മദ്രസ എനിക്ക് സ്നേഹത്തിൻ്റെ ഇടം കൂടി ആണ്. കൂട്ടുകാരികളുടെ കൂടെ മദ്രസയിലേക്ക് നടന്ന് പോകുന്ന കാലം ഓർത്തെടുക്കുന്നു. അന്ന് പെൺകുട്ടികൾക്ക് രാത്രി സഞ്ചാരം സാധ്യമല്ലായിരുന്നു. എന്നാൽ ഞങ്ങൾ കുട്ടികൾക്ക് രാത്രിയാണ് മദ്രസ. അത് കൊണ്ട് തന്നെ വൈകുന്നേരം ഒരു ഏഴ് മണിയായാൽ ഞങ്ങൾ എല്ലാവരും ഒരുമിച്ച് മദ്രസയിലക്ക് നടക്കും. ചിരിച്ചും വർത്തമാനം പറഞ്ഞുമായിരുന്നു ആ നടത്തം.
നിലാവത്ത് മാനം നോക്കി, കഥ പറഞ്ഞ് അമ്പിളിയുടെ കൂടെ വീട്ടിലേക്കുള്ള നടത്തം ഞാൻ നന്നായി ആസ്വദിച്ചിരുന്നു. നിലാവിൽ ഇലഞ്ഞി പൂത്ത വഴിയിലൂടെ കൂട്ടുകാരികളോടൊപ്പമുള്ള നടത്തം ഒരിക്കലും മായാത്ത ഓർമ്മയാണ്. നിലാവിൻ്റെ ഭംഗി ശരിക്കും ആസ്വദിച്ച ഏഴു വർഷങ്ങൾ. ഒരർഥത്തിൽ, ചെറുപ്പത്തിൽ ഞാൻ ജീവിതം ആഘോഷിച്ചിരുന്നത് രാത്രിയിലെ മദ്രസയിലേക്കുള്ള നടത്തത്തിലൂടെയായിരുന്നു.
അക്കാലത്തെ രസകരമായ ഒരു വിശ്വാസം ഓർമ വരുന്നു. കൊച്ചുകൊച്ചു തെറ്റുകൾക്കും പാകപ്പിഴകൾക്കും ഉസ്‌താദിന്റെ അടുത്ത് നിന്ന് തല്ല് കിട്ടും. തല്ല് കിട്ടാതിരിക്കാൻ ഞങ്ങൾ കുട്ടികൾ കണ്ടുപിടിച്ച മാർഗ്ഗമായിരുന്നു നാവിനടിയിൽ ‘സത്യപ്പുല്ല്’ വെക്കൽ. ആരുകണ്ടുപിടിച്ചതാണ് ഈ സൂത്രമെന്ന് എനിക്കറിയില്ല. വട്ടത്തിലുള്ള വളരെ ചെറിയ ഒരു പുല്ലാണ് സത്യപ്പുല്ല്. ഈ പുല്ലിന് ആരാണ് സത്യപ്പുല്ല് എന്നു പേരിട്ടത് എന്നെനിക്കറിയില്ല; സത്യവുമായി ഈ പുല്ലിനുള്ള ബന്ധവും.

