യേശുദാസ് തിരിച്ചു കേരളത്തിൽ എത്തുമ്പോൾ…
കലാകാരന്മാർ പ്രവാസ ജീവിതം സ്വീകരിക്കുന്നത് പലപ്പോഴും പല കാരണങ്ങളാലാണ്. ഇന്ത്യയിലെ അനുഭവത്തിൽ ചിത്രകാരൻ എം.എഫ് ഹുസൈനു അനുഭവിക്കേണ്ടിവന്ന പ്രവാസ ജീവിതമായിരുന്നു ഏറ്റവും കഠിനവും ദുഷ്കരവും. അദ്ദേഹത്തിൻറെ ചില ചിത്രങ്ങൾക്കെതിരെ ഹിന്ദുത്വ തീവ്രവാദ സംഘടനകൾ അഴിച്ചുവിട്ട ഹേറ്റ് ക്യാമ്പയിനെ (Hate Campaign) തുടർന്ന് 2006 മുതൽ ലണ്ടനിലും ദുബായിലും ഒക്കെയായി അദ്ദേഹത്തിന് പ്രവാസ ജീവിതം നയിക്കേണ്ടി വന്നു. 2011ൽ മരിക്കുന്നതുവരെ ആ ദുഷ്കര ദിനങ്ങൾ തുടർന്നു.
ആ കാലത്തിനിടയിൽ എപ്പോഴെങ്കിലും അദ്ദേഹത്തിന് തിരിച്ചുവരാൻ സാധിച്ചിരുന്നെങ്കിൽ അത് ഇന്ത്യയുടെ സഹിഷ്ണുതാ സംസ്കാരത്തിൻ്റെ വലിയ ഒരു തിരിച്ചു പിടിക്കൽ അല്ലെങ്കിൽ ചേർത്തുപിടിക്കൽ ആയി മാറിയേനെ. ഒരർഥത്തിൽ ‘മഹത്തായ വരവ്’ (Grand Coming) എന്ന് വിശേഷിപ്പിക്കാവുന്ന തിരിച്ചുവരവ്. സമാനമായ രാഷ്ട്രീയ മാനങ്ങൾ ഇല്ലെങ്കിലും നാലര വർഷത്തിനുശേഷം യേശുദാസ് കേരളത്തിലേക്ക് തിരിച്ചു വരുമ്പോൾ അതും ഒരു ഗ്രാൻഡ് കമിങ് തന്നെയാണ്. മലയാളികൾ അത്രയധികം ആഗ്രഹിച്ച, ആഹ്ലാദകരമായ ഒരു മടങ്ങി വരവ്.
ആയിരം പൂർണ്ണചന്ദ്രൻമാരെ കണ്ട ഗാനഗന്ധർവ്വൻ നമ്മുടെ, മലയാളികളുടെ സാംസ്കാരിക മുദ്ര തന്നെയാണെന്ന് പല ഘട്ടങ്ങളിലും നമ്മൾ പേർത്തും പേർത്തും പറഞ്ഞിട്ടുണ്ട്. ആ യേശുദാസ് നീണ്ട നാലര വർഷത്തെ അമേരിക്കൻ പ്രവാസത്തിനു ശേഷം ഇന്ത്യയിലേക്ക്, കേരളത്തിലേക്ക് വരുന്നു എന്നത് ഒരു വലിയ വാർത്തയാകുന്നു എന്നതും സ്വാഭാവികം. അങ്ങനെ കൊണ്ടാടപ്പെടുന്ന തിരിച്ചുവരവിന്റെ സാംസ്‌കാരിക യുക്തി എന്തെന്ന് പരിശോധിക്കാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം.
