A Unique Multilingual Media Platform

The AIDEM

Literature Podcast Society തിരമൊഴി

അഭാവത്തിൻ്റെ ഭാവം

  • May 20, 2022
  • 1 min read
അഭാവത്തിൻ്റെ ഭാവം

മലയാളത്തിലെ ചെറുകഥാകൃത്തുക്കളിൽ പ്രമുഖരിലൊരാളായി മുണ്ടൂർ കൃഷ്ണൻകുട്ടി മാഷ് അടയാളപ്പെട്ടത് ഏറെ വൈകിയാണ്. മുണ്ടൂർ കൃഷ്ണൻകുട്ടി എന്ന മനുഷ്യനും ചെറുകഥാകൃത്തിനും അദ്ദേഹത്തിൻ്റെ എഴുത്തിനും തമ്മിൽ വേർതിരിവുകളില്ല. മാഷുടെ എഴുത്തും ജീവിതവുമായി ഉണ്ടായ കൂടിക്കാഴ്ച്ചകളെക്കുറിച്ചുള്ള ഓർമ്മകളാണ് കവി പി.പി.രാമചന്ദ്രൻ്റെ തിരമൊഴിയിൽ.

 



പാലക്കാട് ടൗൺ ഹാളിൽ ഒരു കവിസമ്മേളനം.
ഒളപ്പമണ്ണ, അക്കിത്തം, ഒഎൻവി തുടങ്ങിയ പ്രമുഖരെല്ലാം ഉള്ള ഒരു അരങ്ങ്, നിറഞ്ഞ സദസ്സ്. വേദിയിലെ പിൻനിര കസേരകളിൽ ഒന്നിൽ സദസ്സിൻ്റെ ശ്രദ്ധയിൽപ്പെടാതെ പിടക്കുന്ന ഹൃദയവുമായി ഈയുള്ളവനും. സ്വാഗതം, അധ്യക്ഷൻ, ഉദ്ഘാടകൻ, മുതിർന്ന കവികൾ പ്രഭാഷണവും പാരായണവും, സമയം നീണ്ടു പോയി. തിരക്കുള്ള പ്രമുഖ കവികൾ തങ്ങളുടെ അവതരണം കഴിഞ്ഞമുറയ്ക്ക് ക്ഷമ ചോദിച്ചു വേദി വിട്ടുപോയി. അൽപ്പാൽപ്പമായി സദസ്സും പിരിഞ്ഞു തുടങ്ങി. യുവാക്കളുടെ ഊഴമായപ്പോഴേക്കും സദസ്സ് നന്നേ മുഷിഞ്ഞു. നീണ്ട ഗുഡ്സ് വണ്ടി കടന്നു പോകുമ്പോൾ റെയിൽവേ ഗേറ്റിൽ അക്ഷമരായി കാത്തു നിൽക്കുന്ന യാത്രികരെ പോലെ, ഓരോ കവിയെയും ഉള്ളാലെ ശപിച്ചുകൊണ്ടാണ് അവശേഷിക്കുന്ന സദസ്സ് കേട്ടിരിക്കുന്നത്.

