A Unique Multilingual Media Platform

Articles National Politics

വേഗതയൊ വേട്ടയാടലൊ ? : പുതിയ മൂന്ന് മണിക്കൂർ ഐ ടി നിയന്ത്രണത്തിന് പിന്നിലെ രാഷ്ട്രീയ തന്ത്രങ്ങൾ

  • February 12, 2026
  • 1 min read
വേഗതയൊ വേട്ടയാടലൊ ? :  പുതിയ മൂന്ന് മണിക്കൂർ ഐ ടി നിയന്ത്രണത്തിന് പിന്നിലെ രാഷ്ട്രീയ തന്ത്രങ്ങൾ

ഭരണതലത്തിൽ കൊണ്ട് വരുന്ന മാറ്റങ്ങൾ വളർച്ചയ്ക്ക് അനിവാര്യമാണ് എന്നത് പൊതുതത്വം. എന്നാൽ ഈ തലത്തിൽ മാറ്റങ്ങളും മാറ്റങ്ങളുമുണ്ട്. ചില മാറ്റങ്ങൾ കേവലം ഭരണപരമോ സാങ്കേതികമോ സമ്പ്രദായപരമോ അല്ല. അവയിൽ മറഞ്ഞും തെളിഞ്ഞും കുടി കൊള്ളുന്ന പ്രത്യയശാസ്ത്രപരവും ദാർശനികവുമായ ആഴത്തിലുള്ള  അടിയൊഴുക്കുകളുണ്ടാകും. 

നിയമവിരുദ്ധമായഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സമയപരിധി 36മണിക്കൂറിൽ നിന്ന് കേവലം രണ്ട് അല്ലെങ്കിൽ മൂന്ന് മണിക്കൂറായി ചുരുക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം അത്തരത്തിലൊന്നാണ്.

2021-ലെ ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) ചട്ടങ്ങളിലെ ഈ പ്രധാന ഭേദഗതി പുറമെ നിന്ന് നോക്കുമ്പോൾ സാങ്കേതികമെന്നേ തോന്നൂ. എന്നാൽ അന്തസത്തയിൽ അത് തീരെ ഇടുങ്ങിയ ചിന്താഗതിയിൽ നിന്ന് ഉടലെടുത്തതും വേട്ടയാടുന്നതും ബലപ്രയോഗം നിറഞ്ഞതുമാണെന്ന് വേണം വിലയിരുത്താൻ. 

സമ്മതമില്ലാതെയുള്ള സ്വകാര്യ ചിത്രങ്ങൾ (non-consensual intimate imagery) നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഇനി വെറും രണ്ട് മണിക്കൂറേ ലഭിക്കൂ. മറ്റ് നിയമവിരുദ്ധഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ മൂന്ന് മണിക്കൂറും. നേരത്തെ ഇത് 24 മുതൽ 36 മണിക്കൂർ വരെയായിരുന്നു.

ലോകത്തൊരിടത്തും ഇത്തരമൊരു കുറഞ്ഞ സമയപരിധിയില്ലെന്നാണ് വ്യവസായ മേഖലയിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.  അതായത് ഇതൊരു സാധാരണ സമയനിയന്ത്രണമല്ല, മറിച്ച് അസാധാരണമായൊരു കൈകടത്തലാണ്. ഇത് കേവലം മണിക്കൂറുകൾ വെട്ടിക്കുറയ്ക്കുന്നതല്ല, മറിച്ച് അധികാരത്തിന്റെയും ഘടനകളുടെയും രൂപാന്തരമാണ്. 

