വെനിസ്വേലയ്ക്കു ശേഷം ഇറാനോ?
വെനിസ്വേലയിൽ കടന്നു കയറുകയും ബോംബുകൾ വർഷിക്കുകയും ചെയ്തതിനു ശേഷം, പ്രസിഡന്റ് മദൂറോയെയും ഭാര്യയെയും കടത്തിക്കൊണ്ടു പോകുന്ന തരം തെമ്മാടിത്തപ്രവർത്തനത്തിലൂടെ അമേരിക്കൻ സാമ്രാജ്യത്വം മാഫിയകളുടെയും യുദ്ധപ്രഭുക്കളുടെയും ലോകപൊലീസിന്റെയും പര്യായമായി മാറിയിരിക്കുകയാണ്. ഹോളിവുഡ് സിനിമകളിൽ കാണാറുള്ള ഭീകര വലുപ്പമുള്ള മനുഷ്യനോ കുരങ്ങോ ഗോറില്ലയോ ദിനോസറോ അന്യഗ്രഹജീവിയോ അതോ യന്ത്രമനുഷ്യനോ എല്ലാമാണ് അമേരിക്കൻ ഭരണകൂടവും അതിന്റെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും എന്നും നിരീക്ഷിക്കാം. വെനിസ്വേലയുടെ പിന്നാലെ ഇറാനിലും അമേരിക്ക കടന്നുകയറിയേക്കും എന്ന് ലോകത്തെമ്പാടുമുള്ള മനുഷ്യസ്നേഹികളും സമാധാനകാംക്ഷികളും ഭയക്കുന്നു. അമേരിക്കയിലെ തീവ്ര വലതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന മാഗാ (MAGA – മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍) മാതൃകയില്‍ മെയ്ക്ക് ഇറാന്‍ ഗ്രേറ്റ് എഗൈന്‍ എന്നെഴുതിയ ഒരു തൊപ്പി ധരിച്ച് ഡൊണാള്‍ഡ് ട്രമ്പ് കഴിഞ്ഞ ദിവസം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതെല്ലാം നല്‍കുന്ന സൂചനകള്‍ വ്യക്തമാണ്.
ഈ സാഹചര്യത്തിൽ എന്താണ് ഇറാനിലെ സ്ഥിതിഗതികൾ എന്ന് സാമാന്യമായി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. അത്തരമൊരന്വേഷണമാണ് ഈ കുറിപ്പ്. പാശ്ചാത്യ മാധ്യമങ്ങൾക്കു പകരം ഇറാനിലും മിഡിൽ ഈസ്റ്റിലുമുള്ള മാധ്യമങ്ങളെയും കൂടാതെ അവിടങ്ങളിലെല്ലാമുള്ള സുഹൃത്തുക്കളെയുമാണ് ഇതിനായി ആശ്രയിച്ചത്.
വര്‍ഷാവസാനത്തില്‍ തുടങ്ങിയ പ്രക്ഷോഭങ്ങൾ രാജ്യമെങ്ങും വ്യാപിച്ചിരിക്കുകയാണ്. ഗാസയിലെ വെടിനിർത്തലും അതിനു മുമ്പുണ്ടായ സിറിയയിലെ ഭരണമാറ്റവും ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷവും ഹിസ്ബുള്ള പിൻ വാങ്ങിയതുമെല്ലാം കഴിഞ്ഞ് ഇപ്പോള്‍ ഇറാനിൽ കൊടുമ്പിരിക്കൊള്ളുന്ന ആഭ്യന്തര പ്രതിഷേധങ്ങൾ ഏതു ദിശയിലേയ്ക്കു നീങ്ങുമെന്ന് പ്രവചിക്കാനാവില്ല.

ഇറാനിയൻ കറൻസിയായ റിയാലിന്റെ മൂല്യത്തകർച്ചയാണ് ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നത്. ദശലക്ഷക്കണക്കിന് റിയാൽ കൊടുത്താലേ ഒരു യു എസ് ഡോളർ ലഭിയ്ക്കൂ എന്നതാണ് സ്ഥിതി. ദിവസം തോറും വിനിമയനിരക്ക് കൂടി വരുന്നതിനാൽ നിത്യോപയോഗ വസ്തുക്കളും മറ്റും സാധാരണക്കാർക്ക് അപ്രാപ്യമാകുന്ന അവസ്ഥ സംജാതമായേക്കാം.