ആ ശരീരത്തിൽ പ്രായം 84 എന്ന അക്കത്തിലേക്ക് കടന്നുവെങ്കിലും ‘യേശുദാസ്’ എന്ന പേര് നമുക്ക് ദശാബ്ദങ്ങൾ പിന്നിട്ടിട്ടും തലമുറകളുടെ സംഗീതാഭിരുചികൾ മാറി മറിഞ്ഞിട്ടും മലയാളജനകീയ സംഗീതധാരയുടെ മറുപേര് തന്നെയാണ്. അതിശയോക്തി ഇല്ലാതെ അടിവരയിടാവുന്ന ഈ വസ്തുത കൊണ്ടുകൂടിയാണ് അദ്ദേഹത്തിന്റെ ഇടക്കാല പ്രവാസത്തിനു ശേഷമുള്ള ഈ വരവിനു സവിശേഷ പ്രാധാന്യം ലഭിക്കുന്നത്. അതുതന്നെയാണ് ഈ തിരിച്ചുവരവ് കൊണ്ടാടപ്പെടുന്നതിന്റെ സാംസ്കാരിക യുക്തിയും.
ഒരു സമൂഹത്തിന്റെ ജീവശ്വാസമായി ഒരു ഗായകന്റെ ശബ്ദം മാറുക എന്നത് കലയുടെ ചരിത്രത്തിൽ വിശിഷ്യാ ജനപ്രിയ സംഗീതത്തിന്റെ ചരിത്രത്തിൽ ലോകത്തെവിടെ പരിശോധന നടത്തിയാലും അപൂർവ്വതയാണ്. ഈ ഒരു സവിശേഷതയാണ് ഈ ഗായകനെ ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഒരു അപൂർവ്വ പ്രതിഭാസം ആക്കി മാറ്റുന്ന ഘടകം. കേരളത്തിൽ കന്യാകുമാരി മുതൽ മഞ്ചേശ്വരം വരെ പൊതുഗതാഗത സംവിധാനം വഴി സഞ്ചരിക്കുന്ന ഏതൊരാൾക്കും അനുഭവവേദ്യമാകും ഇത്.
അറുപത് വർഷത്തോളം വ്യത്യസ്ത കാലങ്ങളിൽ ഏഴു ശബ്ദങ്ങളിലായി അദ്ദേഹം പാടി. ഒരേ സിനിമയിൽ തന്നെ വ്യത്യസ്ത നായകന്മാർക്ക് വേണ്ടി അദ്ദേഹം ശബ്ദത്തിൽ മോഡ്ലേഷൻ വരുത്തി പാടി. കുതിരവട്ടം പപ്പുവിനും, ജഗതി ശ്രീകുമാറിനും, മാമുക്കോയക്കും വേണ്ടി വരെ അദ്ദേഹം ഹാസ്യഗാനങ്ങൾ പാടുമ്പോൾ വരുത്തുന്ന പ്രത്യേകതകൾ ശ്രദ്ധിക്കുക. പുതിയ തലമുറയിലെ ഫഹദ് ഫാസിൽ, നിവിൻ പോളി എന്നിവർക്കുപോലും ആ നാദം സ്വന്തം. പക്ഷെ പൊതുമണ്ഡലത്തിൽ നിലനിൽക്കുന്ന മേൽപ്പറഞ്ഞ ‘യേശുദാസിയൻ സവിശേഷതകൾ’ക്ക് അപ്പുറം അനുഭവവാദപരമായി ആസ്വാദകർ പൊതുവിലും മലയാളി കേൾവിക്കാർ പ്രത്യേകിച്ചും യേശുദാസ് സംഗീതത്തോട് പ്രതികരിക്കുന്ന രീതി വലിയ തോതിൽ ആത്മനിഷ്ടമാണ്. ആ ആത്മനിഷ്ഠ ആസ്വാദവും നേരത്തെ പരാമർശിച്ച സാംസ്കാരിക യുക്തിയുടെ ഭാഗം തന്നെ. ഇത്തരം വ്യക്തിഗത നിരീക്ഷണങ്ങളും ഈ ചെറുകുറിപ്പിൻ്റെ പ്രധാന പരാമർശവിഷയങ്ങളിൽ ഒന്നാണ്. യേശുദാസ് എന്ന ‘മലയാളി ഗായകൻ’ എങ്ങനെ കാലാന്തരത്തിൽ സംസ്കാരങ്ങളുടെ സമന്വയം എന്ന നിലയിൽ സംഗീതത്തിൽ അനുഭവവേദ്യമായി എന്നതാണ് ഇവിടെ പറയാൻ ശ്രമിക്കുന്നത്.
