A Unique Multilingual Media Platform

Articles Literature Memoir Politics

ബഷീർ ദിനത്തിൽ ഭാരതമാതാ എന്ന കഥ വായിക്കുമ്പോൾ

  • July 5, 2025
  • 1 min read
ബഷീർ ദിനത്തിൽ ഭാരതമാതാ എന്ന കഥ വായിക്കുമ്പോൾ

ഓരോ ചരിത്രസന്ദർഭത്തിലും പുനർവായനാസാധ്യതകൾ തുറന്നുതരുന്ന എഴുത്തുകൾ കൂടിയാണല്ലോ ക്ലാസിക്ക് എന്നറിയപ്പെടുന്നത്. ആ നിലയിൽ ബഷീറിയൻ സാഹിത്യം നിയതാർഥത്തിൽ ക്ലാസിക്ക് എന്ന വിശേഷണത്തിനർഹമാണ്.

അരികുലോകങ്ങളെയും പുറമ്പോക്കുകളെയും ഉൾക്കൊള്ളാനുള്ള രാഷ്ട്രീയജാഗ്രത കൂടിയാണ് ബഷീറിയനിസത്തിൻ്റെ പൊതുസവിശേഷത. ഈ ഉൾക്കൊള്ളൽ പ്രവണതയാവാം അവയ്ക്ക് ഭിന്നപാഠസാധ്യതകൾ നൽകുന്നതും. പൊതുവെ, ലിബറൽ പൗരസമൂഹത്തിൻ്റെ ശ്രദ്ധയിൽ പെടാതെ പോവുന്ന ജീവിതങ്ങളിലേക്കാണ് ബഷീർ അധികവും സഞ്ചരിക്കുന്നത്. നവോത്ഥാനയുക്തികൾ വാഴുന്ന കാലത്ത് എഴുത്തിലേർപ്പെട്ടെങ്കിലും മാനകീകരണങ്ങളെക്കാൾ പ്രാന്തങ്ങളെ കാണാനാണ് ബഷീർസാഹിത്യം ശ്രമിക്കുന്നത്.

‘ഭാരതമാതാ’ എന്ന ബഷീർക്കഥയുടെ ഒരു പുനർവായനയാണ് ഈ കുറിപ്പ്. നിശ്ചയമായും അത്തരമൊരു പുനർവായനയുടെ സന്ദർഭം ഇതിനകം പരിചിതമാണല്ലോ.

താൻ സ്ഥലത്തിന്റെ വിനീതനായ ചരിത്രകാരനാണെന്ന് ബഷീർ നിരന്തരം ആവർത്തിക്കുന്നതു കാണാം. ആധുനികതയുടെ കാഴ്ച്ചവട്ടത്തിന് പുറത്തുള്ളവരാണ് സ്ഥലവാസികൾ. ആനവാരി രാമൻ നായർ, പൊൻകുരിശു തോമാ തുടങ്ങിയവരുടെ പുറമ്പോക്ക് യുക്തി വാഴുന്ന (ഈ ലോകം ഇതിലുള്ള എല്ലാവരുടേതുമാണ്. സ്വകാര്യ ഉടമ നിഷിദ്ധം.ആർക്കും ആരുടേതും എടുക്കാം.ഇങ്ങനെയുള്ള സമത്വസുന്ദരമായ ദർശനമാണ് ആനവാരിയുടേതും പൊൻകുരിശിന്റേതും) മുഴയൻ നാണുവിന്റെ അഭിപ്രായത്തിൽ ലോകത്തിന്റെ നടുമധ്യമാണ് ഈ സ്ഥലം. സ്ഥലത്തെ പൊട്ടും പൊടിയും ചെറുതും വലുതുമായ ജനസംഖ്യ രണ്ടായിരത്തി ഇരുന്നൂറ്റിപ്പന്ത്രണ്ടാണ്. ഒടുവിലത്തെ രണ്ട് മനുഷ്യരല്ല, ഗജകുലത്തിൽ പിറന്ന കൊച്ചു നീലാണ്ടനും പാറുക്കുട്ടിയുമാവുന്നു. നവോത്ഥാന മാനവികതയുടെ രാഷ്ട്രീയ ബോധ്യത്തിനകമേ തന്നെ അതിന്റെ എതിർ ലോകങ്ങളെ ബഷീർ സാഹിത്യം അഭിസംബോധന ചെയ്യുന്നു. ഈ സവിശേഷത പ്രത്യക്ഷമായിത്തന്നെ ഭാരതമാതാ എന്ന കഥയിൽ കാണാം.