ഇപ്പോൾ നൽകി വരുന്ന മാസ വാടക ഇരട്ടിയായേക്കും, മരുന്നുകൾ കിട്ടാതായേക്കും, ജോലി നഷ്ടപ്പെട്ടേക്കാം, ചുരുക്കത്തിൽ ഇറാൻ ശ്രീലങ്ക ആയി മാറുമോ എന്നും പറയാനാവില്ല. എത്തെലാത്ത് എന്ന ദിനപത്രത്തിൽ മുസ്തഫ ദനാന്തേ എന്ന നിരീക്ഷകൻ പറയുന്നതു പോലെ, സാമാന്യ ജനങ്ങൾക്ക് അവരുടെ സ്വന്തം ജീവിതങ്ങളെ സംബന്ധിച്ച പദ്ധതികളെല്ലാം തകിടം മറിയുമോ എന്ന ഭീതി വ്യാപിച്ചിരിക്കുന്നു. ഡോളർ സംബന്ധിച്ച പ്രക്ഷോഭം, അരക്ഷിതാവസ്ഥ സംബന്ധിച്ച പ്രക്ഷോഭമാണ്, ആത്യന്തികമായി ജീവിതം സംബന്ധിച്ച പ്രക്ഷോഭമാണ് എന്നതാണ് യാഥാർഥ്യം.
ഭരണകൂടത്തിന് കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് പിടികിട്ടിയെന്നും ഇല്ലെന്നും പറയാം. പ്രതിഷേധക്കാരെ അടിച്ചമർത്താൻ പട്ടാളത്തെയും പൊലീസിനെയും വിന്യസിക്കുകയും ഇതിനകം തന്നെ ഏതാനും പ്രക്ഷോഭകർ കൊല്ലപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. അപ്പുറത്ത് സെൻട്രൽ ബാങ്ക് ഓഫ് ഇറാന്റെ മാനേജ്മെന്റിലേയ്ക്ക് അബ്ദൊൽ നാസർ ഹെമ്മന്തിയെപ്പോലുള്ളവരെ തിരിച്ചു കൊണ്ടുവരികയും സാമ്പത്തിക പരിഷ്കാരങ്ങൾ പ്രഖ്യാപിക്കുകയും ചെയ്യുന്ന രക്ഷാ പ്രവർത്തനങ്ങളും പ്രസിഡന്റ് മസൂദ് പെസെഷ്ക്കാൻ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
എന്നാൽ; അഹ്വാസ്, അരാക്ക്, ആസാദാബാദ്, ബാഗ്മലേക്ക്, ദർഗഹാൻ, ഡെഹ്ലൊറാൻ, ദൊറോദ്, ഫർസാൻ, ഫാസ, ഫോലാദ്ഷാർ, ഹമേദാൻ, ഇസ്ഫഹാൻ, ഇസേ, ജൂനാഖാൻ, കെർമാൻ, കെർമാൻഷാ, ഖൊറാമാബാദ്, കൂഹ്ദാഷ്ത്, ലഹിജാന്‍, ലോർദെഗാൻ, മലാർദ്, മലായേർ, മാർലിക്ക്, മഷാദ്, നഹാവാന്ദ്, നൂറാബാദ് മമാസാനി, ഖ്വാലേ ഹാസ്സൻ ഖാൻ, ഖ്വെഷ്മ്, സബ്സേവാർ, ഷാഹ്രെക്കോർദ്, ഷിറാസ്, ഉർമിയ, യാസ്ദ് എന്നീ ചെറുതും വലുതുമായ നഗരങ്ങളിൽ പ്രതിഷേധം അലയടിച്ചു. തലസ്ഥാന നഗരിയായ തെഹ്റാനിലും പ്രക്ഷോഭങ്ങൾ വ്യാപിച്ചതുകൊണ്ട് അന്താരാഷ്ട്ര മാധ്യമശ്രദ്ധയും നല്ല തോതിൽ ലഭിച്ചു.