കേരളത്തിന്റെ സഹ്യപർവ്വതം കടന്നു വിന്ധ്യനപ്പുറം ഹിമാലയം കടന്നു ആ നാദം. മറ്റൊരു തരത്തിൽ പറയുകയാണെങ്കിൽ ഭാരതപ്പുഴയും കാവേരിയും ഗംഗയും കടന്നു വോൾഗ വരെ യേശുദാസിന്റെ നാദം എത്തിയിരിക്കുന്നു. ഈ പറഞ്ഞതിൽ അതിഭാവുകത്വമോ അതിശയോക്തിയൊ ഇല്ല.ഡൽഹിയിൽ വച്ച് ജനുവരികുളിരുള്ള ഒരു രാത്രിയിൽ ഡൽഹിയിലെ മെട്രോ വർക്കുകൾ നടക്കുന്ന 2009 കളിൽ എനിക്ക് ഉണ്ടായ ഒരു അനുഭവം ഇവിടെ കുറിക്കുന്നു. രാത്രി നടന്നുപോകുമ്പോൾ മെട്രോ തൊഴിലാളികളുടെ ഇടയിൽ നിന്ന് എഫ്.എം റേഡിയോ വഴി ഒരു നാദവീചി എന്റെ കാതിൽ പതിയുന്നു. അതെ… യേശുദാസ് ഗാനം ഗോരി തേരാ ഗാവ് ബഡാ പ്യാരാ…. അപ്പോഴുണ്ടായ അത്ഭുതം, ആനന്ദം പറഞ്ഞറിയിക്കാൻ കഴിയില്ല. ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ നിൽക്കുമ്പോഴും ആ ഗന്ധർവ്വസാന്നിധ്യം അനുഭവപ്പെട്ടു എനിക്ക് (ഞാൻ എന്ന മലയാളിക്ക് പ്രത്യകിച്ചും). ഇവിടെ ഒരു തമിഴൻ യേശുദാസിന്റെ തമിഴ് ഗാനം കേൾക്കുമ്പോഴും കന്നഡക്കാരനും തെലുങ്കനും അതാത് ഭാഷയിലെ യേശുദാസ് പാടിയ പാട്ട് കേട്ടാലും ഇതേ അനുഭവം തന്നെയായിരിക്കും ഉണ്ടാവുക.
ഇന്ത്യയുടെ തെക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും വംഗനാട്ടിലും ഒഡിയയിലും മാറാത്തയിലും ഗുജറാത്തി ഭാഷയിലും അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ടല്ലോ, അവ എണ്ണത്തിൽ വളരെ കുറവ് ആണെങ്കിലും…. റഷ്യനിലും ലാറ്റിനിലും അറബിയിലും വരെ ഒഴുകി പരക്കുന്നു ആ ഗന്ധർവനാദം.
1997ൽ തിരുവനന്തപുരത്തു വച്ച് നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ (IFFI) എനിക്ക് ഇത്തരത്തിലുളള മറ്റൊരു യേശുദാസ് അനുഭവം ഉണ്ടായി. പി.എ ബക്കർ സംവിധാനം ചെയ്ത ‘പ്രേമലേഖനം’ എന്ന സിനിമ കൈരളി തീയറ്ററിൽ പ്രദർശനം നടക്കുമ്പോൾ ആണ് എനിക്ക് ഈ അനുഭവം ഉണ്ടായത്. സിനിമ തുടങ്ങിയപ്പോൾ ക്രെഡിറ്റ് റോൾ ചെയ്തപ്പോൾ Singer എന്നതിന് താഴെ Yesudas എന്ന് കണ്ടപ്പോൾ, എന്റെ തൊട്ടടുത്ത സീറ്റിൽ ഒരു റഷ്യൻ യുവതി കൂടെയുള്ള തന്റെ ഉത്തരേന്ത്യൻ സുഹൃത്തിനോടായി “Oh Yesudas… I love Yesudas. Sweet voice…” എന്ന് പറഞ്ഞതും ഉത്തരേന്ത്യൻ സുഹൃത്ത് അതിന് മറുപടിയായി “He is a great singer” എന്ന് പറഞ്ഞതും ഞാൻ കേൾക്കുകയുണ്ടായി!
