ്കാളി,നാരായണഗുരു തുടങ്ങിയ അനേകം ഗുരുക്കന്മാരെ സ്വാതന്ത്ര്യാനന്തരം ചരിത്രത്തിൻ്റെ ചവറ്റു കുട്ടയിലേക്കെറിഞ്ഞവരാണ്. നമ്മുടെ വിദ്യാഭ്യാസ കരിക്കുലത്തിലോ പൊതുഇടങ്ങളിലോ ആ ചരിത്രം നൽകിയ ഊർജ്ജം പ്രസരിച്ചില്ല. ജാതിക്കതീതരാണെന്നു പുറമേക്ക് നടിച്ചവരുടെ മനസ്സിൻ്റെ ഉള്ളിലേക്ക് വലിഞ്ഞിരിക്കുക മാത്രമായിരുന്നു ജാതിബോധം. പുതിയ കാലത്തെ പാരമ്പര്യാഭിമാനമെന്ന ലേബലിലെത്തുന്ന സംഘി_ സനാതന ബോധമാവട്ടെ, ഈ വലിഞ്ഞിരുന്ന ബോധങ്ങളെയൊക്കെ തിരികെ ആനയിക്കാൻ കെൽപ്പുളളതും. ജാതീയമായ അവഹേളനങ്ങളും ജാതി ആനുകൂല്യങ്ങളെ ചൊല്ലിയുള്ള പരിഹാസങ്ങളും ഇത്തരം വിദ്യാർത്ഥികളെ ആത്മവീര്യം നഷ്ടപ്പെട്ടവരാക്കുന്നു.
ബിമൽ കൂട്ടായ്മയിൽ ഇത്തവണ കൂടെയുണ്ടായിരുന്ന സജയ് കെ. വി. യുമായും വീരാൻകുട്ടി മാഷുമായും പ്രോഗ്രാം തുടങ്ങും മുമ്പ് സംസാരിച്ചതും ഈ വിഷയം തന്നെ.സജയിൻ്റെ മകളുടെ സഹപാഠിയായിരുന്നു നിതിൻ എന്നറിഞ്ഞത് സംസാരത്തിന് പുതിയ ദിശ നൽകുകയായിരുന്നു തുടർന്ന് ഉദ്ഘാടകനുൾപ്പെടെ എല്ലാവരുടെയും പ്രഭാഷണങ്ങളിൽ നിതിനുണ്ടായിരുന്നു .അവൻ്റെ മരണമുണ്ടാക്കിയ മുറിവുണ്ടായിരുന്നു. നിരന്തരം നിറത്തെപ്പറ്റിയും സാമൂഹൃ പിന്നോക്കാവസ്ഥയെപ്പററിയും കളിയാക്കുകയും ക്ലാസ് മുറിക്കകത്തു വെച്ച് മറ്റു വിദ്യാർത്ഥികൾ കേൾക്കെ വാക്കുകളാൽ മുറിവേൽപ്പിക്കുകയും ചെയ്യുമായിരുന്നു റാം എന്ന അധ്യാപകൻ എന്ന് നിതിൻ രാജിൻ്റെ കൂട്ടുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

പരപീഡനത്തിൽ ആഹ്ലാദം കണ്ടെത്തുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു. നൂറ്റാണ്ടുകളായി ജാതീയതയുടെ പവർ സ്ട്രക്ചർ നിലനിന്നിരുന്ന സമൂഹമായിരുന്നതിനാലിയിരിക്കണം, തന്നിൽ താണവൻ്റെ മേൽ അധികാരപ്രയോഗം നടത്തുന്നതിൽ ആഹ്ലാദം കണ്ടെത്തുന്ന ഒരു മനസ്സ് ഇന്ത്യക്കാരന് എളുപ്പം സ്വീകരിക്കാനാവുന്നത്. തന്നേക്കാൾ കറുത്തവൻ, ദരിദ്രൻ, ജാതീയമായി താണവൻ. പിന്നെന്തു വേണം ? കളിയാക്കാനും ഭീഷണിപ്പെടുത്താനും !