A Unique Multilingual Media Platform

The AIDEM

Articles History National Politics

ഗാന്ധി എന്ന അക്ഷരദേഹം (03) – ഗാന്ധി ചിന്തകൾ നേരിടുന്ന ദുരന്താഘാതങ്ങൾ

  • October 3, 2025
  • 1 min read
ഗാന്ധി എന്ന അക്ഷരദേഹം (03) – ഗാന്ധി ചിന്തകൾ നേരിടുന്ന ദുരന്താഘാതങ്ങൾ

വർത്തമാന ഇന്ത്യയിൽ ഗാന്ധി ചിന്തകളുടെ പ്രയോഗം ഒരുവേള വളരെ നിസ്സാരമായ അളവിലാണെങ്കിൽ കൂടിയും സാധ്യമാക്കുന്നത് വ്യവസ്ഥാപിത ഗാന്ധിയൻ പ്രസ്ഥാനങ്ങൾക്ക് പുറത്താണെന്നാണ് എന്റെ നിരീക്ഷണം. സ്വതന്ത്ര ഇന്ത്യയിൽ, ആരംഭകാലത്ത്, ഗാന്ധിയൻ പ്രസ്ഥാനങ്ങൾക്ക് ലഭിച്ച മേൽക്കൈ വാസ്തവത്തിൽ സമ്പത്ത് കുന്നൂകൂടുന്നതിലേക്കും അധികാരം കയ്യടക്കുന്നതിലേക്കും ഗാന്ധിയൻ പ്രസ്ഥാനങ്ങളെ കൊണ്ടുചെന്നെത്തിച്ചു. മറ്റെല്ലാ ചിന്തകർക്കും സാമൂഹ്യപരിഷ്‌കർത്താക്കൾക്കും നേരിടേണ്ടി വന്ന അതേ ദുരന്തം ഗാന്ധിയൻ ചിന്തകൾക്കും നേരിടേണ്ടിവന്നുവെന്ന് ചുരുക്കം. ഗാന്ധിയൻ ചിന്തകളെ അനുഷ്ഠാനരൂപത്തിൽ പിന്തുടരുകയും സ്വയം നവീകരിക്കാൻ ഒരുമ്പെടാതിരിക്കുകയും ചെയ്ത പ്രസ്ഥാനങ്ങൾ ഗാന്ധി ചിന്തകൾ കാലാഹരണപ്പട്ടതാണെന്ന് തെളിയിക്കാൻ മറ്റുള്ളവരേക്കാൾ കൂടുതലായി ശ്രമിച്ചുവെന്ന് തന്നെ പറയാം.

അതെന്തായാലും പ്രയോഗ ഗാന്ധിയെ മഷിയിട്ടു നോക്കിയാലും കാണാനില്ലാത്ത ഒരു കാലത്ത്, ഇന്ത്യ ഭരിക്കുന്ന, ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയും പ്രസ്ഥാനവുമായ ബിജെപിയും ആർഎസ്സ്എസ്സും ഇതര സംഘപരിവാർ സംഘടനകളും ഗാന്ധിയെ ഏറ്റവും കൂടുതൽ ഭയപ്പെടുന്നതെന്തിനെന്നാണെന്നും അക്ഷരദേഹിയായി മാത്രം അവശേഷിക്കുന്ന ഗാന്ധിയെ ഇല്ലായ്മ ചെയ്യാൻ പല രീതിയിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്തിനെന്നും നമ്മൾ അതിശയിക്കും.