ഒരു മലയാളി, ഒരു ഇന്ത്യക്കാരൻ ഒരു റഷ്യൻ വംശജ എല്ലാവരും കൂടി ചേർന്ന് ഒരു ഗായകന്റെ ശബ്ദത്തിലൂടെ ലോകം മുഴുവൻ പടർന്ന വിശ്വമാനവികത അനുഭവിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.
കുറേ വർഷങ്ങൾക്ക് മുൻപ് ഒരു പത്രവാർത്തയിൽ രണ്ടു റഷ്യൻ യുവതികൾ യേശുദാസ് ആരാധകർ ആണ് എന്ന് വായിച്ചതായി ഓർക്കുന്നു. ഒരിക്കൽ എന്റെ സഹോദരീഭർത്താവ് പറഞ്ഞ ഒരു യേശുദാസ് അനുഭവം കൗതുകവും അത്ഭുതവും ഉളവാക്കുന്നതായിരുന്നു. അദ്ദേഹം പഴയ അവിഭക്ത ആന്ധ്ര പ്രാദേശിൽ, ഗുണ്ടൂരിൽ ജോലി ചെയ്തിരുന്നു. ബാങ്കിൽ ആയിരുന്നു. ഒഴിവ് സമയങ്ങളിൽ തെലുങ്ക് ഭാഷ സിനിമകൾ കാണുവാൻ തീയറ്ററിൽ പോവും. ഷോ നടക്കുന്നതിനിടയിൽ കാണുന്ന സിനിമകളിൽ എപ്പോഴെങ്കിലും യേശുദാസ് പാടുന്ന ഗാനസന്ദർഭം വരുമ്പോൾ തീയറ്ററിൽ മുഴുവൻ പതിഞ്ഞ സ്വരത്തിൽ “യേശുദാസ്… യേശുദാസ്…” എന്ന് കാണികൾ മുഴുവൻ അത്ഭുതവും അതിനപ്പുറം ആദരവോടെയും ആ മനോഹരശബ്ദത്തെ വരവേൽക്കാറുണ്ടായിരുന്നത്രെ! കോരിത്തരിപ്പിക്കുന്ന ഒരു അനുഭവം എന്നാണ് അദ്ദേഹം അതിനെ കുറച്ചു എന്നോട് പറഞ്ഞത്.
‘അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ…’ എന്ന നീയെത്ര ധന്യയിലെ ഗാനം കേട്ട് ഒരു ബ്രിട്ടീഷ് സുഹൃത്ത് പ്രസ്തുത ഗാനം പാടിയ ഗായകനെയും സംഗീതം നിർവ്വഹിച്ച (ദേവരാജൻ) ആളെ യും കുറിച്ച് അത്ഭുതം കലർന്ന വാക്കുകളിൽ എന്നോട് ചോദിച്ചിരുന്നു. ഇലഞ്ഞിപ്പൂമണം ഒഴുകി വരുന്നു എന്ന ഗാനം കേട്ട് അത് പാടിയ യേശുദാസിനേയും ഗാനം എഴുതിയ ശ്രീകുമാരൻ തമ്പിയെയും പരിചയപ്പെടാൻ കേരളത്തിൽ വന്ന ഒരു സ്വിസ്സ് യുവതിയെ പറ്റി കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു പ്രശസ്ത ചാനലിൽ വാർത്ത വന്നതും ഓർക്കുന്നു.
