A Unique Multilingual Media Platform

Articles Cinema Culture Kerala

ക്രോധത്തിന്റെ ചവർപ്പുകൾ

  • November 3, 2025
  • 1 min read
ക്രോധത്തിന്റെ ചവർപ്പുകൾ

അപമൃത്യു എന്നു ശ്രേഷ്ഠഭാഷയിലും ദുർമരണം എന്നു സാമാന്യഭാഷയിലും സംഭവിക്കുന്ന മരണത്തെതുടർന്നു ഗതികിട്ടാത്ത ആത്മാവ് പാതിരാത്രികളിൽ അലയുമെന്നും ചിലപ്പോൾ നിഗ്രഹമൂർത്തിയാകുമെന്നും ആണ് മിക്കവാറും എല്ലാപ്രേതക്കഥകളും അവലംബമാക്കുന്ന കഥാതന്തു. രാഹുൽ സദാശിവന്റെ “ഡയസ് ഐറെ” (Dies Irae) യും പ്രമേയമാക്കുന്നത് ഇതു തന്നെ. പരിചരണത്തിൽ ചില പരിശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ദൃശ്യാവതരണത്തിൽ കാര്യമായ പുതുമയൊന്നും കാണാൻ കഴിഞ്ഞില്ല. പ്രേതക്കഥ പറയുമ്പോൾ വേണ്ട ദൃശ്യാന്തരീക്ഷ സൃഷ്ടി ചില സ്ഥലങ്ങളിൽ,ചില വേളകളിൽ വിജയിച്ചുട്ടെണ്ടങ്കിലും കാഴ്ചപ്പാടിൽ ഒരു ഞെട്ടലോ നടുക്കമോ സിനിമ കണ്ടതിനുശേഷം ആലോചിച്ചു പേടിക്കാനോ ഒന്നും അവശേഷിപ്പിച്ചിട്ടില്ല എന്നുള്ളത് ഈ ഷോണർ (genre) മലയാളത്തിൽ ആവർത്തിച്ചു കൈകാര്യം ചെയ്യുന്ന പുതുതലമുറ സംവിധായകനായ രാഹുൽ സദാശിവൻ കുറച്ചുകൂടി പരീക്ഷണോന്മുഖനാകേണ്ടിയിരിക്കുന്നു എന്നതു സൂചിപ്പിക്കുന്നു. ഷഹനാദ് ജലാലിന്റെ ഭയമുള്ളവാക്കുന്ന ചിത്രീകരണവും വെളിച്ചത്തെയും ഇരുട്ടിനെയും ചേർത്തു കെട്ടി പരിഭ്രാന്തി സൃഷ്ടിക്കാൻ നന്നായി ശ്രമിച്ചപ്പോഴും ആഖ്യാനം എവിടെയൊക്കെയോ മുറുകാതെ പോകുന്നുണ്ട്. മുറുക്കമാണമല്ലോ ഹൊറർ പടത്തിന്റെ നിർമാണകലയിൽ സവിശേഷ പ്രധാനം.

മരിച്ച ശരീരത്തിലെ ആത്മാവ് നിർബന്ധമായും ഭൂമി വിട്ടു പോകണം. അടുത്ത സ്‌പേസ് സ്റ്റേഷൻ ആത്മാവിന്റെ ഭൂമിവിട്ടുള്ള സഞ്ചാരത്തിൽ ചോദിച്ചു ചോദിച്ചു കണ്ടെത്താമെന്നു തോന്നുന്നു. ആത്മകഥകൾ ലോകത്തിൽ അനേകഭാഷകളിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും ആത്മാവിന്റെ മരണാന്തരമുള്ള നേരനുഭവം എഴുത്തറിയുന്ന ആരും ഇതുവരെ പറഞ്ഞിട്ടില്ല. അതൊരു പ്രഹേളികയായി ഹൊറർ സിനിമകളുടെ ഭാവനയിൽ വിലസുകയാണ്. ആൽഫ്രഡ് ഹിച്കോക്ക് ആത്മാവിന്റെ വേട്ടയാടൽ ഒരിക്കലും പ്രമേയമാക്കിയിട്ടില്ല എന്ന വസ്തുത ഓർത്തിരിക്കുന്നത് നന്നായിരിക്കും. വെറും ശവം മതി പേടി ജനിപ്പിക്കാൻ എന്നതാണ് ഹിച്ച്കോക്കിന്റെ ഒരു ഇത്.

