A Unique Multilingual Media Platform

Articles Development Kerala

വഴിതെറ്റിയ മോട്ടുമുയലുകൾക്കായി ഹൈവേ വരുമ്പോൾ

  • November 5, 2025
  • 1 min read
വഴിതെറ്റിയ മോട്ടുമുയലുകൾക്കായി ഹൈവേ വരുമ്പോൾ

കാലാകാലങ്ങളായി ബാലമാസികകളിലെ ഒരു അടിസ്ഥാനപ്രശ്നമാണ് മോട്ടുമുയലിന് വീട്ടിലെത്താനുള്ള വഴി കണ്ടു പിടിച്ചുകൊടുക്കുക എന്നത്. കുരുക്ഷേത്രയുദ്ധത്തിലെ ചക്രവ്യൂഹത്തേക്കാൾ സങ്കീർണമായി വരച്ചിട്ട ഒരു കളത്തിനു നടുവിലെ വീട്ടിൽ ഒരു കൊട്ട മുള്ളങ്കിയോ കാരറ്റോ മോട്ടുവിനെ കാത്ത് ഇരിപ്പുണ്ടാവും. കളത്തിനുള്ളിലെ ബ്ലോക്കിലൊന്നും പെടാതെ കുഞ്ഞുവിരലുകൾ ഏകാഗ്രമായി ചലിപ്പിച്ച് വിജയിക്കുന്ന അഭിമന്യുമാർക്ക് ഭാവിയിൽ വൈറ്റില ജങ്ഷനോ ബാംഗ്ലൂർ നഗരം പോലുമോ ഒരു ട്രാഫിക് പ്രശ്നമായി അനുഭവപ്പെടാൻ ഇടയില്ല. ജീവിതവിജയം നേടിയ കോർപ്പറേറ്റ് അർജുനന്മാർ പോലും മാനസികസമ്മർദ്ദമകറ്റാൻ ബാലമാസികകളിലെ ഈ നേരമ്പോക്ക് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.

മോട്ടുമുയലിനു പകരം ടിങ്കൻ കുരങ്ങനായാലും ജംബൻ കുറുക്കനായാലും, പക്ഷിമൃഗാദികൾ ഇല്ലാതെ ബാലമാസികകൾക്ക് നിലനിന്നുപോവുക ബുദ്ധിമുട്ടാണ്. പണ്ടു കാലത്ത് കുട്ടിക്കഥകളിലെ മൃഗങ്ങൾക്ക് പേരുണ്ടായിരുന്നില്ല. ഒരു സിംഹം, ഒരു കുറുക്കൻ, ഒരു കുരങ്ങൻ, ഒരു മുതല എന്നൊക്കെ പൊതുനാമങ്ങളായിരുന്നു. ശക്തിമാനായ, സൂത്രശാലിയായ, കുസൃതിയായ, ക്രൂരനായ എന്നൊക്കെ കഥയനുസരിച്ച് വിശേഷണങ്ങൾ ഉണ്ടാവുമെന്നു മാത്രം. പിന്നീട് മിക്കവാറും കഥാപാത്രങ്ങൾക്ക് ആധാർ കാർഡെന്ന പോലെ പേര് നിർബന്ധമായി. അതിന് ഒരു കാരണം കഥ കേൾക്കുമ്പോൾ കുട്ടികൾ “ആ കുറുക്കന്റെ പേരെന്താണ്” എന്നൊക്കെ അന്വേഷിക്കാൻ തുടങ്ങി എന്നതാണ്. കുറുക്കന്മാരുടെ ഓരിയിടൽ ഗ്രാമങ്ങളിലെ സന്ധ്യകളിൽ ഉയർന്നുകേൾക്കാതായതോടെ ബാലമാസികകളിലൂടെ മാത്രം പരിചയിച്ച കുറുക്കന് ഒരു പേര് വേണ്ടിവന്നത് സ്വാഭാവികം. മലയാളത്തിലെ പ്രസിദ്ധീകരണങ്ങൾ ഷേരു, സൂത്രൻ, കപീഷ്, പീലു, ഡിങ്കൻ, എന്നൊക്കെ ന്യൂജെൻ പേരുകളിട്ടപ്പോൾ അമ്പിളി അമ്മാമൻ എന്ന തെലുങ്കിലെ ചന്ദാമാമ, ശ്വേതകേതു ചിത്രകേതു എന്നൊക്കെ വിചിത്രമായ പേരുകൾ പട്ടിക്കും പൂച്ചക്കും വരെ ഇട്ടുപോന്നിരുന്നു. ഇതൊക്കെ പരിചയിച്ചു വളർന്ന പല തലമുറകളുടെ ഓർമ്മകളിലൂടെയാണല്ലോ ബാലമംഗളത്തിലെ ഡിങ്കന്റെ പേരിൽ ഒരു സോഷ്യൽ മീഡിയാ മതം തന്നെ സ്ഥാപിച്ചെടുക്കപ്പെട്ടത്.

