A Unique Multilingual Media Platform

Articles Kerala National Politics

കനകസിംഹാസനത്തിൽ…

  • December 1, 2025
  • 1 min read
കനകസിംഹാസനത്തിൽ…

ജമ്മുകാശ്മീരിൽ ആയുധം കൊണ്ടാണ് തീവ്രവാദികൾ ഭീകരാക്രമണം നടത്തുന്നതെങ്കിൽ അവിടത്തെ ഭരണാധികാരികൾ ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ഭീകര പ്രവർത്തനം നടത്തുന്നത്. ജമ്മു ഈസ്റ്റ് ഡിവിഷനിലെ സബ്ഡിവിഷണൽ പോലീസ് ഓഫീസറായിരുന്ന ഡപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള ഷസീൻ ഭട്ടിന്റെ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായുള്ള ബന്ധം പുറത്ത് കൊണ്ട് വന്ന ന്യൂസ് സഹാർ ഇന്ത്യയെന്ന ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ഉടമയും പത്രപ്രവർത്തകനുമായ അർഫാസ് അഹമ്മദ് ഡിയാങ്ങിന്റെ വീട് ഇടിച്ചു നിരത്തിയാണ് ഭരണകൂടം പ്രതികാരം തീർത്തത്. ഇക്കഴിഞ്ഞ നവംബർ ഇരുപത്തിയേഴാം തീയതിയാണ് മനുഷ്യരാശിക്ക് തന്നെ അപമാനകരമായ ഈ പ്രവൃത്തി.

പൗരന്റെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കേണ്ട പോലീസിനെ ഏഴാംകൂലിയാക്കിയുള്ള ഈ പ്രവൃത്തിക്ക് മനുഷ്യസ്നേഹത്തിന്റെ മാഹാത്മ്യം ബോധ്യപ്പെടുത്തി കൊണ്ട് മറുപടി നൽകിയിരിക്കുകയാണ് ജമ്മു സ്വദേശിയായ കുൽദീപ് ശർമ്മ. വീട് വയ്ക്കാനായി തന്റെ ഉടമസ്ഥതയിലുള്ള നാല് സെന്റ് വസ്തു അദ്ദേഹം അർഫാസിന് നിയമപരമായി എഴുതി നൽകി. വസ്തുവിന്റെ പേപ്പറുകൾ കൈമാറുമ്പോൾ ഈ മനുഷ്യ സ്നേഹി അർഫാസിനോട് പറഞ്ഞതിങ്ങനെയാണ്. ” ആരോട് തെണ്ടിയിട്ടാണെങ്കിലും ഈ വസ്തുവിൽ നിങ്ങൾക്ക് വീട് വയ്ക്കാനുള്ള പണം ഞാൻ കണ്ടെത്തി തരും. ഈ പ്രദേശത്തെ ഹിന്ദുവിനേയും മുസൽമാനേയും തമ്മിലടിപ്പിക്കുന്ന പരിപാടികൾ ഇവിടെ ജയിക്കില്ല. നമ്മുടെ സാഹോദര്യം എന്നെന്നും നിലനിൽക്കുക തന്നെ ചെയ്യും.നിങ്ങളൊരു നല്ല മനുഷ്യനാണ്. നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും എല്ലാ നന്മകളും ഉണ്ടാകും.”

അർഫാസ് അഹമ്മദ് ഡിയാങ്ങിഗ് തന്റെ തകർന്ന വീടിന് മുന്നിൽ

ബി.ജെ.പിക്ക് സ്വാധീനമുള്ള ജമ്മുവിലെ ചന്നി മേഖലയിലാണ് ഈ സംഭവം. രാജ്യമെമ്പാടും വിവിധ പദ്ധതികളിലൂടെ വീടുകൾ വച്ചു നൽകാൻ നികുതി പണമെടുത്തു ചിലവാക്കുന്ന സർക്കാരുകൾ തന്നെ,സർക്കാർ ചിലവിൽ വീടില്ലാത്തവരെ സൃഷ്ടിക്കുന്ന കിരാത നടപടി ആധുനിക ഇന്ത്യയുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. ഗുജറാത്തിൽ തുടങ്ങി ഉത്തർപ്രദേശ് വഴി ഇപ്പോൾ കാശ്മീർ താഴ് വരയിലെത്തി നിൽക്കുകയാണ് സംഘപരിവാരത്തിന്റെ വീടിടിക്കൽ പദ്ധതി. മറ്റെല്ലായിടത്തും പൊതുജനം പ്രതികരിക്കാതെയിരുന്നപ്പോൾ ജമ്മുവിൽ ജനം പ്രതികരിച്ചത് തോക്കെടുത്തല്ല. കുൽദീപ് ശർമ്മയെന്ന ഹിന്ദു മതവിശ്വാസി പ്രതികരിച്ചത് അർഫാസെന്ന മുസൽമാന് വീടുണ്ടാക്കി കൊടുത്തു കൊണ്ടാണ്. കഥ അവിടെയും തീരുന്നില്ല. കുൽദീപ് രാജ് ശർമ്മയെന്ന സാധാരണക്കാരിൽ സാധാരണക്കാരനായ ഒരാളുടെ പ്രവൃത്തി ജമ്മുവിലെ ജനങ്ങളെ വല്ലാതെ സ്പർശിച്ചിരിക്കുകയാണ്. പേരു വെളിപ്പെടുത്താൻ തയ്യാറാകാത്ത ഒരു ജമ്മു ബിസിനസ്സുകാരൻ ഒരു കോടി രൂപ വില മതിക്കുന്ന ഭൂമി കുൽദീപിന് നൽകി കൊണ്ടാണ് കാശ്മീർ ജനതയുടെ നന്ദി വെളിപ്പെടുത്തിയിരിക്കുന്നത്. മുസ്ളീം മതവിശ്വാസിയായ ഈ ബിസിനസ്സുകാരൻ ഞാനെന്റെ ജനതയെ ഓർത്ത് അഭിമാനിക്കുന്നു എന്നാണ് കാശ്മീർ ന്യൂസ് ഒബ്സർവറിനോട് പറഞ്ഞത്. ഇസ്ളാമിന്റെ പേരിൽ ഭീകരവാദം തഴച്ചു വളർന്നിരുന്ന തെക്കൻ കാശ്മീരിലെ പാമ്പോറിൽ നിന്നാണ് ഈ നാൽപത്തിയാറുകാരനായ ഈ യുവ ബിസിനസ്സുകാരൻ വരുന്നതെന്നത് പ്രത്യേകം പറയുക തന്നെ വേണം.