രാഹുൽ സദാശിവൻ ഓരോ പ്രേക്ഷകനും നിർബന്ധമായും പേടിക്കണമെന്നു കണക്കാക്കി ചെയ്തിരിക്കുന്ന രംഗങ്ങൾക്ക് കൊഴുപ്പുകൂട്ടാൻ സിനിമയുടെ പ്രാരംഭത്തിൽ ഇത് നടന്നൊരു സംഭവമാണെന്ന് വ്യക്തമായും എഴുതിയിട്ടുണ്ട്. ഹൊറർ സിനിമയെ ഒരു പ്രേത-റിയാലിസ്റ്റ്, അതായത് യഥാതഥ, ഗണത്തിൽപ്പെടുത്താനുള്ള ഈ നീക്കം രവിചന്ദ്രനെപോലുള്ള യുക്തിവാദികൾ കൂടുതൽ സമയം വ്യയം ചെയ്യുന്നത് മതവിമർശനമായതുകൊണ്ടാണെന്നാണ് ഈ എളിയവന്റെ ഒരു പരിദേവനം. ആദ്യകാല യുക്തിവാദികൾ ആത്മാക്കളെ നേരിട്ടെതിർക്കാൻ തയ്യാറായവരായിരുന്നു. എം സി ജോസെഫും. ഇടമറുകും, പവനനും ഭൂതപ്രേതപിശാച് മുതൽ ചാത്തനെ വരെയാണ് മുഖ്യശത്രുവായി കണ്ടിരുന്നത്. കാലം മാറി. പുതിയ യുക്തിവാദ എസ്സെൻസ് മതവിമർശനത്തിലും പലസ്തീൻ വിഷയത്തിലൊക്കെയാണു കൂടുതൽ മതിമറക്കുന്നത്. രാഹുൽ സദാശിവൻ ഈയൊരു ദൗർബല്യത്തെ പൂർണമായും ചൂഷണം ചെയ്തിട്ടുണ്ടെന്നു വ്യക്തമാണ്. നമ്മുടെ പഴയ യുക്തിവാദികൾ ആത്മാവ് ഇല്ല എന്ന് സ്ഥാപിക്കാനായി ശ്മാശനങ്ങളിൽ പോയി അന്തിയുറങ്ങാറുണ്ടായിരുന്നു.