സത്യപ്പുല്ല് നാവിനിടയിൽ വെച്ചാൽ ഉസ്‌താദിൻ്റെ അടി കിട്ടില്ല എന്നായിരുന്നു ഞങ്ങൾ മദ്രസ്സ വിദ്യാർഥികളുടെ വിശ്വാസം. ഒരു ദിവസം ഉസ്‌താദ് ഖുർആനിലെ ഒരുഭാഗം മനപ്പാഠമാക്കുവാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. പിറ്റേന്ന് മദ്രസ്സയിൽ എത്തുംമ്പോഴേക്ക് മനപ്പാഠമാക്കുവാനായിരുന്നു നിർദേശം. പൊതുവേ മനപ്പാഠമാക്കുന്നതിൽ ഞാൻ അത്ര വിദഗ്ദ്ധയായിരുന്നില്ല. അതിനാൽ മനപ്പാഠമാക്കാതെയായിരുന്നു ഞാൻ പിറ്റേന്ന് മദ്രസ്സയിൽ എത്തിയത്. കൂടെയുള്ള പലരോടും ഞാൻ മനപ്പാഠത്തെപ്പറ്റി ചോദിച്ചപ്പോൾ അവരെല്ലാം മനപ്പാഠമാക്കിയിട്ടുണ്ടെന്നു പറഞ്ഞു. എനിക്കാകെ ഭയമായി. എന്തുചെയ്യും? ഒരു രക്ഷയുമില്ല. ഉസ്‌താദിന്റെ അടിയെപ്പറ്റി ഓർത്തപ്പോൾ ഉള്ളിൽ ഭയം കൂടുകൂട്ടി. അപ്പോഴാണ് സത്യപ്പുല്ലിനെപ്പറ്റി ഓർത്തത്. സത്യപ്പുല്ല് നാവിനടിയിൽ വെച്ചാൽ ഉസ്‌താദിൻ്റെ അടികിട്ടില്ല എന്നു കഴിഞ്ഞ ദിവസം വീട്ടിലേക്കു തിരിച്ചു പോകുമ്പോൾ കൂട്ടുകാരി പറഞ്ഞത് ഓർത്തു. അപ്പൊ, അതൊന്നു പരീക്ഷിച്ചു നോക്കിയാലോ എന്നായി ആലോചന. അതിനു എവിടെ നിന്നുകിട്ടും സത്യപ്പുല്ല്? ആ പുല്ല് മദ്രസ്സയുടെ അടുത്തുള്ള പൊന്തകാടിനടുത്ത് ഞാൻ കണ്ടിട്ടുണ്ട്. പിന്നെ ഞാൻ ഒന്നും ആലോചിച്ചില്ല. സത്യപ്പുല്ല് തേടി ഞാൻ ഇരുട്ടിലേക്കിറഞ്ഞി.
ഇരുട്ടിൽ അൽപ്പം തപ്പിതടഞ്ഞെങ്കിലും അവസാനം സത്യപ്പുല്ല് കിട്ടി. ഞാനത് വേഗം നാവിനടിയിൽ വെച്ചു. നാവിൽ ഒരുതരം ചവർപ്പ്. അതൊന്നും ഞാൻ വകവെച്ചില്ല. ഉസ്ത്‌താദിൻ്റെ അടിയോളം വരില്ലല്ലോ ഈ ചവർപ്പ്. ഞാൻ വേഗം ക്ലാസ്സിൽ പോയിരുന്നു. അത്ഭുതകരമെന്ന് പറയട്ടെ, അന്നെനിക്ക് ഉസ്ത്താദിൻ്റെ അടികിട്ടിയില്ല. എല്ലാവരോടും മനപ്പാഠമാക്കേണ്ട ഭാഗം ചൊല്ലാൻ ആവശ്യപ്പെട്ടെങ്കിലും അവസാന ബെഞ്ചിൽ ഇരുന്നിരുന്ന ഞങ്ങൾ നാലുപേരെ ഉസ്താദ് ചോദ്യത്തിൽ നിന്നു ഒഴിവാക്കി. ഈ മഹാസംഭവത്തോടെ ഞാൻ സത്യപ്പുല്ല് വിശ്വാസിയായി. വർഷങ്ങൾക്കിപ്പുറം കൊറോണ കാലത്ത് അനിയത്തിയുടെ മകളുടെ കൂടെ സത്യപ്പുല്ല് തിരഞ്ഞ് തൊടിയിലാകെ നടന്നിട്ടും അതു കണ്ടെത്താൻ കഴിഞ്ഞില്ല. പഴയ പുല്ലുകളും ഇലകളും പൂക്കളുമെല്ലാം ഏത് ബുൾഡോസറാണാവോ ചതച്ചരച്ചത്?
