A Unique Multilingual Media Platform

Articles Book Review International Politics

തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ മയക്കുമരുന്ന് വഴികള്‍: ചരിത്രം നമ്മോട് പറയുന്നത് 

  • June 25, 2026
  • 1 min read
തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ മയക്കുമരുന്ന് വഴികള്‍: ചരിത്രം നമ്മോട് പറയുന്നത് 

ഇന്ത്യയില്‍ മയക്ക് മരുന്ന് ഉപഭോഗം കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ വന്‍തോതില്‍ വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.  നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച് 2015 മുതല്‍ 2025 വരെയുള്ള കാലയളവില്‍ മയക്കുമരുന്ന് ഇന്ത്യക്കാരുടെ ഇടയിലെ മയക്കുമരുന്ന് ഉപഭോഗം ഇരട്ടിയിലധികമായിട്ടുണ്ട്. ഏകദേശം 65%ത്തിലധികം വര്‍ധനവ്! മയക്ക്മരുന്ന് ഉപയോഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിന്റെ സ്ഥാനം ഒട്ടും പിറകിലല്ല എന്നത് നമ്മെ കൂടുതല്‍ ആശങ്കാകുലരാക്കേണ്ടതാണ്. 

ഇന്ത്യയില്‍ മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള പ്രധാനകവാടങ്ങളായി പ്രവര്‍ത്തിക്കുന്നത് ഗുജറാത്തിലെ അദാനി ഉടമസ്ഥതയിലുള്ള തുറമുഖങ്ങളാണ് എന്നതും വസ്തുതയാണ്. സഹസ്ര കോടികളുടെ മയക്കുമരുന്നുകളാണ് മുണ്ഡ്ര തുറമുഖത്തുനിന്ന് മാത്രം കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ പിടികൂടപ്പെട്ടത്. പിടികൂടാതെ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടുന്ന നിരോധിത മയക്കുമരുന്ന് ലക്ഷക്കണക്കിന് കോടികളുടേതാണ്.

മുണ്ഡ്ര തുറമുഖം

കഴിഞ്ഞ ഒരു ദശകക്കാലയളവിലെ മയക്കുമരുന്ന് ഉപഭോഗത്തിലെ ഈ ഭയാനകമായ വര്‍ധനവ് യാദൃശ്ചികമായ ഒന്നാണെന്ന് നിങ്ങള്‍ കരുതുന്നുവോ? എങ്കില്‍ നിങ്ങള്‍ അവശ്യം വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥമുണ്ട്. ജര്‍മ്മന്‍ പത്രപ്രവര്‍ത്തകനായ നോര്‍മന്‍ ഓല (Norman Ohler) 2016ല്‍ എഴുതിയ ‘Blitzed: Drugs in the Third Riech’ എന്ന ഗ്രന്ഥം. ഫാസിസ്റ്റ് വാഴ്ചയ്ക്കായ് മതത്തോടൊപ്പം മയക്കുമരുന്നും ഉപയോഗപ്പെടുത്തുന്നുതെങ്ങിനെയെന്ന് ഈ ഗ്രന്ഥം നിങ്ങള്‍ക്ക് വിശദീകരിച്ചുതരും. ഫാസിസ്റ്റ് ഭരണകൂടം സാമൂഹിക നിയന്ത്രണങ്ങള്‍ക്കായി മയക്കുമരുന്നിനെ ഒരു ഉപകരണമാക്കി മാറ്റുന്നതെങ്ങിനെയെന്ന് നോര്‍മന്‍ ഓല വളരെ വിശദമായിത്തന്നെ വളരെ ആകര്‍ഷകമായ ഭാഷയില്‍ വെളിപ്പെടുത്തുന്നുണ്ട് ഈ ഗ്രന്ഥത്തില്‍.

നാസി പാര്‍ട്ടിയുമായി ബന്ധമുള്ള ഐജി ഫാര്‍ബന്‍ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഉത്പാദന സംവിധാനത്തിലൂടെ നിര്‍മ്മിക്കപ്പെട്ട ‘ഫോക്‌സ്‌ഡ്രോജ്’ (ജനകീയ മയക്കുമരുന്ന്) വീട്ടമ്മമാര്‍, ഫാക്ടറി തൊഴിലാളികള്‍, സൈനികര്‍ എന്നിവര്‍ക്കിടയില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടതായി ഓല വെളിപ്പെടുത്തുന്നു. ചോദ്യം ചെയ്യപ്പെടാത്ത അധികാരം, ഭരണകൂട സ്തുതികള്‍ എന്നിവയ്ക്കുള്ള ഉപാധിയായി ഇവ ഉപയോഗിക്കപ്പെട്ടു. വംശശുദ്ധി രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ കേവല അടിമകളായി ഈ മയക്കുമരുന്ന് ഉപഭോക്താക്കളെ നാസി ഭരണകൂടം ഉപയോഗിച്ചുകൊണ്ടിരുന്നു.

