A Unique Multilingual Media Platform

Articles Kerala Politics Society

ഇന്ത്യൻ പാർലമെന്റിലെ കടലാമകൾ

  • February 7, 2026
  • 1 min read
ഇന്ത്യൻ പാർലമെന്റിലെ കടലാമകൾ

അക്ഷരങ്ങൾ വാക്കുകളായും വാക്കുകൾ വരികളായും വരികൾ താളുകളായും താളുകൾ പുസ്തകങ്ങളായും മാറിയതാണ് ലോകത്തിന്റെ ചരിത്രം. ഈ ചരിത്ര വസ്തുതയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാനുള്ള ശേഷിയില്ലാതിരുന്ന ധാരാളം ഭരണാധികാരികളുടെ കൊലവിളികൾക്കും നിലവിളികൾക്കും കാലം സാക്ഷിയായിട്ടുണ്ട്. ഈ ചരിത്രാവർത്തനമാണ് ഇപ്പോൾ നമ്മൾ ഇന്ത്യൻ പാർലമെന്റിൽ കണ്ടു കൊണ്ടിരിക്കുന്നത്. ജനറൽ എം.എം നരേൻ എന്ന ഇന്ത്യയുടെ മുൻ കരസേനാമേധാവി അദ്ദേഹത്തിന്റെ ഒദ്യോഗിക ജീവിതത്തിനിടയിൽ ഉണ്ടായ ഏറ്റവും മോശമായ അനുഭവം അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഈ പുസ്തകം ഇന്ത്യയിൽ വിൽക്കാൻ ഇന്ത്യൻ സർക്കാർ അനുവാദം നൽകിയിട്ടില്ലെങ്കിലും വിദേശത്ത് ഈ പുസ്തകം ലഭ്യമാണ്. അങ്ങനെ ലഭിച്ച കോപ്പിയാണ് ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് പാർലമെന്റിന് അകത്തും പുറത്തും ഉയർത്തി കാട്ടിയത്. Four Stars of Destiny എന്ന് നാമകരണം ചെയ്തിട്ടുള്ള പ്രസ്തുത പുസ്തകത്തിൽ അദ്ദേഹം പറയുന്ന ഒരു സത്യം ഓരോ ഇന്ത്യാക്കാരനേയും ഞെട്ടിപ്പിക്കുന്നതാണ്.

2020 ആഗസ്റ്റ് 31-ാം തീയതി വൈകിട്ട് 8.15 ന് കരസേനാ മോധാവിയായ ജനറൽ നരേന് ഇന്ത്യൻ സൈന്യത്തിന്റെ നോർത്തേൺ കമാൻഡിന്റെ ചീഫായ ലഫ്റ്റനന്റ് ജനറൽ യോഗേഷ് ജോഷിയുടെ ഒരു ഫോൺ വരുന്നു. കിഴക്കൻ ലഡാക്കിലെ രചിൻ ലാ അതിർത്തിയിലേക്ക് ചൈനീസ് സൈന്യത്തിന്റെ ടാങ്കുകൾ ഇരച്ചെത്തുന്നുണ്ട്. മണിക്കൂറുകൾക്ക് മുമ്പ് ഇന്ത്യൻ സൈന്യം തിരിച്ചു പിടിച്ച കൈലാഷ് റെയ്ഞ്ചാണ് അവരുടെ ലക്ഷ്യം. ഇന്ത്യൻ സൈനികർ വെടിയുതിർക്കുന്നുണ്ടെങ്കിലും അവർ പിന്നോട്ട് നീങ്ങുന്ന ലക്ഷണമില്ല. കൂടുതൽ ടാങ്കുകൾ അവരുടെ പിന്നാലെയുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. എന്താണ് ചെയ്യേണ്ടത്?

ഇന്ത്യയൊരു ജനാധിപത്യ രാജ്യമാണെന്നും നമ്മുടെ സംവിധാനങ്ങളെല്ലാം പ്രവർത്തിക്കുന്നത് ആ ബോധത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഉത്തമ ബോധ്യമുണ്ടായിരുന്ന ജനറൽ എം.എം നരേൻ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയെ വിളിച്ചു. വിദേശകാര്യ മന്ത്രിയെ വിളിച്ചു.സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ വിളിച്ചു. എനിക്ക് മുന്നോട്ട് നീങ്ങണമെങ്കിൽ പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ് വേണം. അടുത്ത് രണ്ട് മണിക്കൂർ ന്യൂഡൽഹി അനങ്ങിയില്ല. ഒടുവിൽ രാത്രി 10.30ന് പ്രതിരോധ മന്ത്രി അദ്ദേഹത്തെ തിരിച്ചു വിളിച്ചു പറഞ്ഞതിങ്ങനെയാണ്. “ഞാൻ പ്രധാനമന്ത്രിയോട് സംസാരിച്ചു. സൈന്യത്തിന് തീരുമാനമെടുക്കാമെന്നാണ് അദ്ദേഹം പറയുന്നത്.”

