A Unique Multilingual Media Platform

Articles Literature

ഒരു വി. കെ. എൻ അഭിമുഖത്തിന്റെ  കഥ

  • November 4, 2025
  • 1 min read
ഒരു വി. കെ. എൻ അഭിമുഖത്തിന്റെ  കഥ

രണ്ടു ദിവസം മുന്‍പ്, തിരുവില്വാമലയില്‍, വടക്കേ കൂട്ടാലയില്‍ ഒരിക്കല്‍ കൂടി  കയറി ചെന്നു.  ‘ഒട്ടും നിരീക്കാതെ ചെന്ന് പെട്ടു’ എന്നാണ് വി.കെ.എന്‍ പ്രയോഗം.  രണ്ടുമൂന്നു തവണ ഇതിനു മുന്‍പും ഇവിടെ വന്നിട്ടുണ്ട്. ആലത്തൂരില്‍ ഒരാശുപത്രിയില്‍ അസുഖമായി കിടക്കുന്ന ഒരു സുഹൃത്തിനെ കണ്ട് മടങ്ങിയത് വി.കെ.എന്‍റെ തിരുവില്വാമല വഴി.  ഞങ്ങള്‍ മൂന്നു പേര്‍, ഞാനും, ഡ്രൈവന്‍ (ഡ്രൈവര്‍ ബഹുവചനം, ഡ്രൈവന്‍ ഏക വചനം- ഗ്രാമാറ്റിക്കലി ഡ്രൈവന്‍ ആണ് ശരിയെന്നും വി.കെ.എന്‍ വായ്ത്താരി ഉണ്ട്) റഷീദും, ഉണ്ണിമാഷും (ഉണ്ണികൃഷ്ണന്‍).  വി കെ എൻ  സ്മാരക വായനശാലയും, വടക്കെ കൂട്ടാല തറവാടും വിജനം. പൂട്ടിയിട്ടിരിക്കുന്നു. അടുത്ത വീട്ടില്‍(വി.കെ.എന്‍റെ ബന്ധു  വീട്) ഉണ്ണി മാഷ് ഒരന്വേഷണം നടത്തി.   ‘നിരീക്കാതെ വന്നു പെട്ടതെങ്കിലും’ അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ. വി കെ എന്‍റെ മരുമകള്‍ രമയുമായി ഫോണില്‍ സംസാരിച്ചു,  താക്കോല്‍ തരാക്കി, മൂന്നു സ്ഥാപനങ്ങളും (വി കെ എൻ  സ്മാരകം, ലൈബ്രറി, വടക്കേ കൂട്ടാല തറവാട്) തുറന്നു.  വടക്കേ കൂട്ടാല തറവാട്ടിലെ കാര്യസ്ഥന്‍ ആയിരുന്ന ‘കോരു’വിന്റെ മകള്‍ ഞങ്ങള്‍ക്ക് അകമ്പടി സേവിച്ചു.  ഇപ്പോള്‍ ആരും അധികം ഇങ്ങോട്ട് വരാറില്ല. അതാണ്‌ പൂട്ടിയിട്ടിരിക്കുന്നത്, വി.കെ.എന്‍റെ മറ്റൊരു ബന്ധു, സിന്ധു പറഞ്ഞു.  മലയാളസാഹിത്യത്തിലെ  പകരം വെക്കാനില്ലാത്ത കഥ പറച്ചില്‍കാരനെ  മലയാളികള്‍ പതുക്കെ, പതുക്കെ മറന്നു തുടങ്ങിയോ? 

വടക്കെക്കൂട്ടാല തറവാടിന്റെ മുന്നിൽ ഉണ്ണി മാഷിനൊപ്പം..