ഇന്ത്യയെന്ന ദേശരാഷ്ട്ര ഭാവന മുഴുവൻ വ്യവഹാരങ്ങളെയും നിർണ്ണയിക്കുന്ന ഘട്ടത്തിലാണ് അരികുലോകങ്ങളിലേക്ക് നീങ്ങുന്ന ഈ കഥ എഴുതപ്പെട്ടത്.

വൈക്കം മുഹമ്മദ് ബഷീർ

ഒരു പടം വരയുടെ കഥയാണ് ഭാരതമാതാ. ലോകത്തെ മുഴുക്കെ പുറത്താക്കി ചിത്രകാരൻ ഭാരതമാതാവിനെ കാൻവാസിൽ വരക്കുന്നതിനിടെ സംഭവിക്കുന്ന കാര്യങ്ങളാണ് കഥാതന്തു. ദേശരാഷ്ട്രങ്ങളുടെ രൂപീകരണ സന്ദർഭങ്ങളിൽ തന്നെ അവയുടെ മാനുഷികവത്കരിക്കപ്പെട്ട കലാപ്രതിനിധാനങ്ങൾ എല്ലാ സമൂഹങ്ങളിലും രൂപപ്പെടുന്നുണ്ട്. യൂജിൻ ദെലേക്രോയിക്സിന്റെ വിഖ്യാതമായ ചിത്രം Liberty Leading the People തന്നെ പ്രധാന ഉദാഹരണം.

ഫ്രഞ്ച് വിപ്ലവകാലത്ത് വരയ്ക്കപ്പെട്ട ഈ ചിത്രം വലതു കൈയിൽ ഫ്രഞ്ച് പതാകയും ഇടതു കൈയിൽ റൈഫിളുമേന്തി അർധനഗ്നയായ ഒരു യുവതി ബാരിക്കേഡുകൾ ചാടിക്കടന്നു ആയുധധാരികളായ ജനങ്ങളെ നയിച്ചു കൊണ്ട് മുന്നേറുന്നതിന്റെ ചിത്രണമാണ്. റിയലിസ്റ്റ് സങ്കേതത്തിൽ വരയ്ക്കപ്പെട്ട ഒന്ന്. ഫ്രാൻസിനെ സുന്ദരിയും തെരുവിൽ നിന്നെഴുന്നേറ്റു വരുന്നവളുമായ ഒരു യുവതിയോട് ഉപമിച്ച ഈ ചിത്രത്തിൽ നിന്നാണ് വിക്ടർ യൂഗോയുടെ പാവങ്ങളിലെ പ്രധാനകഥാപാത്രങ്ങളിലൊരാളായ ഗാവ് രോഷ് കുട്ടി പുറപ്പെട്ടു വന്നത് എന്നൊരു വിശദീകരണവുമുണ്ട്. എന്തായാലും മധ്യകാലയൂറോപ്പിലെ പ്രഭുവാഴ്ച്ചയെയും ഫ്യൂഡലിസത്തെയും എതിർത്തുയിർക്കൊള്ളുന്ന ജനകീയമായ ഒരു ദേശീയബോധത്തെ ആ ചിത്രത്തിൽ കാണാം.