1966 മാർച്ച് മാസത്തിൽ യേശുദാസ് സോവിയറ്റ് യൂണിയൻ സന്ദർശിച്ചിരുന്നു. അദ്ദേഹം ആദ്യമായി നടത്തിയ വിദേശ സന്ദർശനം ആയിരുന്നു അത്. കസാഖിസ്ഥാൻ റേഡിയോയിൽ റഷ്യൻ – കസാക് ഡയലക്റ്റിൽ ‘ഷാസാ മറിൻ സാസാ മറിൻ…’ എന്ന് തുടങ്ങുന്ന ഒരു ഫോക് ഗാനം യേശുദാസ് പാടിയത് സംപ്രേഷണം ചെയ്തിരുന്നു. അങ്ങനെ മലയാളിയുടെ റഷ്യൻ പ്രണയത്തിലും യേശുദാസ് കൂട്ടിനുണ്ട്.
കുറച്ചു കാലങ്ങൾക്ക് മുമ്പ് ഡൽഹിയിൽ കാർ ഡ്രൈവർ ആയ ഒരു നേപ്പാളി സുഹൃത്തിനെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ പേര് സാദിഖ് അലി എന്നാണ്. അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്യുമ്പോൾ സംസാരത്തിൽ സംഗീതം കടന്നു വന്നു. ഇഷ്ട ഗായകൻ ആര് എന്ന എന്റെ ചോദ്യത്തിന് തെല്ലും സംശയം കൂടാതെ വന്നു മറുപടി… “യേശുദാസ്….”! മുഹമ്മദ് റഫി, കിഷോർ കുമാർ എന്നെല്ലാം പ്രതീക്ഷിച്ച എനിക്ക് ഈ മറുപടി അത്ഭുതം സൃഷ്ടിച്ചു, ആഹ്ലാദവും. യേശുദാസ് ഹിന്ദിയിൽ പാടിയ എല്ലാ ഗാനങ്ങളും സിനിമകളും സംഗീതസംവിധാനം ചെയ്തവരും എന്തിനു റെക്കോർഡ് ചെയ്ത സ്റ്റുഡിയോ വരെ അദ്ദേഹത്തിന് കാണാപാഠം! 156 സിനിമ പാട്ടുകൾ അടക്കം 200 ഗാനങ്ങൾ യേശുദാസ് ഹിന്ദിയിൽ പാടിയിട്ടുണ്ട്. മിക്കവാറും എല്ലാം തന്നെ ഹിറ്റ് ഗാനങ്ങൾ.
ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ യേശുദാസിന്റെ ഫോക് സ്പർശമുള്ള ഗാനങ്ങൾ (ഗോരി തേരാ ഗാവ് ബഡാ പ്യാരാ, സുൻ സുൻ സുൻ ഗവോം കി ഗോരി, ധീരെ ധീരെ സുബഹ് ഹുയീ, ശ്യം രംഗ് രംഗാ രെ എന്നിങ്ങനെ ഉള്ള ഗാനങ്ങൾ പ്രത്യേകിച്ച്) നാട്ടുമനുഷ്യരുടെ നിത്യജീവിതത്തിലെ നിറപ്പകിട്ടാർന്ന ഉത്സവങ്ങളിൽ പാടിപ്പതിഞ്ഞവയാണ് എന്ന് എനിക്ക് അവിടെ ഉള്ള ചില സുഹൃത്തുക്കളിൽ നിന്ന് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. ഒഡിയ ഭാഷയിൽ ജയദേവ കവിയുടെ ഗീതഗോവിന്ദത്തിലെ വരികൾ യേശുദാസ് പാടിയിട്ടുണ്ട് ‘കബി ജയദേബ് ‘ എന്ന സിനിമയിൽ. വെറും നാലേ നാലു സിനിമകളിലായി പത്തിൽ താഴെ ഗാനങ്ങൾ മാത്രമാണ് അദ്ദേഹം ഒഡിയ ഭാഷയിൽ പാടിയിട്ടുള്ളൂ. എന്നിട്ടും അദ്ദേഹം ആ ഭാഷയിൽ പാടി ജനമനസ്സിൽ ഇടം നേടി!