സ്മാരകത്തില്‍ വി കെ എൻ  ഇരുന്നെഴുതിയിരുന്ന പ്രസിദ്ധമായ മരക്കസേരയുണ്ട്, വെച്ചെഴുത്താനുള്ള വെളുത്ത മരപ്പലകയടക്കം. പിതാമഹനും,  പൊടിപൂരം തിരുനാളും, നളചരിതം മൂലവും, ജനറല്‍ ചാത്തന്‍സുമെല്ലാം എഴുതിയത് ഈ കസേരയിലിരുന്നായിരിക്കാം.  അദ്ദേഹം ഉപയോഗിച്ചിരുന്ന കണ്ണടകളും, ധരിച്ചിരുന്ന വസ്ത്രങ്ങളും, വി കെ എൻ ന് ലഭിച്ച പുരസ്കാരങ്ങളും, കുറെ ഫോട്ടോഗ്രാഫുകളുമെല്ലാം സ്മാരകത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.  എല്ലാം വളരെ വൃത്തിയായി  സൂക്ഷിച്ചിട്ടുണ്ട്.  വി കെ എൻ  ജീവിച്ച തറവാടും യാതൊരു മാറ്റവുമില്ലാതെ  അതേപടി
നിലനിര്‍ത്തിയിട്ടുണ്ട്.

VKN സ്മാരക വായനശാല

ഇവിടെ അല്പം ഫ്ലാഷ് ബാക്ക് ആകാം.  ഒരു മൂന്നര പതിറ്റാണ്ട് പിറകിലേക്ക്.  ഈയുള്ളവന്റെ ഡല്‍ഹി പ്രവാസ കാലം.  1990 ല്‍ ഡല്‍ഹി മലയാളികളുടെ  പുരോഗമന സംഘടനയായ ജനസംസ്കൃതി ഒരു ത്രൈമാസിക ആരംഭിക്കുന്നു.  പേര് ‘ജനസംസ്കൃതി”. മുഖ്യ പത്രാധിപര്‍, ഡോ. കെ.എന്‍.പണിക്കര്‍. ഡല്‍ഹിയിലെ അക്കാലത്തെ മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ എം.മുകുന്ദന്‍, ഓംചേരി എന്‍.എന്‍. പിള്ള, ആനന്ദ്, സക്കറിയ , അകവൂര്‍ നാരായണന്‍ എന്നിവരടങ്ങുന്ന വിപുലമായ ഉപദേശക സമിതിയൊക്കെയുണ്ട് . ആദ്യ ലക്കത്തില്‍ തന്നെ വി.കെ.എന്‍റെ ഒരു അഭിമുഖം കൂടി വേണമെന്ന തീരുമാനമുണ്ടായി. 

VKN സ്മാരക മന്ദിരം

വി കെ എൻ  കത്തി നില്‍ക്കുന്ന കാലം.  അദ്ദേഹത്തിന്റെ ആരോഹണവും, പിതാ മഹനും, പെണ്‍പടയും, അധികാരവും, നളചരിതം മൂലവുമെല്ലാം ഏറെ വായിക്കപ്പെടുകയും,  ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന കാലം.  പൂച്ചക്കാരു മണി കെട്ടും?  വി കെ എൻ  നെ ബന്ധപ്പെട്ട് ഒരു അഭിമുഖം സംഘടിപ്പിക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.  ആരെയും കൂസാത്ത പരുക്കന്‍ സ്വഭാവമുള്ള വി കെ എൻ  നെ കുറിച്ച് നിരവധി കഥകളും, കേട്ട് കേള്‍വികളും നിലനിന്നിരുന്ന കാലം.  അവസാനം ഉത്തരവാദിത്വം ഈയുള്ളവന്റെ ചുമലില്‍ തന്നെ വന്നു വീണു.  മൂന്നര പതിറ്റാണ്ട് മുന്‍പത്തെ കഥയാണെന്നോര്‍ക്കുക. ഡല്‍ഹിയില്‍ കാലുറപ്പിക്കാന്‍ പോലുമായിട്ടില്ല. ഇതിനായി നാട്ടില്‍ പോയി വരുന്നതിനെ പറ്റിയൊന്നും ആലോചിക്കാന്‍ പോലും പറ്റാത്ത കാലം.  അവസാനം,  ഏറെ എഴുത്തുകുത്തുകള്‍ക്ക് ശേഷം, എന്‍റെ നാട്ടിലെ (കൊളത്തൂര്‍) അടുത്ത സുഹൃത്തുക്കളായ കെ.വി.സുരേഷ്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വി കെ എൻ  നെ പോയിക്കാണാനും ഇന്റര്‍വ്യൂ ചെയ്യാനുമുള്ള ചുമതല ഏറ്റെടുത്തു.  മൊബൈല്‍ ഫോണും, ഇന്റര്‍നെറ്റും ഒന്നുമില്ലാത്ത(വ്യാപകമായിട്ടില്ലാത്ത) കാലമാണെന്നോര്‍ക്കുക.  രണ്ടു പേരും വി കെ എൻ  ആരാധകര്‍,  ചെറുപ്പക്കാര്‍(ഇരുപതുകളില്‍),  ക്ഷുഭിത യവ്വനങ്ങള്‍, സ്ഥലത്തെ പ്രധാന ദിവ്യന്മാര്‍, അനാര്‍ക്കിസ്റ്റുകള്‍!  വി കെ എൻ  രചനകള്‍ ബൈബിള്‍ പോലെ ഇടയ്ക്കിടെ വായിക്കുകയും, ചര്‍ച്ച ചെയ്യുകയും ചെയ്യുന്നവര്‍.