1980ലെ ഇറാൻ ഇറാഖ് യുദ്ധകാലം മുതൽ വിദേശ വിനിമയങ്ങൾക്ക് പല നിരക്കുകൾ ആണ് ഇറാനിലുള്ളത്. മുൻ ഗണനാ ലിസ്റ്റിലുള്ള ഇറക്കുമതി ഉത്പന്നങ്ങൾക്ക് കുറഞ്ഞ എക്സ്ചേഞ്ച് റേറ്റും അല്ലാത്തവയ്ക്ക് കമ്പോള നിരക്കുമാണ്. ഇത് വൻ അഴിമതിയിലേയ്ക്കും അനിശ്ചിതത്വത്തിലേയ്ക്കുമാണ് ഇറാന്റെ സാമ്പത്തിക ലോകത്തെ തള്ളിവിട്ടിരിക്കുന്നത്. ഈ ഇരട്ട റേറ്റ് ഇപ്പോൾ എടുത്തു കളഞ്ഞിരിക്കുകയാണ്. പക്ഷെ സംഭവിക്കേണ്ട ആഘാതങ്ങൾ സംഭവിച്ചു കഴിഞ്ഞു.

കച്ചവടക്കാരാണ് തുടക്കത്തിൽ പ്രതിഷേധങ്ങൾ ആരംഭിച്ചത്. പിന്നീട് തൊഴിലാളികൾ ഒപ്പം ചേർന്നു. സാധാരണ പോലെ ഇന്റർനെറ്റ് നിരോധനം ഇതുവരെ പ്രാബല്യത്തിലായിട്ടില്ല. സാമുദായികവും വംശീയയവുമായ പ്രതിഷേധങ്ങൾ പോലെയല്ല സാമ്പത്തിക കാരണങ്ങളാലുള്ള പ്രതിഷേധങ്ങൾ എന്ന് ഭരണകൂടം കരുതുന്നുണ്ടോ എന്നറിയില്ല. അതേസമയം പ്രക്ഷോഭങ്ങളിൽ ഉയർന്നു കേൾക്കുന്ന പ്രധാന മുദ്രാവാക്യം ഖമേനിയുടെ ശിയാ പൗരോഹിത്യ ഭരണത്തിനെതിരെ തന്നെയാണ്.
2019ലും 2022ലും ഇതായിരുന്നില്ല സ്ഥിതി. ഇന്റർനെറ്റ് തടസ്സപ്പെടുത്തുകയും വിദേശത്തുള്ളവരുമായുള്ള ബന്ധങ്ങൾ അറുക്കുകയും വാർത്താ സെൻസർ ഷിപ്പ് ഏർപ്പെടുത്തുകയും ചെയ്തു. ഇപ്പോഴാവട്ടെ, പ്രതിഷേധിക്കാനുള്ള അവകാശം ഇറാനിയൻ ഭരണ ഘടന ഉറപ്പു നൽകുന്നുണ്ടെന്നാണ് പ്രസിഡന്റ് പെസെഷ്ക്കാൻ വരെ പറയുന്നത്.
ഡിസംബർ 31 മുതൽ സ്കൂളുകളും ആപ്പീസുകളും ഇറാനിലെ 31ൽ 26 പ്രവിശ്യകളിലും നാലു ദിവസത്തേയ്ക്ക് അടച്ചിട്ടിരിക്കുകയാണ്. നേപ്പാളിലും മറ്റും കണ്ടതുപോലെ ചില ജൻസീ ലക്ഷണങ്ങളും പ്രതിഷേധക്കാർക്കിടയിലുണ്ടെന്നതും കാണാതിരുന്നുകൂടാ. അതിലൊന്നാണ് നാടുകടത്തപ്പെട്ട റെസ പഹ്ലവി ഷാ എന്ന രാജകുമാരനെ തിരിച്ചു കൊണ്ടു വരണമെന്ന ആവശ്യം. ഇത് ജനാധിപത്യപരമായ പരിഹാരത്തിന് യോജിച്ച ഒന്നല്ല. മാത്രമല്ല, സമരക്കാര്‍ക്കു പിറകില്‍ വിദേശ ശക്തികളാണെന്ന മതപൗരോഹിത്യ ഭരണകൂടത്തിന്റെ ആക്ഷേപത്തിന് ഈ നിലപാട് ആക്കം കൂട്ടുകയാണ് ചെയ്യുക.