കളിയാക്കാൻ ഉയർത്തുന്ന കാരണങ്ങളും ഈ താഴ്ന്ന സാമൂഹൃ പശ്ചാത്തലവുമായി ബന്ധപ്പെട്ടതു തന്നെ. കേരളത്തിൻ്റെ തെക്കെയറ്റത്തെ ജില്ലയിൽ വാടകവീട്ടിൽ കഴിയുന്ന നിതിൻ്റെ മാതാപിതാക്കൾക്ക് ഇങ്ങു വടക്കുള്ള കോളജിൽ ഇടയ്ക്കിടെയെത്തി കാര്യങ്ങളന്വേഷിക്കാനാവാത്തത്, അമ്മയുടെ സർജറിക്കായി ചെറിയൊരു തുക ലോൺ ആപ്പിലൂടെ കടമെടുത്തത്, ഇവയൊക്കെയാണ് അവനെ ക്രൂശിക്കാൻ അവർ കണ്ടെത്തിയ കാരണങ്ങൾ. അവൻ്റെ പെങ്ങൾ ഹൃദയം തകർന്ന് പറഞ്ഞ പോലെ രണ്ടു മൂന്നുമണിക്കൂർ അഞ്ചാറ് അധ്യാപകർ വളഞ്ഞിട്ട് ചോദ്യം ചെയ്യുകയും പോലീസിൽ അറിയിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനു പകരം 2000 രൂപ വീതം ഓരോരുത്തരും പോക്കറ്റിൽ നിന്നെടുത്തുകൊടുത്തിരുന്നെങ്കിൽ തീരാമായിരുന്ന ലോൺ പ്രശ്നമല്ലേ അവനുണ്ടായിരുന്നുള്ളു? ഉയർന്ന വീട്ടിലെ കുട്ടികൾ ആഡംബര ജീവിതത്തിനായി ഇത്തരം കുഴികളിൽ പോയി വീണാൽ ആ നല്ലമക്കളെ സൗമ്യമായി ഉപദേശിക്കുക മാത്രമായിരിക്കും ഒരു പക്ഷേ അത്തരക്കാർ ചെയ്യുന്നുണ്ടാവുക. ആർദ്രത വററിപ്പോയ, സ്വന്തം വിദ്യാർത്ഥികളെ ജാതീയമായി മാത്രം ഉൾക്കൊള്ളുന്ന അധ്യാപക ഹൃദയങ്ങൾ ശപിക്കപ്പെട്ടവ തന്നെ! അത്തരം അധ്യാപകർ വരും കാലത്ത് കൂടി വരാനാണ് സാധൃതയും. മൊത്തം സമൂഹമനസ്സിൻ്റെ മാറ്റത്തിൻ്റെ പ്രതിഫലനവും വിദ്യാർത്ഥി രാഷ്‌ട്രീയം പോലുമില്ലാത്ത ക്യാംപസുകളുടെ ദുർഗതിയുമാണത്.

ബിമൽ ആരായിരുന്നു ബിമലിൻ്റെ രാഷ്ട്രീയമെന്തായിരുന്നു എന്നൊക്കെ ആലോചിക്കേണ്ടി വരുന്നത് ഇപ്പോഴാണ്. ഇടതുപക്ഷ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്നവനാണ് ബിമലും. നല്ല സംഘാ ടകൻ,പ്രഭാഷകൻ,കവി .നാടകങ്ങൾ തന്നെയായിരുന്നിരിക്കണം അദ്ദേഹത്തിൻ്റെ ശക്തിയും ബലഹീനതയും. അനേകരിലേക്ക് ആശയങ്ങൾ എളുപ്പത്തിലെത്തിക്കാവുന്ന മാധ്യമമാണല്ലോ നാടകം.മികച്ച രാഷ്ട്രീയ പ്രതീകാത്മക പ്രമേയമാണല്ലോ ഗോവർദ്ധൻ്റെ യാത്രകളുടേത്. ബിമലിനെപ്പോലുള്ളവർ നേതൃത്വം കൊടുക്കുന്ന രചനാത്മകമായ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ക്യാംപസുകളെ പ്രതികരിക്കുന്നവരുടേതാക്കുന്നു. ഒരു വിദ്യാർത്ഥിയുടെ നേർക്കുള്ള അനീതി തങ്ങളുടെയെല്ലാം നേർക്കെന്ന് കരുതാൻ സഹവിദ്യാത്ഥികൾക്ക് അപ്പോളാവുന്നു. ബിമലാവട്ടെ തൻ്റെ 39 വയസ്സു വരെ മാത്രം നീണ്ട ക്രിയാത്മക ജീവിതത്തിൽ എന്നും നീതിയ്ക്കൊപ്പം നിന്നു. അനീതിക്കൊപ്പം നിൽക്കാൻ തയ്യാറില്ലാതിരുന്നതിനാൽ താൻ കൂടി ഹൃദയം കൊടുത്തു വളർത്തിയെന്നവകാശപ്പെടാവുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്ന് പുറത്താക്കപ്പെട്ടവനായി. ബാക്കിജീവിതം സാംസ്കാരിക രംഗത്തെ സംഘാടനത്തിനു സമർപ്പിച്ചു. അയാൾ കവിതകളെഴുതി. കുട്ടികൾക്കു വേണ്ടിക്കൂടി നാടകങ്ങളെഴുതി. അഭിനയിച്ചു. അജയ്യതയോടെ രോഗത്തിനും കീഴടങ്ങി …
