കൊണ്ടുപോകുന്നു ചോരൻമാർ
ലോകമെമ്പാടുമുള്ള സർവ്വകലാശാലകളുടെ ഇടനാഴികളിൽ നിന്ന് കോർപ്പറേറ്റ് ലോകത്തിൻ്റെ ശീതീകരിച്ച മുറികളിലേക്ക് ഒരു ഘോഷയാത്ര ആരംഭിച്ചിരിക്കുന്നു.
അറിവിനെ ഒരു കച്ചവടച്ചരക്കായി മാത്രം കണ്ടിരുന്ന കാലം പോലും ഒരുപക്ഷേ അത്ര അപകടകരമായിരുന്നില്ല. കാരണം ചരക്കുകൾക്ക് ഒരു വിലയുണ്ട്. ആ വില കൊടുത്താൽ അതിൻ്റെ ഉടമസ്ഥാവകാശം വാങ്ങുന്നയാൾക്ക് കിട്ടും. എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല സംഭവിക്കുന്നത്.
അറിവ് ഒരു ചരക്കല്ല (commodity) മറിച്ച് ഭാവിയിൽ അവസാനിക്കാത്ത വരുമാനം കൊണ്ടുവരാൻ സാധ്യതയുള്ള ഒരു ആസ്തിയായി (asset) മാറ്റപ്പെട്ടിരിക്കുന്നു. ഈ പുതിയ പ്രതിഭാസത്തെയാണ് നമ്മൾ ആസ്തിവൽക്കരണം (assetization) എന്ന് വിളിക്കുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർ, പ്രത്യേകിച്ച് കേരളം പോലുള്ള ശക്തമായ പൊതുവിദ്യാഭ്യാസ സംവിധാനമുള്ള ഒരിടത്ത് ഈ വിഷയം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

കുറച്ചുകാലമായി അക്കാദമിക മുതലാളിത്തം (academic capitalism) നമ്മെ ചുറ്റിപറ്റിയുണ്ട്. സർവ്വകലാശാലകൾ അറിവിനെ കേവലം ഒരു വിൽപ്പനച്ചരക്കാക്കി മാറ്റുന്നു എന്നതാണ് അതിനെതിരെയുള്ള പ്രധാന വിമർശനം. പാഠപുസ്തകങ്ങൾ, പേറ്റന്റുകൾ, പുതിയ കോഴ്സുകൾ എന്നിവയെല്ലാം വിപണിയിൽ വിൽക്കാനുള്ള ഉൽപ്പന്നങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഇതിനെയാണ് ചരക്കുവൽക്കരണം എന്ന് പറയുന്നത്. ഒരു പുസ്തകം നമ്മൾ വിലകൊടുത്തു വാങ്ങിയാൽ ആ പുസ്തകം എന്നെന്നേക്കും നമ്മുടേതാണ്. അത് കീറുകയോ മറിച്ചുവിൽക്കുകയോ സൂക്ഷിച്ചുവെക്കുകയോ ചെയ്യാം. അവിടെ ആ ഇടപാട് പൂർണ്ണമാകുന്നു. എന്നാൽ അറിവ് യഥാർത്ഥത്തിൽ ഒരു ചരക്കല്ല. കാരണം ഒരു സാധനം കൈമാറുമ്പോൾ കൊടുക്കുന്നയാൾക്ക് അത് നഷ്ടപ്പെടുന്നു. അറിവ്, കൊടുക്കുന്തോറുമേറിടും എന്നാണല്ലോ. അതുകൊണ്ടുതന്നെ അറിവിൻ്റെ ചരക്കുവൽക്കരണം ഒരുതരം കൃത്രിമമായ ഏർപ്പാടാണ്. അറിവിനെ ഒരു വസ്തുവായി സങ്കൽപ്പിച്ച് അതിന് കൃത്രിമമായ ദൗർലഭ്യം ഉണ്ടാക്കി വിൽക്കാൻ ശ്രമിക്കുന്ന രീതിയാണത്.
എന്നാൽ ആസ്തിവൽക്കരണം ഇതിൽ നിന്നും ഒരു പടി കൂടി മുന്നോട്ട് പോകുന്നു. അത് കൂടുതൽ സൂക്ഷ്മവും അപകടകരവുമാണ്. ഇവിടെ അറിവ് ഒരു തവണ വിറ്റ് തീർക്കാനുള്ള ഒരു ഉൽപ്പന്നമല്ല. മറിച്ച് ഒരിക്കലും അവസാനിക്കാത്ത വരുമാനം ലഭിക്കുന്ന ഒരു വാടകക്കെട്ടിടം പോലെയാണ്. അതിൻ്റെ ഉടമസ്ഥാവകാശം എപ്പോഴും അത് നിർമ്മിച്ച കോർപ്പറേഷനോ സർവ്വകലാശാലയ്ക്കോ ആയിരിക്കും. മറ്റുള്ളവർക്ക് അത് ഉപയോഗിക്കാൻ ഒരു വാടക അഥവാ ലൈസൻസ് ഫീസ് കൊടുത്തുകൊണ്ടേയിരിക്കണം.

