A Unique Multilingual Media Platform

Articles Cinema Economy Society South India Uncategorized

ഇന്ത്യയിൽ നിർമ്മിച്ചത്: ഒരു ടൈറ്റാൻ കഥ

  • June 16, 2026
  • 1 min read
ഇന്ത്യയിൽ നിർമ്മിച്ചത്: ഒരു ടൈറ്റാൻ കഥ

“ഇന്ത്യയിൽ നിർമ്മിച്ചത്: ഒരു ടൈറ്റാൻ കഥ” എന്ന സീരിസിന്റെ ആദ്യമേ എടുത്തുപറയേണ്ട പ്രധാന സവിശേഷത ഇന്ത്യയുടെ പ്രഗല്ഭനായ വ്യവസായിയും സംരഭകനുമായി ജെ ആർ ഡി ടാറ്റായുടെ കഥാപാത്രത്തിനു ഭാവപകർച്ച നല്കാൻ നസ്രുദീൻ ഷായെ തിരഞ്ഞെടുത്തു എന്നതാണ്. ഒന്നിൽ കൂടുതൽ അർത്ഥങ്ങളിൽ അത് നമ്മുടെ വർത്തമാനവുമായി അനുരണനം ചെയ്യുന്നു. ടൈറ്റാൻ സീരിസിന്റെ രണ്ടാമത്തെ പ്രത്യേകത, വിജയകരമായ സ്വകാര്യ-പൊതുമേഖല സംരഭകത്വത്തിന്റെ കഥയായ “ടൈറ്റാൻ” സാമ്പത്തിക ഉദാരീകരണത്തിന്റെ വക്താക്കൾ നിന്ദയോടെ കാണുന്ന 91- നും മുമ്പുള്ള ‘ലൈസൻസ് രാജിന്റെ” കാലത്താണ് സംഭവിച്ചത് എന്നുള്ളതാണ്. വ്യവസായങ്ങൾക്കും സ്വകാര്യ മൂലധന സംരഭകത്വത്തിനും നിരുത്സാഹജനകമെന്നു ആരോപിക്കപ്പെടുന്നതാണല്ലോ ആ കാലം. സ്വകാര്യ -പൊതുമേഖല സംരഭകത്വമെന്നോ? അതെ, നിങ്ങൾ കേട്ടതാണ് ശരിയാണ്.

ടാറ്റായുടെ സ്വകാര്യസംരഭകത്വവും തമിഴ്നാട് സംസ്ഥന സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ റ്റിഡ്‌കോയുമായി (tidco) കൈകോർക്കുകയും രണ്ടിന്റെയും ആദ്യക്ഷകാരങ്ങളിൽ നിന്നാണ് ടൈറ്റാൻ എന്ന ബ്രാൻഡ് പേര് തന്നെ ഉദ്ഭവിക്കുന്നത്. മറ്റൊരു പ്രത്യേകത സർക്കാരിന്റെ അരികുപറ്റി രാഷ്ട്രീയ നേതാക്കളുടെ ഇച്ഛക്കൾക്കനുസരിച്ചു ചങ്ങാത്തമുതലാളിത്തത്തിന്റെ ദൂഷിതലോകം പിറവിയെടുക്കും മുമ്പെയുള്ള ഒരുകാലത്തെക്കുരിച്ചാണ് ഈ സീരീസ് പ്രതിപാദിക്കുന്നത്. സർക്കാർ സിവിൽ സേവകർ സ്ഥാപിതതാല്പര്യക്കാരായ സ്വകാര്യ സംരംഭകരെ ഓടിപ്പിക്കുന്ന ദുഷ്ടാത്മാക്കളാണ് എന്ന ഉദാരീകരണ കിംവദന്തിയെ ദൂരീകരിക്കുന്നതാണ് ഈ സീരിസിന്റെ മറ്റൊരു സവിശേഷത.

നസ്രുദീൻ ഷാ (ഇടത്), ജെആർഡി ടാറ്റ (വലത്)

