A Unique Multilingual Media Platform

The AIDEM

Art & Music Articles Cinema Kerala

വേറിട്ട ശ്രീരാമന്‍ വേറിടാത്ത സൗഹൃദങ്ങള്‍

വേറിട്ട ശ്രീരാമന്‍ വേറിടാത്ത സൗഹൃദങ്ങള്‍

തന്റെ പതിവുശൈലിയില്‍ അനാര്‍ഭാടമായാണ് മണിലാല്‍, ‘വേറിട്ട ശ്രീരാമന്‍’ എന്ന ഡോക്യുമെന്‍ററിയും ആരംഭിക്കുന്നത്. ഒരു മലയാളം മൂളിപ്പാട്ട് പശ്ചാത്തലത്തില്‍ കേള്‍ക്കാം. കുന്നംകുളത്തെ ഉറക്കമുണര്‍ന്നിട്ടില്ലാത്ത തെരുവുകളിലെ ഓടിട്ട വീടുകളുടെ നിരയും, അതിന്റെ പൂമുഖങ്ങളും, റോഡിലെ കയറ്റിറക്കങ്ങളും, ഓട്ടോറിക്ഷയും ബൈക്കും പോലുള്ള സാധാരണക്കാരുടെ വണ്ടികളും, കേരളത്തിന്റെ പൊതു പല്ലുതേപ്പു പൊടിയായ കെ പി നമ്പൂതിരീസിന്റെ ഡപ്പികളുടെ ഒഴിഞ്ഞ കാര്‍ഡ് ബോര്‍ഡ് പെട്ടിയും എല്ലാമായിട്ടാണ് തുടക്കം.

വി കെ ശ്രീരാമനെക്കാണാന്‍ സംവിധായകന്‍ കുന്നംകുളത്തങ്ങാടിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര എന്നതാണ് ഇവിടെ ദൃശ്യവത്ക്കരിക്കുന്നത്. അര്‍ത്ഥവും ആന്തരാര്‍ത്ഥവും അതു തന്നെ. വി കെ ശ്രീരാമന്‍ വേറിട്ട ഒരാളാകുന്നതു പോലെ തന്നെ, കുന്നംകുളം വേറിട്ട ഒരങ്ങാടിയുമാണ് എന്നതാണ് ഇതിലൂടെ ധ്വനിപ്പിക്കപ്പെടുന്നത്. എന്തും കിട്ടുന്ന, എന്തും ചെലവാകുന്ന, ഒരേ സമയം തുറന്നതും അടഞ്ഞതുമായ ഒരങ്ങാടിപ്പെരുക്കമാണ് കുന്നംകുളം. കുടകള്‍, നോട്ടുപുസ്തകങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, സോപ്പും ചീപ്പും വളമാലകളും, എന്നിങ്ങനെ പെട്ടെന്ന് ചീഞ്ഞുപോകാത്ത എന്തുല്പന്നവും കേരളമാകെ കച്ചവടം ചെയ്യുന്നത് കുന്നംകുളത്തുകാരാണ് എന്നതും പരസ്യമായ രഹസ്യമാണ്. ഈ കച്ചവടത്തിന്റെ ജീവിതരഹസ്യം അഥവാ അതിജീവനമര്‍മ്മമായിരിക്കണം വി കെ ശ്രീരാമന്‍ എന്ന സംസ്ക്കാര പ്രതിനിധാനത്തിന്റെ ഡി എന്‍ എയും എന്നാണ് മണിലാലിന്റെ ഈ വരവ് കണ്ടപ്പോള്‍ തോന്നിയത്.

വി കെ ശ്രീരാമന്‍

കുന്നംകുളത്തു നിന്ന് ഓട്ടോറിക്ഷയില്‍ ആഖ്യാതാവ് ചെറുവത്താനിയിലെ വീട്ടുമുറ്റത്തെത്തുമ്പോള്‍, തലയില്‍ ഉറുമാല് കെട്ടി നീണ്ട ജൂബയും മുണ്ടും മെതിയടിയുടെ പുതുരൂപച്ചെരുപ്പും മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളുമായി വി കെ ശ്രീരാമന്‍ എന്ന തലയെടുപ്പുള്ള മലയാളി കടന്നു വരുന്നു.