ബംഗാളി ഭാഷയിൽ പാടി യേശുദാസ് അവിടുത്തെ സംസ്ഥാന സർക്കാർ പുരസ്‌കാരം നേടി എന്നതും ഭാഷകൾക്കപ്പുറമുള്ള ഗന്ധർവ്വനാദത്തിന്റെ മഹത്വം അടിവരയിടുന്നു. ‘ശ്രീ കാന്തേർ വല്ലി’ എന്ന സിനിമയിൽ അദ്ദേഹം പാടിയ നാമ് ശകുന്തോലതാർ എന്ന ഗാനം നമ്മുടെ സ്വന്തം “മാനസ മൈനേ വരൂ“ എന്ന ഗാനത്തിന്റ അതേ ഈണത്തിലുള്ള (രണ്ടും സലീൽ ചൗധരിയുടെ) ബംഗാളി വേർഷൻ ആണ്. ഇതേ ഗാനം യേശുദാസ് ഗാനമേളയിൽ പാടുന്നത് കേൾക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി.
1980 കളിൽ പ്രശസ്തമായ ഗ്രാമി (Grammy) പുരസ്‌കാര സംഘടന ലോകത്തിലെ ഏറ്റവും മാധുര്യം തുളുമ്പുന്ന പത്തു പുരുഷഗായകരെ തിരഞ്ഞു. ആ ലിസ്റ്റിൽ ഏഷ്യൻ ഉപഭൂഖണ്ഡത്തിൽ തിന്ന് ഇടം നേടിയ ഒരേ ഒരാൾ യേശുദാസ് ആയിരുന്നു! 2000ത്തിൽ മ്യൂസിക് ടുഡേ (ഇൻഡ്യടുഡേ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള) യേശുദാസ് പാടിയ ലോകത്തിലെ വിവിധ ഭാഷകളിലെ പത്തു ഗാനങ്ങൾ അടങ്ങിയ ഒരു ആൽബം റിലീസ് ചെയ്തിരുന്നു. അതിൽ ഇംഗ്ലീഷ്, സംസ്‌കൃതം, ലാറ്റിൻ എന്നീ ഭാഷകളിൽ അദ്ദേഹം പാടി. ലാറ്റിൻ അമേരിക്കൻ composer റെകാർഡോ ബറാന്റസ് ആണ് ആ പാട്ടുകൾക്ക് ഈണം നൽകിയത്. ജിം റീവ്സിനെ ഓർമിപ്പിക്കുന്നു യേശുദാസ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. നാല് ഒക്ടെവുകളിൽ പാടാൻ കഴിയുന്ന ലോകത്തിൽ തന്നെ അപൂർവ്വമായ ശബ്ദത്തിന്റെ ഉടമ എന്നാണ് ആ ലാറ്റിൻ അമേരിക്കൻ സംഗീതജ്ഞൻ യേശുദാസിനെ വിശേഷിപ്പിച്ചത്.
2024 ഓഗസ്റ്റ് 20ന് അമേരിക്കയിലെ ഓർലാന്റോയിലെ ‘എവെർ മോർ’ റെക്കോർഡിംഗ് സ്റ്റുഡിയോകളിൽ വച്ച് ആലേഖനം ചെയ്തിരിക്കുന്നു അദ്ദേഹത്തിന്റെ ശബ്ദം. ഫാദർ പോൾ പൂവത്തിങ്കൽ, മനോജ് ജോർജ്, (ഗ്രാമി പുരസ്‌കാരം നേടിയ മൂന്നു വ്യത്യസ്ത ആൽബങ്ങളിൽ പ്രവർത്തിച്ച പ്രശസ്ത വയലിൻ വാദകൻ) എന്നിവർ ചേർന്ന് സംഗീതം നിർവ്വഹിച്ച് പുറത്തിറങ്ങാൻ പോകുന്ന ക്രിസ്തുഭാഗവതം വിശ്വസംഗീത ആൽബം വ്യത്യസ്ത സംഗീത ധാരകളുടെ മറ്റൊരു സമന്വയമാണ്.