ടൈറ്റാൻ സീരിസിനെ ഒരു സമകാലിക ഇന്ത്യൻ വെബ്‌സീരിസ്‌ എന്ന നിലയിൽ സവിശേഷമാക്കുന്നത് ഇതിലെ സംരഭകത്വ പ്രചോദനത്തിനും വിജയത്തിനും ആധാരമാകുന്ന നെഹ്രുവിയൻ എന്നു വിളിക്കാവുന്ന പ്രേരണയെക്കുറിച്ചു പ്രതിപാദനത്തിൽ കടന്നുവരുന്ന ചില മൂല്യ നിദർശനങ്ങളാണ്. ചരിത്രപരമായും രാഷ്ട്രീയമായും ടൈറ്റാൻ ഗൃഹാതുരത്വത്തിനപ്പുറം “ഇന്ത്യാ നിർമിതതത്വത്തെ” ക്കുറിച്ചുള്ള സൂക്ഷ്മ സംവേദനമാകുന്നുവെന്നതാണ്. കാരണം ടൈറ്റാൻ സീരീസ് ആഖ്യാനിക്കുന്നത് ഒരു നടന്ന സംഭവമാണ്, അതാണ് Made in India. അസാക്ഷാത്കൃതമായി നിലകൊള്ളുന്ന Make in India യുള്ള സൂക്ഷ്മവൈരുധ്യവും അനുഭവേദ്യമാകാതിരിക്കില്ല. Made in India യാഥാർത്ഥമായതാണെങ്കിൽ Make in India ഒരു അയഥാർത്ഥകല്പനയായി നിലക്കൊള്ളുന്നു.

ടൈറ്റാൻ സീരിസിലെ മുഖ്യകഥാപാത്രമല്ല ജെ എന്നു വിളിക്കുന്ന ജെ ആർ ഡി ടാറ്റ. എന്നാൽ ഈ സീരിസിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ്. ജെ-യുടെ സമ്യമെങ്കിലും വിട്ടുവീഴ്ചയില്ലാത്ത സമീപനങ്ങളാണ് ഈ സീരിസിന്റെ ഓരോ ഘട്ടത്തിലെയും വഴിത്തിരിവിന് കാരണമാകുന്നത്. ജെ ആർ ഡി ടാറ്റ മൂലധന സംരഭകത്വത്തിന്റെ ഉദാരവൽക്കരണപൂർവ ക്ലാസിക്കൽ മൂലധന സംരംഭകന്റെ മൂല്യമണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ലോകനിലവാരത്തിൽ മത്സരിക്കാൻ തന്റെ സ്വന്തം രാജ്യവും പര്യാപ്‌തമാകണമെന്നതാണ് ജെ ആർ ഡി യെ നയിക്കുന്ന ഏറ്റവും പ്രധാനമായ മൂല്യവിചാരം. ലാഭവും ലാഭവിഹിതത്തെക്കുറിച്ചുള്ള ചിന്തയും രണ്ടാമത്തെ വരുന്നുള്ളു. സംരഭകത്വം മൂല്യവത്താകുന്നത് നവീകരണത്തോടും നൂതനമായ വികാസങ്ങൾ ഉണർത്തുന്ന ജിജ്ഞാസയും അതു പരീക്ഷിച്ചുനോക്കാനുള്ള അഗമ്യമായ അഭിലാഷവുമാണ്. ഈ രണ്ടു വിശേഷഗുണനത്തോടൊപ്പം ജെ ആർ ഡി ടാറ്റ രാഷ്ട്രീയക്കാരുമായും അനാവശ്യമായ സൗഹൃദം സ്ഥാപിക്കുന്നതിലും വിമുഖത കാണിക്കുന്നു.ഒരു പുതിയ സംരഭകത്വ പദ്ധതി വിജയിക്കുന്നുണ്ടെങ്കിൽ ആ പദ്ധതിയുടെ മികവുക്കൊണ്ടും അതിന്റെ വിപണി സാധുതക്കൊണ്ടുമാകണം അതല്ലാതെ തന്റെ സാന്നിധ്യംകൊണ്ടോ തന്നിലുള്ള വിശ്വാസംക്കൊണ്ടോ മാത്രം ഒരു പുതിയ പദ്ധതി അംഗീകരിക്കപ്പെടരുത് എന്ന നിലപാട് സമകാലിക ചങ്ങാത്ത മുതലാളിത്തലോകത്തിൽ അവിശ്വസനീമായ കാര്യമാണ്. ജെ ആർ ഡി തന്റെ ജീവനക്കാരെ സഹപ്രവർത്തകർ എന്ന നിലയിലാണ് കാണുന്നത്. അവരിൽ അർപ്പിക്കുന്ന വിശ്വാസം ഇതെപ്പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ്. പ്രചോദനമാകേണ്ട ഘട്ടങ്ങളിൽ പ്രചോദനം നൽകിയും മുന്നറിയിപ്പ് നൽകേണ്ട സമയത്തു അങ്ങനെ ചെയ്തും തീർത്തും ശ്രേണിരഹിതവും ഊഷമളവുമായ ബന്ധമാണ് തന്റെ ജീവനക്കാരുമായി പങ്കിടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായിരിക്കെ അകൃത്രിമമായ എളിമ ജെ ആർ ഡി ടാറ്റ പ്രകടിപ്പിക്കുന്നു. സ്വന്തമായി വിമാനമോട്ടുന്ന മുതലാളികൂടിയാണ് ജെ ആർ ഡി. ജെ ആർ ഡി യുടെ സവിശേഷമായ വ്യക്തിത്വത്തിന്റെ ഓരോ അടരുകളെയും തന്മയത്വത്തോടെയും ഭാവവ്യതിരിക്തതയോടെയും നസറുദ്ധീൻ ഷാ അവതരിപ്പിച്ചിരിക്കുന്നു. സൂക്ഷ്മ ദൃക്കായ ഒരു സംരംഭകനും അദ്ദേഹത്തിന്റെ ലാളിത്യമാർന്ന ജീവിതവും തീർച്ചയായും നമ്മെ പ്രകടനപരതയും കവിഞ്ഞുനിൽക്കുന്ന സമകാലിക മുതലാളിമാരുടെ ജീവിതശൈലിയും പെരുമാറ്റരീതികളുമായി താരതമ്യം ചെയ്യാൻ പ്രേരിപ്പിക്കും.