പലപ്പോഴും ആറ് മണിക്ക് ശേഷം പെൺകുട്ടികൾ വീട്ടിൽ കയറണമെന്ന ഒരു അവസ്ഥയുണ്ടായിരുന്നു. പലപ്പോഴും ആറു മണി എന്നത് കണ്ടിഷൻ ചെയ്യപ്പെട്ട ഒരു അലാമായിരുന്നു ഞങ്ങൾ പെൺകുട്ടികൾക്ക്. എന്നാൽ രാത്രി പുറത്തിറങ്ങി നടക്കാൻ എനിക്ക് സാധ്യമായത് മദ്രസക്കാലമുണ്ടായിരുന്നത് കൊണ്ടാണ്. മദ്രസയിലേക്ക് പോവുന്ന രാത്രികൾ സ്വാതന്ത്ര്യത്തിൻ്റേതായിരുന്നു.
വിശ്വാസവുമായി ബന്ധപ്പെട്ട് എനിക്ക് നിറയെ സംശയങ്ങൾ ഉണ്ടായിരുന്നു. ആ ചോദ്യങ്ങൾക്ക് പൂർണ്ണമായി ഉസ്താദിൽ നിന്ന് ഉത്തരം കിട്ടിയിട്ടുണ്ടായിരുന്നില്ല. എൻ്റെ ഉള്ളിലാണെങ്കിലോ ചോദ്യങ്ങൾ പൊന്തി വന്നു. ക്ലാസിൽ നന്നായിട്ട് അറബി ഭാഷ അറിയുന്ന ഒരേ ഒരാളേ ഉണ്ടായിരുന്നുള്ളു. അത് ഞാനായിരുന്നു. അത് കൊണ്ട് തന്നെ ഉസ്താദിന് എന്നെ വലിയ ഇഷ്ടമായിരുന്നു. ഉസ്താദ് ഏത് ഹദീസ് വായിച്ചാലും അതിൻ്റെ മലയാളം എന്താണെന്ന് പറയാൻ എനിക്ക് കഴിയുമായിരുന്നു. അത് ഉസ്താദിനെ അത്ഭുതപ്പെടുത്തിയിരുന്നു.
ഖുർആൻ പാരായണം ചെയ്യുന്നത് കേൾക്കാൻ എനിക്കിഷ്ടമായിരുന്നു. ഖുർആനിനകത്ത് കവിത ഉണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഞാൻ ഖുർആനിൻ്റെ വിവർത്തനം വായിക്കുന്നത്.
മദ്രസയിൽ വ്യത്യസ്തമായ വിഷയങ്ങൾ പഠിപ്പിച്ചിരുന്നു. അഖ്ലാഖ് (സ്വഭാവ സംസ്കരണം), തജ്വീദ് (പാരായണ ശാസ്ത്രം), താരീഖ്, (ചരിത്രം), ഫിഖ്ഹ് (കർമ്മ ശാസ്ത്രം) എന്നിവയായിരുന്നു അവ. ലളിതമായ ദൈനംദിന മര്യാദകൾ, നല്ല പെരുമാറ്റം, സാമൂഹിക ഉത്തരവാദിത്തങ്ങൾ, ഇസ്‌ലാമിൻ്റെ ചരിത്രം, ഖുർആൻ കൃത്യമായും മനോഹരമായും പാരായണം ചെയ്യുന്നത് എങ്ങനെയാണെന്നതിനെ കുറിച്ചൊക്കെയാണ് ഈ വിഷങ്ങളിൽ പ്രതിപാദിച്ചിട്ടുള്ളത്.

എല്ലാ സമയത്തും ഞാൻ ഉസ്താദിനോട് ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. എൻ്റെ നിരന്തരമുള്ള ചോദ്യങ്ങൾ ഉസ്താദിനെ അലോസരപ്പെടുത്തി. പ്രവാചകനായ മുഹമ്മദ് നബി (സ) ജനിച്ച മാസമാണ് റബീഉൽ അവ്വൽ. നബിദിനം റബീഉൽ അവ്വൽ പന്ത്രണ്ടിനാണ് ആഘോഷിക്കാറുള്ളത്. അന്നു മദ്രസയിൽ ഘോഷയാത്രയും കലാപരിപാടികളും ഉണ്ടാകും. അക്കാലത്ത് ആൺകുട്ടികളെ മാത്രമേ ഘോഷയാത്രയിൽ പങ്കെടുപ്പിച്ചിരുന്നുള്ളൂ. മദ്രസയിലെ നിയമമാണത്. എന്നാൽ ഞങ്ങൾ പെൺകുട്ടികൾ ഒളിച്ചും പാത്തും ആൺകുട്ടികളുടെ പിന്നാലെ പോകുമായിരുന്നു. അന്ന് ഞങ്ങൾക്ക് ഒരുപാട് മിഠായിയൊക്കെ കിട്ടും. ആൺകുട്ടികളുടെ കൂടെ റാലിയിൽ പങ്കെടുക്കാൻ എനിക്കും കൂട്ടുകാർക്കും വലിയ ആഗ്രഹമായിരുന്നു.