വസ്തുതകളുടെ കാവിവൽക്കരണം. (പ്രതീകാത്മക ചിത്രം)

രാഷ്ട്രത്തെ ഒറ്റിക്കൊടുത്ത്, ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ച് ജയിൽ മോചിതനായ സവർക്കറെ തിരികെ രാഷ്ട്ര നേതാവാക്കാനുള്ള ഇടപെടലുകളും ഗാന്ധി ഘാതകനായ ഗോഡ്‌സെയെ വീരപുരുഷനാക്കുവാനുള്ള ശ്രമങ്ങളും വളരെ ശക്തമായിത്തന്നെ നടത്തിക്കൊണ്ടിരിക്കുന്നുണ്ട് സംഘപരിവാർ രാഷ്ട്രീയ ശക്തികൾ. പ്രഗ്യാസിംഗ് ഠാക്കൂർ ഗാന്ധി പ്രതിമയിലേക്ക് വെടിയുതിർക്കുന്നതും, ‘മഹാത്മാ ഗോഡ്‌സേ’യ്ക്ക് ജയ് വിളിക്കുന്നതും ഇതിന്റെ പരസ്യപ്രകടനങ്ങൾ മാത്രം. എന്നാൽ ഇവയോടൊപ്പം തന്നെ ദീർഘകാല ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട്, ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തങ്ങളുടെ പൂർവ്വികർ സൃഷ്ടിച്ച കറകൾ മായ്ച്ചുകളയാനുള്ള നിശ്ശബ്ദവും ഗൂഢവുമായ പ്രവർത്തനങ്ങൾ അവർ നിരന്തരം നടത്തിപ്പോരുന്നുണ്ടെന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്.

ഇതാ അത്തരമൊരു ഇടപെടലിന്റെ ചെറിയൊരുദാഹരണം;

90-കളുടെ ഒടുവിലാണ്. കേന്ദ്ര മാനവ വിഭവ വകുപ്പ് മന്ത്രിയായി മുരളീ മനോഹർ ജോഷി വിരാജിക്കുന്ന കാലം. ചരിത്ര രേഖകളിൽ തിരുത്തലുകൾ, അക്കാദമിക മേഖലകളിൽ ഹിന്ദുത്വവൽക്കരണം, പുതു ചരിത്ര രചന എന്നിവ തകൃതിയായി നടത്തിപ്പോന്ന കാലം. പല തട്ടിലുള്ള തിരുത്തലുകളായിരുന്നു നടത്തിപ്പോന്നത്. ചിലവ വളരെ പരസ്യമായി. മറ്റ് ചിലവ വളരെ സൂക്ഷ്മമായി. രണ്ടാമത്തെ ഇനത്തിൽ പെടുന്ന ഒരു തിരുത്തൽ നാടകത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

‘Collected Works of Mahatma Gandhi’ (CWMG)യുടെ 100 ഓളം വാല്യങ്ങളിലെ 3 ഇൻഡക്‌സ് വാല്യങ്ങളിലായിരുന്നു സംഘപരിവാർ ബുദ്ധികേന്ദ്രങ്ങൾ കൈവച്ചത്. ചെയ്തത് ഇത്രമാത്രം; ഇൻഡക്‌സിൽ നിന്ന് ‘സവർക്കർ’, ‘ശ്യാമപ്രസാദ് മുഖർജി’, ‘രാഷ്ട്രീയ സ്വയം സേവക്’ തുടങ്ങി, ഇന്ത്യൻ സ്വാതന്ത്ര്യ മുന്നേറ്റങ്ങളെ ഒറ്റിക്കൊടുത്ത വ്യക്തികൾ, സംഭവങ്ങൾ എന്നിവ സൂചിപ്പിക്കുന്ന പദങ്ങൾ എടുത്തങ്ങു മാറ്റി. പുതിയ എഡിഷൻ ആ രീതിയിൽ പുറത്തിറക്കി! സംഗതി ഒരു പത്തമ്പത് കൊല്ലം മുന്നിൽ കണ്ടുകൊണ്ട് ചെയ്ത പണിയായിരുന്നു. നൂറോളം വാല്യങ്ങൾ വരുന്ന ഗ്രന്ഥശേഖരത്തിൽ നിന്ന് സൂചികാ പദങ്ങൾ എടുത്തു മാറ്റിയാൽ എന്താണ് സംഭവിക്കുക എന്ന് അവർക്ക് നന്നായി അറിയാമായിരുന്നു.