ഇസ്ലാമിക വിപ്ലവകാരികൾ തങ്ങളുടെ സഖ്യകക്ഷികളെയും വിപ്ലവത്തിൽ വിശ്വാസമർപ്പിച്ച അനേകരെയും പ്രത്യേകിച്ച് ചലച്ചിത്ര കാരരടക്കമുള്ള സാംസ്കാരിക പ്രവർത്തകരെയും വഞ്ചിച്ചതിൽ നിന്നു തന്നെ രാഷ്ട്രത്തോടും ഇറാനിയൻ ജനതയോടുമല്ല അവരുടെ മുഖ്യ പ്രതിബദ്ധത എന്നു തെളിയിച്ചു. കമ്യൂണിസ്റ്റുകാരായ ടൂഡെ പാർട്ടി അടക്കമുള്ളവർ ഷാ ഭരണകൂടത്തിനും അവരുടെ സാമ്രാജ്യത്വ ദാസ്യത്തിനുമെതിരായ വിപ്ലവത്തിൽ അണിചേർന്നിരുന്നു. എന്നാൽ അവരെയെല്ലാം നിരോധിക്കുകയോ പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയോ ചെയ്യുകയായിരുന്നു ആയത്തുല്ല ഖൊമേനിയുടെ ശിയാ പൗരോഹിത്യ ഭരണകൂടം.

മഹത്തായ പാരമ്പര്യവും സാംസ്കാരിക തെളിമയുമുള്ള ഇറാനിയൻ സിനിമയുടെ പ്രവർത്തനത്തെ പൗരോഹിത്യ ഭരണകൂടം തുടർച്ചയായി തടസ്സപ്പെടുത്തി. മൊഹ്സെൻ മഖ്മൽബഫിനെപ്പോലെ നിരവധി ചലച്ചിത്ര പ്രവർത്തകർ രാജ്യം വിട്ട് പലയിടങ്ങളിൽ അഭയം പ്രാപിച്ച് അവിടെ നിന്നാണ് പ്രവർത്തിക്കുന്നത്. ജാഫർ പനാഹി ദീർഘകാലം തടവിലും വീട്ടുതടവിലുമായിരുന്നു. തടവിലിരുന്നു കൊണ്ടു തന്നെ പൂർത്തിയാക്കിയ ടാക്സി പോലുള്ള സിനിമകൾ നമ്മെ വിസ്മയിപ്പിച്ചു. കഴിഞ്ഞ വർഷം അദ്ദേഹം സംവിധാനം ചെയ്ത ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ് ഗംഭീരമായ സിനിമയാണ്. കാൻ മേളയിൽ പാം ദ് ഓർ ലഭിച്ചു. പക്ഷെ പനാഹിയ്ക്ക് ഇതുവരെയും സ്വദേശത്തേയ്ക്ക് തിരിച്ചെത്താനായിട്ടില്ല.
കുർദിഷ് യുവതിയായ മഹ്സാ (ജീനാ) അമീനിയെ ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ മത സന്മാർഗ പൊലീസ് അടിച്ചു കൊന്നതിനെ തുടർന്ന് രാജ്യമാകെ പ്രക്ഷോഭം അലയടിച്ചു. സ്ത്രീ ജീവിതം സ്വാതന്ത്ര്യം (ജിൻ ജിയാൻ ആസാദി) എന്ന കുർദിഷ് മുദ്രാവാക്യം ലോകമാകെ ഏറ്റെടുത്തത് ഈ പ്രക്ഷോഭത്തെ തുടർന്നാണ്. മനുഷ്യാവകാശ പ്രവർത്തകയായ നർഗീസ് മൊഹമ്മദിയ്ക്ക് നോബൽ സമ്മാനം ലഭിച്ചെങ്കിലും തെഹ്‌റാനിലെ എല്‍വിന്‍ തടവറയിലടയ്ക്കപ്പെട്ടിരുന്ന അവര്‍ക്ക് സമ്മാനം നേരിട്ട് സ്വീകരിക്കാനായില്ല. പിന്നീട് പരോളില്‍ പുറത്തിറങ്ങിയ നര്‍ഗീസ് മൊഹമ്മദിയെ വീണ്ടും തടവിലിട്ടിരിക്കുകയാണ്.

ഇതെഴുതുന്ന ചൊവ്വാഴ്ച (ജനുവരി 6) പ്രക്ഷോഭം ഒമ്പതാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇതിനകം 29 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഒരായിരത്തിലധികം പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. മലെക്ക്ശാഹി എന്ന പടിഞ്ഞാറന്‍ നഗരമാണ് രാജ്യവ്യാപകപ്രക്ഷോഭത്തിന്റെ മര്‍മ്മകേന്ദ്രം എന്നു പറയാം. ശനിയാഴ്ച ഇവിടെ നടന്ന വെടിവെപ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു.