വി കെ എന് സ്മാരകമന്ദിരത്തിന്റെ ഉൾവശം. ഇവിടെ വി കെ എന്റെ വസ്ത്രങ്ങളും, കണ്ണടയും, പ്രസിദ്ധമായ ചാരു കസേരയുമൊക്കെ പ്രദർശിപ്പിച്ചിരിക്കുന്നു.

രണ്ടു പേരും ജനസംസ്കൃതിയുടെ പ്രതിനിധികളായി,  വി കെ എൻ  നുമായി എഴുത്ത് കുത്തുകള്‍ നടത്തുന്നു.  അഭിമുഖത്തിനുള്ള തിയ്യതി നിശ്ചയിക്കുന്നു.  കാര്യങ്ങള്‍ നീണ്ടു പോകുന്നു.  ഇതിനിടയില്‍, ജനസംസ്കൃതിയുടെ  മുന്‍ അധ്യക്ഷനായിരുന്ന,  വി കെ എൻ  ന്‍റെ ഏറ്റവും അടുത്ത സുഹൃത്തായ സി.പി. രാമചന്ദ്രനെ,  വി കെ എൻ  കോണ്ടാക്റ്റ് ചെയ്യുന്നു.  ആരാണീ താടിക്കാര്‍ എന്നാരായുന്നു.  സി.പി. ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിന്ന് വിരമിച്ച്,  ഡല്‍ഹി ജീവിതം മതിയാക്കി സ്വദേശമായ പറളിയില്‍ താമസമാക്കിയ കാലം.  ഭാഗ്യവശാല്‍, സുരേഷ്-ഉണ്ണികൃഷ്ണമാര്‍ സ്വന്തം ആളുകള്‍ ആണെന്നും, ജനസംസ്കൃതിക്കാര്‍ നല്ലവരാണെന്നുമൊക്കെ സി.പി.  തട്ടിവിടുന്നു.  സി.പി. പറഞ്ഞാല്‍ പിന്നെ അപ്പീലില്ല.  കാരണം വി കെ എൻ ന്‍റെ, ഡല്‍ഹിജീവിതക്കാലത്ത് ദേശീയ മാധ്യമരംഗമാകെ  അടക്കി വാണിരുന്ന സൂപ്പര്‍   ജേര്‍ണലിസ്റ്റ് ആയിരുന്നു, സി.പി. രാമചന്ദ്രന്‍. (വി കെ എൻ ന്‍റെ ആരോഹണത്തിലെ പരുന്ത് രാമന്‍)  വി കെ എൻ  ബഹുമാനിച്ചിരുന്ന ഏക പത്രക്കാരന്‍.  അപ്പോഴേക്കും ജനസംസ്കൃതിയുടെ ആദ്യ ലക്കം പുറത്തിറങ്ങി. അതിനു മുന്‍പായി അഭിമുഖം തയ്യാറായില്ല. അടുത്ത ലക്കത്തില്‍ എന്തായാലും  കൂടുതല്‍ പ്രാമുഖ്യത്തോടെ പ്രസിദ്ധീകരിക്കാമെന്നു തീരുമാനിക്കുന്നു. 