ആ കാലത്താണ് ഞങ്ങളുടെ മദ്രസയിലേക്ക് ഒരു പുതിയ ഉസ്താദ് വന്നത്. ഞാൻ അന്ന് ആറാം ക്ലാസിൽ പഠിക്കുന്ന കാലമാണ്. പുരോഗമനവാദിയായിരുന്നു അദ്ദേഹം. ഇസ്ലാമിക ചരിത്രത്തെ കുറിച്ചും തത്വശാസ്ത്രത്തെപ്പറ്റിയും നല്ല പാണ്ഡിത്യമുള്ള ആളായിരുന്നു അദ്ദേഹം. അദ്ദേഹം ഞങ്ങൾക്ക് മനോഹരമായി ക്ലാസ് എടുത്തു തന്നതോർക്കുന്നു. ഇടയ്ക്ക് ഉസ്താദ് ക്ലാസിൽ വെച്ച് പാട്ടുപാടും; ചരിത്രകഥകൾ പറയും. പുസ്‌തകങ്ങൾ വായിക്കുവാൻ ആവശ്യപ്പെടും. ആ ക്ലാസുകളുടെ മനോഹരിതകൊണ്ടായിരിക്കണം ഞാൻ കൃത്യ സമയത്ത് മദ്രസയിൽ എത്തിയിരുന്നു.
നബിദിന രാത്രിയിൽ മദ്രസയിൽ സ്റ്റേജൊക്കെ കെട്ടി ആൺ കുട്ടികളുടെ ദഫ്‌മുട്ടും പാട്ടും പ്രസംഗവും ഉണ്ടാവും. അവിടെയും ഞങ്ങൾ പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു. കുറെ ദൂരെ മാറി നിന്ന് ഉമ്മയുടെയും ഇത്താത്തയുടെയും കൂടെ ഇരുന്ന് ഈ പരിപാടികൾ വീക്ഷിക്കുകയായിരുന്നു ഞങ്ങൾ ചെയ്തിരുന്നത്. അതേ അനുവദിച്ചിരുന്നുള്ളൂ എന്നു പറയുന്നതാവും ശരി. ആൺകുട്ടികൾക്കൊപ്പം സ്റ്റേജിൽ കയറി പാട്ടു പാടാനും പ്രസംഗിക്കുവാനും അക്കാലത്ത് ഞാനേറെ ആഗ്രഹിച്ചിരുന്നു.
ഞാൻ ആറാം ക്ലാസ്സിൽ എത്തിയ വർഷം നബിദിനത്തിന് പെൺകുട്ടികളെ കൂടി പങ്കെടുപ്പിക്കണമെന്ന് പുതിയ ഉസ്താദ് വാദിച്ചു. ആദ്യമൊന്നും ഉസ്‌താദിൻ്റെ വാദത്തോട് മദ്രസയിലെ മറ്റധ്യാപകർ യോജിച്ചില്ലെങ്കിലും ഉസ്‌താദിൻ്റെ നിർബന്ധം കാരണം മറ്റുള്ളവർക്ക് ഒടുവിൽ സമ്മതിക്കേണ്ടി വന്നു. അങ്ങനെ ഞങ്ങൾ ആദ്യമായി മദ്രസ്സ സ്റ്റേജിൽ കയറി പാട്ടുപാടി. പ്രസംഗിച്ചു. കഥകൾ പറഞ്ഞു. അങ്ങനെ അക്കൊല്ലാതെ പ്രവാചക ജന്മദിനം മനോഹരമായ അനുഭവമായി.