അർഫാസിന്റെ വീട് പൊളിക്കലിനെ കുറിച്ച് താനൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് ജമ്മു-കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറയുന്നത്. ലെഫ്റ്റനന്റ് ജനറലിന്റെ നിർദ്ദേശ പ്രകാരം പോലീസാണിത് ചെയ്തിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. ലെഫ്റ്റനന്റ് ജനറൽ പറയുന്നത് താനങ്ങനെ ഒരു ഉത്തരവ് നൽകിയിട്ടേയില്ലെന്നാണ്. എന്തായാലും ജമ്മു-കാശ്മീരിലെ ജനതയെ ഹിന്ദു-മുസ്ളീം വേലികൾ കെട്ടി നശിപ്പിക്കാമെന്ന വർഗ്ഗീയവാദികളുടെ മോഹത്തിന് നല്ലൊരു താക്കീതു കൂടിയാണ് കുൽദീപ് ശർമ്മ നൽകിയിരിക്കുന്നത്. ചരിത്രത്തിൽ അങ്ങനെ ചിലതു കൂടിയുണ്ടെന്ന് ഇന്ത്യയിലെ നിറം കെട്ട രാഷ്ട്രീയ പാർട്ടികൾ മനസ്സിലാക്കുന്നത് നല്ലതാണ്.വോട്ടു ചോർത്തിയും കൈക്കൂലി കൊടുത്തും സൗജന്യങ്ങൾ വാരി വിതറിയും നിങ്ങൾക്ക് തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കാം.കനകസിംഹനങ്ങളിലെ ശുനകന്മാരാകാം. പക്ഷേ നിങ്ങൾ അറിയാതെ പോകുന്നത് ഇന്ത്യയുടെ ആത്മാവിനെയാണെന്ന് മാത്രം.

ഇപ്പോൾ ഇന്ത്യയിൽ വോ‌ട്ടർ പട്ടിക പുതുക്കൽ എന്നൊരു തമാശ നടക്കുന്നുണ്ട്. അതിനേക്കാൾ വലിയൊരു തമാശ നടക്കുന്നത് നമ്മൾ കാണാതെ പോകരുത്. രാജ്യത്തെ മുഴുവൻ രാജ്ഭവനുകളുടേയും പേരു മാറ്റൽ പ്രക്രിയ നടന്നു വരികയാണ്. രാജ്ഭവൻ എന്ന പേര് ലോക്ഭവൻ എന്നാക്കി മാറ്റുന്നു. രാജാവിനേക്കാൾ രാജഭക്തിയുള്ള പശ്ചിമബംഗാൾ ഗവർണ്ണർ സി.വി ആനന്ദബോസാണ് ആദ്യം പേരു മാറ്റി ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്ന ആൾ. ഗിന്നസ്സ് ബുക്കുകാർ മൈൻഡ് ചെയ്തില്ലെങ്കിലും ലിംകാ ബുക്കുകാരനെങ്കിലും ജനങ്ങളെ കുറിച്ച് ഇത്രയും ഉത്കണ്ഠയുള്ള അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്താതെ പോകരുത്. ഇന്ത്യയിൽ ഇങ്ങനെയൊരു ഭവന്റെ യാതൊരു ആവശ്യവുമില്ലെന്ന കാര്യം സർക്കാരിയ കമ്മീഷൻ പണ്ടേ പറഞ്ഞതാണ്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക് മേൽ ഇല്ലാത്ത അധികാരം പ്രയോഗിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഗവർണ്ണമാരെ നാം എല്ലാ ദിവസവും കാണുന്നുണ്ട്. സർവ്വകലാശാലകളിൽ വിദ്യാഭ്യാസം അന്യം നിന്നു പോയാലും സാരമില്ല തന്റെ വിവരമില്ലായ്മ ജയിക്കണമെന്ന് വാശി പിടിക്കുന്ന കേരള ഗവർണ്ണറും സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ മുട്ട പൊട്ടിയാലും സാരമില്ലെന്ന മട്ടിൽ അടയിരിക്കുന്ന തമിഴ്നാട് ഗവർണ്ണറുമൊക്കെ കോടതി വരാന്തയിലാണ് ഇപ്പോൾ കുടികിടപ്പ്.സാധാരണക്കാരൻ സോപ്പും ചീർപ്പും കണ്ണാടിയും വാങ്ങുമ്പോൾ നൽകുന്ന കാലണ നികുതിപ്പണമെടുത്ത് വൻകിട വക്കീലന്മാർക്ക് നൽകിയാണ് ഈ പോഴത്തരങ്ങൾ മുഴുവൻ കാണിക്കുന്നത്. ഭരണഘടനയുടെ ആമുഖം പോലും വായിച്ചു നോക്കിയിട്ടില്ലാത്തവരാണ് ഇവരെന്നത് അവർ തന്നെ പ്രവൃത്തിയിലൂടെ തെളിയിച്ചു കഴിഞ്ഞതാണ്.

