A Unique Multilingual Media Platform

The AIDEM

Articles Culture Kerala Memoir

നിറപ്പകിട്ടാർന്ന ഘോഷയാത്ര

  • October 4, 2025
  • 1 min read
നിറപ്പകിട്ടാർന്ന ഘോഷയാത്ര

(2008 ൽ ടി.ജെ.എസ്. ജോർജുമായി നടത്തിയ അഭിമുഖം. കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്‌ള്യൂ.ജെ) KUWJയുടെ മുഖപത്രമായ പത്രപ്രവർത്തകൻ മാസികയിൽ പ്രസിദ്ധീകരിച്ചത്.)

 

ഒരു പേരിൽ എന്തിരിക്കുന്നു എന്ന് വിശ്വ മഹാകവി ചോദിച്ചു. എന്നാൽ ചില മനുഷ്യർ അവരുടെ ജീവിതകഥ എഴുതുമ്പോൾ അവയ്ക്ക് നൽകുന്ന ടൈറ്റിൽ മാത്രം മതി ആ സവിശേഷ വ്യക്തിത്വങ്ങൾ വായനക്കാരുടെ ഉള്ളിൽ പതിയാൻ. ‘എന്നെ തിരയുന്ന ഞാൻ‘ എന്ന് പി കുഞ്ഞിരാമൻ നായരും ‘മണ്ണിനുവേണ്ടി‘ എന്ന് എകെജിയും ‘നനഞ്ഞു പോയി എങ്കിലും ജ്വാല‘ എന്ന് കെ ബാലകൃഷ്ണനും ‘ഞാൻ‘ എന്ന് എൻ.എൻ പിള്ളയും സ്വന്തം അനുഭവ കഥനങ്ങൾക്ക് പേരിട്ടപ്പോൾ തന്നെ അവർ എല്ലാം പറഞ്ഞു കഴിഞ്ഞു.

ടി.ജെ.എസ് ജോർജ് എന്ന പത്രപ്രവർത്തന രംഗത്തെ അതികായന്റെ നിറപ്പകിട്ടാർന്ന നാടോടി ജീവിതത്തെ ‘ഘോഷയാത്ര’ എന്നല്ലാതെ എന്തു വിളിക്കും?

മധ്യതിരുവിതാംകൂറിൽ തുമ്പമണ്ണിലെ സുറിയാനി ക്രിസ്ത്യൻ കുടുംബത്തിൽ നിന്ന് പുറപ്പെട്ട് തിരുവനന്തപുരം വഴി ബോംബെ പട്ടണത്തിൽ ഒന്ന് തങ്ങി സിംഗപ്പൂർ, ഹോങ്കോങ്, മലേഷ്യ, ഇൻഡോനേഷ്യ, തായ്‌ലൻഡ്, ഫിലിപ്പീൻസ് തുടങ്ങി തെക്ക് കിഴക്കൻ ഏഷ്യയുടെ ഹൃദയഭാഗം താണ്ടി ടി.ജെ.എസ് ജോർജ് നടത്തിയ ആ ‘ഘോഷയാത്ര’യിൽ അപൂർവ്വവും അസാമാന്യവുമായ ഒട്ടനവധി അനുഭവങ്ങൾ ഉണ്ട്, മനുഷ്യരുണ്ട്.

മലയാറ്റൂർ രാമകൃഷ്ണനിലും അടൂർ ഭാസിയിലും ആരംഭിച്ച് സദാനന്ദ്, ശിവറാം, ഹരിഹരൻ, എടത്തട്ട നാരായണൻ, ഡോം മൊറൈസ്, ലീലാ നായിഡു, എം.വി കമ്മത്ത്, ടാർസി വിറ്റാച്ചി, ശങ്കർ, സി.പി രാമചന്ദ്രൻ, നിഖിൽ ചക്രവർത്തി, വി.കെ കൃഷ്ണമേനോൻ. താരപ്രഭയും വർണ്ണപ്പകിട്ടുമുള്ള എത്രയെത്ര പേരുടെ ജീവിതകഥകളിൽ നിർണായക സ്ഥാനമുള്ള ടി ജെഎസ് ജോർജിന്റെ ജീവിതം പത്രപ്രവർത്തനരംഗത്തെ പിൻതലമുറയ്ക്ക് പാഠപുസ്തകം തന്നെയാണ്. ജോർജിൻ്റെ ബന്ധങ്ങൾ അടുക്കി വയ്ക്കുമ്പോൾ ചുരുൾ നിവരുന്നത് ഇന്ത്യയുടെ പത്രപ്രവർത്തന രംഗത്തിന്റെ ചരിത്രം തന്നെയാണ്. അദ്ദേഹത്തിൻറെ വാക്കുകളിലൂടെ “ഘോഷയാത്ര “യായി നിരന്നു വരുന്നത് പ്രഗൽഭരും മഹാരഥന്മാരുമായ ഒട്ടനേകം പേരുടെ കറുപ്പിലും വെളുപ്പിലും വിവിധ നിറങ്ങളിലുമുള്ള ഛായാ ചിത്രങ്ങളും.