ശ്രീരാമേട്ടന്റെ ദിനചര്യ ഒരുകണക്കില്‍ അതിസാധാരണവും മറ്റൊരു കണക്കില്‍ തികച്ചും അസാധാരണവുമാണ്. നാലും കൂട്ടി മുറുക്കിയും, വീട്ടിലെയും, അയല്‍വീടുകളിലെയും, സ്റ്റാര്‍ ഹോട്ടലുകളില്‍ മുതല്‍ തട്ടുകടകളില്‍ വരെയും കിട്ടുന്ന സകല ഇഷ്ട വിഭവങ്ങളും ഭുജിച്ചും കേടുവന്ന പല്ലുകള്‍ പരിശോധിച്ചും, പിന്നെ ഭാര്യയോടൊപ്പവും ഒറ്റയ്ക്കും പുഴക്കരയിലെയും വെട്ടുവഴിയരുകിലെയും ഓലപ്പുരകളില്‍ കടിയും ചായയും കഴിച്ചുമാണ് അദ്ദേഹത്തിന്റെ ദിനം ചിലപ്പോള്‍ ആരംഭിക്കുന്നത്.

കല്യാണങ്ങള്‍, പുസ്തകപ്രകാശനങ്ങള്‍, സാംസ്ക്കാരിക യോഗങ്ങള്‍, സിനിമകള്‍, ഗസല്‍ സന്ധ്യകള്‍, ഉത്സവങ്ങള്‍, ഉന്മാദങ്ങള്‍, കലഹങ്ങള്‍ എന്നിങ്ങനെ അലയുന്നതിനാല്‍ ഒറ്റപ്പെടലൊന്നും തോന്നുന്നില്ലെന്നും എന്നാല്‍ സി വി ശ്രീരാമനും അരവിന്ദനും കെ എന്‍ ശശിധരനും കെ ആര്‍ മോഹനനും മാടമ്പും ഉപേക്ഷിച്ചു പോയ ലോകത്ത് താനിങ്ങനെ ജീവിക്കുന്നതിൽ അര്‍ത്ഥരാഹിത്യമുണ്ടെന്നും അദ്ദേഹം പറയുന്നു.

വി കെ ശ്രീരാമന്‍

ജീവിതത്തിലൂടെയും വേദനകളിലൂടെയും ദുരിതങ്ങളിലൂടെയും ഭാഷയിലൂടെയും തീവ്രമായ നടത്തങ്ങള്‍ നടന്ന ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവാണ് പിന്നീട് ശ്രീരാമേട്ടനെക്കുറിച്ച് വിവരിക്കുന്നത്. അമ്പലപ്പറമ്പില്‍ അടിയുണ്ടാക്കുന്ന ശ്രീരാമന്‍ എന്ന നാടന്‍ പ്രതിനിധാനവും അദ്ദേഹത്തിനുണ്ടെന്ന പരസ്യ-രഹസ്യം ശിഹാബുദ്ദീന്‍ പങ്കു വെക്കുന്നു. തനിക്കും ഇതാദ്യം കേട്ടപ്പോള്‍ വിസ്മയമായിത്തോന്നിയെന്നും. പിന്നീടന്വേഷിച്ചപ്പോള്‍ രണ്ടു തരം അല്ലെങ്കില്‍ അതിലധികം തരം വ്യക്തിത്വങ്ങള്‍ അദ്ദേഹത്തിനുണ്ടെന്നും തോന്നി. പിന്നെയും അടുത്തറിഞ്ഞപ്പോള്‍ ഇതെല്ലാം ഒന്നാണെന്നും അദ്ദേഹം വെറുമൊരു പച്ച മനുഷ്യനാണെന്നും മനസ്സിലായി.

ആളൊരു ഗുണ്ടയും തല്ലിപ്പൊളിയുമാണെന്നും അടിയുണ്ടാക്കി തല തല്ലിപ്പൊളിക്കപ്പെട്ട ആളാണെന്നും മനസ്സിലായിത്തന്നെയാണ് ശ്രീരാമേട്ടനെ കല്യാണം കഴിച്ചതെന്ന് ഭാര്യ ഗീതേച്ചിയും സാക്ഷ്യപ്പെടുത്തുന്നു.