രാഹുൽ സദാശിവൻ പ്രേതകഥ ഹൊറർ-റിയലിസ്റ്റിക്കാക്കാൻ ശ്രമിക്കവേ ചെറിയ ചെറിയ കാര്യങ്ങൾ വിട്ടുകളഞ്ഞത് പ്രേതാത്മാക്കളോടുള്ള കരുതൽകൊണ്ടാകണം. ഉദാഹരണത്തിന്, ലോകത്തെ ഏതൊരു മൃതശരീരപഠനവും വ്യക്തമാക്കുന്നത് ദുർമരണമാണെങ്കിലും അല്ലെങ്കിലും മൃതശരീരം ചീഞ്ഞാൽ നാറുമെന്നാണ്. ദുർഗന്ധം മൃതശരീരത്തിന്റെ പരമായ സത്യമാണ്. ഒരു ആത്മാവിനും അത് താങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല. ആദ്യ രംഗങ്ങളിൽ കിണറിൽ വീണ മൃതശരീരം പുറത്തിടക്കവേ അത് അഴുകി അളിഞ്ഞതാണെങ്കിലും നാറ്റം ഉത്ഭവിക്കുന്നില്ല എന്നതിന്റെ തെളിവാണ് ആരും മൂക്ക് പൊത്തുന്നില്ല എന്നത്. ഒരു പോലീസ് കഥയാണെങ്കിൽ ശവം കണ്ടെത്തപ്പെടുന്ന നിമിഷം ആദ്യം അവിടെ കൂടി നിൽക്കുന്നവരിൽ ഏറ്റവും ഉന്നത ഉദ്യോഗസ്ഥനായിരിക്കും മൂക്ക് ആദ്യം പൊത്തുക. പിന്നെ ക്രമത്തിൽ കോൺസ്റ്റബിൾ വരെ പോക്കറ്റിൽ നിന്നും ടവ്വലെടുത്തു മൂക്ക് അടക്കും. ഇന്വെസ്റ്റിഗേഷനൊക്കെ അതുക്കഴിഞ്ഞിട്ടു മതിയെന്നാണ് പോലീസ് സ്റ്റോറിയിലെ ദൃശ്യപരിചരണ പ്രമാണം. ഇവിടെ ദുർഗന്ധത്തെ സെൻസർ ചെയ്തിരിക്കുന്നു. ഒടുവിലെ രംഗങ്ങളിൽ ഒന്നിൽ കുഴിച്ചിടാത്ത അതിദീർഘകാലം ശവമായി കിടക്കുന്ന ശരീരം ഒരു ഗന്ധവും ഉത്ഭവിപ്പിക്കുന്നില്ല. അത്രയും ദിവ്യത്വം ലോകത്തിൽ ഒരു ശവശരീരത്തിനും ഇതുവരെ ലഭിച്ചു കാണില്ല.

രാഹുൽ സദാശിവന്റെ പ്രേതക്കഥ ഒരു പ്രേമക്കഥ കൂടിയാണ്. മിക്കവാറും ഈ രണ്ടു കോമ്പിനേഷനാണ് കഥയെ ത്രില്ലടിപ്പിക്കുന്നത്. പ്രേമക്കഥ ചതിയുടെയും വഞ്ചനയുടെയും മാത്രമല്ല മോഹഭംഗത്തിന്റെ കൂടിയാണ്. എത്ര നിഷ്കളങ്കരായ മനുഷ്യരാണ് കൈവിട്ട പ്രേമം മൂലം പ്രേതാത്മാത്മാക്കളായി അലഞ്ഞുതിരിഞ്ഞു നടക്കാൻ വിധിക്കപ്പെട്ടുള്ളത്. അത്തരത്തിലുള്ള നൊമ്പരത്തിന്റെയും പ്രതികാരത്തിന്റെയും കൂടി കഥയാണ് ക്രോധത്തിന്റെ ദിനം- ഡയസ് ഐറേ. ലാറ്റിൻ ഭാഷയിൽ ക്രിസ്‌തീയ വചനമാണ് ഇതെന്നാണ് സിനിമയിൽ പ്രതിപാദിക്കുന്നത്. ക്രോധത്തിന്റെ ദിനം എന്നും വ്യഖ്യാനം. വിധിദിനത്തിലെ അന്ത്യകല്പനയാകണം ക്രോധത്തിന്റെ ദിനം. ‘ഡയസ് ഐറേ’ എന്ന വാക്കിന്റെ ഉത്ഭവം ഗൂഗിളിൽ തിരഞ്ഞപ്പോൾ (മെറ്റാ വേറെയും ഉത്തരങ്ങൾ നൽകി) കണ്ടത് ഫ്രാൻസിസ്കൻ പാതിരി സിലാനോവിലെ തോമസ് അല്ലെങ്കിൽ ലാറ്റിനോ മലബാറാങ്ക ഓർസിനിയോ മറ്റോ പതിമൂന്നാം നൂറ്റാണ്ടിൽ എഴുതിയ ക്രിസ്‌തീയ വചനങ്ങളിൽ നിന്നാണ് ഈ പ്രയോഗം വരുന്നത് എന്നാണ്. വിധിദിനത്തിൽ രക്ഷിക്കപ്പെട്ടവർക്ക് സ്വർഗ്ഗവും അരക്ഷിതർക്ക് അഗ്നികുണ്ഡവുമാണ് എന്നാണ് ഈ വചനത്തിന്റെ പ്രമാണം. പതിമൂന്നാം നൂറ്റാണ്ടിലെ ഈ വചനപ്രമാണം ഇരുപത്തിയൊന്നാം ശതാബ്ദത്തിൽ ദൈവത്തെ കടത്തിവെട്ടി ആത്മാവ് തന്നെ മാനസികമായി പീഡിപ്പിച്ചവനും ചതിച്ചവനും ക്രോധത്തിന്റെ പ്രേതചവർപ്പ് അനുഭവപ്പെടുത്താൻ ഇറങ്ങി തിരിച്ചതാണ് കഥയുടെ മുഖ്യ തന്തു. ഇങ്ങനെയൊക്കെ പറയുമ്പോൾ ആത്മാക്കൾ എന്നോട് സദയം ക്ഷമിക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു. എനിക്ക് ദുശ്ശാസകരെയും ദുരാത്മാക്കളെയും സത്യത്തിൽ ഭയമാണ്. എങ്കിലും രാപ്പകൽ ഇവരെ മോശപ്പെടുത്താനാണ് ആലോചന മുഴുവനും. സർവ്വദുശ്ശാസകരും തന്റെ വിമതജനസഞ്ചയത്തോടെ പറയുന്ന പ്രമാണവുമാണ്: ഡയസ് ഐറേ- ക്രോധത്തിന്റെ അന്ത്യദിനം!! ജനാധിപത്യത്തിൽ ദുശ്ശകരുടെ അന്ത്യദിനമാണ് ജനകീയമായി സത്യസന്ധതയോടെ നടക്കുന്ന തിരഞ്ഞെടുപ്പ്.