എം.എം നരവനെ

ഈ വാക്കുകൾ തനിക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും യുദ്ധക്കളത്തിൽ എല്ലാവരാലും തഴയപ്പെട്ട അവസ്ഥയിലായി പോയി താനെന്നുമാണ് ജനറൽ എം.എം നരേൻ എഴുതിയിരിക്കുന്നത്. ചൈന പോലൊരു രാജ്യവുമായി യുദ്ധത്തിലേക്ക് നീങ്ങുന്ന അവസ്ഥയാണ്. ഇന്ത്യൻ ഭരണകൂടം ഭയന്നു പിൻമാറിയിരിക്കുന്നു എന്ന സത്യം ജനറൽ എം.എം നരേൻ തിരിച്ചറിഞ്ഞു. ബാക്കിയെല്ലാം ചരിത്രം.

പാകിസ്ഥാനിൽ കുഴിബോംബിട്ട് കളിക്കുന്ന നരേന്ദ്ര മോദിയുടെ വീരവാദങ്ങൾ ഈ പുസ്തകം തുറന്നു കാണിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന് ഇന്ത്യയിൽ പ്രസിദ്ധീകരണാനുമതി നൽകാതിരിക്കുന്നതിന്റെ കാരണമെന്ന് ഊഹിക്കാൻ അതിബുദ്ധിയൊന്നും വേണ്ട. വ്യാജ ദേശീയ വാദത്തിന്റെ ചിറകിലേറി പറന്നു നടക്കുന്ന സംഘപരിവാര കൂട്ടങ്ങളെ സമൂഹത്തിന് തുറന്നു കാണിക്കണമെന്നത് കൊണ്ടു തന്നെയാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നൊക്കെ നമ്മൾ കൊണ്ടാടുന്ന പാർലമെന്റിൽ രാഹുൽ ഗാന്ധി ഈ വിഷയം ഉയർത്തിയതും. പ്രതിപക്ഷ നേതാവെന്ന നിലയിൽ അത് അദ്ദേഹത്തിന്റെ കടമയുമാണ്. ഓം ബിർളയെന്ന രാഷ്ട്രീയ ഭിക്ഷാംദേഹിയായ ലോക്സഭാ സ്പീക്കർ ഉൾപ്പടെയുള്ളവർ ചേർന്ന് രാഹുലിന്റെ പ്രസംഗത്തെ തടസ്സപ്പെടുത്തിയെങ്കിലും രാഹുൽ താൻ നൽകാൻ ഉദ്ദേശിച്ച സന്ദേശം രാജ്യത്തിന് കൈമാറിക്കഴിഞ്ഞിരുന്നു.എഴുത്തിനോടും വായനയോടും അത്ര പ്രതിപത്തിയില്ലാത്ത സംഘപരിവാര പ്രഭൃതികൾക്ക് ഇപ്പോഴും കാര്യങ്ങൾ മനസ്സിലായിട്ടില്ലെന്നതാണ് നേര്.കള്ളങ്ങൾ കൊണ്ട് പടുത്തുയർത്തിയ ഒരു സാമ്രാജ്യവും അധിക കാലം നില നിന്നിട്ടില്ലെന്ന് മോദി ഭരണകൂടത്തെ രാജ്യസഭയിൽ ഓർമ്മിപ്പിച്ചത് ഉലകനായകൻ കമലഹാസനാണ്.

ഇനിയിങ്ങ് കേരളത്തിലേക്ക് വന്നാൽ, ഇനി മേലിൽ നമുക്ക് ആരെ വേണമെങ്കിലും “മറ്റേ മോനേ” എന്ന് ധൈര്യമായി വിളിക്കാം. ആ വിളിയുടെ അർത്ഥം പൊന്നുമോനെ എന്നാണെന്ന് ശോഭാ സുരേന്ദ്രൻ എന്ന വ്യാകരണശാസ്ത്ര പണ്ഡിത പറഞ്ഞു കഴിഞ്ഞ സ്ഥിതിയ്ക്ക് ഉറപ്പായും വിളിക്കാം. സിനിമയെന്ന സാംസ്കാരിക പ്രവർത്തനം നടത്തി ഉപജീവനം നടത്തിയിരുന്ന കേരളത്തിന്റെ സ്വന്തം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയ്ക്ക് കേന്ദ്ര ബജറ്റു കഴിഞ്ഞപ്പോഴേക്കും കടലാമയുടെ അവസ്ഥയായി.