വി കെ ശ്രീരാമൻ ഭാര്യ ഗീതയോടൊപ്പം

തന്റെ ആദ്യ സിനിമയായ തമ്പി(അരവിന്ദന്‍)ലേതു പോലെ പലയിടങ്ങളില്‍ തമ്പ് കെട്ടി കൂട്ടത്തെ ഒന്നിച്ചു കൂട്ടി തിന്നും കുടിച്ചും കലഹിച്ചും യോജിച്ചും വേര്‍പിരിഞ്ഞും പുതിയൊരു സ്ഥലത്തേക്ക് യാത്ര തുടരുന്ന നാടോടിയുമാണ് ശ്രീരാമന്‍. വാട്സാപ്പിലും വി കെ ശ്രീരാമന്‍ തമ്പ് കെട്ടിയിട്ടുണ്ട്. ‘ഞാറ്റുവേല’ എന്നാണതിന്റെ പേര്. ഇവിടെ മമ്മൂട്ടി മുതല്‍ പ്രമോദ് രാമന്‍ വരെയും എം എ ബേബി മുതല്‍ എം ബി രാജേഷ് വരെയും പിഎന്‍ ഗോപീകൃഷ്ണന്‍ മുതല്‍ റഫീക്ക് അഹമ്മദ് വരെയും എത്തുന്നു. സംസാരിക്കുന്നു, കേള്‍ക്കുന്നു, പിരിയുന്നു. ഒന്നും ബാക്കി വെക്കുന്നില്ല, ഓര്‍മ്മകളല്ലാതെ.

കെ എ മോഹന്‍ദാസ് സാക്ഷ്യപ്പെടുത്തുന്നതു പോലെ; സോഷ്യല്‍ മീഡിയയില്‍ ഗോത്രാധിപനെപ്പോലെ വിവിധ ഗോത്രങ്ങള്‍, ഗ്രൂപ്പുകള്‍ എന്ന പേരില്‍ തുടങ്ങുകയും അതിന്‍റെയെല്ലാം അഡ്മിനിസ്റ്റ്രേറ്റര്‍ പദവിയില്‍ വിലസുകയും ചെയ്യുന്നയാളാണ് വി കെ ശ്രീരാമന്‍. ആകാര വടിവുകൊണ്ടും ശബ്ദഗാംഭീര്യം കൊണ്ടും പൗരുഷവും മാനുഷികതയും ദ്യോതിപ്പിക്കുന്ന ശ്രീരാമേട്ടന്റെ രൂപം ആകര്‍ഷണീയമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഗോത്രത്തലവനായി വിരാജിക്കാനും ഇതിനാല്‍ അദ്ദേഹത്തിനാകുന്നു.

ശില്പിയും ചിത്രകാരനും കാര്‍ട്ടൂണിസ്റ്റും കവിയും എല്ലാമാണ് വി കെ ശ്രീരാമന്‍. ഫൈനാര്‍ട്സ് കോളേജിലെ ഡ്രോപ്പ് ഔട്ട് ആണെന്നു തോന്നുന്നു, അതിനാല്‍ ഫൈനാര്‍ട്സിന്റെ ഭാഗമാണെന്നും അല്ലെന്നും പറയാമെന്നാണ് കലാ ചരിത്രകാരിയും അധ്യാപികയുമായ കവിതാ ബാലകൃഷ്ണന്‍ പറയുന്നത്. ശില്പി രാജനെ ചെറുവത്താനിയില്‍ കൊണ്ടു പോയി ശില്പങ്ങള്‍ നിര്‍മ്മിക്കാന്‍ സൗകര്യം ചെയ്തുകൊടുത്ത് സെലിബ്രിറ്റികളെക്കൊണ്ട് വാങ്ങിപ്പിക്കുകയൊക്കെ അദ്ദേഹം ചെയ്തിട്ടുണ്ടെന്ന് രാജന്‍ തന്നെ പറയുന്നു. അതായത്, വെറുമൊരു കലാകാരനല്ല, ഒരു അനൗപചാരിക കലാ സ്ഥാപനം തന്നെയാണ് വേറിട്ട ശ്രീരാമന്‍ എന്നര്‍ത്ഥം.