നിതിൻ രാജിൻ്റെ ദൗർഭാഗ്യം ഒരു പക്ഷേ ക്യാംപസിലെ അത്തരമൊരു നൈതിക രാഷ്ട്രീയത്തിൻ്റെ അഭാവമായിരുന്നു. അപമാനവും അരക്ഷിതാവസ്ഥയും സഹിച്ചിരുന്നവർ ആ കോളേജിൽ ഏറെയുണ്ടായിരുന്നുവെങ്കിലും ഓരോരുത്തരും ഒറ്റപ്പെട്ട വ്യക്തികളായിനിന്നു തന്നെ ആ അവഹേളനങ്ങൾ സഹിച്ചു. പരീക്ഷകളിലെ തോൽവി അവരുടെ മുമ്പിൽ ഭീഷണിയായി നിന്നു. അവർക്ക് കൈ കോർക്കാനായില്ല. നിതിൻ്റെ മരണം നടന്ന് പുറത്തു നിന്ന് വിദ്യാർത്ഥി സംഘടനകളെത്തും വരെ, പൊതുജനാഭിപ്രായം ഉയരും വരെ, സത്യം തുറന്നു പറയാനോ നിതിൻ രാജിൻ്റെ വീട് സന്ദർശിക്കാനോ കൂട്ടുകാർ ധൈര്യപ്പെട്ടുമില്ല. വിദ്യാർത്ഥിരാഷ്ട്രീയം നിരോധിക്കാൻ അതാത് കോളജധികാരികൾക്ക് സ്വാതന്ത്ര്യമുണ്ട് എന്ന കോടതിവിധി കൂടി ഇത്തരുണത്തിൽ ഓർമ്മിക്കാം.
മെഡിക്കൽ കോളേജ് അധ്യാപികയും മാഗസിൻ സ്റ്റാഫ് എഡിററർസ്ഥാനം പലവട്ടം വഹിചിട്ടുള്ള ആളുമായതിനാൽ വിദ്യാർത്ഥിരാഷ്ട്രീയത്തിൻ്റെ സൃഷ്ടിപരതയും ഒപ്പം പ്രതിലോമപരതയും കാണാനിടയായിട്ടുണ്ട്. ഇടതുപക്ഷവിദ്യാർത്ഥിപ്രസ്ഥാനങ്ങളോടൊപ്പം പ്രവർത്തിക്കുമ്പോൾ പ്രത്യകിച്ചും, നല്ല വായനയും സർഗപരതയുള്ള ധാരാളം വിദ്യാർത്ഥികളെ അടുത്തറിയാനുമായിട്ടുണ്ട്. ഒരു ഘട്ടത്തിൽ അവർ അക്രമ രാഷ്ട്രീയത്തിലേയ്ക്ക് തിരിയുന്നതിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. വാസ്തവത്തിൽ ക്യാംപസിനു പുറത്തുള്ള മുതിർന്ന പാർട്ടി പ്രവർത്തകരുടെ ഇടപെടലാണ് പലപോഴും പ്രശ്നങ്ങൾ ഊതിപ്പെരുപ്പിച്ചിട്ടുമുള്ളത്. അതിൻ്റെ പരിണതഫലം ക്യാംപസ് അർദ്ധ അരാഷ്ട്രീയതയിലേക്ക് തളളി വിടപ്പെടുക എന്നതായിരുന്നു. കോളജ് അധികാരികളുടെ അമിതനിയന്ത്രണം, അതിനായി രക്ഷിതാക്കളുടെ നിർബന്ധം ചെലുത്തൽ, മാഗസിൻ വിഷയങ്ങൾ എഡിററ് ചെയ്യുന്ന അവസ്ഥ, കലാപരിപാടികളുടെ സമയനിയന്ത്രണം ഇങ്ങനെ ക്രിയേറ്റീവായ വിദ്യാർഥികളുടെ മനം മടുപ്പിക്കുന്ന പലതുണ്ടായി അക്കാലത്ത്. അസ്വസ്ഥമാക്കും വിധം തീവ്ര വലതുപക്ഷ രാഷ്ട്രീയവൽക്കരണശ്രമങ്ങൾ മുളയിട്ടു തുടങ്ങിയ കാലത്താണ് അധ്യാപികയെന്ന നിലയിലുള്ള കോഴിക്കോട് മെഡിക്കൽ കോളേജിലെ അധ്യാപനത്തിനു വിരാമമായതും.