ഘോഷയാത്ര പുസ്തകത്തിൻ്റെ പുറംചട്ട

ബോംബെയിൽ 1949 ൽ ഫ്രീ പ്രസ് ജേർണലിൽ നിന്നാണ് തുടക്കം. രണ്ടുവർഷം കഴിഞ്ഞപ്പോൾ കപ്പലിൽ ഒരു വിദേശയാത്ര നടത്തി ഒരു പുസ്തകമെഴുതി. ‘നാടോടി കപ്പലിൽ നാലുമാസം’.

മടങ്ങിയെത്തി ഫ്രീപ്രസ് ജേർണലിൽ തന്നെ പത്രപ്രവർത്തനം തുടർന്ന ടി.ജെ.എസ് 1963ൽ സൂറിച്ചിലെ ഇൻറർനാഷണൽ എഡിറ്റോറിയൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കൺസൾട്ടന്റായി വീണ്ടും വിദേശത്തേക്ക് യാത്രയായി. പല പല പത്ര സ്ഥാപനങ്ങളിൽ പോയി പരിശീലനം നൽകിയും മറ്റും വളരെയേറെ അനുഭവസമ്പത്തോടെ തിരിച്ചെത്തി.

ഹോങ്കോങ്ങിലേക്ക് യാത്രയാകുമ്പോൾ ഒരു മാസത്തെ ഒരു ഹ്രസ്വ സന്ദർശനം ആയിരുന്നു ഉദ്ദേശം. പക്ഷേ നീണ്ട 16 വർഷങ്ങൾ ഹോങ്കോങ്ങിൽ ടി ജെ സിനെ കാത്തിരിപ്പുണ്ടായിരുന്നു. ‘ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂ’വിൽ ചേർന്ന കാലത്ത് അവിടെ വലിയ പത്രസ്വാതന്ത്ര്യമൊന്നുമില്ലായിരുന്നു എന്ന് ടി.ജെ.എസ് ഓർക്കുന്നു.

സാമൂഹിക ക്ഷേമത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ അംഗീകരിക്കുന്നതിനായുള്ള എം.കെ.ആർ ഫൗണ്ടേഷൻ കർമ്മശ്രേഷ്ഠ അവാർഡ് 2023ൽ ടി.ജെ.എസ് ജോർജിനായിരുന്നു. ഫൗണ്ടേഷന്റെ സ്ഥാപകനായ എം.കെ രാമുണ്ണി നായരുടെ സ്മരണയ്ക്കായി നൽകുന്ന അവാർഡ് സമ്മാനിച്ചതി പ്രശസ്ത സാഹിത്യകാരി സാറ ജോസഫ് ആണ്. ചടങ്ങിൽ നിന്നുള്ള ചിത്രം.

“അന്ന് അവിടെ ഇന്ത്യയിലുള്ള പത്രസ്വാതന്ത്ര്യമൊന്നും സ്വപ്നം കാണാൻ പറ്റില്ലായിരുന്നു. ഹോങ്കോങ്ങ് ഭേദമായിരുന്നു എന്ന് പറയാം. ഞാൻ പ്രവർത്തിച്ച “ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യൂ“ ഹോങ്കോങ്ങിൽ പ്രസിദ്ധീകരിച്ച് മറ്റു സ്ഥലങ്ങളിൽ വിതരണം ചെയ്യുന്ന പത്രമായിരുന്നു”.

കേരളത്തിലെ ഒരു കുഗ്രാമത്തിൽ ജനിച്ചു വളർന്ന് ഹോങ്കോങ്ങിൽ സ്വന്തമായി പത്രം തുടങ്ങി വിജയിച്ച കഥ ടി. ജെ.എ.സിന് സ്വന്തമാണ്.