ഇമാം ഖൊമേനി ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ പ്രക്ഷോഭകരെ സുരക്ഷാ സേന, ടിയര്‍ഗ്യാസും എയര്‍ഗണ്ണും ലാത്തിയും ഉപയോഗിച്ച് നേരിട്ടതിനെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ അപലപിച്ചു.
ഇറാനിയന്‍ കുര്‍ദിസ്താനായ റോജെലാത്തെയിലെ ഏഴ് കുര്‍ദിഷ് രാഷ്ട്രീയ കക്ഷികള്‍ കഴിഞ്ഞ ദിവസം സംയുക്ത യോഗം ചേരുകയും രാജ്യത്താകെ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ പകുതി പേരെങ്കിലും കുര്‍ദ് വംശജരാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇറാനിയന്‍ കുര്‍ദിസ്താന്‍ (പിഡികെഐ) ആണ് കുര്‍ദിഷ് പാര്‍ടികളില്‍ ഏറ്റവും ശക്തിയുള്ളത്. ജനാധിപത്യവും സാംസ്‌ക്കാരികവും വംശീയവും ആയ സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവുമാണ് ഇറാഖിലും തുര്‍ക്കിയിലും സിറിയയിലുമെന്നതു പോലെ ഇറാനിലെയും കുര്‍ദുകള്‍ ആവശ്യപ്പെടുന്നത്. സിറിയയിലെ കുര്‍ദ് സ്വയം ഭരണപ്രദേശത്തെ ഭരണാധികാരികള്‍ക്ക് അമേരിക്കന്‍ സഹായം ലഭിക്കുന്നുണ്ടെങ്കിലും ഇറാനില്‍ അത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നില്ല. മാത്രമല്ല, ഇറാഖിലെ അനുഭവങ്ങള്‍ വെച്ച് അമേരിക്കയെ വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന നിശ്ചയം കുര്‍ദുകള്‍ക്കുണ്ടു താനും.

ഇറാനു മേല്‍ അമേരിക്ക ചെലുത്തിയ ഉപരോധം, മറ്റ് അനവധി രാജ്യങ്ങളും ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ കീഴടങ്ങാന്‍ തയ്യാറല്ല എന്ന നിലപാടാണ് വിപ്ലവാനന്തര ഇറാന്‍ ഭരണകൂടം എപ്പോഴും പുലര്‍ത്തിയിട്ടുള്ളത്. സാമ്രാജ്യത്വ വിരുദ്ധരായ ലോക ജനത അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. അതിനര്‍ത്ഥം, ഇറാനകത്തെ മനുഷ്യാവകാശ ലംഘനങ്ങളും കൊലകളും തടവുകളും അടിച്ചമര്‍ത്തലുകളും ന്യായീകരിക്കുന്നു എന്നല്ല. ജനാധിപത്യപരവും സമാധാനപരവുമായ മാറ്റത്തിനെ ഇറാന്‍ ഭരണകൂടം അഭിമുഖീകരിക്കേണ്ടതുണ്ട്. സ്വയം പര്യാപ്തമായ ഒരു സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ആത്മാര്‍ത്ഥമായ പരിശ്രമം ഇക്കാലത്തിനിടയിലൊന്നും ഇറാന്‍ ഭരണകൂടം നടത്തിയിട്ടില്ല. ഉപരോധം കാരണം ആഗോള ബാങ്കിംഗ് ശൃംഖലയില്‍ നിന്ന് ഇറാനെ വേര്‍പെടുത്തി നിര്‍ത്തിയിരിക്കുകയാണ്. ഇതും സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് ആക്കം കൂട്ടി. ചൈന, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളുമായി സാമ്പത്തിക ബന്ധം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതുകൊണ്ടായിട്ടില്ല. അതോടൊപ്പം, രാജ്യത്തിനകത്തെ വിവിധ രാഷ്ട്രീയ കക്ഷികള്‍, കുര്‍ദുകളും ശിയാക്കളല്ലാത്ത മറ്റു വിഭാഗങ്ങളും, പുരോഗമന വാദികള്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ എന്നിവരുമായി ജനാധിപത്യപരമായ സംവാദത്തിനും സംഭാഷണത്തിനും ഭരണകൂടം തയ്യാറാവേണ്ടതുണ്ട്.