ഭയം, ഭ്രമം, ക്രോധം- രാഹുൽ സദാ ശിവന്റെ മൂന്ന് പടങ്ങളും ഒരു ത്രിതയമാക്കാനുള്ള ലക്ഷ്യത്തോടെ എഴുതിയതല്ല. എങ്കിലും മൂന്നു ചലച്ചിത്രങ്ങളും ആത്മാവിന്റെ വിളയാട്ടങ്ങളെ മൂന്നു നിലയിൽ പരിചരിക്കുന്നതാണ്. ആദ്യ ചലച്ചിത്രം ഭൂതക്കാലം – ആത്മഹത്യ നടന്ന വീട്ടിൽ നിന്നും ഒഴിഞ്ഞുപോകാതെ പുതിയ താമസക്കാരെയും വീട്ടുടമസ്ഥനെയും നിരന്തരം രാത്രിക്കാലങ്ങളിൽ പീഡിപ്പിക്കുന്ന പ്രേതാത്മാക്കളുടെ കഥയാണ്. കോവിഡ് കാലത്തു ഓ ടി ടി യിൽ പ്രദർശനത്തിനുവന്നപ്പോൾ, ഒരുപക്ഷെ, അന്നത്തെ അന്തരീക്ഷമാകണം സിനിമയെ രാഷ്ട്രീയ അന്യാപദേശമായി വായിക്കാൻ പ്രേരിപ്പിച്ചത്. വർത്തമാനകാലത്തെ നിർത്താതെ വേട്ടയാടുന്ന ഭൂതകാലം. ഭൂതത്തിന്റെ അധിനിവേശം പുനരുദ്ധാനത്തിന്റെ രാഷ്ട്രീയവുമായി ചേർന്നുപോകുന്നതായിരുന്നു. രാഹുൽ സദാശിവൻ അത്തരമൊരു രാഷ്ട്രീയവായനയ്ക്കായി നിർമിച്ചതായിരുന്നില്ല ആ പടം. കോവിഡ് കാലത്തു വീട്ടിലിരിക്കുന്നവരുടെ ഇരിപ്പ് അത്ര സുരക്ഷിതമല്ലെന്നുള്ള ഭയാശങ്കയെ ഒന്നുകൂടി ബലപ്പെടുത്താനാകണം ഉദ്ദേശിച്ചിട്ടുണ്ടാവുക.