നസ്രുദീൻ ഷാ അവതരിപ്പിക്കുന്ന ജെ ആർ ഡി യുടെ വ്യക്തിത്വം ഈ സീരിസിന്റെ കാതലാണ്. ഇന്ത്യയിലെ നവഉദാരവൽക്കരണം ആരംഭിക്കുന്നതിനു മുമ്പേ ആഗോള ബ്രാൻഡായി അംഗീകാരം നേടിയ ടൈറ്റാൻ വാച്ചിന്റെ വ്യവസായ വിജയത്തിന്റെ കഥയാണ് ഇത്. ഇന്ത്യ നിർമിതമായ ടൈറ്റാൻ ഇന്ത്യയുടെ അഭിമാന ബ്രാൻഡായി ലോകവിപണിയിൽ ഉന്നതമായി നിലകൊള്ളുന്നു. ടൈറ്റാന്റെ വ്യവസായ ഉപശാഖകളും ഇന്നു പിറവിയെടുത്തിയിരിക്കുന്നു. പക്ഷെ തിരിഞ്ഞുനോക്കുമ്പോൾ ഒരു സംരഭകത്വ പരിക്ഷീണത്തിൽ നിന്നും ഇന്ത്യയിൽ നിന്നുള്ള ഈ ആഗോളബ്രാൻഡിലേക്കുള്ള ടൈറ്റാന്റെ വളർച്ച സനിഗ്ധവും പ്രതിസന്ധിനിറഞ്ഞതും ഉദ്വേഗഭരിതമായ പല ഘട്ടങ്ങളിലൂടെയും കടന്നുപ്പോയിക്കൊണ്ടായിരുന്നു. ഓരോ നിമിഷവും ഉദ്വേഗംനിറഞ്ഞതാണ് കാരണം അപരിഹാര്യമെന്നു തോന്നാവുന്ന ഓരോ പ്രതിബന്ധങ്ങളെയും നൂതനമായ സമീപനത്തിലൂടെ മാറിക്കടന്നാണ് ടൈറ്റാൻ ഇന്ത്യ നിർമിതമായ ആധികാരിക ബ്രാണ്ടാകുന്നത്. പൊതുമേഖലയ്ക്ക് അപ്രമാദിത്വമുള്ള ഘട്ടത്തിലാണ് ഒരു ഉപഭോഗ വസ്തു എന്ന നിലയിലുള്ള വാച്ച് മാർക്കറ്റിലേക്ക് ടാറ്റ കടന്നുവരുന്നത്. ടൈറ്റാൻ വാച്ച് ഇന്ത്യൻ വിപണിയിലേക്ക് കടന്നുവരുന്നത് 87-ലാണ്. ഇന്ത്യൻ വാച്ച് വിപണിയിൽ അതുവരെ പൊതുമേഖല വാച്ച് കമ്പനിയായ എച് എം ടി യുടെ കുത്തകയാണ് (സീരിസിൽ ജി എം ടി എന്നാണ് പരാമർശിച്ചിരിക്കുന്നത്). ഇതിനൊപ്പം വിദേശവാച്ചുകളും നന്നേ അപൂർവമായി ലഭ്യമായിരുന്നു. വിപണി വഴിയല്ല വിദേശ നിർമിത വാച്ചുകൾ വിൽക്കപ്പെട്ടിരുന്നത് ബ്ലാക്ക് മാർക്കറ്റ് വഴി കള്ളക്കടത്തു വസ്തുവായിട്ടാണ്.