ഇത് മനസ്സിലാക്കാൻ കാനഡയിലെ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്ന ഒരു കേസ് സഹായിക്കും. മൊൺസാൻ്റോ എന്ന ഭീമൻ കമ്പനി കളനാശിനികളെ പ്രതിരോധിക്കാൻ ശേഷിയുള്ള ഒരുതരം കനോല വിത്ത് വികസിപ്പിച്ചു. അതിൻ്റെ ജനിതക ഘടനയുടെ പേറ്റൻ്റ് (patent) അവർ സ്വന്തമാക്കി. ആ വിത്ത് വാങ്ങാത്ത ഒരു കർഷകൻ്റെ പാടത്ത് ഈ ചെടികൾ വളർന്നുനിൽക്കുന്നത് കണ്ടപ്പോൾ മൊൺസാൻ്റോ കേസ് കൊടുത്തു. കാറ്റിലൂടെ പറന്നുവന്ന വിത്തുകളാണ് തൻ്റെ പാടത്ത് മുളച്ചതെന്നായിരുന്നു കർഷകൻ്റെ വാദം. എന്നാൽ കോടതി വിധി മൊൺസാൻ്റോയ്ക്ക് അനുകൂലമായിരുന്നു. ആ ചെടികളും അതിൽ നിന്നുണ്ടായ ലാഭവും കമ്പനിക്ക് നൽകാൻ കർഷകൻ നിർബന്ധിതനായി.
ഇവിടെയാണ് ചരക്കുവൽക്കരണവും ആസ്തിവൽക്കരണവും തമ്മിലുള്ള വ്യത്യാസം വ്യക്തമാകുന്നത്. പണ്ട്, ഒരു കർഷകൻ വിത്ത് വാങ്ങിയാൽ ആ വിത്തും അതിൽ നിന്നുണ്ടാകുന്ന വിളവും അയാളുടേതായിരുന്നു. എന്നാൽ മൊൺസാൻ്റോയുടെ പുതിയ വിത്ത് ഒരു ആസ്തിയാണ്. കർഷകൻ വിത്ത് വാങ്ങുമ്പോൾ അതിൻ്റെ ഭൗതിക രൂപം മാത്രമേ അയാൾക്ക് ലഭിക്കുന്നുള്ളൂ. അതിൻ്റെ ഉള്ളിലുള്ള ജനിതക വിവരത്തിൻ്റെ ഉടമസ്ഥാവകാശം, അഥവാ ബൗദ്ധിക സ്വത്ത് (intellectual property), മൊൺസാൻ്റോയുടെ കയ്യിൽ ഭദ്രമാണ്. അതുകൊണ്ട് ഓരോ തവണ കൃഷിയിറക്കുമ്പോഴും കർഷകൻ പുതിയ വിത്ത് വാങ്ങിക്കൊണ്ടേയിരിക്കണം. ഇവിടെ കർഷകനും കമ്പനിയും തമ്മിൽ ഒരു തവണത്തെ ഇടപാടല്ല നടക്കുന്നത്, മറിച്ച് തുടർന്നുപോകുന്ന ഒരു വാടക ബന്ധമാണ്.
ഇനി നമുക്ക് ഈ ആശയം ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കൊണ്ടുവരാം. ഇവിടെ മൊൺസാൻ്റോയുടെ വിത്തിന്റെ സ്ഥാനത്ത് ഒരു അധ്യാപകൻ തയ്യാറാക്കിയ ഓൺലൈൻ കോഴ്സ് മെറ്റീരിയൽ ആണെന്ന് സങ്കൽപ്പിക്കുക. കോവിഡിന് ശേഷം കേരളത്തിലെ സർവ്വകലാശാലകളും കോളേജുകളും വലിയ തോതിൽ ഓൺലൈൻ പഠനത്തിലേക്ക് മാറി. പല പുതിയ എഡ്ടെക് (EdTech) പ്ലാറ്റ്‌ഫോമുകളും നിലവിൽ വന്നു. ഒരു അധ്യാപകൻ, തൻ്റെ സർവ്വകലാശാല നൽകിയ സൗകര്യങ്ങൾ ഉപയോഗിച്ച് ഒരു വീഡിയോ ക്ലാസ് അല്ലെങ്കിൽ ഒരു സമ്പൂർണ്ണ ഓൺലൈൻ കോഴ്സ് തയ്യാറാക്കുന്നു. അതിൻ്റെ ഉടമസ്ഥാവകാശം ആർക്കാണ്? അത് തയ്യാറാക്കിയ അധ്യാപകനോ? അതോ സർവ്വകലാശാലയ്‌ക്കോ?