പ്രശ്നം എന്താണെന്നു വെച്ചാൽ മനുഷ്യർക്കിടയിൽ തങ്ങൾ ഇത്ര വലിയ സെലിബ്രിറ്റികളാണെന്നൊന്നും മൃഗങ്ങൾക്ക് അറിയില്ല എന്നുള്ളതാണ്. എഴുപതുകളിലും എൺപതുകളിലുമൊക്കെ മലയാളികളായ ചെറുപ്പക്കാരെ ബാധിച്ച അസ്തിത്വവ്യഥകൾക്ക് സമാനമായ എന്തോ ഒന്ന് മൃഗങ്ങൾക്കും സംഭവിച്ചിട്ടുണ്ട് എന്നു വേണം കരുതാൻ. വീട്ടിലെ പൂച്ചകൾക്കു പോലും സൈക്യാട്രിസ്റ്റ് ഉള്ള കാലമാണ്. കാട്ടിലേയും തെരുവിലേയും മൃഗങ്ങൾക്ക് ആരുണ്ട്?! കാട്ടുപന്നി കുറുകെച്ചാടി ബൈക്ക് മറിഞ്ഞു പരിക്കേറ്റു, കാട്ടാന പഞ്ചായത്താപ്പീസിലെത്തി കൊടിമരം പിഴുതെടുത്തു, കൃഷി നശിപ്പിച്ചു, മുള്ളൻപന്നി ആക്രമണത്തിൽ പരിക്കേറ്റ് യുവാവ് ആശുപത്രിയിൽ, പ്രഭാതസവാരിക്കിറങ്ങിയ ദമ്പതികളെ തെരുവുനായ കടിച്ചു എന്നൊക്കെയുള്ള വാർത്തകൾ സൂചിപ്പിക്കുന്നത് മൃഗങ്ങൾ പണ്ടെന്നത്തേക്കാളും അസ്വസ്ഥരാണ് എന്നുതന്നെയാണ്. ചുള്ളിക്കാട് യാത്രാമൊഴിയിൽ പരാമർശിച്ച ‘നഗരകാന്താരസീമകളിൽ’ പോലും മനുഷ്യ-വന്യജീവി സംഘർഷം ഉണ്ടാവുന്നുണ്ട്.

സത്യൻ അന്തിക്കാടിന്റെ പഴയ സിനിമയിൽ ആക്സിഡന്റിൽ പെടുന്ന റഹ്മാന്റെ പപ്പൻ ബൈക്കിന്റെ ഹാൻഡിലിനു പകരം പെട്ടെന്ന് പോത്തിന്റെ കൊമ്പിൽ പിടിച്ചിരിക്കുന്നതായി ചിത്രീകരിക്കുന്നുണ്ട്. അപ്പോൾ “ആരാണ് എന്റെ വണ്ടിയുടെ പിന്നിലിരിക്കുന്നത്? “ എന്ന് ചോദിക്കുന്ന പപ്പനോട് പിറകിലിരിക്കുന്ന തിലകന്റെ കാലൻ പറയുന്ന മറുപടി “ഞാൻ നിന്റെ വാഹനത്തിന്റെ പിന്നിലല്ല, നീ എന്റെ വാഹനത്തിന്റെ മുന്നിലാണ് ഇരിക്കുന്നത്” എന്നാണ്. അതുപോലെ മനുഷ്യരുടെ വഴിയിൽ മൃഗങ്ങൾ കയറിവന്നതാണോ മൃഗങ്ങളുടെ വഴിയിലേക്ക് മനുഷ്യൻ ചെന്നതാണോ ഈ ദുരന്തങ്ങൾക്ക് കാരണം എന്നൊക്കെ പലരും തർക്കിക്കുന്നുണ്ട്.