രാജ്ഭവനുകൾക്കേറ്റിരിക്കുന്ന അഭിമാനക്ഷതത്തിന് പരിഹാരമെന്നോണമാണ് ചെന്നായ ആട്ടിൻതോലിട്ടിറങ്ങിയിരിക്കുന്നത്.ഇനി മുതൽ പേരുമാറിയ രാജ്ഭവനുകളുടെ തിരുമുറ്റത്ത് വലിയ ഷെ‍ഡ്ഡുകൾ ഉയരും. രാവിലെ പ്രജകൾക്കായി ഗവർണ്ണർ മഹാരാജാവ് മുഖം കാണിക്കും. നിങ്ങളുടെ അപേക്ഷകൾ അവിടെ വാങ്ങി വയ്ക്കും. ഫലമുണ്ടാകാൻ തരമില്ല. കാരണം ജനങ്ങൾക്കാവശ്യമുള്ള ചെറുതും വലുതുമായ കാര്യങ്ങൾ ചെയ്യേണ്ടത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളാണ്. സർക്കാരുകളുടെ പോസ്റ്റ്മാനല്ല ഗവർണ്ണർ എന്നു ഏതു സംഘപരിവാർ തിരുമനസ്സ് ഉണർത്തിച്ചാലും കാര്യമില്ല.സത്യമതാണെന്നിരിക്കെ. ഗവർണ്ണറുടെ അടിച്ചു തളിക്കാരനായ കേരള സർവ്വകലാശാലയുടെ വൈസ് ചാൻസലർ ഇപ്പോൾ ജോൽസ്യം നോക്കിയാണ് പുറത്തിറങ്ങുന്നത്.

എസ്.എഫ്.ഐക്കാർ കുട്ടികളാരെങ്കിലും ഒരു കാലി ചായ കുടിക്കാൻ റോഡിലുണ്ടെങ്കിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ വീട്ടിൽ കയറിയിരിക്കും. നേരത്തെ ആരിഫ് മുഹമ്മദ് ഖാന് കടത്തിണ്ണയിൽ കസേരയിട്ടിരുന്ന് ഓരിയിടേണ്ട ഗതികേടുണ്ടായതും കേരളം കണ്ടു.രാജ്ഭവൻ ലോക്ഭവനായതു കൊണ്ട് തീരുന്നതല്ല പ്രശ്നങ്ങൾ. ഭരണഘടന പഠിക്കണം.മനുവാദത്തിന് ഉപ്പും മുളകുമാകാൻ അൽപ്പസ്വൽപ്പം വേദങ്ങൾ പഠിച്ചാലും തെറ്റില്ല. പക്ഷേ മഹാനായ ഡോ.അംബേദ്കർ തന്റെ ജീവരക്തം കൊണ്ടെഴുതിയ ഇന്ത്യൻ ഭരണഘ‌ന കനകസിംഹാസനങ്ങളിൽ ഇരിക്കുന്നവർ അറിയുക തന്നെ വേണം.


മറ്റ് ലേഖനങ്ങൾ: കാലിഡോസ്കോപ്പ്

About Author

എം.കെ നാരായണ മൂർത്തി

മാധ്യമ പ്രവർത്തകൻ. Thou Newz എന്ന യൂട്യൂബ് വാർത്താ ചാനലിൻ്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. അറുപതിൽപരം രാജ്യങ്ങളിൽ യാത്ര ചെയ്ത് രാഷ്ട്രീയ - സാമുഹിക വിഷയങ്ങൾ പഠിച്ചിട്ടുണ്ട്.