പ്രേതബംഗ്ളാവ് പഴയ പ്രമേയമാണ്. എന്നാൽ ബഷീറും വിൻസെന്റ് മാഷും അതൊന്നു പരിചരിച്ചപ്പോൾ അഭ്രപാളിയിൽ ഒരു അനുരാഗ കാവ്യം വിരിഞ്ഞുവെന്നു ഏതെങ്കിലും കാല്പനിക കവിയെ ഓർത്തെഴുതാം. സംഭവം സത്യമായിരുന്നു. ഭാർഗവി നിലയം അങ്ങനെ പ്രണയപരവശമായ പ്രേതക്കഥയായി എന്നു മാത്രമല്ല ഇത്തരം പ്രേതക്കഥയിൽ എഴുത്തുകാരൻ സർഗാത്മകമായി നിർവഹിക്കേണ്ട റോൾ എന്താണെന്നും കാണിച്ചു. സംഭവിച്ചത് പ്രേതക്കഥ ഒരു അനശ്വര പ്രേമക്കഥയായി എന്നതാണ്. സർഗാത്മകതയുടെ മറിമായം- ഒരു യുക്തിക്കും പിടിതരുന്നതല്ല.

രാഹുൽ സദാശിവൻ പക്ഷെ തന്റെ പ്രേതക്കഥകളിൽ നിന്നും പ്രണയത്തെ എന്നും അതിദൂരെ മാറ്റി നിർത്തി. നായിക പ്രാധാന്യമില്ലെന്നു മാത്രമല്ല നായികയുടേ ആവശ്യമില്ല തന്നെ എന്നായി. പ്രേതത്തിനു പോലും ഒരു “ഹീ ഈസ് മാൻ” ആക്കി രാഹുൽ സദാശിവൻ. പെണ്ണിന്റെ ആത്മാവാണ് തന്നെ വിടാതെ വേട്ടയാടുന്ന ധാരണ തിരുത്തിക്കൊണ്ടു ഒരു “മാൻ (MAN) പ്രേതം” രാത്രിയിൽ തന്റെ മുമ്പിൽ പ്രത്യക്ഷമായി. രാഹുൽ സദാശിവന്റെ രണ്ടാമത്തെ പടമായ “ഭ്രമയുഗത്തിൽ” ഏതാണ്ട് ഹോമോസ്‌പെഷ്യൽ (homospatial) അന്തരീക്ഷമാണ്. ആണുങ്ങൾ മാത്രം വിരാജിക്കുന്ന ഇടം. ചാത്തനെ അപകീർത്തിപ്പെടുത്തുന്നു എന്ന കീഴാള രാഷ്ട്രീയ വാദം അംഗീകരിച്ചാലും അതിൽ രാഷ്ട്രീയം പ്രകടമായിരുന്നു. മമ്മൂട്ടിയുടെ കാസ്റ്റിങ് ഏതാണ്ട് തന്നെ അത് സ്ഥീരീകരിക്കുന്നുണ്ട്. പിന്നോട്ട് ചീകിവെച്ച മുടിയും അതിക്രൂരഹാസവും ദുശ്ശാസകഭാവത്തെ പ്രത്യക്ഷീകരിക്കുന്നതായിരുന്നു. പക്ഷെ, പെണ്ണിന്റെ പ്രലോഭനം അപായകരമാണ് എന്ന് സൂചിപ്പിച്ചിക്കൊണ്ടു തുടങ്ങുന്ന പടം പിന്നെ പിന്നെ പെണ്ണിന്റെ ചൂര്പോലും അടുപ്പിക്കുന്നില്ല. അങ്ങനെയാണ് ‘ലോക’- ഒരു സുഖിനോ ഭവന്തു ആയത്. കേരളത്തിലെ ബുദ്ധിജീവികളാണ് ‘ലോക’ കണ്ടു അധികവും ത്രില്ലടിച്ചത്. അവർ ലോകാനുഭവമുള്ളവരാണല്ലോ!