മനുഷ്യകേന്ദ്രീകൃതമായ ഒരു വികസനസങ്കല്പത്തിൽ അത്തരം സംശയങ്ങൾക്ക് സാംഗത്യമില്ല. ഏതു മോട്ടുമുയലിനും ആശയക്കുഴപ്പമുണ്ടാവാത്ത വിധം ഡിവൈഡറുകളും വഴിയടയാളങ്ങളുമുള്ള, ‘ഒരു പീഡയെറുമ്പിനും വരാതെ’ മുറിച്ചുകടക്കാൻ അണ്ടർപാസുകളുള്ള വിശാലമായ രാജപാതകൾ കാലത്തിന്റെ കണ്ടെയിനറുകൾ സഞ്ചരിക്കാനായി നിർമ്മിക്കപ്പെട്ടേ പറ്റൂ. കർഷകർക്കാണെങ്കിൽ അവരുടെ വിളകളെ സംരക്ഷിച്ചേ പറ്റൂ.

അപ്പോൾപ്പിന്നെ മനുഷ്യർക്ക് മുന്നിൽ രണ്ടു വഴികളാണുള്ളത്. ഒന്ന് അടുത്തിടെ തൃശൂർ മൃഗശാല പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയതുപോലെ മൃഗങ്ങൾക്ക് സ്വൈരവിഹാരം നടത്താനായി ഒരു ജില്ലയില്ലെങ്കിലും ഒരു താലൂക്ക് കാടെങ്കിലും വിട്ടുകൊടുക്കുക എന്നതാണ്. സബ് കളക്ടറായി ഒരു സിംഹത്തേയും ഡി വൈ എസ് പിയായി ഒരു പുലിയേയും നിയമിച്ചാൽ ക്രമസമാധാനത്തിനും പരിഹാരമായി.

രണ്ടാമത്തേത് മൃഗങ്ങളെ ബോധവൽക്കരിക്കുക എന്നതാണ്. അക്ഷരാഭ്യാസമില്ലാത്തതു കാരണം മൃഗങ്ങൾക്ക് ബാലരമയോ കളിക്കുടുക്കയോ ഒന്നും വായിക്കാൻ കഴിയാത്തതാണല്ലോ പ്രശ്നം. സമ്പൂർണസാക്ഷരരായ, ഉദ്ബുദ്ധരായ മലയാളികൾക്ക് മൃഗസാക്ഷരതയ്ക്കു വേണ്ടി കുറച്ച് താപ്പാനകളെ പരിശീലിപ്പിച്ചെടുക്കാനാണോ വിഷമം?!

About Author

നിരഞ്ജൻ ടി.ജി

കവിയും എഴുത്തുകാരനും. ചിലവു കുറഞ്ഞ കവിതകൾ (ഡി.സി ബുക്സ്, 2010) ബി.പി.എൽ കവിതകൾ എന്നീ കവിതാസമാഹാരങ്ങളും 'കേരളത്തിന്റെ മൈദാത്മകത' എന്ന നർമ്മലേഖനങ്ങളുടെ സമാഹാരവും പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും എഴുതുന്നു. മറൈൻ എഞ്ചിനീയറായി ജോലി ചെയ്യുന്നു. 'കേരളത്തിൻ്റെ മൈദാത്മകത' 2024ലെ മികച്ച നർമ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായി.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.