വെബ് സീരീസിൽ നിന്നുള്ള ഒരു രംഗം

 

റോബി ഗ്രെവാൾ സംവിധാനം ചെയ്ത ആറ് എപ്പിസോഡുകളുള്ള ഈ പരമ്പര, ഉദാരവൽക്കരണത്തിനു മുമ്പുള്ള ഇന്ത്യയിൽ ടൈറ്റാൻ എന്ന ടാറ്റ സബ്സിഡിയറി സ്ഥാപനത്തിന്റെ ആശയഭ്രൂണാവസ്ഥ മുതൽ ഗ്ലോബൽ ബ്രാണ്ടാകുന്നതുവരെയുള്ള യഥാർത്ഥ സംഭവങ്ങളുടെ ആവിഷ്ക്കാരമാണ്. ടാറ്റയിലെ മാനേജറായിരുന്ന സെർക്സസ് ദേശായി സ്ഥാപിച്ച ലോകോത്തര വാച്ച് നിർമ്മാണ കമ്പനിയായ ടൈറ്റന്റെ ഉയർച്ചയെക്കുറിചു ബിസിനസ്സ് ലൈൻ പത്രപ്രവർത്തകൻ വിനയ് കാമത്ത്‌ എഴുതിയ പുസ്തകത്തിന്റെ അനുവർത്തനമാണ്. പ്രശസ്ത വ്യവസായി സെർക്‌സ് ദേശായിയുടെ കഥാപാത്രത്തെ അഭിനയിക്കുന്നത് ജിം ശർഭാനണ്. സിറോക്സ് എന്നാണ് ദേശായിയുടെ പേര് ഉച്ചരിക്കാൻ അരിയാവാത്തവർ വിളിക്കുന്നത്. ജെ ആർ ഡി മെന്റർ ചെയ്യുന്ന ടാറ്റ ഗ്രൂപ്പിലെ ഒരു മാനേജരാണ് സെറെക്സ്. പക്ഷെ അസാമാന്യമായവിധമുള്ള പരിഹാരമാർഗങ്ങൾ കണ്ടെത്തുന്ന ദേശായി ചോദ്യോത്തരങ്ങളെക്കാൾ ഡെമോൺസ്‌ട്രേഷനിലാണ് വിശ്വസിക്കുന്നത്.ഉദാരവലക്കരണത്തിനുമുമ്പുള്ള രാജീവ് ഗാന്ധിയുടെ ഭരണക്കാലയളവിൽ നവസംരഭകത്വത്തിന്റെ പുത്തൻ പ്രതീക്ഷകളെ പ്രതിനിധീകരിക്കുന്നു സെറെക്സ് ദേശായി. ടൈറ്റാൻ ഒരു സ്വപനമായി ആദ്യം അങ്കുരിക്കുന്നത് ജെ ആർ ഡി യുടെ മനസ്സിലാണ്. ജെ എന്ന് വിളിക്കുന്ന ജെ ആർ ഡി അത് ഭംഗ്യന്തരേണ സെറെക്സ് ദേശായിയോട് സൂചിപ്പിക്കുന്നു. എന്നാൽ ദേശായി അതേറ്റെടുക്കുന്നത്തിനു ചില ആക്സ്മിതകൾ കാരണമാകുന്നു., നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന ടാറ്റ പ്രസ്സ് പുനരുദ്ധരിക്കാനാണ് ജെ ആർ ഡി ടാറ്റ ഒരു പുതിയ വെല്ലുവിളി എന്ന നിലയിൽ സെർക്സിനെ ഏൽപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി തികച്ചും യാദൃശ്ചികമായി ഐ എ എസ് ഉദ്യോഗസ്ഥനായ മഹാദേവനെ പരിചയപ്പെടുന്നു. അതൊരു തുടക്കമാണ്. മഹാദേവനിൽ നിന്നും ഇന്ത്യയിലേക്കുള്ള വാച്ച് കള്ളക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നു. ഈ വിവരം ഒരു തീപ്പൊരി എന്ന കണക്കെ ഒരു സംരഭകന്റെ മനസ്സിൽ വീണു അത് തീയായി പടരുന്നു. ജെ ആർ ഡി യുമായി ആശയം പങ്കുവെയ്ക്കുന്നു. ജെ അതിനു പിന്തുണ നൽകുന്നു.