കേരളത്തിൽ കുറ്റിയറ്റു കൊണ്ടിരിക്കുന്ന ബി.ജെ.പിയെ സഹായിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് ലോകമഹാ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ അമിത് ഷായ്ക്ക് മനസ്സിലായിട്ടുണ്ടെന്ന് മനസ്സിലാക്കാനുള്ള വകതിരിവ് കേരളത്തിലെ ഒരു ബി.ജെ.പി നേതാവിനും ഇല്ലാതെ പോയി എന്നതാണ് വേദനാജനകം. എയിംസ് തൃശൂര് വേണോ പത്തനംതിട്ട വേണോ ആലപ്പുഴയിൽ വേണോ എന്നൊക്കെ രാജീവ് ചന്ദ്രശഖറും സുരേഷ് ഗോപിയും കെ.സുരേന്ദ്രനും ചർച്ച ചെയ്യുന്നതിന് മുമ്പ് ഡൽഹിയിൽ ആ നിർമ്മലാമ്മയുടെ ഓഫീസിലെ പ്യൂണിനോടെങ്കിലും വല്ലതും നടക്കുമോയെന്ന് ചോദിക്കാമായിരുന്നു. അഹങ്കാരവും അറിവില്ലായ്മയും കൊണ്ട് ചോദിച്ചില്ല. ഫലമോ? കേരളത്തിലെ ബി.ജെ.പി കടലാമയുടെ മുതുകത്തായി. തിരുവനന്തപുരത്ത് നാസയുടെ സബ് ഓഫീസ് തുറക്കുമെന്ന് പറഞ്ഞ വി.വി രാജേഷ് എന്ന മേയർ പ്രധാനമന്ത്രിയുടെ ഓഫീസിലെ സ്വീകരണം ഏറ്റു വാങ്ങാൻ പോകുന്നുണ്ട്. അദ്ദേഹത്തിന്റെ കൂടെ പോയാൽ പ്രധാനമന്ത്രിയുടെ ഓഫീസ് എങ്ങനെയിരിക്കുമെന്ന് രാജീവ് ചന്ദ്രശേഖറിനും സുരേഷ് ഗോപിക്കും മനസ്സിലാകും.ബി.ജെ.പി കേരള രാഷ്ട്രീയത്തിന് സംഭാവന ചെയ്ത പഴയ ഐ.പി.എസ് സിംഹിണിയും പോകുന്നുണ്ടെന്നാണ് ഈയുള്ളവൻ മനസ്സിലാക്കുന്നത്.

കേരളത്തിലേയും തമിഴ്നാട്ടിലേയും ബി.ജെ.പി സംസ്ഥാന നേതൃത്വങ്ങളെ വിശ്വസിക്കാൻ മാത്രം മണ്ടന്മാരല്ല ഡൽഹിയിലെ കേന്ദ്ര നേതൃത്വം. ഇവിടങ്ങളിലെ ഉടുതുണിക്ക് മറുതുണിയില്ലാതെ ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിനായി അലഞ്ഞു നടക്കുന്ന ആർ.എസ്.എസ് കാര്യകർത്താക്കന്മാരെ നാഗ്പൂർ പിന്നെയും വിശ്വസിക്കും. കാരണം അവരെ നയിക്കുന്നത് ഹിന്ദുത്വ വിതണ്ഡവാദമാണ്. വിതണ്ഡവാദത്തിൽ യുക്തിയ്ക്ക് സ്ഥാനമില്ല. പക്ഷേ അധികാരത്തിന്റെ ശീതളിമയിൽ എപ്സ്റ്റീൻ ഫയലിൽ വരെ കയറിപ്പറ്റിയ നരേന്ദ്രമോദി ഇവരെ വിശ്വസിക്കില്ല. കുറുക്കൻ തോൽക്കുന്ന കൗശലക്കാരനാണ് മോദിയെന്ന് മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാർ മനസ്സിലാക്കിയെങ്കിലും ഭാജാപ്പക്കാർക്ക് അത് വേണ്ട വണ്ണം പിടികിട്ടിയിട്ടില്ല.രാജീവ് ചന്ദ്രശേഖർ നല്ലൊരു കച്ചവടക്കാരനാണ്. സുരേഷ് ഗോപി ഒരു മോശം സിനിമാ പ്രവർത്തകനും. അത് സ്വയം മനസ്സിലാക്കിയാൽ കടലാമയുടെ തോളിൽ നിന്നും താഴെയിറങ്ങി മറ്റേ മോനേ വിളി കേൾക്കുന്നത് ഒഴിവാക്കാം.

About Author

എം.കെ നാരായണ മൂർത്തി

മാധ്യമ പ്രവർത്തകൻ. Thou Newz എന്ന യൂട്യൂബ് വാർത്താ ചാനലിൻ്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. അറുപതിൽപരം രാജ്യങ്ങളിൽ യാത്ര ചെയ്ത് രാഷ്ട്രീയ - സാമുഹിക വിഷയങ്ങൾ പഠിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x