ചിത്രങ്ങളിലൂടെ

അങ്ങിനെ   സുരേഷ്-ഉണ്ണികൃഷ്ണന്മാര്‍ വി കെ എൻ നെ,  ജനസംസ്കൃതിക്ക് വേണ്ടി
ഇന്റര്‍വ്യൂ ചെയ്യുന്നു. വി കെ എൻ  രചനകള്‍,  വളരെ സൂഷ്മ തലത്തില്‍ പഠിച്ചു, വിശകലനം  ചെയ്ത (ഒരു പക്ഷെ) ആദ്യത്തെ ഇന്റര്‍വ്യൂ ആയിരിക്കാം അത്.  ‘ചരിത്രത്തിലെ ഒരാള്‍’ എന്ന പേരില്‍ ഈ അഭിമുഖം ജനസംസ്കൃതിയുടെ രണ്ടാം ലക്കത്തില്‍ പ്രസിദ്ധീകൃതമാകുന്നു. അഭിമുഖത്തിനു ശേഷം വി കെ എൻ  സി.പി. യെ വിളിച്ചു ഇങ്ങിനെ പറഞ്ഞുവത്രേ : ‘തന്‍റെ പിള്ളേര് കൊള്ളാം…അഭിമുഖം ഞാനും, അവരും എന്‍ജോയ് ചെയ്തു’.  “ഏത് പിള്ളേര്” എന്ന് സി.പി. ചോദിച്ചതായി രേഖപ്പെടുത്താത്ത ചരിത്രമുണ്ട്.  ‘മറവി മഹാന്മാര്‍ക്ക് ഭൂഷണം!’ എന്ന് വി കെ എൻ  തിരിച്ചടിച്ചതായും.

അഭിമുഖം പേജ് 2

ജനസംസ്കൃതിയുടെ ആ ലക്കത്തിന്റെ അവശേഷിക്കുന്ന ഒരേയൊരു കോപ്പിയില്‍  നിന്നും ആ അഭിമുഖം ഈ കുറിപ്പിന് താഴെ കൊടുക്കുന്നു. മൂന്നര പതിറ്റാണ്ട് പഴക്കമുള്ളതാണ്. അല്പസ്വല്പം പിഞ്ഞിപ്പോയിട്ടുണ്ട്.

സി. പി. രാമചന്ദ്രൻ

ജനസംസ്കൃതി മാസിക, ദാരിദ്ര്യം കൊണ്ടും, ചില സംഘടനാ പ്രശ്നങ്ങള്‍ കൊണ്ടും, അക്കാലങ്ങളിലെ  മറ്റു സമാന്തര പ്രസിദ്ധീകരണങ്ങളെ പോലെ, അഞ്ചു ലക്കങ്ങൾക്ക് ശേഷം  നിലച്ചു. അന്ന് അഭിമുഖത്തിൽ, ഉണ്ണികൃഷ്ണനോടൊപ്പം പങ്കെടുത്ത, നാടക/സാംസ്കാരിക പ്രവർത്തകനായ കെ. വി. സുരേഷും (KVS) വി കെ എൻ  നു പിറകെ വിട പറഞ്ഞു.  വി കെ എൻ  നുമായുള്ള സംവാദം തുടരുന്നുണ്ടാകാം.

ഉണ്ണികൃഷ്ണനും( അഭിമുഖം നടത്തിയവരിൽ ഒരാൾ ) റഷീദും

ഏതാനും സമയം വടക്കേ കൂട്ടാലയിൽ ചിലവഴിച്ച ഞങ്ങൾ കൊളത്തൂരിലേക്ക് മടങ്ങി. മടക്കയാത്രയിൽ ഉണ്ണികൃഷ്ണൻ കാറിൽ നിശബ്ദനായി എന്തെല്ലാമോ ഓർമ്മകളിൽ മുഴുകി. മൂന്നരപതിറ്റാണ്ട് പിറകിലേക്ക് മനസ്സ് സഞ്ചരിച്ചു കാണും. സുരേഷിനെയും വി കെ എൻ  നെയും ഓർത്തു കാണും. 

അഭിമുഖം ഇവിടെ വായിക്കാം.

About Author

ഹരിദാസ്‌ കൊളത്തൂര്‍

എഴുത്തുകാരൻ, സഞ്ചാരി

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
M Nandakumar
M Nandakumar
28 days ago

രസികൻ ഓർമ്മകൾ… അല്പം സങ്കടം കലർന്നതും 💐

1
0
Would love your thoughts, please comment.x
()
x