നിതിൻ രാജിൻ്റെ മരണത്തോടൊപ്പം വയനാട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിൻ്റെ മരണത്തെ കൂടി ഓർമ്മിക്കുന്നത് അതുകൊണ്ടു തന്നെ നന്നാവും. വെറ്റിനറി കോളേജിൽ ക്യാംപസ് രാഷ്ട്രീയമുണ്ടായിരുന്നു. ഇടതുപക്ഷ യൂണിയൻ നിലവിലുണ്ടായിരുന്ന ക്യാംപസ് . നടുക്കുന്ന കാര്യം ആ രാഷ്ട്രീയ പ്രസ്ഥാനത്തിലെ മുതിർന്നവരാൽത്തന്നെ ക്രൂരമായി ആക്രമിക്കപ്പെട്ട അനുഭവമായിരുന്നു ആ വിദ്യാർത്ഥിക്ക് എന്നതാണ്. കൊലപാതകത്തിൽ പ്രതികളൊക്കപ്പെട്ടതും സീനിയർ വിദ്യാർത്ഥികൾ. വിദ്യാർത്ഥി രാഷ്ട്രീയം നിലനിൽക്കുന്നയിടങ്ങളിൽ അക്രമങ്ങളും അവിശ്വസനീയമായ വിധത്തിൽ പരപീഡനവാസനകളും ഏറിവരുന്നത് ഇന്ന് നാം കാണുന്നു. ജാതിവിവേചനം അതിശക്തമായി അവയിലൊക്കെ പ്രവർത്തിക്കുന്നുമുണ്ട്. രാഷ്ട്രീയം എന്നത് അവിടെ ഒരു മറ മാത്രമാവുന്നു. പരപീഡനവാസനകൾക്കുള്ള മറ.ശക്തമായ ക്യാംപസ് രാഷ്ട്രീയ നേതൃത്വത്തോട് ഏറ്റുമുട്ടാൻ അധ്യാപകരും കോളേജധികാരികളും മടിക്കുന്നു . ചിലപ്പോൾ അതേ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ അനുഭാവികളായ അധ്യാപകരായിരിക്കും കുറ്റകൃത്യങ്ങൾ മറച്ചുവെക്കാനും സഹായിക്കുന്നത്. അധികാര വിധേയ സംസ്കാരം നമ്മുടെ ജീവിതത്തിൻ്റെ ഓരോ അടരുകളിലും പ്രവർത്തിച്ച് നിർമ്മാണാത്മകമായി നിലനിൽക്കേണ്ട രാഷ്ട്രീയത്തേയും ഗുരുശിഷ്യബന്ധങ്ങളെയും സർഗാത്മക- ബൗദ്ധിക പ്രവർത്തനങ്ങളെയും മലീമസമാക്കുന്നു.
