ഗാന്ധി എന്ന അക്ഷരദേഹം (02) – പ്രയോഗ ഗാന്ധി
ഇന്ത്യയിലെ ഒരു ആദിവാസിയേതര സംസ്ഥാനത്തിലെ ആദ്യ ആദിവാസി മുഖ്യമന്ത്രിയാകാന്‍ അവസരം ലഭിച്ചത് ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ (ഇപ്പോള്‍ താപി ജില്ല) വ്യാര താലൂക്കില്‍പ്പെട്ട ഡോള്‍വന്‍ ഗ്രാമത്തില്‍ നിന്നുള്ള അമര്‍സിംഗ് ചൗധരിക്കായിരുന്നു. ദക്ഷിണ ഗുജറാത്തിലെ താപി, നര്‍മ്മദ, ഡാംഗ്‌സ് ജില്ലകള്‍ ആദിവാസി വിഭാഗങ്ങള്‍ വലിയ തോതില്‍ താമസിക്കുന്ന പ്രദേശങ്ങളാണ്. ചൗധരി, വസാവ, കോത്ത്‌വാളിയ തുടങ്ങി നിരവധി ആദിവാസി വിഭാഗങ്ങള്‍ ഈ ജില്ലകളില്‍ താമസിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രക്ഷോഭകാലത്തും തുടര്‍ന്നും നടന്ന ഗാന്ധിയന്‍ രചനാത്മക പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര സ്ഥാനമായി മാറിയ വേദ്ചി എന്ന ഗ്രാമം ചൗധരി വിഭാഗത്തില്‍പ്പെട്ട ആദിവാസി വിഭാഗങ്ങള്‍ക്ക് മുന്‍തുക്കമുള്ള ഒന്നാണ്.

തൊണ്ണൂറുകളുടെ ആദ്യത്തില്‍ വേദ്ചിയിലെത്തിയ എനിക്ക് ഇന്ത്യയുടെ മറ്റൊരു സംസ്ഥാനങ്ങളിലും കാണാനാകാത്ത വിധത്തിലുള്ള കാഴ്ചകള്‍ അവിടെ കാണാന്‍ സാധിച്ചു. അതിലൊന്ന് കരിമ്പുകൃഷിക്കും പഞ്ചസാര മില്ലുകള്‍ക്കും പേരുകേട്ട ദക്ഷിണ ഗുജറാത്തിലെ വന്‍ ഭൂവുടമകള്‍ നേരത്തേ സൂചിപ്പിച്ച ആദിവാസി വിഭാഗങ്ങളായിരുന്നുവെന്നതാണ്. മറ്റൊന്ന് അക്കാലത്ത് ഗുജറാത്ത് രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന ഷുഗര്‍ കോ-ഓപ്പറേറ്റീവുകളുടെ ഭരണസാരഥ്യം നിയന്ത്രിച്ചിരുന്നവരില്‍ ആദിവാസി വിഭാഗങ്ങളുടെ പങ്കും ഒട്ടും കുറവല്ലെന്നതും. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള, അഡ്മിനിസ്‌ട്രേഷന്‍ രംഗത്ത് തിളക്കമാര്‍ന്ന പദവികളില്‍ വിരാജിക്കുന്ന നിരവധി ആദിവാസികള്‍ ഈ പ്രദേശങ്ങളില്‍ കാണാവുന്നതാണ്. ഗാന്ധിയന്‍ സത്യഗ്രഹ പരിപാടിയിലെ ‘രചനാത്മക് കാര്യക്രം’ അല്ലെങ്കില്‍ രചനാത്മക പ്രവര്‍ത്തനങ്ങളുടെ അനന്തരഫലങ്ങളായിരുന്നു ഇവയെല്ലാം.
വേദ്ചി മൂവ്‌മെന്റ്
ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് ചെല്ലാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മുഴുകാനും ഉള്ള ഗാന്ധിയുടെ ആഹ്വാനം ഏറ്റെടുത്ത് ദക്ഷിണ ഗുജറാത്തിലെ വനമേഖലയിലേക്ക് ചെന്നവരില്‍ പ്രധാനി ജുഗദറാം ദവേ എന്ന ഗാന്ധിയനായിരുന്നു വേദ്ചി മൂവ്‌മെന്റ് എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട മുന്നേറ്റത്തിന് തുടക്കം കുറിച്ചത്. 1922ല്‍ വേദ്ചിയില്‍ എത്തിയ ഗാന്ധിയന്‍ പ്രവര്‍ത്തകര്‍ ആദിവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ആശ്രം സ്‌കൂളുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകി. വേദ്ചി എന്ന കുഗ്രാമത്തില്‍ ആരംഭിച്ച ‘സ്വരാജ് ആശ്രം’ എന്ന സ്‌കൂള്‍ പിന്നീട് ദക്ഷിണ ഗുജറാത്തിലെമ്പാടുമായി 400ലധികം ആശ്രം ശാലകള്‍ സ്ഥാപിക്കുന്നതിലേക്ക് എത്തിപ്പെട്ടു. ഗാന്ധിയുടെ ‘നയീ താലിം’ പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കി കൈത്തൊഴിലുകളും, പശുവളര്‍ത്തലും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കപ്പെട്ടു. നിരവധി യുവ ഗാന്ധിയന്‍ ആക്ടിവിസ്റ്റുകള്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി വേദ്ചിയിലെയും സമീപ പ്രദേശങ്ങളിലെയും ആശ്രം ശാലകളിലേക്കും ഖാദി കേന്ദ്രങ്ങളിലേക്കുമായി എത്തിപ്പെട്ടു. നരഹരി പരീഖ്, ചുനിഭായ്, ജുഗദറാം ദവേ തുടങ്ങിയവര്‍ ഇവരില്‍ ചിലര്‍മാത്രം.