വിശ്വസംഗീതഉപകരണ വാദകരുടെ ഒരു വലിയ നിരതന്നെ ഉണ്ട് ഈ സംഗീത സംസ്കാര സംഗമത്തിൽ!!! വയലിൻ, വിയോള, ചെല്ലോ, വുഡ് വിൻഡ്സ്, ബാസ്, പിയാനോ തുടങ്ങി പശ്ചാത്യ കലാസംഗീതത്തിലെ ഇരുപത്തഞ്ചോളം വരുന്ന വലിയ കലാകാരന്മാരാണ് പിന്നണിയിൽ ഉപകരണസംഗീതം ഒരുക്കുന്നത്. നാദം കാലാതിവർത്തിയാകുന്നത് അക്ഷരാർത്ഥത്തിൽ നമുക്ക് ഇവിടെ അനുഭവവേദ്യമാകുന്നു.
മഹാനായ ചലച്ചിത്രകാരൻ സത്യജിത് റേ സിനിമകളിലെ നായിക മാധബി മുഖർജിയെ ഞാൻ ഒരിക്കൽ ഇന്റർവ്യൂ ചെയ്യുകയുണ്ടായി. അവർക്ക് മലയാളം എന്ന ഭാഷയിൽ അല്ലെങ്കിൽ കേരളത്തിൽ അറിയുന്ന രണ്ടു കലാകാരൻമാരിൽ ഒരാൾ യേശുദാസും മറ്റൊരാൾ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനും മാത്രം എന്നതും കൗതുകം ഉണർത്തുന്ന വസ്തുതയായിരുന്നു. യേശുദാസിന്റെ ശബ്ദഗാംഭീര്യം ആണ് ‘ചാരുലത’ നായികയെ ആകർഷിച്ചത് എന്നും അവർ സൗഹൃദ സംഭാഷണത്തിനിടയിൽ പറഞ്ഞു വച്ചു.
പണ്ട് ഒരു പ്രശസ്ത പത്ര പ്രവർത്തകൻ എഴുതിയത് പോലെ… “For the Malayalees all over the world, the name Yesu is not complete without Das…” ലോകമെമ്പാടുമുള്ള മലയാളികൾക്ക് യേശു എന്ന പേര് ദാസ് ഇല്ലാതെ പൂർണ്ണമല്ല തന്നെ.
Will written
Well written
യേശുദാസിനെ കുറിച്ച് ദിലീപ് എഴുതിയ ലേഖനം മുഴുവൻ ആയും വായിച്ചു . ഇതിൽ നിന്ന് യേശുദാസിൻ്റെ അന്യ ഭാഷകളിൽ പാടിയ പാട്ടിനെ കുറിച്ചും യേശു ദാസിനെ കുറിച്ചും കൂടുതൽ മനസിലാക്കാൻ സാധിച്ചു ; ലേഖകന് അഭിനന്ദനങ്ങൾ !!
Very well written Dileep….,,
എഴുത്ത് മനോഹരം🙏🙏
Waw… Great 🥰❤️ദാസേട്ടൻ 🥰❤️
ഗഹനമായ ലേഖനം
A good read…👍
എഴുത്ത് ഗംഭീരം 👌👌👌👌👌👌പുതിയ അറിവുകൾ പങ്കുവെച്ചതിന് നന്ദി 🙏🏻
A good read…👍
Great writing…!
യേശുദാസിൻ്റെ പാട്ടുപോലെതന്നെ മനോഹരമായ എഴുത്ത്.
നന്നായി എഴുതി ….. ഒരു തികഞ്ഞ ആസ്വാദകൻ എങ്ങിനെ തന്റെ പ്രിയപ്പെട്ട പാട്ടുകാരനെ ഓർക്കുന്നുവെന്നു ഈ ലേഖനത്തിൽ തെളിഞ്ഞു നിൽക്കുന്നു
🥰
🥰
ദിലീപ് അസ്സലായി എഴുതി. വൈയക്തികമാവുമ്പോൾ തന്നെ യേശുദാസ് എന്ന സംഗീത ജന്മത്തിൻ്റെ പ്രത്യേകതകളെ, ആലാപന സാദ്ധ്യതകളെപ്പറ്റിയെല്ലാം വളരെ കൃത്യമായി വിലയിരുത്തുന്നുണ്ട് ദിലീപ്. പ്രിയ സഹോദരന് അഭിനന്ദനങ്ങൾ!!