‘Collected Works of Mahatma Gandhi’ (CWMG)

എന്നാൽ, സംഘപരിവാർ സംഘടനകളുടെയും കേന്ദ്ര സർക്കാരിന്റെയും കള്ളത്തരം കയ്യോടെ പിടിക്കപ്പെട്ടു. അക്കാലത്ത് പുതുതായി പുറത്തിറങ്ങിയ വാല്യത്തിലെ മാറ്റങ്ങൾ കണ്ടുപിടിക്കുന്നതിനായി ഗാന്ധിയൻ സ്‌കോളർമാരായ ഗോപാൽകൃഷ്ണ ഗാന്ധി, നാരായൺ ദേസായി, രാമചന്ദ്രഗുഹ, സുദർശൻ അയ്യങ്കാർ (മുൻ വൈസ്ചാൻസലർ, ഗുജറാത്ത് വിദ്യാപീഠം) എന്നിവരുടെ മുൻകൈയ്യിൽ ഒരു സ്വതന്ത്ര വിദഗ്ദ്ധ സമിതി രൂപീകരിക്കുകയും സമ്പൂർണ്ണ ഗാന്ധി വാങ്മയത്തിന്റെ പ്രസാധക ഉത്തരവാദിത്തമുള്ള കേന്ദ്ര വാർത്താ വിതരണ വകുപ്പ് മന്ത്രാലയത്തിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കാൻ വ്യക്തിപരമായി എനിക്കും അവസരം ലഭിച്ചിരുന്നു.

ഇന്ത്യൻ സാഹചര്യത്തിൽ ഗാന്ധിയെ മറികടന്ന് രാഷ്ട്രീയമായി മുന്നോട്ടുപോകാൻ ആർഎസ്എസ്സിനും ഇതര സംഘപരിവാർ സംഘടനകൾക്കും സാധിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഒരേസമയം ഗാന്ധിയെ ഏറ്റെടുക്കാനും, ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാനുമുള്ള നിരന്തര ശ്രമങ്ങൾ അവർക്ക് നടത്തേണ്ടി വരുന്നത് അതുകൊണ്ടാണ്. ഗാന്ധിയൻ സോഷ്യലിസം തങ്ങളുടെ രാഷ്ട്രീയ പദ്ധതിയാണെന്ന് പ്രഖ്യാപിക്കുന്ന ബിജെപി തന്നെയാണ് ചരിത്രത്തിൽ നിന്ന് ഗാന്ധിയെ തുടച്ചുനീക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടി വരുന്നതും.

ഈയൊരു രാഷ്ട്രീയ വിഷമവൃത്തത്തിൽ കറങ്ങേണ്ടി വരുന്ന ആർഎസ്സ്എസ്സിന്റെയും ബിജെപിയുടെയും അവസ്ഥയെക്കുറിച്ച് മൗലാനാ മുഹമ്മദ് അലി പതിറ്റാണ്ടുകൾക്ക് മുന്നെ തന്നെ എഴുതിയിട്ടുണ്ട്:

”ജീതേ ജീ തോ കേച്ച് ന ദിഖ്‌ലായാ മഗർ
മർ കേ ജൗഹർ ആപ് കേ ജൗഹർ ഖിലേ”

(ജീവിച്ചിരുന്ന കാലത്ത് അധികമൊന്നും ചെയ്യാൻ നിനക്ക് കഴിഞ്ഞിൽ
പക്ഷേ മൃത്യുവിന് ശേഷം നിന്നിലെ കഴിവുകൾ പൂത്തുലഞ്ഞു)

 

(തുടരും)

About Author

കെ. സഹദേവൻ

പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. പരിസ്ഥിതി, ഊർജ്ജം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആനുകാലികമാസികകളിലടക്കം എഴുതുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x