ഭരണകൂടവേട്ടക്കെതിരെ സാംസ്കാരിക ലോകം; ആർ. രാജഗോപാലിന്റെ അനുഭവം വലിയൊരു മുന്നറിയിപ്പെന്ന് ‘വേക്ക് അപ്പ് കേരളം’
മുതിർന്ന മാധ്യമപ്രവർത്തകനും ‘ദ ടെലിഗ്രാഫ്’ മുൻ എഡിറ്ററുമായ ആർ. രാജഗോപാലിനെ വോട്ടർ പട്ടികയിൽ നിന്ന് ഏകപക്ഷീയമായി നീക്കം ചെയ്തതും, തുടർന്ന് അദ്ദേഹത്തിൻ്റെ പാസ്‌പോർട്ട് പുതുക്കി നൽകാൻ അധികൃതർ വിസമ്മതിച്ചതും അങ്ങേയറ്റം അപലപനീയമാണ്. ഈ സംഭവത്തിൽ പ്രതിഷേധിച്ച്, കെ. സച്ചിദാനന്ദൻ, സാറ ജോസഫ്, കെ. സഹദേവൻ, ഡോ. ഖദീജ മുംതാസ്, കുരീപ്പുഴ ശ്രീകുമാർ, റഫീഖ് അഹമ്മദ്, അൻവർ അലി തുടങ്ങി കേരളത്തിലെ പ്രമുഖരായ എഴുത്തുകാരും സാംസ്കാരിക നായകരും ഉൾപ്പെടെയുള്ളവർ ഒപ്പുവച്ച പ്രസ്താവന ‘വേക്ക് അപ്പ് കേരളം’ പുറത്തിറക്കി.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ‘സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ’ (SIR) സംവിധാനത്തെക്കുറിച്ച് അപകടകരമായ വലിയൊരു മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്. വോട്ടർ പട്ടിക കുറ്റമറ്റതാക്കുക എന്ന പേരിൽ നടപ്പിലാക്കുന്ന ഈ പ്രക്രിയ, യഥാർത്ഥത്തിൽ സാധാരണക്കാരായ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജനാധിപത്യ-പൗരത്വ അവകാശങ്ങൾക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന് ചൂണ്ടിക്കാട്ടുന്നു.
പ്രസ്താവനയുടെ പൂർണ്ണരൂപം താഴെ വായിക്കാം:
മുതിർന്ന മാധ്യമപ്രവർത്തകനും ‘ദ ടെലിഗ്രാഫ്’ മുൻ എഡിറ്ററുമായ ആർ. രാജഗോപാലിനെ വോട്ടർ പട്ടികയിൽ നിന്ന് ഏകപക്ഷീയമായി നീക്കം ചെയ്തതിനെയും, തുടർന്ന് അധികൃതർ അദ്ദേഹത്തിൻ്റെ പാസ്‌പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ചതിനെയും ‘വേക്ക് അപ്പ് കേരളം’ ശക്തമായി അപലപിക്കുന്നു.
ആർ. രാജഗോപാലിനെപ്പോലെയുള്ള, പതിറ്റാണ്ടുകളായി പൊതുസമൂഹത്തിൽ നിസ്‌തുല സംഭാവനകൾ നൽകിയ പ്രശസ്തനായ ഒരു മാധ്യമപ്രവർത്തകന് ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായെങ്കിൽ, അത് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ‘സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ’ (SIR) നടപടിക്രമങ്ങളിലെ സുതാര്യമല്ലാത്ത രീതികളെയും ഘടനാപരമായ ഗുരുതരപിഴവുകളെയുമാണ് തുറന്നുകാട്ടുന്നത്.