ഞാൻ ഒരു മത വിശ്വാസിയായി വളർന്നു വന്നെങ്കിലും എൻ്റെ യുക്തിക്ക് നിരക്കാത്ത കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്ത് കൊണ്ടേയിരുന്നു. ഉദാഹരണമായി സിനിമ കാണൽ ഹറാമാണെന്നായിരുന്നു ഉസ്താദും ഉമ്മയും പഠിപ്പിച്ചിരുന്നത്. അത് കൊണ്ട് തന്നെ എൻ്റെ വീട്ടിൽ ടീവിയുണ്ടായിരുന്നില്ല. എന്നാൽ അടുത്ത വീട്ടിൽ പോയി ടീവി കാണുന്ന സ്വഭാവമുണ്ടായിരുന്നു എനിക്ക്. അക്കാലത്ത് സിനിമ കാണാൻ പോയി എന്ന് പറഞ്ഞ് ഉമ്മ എന്നെ വഴക്കു പറയുമായിരുന്നു. എന്നാൽ സിനിമ കാണാൻ ഞാൻ ഇഷ്ടപ്പെട്ടു. ആ കാലത്ത് സിനിമ കാണാൻ പാടുണ്ടോ എന്ന ചോദ്യം എൻ്റെ മനസ്സിലുയർന്നു വന്നു. സിനിമ പോലെ പ്രധാനമായിരുന്നു സംഗീതം. അതും ആ കാലഘട്ടത്തിൽ പ്രോത്സാഹിപ്പിക്കുമായിരുന്നില്ല. എന്നാൽ മ്യൂസികിനോടെനിക്ക് വല്ലാത്ത പാഷൻ ഉണ്ടായിരുന്നു. പിൽകാലത്ത് മാപ്പിള പാട്ടുകൾ കേൾക്കാൻ ഉമ്മക്ക് പ്രശ്നമില്ലായിരുന്നു. കൂടാതെ വീട്ടിൽ ടിവി വാങ്ങിച്ചു. പിന്നീട് ഉമ്മ ഞാൻ സിനിമ കാണുന്നതിന് വഴക്ക് പറയൽ നിർത്തി. ഇവളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് ഉമ്മക്കൊരുപക്ഷേ തോന്നിയിട്ടുണ്ടാവും.

ഉമ്മയിൽ നിന്നാണ് ഇസ്ലാം മതത്തിൻ്റെ ആത്മീയത ഞാൻ മനസ്സിലാക്കിയത്. ഉമ്മ ഒരിക്കലും മനുഷ്യരെ വേർതിരിച്ചു കാണുമായിരുന്നില്ല. ഒരിക്കൽ വീട്ടിൽ സഹായം ചോദിച്ച് ഒരാൾ വന്നപ്പോൾ ഉമ്മ കയ്യിലെ പൈസയെടുത്ത് അയാൾക്ക് കൊടുത്തു. ഉമ്മയുടെ കയ്യിൽ വേറെ പൈസയൊന്നും ഇല്ല എന്ന് മനസ്സിലാക്കിയ ഞാൻ എന്തിനാണ് അയാൾക്ക് പൈസ കൊടുത്തതന്ന് ചോദിച്ചു. എന്നേക്കാൾ ആവശ്യക്കാരനാണ് അയാൾ എന്നായിരുന്നു ഉമ്മയുടെ ഉത്തരം. അത് കേട്ടെനിക്ക് അത്ഭുതം തോന്നി. ഉമ്മ വളരെയധികം എത്തിക്കലായിരുന്ന ഒരാളായിരുന്നു. എന്ത് കാര്യത്തിലും ആ ‘എത്തിക്സ് പാലിച്ചിരുന്നു. വിശ്വാസം ഉമ്മയെ എല്ലാ പ്രശ്നങ്ങളെയും ശുഭാപ്തി വിശ്വാസത്തോടെ നേരിടണമെന്ന് പഠിപ്പിച്ചു.
അത് പോലെ തന്നെ ഉമ്മ ധൈര്യമുള്ള ഒരാളായിരുന്നു. ഞങ്ങൾ പെൺമക്കൾ വിദ്യാഭ്യാസം നേടണമെന്നും ജോലി നേടണമെന്നും ഉമ്മ ആഗ്രഹിച്ചു. അതിന് വേണ്ടി ഉമ്മ പണിയെടുത്തു.