“1975ലാണ് സ്വന്തമായി ‘ഏഷ്യാ വീക്ക്’ എന്ന പത്രം തുടങ്ങുന്നത്. മൈക്കൽ ഒനിൽ എന്ന ന്യൂസിലൻഡ് കാരനും കൂട്ടിനുണ്ടായിരുന്നു. മലേഷ്യയിൽ പത്രസ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ ഹോങ്കോങ്ങിൽ നിന്നാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഏഷ്യക്കാർ കാണുന്ന ഏഷ്യയെ അവതരിപ്പിക്കുക അതായിരുന്നു ‘ഏഷ്യ വീക്കി’ന്റെ രീതി. അത് അന്നത്തെ മാർക്കറ്റിങ്ങിന് യോജിച്ച ഐഡിയ ആയിരുന്നു. ഒരു കൊല്ലത്തിനകം ‘ഏഷ്യാ വീക്ക്’ ലാഭത്തിലായി.ഏഷ്യക്കാരുടെ വീക്ഷണ കോണിൽ നിന്നുള്ള ആദ്യത്തെ പ്രസിദ്ധീകരണ മായിരുന്നു അത്. പക്ഷേ ഏറെ താമസിയാതെ ഏഷ്യ വീക്കിനും കഷ്ടകാലം തുടങ്ങി. അമേരിക്കൻ മാസികകളായ ‘ടൈമും’ ‘ന്യൂസ് വീക്കും “ഹോങ്കോങ്ങിൽ നിന്ന് പ്രസിദ്ധീകരിക്കാൻ തുടങ്ങി. സാങ്കേതികമായി പത്രപ്രവർത്തനരംഗം പെട്ടെന്ന് വളർന്ന് ഞങ്ങൾക്ക് നിലനിൽപ്പ് പോലും ബുദ്ധിമുട്ടായി. റീഡേഴ്സ് ഡൈജസ്റ്റിന് ഓഹരി നൽകിയും മറ്റും 1980 വരെ പിടിച്ചുനിന്നു.ഒടുവിൽ ടൈം മാസിക “ഏഷ്യാവീക്ക് “നെ ഏറ്റെടുത്തു. പിന്നീട് ‘“ടൈമി “ന് “ഏഷ്യാവീക്ക് “ മത്സരം ഉയർത്തുന്നു എന്ന് കണ്ടപ്പോൾ അവർ അത് നിർത്തി. ഇത് ലോകം മുഴുവൻ നടക്കുന്ന ഒരു പ്രക്രിയയാണ്. ഇന്ത്യയിൽ ‘ഇൻഡിപെൻ്റൻ്റ്’ എന്ന മാസിക ‘ടൈംസ് ഓഫ് ഇന്ത്യ’ ഇതുപോലെ വാങ്ങിയിട്ടുണ്ട്“.

നീണ്ട ഹോങ്കോങ് ജീവിതം അവസാനിപ്പിച്ച് 1981ൽ ടി.ജെ.എസ്ജോർജ് ഇന്ത്യയിലേക്ക് മടങ്ങിയെത്തി.

“അപ്പോഴേക്കും ബോംബെ ഏറെ മാറിയിരുന്നു. ശിവസേനയും താക്കറെയും ഒക്കെ രംഗപ്രവേശം ചെയ്തിരുന്നു. എനിക്ക് എന്തോ ബോംബെയിലെ അന്തരീക്ഷം സുഖകരമായി തോന്നിയില്ല. ഞാൻ ബാംഗ്ലൂരിലേക്ക് താമസം മാറ്റി. 1984 ൽ ഇന്ത്യൻ എക്സ്പ്രസിൽ ചേർന്നു. ഇപ്പോഴും തുടരുന്നു. ഞാൻ കുറച്ചേറെ കാലമായി പത്രപ്രവർത്തനരംഗത്ത് ഉണ്ട്. എൻ്റെ ചോരയിൽ പത്രപ്രവർത്തനം ഒഴുകുന്നുണ്ട് “

അനുദിനം മാറിമറിയുന്ന പത്രപ്രവർത്തന മേഖലയെ സസൂക്ഷ്മം അറിയുന്ന കാരണവരാണ് ടി.ജെ.എസ്. ഈ മേഖലയിലെ ഗുണദോഷങ്ങളെ വിലയിരുത്താനും അദ്ദേഹം മടിക്കുന്നില്ല.