സമൂഹത്തിൽ വ്യക്തമായ മേൽവിലാസമുള്ള ഒരു മാധ്യമപ്രവർത്തകന് പോലും വോട്ടവകാശം നിഷേധിക്കപ്പെടുകയും പൗരത്വവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നേരിടേണ്ടി വരികയും ചെയ്യുന്നുവെങ്കിൽ, സാധാരണ പൗരന്മാരുടെ, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവരും ദുർബലരുമായ വിഭാഗങ്ങളുടെ അവസ്ഥ എത്രത്തോളം ഭയാനകവും വേദനാജനകവുമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
സാധാരണക്കാരായ ഇന്ത്യക്കാരുടെ മേൽ ഈ എസ് ഐ ആർ പ്രക്രിയ ചെലുത്തുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ അതീവ ഗൗരവകരമാണ്. പശ്ചിമ ബംഗാളിൽ മാത്രം 90 ലക്ഷത്തിലധികം ആളുകളുടെ പേരാണ് വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റപ്പെട്ടത്; 27 മുതൽ 32 ലക്ഷം വരെ കേസുകളിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലായി ദരിദ്രർ, സ്ത്രീകൾ, കുടിയേറ്റക്കാർ, വയോധികർ, ന്യൂനപക്ഷങ്ങൾ തുടങ്ങി പഴയകാല രേഖകൾ ഹാജരാക്കാൻ ബുദ്ധിമുട്ടുള്ള ദശലക്ഷക്കണക്കിന് ആളുകൾ, അവരുടെ വോട്ടവകാശം നഷ്ടപ്പെട്ട് വലയുകയാണ്. പല സംസ്ഥാനങ്ങളിലും റേഷൻ കാർഡുകളും മറ്റ് ക്ഷേമപദ്ധതികളും വോട്ടർ പട്ടികയുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ, ഇത് വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
മാസങ്ങളോളം പഴയ രേഖകൾക്കായി പരക്കം പായുന്നതും ട്രൈബ്യൂണലുകളെ സമീപിക്കുന്നതും ഈ കുടുംബങ്ങളിൽ വലിയ മാനസിക സംഘർഷവും തങ്ങളുടെ രാജ്യത്ത് അന്യരായി മാറുമോ എന്ന നിരന്തരഭീതിയും സൃഷ്ടിക്കുന്നു. ഇവ ഉണ്ടാക്കുന്ന മാനസികസമ്മർദ്ദവും പീഡനവും കാരണം മരണങ്ങൾ വരെ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട് എന്നത് അങ്ങേയറ്റം ദാരുണമാണ്.
അനർഹരായ വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച എസ്.ഐ.ആർ, ഇന്ന് ജനാധിപത്യ പങ്കാളിത്തത്തെയും അടിസ്ഥാന പൗരാവകാശങ്ങളെയും തകർക്കുന്ന തീർത്തും വിവേചനപരമായ ഒരു ഉപകരണമായി മാറികൊണ്ടിരിക്കുന്ന പ്രവണത വളരെ വലിയ അപകടമാണ്.
പൊതുജനവിശ്വാസം ശക്തിപ്പെടുത്തുന്നതിന് പകരം, ജനങ്ങൾക്കിടയിൽ ഭിന്നിപ്പും സംശയവും ഉദ്യോഗസ്ഥതലത്തിലുള്ള പീഡനങ്ങളും വളർത്താനേ ഇത് ഉപകരിക്കുന്നുള്ളൂ. വോട്ടർപട്ടിക കാലാനുസൃതമായി പുതുക്കേണ്ടത് നിയമപരമായ ഒരു പ്രക്രിയയാണെങ്കിലും, അത് ഏവരെയും ഉൾക്കൊള്ളുന്നതും സുതാര്യവും സ്വാഭാവിക നീതി ഉറപ്പാക്കുന്നതുമാകണം. അതോടൊപ്പം പരാതികൾ വേഗത്തിൽ പരിഹരിക്കപ്പെടുകയും, ദീർഘകാലമായി ഇവിടെ താമസിക്കുന്നവർക്ക് പൗരത്വത്തിന്മേൽ പ്രാഥമിക പരിഗണന നൽകുകയും വേണം.
ആർ. രാജഗോപാലിൻ്റെ ദുരവസ്ഥ നമുക്കൊരു വലിയ മുന്നറിയിപ്പാണ്. ഒരു മുതിർന്ന മാധ്യമ പ്രവർത്തകന് പോലും ഇത്തരം ദുരനുഭവങ്ങൾ നേരിടേണ്ടി വരുന്നു എന്നത്, ഒരു സാധാരണ പൗരന്റെ കടുത്ത നിസ്സഹായതയെയാണ് വെളിപ്പെടുത്തുന്നത്.
വോട്ടവകാശവും സഞ്ചാരസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനും, ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിത്തറയെ തകർക്കുന്നതിൽ നിന്ന് എസ് ഐ ആറിനെ തടയുന്നതിനും അടിയന്തരമായ നീതിന്യായ-ഭരണകൂട ഇടപെടലുകൾ അനിവാര്യമാണ്.






A democracy cannot thrive when dissent is branded as disorder and constitutional concerns are dismissed as inconvenience. This article reminds us that the real strength of society lies in protecting justice, accountability, and the right to question power. An important and timely intervention