തുടർന്നുള്ള സംഭവങ്ങളിലൂടയാണ് ടൈറ്റാൻ എന്ന വ്യവസായ ത്തിന്റെ സ്ഥാപനത്തിന്റെ ഉദ്വേഗഭരിതമായ വികാസത്തിന്റെ ഓരോ ഘട്ടങ്ങളും കടന്നുവരുന്നത്. സീരിസ് തുടങ്ങുന്നത് ഒരു തൊഴിലാളി സമരത്തിന്റെ പ്രശ്ന പരിഹാരമായി ദേശായി കടന്നുവരുന്നതോടെയാണ്. അതുപക്ഷെ നടക്കുന്നത് ടാറ്റ കമ്പനിയിലല്ല. ഒരു സർക്കാർ സംരഭത്തിലാണ്. തൊഴിലാളികളുടെ അവകാശസമരങ്ങളെ എങ്ങനെ അക്കാലങ്ങളിൽ, അതായത്, അയഞ്ഞ തൊഴിൽ നിയമങ്ങൾ വ്യവസ്ഥാപിതമാകുന്നതിനുമുമ്പുള്ള കാലത്തിൽ, സമീപിച്ചിരുന്നുവെന്നതിനെക്കുറിച്ചുള്ള സൂചനയും ഇതിൽ നിന്നും ലഭിക്കുന്നുണ്ട്. സർക്കാർ പൊതുമേഖല സ്ഥാപനത്തിലേക്ക് ടാറ്റയിൽ നിന്നും തലക്കാലികമായ സേവനത്തിനു വന്നിരിക്കുകയാണ് ദേശായി. ആകാശ് എന്ന യുവസുഹൃത്തിനെ ഇവിടെ വെച്ചാണ് പരിചയപ്പെടുന്നത്. റിസ്കെടുക്കാൻ മടിക്കുന്ന ആകാശാണ് ദേശായിയുടെ മനസ്സിലുള്ള ടൈറ്റാന്റെ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാനായി ഒരുമിക്കുന്നത്. ആകാശ് സെറെക്സ് ദേശായിയെപോലെ ടൈറ്റാൻ കമ്പനിയുടെ സഹസ്ഥാപകനാണ്. അടുത്ത സുഹൃത്തുക്കളായിരിക്കെ തന്നെ അവർ തമ്മിൽ സുപ്രധാനഘട്ടങ്ങളിൽ ഭിന്നിക്കുകയും അകലുകയും ചെയ്യുന്നു. വൈകാരികമായ അനുഭവതലങ്ങളെ ആവിഷ്ക്കരിച്ചുമാണ് ഈ സംരഭകത്വത്തിന്റെ കഥ പ്രതിപാദനം ചെയ്യുന്നത്. മാർക്കറ്റിംഗ് ഹെഡും കോർ ടീം അംഗവുമായ മേഘയും മെക്കാനിക്സ് കലയിൽ പരിചയമുള്ള ഒരാളുടെ വീക്ഷണകോണിൽ നിന്നും സംരംഭത്തിലേക്ക് സാങ്കേതിക വൈദഗ്ദ്ധ്യം കൊണ്ടുവരുന്ന ഐ ഐ ട്ടി മദ്രാസ് ബിരുദദാരിയുമായ ഗൗരവ് ധർ, എന്നിവരാണ് ആദ്യ ഘട്ടത്തിൽ സംരംഭത്തെ നയിക്കുന്നത്. സെറെക്സ് ദേശായിയായാണ് അവരുടെ നായകൻ.

ജെ.ആർ.ഡി. ടാറ്റ (വലത്) സെർക്സസ് ദേശായി (ഇടത്).