ഒടുക്കം എൻറെ ഊഴമെത്തി, പോക്കറ്റിൽ നിന്ന് പുതിയ കവിത എടുത്ത് പ്രസംഗപീഠത്തിൽ വച്ച് ഞാൻ സദസ്സിനെ ഒന്ന് നോക്കി. കാലി കസേരകൾക്കിടയിൽ അങ്ങിങ്ങായി പത്തിരുപത്തിയഞ്ച് പേരുണ്ടാവും പിറുപിറുത്തും കോട്ടുവായിട്ടും. എന്നാൽ മുൻനിരയിൽ ഏകാകിയായി ദത്തശ്രദ്ധനായി ഒരാൾ, പുതിയ കവിതയ്ക്ക് വേറിട്ട ഒച്ചകൾക്ക് ഏകാഗ്രതയോടെ കാതോർത്തു കൊണ്ട്. ചിത്രത്തിൽ മാത്രം കണ്ട ആ മുഖം ഞാൻ തിരിച്ചറിഞ്ഞു, കൃഷ്ണൻകുട്ടി മാഷ്. കവിത ചൊല്ലി വേദിയിൽ നിന്ന് ഇറങ്ങുമ്പോൾ വരാന്തയിൽ കൃഷ്ണൻകുട്ടി മാഷ് കാത്തുനിൽക്കുന്നു. എന്നെ ചേർത്തുപിടിച്ചു നിഷ്കളങ്കതയും വാത്സല്യവും തുളുമ്പുന്ന പതിഞ്ഞ ശബ്ദത്തിൽ അഭിനന്ദിച്ചു. അസ്സലായി, രാമചന്ദ്രൻ എവിടെനിന്നാണ് എന്തു ചെയ്യുന്നു. അങ്ങനെയാണ് മാഷെ നേരിൽ പരിചയപ്പെടുന്നത്. അന്നത്തെ അഭിനന്ദനം ഭംഗിവാക്കല്ലായിരുന്നുവെന്ന് പിന്നീട് ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു വന്ന എൻ്റെ കവിതകളെ സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ട് വല്ലപ്പോഴും കണ്ടുമുട്ടുന്ന അവസരങ്ങളിൽ അദ്ദേഹം പ്രകടിപ്പിക്കാറുള്ള അഭിപ്രായങ്ങൾ എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആയിടെ കലാകൗമുദിയിൽ വന്ന നിലാപ്പിശുക്കുള്ള രാത്രിയിൽ എന്ന കഥ വായിച്ച് അസ്വസ്ഥ ഹൃദയനായി ഞാൻ മാസ്റ്റർക്ക് എഴുതി. തറവാട്ട് തൊടിയിൽനിന്ന് ചന്ദനമരം കടത്തുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കുന്നത് മലയാണ്മയുടെ മരവിച്ച സ്വത്തും തന്നെ എന്ന്. മടക്ക തപാലിൽ മാഷുടെ മറുപടി വന്നു, രാമചന്ദ്രനെപ്പോലുള്ള വായനക്കാർ എൻ്റെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നു പുറമേയ്ക്കു ശാന്തനും നിശബ്ദനും ഉള്ളിൽ സംഘർഷഭരിതനും.