ഉമ്മയുടെ മനുഷ്യ സ്നേഹം അതിരറ്റതായിരുന്നു.
മദ്രസ സമയത്തെ വിശ്വാസത്തിൽ നിന്ന് പല മാറ്റങ്ങളും ഉണ്ടായി. ഞാൻ മതത്തിൻ്റെ നിയമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിച്ചു. എന്നാൽ അതിൻ്റെ ആത്മീയത ഞാൻ ഇഷ്ടപ്പെട്ടു. ഇടക്ക് ഉമ്മക്ക് വേണ്ടി ഞാൻ തട്ടം ധരിച്ചു. എങ്കിലും മുസ്ലീങ്ങളെ അപരവൽക്കരിക്കപ്പെടുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ ഞാൻ ഭയപ്പെട്ടു. CAA സമയത്ത് ഞാൻ വിഷാദത്തിലേക്ക് പോയി. ഞാൻ ഈ രാജ്യത്ത് സുരക്ഷിതയല്ല എന്ന തോന്നൽ എന്നെ ഭയപ്പെടുത്തി.
ഇതുമായി ബന്ധപ്പെട്ട സ്വപ്നങ്ങൾ കാണാൻ തുടങ്ങി. ഞാനൊരു മുസ്ലിമാണെന്നും ടാർഗറ്റ് ചെയ്യപ്പെട്ട ഐഡൻ്റിറ്റിയാണെന്ന ബോധം എന്നെ പിന്തുടർന്നു.
മദ്രസയിൽ ഏഴു വർഷം പഠിച്ചെങ്കിലും ഞാനൊരു സന്ദേഹവാദിയായിരുന്നു. ഒരു പ്രായം വരെ ഞാൻ കൃത്യമായി നമസ്കരിക്കുകയും നോമ്പെടുക്കുകയും ചെയ്യുമായിരുന്നു.
പിന്നീട് ഞാൻ അത് തുടർന്നില്ല. അപ്പോഴും ഇസ്ലാമിൻ്റെ ആത്മീയ മാനങ്ങൾ എന്നെ ആകർഷിച്ചിരുന്നു.
ഇടക്ക് ഉമ്മ നിസ്കാരം കഴിഞ്ഞ് കരഞ്ഞു കൊണ്ട് പ്രാർത്ഥിക്കുന്നത് കണ്ട് എനിക്ക് കരച്ചിൽ വന്നു. എന്നാൽ തുടർച്ചയായിട്ട് നിസ്കരിക്കാനുമൊന്നും എനിക്ക് പറ്റുമായിരുന്നില്ല. എങ്കിലും വിശ്വാസികളെ ഞാൻ ഒരിക്കലും തള്ളി പറഞ്ഞില്ല.
ഇടക്ക് ഞാൻ സൂഫിസത്തെ കുറിച്ച് വായിച്ചു. സൂഫിസം എന്നത് വിശ്വാസത്തിന്റെ ആന്തരിക മാനത്തിനും ദൈവവുമായുള്ള വ്യക്തിപരമായ ബന്ധം പിന്തുടരുന്നതിനും പ്രാധാന്യം നൽകുന്ന ഇസ്ലാമിക വിശ്വാസ സമ്പ്രദായമാണെന്ന് ഞാൻ മനസ്സിലാക്കി.
സ്നേഹം, കാരുണ്യം, ആത്മീയത എന്നിവക്ക് ഊന്നൽ കൊടുക്കുന്ന ഇസ്ലാമിൻ്റെ ധാര.
സൂഫികൾ ആത്മീയത പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന കവിത, സംഗീതം, നൃത്തം എന്നിവയിലേക്ക് ഞാൻ ആകർഷിക്കപ്പെട്ടു. ഞാൻ റൂമിയേയും ഖലീൽ ജിബ്രാനോയും വായിച്ചു. ഇടക്ക് ഞാൻ ഖുർആൻ വായിച്ചു. ബൈബിൾ വായിച്ചു. മതത്തിനകത്തെ നന്മയെ ഞാനിഷ്ടപ്പെട്ടു.