സമൂഹമനസ്സിന് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളിലേക്ക്, ജാതിവിവേചനങ്ങളുടെ പാരമ്പര്യത്തിലേക്കുള്ള മടക്കത്തിലേക്ക്, അതിനോട് കൃത്യമായും പിണഞ്ഞു കിടക്കുന്ന അധികാരപ്രയോ ഗങ്ങളിലേക്ക്, അന്യ പീഡനത്വരകളിലേക്ക്, വിരൽ ചൂണ്ടുന്നു ഇവയൊക്കെ. സാംസ്കാരികതലത്തിലുള്ള വലിയ ഇടപെടലുകൾ ആവശ്യമുണ്ട് പരിഹാരമായി.

ദളിത് സംഘടനകൾ ഒന്നായിച്ചേർന്ന് 28 ന് സമാധാന പൂർണമായ ഒരു ഹർത്താലിന് ആഹ്വാനം ചെയ്തതായിരുന്നല്ലോ. വളരെ പ്രതീക്ഷാപൂർവം നോക്കിക്കണ്ട ഒന്നായിരുന്നു അത്. കാരണം,ഒറ്റപ്പെട്ട ഒരു ദളിത് വിദ്യാർത്ഥിയുടെ ആത്മഹത്യയായി എടുക്കേണ്ട ഒന്നല്ല നിതിൻ രാജിൻ്റെത് . പുതിയ സനാതന ധർമ്മ , തീവ്ര ദേശീയതാവാദക്കാലത്ത് പീഡിപ്പിപ്പിക്കപ്പെടുന്നവർ തങ്ങളുടെ ശത്രുക്കളെ തിരിച്ചറിയേണ്ടതുണ്ട്, ഒന്നിക്കേണ്ടതും പ്രതിരോധിക്കേണ്ടതുമുണ്ട്. ഫാസിറ്റ് വിരുദ്ധ സന്നദ്ധപ്രവർത്തകരെല്ലാം ആ കൂട്ടായ്മക്കു കരുത്തേകേണ്ടതുമുണ്ട്. വാസ്തവത്തിൽ ഫാസിസ്റ്റ് വിരുദ്ധ പ്രവർത്തനത്തിൻ്റെ രണ്ട് അടരുകൾ തന്നെയാണവ. ഒന്ന് സൗമ്യഭാവേന, സoസ്കാരത്തെ സംരക്ഷിക്കുകമാത്രം ചെയ്യുന്നു എന്ന വ്യാജേന, കടന്നുകയറുന്ന ആഘോഷങ്ങൾ, കുംഭമേളകൾ, യാഗങ്ങൾ, അതിരാത്രങ്ങൾ, ക്ഷേത്രസംരക്ഷണ യജ്ഞങ്ങൾ, ആൾക്കൂട്ട നിർമ്മിതികൾ_ അവയുടെ പുറകിലുള്ള യഥാർത്ഥ പ്രത്യയശാസ്ത്രത്തെ തുറന്നുകാണിക്കുക എന്നത്. ഒപ്പം രണ്ടാം ജ്ഞാനോദയത്തിലൂടെ ഉയർന്നുവരുന്ന പീഡിതപക്ഷ കൂട്ടായ്മകളോടൊപ്പം അണി ചേരുകയെന്നതും.
ദളിത് സംഘടനകളുടെ ഹർത്താലിനെ പക്ഷേ, വിലകുറച്ചു കണ്ടു മലയാളി എന്നു തോന്നുന്നു. അതിൻ്റെ സംഘർഷങ്ങൾ മാത്രമാണ് നമ്മൾ പലയിടങ്ങളിലും കണ്ടത്. ഒരിക്കലും അത് അക്രമത്തിലേക്കോ പൊതു മുതൽ നശിപ്പിക്കലിലേക്കോ പോയിട്ടില്ല.എന്നിട്ടും ഒട്ടനവധി കേസുകൾ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലായി ചാർജ് ചെയ്യപ്പെട്ടു. ദളിത് പ്രവർത്തകരെ അറസ്ററു ചെയ്ത് ജാമൃമനുവദിക്കും വരെ മണിക്കൂറുകളോളം പോലീസ് സ്റ്റേഷനുകളിലിരുത്തി. ഹൈക്കോടതിയാവട്ടെ, നേരിട്ട് ഹർത്താലിനെതിരെ കേസ് ഫയൽ ചെയ്തു!
സാക്ഷരകേരളം ! ജാതിമുക്ത കേരളം!