പെര്‍വിറ്റിന്‍ (methamphetamine) ഗുളികകളുടെ രൂപത്തില്‍ സൈനികര്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ട ഗുളികള്‍ ദശലക്ഷക്കണക്കിന് വരുമെന്ന് ഓല രേഖകള്‍ നിരത്തി വിശദീകരിക്കുന്നു. അതുപോലെത്തന്നെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ മയക്കുമരുന്ന് പരീക്ഷണങ്ങളെ, പ്രത്യേകിച്ച്, തടവുകാര്‍ക്ക് ഉത്തേജകങ്ങള്‍ നല്‍കിയിരുന്നതിനെക്കുറിച്ചും – ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ പരീക്ഷണങ്ങള്‍ക്കായി മനുഷ്യജീവനെ എങ്ങനെയൊക്കെ ഉപയോഗിക്കാന്‍ ഭരണകൂടം സന്നദ്ധമാകുന്നു എന്നത് സംബന്ധിച്ച തെളിവുകളും ഈ ഗ്രന്ഥം നല്‍കുന്നു.

പെര്‍വിറ്റിന്‍

ആര്‍ക്കൈവല്‍ മെറ്റീരിയലുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് നോര്‍മന്‍ ഓലയുടെ അന്വേഷണങ്ങള്‍ – പെര്‍വിറ്റിനു വേണ്ടിയുള്ള സൈനിക ഓര്‍ഡറുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പാദന കണക്കുകള്‍, ഹിറ്റ്‌ലറുടെ ഡോക്ടറായ മോറെലിന്റെ റെക്കോര്‍ഡുകള്‍ തുടങ്ങി നിരവധി രേഖകള്‍ ഗ്രന്ഥകാരന്‍ സൂക്ഷ്മമായി കണക്കിലെടുക്കുന്നുണ്ട്. കൊക്കെയ്ന്‍, ഹെറോയിന്‍, ആംഫെറ്റാമൈനുകള്‍  എന്നിവയുമായി ബന്ധപ്പെട്ട ഫാര്‍മസ്യൂട്ടിക്കല്‍ പവര്‍ഹൗസുകളെ അവഗണിച്ചുകൊണ്ടുള്ള നാസി ജര്‍മ്മനിയെ സംബന്ധിച്ചുള്ള ഏത് വിശകലനങ്ങളും അപൂര്‍ണ്ണമായിരിക്കുമെന്നാണ് ഈ ഗ്രന്ഥത്തിലൂടെ ഓല വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്.

ധാര്‍മ്മിക വിശുദ്ധിയുടെ പ്രതീകമായി സ്വയം അവതരിപ്പിക്കുന്ന നാസി ഭരണകൂടം, തങ്ങളുടെ അധികാരം നിലനിര്‍ത്തുന്നതിനായി, മയക്കുമരുന്നുകളെ എങ്ങിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തി എന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. കൊക്കെയ്നും ഓപ്പിയവും പോലുള്ള മയക്കുമരുന്നുകള്‍ക്കൊപ്പം തന്നെ ജര്‍മ്മന്‍ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ മെത്താംഫെറ്റാമൈനുകള്‍ പോലുള്ള അത്യന്തം അപകടകാരികളായ മയക്കുമരുന്നുകള്‍ തയ്യാറാക്കിയതിന്റെ സാക്ഷ്യപത്രങ്ങള്‍ ഗ്രന്ഥകാരന്‍ നിരത്തുന്നു.

”മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെ”ന്ന് മാര്‍ക്സ് വിശേഷിപ്പിച്ചതിനെ നിങ്ങള്‍ക്ക് തള്ളുകയോ കൊള്ളുകയോ ആകാം. എന്നാല്‍ വംശശുദ്ധിയുടെ, വെറുപ്പിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്ക് മയക്കുമരുന്ന് മതവംശശുദ്ധിവാദവും അധികാരവും ഉറപ്പിക്കാനുള്ള ഉപാധിയാണന്ന വസ്തുതയെ തള്ളിക്കളയാനാകില്ല…

തീവ്ര വലതുപക്ഷ രാഷ്ട്രീയം കവര്‍ന്നെടുക്കാന്‍ പോകുന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെത്തന്നെയായിരിക്കും.

 

About Author

കെ. സഹദേവൻ

പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. പരിസ്ഥിതി, ഊർജ്ജം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആനുകാലികമാസികകളിലടക്കം എഴുതുന്നു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Raj Veer Singh

“History often exposes the forces that operate behind the scenes. This article offers an important reminder that political extremism cannot be understood in isolation from the economic and criminal networks that sustain it. Thought-provoking read

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

1
0
Would love your thoughts, please comment.x
()
x