അങ്ങനെയാണ് ആ വ്യക്തിത്വം എന്ന് ഏറെയൊന്നും അടുത്തറിയാത്ത എനിക്ക് പോലും തോന്നിയിട്ടുണ്ട്. ഉള്ളിലെ വ്യഥകളാണ് മാഷിൽ നിന്ന് കഥകളായി പുറത്തുവന്നത്. ഘടനയുടെ ചട്ടക്കൂടിൽ നിൽക്കുമ്പോഴും സഹ്യൻ്റെ മകനെപ്പോലെ അദ്ദേഹത്തിൻ്റെ മസ്തകത്തിൽ ഉന്മാദം നിറഞ്ഞു. അത് ചങ്ങലകൾ ഇല്ലാത്ത മറ്റൊരു ലോകത്ത് കൂടി സഞ്ചരിച്ചു. അസാധാരണ സ്വഭാവവിശേഷങ്ങൾ ഉള്ള കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും സൃഷ്ടിച്ചുകൊണ്ട് അദ്ദേഹം സ്ഥിതവ്യവസ്ഥിതിയുടെ വിലക്കുകളെ ലംഘിച്ചു. കൃഷ്ണ സങ്കൽപത്തിൻ്റെയും രാസലീലയുടേതുമായ ആത്മീയ പശ്ചാത്തലത്തിൽ രണ്ടു സ്ത്രീകളുടെ പ്രകൃതിവിരുദ്ധ ബന്ധത്തെ ആവിഷ്കരിച്ച മാതുവിൻ്റെ കൃഷ്ണതണുപ്പ്, കൃഷ്ണൻകുട്ടി മാഷുടെ തെറിച്ച ആഖ്യാനത്തിന് ദൃഷ്ടാന്തമായതാണ്. എങ്കിലും കഥാകൃത്ത് എന്ന നിലയിൽ മാഷേ ശ്രദ്ധേയനാക്കിയത് മൂന്നാമതൊരാൾ എന്ന കഥ തന്നെ. ലോക കഥയിൽ തന്നെ മികച്ചത് എന്ന് ആ കഥയെപ്പറ്റി ആത്മനിഷ്ഠമെങ്കിലും ഏകകണ്ഠമായി പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇന്ന് വായിക്കുമ്പോഴും ഹൃദയസ്പർശിയായി അനുഭവപ്പെടുന്ന അതിൻ്റെ സവിശേഷമായ ആഖ്യാന തന്ത്രം വിശദമായ പഠനം അർഹിക്കുന്നു.
അഭാവത്തിന്റെ ഭാവം എന്നോ മരണം പിന്തുടരുന്ന ജീവിതം എന്നോ പ്രകൃതിയിൽ നിന്ന് വേറിട്ട മനുഷ്യാവസ്ഥ എന്നോ പല നിലകളിലുള്ള പാരായണങ്ങൾക്ക് സാധ്യത നൽകുന്ന ഒരു ആഖ്യാന ഘടനയാണ് അതിന്. എന്നാൽ മുകൾതട്ടിൽ ആകട്ടെ ഭാര്യ നഷ്ടപ്പെട്ട ഒരാളുടെയും അയാളുടെ കുടുംബത്തിന്റെയും ഓർമ്മകൾ മാത്രം. ധ്വനി സാന്ദ്രമായ ഒരു കാവ്യത്തോട് അടുത്തുനിൽക്കുന്ന വാക്യശില്പങ്ങൾ കൊണ്ടാണ് ആ കഥ രചിച്ചിരിക്കുന്നത്. മൂന്നാമതൊരാളുടെ സാന്നിധ്യവും ഓർമ്മകളും ഇരുട്ടിൻ്റെ വിശേഷണങ്ങളായി മാത്രമേ വായനക്കാർക്ക് ലഭിക്കുന്നുള്ളൂ. നോക്കൂ ചില പ്രയോഗങ്ങൾ.
“തണുത്തു വിറങ്ങലിച്ചു പോയ ഇരുട്ട്”

“ചീർത്ത പോലെ നീലിച്ച മൗനം ഞങ്ങൾക്കിടയിൽ അനാഥപ്പെട്ടു കിടന്നു”

“ഞങ്ങൾക്കിടയിൽ മൗനം വർത്തമാനം പറഞ്ഞു”

“ഉറക്കം ഇരുട്ടിൽ മറഞ്ഞു നിന്നു നഖം കടിച്ചു തുപ്പുന്നു”

“പുറത്തു തൊടിയിൽ ഇരുട്ടു പിടയുന്നു”

“തെക്കെ തൊടിയിലെ മുളങ്കൂട്ടം കാറ്റിൽ നിർത്താതെ കരയുന്നു”

മുമ്പ് പലതവണ വായിച്ച ആ കഥ, വീണ്ടും എടുത്തു വായിക്കാൻ ഒരു കാരണം ഉണ്ടായി. ടിവി ഓൺ ചെയ്തപ്പോൾ അതാ കൃഷ്ണൻകുട്ടി മാഷ് മൂന്നാമതൊരാളെ കുറിച്ച് പറയുന്നു. വി.ആർ സുധീഷ്, മാഷെ ഇൻറർവ്യൂ ചെയ്യുകയാണ്. ആ കഥയ്ക്ക് നിദാനമായ തൻ്റെ പ്രിയതമയുടെ വേർപാടിനെ കുറിച്ചും, വ്യക്തിപരമായ ദുഃഖങ്ങളെ കുറിച്ചും മാഷ് ഹൃദയം തുറക്കുകയാണ്. അപ്പോൾ എനിക്ക് മാഷേ വിളിക്കണമെന്നു തോന്നി.
സുഹൃത്തിൽ നിന്ന് ബന്ധപ്പെടാനുള്ള ഫോൺ നമ്പർ കിട്ടി, മൊബൈലാണ്.
കൃഷ്ണൻകുട്ടി മാഷ് അല്ലേ? അതെ,

പി പി രാമചന്ദ്രൻ ആണ്.