 

നിയമവിരുദ്ധതവിധിക്കുന്ന മൂന്ന് മണിക്കൂർ

ഇന്ത്യയിൽ നിയമവിരുദ്ധമായഉള്ളടക്കം എന്നത് സങ്കുചിതമായി നിർവചിക്കപ്പെട്ട കാര്യമല്ല.  ഐ.പി.സി, ഐ.ടി ആക്ട്, ഭീകരവിരുദ്ധ നിയമങ്ങൾ, അപകീർത്തി നിയമങ്ങൾ, രാജ്യദ്രോഹ വ്യവസ്ഥകൾ, ക്രമസമാധാന തത്വങ്ങൾ എന്നിങ്ങനെ വിപുലമായ നിയമങ്ങളിലൂടെയാണ് സംസാര സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നത്. രാഷ്ട്രീയ പ്രസംഗങ്ങൾ, ആക്ഷേപഹാസ്യം, അന്വേഷണാത്മക റിപ്പോർട്ടുകൾ, വിയോജിപ്പുകൾ, ഉദ്യോഗസ്ഥർക്കെതിരെയുള്ള വിമർശനങ്ങൾ തുടങ്ങിയവയൊക്കെ പലഘട്ടങ്ങളിൽ നിയമപരമായ പരിശോധനകളെ നേരിടേണ്ടിവരാറുണ്ട്. 

പുതിയ ഭേദഗതി പ്രകാരം, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പ്ലാറ്റ്‌ഫോമുകൾ നിയമവിരുദ്ധഉള്ളടക്കങ്ങളെക്കുറിച്ച് തീരുമാനമെടുക്കേണ്ടി വരും. പലപ്പോഴും ഒരു ബോർഡ് മീറ്റിംഗ് നടത്തുന്നതിനോ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനോ ഉള്ള സമയം പോലും ലഭിക്കില്ലെന്നർത്ഥം. 

ഈ നിയമം പാലിക്കുന്നതിൽ വീഴ്ചയുണ്ടാകുന്ന പക്ഷംഐ.ടി ആക്ടിലെ സെക്ഷൻ 79 പ്രകാരമുള്ള സേഫ് ഹാർബർസംരക്ഷണം നഷ്ടപ്പെട്ടേക്കാം.  ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ (യൂസർ ജനറേറ്റഡ് ഉള്ളടക്കം) പ്രസാധകരായി (publishers) ഇന്റർമീഡിയറികളെ കണക്കാക്കുന്നതിൽ നിന്ന് തടയുന്ന കവചമാണിത്. ആ കവചം ഇല്ലാതായാൽ ഓരോ പോസ്റ്റും നിയമപരമായ ബാധ്യതയായി മാറും, ഓരോ കാലതാമസവും നിയമനടപടികളിലേക്ക് നയിക്കുകയും ചെയ്തേക്കാം.

ഇതിൻ്റെ ഘടന വളരെ വ്യക്തമാണ്നിയമവിരുദ്ധതയെ വിശാലമായി നിർവചിക്കുക, നിയമപാലനത്തിനുള്ള സമയപരിധി വെട്ടിക്കുറയ്ക്കുക, നിയമം പാലിക്കാത്ത പക്ഷം നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന അപകടസാധ്യതകൾ ഏർപ്പെടുത്തുക. സെൻസർഷിപ്പ് നടപ്പിലാക്കാൻ സ്റ്റേറ്റിന് പ്രത്യേക നിർദ്ദേശങ്ങൾ നൽകേണ്ടി വരുന്നില്ല. നിലവിലുള്ള ഈ സംവിധാനം തന്നെ സെൻസർഷിപ്പിന് സമാനമായ ഫലം നൽകും. നിയമപരമായ അനിശ്ചിതത്വവും അതിസൂക്ഷ്മമായ സമയപരിധിയും നേരിടുമ്പോൾ, പ്ലാറ്റ്‌ഫോമുകൾ പരിധിയിൽ കവിഞ്ഞ നിയന്ത്രണങ്ങൾ (over-comply) സ്വയം ഏർപ്പെടുത്തും. അടുത്ത കാലത്തായി പൊതുവെ മാധ്യമങ്ങൾ പ്രത്യേകിച്ച് അച്ചടി-ദൃശ്യ മാധ്യമങ്ങളിലെ ചില വിഭാഗങ്ങൾ ചെയ്യുന്നത് ഭീഷണി നേരിടുമ്പോൾ ഉടനടി ഉള്ളടക്കം നീക്കം ചെയ്യുകസംശയമുള്ളവയെ റദ്ദാക്കുക എന്നതാണ്. പുതിയ തീരുമാനം കൂടി വന്നതോടെ കൃത്യമായ നിയമനടപടികളെല്ലാം സമയപരിധിക്കനുസരിച്ചുള്ള കസർത്തുകളായി മാറിയേക്കും. 