അപനിർമാണം മലയാളത്തിൽ രംഗപ്രവേശം ചെയ്തശേഷം വായിച്ചെടുക്കൽ ഒരു പ്രധാന ഉപായമായിരുന്നു. എന്തും വായിച്ചെടുക്കാം. ഏതു ഗ്രന്ഥവും വായിച്ചതിനുശേഷം “ഞാൻ അങ്ങ് എടുക്കുവാ” എന്നാണ് നിരൂപകർ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷെ, എത്ര പൊക്കാൻ നോക്കിയിട്ടും ഒന്നും വായിച്ചെടുക്കാൻ ‘ഡയസ് ഐറേ’ സമ്മതിക്കുന്നില്ല. ആയതിനാൽ, അന്യാപദേശവായനയ്ക്കു വിരാമമിട്ടിരിക്കുന്നു. എന്നാൽ ഇതു പറയട്ടെ: പ്രണവ് മോഹൻലാൽ തന്മയത്വത്തോടെ രോഹൻ എന്നൊരു പണക്കാരൻ ചെക്കനെ (rich brat) അവതരിപ്പിച്ചിട്ടുണ്ട്. വളരെ സ്വാഭാവികമായ അഭിനയമായി. അച്ഛനെ പോലെ തിളങ്ങുന്നില്ല മകൻ എന്ന പതിവ് ആരോപണത്തെ പ്രണവിന് മറികടക്കാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഭീതിയുടെ ഭാവങ്ങൾ നിസ്സംഗതയല്ല എന്നതാണ്. നിർമമ്മത പ്രണവിന് സ്ഥയായി സഹജമായി പ്രകടമാക്കുന്ന വികാരമാണ്. ഈ വികാരം ഇതര വികാരാവിഷ്‌ക്കാരങ്ങളെയെല്ലാം അടിച്ചമർത്തുന്നുവെന്ന യാഥാർഥ്യത്തെ പ്രണവ് തിരിച്ചറിയേണ്ടതാണ്. താൻ ഡേറ്റ് ചെയ്യ്തിരുന്ന പെണ്ണ് ആത്മഹത്യ ചെയ്തത് റോഹനു ഒരു നടുക്കവും സൃഷ്ടിചിട്ടില്ല എന്ന ഭാവമാണെങ്കിൽ, അവളുടെ വീട്ടിൽ പോയി വന്നതിനുശേഷം രോഹന് പ്രേതസാന്നിധ്യത്തിന്റെ മനോവിഭ്രാന്തിയുണ്ടാകുന്നത്. നവമില്ലീനിയൽ തലമുറയിൽപ്പെട്ട യു എസിൽ വളർന്ന റോഹൻ ഡേറ്റിങ് അവസാനിപ്പിച്ചതിനെകുറിച്ചൊക്കെ പറയുമ്പോൾ ‘ഘോസ്റ്റിങ്’ (ghosting) പോലുള്ള ന്യൂ ജെൻ പദാവലികൾ ഉപയോഗിക്കുന്നവനായിരിക്കെ തന്നെ മനോവിഭ്രാന്തിക്ക് മനഃശാസ്ത്ര കൗൺസിലറെ തേടിപ്പോവുകയല്ല പ്രേതാത്മാവിനെ നാട്ടിൽ നിന്നും ഉച്ചാടനം ചെയ്യാൻ ക്രിയകൾ എന്താണെന്നാണ് അന്വേഷിക്കാനാണ് പോകുന്നത്, ഇതിലൂടെ വ്യക്തമാവുന്നത് തലമുറയേതായാലും അലമുറയിടുന്ന ഈ നവോത്ഥാനന്തരകാലത്തിലും കുട്ടിച്ചാത്തൻ സേവയുടെ വർദ്ധിത പ്രാധാന്യമാണ്. പെൻഷൻപറ്റാതെ, മൃത്യുവരിക്കാതെ, അടക്കം ചെയ്യപ്പെടാത്ത എന്തോരം ഭൂതാത്മാക്കളാണ് ഈ കേരളം നിറച്ചും.