ഉദാരവൽക്കരണപൂർവകാലത്തിൽ പ്രാബല്യത്തിലുണ്ടായിരുന്ന കുത്തക നിയന്ത്രണ നിയമനനുസരിച്ചു ടാറ്റയ്ക്ക് വാച്ച് നിർമാണ വ്യവസായം ആരംഭിക്കാൻ സാധിക്കുകയില്ല. നിയമപരമായി ഈ പ്രതിബന്ധത്തെ മറികടക്കുന്നതു ടാറ്റ ഒരു സബ്സിഡിയറി കമ്പനി ആരംഭിച്ചു തമിഴ്നാടിൻറെ സംസ്ഥാന പൊതുമേഖല സ്ഥാപനവുമായി ചേർന്ന് പദ്ധതിയായി രൂപരേഖ തയ്യാറാക്കിക്കൊണ്ടാണ്. അതിന്റെ ഭാഗമായി ഗോപാലൻ സി ഇ ഓ വായി ഉത്തരവാദിത്തമേൽക്കുന്നു. ലൈൻസ് രാജ് കാലത്തെ ഒരു ടൈപ്പ് ഉദ്യോഗസ്ഥധികാരനെയാണ് ഗോപാലനായി ദേശായിയും ആകാശും പ്രതീക്ഷിക്കുന്നത്. എന്നാൽ അത്തരത്തിലുള്ള ടെക്നോക്രാറ്റായല്ല ഗോപാലനെ ചിത്രീകരിച്ചിരിക്കുന്നത്. തികച്ചും വ്യത്യസ്തമായൊരു വ്യക്തിത്വമാണ് കാണാൻ കഴിയുന്നത്. ഉദാരവൽക്കരണപൂർവമുള്ള കാലഘട്ടത്തെ പൈശാചികവൽക്കരിക്കുന്ന പ്രതിപാദങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്നതാണ് പിന്നീട് കാണുന്ന ഓരോ പ്രതിസന്ധികളെ തരണം ചെയ്യലും. ബാങ്ക് ലോണുമായി ബന്ധപ്പെട്ടു വിവാദമായി തീർന്ന ഇടപാടുകളാണ് കഴിഞ്ഞൊരു ഇരുപതുവർഷത്തെ വിവാദാസ്പദമായ ഫിനാൻഷ്യൽ സ്‌കാമുകളെല്ലാം തന്നെ. ടൈറ്റാൻ ലോൺ സംഘടിപ്പിക്കുന്നതിലെ സർക്കാർ പ്രതിനിധികൾ സന്നിഹിതായ ബോർഡിന്റെ അംഗീകാരം നേടിയെടുക്കുന്നതിലോ ജെ ആർ ഡി ടാറ്റ ഒരു മുൻകൈയെടുക്കുകയോ അതിനായി സ്വാധീനം ചെലുത്തുകയോ ചെയ്യുന്നില്ല എന്നാണ്. വാസ്തവത്തിൽ ചിലതെല്ലാം സംഭവിക്കുന്നത് ആക്സമികമായ കാരണങ്ങൾക്കൊണ്ടാണ്.

തമിഴ്നാട് അതിർത്തിയിൽ ഫാക്ടറിക്ക് സ്ഥലം തേടിയുള്ള അന്വേഷണങ്ങൾ വ്യവസായങ്ങൾക്കായി കൃഷിഭൂമി കൈയേറി വൻകിട കുടിയൊഴിപ്പാക്കലിന്റെ സമകാലിക വ്യവസായിക സംരംഭക ചരിത്രമാണ് ഓർമ്മിപ്പിക്കുക, എന്നാൽ അതിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമായ ഒരനുഭവമാണ് ടൈറ്റാൻ സീരിസിൽ ഹൊസൂരിൽ ടൈറ്റൻ ഫാക്ടറി സ്ഥാപിക്കാനായുള്ള സ്ഥലം കണ്ടെത്തലുമായി ബന്ധപ്പെട്ടുള്ള പ്രതിപാദനം. ജീപ്പിലെ യാത്രകളും അവർ തമ്മിൽ കൈമാറുന്ന കൊച്ചു ശകാരങ്ങളും ഫലിതങ്ങളും പോയകാലത്തെ മൂലധന സംരഭകത്വത്തിലെ മാനുഷികബന്ധങ്ങളിലെ പരസ്പര്യത്തെയും സവിശേഷതകളെ ദൃശ്യവൽക്കരിക്കുന്നു. ഇന്ത്യയിൽ ഘടികാര നിർമാണത്തിൽ കുത്തകയായ ജി എം ടി എന്ന് സീരിസിൽ പ്രതിപാദിക്കുന്ന സ്ഥാപനത്തിൽ നിന്നും വിദ്‌ഗദരെ ടൈറ്റാൻ ആകർഷിക്കുന്നത് കൗതുകമുണർത്തുന്നതാണ്. ഒരു ഇന്ത്യൻ മാതൃകയ്ക്ക് പ്രതീതിജന്യമാകുന്നത് വാച്ച് ഫാക്ടറിയിലേക്ക് അയൽപക്കത്തെ ഗ്രാമവാസികളിൽ നിന്നും തൊഴിലാളികളെ കണ്ടെത്തുന്നതും അവർക്ക് പരിശീലനം നൽകുന്നതുമായി സംഭവങ്ങളാണ്. എങ്ങനെ ഒരു സ്വകാര്യ മൂലധന സംരഭം അയൽപ്രദേശങ്ങളിലെ മനുഷ്യരുടെ സാമൂഹിക സാമ്പത്തിക ശാക്തീകരണമാകാമെന്നും ടൈറ്റാൻസീരീസ് ദൃശ്യവൽക്കരിക്കുന്നു. ഇന്ത്യൻ നിർമ്മിതം എന്നത് ഏതേതൊക്കെ അർത്ഥത്തിൽ അന്വർത്ഥമാകുന്നുവെന്നാണ് ഓരോ സംഭവവികാസവും കാണിക്കുന്നത്. ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് തന്നെ ഇന്ത്യൻ നിർമ്മിതം പ്രചോദനകരമാകുന്നുവെന്നു കാണിക്കുന്ന മറ്റു സംഭവങ്ങളും കാണാം. രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ വാച്ചിന്റെ വിലയുടെ വ്യത്യാസം വ്യവസായത്തെയും സമ്പദ്ഘടനയെ തന്നെ എങ്ങനെ ബാധിക്കുന്നുവെന്ന് ഇത് കാണിച്ചുതരുന്നു. ഇന്ത്യൻ നിർമിതതത്വത്തെക്കുറിച്ചുള്ള ‘ഫീൽ ഗുഡ്’ ആഖ്യാനം അർത്ഥവത്താകുന്നത് ഫോർബ്‌സ് ഇന്ത്യ ലോകധനികരുടെ ലിസ്റ്റിലേക്ക് മത്സരിക്കുന്ന സമകാലീന ഇന്ത്യൻ മുതലാളിത്തത്തിന്റെ വെട്ടിപിടിത്തങ്ങളുമായി ഇത് ഒരു താരതമ്യം സാധ്യമാക്കുന്നുവെന്നതിനാലുമാണ്.