Liberty Leading the People

ദേശരാഷ്ട്രരൂപീകരണ സന്ദർഭത്തിൽ ഇത്തരം പ്രതിനിധാന നിർമ്മിതികൾ ഏതു സമൂഹത്തിലും രൂപപ്പെടാറുണ്ട്. ഇന്ത്യയും വ്യത്യസ്തമല്ല. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആനന്ദമഠം എന്ന നോവലിൽ ഭാരതത്തെ അമ്മയായി സങ്കല്പനം ചെയ്യുന്നുണ്ട്. ഇതിൽ പ്രചോദിതമായായിരിക്കാം അബനീന്ദ്രനാഥ് ടാഗോറിൻ്റെ പ്രസിദ്ധചിത്രം ഭാരതമാതാ രചിക്കപ്പെട്ടത്. മുഗൾ ചിത്രകലാ സങ്കേതങ്ങളുമായി ഈ ചിത്രത്തിനു ബന്ധമുള്ളതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ‘ബംഗ മാതാ’ എന്ന് അബനീന്ദ്രനാഥ് പേരു നൽകിയ ഈ ചിത്രം ‘ഭാരതമാതാ’ എന്നു പുനർനാമകരണം ചെയ്തത് സിസ്റ്റർ നിവേദിത ആണെന്നും കലനിരൂപകർ ചുണ്ടിക്കാട്ടിയിട്ടുണ്ട് (വിശദവിവരങ്ങൾക്ക് കാണുക ‘ദേശീയതയുടെ കാൻവാസിൽ ഭാരതാംബ നടന്ന ദൂരങ്ങൾ’ എം.ജെ ശ്രീചിത്രൻ).

അതെന്തായാലും അബനീന്ദ്രനാഥിൻ്റെ ചിത്രത്തിന് സന്യാസിനീഛായയുള്ള ശാന്തസ്വഭാവമാണുള്ളത്. നാലു കൈകളിലായി പുസ്തകം, നെൽക്കറ്റ, വെളുത്ത തുണിക്കഷണം, ജപമാല എന്നിവയേന്തി നിൽക്കുന്ന ഈ ചിത്രത്തിന് ഇന്നവതരപ്പിക്കപ്പെടുന്ന ഭാരതമാതാ ചിത്രങ്ങളുടെ രൗദ്രഭാവം ഒട്ടും തന്നെയില്ല. ഭാരതമാതാവിന്റെ മറ്റൊരു പ്രധാനപ്രതിനിധാനം രാജാരവിവർമ്മയുടേതാണ്. ഹിന്ദുദേവതകളുടെ നേർസ്വഭാവത്തിൽ വരയ്ക്കപ്പെട്ട ഈ ചിത്രത്തിന് ഇന്നു സംഘപരിവാരം അവതരിപ്പിക്കുന്ന ഭാരതമാതാവുമായി നേരിയ ഛായയുണ്ട്. ജെ.ബി. ദീക്ഷിതിനെപ്പോലുള്ള ചിത്രകാരരുടെ വരകളിൽ നിന്നുയിർക്കൊണ്ട് അന്തിമാകരം പൂണ്ട സംഘപരിവാരിന്റെ ഭാരതമാതാവ് തീവ്രദേശീയതയുടെ രൗദ്രഭാവമാണുൾക്കൊള്ളുന്നത്.

ഇരുപതാം നൂറ്റാണ്ട് തുടക്കഘട്ടത്തിലെ ദുർഗ്ഗാ-ഭാരതമാതാവ് തർജ്ജമകൾ നിർമ്മിച്ച രാഷ്ട്രീയത്തിനെതിരെ വന്ന ഏറ്റവും പ്രധാന ചിത്രം അമൃതാ ഷെർഗിലിന്റെ Mother India ആണ്. ഒരു രാഷ്ട്രീയ പ്രസ്താവന എന്ന നിലയിൽ വായിച്ചെടുക്കാവുന്ന ആ ചിത്രം നിരാംലംബയും ദു:ഖിതയും രണ്ടു കുട്ടികളുടെ അമ്മയുമായ ഒരു ഗ്രാമീണ യുവതിയെയാണ് ഭാരതമാതാവായി അവതരിപ്പിക്കുന്നത്. ഇന്ത്യൻ യാഥാർത്ഥ്യത്തെ കുറെക്കൂടി അടുത്തു നിന്ന് നോക്കുകയായിരുന്നു ഷെർഗിൽ. ദാരിദ്ര്യത്തിൻ്റെയും ഭീതിയുടെയും ഭാവഹാവാദികളാണ് ചിത്രം പ്രക്ഷേപിപ്പിക്കുന്നത്. തന്റെ രണ്ടു കുട്ടികളെ ഇരുകൈകളിലുമായി ചേർത്ത്, ദാരിദ്ര്യവും പീഡയും കൊണ്ടു ശോഷിച്ച ശരീരവുമായി, ഭീതി നിറഞ്ഞ കണ്ണോടെ നമ്മെ നോക്കുന്ന ഒരു ഗ്രാമീണയുവതിയാണ് ഷെർഗിലിൻ്റെ ഭാരതമാതാ. നിശ്ചയമായും ദേശീയതയുടെ ഐക്കണായ വരയ്ക്കപ്പെട്ട ചിത്രങ്ങളുടെ മറുപക്ഷം.

