A Unique Multilingual Media Platform

The AIDEM

Articles History Minority Rights National

ഗാന്ധി എന്ന അക്ഷരദേഹം (04) – ഗാന്ധിയുടെ ഓർമ്മ പോലും ഇല്ലാതാക്കാൻ സംഘപരിവാർ ശ്രമിക്കുന്നത് എന്തുകൊണ്ട്

  • October 4, 2025
  • 1 min read
ഗാന്ധി എന്ന അക്ഷരദേഹം (04) – ഗാന്ധിയുടെ ഓർമ്മ പോലും ഇല്ലാതാക്കാൻ സംഘപരിവാർ ശ്രമിക്കുന്നത് എന്തുകൊണ്ട്

സംഘപരിവാര സംഘടനകൾ ബാബരി മസ്ജിദ് തകർത്ത 1992 ഡിസംബർ ആറിന് അയോധ്യയിൽ സത്യഗ്രഹമനുഷ്ഠിക്കുകയും ‘രാംധുൻ’ ആലപിച്ച് നൂൽനൂൽക്കുകയും ചെയ്ത നാരായൺ ദേസായിയെയും സംഘത്തെയും കർസേവകർ ശാരീരികമായി കയ്യേറ്റം ചെയ്ത കാര്യം നേരത്തെ സൂചിപ്പിക്കുകയുണ്ടായി. ഈ സംഭവത്തിന് ഏതാണ്ട് രണ്ട് പതിറ്റാണ്ട് കാലത്തിന് ശേഷം ദേസായിയുമായി നടത്തിയ ഒരു ദീർഘ അഭിമുഖത്തിൽ ഇതുസംബന്ധിച്ച ചില ചോദ്യങ്ങൾ ഞാൻ ഉന്നയിക്കുകയുണ്ടായി. (2015 ഏപ്രിൽ 26ലെ മാതൃഭൂമി ആഴ്ചപ്പതിപ്പ് ഈ അഭിമുഖം കവർ സ്റ്റോറിയായി പ്രസിദ്ധീകരിക്കുകയുണ്ടായി.) ആ ചോദ്യവും അതിനുള്ള ദേസായിയുടെ ഉത്തരവും ഇവിടെ ഉദ്ധരിക്കുന്നത് ഉചിതമാകുമെന്ന് തോന്നുന്നു.

1992 ഡിസംബർ 6 ന് അയോധ്യയിൽ ബാബറി മസ്ജിദിന് മുകളിൽ കർസേവകർ. [Credits: ടി. നാരായണൻ]

താനൊരു സനാതന ഹിന്ദുവാണെന്ന് സ്വയം പ്രഖ്യാപിച്ച, വർണ്ണാശ്രമത്തിൽ വിശ്വസിച്ചിരുന്ന ഗാന്ധിയെ തങ്ങളിലേക്ക് അടുപ്പിക്കുന്നതിന് പകരം ആദ്യം ശാരീരികമായും, പിന്നീട് ആ സ്മരണകളെപ്പോലും ഇല്ലാതാക്കാൻ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളായ ആർഎസ്സ്എസ്സും ഇതര സംഘപരിവാർ സംഘടനകളും ശ്രമിക്കുന്നതെന്തിനായിരുന്നുവെന്ന ആശ്ചര്യം എല്ലായ്‌പോഴും നിലനിന്നിരുന്നു. ”ഗാന്ധിയുടെ രാമനും സംഘപരിവാർ രാമനും തമ്മിലുള്ള വ്യത്യാസമെന്തായിരുന്നു” എന്നായിരുന്നു ആ ചോദ്യം. അതിനുള്ള ദേസായിയുടെ മറുപടി:

”വലിയ വ്യത്യാസങ്ങളുണ്ട്. ചരിത്രം തന്നെ ഇതിന് വലിയ തെളിവുകൾ നൽകുന്നുണ്ട്. പലതരത്തിലുള്ള ഇന്റർപ്രിറ്റേഷൻസ് (വ്യാഖ്യാനങ്ങൾ – interpretations) ഉണ്ട്. അതിലൊന്ന്, ഭാരതത്തിന്റെ സംസ്‌കാരം സമന്വയത്തിന്റേതാണ് എന്നതാണ്. ആരെങ്കിലും ഇവിടെ വന്നാൽ അവരുടെ സംസ്‌കാരം സ്വാംശീകരിക്കാനും അവരെ തങ്ങളിലേക്ക് ചേർത്തുനിർത്താനും ഭാരതത്തിന് സാധിച്ചിരുന്നു. ഇവിടെ ‘അള്ളോപനിഷത്ത്’ രചിക്കപ്പെട്ടിരുന്നു എന്നത് മനസിലാക്കേണ്ടതുണ്ട്. അതായത്, ഇസ്ലാമിനെയും സ്വാംശീകരിക്കുവാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. ബുദ്ധൻ ഈശ്വരനിൽ വിശ്വസിച്ചിരുന്നില്ല. അദ്ദേഹവും ഇവിടെ വന്നു. ഈശ്വരനിൽ വിശ്വസിക്കാത്ത ബുദ്ധനെ നാം മറ്റൊരു ഈശ്വരനാക്കിക്കൊണ്ടാണ് സ്വാംശീകരിച്ചത്. ഒരുതരത്തിൽ ഒരു സർവ്വ സമാവേശ സംസ്‌കൃതി ഇവിടെ നിലനിന്നിരുന്നു എന്നത് വസ്തുതയാണ്. ഈ രാജ്യത്തിന്റെ സാമൂഹ്യജീവിതത്തെ പുഷ്ടിപ്പെടുത്തി, ആയിരക്കണക്കിന് വർഷങ്ങളായി നിലനിന്നിരുന്ന സർവ്വ സമാവേശത്തിന്റേതായ ഒരു പ്രവാഹം ഇവിടെ നിന്നിരുന്നു എന്നുള്ളതിന്റെ നിരവധി ഉദാഹരണങ്ങൾ നമുക്ക് കാണാൻ സാധിക്കും. ഇതിന് നേർവിപരീതമായ നിലപാടാണ് സംഘപരിവാറിന്റേത് എന്നത് വ്യക്തമാണ്. ഇവിടെ പ്രാചീനകാലം തൊട്ട് നിലനിന്നിരുന്നവരും ഇതിനെ പുണ്യഭൂമിയായി കരുതുന്നവരും മാത്രമേ ഹിന്ദു ആയിരിക്കുകയുള്ളൂ എന്നായിരുന്നു സവർക്കരുടെ വ്യാഖ്യാനം. സമന്വയമെന്ന വളരെ സുപ്രധാനമായൊരു ഗുണത്തെ അംഗീകരിക്കാൻ അവർ തയ്യാറായില്ല.

ഗാന്ധി താൻ സനാതന ഹിന്ദുവാണെന്ന് പറഞ്ഞ അതേ നിമിഷംതന്നെ താൻ മുസൽമാനാണ്, ക്രിസ്ത്യാനിയാണ് എന്നും പറഞ്ഞിട്ടുണ്ട്. എല്ലാ മതങ്ങളെയും അതോടൊപ്പം ചേർക്കാൻ ശ്രമിച്ചിട്ടുണ്ട്. ഒരു നല്ല ഹിന്ദു എന്നതിനർത്ഥം ഒരു നല്ല മുസൽമാൻ, ഒരു നല്ല ക്രിസ്ത്യാനിയോ ആണ് എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. ഗാന്ധിജി സനാതൻ ഹിന്ദുവാണ് താൻ എന്ന് പറഞ്ഞതിനെ നാം നമ്മുടേതായ രീതിയിൽ വ്യാഖ്യാനിക്കുകയാണ്. ‘നിത്യനൂതനമായത്’ എന്നർത്ഥത്തിൽ ‘സനാതനം’ എന്ന വാക്കാണ് ഗാന്ധി ഉപയോഗിച്ചിരുന്നത്. ഗാന്ധി ഉറച്ച ഹിന്ദുമത വിശ്വാസിയായിരുന്നു എന്നതിൽ ഒരു സംശയവുമില്ല. എന്നാൽ അദ്ദേഹത്തിന്റെ ഹിന്ദുത്വം ഇസ്ലാം വിരോധിയോ ക്രിസ്ത്യൻ വിരോധിയോ ആയിരുന്നില്ല. അദ്ദേഹം ഖുർആൻ, ബൈബിൾ എന്നിവ വളരെ ആഴത്തിൽ പഠിക്കുകയും ഇവയെല്ലാം അടിസ്ഥാനപരമായി ഒന്നുതന്നെയാണെന്ന് പറയുകയുമുണ്ടായി. ആചാരാനുഷ്ഠാനങ്ങളിലും നിയമങ്ങളിലും ചില വ്യത്യാസങ്ങൾ ഉണ്ടെന്നല്ലാതെ അടിസ്ഥാന സ്വഭാവത്തിൽ വലിയ മാറ്റങ്ങളൊന്നും കാണാൻ സാധിക്കുകയില്ല. സമഭാവനയോടെ സർവ്വമതങ്ങളെയും കാണാനും സ്വാംശീകരിക്കുവാനുമുള്ള പ്രയത്‌നങ്ങളായിരുന്നു ഗാന്ധി ചെയ്തത്.