ഭൂമിയുടെ ഉടമസ്ഥത, വിദ്യാഭ്യാസം, തൊഴില്‍ ഈ മൂന്ന് അടിസ്ഥാന വിഷയങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു വേദ്ചി മൂവ്‌മെന്റ് മുന്നോട്ടുനീങ്ങിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെന്നപോലെ രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിലും ആദിവാസി ജനതയെ തുല്യപങ്കാളികളാക്കാന്‍ ഗാന്ധിയന്‍ നിര്‍മ്മാണാത്മക പരിപാടിയെ അടിസ്ഥാനപ്പെടുത്തി തയ്യറാക്കിയ വേദ്ചി മൂവ്‌മെന്റിന് സാധിച്ചു. വേദ്ചി മൂവ്‌മെന്റിനെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ താല്‍ പ്പര്യമുള്ളവര്‍ക്ക് സെന്റര്‍ ഫോര്‍ റൂറല്‍ ഡവലപ്പ്‌മെന്റ് സ്റ്റഡീസ് പ്രസിദ്ധീകരിച്ച ഐ പി ദേസായിയുടെ വിശദ പഠനം ഉപയോഗപ്പെടുത്താവുന്നതാണ്.
വേദ്ചി മൂവ്‌മെന്റിനെക്കുറിച്ചും ഗാന്ധിയുടെ രചനാത്മക പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രതിപാദിക്കുമ്പോള്‍ തീര്‍ച്ചയായും ഉയര്‍ന്നുവരേണ്ടുന്ന ഒരു പേരാണ്. ദാശരിബെന്‍ ചൗധരിയുടേത്. വേദ്ചിയിലെ ചൗധരി ആദിവാസി വിഭാഗത്തില്‍പ്പെട്ട ദാശരിബെന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് ചെയ്ത് ജയില്‍വാസം സ്വീകരിച്ച വ്യക്തിയാണ്. എന്നാല്‍ അതിനേക്കാളും ഉപരിയായി അവര്‍ അറിയപ്പെടുന്നത് കസ്തൂര്‍ബായെ അക്ഷരം പഠിപ്പിച്ച സ്ത്രീ എന്ന നിലയിലാണ്. ആദിവാസികള്‍ക്കായി സ്ഥാപിതമായ സ്വരാജ് ആശ്രം സ്‌കൂളിലൂടെ വിദ്യാഭ്യാസം നേടിയ ദാശരിബെനാണ് പില്‍ക്കാലത്ത്, നിരക്ഷരയായ കസ്തൂര്‍ബായെ അക്ഷരവിദ്യ പഠിപ്പിക്കുന്നത് എന്നത് കേവലമൊരു കൗതുകവാര്‍ത്ത എന്നതിലപ്പുറം ഗാന്ധിയുടെ രചനാത്മക പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തവും പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെ നേതൃനിരയിലേക്കുള്ള അവരുടെ മുന്നേറ്റത്തെയും കുറിക്കുന്നതാണ്.
രചനാത്മക പരിപാടികള്‍: അവയുടെ രഹസ്യവും സ്ഥാനവും എന്ന ചെറു പുസ്തകത്തില്‍ ഇതേക്കുറിച്ച് ഗാന്ധി കുറിക്കുന്നു; ”അംഹിസയുടെ അസ്ഥിവാരത്തില്‍ നിര്‍മ്മിച്ചെടുത്ത ജീവിത പദ്ധതികളില്‍ സ്വന്തം ഭാവി തീരുമാനിക്കുന്നതിന് പുരുഷന് എത്രമാത്രം അധികാരമുണ്ടോ അത്രതന്നെ അധികാരം സ്ത്രീകള്‍ക്കുമുണ്ട്. ….. സാമൂഹിക ഇടപെടലുള്‍ സ്ത്രീകളും പുരുഷന്മാരും പരസ്പര സഹകരണത്തിലൂടെയാണ് തീരുമാനിക്കപ്പെടുക… സ്ത്രീകളെ സ്വന്തം സുഹൃത്തോ സഹയാത്രികയോ ആയി പരിഗണിക്കുന്നതിന് പകരം പുരുഷന്മാര്‍ സ്വയം അവരുടെ യജമാനന്മാരായി കണക്കാക്കുകയാണ്. ഹിന്ദുസ്ഥാനിലെ സ്ത്രീകളെ താഴെത്തട്ടില്‍ നിന്നും കൈപിടിച്ചുയര്‍ത്തുവാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ്സുകാര്‍ക്കുണ്ട്”. (പുറം 23)

വേദ്ചി മുന്നേറ്റം ദക്ഷിണ ഗുജറാത്തിലെ ആദിവാസി ജീവിതാവസ്ഥകളെ മാറ്റിയെടുക്കുന്നതില്‍ വഹിച്ച പങ്കിനെക്കുറിച്ച്, പില്‍ക്കാലത്ത്, ദാശരിബെന്‍ അടക്കമുള്ള ആദിവാസി നേതൃത്വങ്ങളില്‍ നിന്ന് നേരിട്ട് മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അക്ഷരദേഹിയായി മുന്നിലെത്തിയ ഗാന്ധി പ്രയോഗരൂപത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടതും ഇതേ ഗ്രാമത്തില്‍വെച്ച് തന്നെയായിരുന്നു.
(തുടരും)