മദ്രസക്കാലം ഞാൻ ഒരു കടുത്ത മതവിശ്വാസിയായിരുന്നെങ്കിലും പിൽക്കാലത്ത് എൻ്റെ ഉള്ളിൽ സന്ദേഹം പൊട്ടി മുളച്ചു. എങ്കിലും മറ്റൊരാളുടെ വിശ്വാസത്തോട് എനിക്ക് ഒരു തരത്തിലും അസഹിഷണുത അനുഭവപ്പെട്ടില്ല. മാത്രമല്ല ഞാൻ വൾനറബിൾ ആയ സമയങ്ങളിൽ ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു.

പലപ്പോഴും മതത്തിനകത്ത് ഇൻക്ലൂസിവ്നെസ്സ് ഉണ്ട് എന്നാണ് മത വിശ്വാസികളിൽ നിന്ന് ഞാൻ മനസ്സിലാക്കിയത്. ഒരിക്കൽ എൻ്റെ വിശ്വാസിയായ ഒരു സുഹൃത്തിനോട് എൻ്റെ കൂടെ പഠിച്ച കുറേ പേർ ഞാൻ തോന്നിയപ്പോലെ നടക്കുന്നു എന്ന പരാതിയുമായി എത്തി. ഇത് കേട്ട് ആ സുഹൃത്ത് പറഞ്ഞത് “അവളെ അവളായിരിക്കാൻ അനുവദിക്കൂ” എന്നായിരുന്നു. അതെന്നെ അത്ഭുതപ്പെടുത്തി. വിശ്വാസത്തിനകത്തെ ഇൻക്ലൂസിവ്നെസ്സ് മനസ്സിലാക്കിയ ഒരു ഉദാഹരണം മാത്രമായിരുന്നു അത്. പിന്നീട് ഞാൻ പരിചയപ്പെട്ട പല മനുഷ്യരിലും ഞാൻ ഇൻക്ല്യൂസിവ്നെസ്സ് കണ്ടിട്ടുണ്ട്.
വിശ്വാസം എന്നത് ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്. ആ തെരഞ്ഞെടുപ്പിൽ നിൽക്കാൻ ഭരണഘടന നമുക്ക് സ്വാതന്ത്ര്യം തരുന്നു. വിശ്വാസികളുടെ ആ സ്വാതന്ത്ര്യത്തെ മാനിക്കുക എന്നതു കൂടിയാണ് വിശ്വാസത്തിന് പുറത്ത് നിൽക്കുന്നവരുടെയും കടമ. തനിക്ക് വിശ്വാസമല്ലാത്തതിനെ അപരവൽക്കരിക്കുന്നതിൽ നിന്ന് മാറി നിൽക്കുക എന്നത് ഒരോ വിശ്വാസിയും ചെയ്യേണ്ടതുണ്ട്. എന്തൊക്കെ വിശ്വാസങ്ങളായാലും പരസ്പരം സഹിഷ്ണുതയോടെ സ്നേഹത്തോടെ വിശ്വാസിയും അവിശ്വാസിയും നിരീശ്വരവാദിയും മാനവിതക്ക് വേണ്ടി നിലകൊള്ളണം. അതാണ് മതനിരപേക്ഷത. അതാണ് ജനാധിപത്യം.
ഞാൻ ഇസ്ലാമിൻ്റെ ആത്മീയതയെ പിന്തുടരുന്നതോടൊപ്പം തന്നെ എൻ്റെ യുക്തിക്ക് നിരക്കുന്നതല്ലാത്ത സാമ്പ്രദായിക ആചാരങ്ങളെ പിൻതുടർന്നില്ല. വെറുപ്പ് ഉൽപാദിപ്പിക്കുന്ന ഇടമായി പലരും മദ്രസകളെ കാണുന്നു. എന്നാൽ എൻ്റെ അനുഭവത്തിൽ ഇസ്ലാoമതത്തിൽ നിന്ന് ഞാൻ ഉൾകൊണ്ടത് സ്നേഹവും കരുണയുമാണ്.