ആസ്തിവൽക്കരണത്തിൻ്റെ കളി ഇവിടെ തുടങ്ങുകയാണ്.
സർവ്വകലാശാലകൾ പലപ്പോഴും അധ്യാപകരുമായി പുതിയ കരാറുകളിൽ (contracts) ഏർപ്പെടുന്നു. ആ കരാറുകൾ പ്രകാരം അധ്യാപകർ തയ്യാറാക്കുന്ന എല്ലാ ഡിജിറ്റൽ ഉള്ളടക്കത്തിൻ്റെയും ബൗദ്ധിക സ്വത്ത് സർവ്വകലാശാലയ്ക്ക് ആയിരിക്കും. ഇതിനെ സാധൂകരിക്കാൻ പലപ്പോഴും സാങ്കേതികവും അക്കാദമികവുമായ ന്യായങ്ങൾ പറയും. കോഴ്സുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ എല്ലാത്തിനും ഒരു ഏകീകൃത സ്വഭാവം കൊണ്ടുവരാൻ എന്നൊക്കെയാവും വിശദീകരണം. ഈ പ്രക്രിയയെ ‘ടെക്നോ-പെഡഗോജിക് ഡിസ്കോഴ്സ്’ (techno-pedagogic discourse) പോലുള്ള ഓമനപ്പേരിട്ട് വിളിക്കുകയും ചെയ്യും.

ഇതിൻ്റെ ഫലം എന്താണ്? ആ അധ്യാപകൻ നാളെ ആ സ്ഥാപനത്തിൽ നിന്ന് വിരമിക്കുകയോ പിരിഞ്ഞുപോവുകയോ ചെയ്താലും, ആ കോഴ്സ് സർവ്വകലാശാലയുടെ ഒരു ആസ്തിയായി അവിടെ നിലനിൽക്കും. പുതിയ വിദ്യാർത്ഥികൾക്ക് അത് വീണ്ടും നൽകി പണം വാങ്ങാം. അല്ലെങ്കിൽ മറ്റൊരു സ്ഥാപനത്തിന് ലൈസൻസ് നൽകി വരുമാനമുണ്ടാക്കാം. ഇവിടെ അധ്യാപകൻ ഒരു വിജ്ഞാന സ്രഷ്ടാവ് എന്ന നിലയിൽ നിന്ന് കേവലം ഉള്ളടക്ക നിർമ്മാതാവ് (content creator) ആയി മാറുന്നു. അക്കാദമികമായ തീരുമാനങ്ങൾ എടുക്കാനുള്ള അയാളുടെ സ്വാതന്ത്ര്യം ഇല്ലാതാവുന്നു. അയാളുടെ അധ്വാനത്തിന്റെ ഫലം ഒരു ആസ്തിയാക്കി മാറ്റി സർവ്വകലാശാല അതിൽ നിന്ന് തുടർന്നും വാടക പിരിച്ചുകൊണ്ടേയിരിക്കുന്നു. അമേരിക്കയിലെ ഐഡഹോ സർവ്വകലാശാല, ഫീനിക്സ് സർവ്വകലാശാല എന്ന ഒരു ഭീമൻ ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനത്തെ വിലയ്ക്ക് വാങ്ങിയത് ഈയൊരു ലക്ഷ്യം മുന്നിൽ കണ്ടാണ്. അവരുടെ ലക്ഷ്യം തങ്ങളുടെ ആസ്തികൾ വർദ്ധിപ്പിക്കുക എന്നതായിരുന്നു. ഇത് പൊതു സർവ്വകലാശാലകൾ പോലും തങ്ങളുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് എത്രമാത്രം വ്യതിചലിക്കുന്നു എന്നതിൻ്റെ ഭയാനകമായ ഉദാഹരണമാണ്.
കേരളത്തിൻ്റെ സാഹചര്യത്തിൽ ഇത് വളരെ പ്രസക്തമാണ്. നമ്മുടെ സർവ്വകലാശാലകൾക്ക് വലിയ പാരമ്പര്യമുണ്ട്. അറിവ് ഒരു പൊതു സ്വത്തായി കണ്ട് സമൂഹത്തിന് നൽകുക എന്നതായിരുന്നു അവയുടെ ലക്ഷ്യം. എന്നാൽ പുതിയ കാലത്തെ സാമ്പത്തിക സമ്മർദ്ദങ്ങൾ കാരണം വരുമാനം കണ്ടെത്താനുള്ള പുതിയ വഴികൾ തേടാൻ അവ നിർബന്ധിതരാവുന്നു. ഈ സാഹചര്യത്തിൽ, ഡിജിറ്റൽ ഉള്ളടക്കങ്ങളെ ഒരു ആസ്തിയായി കണ്ട് പണമുണ്ടാക്കാനുള്ള എളുപ്പവഴി പലർക്കും ആകർഷകമായി തോന്നാം. എഡ്ടെക് കമ്പനികളുമായി സഹകരിച്ച് പുതിയ കോഴ്സുകൾ തുടങ്ങുമ്പോൾ അതിലെ ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ച് വ്യക്തമായ ധാരണകൾ ഉണ്ടായിരിക്കണം. അധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം.