കാട്ടിക്കൂട്ടൽ കൂടിയാലോചനകൾ  

പുതിയ ഭേദഗതികൾ നടപ്പാക്കുന്നതിന് മുമ്പ് ഔദ്യോഗികമായ കൂടിയാലോചനകളൊന്നും തങ്ങളുമായി നടത്തിയിട്ടില്ലെന്നാണ് ടെക്നോളജി കമ്പനികൾ പറയുന്നത്.  എന്നാൽ അവശ്യമായ ചർച്ചകൾ നടത്തിയെന്നും ദോഷകരമായ ഉള്ളടക്കങ്ങൾക്കെതിരെ വേഗത്തിൽ നടപടിയെടുക്കണമെന്ന് ജനങ്ങളിൽ നിന്ന് ആവശ്യം ഉയർന്നുവെന്നുമാണ് സർക്കാർ ഉദ്യോഗസ്ഥരുടെ വാദം. 

കൊക്കെത്ര കുളം കണ്ടതാ എന്നു പറയുന്നത് പോലെ കഴിഞ്ഞ ഏതാനും വർഷങ്ങളായിനമുക്ക് ഈ രീതി പരിചിതമായി കഴിഞ്ഞു. 2021-ലെ ആദ്യകാല നിയമങ്ങൾ മുതൽ ഡാറ്റാ ഗവേണൻസ് ചട്ടക്കൂടുകൾ വരെയുള്ള പ്രധാന ഡിജിറ്റൽ നയരൂപീകരണങ്ങളെല്ലാം നാമമാത്രമായ ചർച്ചകളോടെയാണ് പുറത്തുവരുന്നത്. 

ഇനി ചർച്ചകൾ നടക്കുന്നുണ്ടെങ്കിൽ തന്നെ, അവ അടിസ്ഥാനപരമായ മാറ്റങ്ങൾ നിർദ്ദേശിക്കുന്നതിന് പകരം, തീരുമാനങ്ങൾ എടുത്തതിനുശേഷം നടത്തുന്ന വാചക കസർത്തുകൾ മാത്രമായിരിക്കും. 

ഭരണശൈലിയെ നിർവചിക്കേണ്ടത് അതിന്റെ വേഗതയാകണമെന്ന് കേരളത്തിലെ ഒരു മുൻ മുഖ്യമന്ത്രി പറയാറുണ്ടായിരുന്നു. മോദി 3.0 സർക്കാരിലെ ഐടി മന്ത്രാലയം ആ ശൈലിയിലേക്ക് ഒറ്റയടിക്കൊരു ക്വാണ്ടം കുതിച്ചുചാട്ടം (quantum-leap) തന്നെ നടത്തിയിരിക്കുകയാണ്.

ഒരു കാര്യം നിയമവിരുദ്ധമാണോ എന്ന് തീരുമാനിക്കുന്നതിന് പലപ്പോഴും സാഹചര്യങ്ങളെ മുൻനിർത്തിയുള്ള വിലയിരുത്തൽ ആവശ്യമാണ്. നിയമപാലകരിൽ നിന്നുള്ള നിർദ്ദേശങ്ങൾ പലപ്പോഴും ശരിയാകണമെന്നില്ല. വൻതോതിലുള്ള കണ്ടന്റ് മോഡറേഷൻ (moderation at scale) ഇപ്പോൾ തന്നെ തെറ്റായ നീക്കം ചെയ്യലുകൾക്കും വിവേചനപരമായ നടപടികൾക്കും കാരണമാകുന്നുണ്ട്.  പ്രതികരണ സമയം കുറയ്ക്കുന്നത് ഈ അവ്യക്തതയെ ഇല്ലാതാക്കുന്നതിന് പകരം അതിനെ ഗുരുതരമാക്കുന്നു. മൂന്ന് മണിക്കൂർ എന്നത് കൃത്യമായ പരിശോധനയ്ക്കോ, ആനുപാതികമായ നടപടിക്കോ, അർത്ഥവത്തായ അപ്പീലിനോ സമയം നൽകുന്നില്ല. ഇത് വിധിനിർണ്ണയിക്കാനുള്ള അധികാരത്തെ കോടതികളിൽ നിന്ന്, നിയമപരമായ ഭീഷണി നേരിടുന്ന  വിധേയത്വ സമ്മതി നൽകുന്ന എക്സിക്യൂട്ടീവ് ഇരിപ്പിടങ്ങളിലേക്ക്’ (compliance desks) മാറ്റുന്നു.