‘’ഇന്ന് പത്രപ്രവർത്തനമേഖലയിൽ സാങ്കേതികമായ ഉന്നമനം വളരെയേറെയുണ്ട്. എത്രമാത്രം സാധ്യതകളാണ് പുതിയ ടെക്നോളജി തുറന്നിടുന്നത്. എന്നാൽ ഇതനുസരിച്ച് ഗുണകരമായ മാറ്റങ്ങൾ കാണുന്നില്ല. പണ്ട് എഡിറ്റിംഗ് എന്നാൽ എഴുത്തു. തന്നെയായിരുന്നു. വാക്കുകളും വരികളും ഒക്കെ മാറ്റി മാറ്റി എഴുതി വാർത്തയെ മൂശയിലിട്ട് വാർക്കുമായിരുന്നു. ഇന്ന് കമ്പ്യൂട്ടറൈസ്ഡ് എഡിറ്റിംഗ് വന്നതോടെ ആ രീതിയൊക്കെ മാറി. എഡിറ്ററുടെ സാന്നിധ്യം തന്നെ പത്രപ്രവർത്തനരംഗത്തുനിന്ന് അപ്രത്യക്ഷമാകുന്നു. നിലവാര തകർച്ച, സെൻസേഷൻലൈസേഷൻ -പത്രപ്രവർത്തനം വ്യവസായവൽക്കരിക്കപ്പെടുന്ന ഒരു കാലത്ത് സാമൂഹിക പ്രതിബദ്ധതയൊക്കെ അപ്രസക്തമായി പോവുകയാണ് “

പത്രപ്രവർത്തന രംഗത്ത് മാറിവരുന്ന പ്രവണതകൾ സമൂഹത്തിന്റെ മൊത്തമായ ആരോഗ്യത്തിന് തന്നെ ഹാനികരമാണെന്ന് ടി ജെ.എസ് പറയുന്നു.

“ഞാനൊക്കെ പ്രവർത്തിച്ചിരുന്ന ആദ്യകാലത്ത് പത്രത്തിലെ മുഖ്യൻ പത്രാധിപർ ആയിരുന്നു. ഒരു സംഗീതസംവിധായകനെ പോലെയായിരുന്നു പത്രാധിപർ. ഉന്നത ആദർശങ്ങളും പ്രതിബദ്ധതയും ദീർഘവീക്ഷണവും ഒക്കെയുള്ള അസാമാന്യ വ്യക്തിത്വങ്ങളെ ഞാൻ ഈ രംഗത്ത് കണ്ടിട്ടുണ്ട്. ഇന്ന് പത്രം ഉടമസ്ഥനാണ് പത്രം ഭരിക്കുന്നത്. അതുകൊണ്ടുതന്നെ മാധ്യമ സംസ്കാരം മാറുന്നു. ഇത്രയേറെ സ്വാതന്ത്ര്യക്കുറവുണ്ടായിട്ടും എത്രയെത്ര അനീതികളാണ് ഇന്നും മാധ്യമങ്ങൾ പുറത്തുകൊണ്ടുവരുന്നത്. അപ്പോൾ യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിലോ? പഴയകാലത്ത് പത്രപ്രവർത്തനം നടത്താനായി എന്നത് ഭാഗ്യമായി ഞാൻ കരുതുന്നു. ഇന്നും ഞാൻ ബാംഗ്ലൂരിൽ ഇന്ത്യൻ എക്സ്പ്രസ് ഓഫീസിൽ പോകുന്നുണ്ട്. എനിക്ക് അതൊരു ലഹരിയാണ്. എഴുത്തൊന്നും ഇന്നും കുറയുന്നില്ല”