‘ഡയസ് ഐറെ’ സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്റർ

ഭൂതങ്ങൾ വേട്ടയാടുമ്പോൾ ഒരു പൂണൂൽ അണിഞ്ഞ ശരീരം വേണമെന്ന് എന്തോ നിർബന്ധമുണ്ടെന്നു തോന്നുന്നു രാഹുൽ സദാശിവനു. ഇതിലെ പ്രേത ഇൻവെസ്റ്റിഗേറ്റർ ഒരു ബ്രാഹ്‌മണനാണ്. അദ്ദേഹത്തിന്റെ പിതാക്കന്മാർ അറിയപ്പെടുന്ന പ്രേത ഇൻവെസ്റ്റിഗേറ്റർമാരും ഉച്ചാടകരുമായിരുന്നു. പക്ഷെ, യുക്തിവാദികൾ വിപ്ലവം സൃഷ്ടിച്ച കാലത്തിലാണ് അദ്ദേഹത്തിന്റെ പിതാവ് ജീവിച്ചിരുന്നതിനാൽ ഒന്നും സമ്പാദിച്ചില്ല. ഇത് കൃത്യമായും ചലച്ചിത്രത്തിൽ പറയുന്നുണ്ട്. മധു എന്ന പേരുള്ള ഈ കഥാപാത്രം പിന്നീട് കോൺട്രാക്ടർ പണിയാണ് ഏറ്റെടുക്കുന്നത്. ചലച്ചിത്രത്തിന്റെ ഒടുക്കമാകുമ്പോഴേക്കും. പുതിയ ക്ലൈന്റ്‌സ് അദ്ദേഹത്തെ തേടി വരാൻ തുടങ്ങുന്നു- പ്രേത ഇന്വെസ്റ്റിഗേഷന്. എസ്സെൻസ് യുക്തിവാദികളെ പ്രേതങ്ങൾക്ക് പവനനെ പോലെയുള്ള യുക്തിവാദികളോടുള്ള പേടിയില്ല. അതുകൊണ്ടു വ്യാപകമായി പ്രേതങ്ങൾ പലയിടങ്ങളിലായും രംഗപ്രവേശം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. അതേപോലെ എടുത്തുപറയേണ്ടതാണ് ഷൈൻ ടോം ചാക്കോയുടെ പ്രേതസാനിധ്യം.

പ്രേതങ്ങളെ അവരുടെ നിരാലംബ അവസ്ഥയിൽ നിന്നും ഏതെങ്കിലും ഭാവനാശാലി മോചിപ്പിക്കുമോ എന്നതുകൂടി ആഭ്യർത്ഥിക്കാൻ ഈയവസരത്തിൽ ആഗ്രഹിക്കുന്നു. രാത്രി മാത്രമേ ഇവർക്ക് ഇറങ്ങി നടക്കാനോ പറക്കാനോ പറ്റുള്ളൂ എന്നത് അവരെ തീർത്തും അതിദുർബലരാക്കുന്നു. അത് മാറ്റപ്പെടേണ്ടതാണ്. ഛായാഗ്രാഹകൻ വേണുവിനോട് അദ്ദേഹത്തിന്റെ മുത്തശ്ശൻ പ്രസിദ്ധ കഥാകാരൻ കാരൂർ വേണുവിന്റെ ബാല്യത്തിലെ രാത്രിപ്പേടി മാറ്റാൻ ഇങ്ങനെ പറഞ്ഞുവത്രേ: പകലുള്ളതൊക്കെയേ രാത്രിയുമുള്ളൂ. ഇത് ആർ ഉണ്ണിയാണ് എന്നോട് പറഞ്ഞത്. അങ്ങനെയൊന്നുമില്ലെങ്കിൽ ആർ ഉണ്ണിയുടെ ഭാവനയായി കരുതി എന്നെ വിധിദിനത്തിൽ നിന്നും രക്ഷപ്പെടുത്തണമെന്നും ആരോടാണെങ്കിലും അഭ്യർത്ഥിക്കുന്നു.

 


ഈ പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

ദാമോദർ പ്രസാദ്

എഴുത്തുകാരൻ, സാമൂഹിക, സാംസ്കാരിക മാധ്യമ നിരീക്ഷകൻ