(ഇടത്) ഹംഗേറിയൻ-ഇന്ത്യൻ കലാകാരിയായ അമൃത ഷേർ-ഗിൽ വരച്ച ത്രീ ഗേൾസ് (ഗ്രൂപ്പ് ഓഫ് യംഗ് ഗേൾസ് എന്നും അറിയപ്പെടുന്നു). (വലത്)  അബനീന്ദ്രനാഥ ടാഗോറിൻ്റെ ഭാരത് മാതാ

ഒരു ശരാശരി ഇന്ത്യൻ യുവതിയായി ഷെർഗിൽ കണ്ട ഭാരതമാതാവനെ, അൽപ്പം കൂടി തീക്ഷ്ണമായവതരിപ്പിക്കുകയാണ് ബഷീറിന്റെ കഥ. കഥാരംഭം സുന്ദരവും ചൈതന്യവത്തുമായ ഒരു സന്ദർഭത്തെ ലോഭമില്ലാതെ വർണ്ണിച്ചു കൊണ്ടാണ്. സുന്ദരിയും നവോഢയയുമായ ഒരു യുവതി അതിരാവിലെ പൂന്തോട്ടത്തിൽ നിന്ന് പൂക്കളിറുക്കുന്ന ദൃശ്യമാണത്. “അലംഭാവമില്ലാതെ ആ കോകിലഗാനം മനംകുളിരെ അങ്ങനെ മുഴങ്ങിക്കൊണ്ടിരുന്നു. ഒരു പനിനീർ സുമം ഇറുത്തു കൊണ്ട് തരളഹൃദയായി അവൾ മുഖമുയർത്തി”. പ്രസാദാത്മകവും മനോഹരവുമായ ഈ ദൃശ്യത്തിൻ്റെ തുടർച്ചയിൽ ഒരു ചിത്രകാരനും അയാളുടെ ഭാര്യയും ഒന്നിച്ചുതാമസിക്കുന്ന ഒരു കൊച്ചുവീടാണെന്നു നാം തിരിച്ചറിയുന്നു. സ്വീകരണമുറിയിൽ ധാരാളം ചിത്രങ്ങളുണ്ട്. എല്ലാം അയാൾ വരച്ചവ; അവർ ഒന്നിച്ചു കണ്ട കാഴ്ച്ചകളാണ് ആ ചിത്രങ്ങളൊക്കെ.