സ്വാതന്ത്ര്യാനന്തര ഭാരതത്തിൻറെ പത്രപ്രവർത്തന ചരിത്രത്തിലൂടെ കടന്നുവന്ന ടി.ജെ.എസ് ജോർജ് അന്തർദ്ദേശീയ പ്രശസ്തിയാർജ്ജിച്ച ഒരു പത്രപ്രവർത്തകൻ എന്നതിനൊപ്പം പ്രതിഭാധനനായ ഒരു ജീവചരിത്രക്കാരൻ കൂടിയാണ്. പ്രശസ്തരും അപ്രശസ്തരുമായ മനുഷ്യരുടെ ജീവിതങ്ങളുടെ കാണാപ്പുറങ്ങൾ തേടി, അവരുടെ വ്യക്തിത്വത്തിന്റെ ഇരുൾമൂടിയ വഴികളിലേക്ക് ടോർച്ച് തെളിയിച്ച് അവരിലെ പച്ച മനുഷ്യരെ വായനക്കാർക്ക് കാണിച്ചു കൊടുക്കുന്ന തലത്തിൽ ടി.ജെ.എസിനോളം കഴിവ് തെളിയിച്ചവർ അധികമില്ല.

ടി.ജെ.എസ് ജോർജ് രചിച്ച പുസ്തകങ്ങളിൽ ചിലത്

വി. കെ. കൃഷ്ണ മേനോൻ, നർഗീസ്, എം എസ് സുബ്ബലക്ഷ്മി ഇങ്ങനെ നിരവധി പേരുടെ ജീവചരിത്രത്താളുകളിലൂടെ നമ്മൾ അടുത്തറിയുന്നത് ആ വ്യക്തിത്വങ്ങളെ മാത്രമല്ല – ഒരു രാഷ്ട്രത്തെ, ഒരു കാലഘട്ടത്തെ, ഒരു കലയെ, ഈ മനുഷ്യരെയൊക്കെ അവരാക്കി തീർത്ത സാഹചര്യങ്ങളെ ഒക്കെയാണ്. ത്രിമാനസ്വഭാവമുള്ള എത്ര വ്യക്തിത്വങ്ങളാണ് നിലനിരയായി നമ്മുടെ മുന്നിലൂടെ കടന്നു പോകുന്നത്. ടി. ജെ.എസിന് ഇനിയും നിരവധി ജീവചരിത്രങ്ങൾ എഴുതാൻ സ്വപ്നങ്ങളുണ്ട്.

“ശാശ്വതമായ മൂല്യമുള്ള സവിശേഷ വ്യക്തിത്വങ്ങളെ ക്കുറിച്ച് സമഗ്രമായ പഠനങ്ങൾ നടത്തുവാൻ എനിക്കിഷ്ടമാണ്. എ പി ജെ അബ്ദുൽ കലാം, കെ.ആർ. നാരായണൻ, സോണിയ ഗാന്ധി, സഞ്ജയ് ഗാന്ധി ഇങ്ങനെ എത്രയോ പേരുടെ ജീവചരിത്രങ്ങൾ എഴുതപ്പെടേണ്ടിയിരിക്കുന്നു. എന്തിന് നമ്മുടെ കേരളത്തിൽ തന്നെ എത്ര പേരെക്കുറിച്ച് നല്ല ജീവചരിത്രങ്ങൾ ഇനിയും ഉണ്ടായിട്ടില്ല. ഇ എം എസ്, കെ കരുണാകരൻ എന്തിന് നമ്മുടെ വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് പോലും ഉചിതമായ ഒരു ജീവചരിത്രം എഴുതപ്പെട്ടിട്ടില്ല”

ടി ജെ എസിനെക്കുറിച്ച് എഴുതുമ്പോഴും ഈ വരികൾക്ക് പ്രസക്തിയുണ്ട്. ഒരുപാട് വളർന്ന ഈ മലയാളിയെ നമ്മൾ ശരിക്കും അറിഞ്ഞിട്ടുണ്ടോ?

About Author

കെ. എ. ബീന

എഴുത്തുകാരിയും മാധ്യമപ്രവർത്തകയും കോളമിസ്റ്റും. ആദ്യ പുസ്തകം 'ബീന കണ്ട റഷ്യ'. ബാലസാഹിത്യ നോവലുകളായ 'അമ്മക്കുട്ടിയുടെ ലോകം' അമ്മക്കുട്ടിയുടെ സ്‌കൂൾ തുടങ്ങി 32 ഓളം കൃതികൾ രചിച്ചിട്ടുണ്ട്. കേരളകൗമുദി, മാതൃഭൂമി പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. തിരുവനന്തപുരം ദൂരദർശൻ, ആകാശവാണി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്റർ ആയിരുന്നു. ലാഡ്‌ലി മീഡിയ പ്രാദേശിക - ദേശീയ അവാർഡുകൾ അടക്കം നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x