അറിവിനെ ചരക്കുവൽക്കരിക്കുന്നതിനേക്കാൾ വലിയ അപകടമാണ് ആസ്തിവൽക്കരണം. കാരണം അത് അറിവിൻ്റെ സ്വഭാവത്തെ തന്നെ മാറ്റിമറിക്കുന്നു. പങ്കുവെക്കുന്തോറും വർദ്ധിക്കുന്ന അറിവിനെ, അത് കൃത്രിമമായി പരിമിതപ്പെടുത്തുന്നു. ഒരു ചെറിയ വിഭാഗത്തിന് മാത്രം പ്രവേശനമുള്ള ഒന്നാക്കി അതിനെ മാറ്റുന്നു. അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള ജൈവപരമായ ബന്ധം ഇല്ലാതാക്കി അവരെ ഒരു ഉപഭോക്താവും സേവനദാതാവും മാത്രമാക്കി ചുരുക്കുന്നു.

അതുകൊണ്ട് നമ്മുടെ സർവ്വകലാശാലകളിൽ ഓൺലൈൻ കോഴ്സുകൾ വരുമ്പോൾ, പുതിയ സാങ്കേതികവിദ്യകൾ വരുമ്പോൾ, നമ്മൾ ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. ഈ പുതിയ സംവിധാനം ആത്യന്തികമായി ഗുണം ചെയ്യുന്നത് ആർക്കാണ്? ഇത് അറിവിൻ്റെ ജനാധിപത്യപരമായ വിതരണത്തെ യഥാർത്ഥത്തിൽ സഹായിക്കുന്നുണ്ടോ?അതോ അതിനെ പരിമിതപ്പെടുത്തുകയാണോ? അധ്യാപകരുടെ അക്കാദമിക സ്വാതന്ത്ര്യവും ബൗദ്ധിക സ്വത്തവകാശവും സംരക്ഷിക്കപ്പെടുന്നുണ്ടോ? ഈ ചോദ്യങ്ങൾ ചോദിക്കാൻ വൈകിയാൽ, നമ്മുടെ അറിവും അധ്വാനവും മറ്റാരുടെയോ ആസ്തിയായി മാറുന്നത് നിസ്സഹായരായി നോക്കിനിൽക്കേണ്ടി വരും.
‘കൊണ്ടുപോകില്ല ചോരന്മാർ
കൊടുക്കുന്തോറുമേറിടും
മേന്മ നൽകും മരിച്ചാലും
വിദ്യ തന്നെ മഹാധനം!’
എന്ന് ഉള്ളൂർ പാടിയത് പഴങ്കഥയാവുകയാണ്.
വിജ്ഞാനം സമൂഹത്തിന്റെ പൊതുസ്വത്തായിരിക്കണം ആരുടെയും പത്തായത്തിൽ പൂട്ടിയിടാനുള്ള ആസ്തിയാവരുത് എന്ന കാര്യം ഇപ്പോഴെങ്കിലും നാം ഉറക്കെ പറയേണ്ടതുണ്ട്.
ആരുടെയും കണ്ണ് ചെല്ലാത്തിടത്ത് മാഷിൻറെ കണ്ണ് ചെന്നിരിക്കുന്നു. 👏👍
‘അറിവിന്റെ ആസ്തിവൽക്കരണം ‘.. ആനുകാലിക പ്രസക്തവും വളരെ ഇൻഫർമേറ്റീവും ആയ ആർട്ടിക്കിൾ.. അഭിനന്ദനങ്ങൾ മാഷേ..
അറിവിനെ കേവലം ഒരു ചരക്കായി മാത്രം കാണുന്ന Academic capitalism ത്തെ കുറിച്ചുള്ള കൃത്യമായ നിരീക്ഷണം. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കേണ്ട സർവ്വകലാശാലകൾ കോർപ്പറേറ്റ് ബുദ്ധിയോടെ ചിന്തിച്ചു തുടങ്ങുന്നത് ജനാധിപത്യപരമായ വിദ്യാഭ്യാസ രീതിക്ക് വലിയ വെല്ലുവിളി തന്നെയാണ് …. സർ. അഭിനന്ദനങ്ങൾ💐👏