‘കലാഹൃദയം’ എന്നു പേരിട്ടിരിക്കുന്ന ഒരു മുറിയിൽ ചിത്രമെഴുത്തിൽ മുഴുകിയിരിക്കുകയാണയാൾ. കലാസൃഷ്ടിയിലേർപ്പെട്ടിരിക്കുന്നതിനാൽ തന്നെ അവൾക്കങ്ങോട്ട് പ്രവേശനമില്ല. ഭാര്യയെ/ ലോകത്തെ മുഴുവനായി പുറത്താക്കിയാണ് അയാൾ രചനയിലേർപ്പെട്ടിരിക്കുന്നത്. പിറ്റേന്നാൾ പ്രദർശനത്തിൽ ഉൾക്കൊള്ളിക്കാനുള്ള ചിത്രമാണത്. ‘വിശ്വസൗന്ദര്യത്തെ മുഴുവൻ ഒന്നിൽ ആവാഹിക്കുന്ന, അതിനുള്ള ഏകാഗ്രമായ പ്രാർഥനയും തീവ്രമായ പൂജയും നടന്നുകൊണ്ടിരിക്കുമ്പോൾ’ ആരെയും കാണുന്നത് തനിക്കിഷ്ടമല്ല എന്നാണയാളുടെ പക്ഷം. തന്നെ വേണ്ടത്ര പരിഗണിക്കുന്നില്ല എന്നു തോന്നിയ അവൾ അയാളോട് ശണ്ഠ കൂടുന്നു. വാതിൽത്തുറന്ന് പുറത്തിറങ്ങി അവളെ സ്നേഹം നിറഞ്ഞ വാക്കുകൾ കൊണ്ടു സമാശ്വസിപ്പിക്കുന്നുണ്ട് ചിത്രകാരൻ. എന്നിട്ടുമവളുടെ ദുഃഖത്തിന് ശമനമാവുന്നില്ല. അയാളിൽ നിന്ന് പ്രണയം കൈമോശം വന്നിരിക്കുന്നു എന്നവൾ തുറന്നടിക്കുന്നു. അയാൾ രാവിലെ അവൾ ചെയ്തതുപോലെ പൂന്തോട്ടത്തിൽ നിന്നു പൂക്കളിറുത്ത് അവൾക്ക് അർച്ചന ചെയ്യാൻ തുനിഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറവേയാണ് കഥയിൽ മറ്റൊരു കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. ആ വീട്ടിലേക്ക് ഭിക്ഷയ്ക്കായി വരുന്ന ഒരു യാചകിയാണത്.

അങ്ങനെ വൃക്ഷങ്ങളുടെ ഇടയിൽനിന്ന് അയാൾ മുറ്റത്തേക്ക് ചെന്നപ്പോൾ കണ്ണുകുഴിഞ്ഞ്, കവിളൊട്ടി, എല്ലുകൾ പൊന്തി, അകത്തേക്കു വളഞ്ഞ ഒരു യാചകി, ദേഹമാകെ ചിരങ്ങുവന്നളിഞ്ഞ ഒരാൺകുഞ്ഞിനെ എളിയിൽ വെച്ച്, വയറുന്തിവീർത്ത അന്ധബാലികയെ മുമ്പിൽ നിർത്തി, പാഴിയാരം പറയുകയാണ്.

‘…… കഴിഞ്ഞ ജുദ്ദത്തിലാണമ്മാ മരിച്ചേ. പിന്നെ മൂത്തമകനൊണ്ടാർന്നു- ഹൊള്ളതല്ലാം വിറ്റു ഹവനെ പടിപ്പിച്ചു. പിന്നെ ഞാൻ വേലയ്ക്കു പോയി. മിഷ്യന്റേടേ വീണ് കൈയും ചതഞ്ഞു. പിന്നെ ഇവടെ കോലോം ഇങ്ങനേയി… ഹെല്ലാം വിതിയമ്മാ…’

വിധവയായ ഒരു യാചകിയാണ് പുതിയ അതിഥി. മൂത്തമകൻ പട്ടിണി കിടന്നു മടുത്ത് മോഷ്ടിച്ചതിന്റെ ബാക്കിയായി ജയിലിലാവുകയും അവിടെക്കിടന്ന് മരിക്കുകയും ചെയ്തിരിക്കുന്നു. ഇളയ രണ്ടു കുട്ടികളുടെ സ്ഥിതിയാണ് മുകളിൽ കണ്ടത്. ചിത്രകാരന് അവരുടെ സാന്നിധ്യം അസ്വസ്ഥതയുണ്ടാക്കുന്നുവെങ്കിലും അവൾ ആർദ്രമായാണ് അവരോടു പെരുമാറിയത്. ഒരു മുണ്ടും കാൽരൂപയും വയറ് നിറയെ ഊണും നൽകിയാണവൾ അവരെ യാത്രയാക്കിയത്.