മാഷ് എന്തോ പറയുന്നുണ്ട്, എനിക്കൊന്നും കേൾക്കാൻ ആകുന്നില്ല, ഒരു കരകര ശബ്ദം. എങ്കിലും ഞാൻ അങ്ങോട്ട് പറഞ്ഞു കൊണ്ടിരുന്നു.

മറുപടി കരകര ശബ്ദം തന്നെ.

അല്പം കഴിഞ്ഞപ്പോൾ ആത്മഗതമെന്നോണം മാഷേ ഉച്ചരിച്ച് ഒരു വാക്യം മാത്രം വ്യക്തമായി കേട്ടു, ഇവിടെ റേഞ്ച് ഇല്ല തോന്നുന്നു.

ഫോൺ കട്ടായി, ആ സംഭാഷണം പൂർത്തിയാക്കൽ ഉണ്ടായില്ല. ഇന്ന് കൃഷ്ണൻകുട്ടി മാഷ് നമ്മുടെ റേഞ്ചിന് അപ്പുറത്താണ്, എല്ലാ അർത്ഥത്തിലും. എന്നാൽ മലയാളത്തിലെ എഴുത്തുകാരുടെയും വായനക്കാരുടെയും ഇടയിൽ മൂന്നാമതൊരാൾ ആയി മാഷുടെ സാന്നിധ്യം അനുഭവപ്പെട്ടു കൊണ്ടിരിക്കും. അപ്പോഴൊക്കെ മാഷുടെ കഥകൾ വേണ്ടത്ര പഠിക്കപ്പെട്ടില്ല എന്ന ഖേദം മലയാണ്മയുടെ മനസ്സിനെ നീറ്റിക്കൊണ്ടിരിക്കും.

About Author

പി. പി. രാമചന്ദ്രൻ

പി.പി.രാമചന്ദ്രൻ മലയാളത്തിലെ ആധുനികോത്തര കവികളിൽ ശ്രദ്ധേയൻ. കാണെക്കാണെ, രണ്ടായ് മുറിച്ചത്, കാറ്റേ കടലേ, പി.പി.രാമചന്ദ്രന്റെ കവിതകൾ, കലംകാരി തുടങ്ങിയ പ്രധാന കൃതികൾക്കു പുറമേ ധാരാളം ബാലസാഹിത്യകൃതികളും ചാത്തൂൺസ് എന്ന പേരിൽ ഒരു ചെറുകാർട്ടൂൺ പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാണെക്കാണെ 2002 ലെ കേരള സാഹിത്യ അക്കാദമി അവാർഡു നേടി. വി.ടി. കുമാരൻ, ചെറുകാട് , കുഞ്ചുപിള്ള, ചങ്ങമ്പുഴ, വി കെ ഉണ്ണികൃഷ്ണൻ എന്നിവരുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ കവിതാപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. 'കാറ്റേ കടലേ' 2013 ലെ പി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരം നേടി. പൊന്നാനി നാടക വേദിയുടെ മുഖ്യ സംഘാടകനായും പ്രവർ‌ത്തിച്ചിട്ടുണ്ട്. പൊന്നാനി ഏ വി ഹൈസ്കൂളിൽ അദ്ധ്യാപകനായിരുന്നു. മലയാളകവിതയെ ആദ്യമായി സൈബർ ലോകത്ത് അടയാളപ്പെടുത്തിയ ഹരിതകം ‍എന്ന മലയാള കവിതാജാലികയുടെ പത്രാധിപരും ചുമതലക്കാരനും.