വിനോബ ഇക്കാര്യത്തിൽ വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്. ഖുർആൻ ഗ്രന്ഥത്തിന് തന്റേതായ പരിഭാഷ്യം രചിക്കാൻ അദ്ദേഹം തയ്യാറായി. ബംഗ്ലാദേശിൽ ഇതിനെതിരായി ചില മുറുമുറുപ്പുകൾ ഉയരുകയുണ്ടായി. വിനോബയുടെ ‘ഖുർആൻ സാർ’ (The Essense of Quran) എന്ന ഗ്രന്ഥം നിരോധിക്കണമെന്ന ആവശ്യമുയർന്നപ്പോൾ ബംഗ്ലാദേശ് പ്രസിഡണ്ട് അയൂബ്ഖാൻ മൗലവിമാരുടെ ഒരു കമ്മറ്റിയെ നിയോഗിച്ച് കാഫിർ തയ്യാറാക്കിയ ഈ ഗ്രന്ഥത്തെ വിലയിരുത്തി അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെടുകയുണ്ടായി. മൗലവിമാർ പറഞ്ഞത്, ഏതൊരു മുസൽമാനും തയ്യാറാക്കുന്നതിനേക്കാൾ ഭംഗിയായിട്ടാണ് വിനോബ ഇക്കാര്യം നിർവ്വഹിച്ചിരിക്കുന്നതെന്നാണ്! മനുഷ്യരെ വേർതിരിച്ചുനിർത്തുന്ന സംഘപരിവാറിന്റെ ഹിന്ദുത്വവും സർവ്വസമാവേശിയായ, ഗാന്ധിയുടെ, ഹിന്ദുത്വവും തമ്മിൽ അജഗജാന്തരം വ്യത്യാസമുണ്ട്”.

വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും മാത്രം രാഷ്ട്രീയം കൈമുതലാക്കി രാജ്യത്തിന്റെ ഭരണസാരഥ്യം വരെ കൈക്കലാക്കിയ സംഘപരിവാരത്തിന്റെ ഹിന്ദുത്വ രാഷ്ട്രീയം ഗാന്ധിയുടെ ഓർമ്മകളെപ്പോലും ഇല്ലാതാക്കാൻ എന്തുകൊണ്ട് ശ്രമിക്കുന്നുവെന്നത് ഇതിൽ നിന്നും വ്യക്തമാണ്.

***

നാല് വാല്യങ്ങളിലായി മൂവായിരത്തോളം പേജുകൾ വരുന്ന, ദേസായിയുടെ, ഗാന്ധി ജീവചരിത്രം മലയാളത്തിലേക്ക് വിവർത്തനം നടത്തിയത് നാല് സംസ്ഥാനങ്ങളിൽ വെച്ചായിരുന്നു. ഒരു കയ്യിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന ശിവാജി ബീഡിയും മറുകയ്യിൽ പേനയുമായി, ഒരു ഗാന്ധിയൻ ആശ്രമത്തിലിരുന്ന് വിവർത്തന ജോലികൾ ചെയ്തുകൊണ്ടിരുന്ന, ഒട്ടും ഗാന്ധിയനല്ലാത്ത ഒരു ചങ്ങാതി, മറ്റുള്ളവർക്കിടയിൽ പല തരത്തിലുള്ള ചർച്ചകൾക്കും വഴിമരുന്നിട്ടുകൊണ്ടിരുന്നു. അത്തരമൊരു ചർച്ചകൾക്കിടയിൽ, സ്വാശ്രയ ഗ്രാമത്തെക്കുറിച്ചും ലഹരി ഉപയോഗത്തെയും കുറിച്ചുള്ള ചില പരാമർശങ്ങൾ കടന്നുവരികയുണ്ടായി.

ആചാര്യ വിനോബ

ഗാന്ധിയുടെ സ്വാശ്രയ ഗ്രാമ സങ്കല്പങ്ങൾക്ക് താത്വിക അടിത്തറ നൽകുന്നതിൽ വലിയ പങ്കുവഹിച്ച ആചാര്യ വിനോബ ഭാവെ, സ്വാശ്രയ ഗ്രാമത്തിൽ മുറുക്കാൻ-ബീഡിക്കടകൾ ഉണ്ടായിരിക്കേണ്ടതിനെക്കുറിച്ച് സൂചിപ്പിച്ചതായി വിനോബ ഭാവെയുടെ കൂടെ ദീർഘകാലം സഞ്ചരിച്ച ഒരു വ്യക്തി പറയുകയുണ്ടായി. വാസ്തവത്തിൽ നിത്യ വികാസശീലമുള്ള, ജൈവിക വികാസ സാധ്യതകളുള്ള ഗാന്ധിയൻ ചിന്തകളെ കേവല അനുഷ്ഠാനങ്ങളിലേക്ക് ചുരുക്കിക്കെട്ടുന്നതിന്റെ പ്രതിസന്ധി കൂടിയാണ് ഗാന്ധി ചിന്തകൾ നേരിടുന്നതെന്ന തിരിച്ചറിവ് നൽകുന്നതിന് കൂടി ഈ ചർച്ചകൾ ഉപകരിച്ചുവെന്ന് മാത്രം സൂചിപ്പിക്കുന്നു.


ഈ പരമ്പര ഇവിടെ അവസാനിക്കുന്നു. മുൻലക്കങ്ങൾ ഇവിടെ വായിക്കാം.

About Author

കെ. സഹദേവൻ

പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. പരിസ്ഥിതി, ഊർജ്ജം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആനുകാലികമാസികകളിലടക്കം എഴുതുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x