കഥ വീണ്ടും അവരുടെ സ്വകാര്യതയിലേക്കും ചെറുശുണ്ഠികളിലേക്കും കടക്കുന്നു. താരതമ്യേന ദീർഘമായി അവർ തമ്മിലുള്ള സംഭാഷണം കഥയിൽ വിവരിക്കപ്പെടുന്നുണ്ട്. അവളുടെ പ്രധാനപരാതി അയാൾ വരച്ചു കൊണ്ടിരിക്കുന്ന ചിത്രം അവളെ കാണിക്കുന്നില്ല എന്നതാണ്. ഒടുക്കമാ ചിത്രം അവൾക്ക് ഒരു വട്ടം കാണിച്ചു കൊടുക്കാൻ ചിത്രകാരൻ തയ്യാറാവുന്നു.

വാതിൽ തുറന്ന് സ്തബ്ധയായി അവൾ മിഴിച്ചു നിന്നു. എണ്ണച്ചായത്തിൽ വരച്ച ഒരു വലിയ ചിത്രം. നീലക്കടലിലുള്ള ഇന്ത്യാഭൂപടത്തിൽ അവൾ നിൽക്കുന്നു. ചെന്താമരമൊട്ടുപോലെ സിലോൺ, കന്യാകുമാരി, മുതൽ കാഷ്മീർ വരെ, നീണ്ടുനിവർന്ന്. അരയ്ക്കു മുകളിലേക്കുള്ള നഗ്നശരീരം. ഉടുത്തിരിക്കുന്ന നേർമ്മയുള്ള വെള്ള വസ്ത്രം ഞൊറികളായി മദ്രാസ് പ്രസിഡൻസിയും, ബങ്കാളുമായി ഭാരതത്തിൻ്റെ ചിത്രമായിത്തീരുന്നു. പച്ച, വെള്ള, മഞ്ഞ – സ്വാതന്ത്ര്യപതാകയാൽ മാറിടം മറച്ചിരിക്കുന്നു. ഇടതു കൈയിൽ ഒരു ചർക്ക ഉയർത്തിപ്പിടിച്ചിരിക്കുന്നു. വലതുകൈയിൽ – ‘സ്നേഹം’ എന്നു തങ്കമഷിയിൽ എഴുതിയിട്ടുള്ള വെള്ളനാടയാൽ ബന്ധിച്ച ഗീത, ബൈബിൾ, ഖുർ-ആൻ – മൂന്നു ഗ്രന്ഥങ്ങൾ. വിതർന്ന കേശഭാരം പാറിപ്പറന്ന് ഹിമാലയമായി രൂപാന്തരപ്പെടുന്നു. സന്തോഷം തുളുമ്പുന്ന മുഖം; സ്നേഹം നിറഞ്ഞ കണ്ണുകൾ!

‘ഭാ…ര…ത…മാ…താ!’

അബനീന്ദ്രനാഥിൽ നിന്നാരംഭം കുറിക്കുന്ന ‘സോകോൾഡ്’ ഭാരതമാതാവിന്റെ തുടർച്ചയിലാണ് ഈ ചിത്രവുമുള്ളത്. പ്രതീകങ്ങൾ ദേശീയസ്വാതന്ത്ര്യസമരത്തെ മതസൗഹാർദത്തെയും സൂചിപ്പിക്കുന്നു. പ്രസാദം നിറഞ്ഞ വർത്തമാനത്തെ ദ്യോതിപ്പിക്കുന്നു ചിത്രം.സുന്ദരിയായ ഭാരതമാതാവിനെ അല്പനേരം നോക്കി നിന്ന് അവൾ ചിത്രകാരനോട് മറ്റൊരാവശ്യമുന്നയിക്കുന്നു.

” ഉച്ചയ്ക്കു വന്ന യാചകിയും കുട്ടികളുമില്ലേ?”

“ങ്ഹാ ”

” അവരുടേത് ഒന്ന് നാളെ എഴുതണം – പ്രദർശനത്തിനയക്കാം”

“ഛേ…അതോ”

“ങ്ഹാ.. അതാണല്ലോ പിന്നെ സത്യമായ…”

“ഹൃദയവേദനയോ?”

“ഹല്ല!”

“പിന്നെ?”