വ്യാപാരകരാറിൻ്റെ നിഴൽ

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ പ്രഖ്യാപിച്ച്, ദിവസങ്ങൾക്കുള്ളിൽ നടന്ന ഭേദഗതി എന്ന നിലയിൽ ഇതിന് ഭൗമരാഷ്ട്രീയപരമായി വളരെ പ്രധാന്യമുണ്ട്.

ഇന്ത്യയുടെ ഡിജിറ്റൽ മേഖല ഭരിക്കുന്നത് മെറ്റാ (Meta), ഗൂഗിൾ, യൂട്യൂബ്, എക്സ് (X), ഓപ്പൺ എഐ (OpenAI), അഡോബി തുടങ്ങിയ അമേരിക്കൻ ആസ്ഥാനമായുള്ള കമ്പനികളാണ്. ഈ നിയമങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ പ്ലാറ്റ്‌ഫോമുകളെയാണ് ബാധിക്കുന്നതെങ്കിലും കൂടുതൽ ഉപയോക്തൃ അടിത്തറയുള്ള അമേരിക്കൻ കമ്പനികൾക്കും ഇതിൻ്റെ പരിണിതഫലങ്ങൾ അനുഭവപ്പെട്ടേക്കാം. 

സാധാരണ തങ്ങളുടെ ടെക് ഭീമന്മാർക്കെതിരെ വിദേശ രാജ്യങ്ങളിൽ നിന്ന് നിയന്ത്രണങ്ങളോ സമ്മർദ്ദങ്ങളോ ഉണ്ടായാൽ വാഷിംഗ്ടൺ അടങ്ങിയിരിക്കാറില്ല. മുമ്പ് അമേരിക്കൻ ടെക് കമ്പനികൾക്കെതിരെ യൂറോപ്യൻ യൂണിയന്റെ നടപടിയെടുത്തപ്പോൾ യുഎസ് വിമർശിച്ച സംഭവം ഇതിനൊരു ഉദാഹരണമാണ്. 

ഇന്ത്യയുടെ ഈ നിയമവ്യവസ്ഥ കടുപ്പമാണെന്ന തോന്നലുണ്ടായാൽ മതി, വിഷയം ആഭ്യന്തര നടപടികളിൽ നിന്ന് നയതന്ത്രപരമായ ഉരസലുകളിലേക്ക് വഴിമാറിയേക്കാം. 

ഡിജിറ്റൽ പരമാധികാരം നിയമാനുസൃതമായൊരു അഭിവാഞ്ഛയാകാം. എന്നാൽ ഈ പരമാധികാരത്തിൻ്റെ പ്രയോഗം തിരക്കിട്ട വ്യാപാര ചർച്ചകൾക്കിടെയാണെങ്കിൽ, അതിലൊരു തന്ത്രപരമായ കണക്കുക്കൂട്ടലുണ്ടെന്ന് വ്യക്തം. 

 

എ ഐ; ആശയും ആശങ്കയും വാനോളം

 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങളോടുള്ള ഇന്ത്യയുടെ നിയന്ത്രണ നിലപാടുകളെ പാടെ മാറ്റിമറിച്ചിരിക്കയാണ് ഈ ഭേദഗതികൾ. ഉള്ളടക്കത്തിൻ്റെ 10 ശതമാനമെങ്കിലും വ്യക്തമായ എഐ ലേബലുകൾ സ്ഥാപിക്കണമെന്നായിരുന്നു ആദ്യ കരടിൽ നിർദ്ദേശിച്ചിരുന്നത്.  

