ഡച്ച് തിരമാലകളെ തടുത്ത് വീഴ്ത്തിയ ഇസ്സ ദിയൂഫ് എന്ന ശാന്തമായ ആധിപത്യം
ഇസ്സ ദിയൂഫിനെ കണ്ടപ്പോൾ ബെന്യാമിന്റെ ആടുജീവിതത്തിലെ ഇബ്രാഹിം ഖാദിരിയെ ഓർമ്മവന്നു. ചില മനുഷ്യർ അവരുടെ ശരീരഭാഷ കൊണ്ടുതന്നെ ഒരു കഥ പറയാറുണ്ട്. ഇസ്സയും അത്തരത്തിലൊരാളാണ്. തൊണ്ണൂറാം മിനിറ്റിൽ ഡച്ച് വലയിൽ പന്തെത്തിച്ചശേഷം അദ്ദേഹം നിശ്ചലനായി നിന്ന നിമിഷം, ഒരു ഗോൾ നേടിയ താരത്തേക്കാൾ കൂടുതൽ, ഒരു ജനതയുടെ പ്രതീക്ഷയെ മുഴുവൻ ചുമലിലേറ്റിയ മനുഷ്യനെയാണ് ഓർമ്മിപ്പിച്ചത്.
മെലിഞ്ഞ ശരീരം. പക്ഷേ അതിൽ ക്ഷീണത്തിന്റെ ഒരു അടയാളവും ഇല്ല. കാറ്റും ചൂടും കാലവും ചേർന്ന് തീർത്തെടുത്ത ആരോഗ്യവത്തായ രൂപം. അനവധി മണൽക്കാറ്റുകൾ കടന്നുപോയതിന്റെ അടയാളങ്ങൾ മുഖരേഖകളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും, അതിനിടയിലൂടെ ഒരു വിചിത്രമായ തെളിച്ചവും ആത്മവിശ്വാസവും പുറത്തേക്ക് ഒഴുകുന്നു. അദ്ദേഹത്തിന്റെ കണ്ണുകളിൽ മരുഭൂമിയുടെ സായാഹ്നങ്ങളുടേതുപോലുള്ള ശാന്തതയുണ്ട്. ആവേശം കൊണ്ടല്ല, ഉറപ്പ് കൊണ്ടാണ് അവ സംസാരിക്കുന്നത്.
മനഃശാസ്ത്രത്തിൽ “calm dominance” ( ശാന്തമായ ആധിപത്യം ) എന്നൊരു ആശയമുണ്ട്. ഏറ്റവും വലിയ സമ്മർദ്ദത്തിന്റെ നിമിഷങ്ങളിൽ പോലും വികാരങ്ങളെ നിയന്ത്രിച്ച് മറ്റുള്ളവർക്ക് സുരക്ഷിതത്വബോധം നൽകാനുള്ള കഴിവ്. ഇബ്രാഹിം ഖാദിരിയുടെ സാന്നിധ്യത്തിൽ നജീബ് അനുഭവിച്ച ആശ്വാസം പോലെ, ഇസ്സ ദിയൂഫിന്റെ സാന്നിധ്യം മൊറോക്കൻ പ്രതിരോധത്തിന് നൽകിയതും അതുതന്നെയായിരുന്നു. അദ്ദേഹം പന്ത് ക്ലിയർ ചെയ്യുമ്പോഴും, എതിരാളിയുടെ നീക്കം തടയുമ്പോഴും, സഹതാരങ്ങളെ ക്രമപ്പെടുത്തുമ്പോഴും ഒരു സന്ദേശം മാത്രമാണ് നൽകിയത്: “ഭയപ്പെടേണ്ട, ഞാൻ ഇവിടെ ഉണ്ട്.”

ഡച്ച് ആക്രമണങ്ങൾ തിരമാലകളായി വന്നപ്പോൾ സ്റ്റോപ്പർ സ്ഥാനത്ത് അദ്ദേഹം കളിച്ചത് ഒരു പ്രതിരോധ താരത്തെപ്പോലെയല്ല, മരുഭൂമിയിലെ പരിചയസമ്പന്നനായ വേട്ടക്കാരനെപ്പോലെയായിരുന്നു. അഞ്ച് സെക്കൻഡ് കഴിഞ്ഞാൽ പന്തും കളിക്കാരും എവിടെയെത്തുമെന്ന കൃത്യമായ ധാരണ. ഇത് വെറും ശാരീരിക മികവ് മാത്രമല്ല. അനുഭവത്തിന്റെ, നിരീക്ഷണത്തിന്റെ, ആത്മനിയന്ത്രണത്തിന്റെ പ്രകടനങ്ങളാണ്. മനഃശാസ്ത്രജ്ഞർ പറയുന്ന “anticipatory intelligence” എന്ന ഗുണം അദ്ദേഹത്തിന്റെ ഓരോ ഇടപെടലിലും പ്രകടമായിരുന്നു.
മൊറോക്കോയ്ക്കായി കളിക്കാൻ ഇസ്സക്ക് ഫിഫ അനുമതി നൽകിയത് ഏതാനും മാസം മുൻപാണ്. എന്നാൽ ഗ്രൗണ്ടിൽ കണ്ടത് പുതിയ ഒരാളെ ആയിരുന്നില്ല, പതിറ്റാണ്ടുകളായി ഒരേ സ്ഥലത്ത് കാവൽ നിൽക്കുന്ന ഒരു പാറാവുകാരന്റെ ശാന്തമായ ആത്മവിശ്വാസം. ഇബ്രാഹിം ഖാദിരിയെപ്പോലെ, അദ്ദേഹം അധികം സംസാരിക്കുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ നിശ്ശബ്ദതയ്ക്ക് പോലും ഒരു ഭാഷയുണ്ട്. ജീവിതത്തിലെ അനിശ്ചിതത്വങ്ങളെയും ഏകാന്തതകളെയും അതിജീവിച്ച ഒരാളുടെ പക്വത. അതിനാലാവാം മത്സരത്തിന് ശേഷം ഇസ്സ ദിയൂഫിനെ ഓർക്കുമ്പോൾ ഒരു ഫുട്ബോൾ താരത്തേക്കാൾ കൂടുതൽ, മരുഭൂമിയുടെ നടുവിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന ഒരു തണൽമരം മനസ്സിലേക്ക് വരുന്നത്.
ഡച്ച് വെല്ലുവിളി ഷൂട്ടൗട്ടിൽ മറികടന്ന് മൊറോക്കോ പ്രീക്വാർട്ടറിലേക്ക് മുന്നേറിയത് ഒരു ടീമിന്റെ വിജയമായിരുന്നു. പക്ഷേ ആ യാത്രയിലെ ഏറ്റവും ഭാരം കൂടിയ ചുമട് ഇസ്സ ദിയൂഫാണ് തോളിലേറ്റിയത്.