“ഭാരതമാതാ”

നിരാംലബരുടെ നിസ്വജീവിതങ്ങളുടെ ദരിദ്രനാരായണൻമാരുടെ ചിഹ്നത്തിലേക്ക് ദേശരാഷ്ട്രഭാവനയെ പരാവർത്തനം ചെയ്യുന്ന ബദൽ രാഷ്ട്രീയം കഥയ്ക്കവസാനം വിടർന്നു നിൽക്കുന്നു. ദേശീയ സങ്കല്പത്തിന്റെ പുറമ്പോക്കുകളിൽ നിന്നു പുതിയ രാഷ്ട്രത്തെ ഭാവന ചെയ്യലാണത്. കേവലം പ്രണയസ്വകാര്യങ്ങളും ശുണ്ഠികളും മാത്രം നിറഞ്ഞ ഒരു കഥ അതുവഴി ഉടനീളം രാഷ്ട്രീയവത്കരിക്കപ്പെടുന്നു.

അമൃതാ ഷെർഗിൽ

ഷെർഗിൽ വരച്ച ഭാരതമാതാവാണ് ബഷീറിനും ഭാരതമാതാവ്. ഒരുപടികൂടി കടന്ന് ദാരിദ്ര്യവും രോഗവും പീഡയും നിറഞ്ഞ ഒരു യാചകിയായി ബഷീർ ഭാരതത്തെ കല്പന ചെയ്യുന്നു.

ആരംഭത്തിൽ പറഞ്ഞതുപോലെ ഓരോ സന്ദർഭത്തിലും തിരികെപ്പോവാനുള്ള സാധ്യത തരുന്നവയാണ് വലിയ എഴുത്തുകൾ. ബഷീറിൽ നാം കാണുന്നതും അതുതന്നെ. തീവ്രഹിന്ദുത്വം ഭാരതാംബ എന്ന പേരിൽ കാവിയണിഞ്ഞ ഒരു സ്ത്രീയുടെ ചിത്രം നിർബന്ധപൂർവ്വം അടിച്ചേല്പിക്കുമ്പോൾ ബഷീർ കഥയുടെ പുനർവായന മറ്റൊരു ഭാരതമാതാവിനെ നമുക്ക് കാണിച്ചു തരുന്നു. ഇന്നും ഭാരതമാതാവിൻ്റെ യഥാർഥമായ ചിത്രം മറ്റൊന്നല്ല.

About Author

റഫീഖ് ഇബ്രാഹീം

റഫീഖ് ഇബ്രാഹീം കണ്ണൂർ സർവകലാശാല മലയാളവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ എഴുതുന്നു.

3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
ആരതി

വളരെ സന്ദർഭോചിതമായ ഒരു ഓർമ്മപ്പെടുത്തൽ. ഭാരതാംബ യഥാർത്ഥത്തിൽ എന്താണെന്ന് ബഷീർ നമുക്ക് കാണിച്ചു തന്നു. ആ വെളിവാക്കലിന്അടിവരയിടുകയാണ് റഫീഖ് സാർ ഇവിടെ. വളരെ പ്രസക്തവും പ്രധാനവും.

അരുൺ ശങ്കർ

അമൃത ഷെർ-ഗില്ലിലും ബഷീറിലും (അനുപാത വ്യതിയാനങ്ങളോടെ) വേരോടി രാഷ്ട്രീയസൗന്ദര്യത്തെ അടയാളപ്പെടുത്തുന്ന സവിശേഷമായൊരു അനുസ്മരണം..

നന്ദി റഫീക്ക്..

സബീനാ ഭാനു എം.

കാലിക പ്രസക്തമായ ബഷീർ വായന. ബഷീർ എന്ന എഴുത്തുകാരൻ പുലർത്തിയിരുന്ന രാഷ്ട്രീയ ജാഗ്രതയാണ് എല്ലാക്കാലത്തും ബഷീർ കൃതികളെ
മൂല്യമുള്ളതാക്കുന്നത്. ദേശീയതാ സങ്കല്പമെന്നത് എത്രമാത്രം സൂക്ഷ്മമായ ഒന്നാണെന്ന് തൻ്റെ ഒട്ടുമിക്ക കൃതികളിലും അദ്ദേഹം പറഞ്ഞു വെയ്ക്കുന്നുണ്ട്.

നന്ദി ശ്രീ റഫീഖ് ഇബ്രാഹിം