ഇത് ദൃശ്യപരതയ്ക്ക് തടസമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തകരിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് അന്തിമ കരടിൽ നിന്ന് ഈ ശതമാനക്കണക്ക് അപ്രത്യക്ഷമായെങ്കിലും ലേബലുകൾ “വ്യക്തമായി കാണത്തക്ക രീതിയിൽ” (prominently visible) വേണമെന്ന് കർശന നിബന്ധനയുണ്ട്. 

ഈ വിട്ടുവീഴ്ച വെറുമൊരു പുറംപൂച്ച് മാത്രമാണ്. ഇതിൻ്റെ ഉള്ളുകളികൾ വളരെ വലുതാണ്. നിയമം ലംഘിക്കുന്ന തരത്തിലുള്ള കൃത്രിമ ഉള്ളടക്കങ്ങളെക്കുറിച്ച് (synthetic content) അറിവ് ലഭിച്ചാൽ പ്ലാറ്റ്‌ഫോമുകൾ “അതിവേഗം” നടപടിയെടുക്കണം. യഥാർത്ഥ സംഭവങ്ങളെയോ വ്യക്തികളെയോ എഐ ഉപയോഗിച്ച് തെറ്റായി ചിത്രീകരിക്കുന്നത് തടയാൻ “യുക്തിസഹമായ” സാങ്കേതിക നടപടികൾ സ്വീകരിക്കണം. ഉള്ളടക്കം കൃത്രിമമായി നിർമ്മിച്ചതാണെങ്കിൽ ഉപയോക്താക്കൾ അത് വെളിപ്പെടുത്തുകയും വ്യക്തമായി ലേബൽ ചെയ്യുകയും വേണം.

യുക്തിസഹമായ”, “അനുയോജ്യമായ”, “അതിവേഗത്തിലുള്ള” തുടങ്ങിയ പദപ്രയോഗങ്ങൾ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (RSS) നേതൃത്വത്തിലുള്ള സംഘപരിവാറിന്റെ പരീക്ഷിച്ചു തെളിഞ്ഞ ബഹുമുഖ ഭാഷണതന്ത്രത്തിന് ചേരുംപടി ചേരുന്നതാണ്. സമയപരിധി നിയന്ത്രണത്തിനൊപ്പം ഇത്തരം അവ്യക്തമായ ഭാഷ കൂടി ചേരുമ്പോൾ അത് പലവിധ വ്യാഖ്യാനങ്ങളിലേക്ക് വഴിതുറക്കുന്നു. അത് തന്നെയാണിതിൻ്റെ പ്രധാന വൈരുദ്ധ്യവും. 

ആഗോള എഐ ശക്തിയാകാനുള്ള അഭിലാഷം ഇന്ത്യ തുറന്ന് പ്രഖ്യാപിക്കുന്നുണ്ട്. രാജ്യം ഉച്ചകോടികൾ സംഘടിപ്പിക്കുന്നു, ഇന്നൊവേഷൻ മിഷനുകൾ പ്രഖ്യാപിക്കുന്നു, തദ്ദേശീയമായ ലാർജ് ലാംഗ്വേജ് മോഡലുകളെക്കുറിച്ചും കയറ്റുമതി ചെയ്യാവുന്ന ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെക്കുറിച്ചും സംസാരിക്കുന്നു. ഫെബ്രുവരി 20 ‘ഇന്ത്യാ-എഐ ഇംപാക്ട് സമ്മിറ്റ്സമാപിക്കുന്ന ദിവസം തന്നെയാണ് ഭേദഗതി ചെയ്ത നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതെന്നതും സാങ്കേതിക മേഖലയ്ക്ക് ഒരാഘോഷം തന്നെയാണ്. 