മലയാളിക്ക് യേശുദാസിൻ്റെ പാട്ട് ഇല്ലാതെ ഒരു ദിവസം പോലും ഉണ്ടാവില്ല.. അത്രക്ക് ആത്മബന്ധം അല്ലേ യേശുദാസിൻ്റെ പാട്ടും മലയാളിയും തമ്മിൽ
Great writing!
Great writing
നല്ലെഴുത്ത്. അഭിനന്ദനങ്ങൾ 👌
നന്നായി ദിലീപ്. ഓർമ്മകൾ….പുതിയ കുറെ കാര്യങ്ങള് കൂടി.
യേശുദാസ് ഒരു ഗായകൻ എന്നതിനപ്പുറം ഒരു സംസ്കാരമായി മാറിയ സാന്നിധ്യമാണ്. മലയാളി എന്ന പദത്തിനെ പലപ്പോഴും യേശുദാസ് എന്ന നാമം സബ്സ്ടിട്യൂട്ട് ചെയ്യുന്ന പോലെ തോന്നും. അങ്ങനെ മറ്റൊരാളില്ല. ഈ ലേഖനം ആ തോന്നൽ ഒന്ന് കൂടി ഉറപ്പിച്ചു.
യേശുദാസിനെ കുറിച്ചുള്ള സാമ്പ്രദായിക ലേഖനങ്ങളിൽ നിന്ന് ഭിന്നമായി ധാരാളം ഇൻഫർമേഷൻസ് ഈ എഴുത്ത് പകർന്നു.
ദിലീപിന് ഭാവുകങ്ങൾ
Great job 🥰🔥🔥🔥🔥
ദിലീപേട്ടാ… എഴുതിയത് അസ്സലായീണ്ട് 👍👍
ദിലീപ് എഴുതിയ ലേഖനം
മുഴുവനും വായിച്ചു . വളരെ നന്നായി എഴുതി… യേശുദാസിനെ കുറിച്ചു് കൂടുതൽ മനസിലാക്കാൻ സാധിച്ചു . വളരെ നന്ദി . ലേഖകന് എന്റെ അഭിനന്ദനങ്ങൾ!!!
“For the Malayalees all over the world, the name Yesu is not complete without Das…”
“For the Malayalees all over the world, the name Yesu is not complete without Das…”
Superb, Dileepetta.. You should continue writing more 😊👏
ദാസേട്ടനില്ലാതെ എന്ത് മലയാളി….. എല്ലാം മനോഹരം. അന്യഭാഷകളിൽ ഇത്രയും ഗാനങ്ങൾ പാടിട്ടുണ്ട് എന്ന് മനസിലായത് ഈ എഴുത്തിലൂടെയുള്ള അറിവ്…… എന്നും മലയാളിയുടെ അഭിമാനം യാണ് ഈ നാദം🙏🙏🙏🙏
യേശുദാസ്, കേരളത്തിന്റെ യൗവനഘട്ടം ജീവിച്ചതെങ്ങനെ എന്നതിന്റെ ശബ്ദസൗകുമാര്യവും താളലയങ്ങളുമാണ്. യേശുദാസിന് വയസ്സാകുമ്പോൾ കേരളത്തിനും വയസ്സാകുന്നു. യുക്തവും കാലോചിതവും പ്രസക്തവുമായ ലേഖനം. യേശുദാസിന്റെ സംഗീതജീവിതത്തിലൂടെ ഇടവേളകളില്ലാതെ സഞ്ചരിക്കുന്ന ദിലീപിനെ ലേഖനത്തിൽ വായിച്ചെടുക്കാം.
Very relevant topic…… Written very well..👌🌹… Keep writing..💪😍…… Unparalleled singer ever❤️