ടൈറ്റൻ വാച്ച് ഫാക്ടറി, ഹൊസൂർ, തമിഴ്നാട്

ഏറെ ദുഷ്‌പേരുള്ള ഉദാരവത്കൃതപൂർവകാലത്തിലെ ഒരു വ്യവസായ വിജയത്തെക്കുറിച്ചും അതും സ്വകാര്യ മൂലധന സംരംഭകർ ദേശാഭിമാന പ്രചോദിതരായ ഒരു പുത്തൻ ആശയത്തിനു സാക്ഷാത്ക്കാരം നൽകുന്നത് ചങ്ങാത്ത മുതലാളിത്തത്തിന്റെയും വികലമായ രാജ്യസ്നേഹപ്രത്യശാസ്ത്രത്തിന്റെയും കാലത്തിൽ ഒരു അതിശയ അനുഭവമാണ്. ബിസിനസ് ജേർണലിസ്റ്റ് വിനയ കാമത്തിന്റെ ടൈറ്റാൻ കഥയുടെ ദൃശ്യാവിഷ്ക്കരമാണെന്നു സൂചിപ്പിച്ചുവല്ലോ. യഥാർത്ഥകഥയുടെ ദൃശ്യാവിഷ്ക്കരമാകയാൽ അത് വസ്തുതകളോടു പ്രതിബദ്ധമായിരിക്കുന്നു. കാല്പനികവും ഒരു ഫീൽ ഗുഡ് അനുഭവവും സൃഷ്ടിക്കുന്ന ടൈറ്റാൻ എന്ന ഇന്ത്യ നിർമിത ബ്രാൻഡിന്റെ കഥയിൽ ജെ ആർ ഡി രക്ഷാപുരുഷനാകുന്നത് അദ്ദേഹത്തിന്റെ അചഞ്ചലമായ ദേശസ്നേഹവും നൂതനമായ സംരഭങ്ങളോടുള്ള അടങ്ങാത്ത ഉൾപ്രേരണയും ഇന്ത്യയുടെ ഉദാരവൽക്കരണപൂർവമുള്ള ദേശീയതയെക്കുറിച്ചുള്ള മൂലധസ സംരംഭകരുടെ ബോധ്യങ്ങളെയാണ് പ്രതിഫലിക്കുന്നത്. നെഹ്‌റുവിയൻ ആശയാദർശ ലോകത്തിന്റെ അവസാനനാളുകളിലാണ് ടൈറ്റാൻ വ്യവസായ സംരംഭം ആരംഭിക്കുന്നത്. തൊണ്ണൂറുകൾക്ക് ശേഷം ഏറെ അവതമിക്കപ്പെട്ട ഒരു ഗതകാലത്തിനുള്ള ഒരു ആദരാർപ്പണം കൂടിയായി ടൈറ്റാൻ സീരിസിനെ കാണാവുന്നതാണ്. ടൈറ്റാൻ സീരിസിന്റെ ഫിക്ഷണൽ പ്രതിപാദനം പ്രസ്തുത പദ്ധതിയുടെ പ്രവർത്തഘട്ടങ്ങളിലെ ഫോട്ടോയുമായി സന്നിവേശിപ്പിച്ചുകൊണ്ടൊരു ഡോക്യൂ-ഫിക്ഷൻ അനുഭവവും പ്രദാനം ചെയ്യുന്നു.