എന്നിരുന്നാലും, ഈ അഭിലാഷത്തോടൊപ്പം തന്നെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാനുള്ള വാസനയും നിലനിൽക്കുന്നത്. എഐ സാധ്യതകളെ പ്രോത്സാഹിപ്പിക്കുന്ന അതേ ഭരണസംവിധാനം തന്നെയാണ്, ഇപ്പോൾ കടുത്ത നിയമങ്ങളുടെ ഭീഷണിയിൽ എഐ ഔട്ട്‌പുട്ടുകളുടെ തത്സമയ നിരീക്ഷണം (real-time policing) നിർബന്ധമാക്കുന്നത്. സ്റ്റോപ്പ് വാച്ചിനാൽ നിയന്ത്രിക്കപ്പെടുന്ന എഐ സൂപ്പർ പവർ!

നവീകരണങ്ങളും പുതുമയുള്ള മാറ്റങ്ങളും മുന്നോട്ടു പോകണമെങ്കിൽ കൃത്യമായ നിയമം നടപ്പാക്കലും വ്യക്തമായ നിയന്ത്രണങ്ങളും അനിവാര്യമാണ്. സമയപരിധി നിയന്ത്രണവും ശിക്ഷാനടപടികളും ഇതു സംബന്ധിച്ച അനിശ്ചിതത്വവും സാങ്കേതികവിദ്യയുടെ വളർച്ചയെ ഒറ്റരാത്രികൊണ്ട് തളർത്തില്ലായിരിക്കാം. പക്ഷെ, ഉറപ്പായുമത് ലക്ഷ്യങ്ങളെ വ്യതിചലിപ്പിക്കും. സർക്കാരും ഏജൻസികളും ഡിജിറ്റൽ മീഡിയയിലെ തെറ്റായ ഉള്ളടക്കങ്ങളെക്കുറിച്ച് പറയുന്നതിൽ കഴമ്പുണ്ട്. അതിവേഗമാണ് ഇൻ്റർനെറ്റിലൂടെ തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പരക്കുന്നത്.  ഡീപ്‌ഫേക്കുകൾ, വ്യാജ പ്രചാരണങ്ങൾ, അനുവാദമില്ലാതെ ചിത്രങ്ങൾ ഉപയോഗിക്കുന്നത്, ആസൂത്രിതമായി വിദ്വേഷം പരത്തുന്നത് തുടങ്ങിയവ വ്യക്തിഹത്യയ്ക്കും സാമൂഹ്യ അസ്ഥിരതയ്ക്കും കാരണമാകുന്നവയാണ്. ഇതൊക്കെ ദോഷകരമാണെന്ന് യഥാർത്ഥ്യമാണ്. എന്നാൽ ആലോചനയില്ലാതെ എടുപിടിയെന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ രീതിയല്ല എന്നതിലും ഒരു സംശയവുമില്ല. 

ഒരു ജനാധിപത്യ ചട്ടക്കൂടിൽ  ദോഷകരമായ കാര്യങ്ങൾ തടയുന്നതിന് നടപടിക്രമങ്ങളിലെ സുതാര്യതയും കൃത്യതയും വളരെ പ്രധാനമാണ്. ഇത്തരമൊരു സന്തുലിതാവസ്ഥയ്ക്കെതിരാണ് നിലവിലെ മൂന്നുമണിക്കൂർ നിയമം. അത് അധികാരത്തെ നീതിന്യായ വ്യവസ്ഥയുടെ മേൽനോട്ടത്തിൽ നിന്ന്  ഭരണനിർവഹണ വ്യവസ്ഥയുടെ നിർദ്ദേശങ്ങളിലേക്കും കോർപ്പറേറ്റ് കംപ്ലയൻസ് യൂണിറ്റുകളിലേക്കും മാറ്റുന്നു. ഇത് പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിന് മാത്രമല്ല, തീരുമാനങ്ങളുടെ പുനർനിർണ്ണയിക്കപ്പെടുന്നതിനെക്കൂടി സാരമായി ബാധിക്കുന്നു.  മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സെൻസർഷിപ്പ് പരസ്യമായി പ്രഖ്യാപിക്കേണ്ടതില്ലെന്നും അത് ഘടനാപരമായിത്തന്നെ നടപ്പിലാക്കാമെന്നുമുള്ള കേന്ദ്ര ഭരണ നിർവഹണ സംവിധാനത്തിൻ്റെ തുറന്ന പ്രഖ്യാപനമാണിത്.

 

വരാനിരിക്കുന്ന നിയമ വെല്ലുവിളികൾ

എന്തായാലും പുതിയ ഭേദഗതികൾ കോടതി കയറുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിലുള്ള സൂചനകൾ അനുസരിച്ച് വ്യവസായ സംഘടനകൾ ഒറ്റക്കെട്ടായി ഈ സമയപരിധിയുടെ യുക്തിയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.  പൗരാവകാശ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വ്യാപാര ചർച്ചകളിലും നിശബ്ദമായി ചോദ്യങ്ങൾ ഉയർന്നേക്കാം. 

എങ്കിലും കോടതിമുറികൾക്കും ചർച്ചാമേശകൾക്കും അപ്പുറം കൂടുതൽ മൗലികമായ ഒരു അന്വേഷണം ബാക്കിയുണ്ട്. ലോകത്തിലെ ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളിൽ ഉള്ളടക്കം നീക്കം ചെയ്യണമെന്ന് നിർബന്ധിച്ചുകൊണ്ട്, ഒരു ജനാധിപത്യ രാജ്യത്തിന് ഊർജ്ജസ്വലമായ ഒരു ഡിജിറ്റൽ പൊതുമണ്ഡലത്തെ സംരക്ഷിക്കാനാകുമോ? അതോ വേഗതഎന്നത് ഒരു ഭരണ പ്രത്യയശാസ്ത്രമായി മാറുകയും, അവിടെ ചർച്ചകൾ ഒഴിവാക്കപ്പെടുകയും അവ്യക്തതകൾ പ്രയോഗവൽക്കരിക്കപ്പെടുകയും സംവാദങ്ങൾക്ക് പകരം നിയമവിധേയത്വം (compliance) മാത്രം പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുമോ?

വിവരങ്ങൾ ഡിജിറ്റൽ വേഗതയിൽ സഞ്ചരിക്കുന്ന ഈ കാലഘട്ടത്തിൽ ഭരണകൂട നിയന്ത്രണങ്ങളും ആ വേഗത കൈവരിക്കണമെന്നാണ് മോദി സർക്കാർ വാദിക്കുന്നത്. ഒരുപക്ഷേ അത് ശരിയായിരിക്കാം. എന്നാൽ നിയന്ത്രണങ്ങൾ ചിന്തയേക്കാൾ വേഗത്തിൽ സഞ്ചരിക്കുമ്പോൾ, ക്ലോക്ക്വെറുതെ സമയം അളക്കുകയല്ല ചെയ്യുന്നത്, അത് അധികാരത്തെക്കൂടി പുനർക്രമീകരിക്കുകയാണ്. 

മൂന്ന് മണിക്കൂർ എന്നത് കേവലം ഒരു സമയപരിധിയല്ല. ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിൽ  ഭരണകൂടം അതിന്റെ താളം നിശ്ചയിച്ചിരിക്കുന്നുവെന്നും ബാക്കിയുള്ളവർ ആ താളത്തിനൊത്ത് നീങ്ങണമെന്നുമുള്ള ഒരു പ്രഖ്യാപനമാണത്. തീർച്ചയായും, ജീവിതത്തിന്റെയും സമൂഹത്തിന്റെയും മറ്റ് മേഖലകളിൽ നടത്തുന്ന ഏകാധിപത്യപരമായ ഭരണ പരീക്ഷണങ്ങളുടെ ഒരു തുടർച്ചയാണിത്.

 

About Author

വെങ്കിടേഷ് രാമകൃഷ്ണൻ

ദി ഐഡം മാനേജിങ് എഡിറ്ററും സി.എം.ഡിയും. 'ഫ്രണ്ട് ലൈൻ' സീനിയർ അസ്സോസിയേറ്റ് എഡിറ്റർ ആയി പ്രവർത്തിച്ചു. ദീഘകാലം രാഷ്ട്രീയ നിരീക്ഷണ-മാധ്യമ പ്രവർത്തകനായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനം.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.