ജെ.ആർ.ഡി. ടാറ്റയെ പരിഹസിക്കുകയും ഇന്ത്യയിലെ നിർമാണ മികവിനെക്കുറിച്ചും നൈപുണ്യമുള്ള തൊഴിലകളെക്കുറിച്ചും സംശയം പ്രകടിപ്പിക്കുന്ന സ്വിസ് വാച്ച് കമ്പനിയുടെ സി.ഇ.ഒയുടെ ധാർഷ്ട്യം കലർന്ന പരാമർശങ്ങളും അത് ജെ ആർ ടി ടാറ്റയിൽ സൃഷ്ടിക്കുന്ന മനോവികാരങ്ങളും പ്രതിപാദനത്തിലെ “സ്വദേശി” മൂല്യത്തെ ഒന്നു മുറുകിപ്പിക്കുന്നുണ്ട്. രാജ്യസ്നേഹം ഒരു ഭീതിജനകമായ ഭരണപ്രത്യശാസ്ത്രമായി നിലകൊള്ളുന്ന വർത്തമാനത്തിൽ “ഇന്ത്യാനിർമിതം” ഒരു മൂല്യസങ്കൽപനപരമായ അനുഭവമായി നിലനിന്നിരുന്ന കാലത്തെക്കുറിച്ചുള്ള ഗൃഹാതുരത്വം അക്കാലമെന്തന്നറിയാത്ത സമകാലികർക്കും വരുംതലമുറകൾക്കും അനുഭവവേദ്യമാക്കാൻ പറ്റുന്നതാണ് ടൈറ്റാൻ സീരിസിലെ പ്രതിപാദനം. ‘Ease of Doing Business’ ഒരു വ്യവസ്ഥാപിത സങ്കല്പനമല്ലാതിരുന്ന ഒരു കാലത്തിൽ സംരഭകത്വ വികാരം ഒരു നിർണായകമായ പ്രേരകശക്തിയായി പ്രചോദനമായി വർത്തിച്ചിരുന്നതിനെ ആഘോഷിക്കുകയാണ് ഈ സീരീസ്. തീർച്ചയായും ഇന്നും ലോകനിലവാരത്തിൽ അംഗീകാരമുള്ള ഒട്ടുമിക്ക ഇന്ത്യൻ ബ്രാൻഡുകളും രൂപപ്പെടുന്നത് ഉദാരവൽക്കരണപൂർവകാലത്തിൽ നിന്നാണ് എന്ന യാഥാർഥ്യം കാണാതിരിക്കാനാവില്ല. ഉദാരവൽക്കരണാനന്തരം കാണുന്നത് പടിഞ്ഞാറിൽ നിന്നുളള ആഗോൾ ബ്രാൻഡുകൾ ഇന്ത്യൻ വിപണി കൈയടുക്കുന്നതാണ്.

നൂതനമായ ഒരു പരിഷ്ക്കാരത്തിലൂടെ ടൈറ്റാൻ വാച്ച് യൂറോപ്പ്യൻ മാർക്കറ്റ്, അവിടുത്തെ ബിസിനസ് കാർട്ടലുകളുടെ ഗൂഢാലോചനപരമായ പ്രതിരോധത്തെ മറികടന്നു, വിപണിയിൽ സ്ഥാനം പിടിക്കുന്നത്തിലാണ് സീരീസ് അവസാനിക്കുന്നത്. സംരംഭകത്വ അഭിനിവേശവും മാനേജീരിയൽ പ്രതിബദ്ധതയും ഇന്ത്യ എന്ന വികാരവുമായി സംയോജിപ്പിക്കുന്ന ഒരു യഥാർത്ഥ അനുഭവകഥ ഇന്നത്തെ ജെൻ സി ക്കും നാളത്തെ ജെൻ അൽഫയ്ക്കും ഇന്ത്യ എന്ന ആശയത്തെക്കുറിച്ചു കൂടുതൽ പ്രതിഫലനാത്മകമായി ചിന്തിക്കാൻ അവസരം നൽകുന്നു ‘Titan -Made in India’ എന്ന വെബ്സീരീസ്.


About Author

ദാമോദർ പ്രസാദ്

എഴുത്തുകാരൻ, സാമൂഹിക, സാംസ്കാരിക മാധ്യമ നിരീക്ഷകൻ

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x