വി കെ ശ്രീമാൻ തന്റെ സുഹൃത്തുക്കളോടൊപ്പം ഒരു സ്വകാര്യ ചടങ്ങിൽ

മുസ്ലിം കഥാപാത്രങ്ങളില്‍ ഒരു കാലത്ത് സ്റ്റീരിയോ ടൈപ്പ് ചെയ്യപ്പെട്ടിരുന്നു അദ്ദേഹം. മുസ്ലിം വേഷങ്ങള്‍ തനിമയോടെ ചെയ്തിരുന്നതിനാലാണ് ഇതെന്ന് റംല ബക്കര്‍ പറയുന്നു. തൊണ്ണൂറുകളില്‍ ഒരു ടെലിവിഷന്‍ ജൂറിയില്‍ ഈ ലേഖകനും സിവി ശ്രീരാമനും അംഗങ്ങളായിരുന്നു. തന്റെ മരുമകന്‍ കൂടിയായ വി കെ ശ്രീരാമനെ ശ്രീമോന്‍ എന്നാണ് സി വി ശ്രീരാമേട്ടന്‍ വിളിക്കുക. ഏതോ ടെലിഫിലിമില്‍ ഒരു മുസ്ലിം കഥാപാത്രം വന്നപ്പോള്‍, ‘ഇവരെന്താവോ ശ്രീമോനെ പരിഗണിക്കാഞ്ഞ്’ എന്നു സി വി ചോദിച്ചത് ഇതു കണ്ടപ്പോള്‍ ഓര്‍മ്മവന്നു.

ശീതള്‍ ശ്യാം, നളിനി ജമീല, ടി ഡി രാമകൃഷ്ണന്‍, ഡോക്ടര്‍ മുരളീധരന്‍ ടി, കെ ജി ശങ്കരപ്പിള്ള, റഫീക്ക് അഹമ്മദ്, ഡോക്ടര്‍ ഗിരിജ(തൃശ്ശൂര്‍ ഗിരിജ തിയേറ്ററിന്റെ ഉടമ), ജി അരവിന്ദന്റെ പത്നി ലീല അരവിന്ദന്‍, നടി ജലജ, നെടുമുടി വേണുവിന്റെ പത്നി സുശീല, ഹസീന സുരേഷ്, കമല്‍, സത്യന്‍ അന്തിക്കാട്, കെ പി കുമാരന്‍, മുരളി വെട്ടത്തിന്റെ ഭാര്യ മിച്ചിരു, സി എസ് വെങ്കിടേശ്വരന്‍, ഡോക്ടര്‍ എം വി നാരായണന്‍, നന്ദിനി മേനോന്‍, മ്യൂസ് മേരി, പി എന്‍ ഗോപീകൃഷ്ണന്‍, എന്‍ ശശിധരന്‍, പി ടി കുഞ്ഞുമുഹമ്മദ് എന്നിങ്ങനെ കേരളീയ ജീവിതത്തില്‍ പല മട്ടിലും പല വിധത്തിലും അറിയപ്പെടുന്നവരും അല്ലാത്തവരുമായ നിരവധി ആളുകളുടെ ശ്രീരാമന്‍ വിവരണങ്ങളിലൂടെ അദ്ദേഹത്തെ വെളിപ്പെടുത്തുകയാണ് മണിലാല്‍. മണിലാലിന്റെ ഡോക്കുമെന്‍റേഷന്റെ ഒരു സവിശേഷത അദ്ദേഹം ഒന്നിനെയും നിഗൂഢവത്ക്കരിക്കുന്നില്ല എന്നതും ഒന്നിനെയും മഹത്വവത്ക്കരിക്കുന്നില്ല എന്നതുമാണ്. ഇതിലൊക്കെ എന്തിരിക്കുന്നു എന്ന ശ്രീരാമന്‍ ഭാവം തന്നെയാണ് മണിലാലിന്റെ സിനിമയിലുമുള്ളത്. വേണമെങ്കില്‍ തനിക്കുമൊരു ശ്രീരാമനാവാം എന്ന മട്ടിലാണ് മണിലാലിന്റെ ഭാവം, എന്നാല്‍ താനതിനു തുനിയുന്നില്ലെന്ന മട്ടും ഉണ്ട്.

മണിലാൽ

‘നാട്ടരങ്ങ്’ എന്ന പേരില്‍ ഏഷ്യാനെറ്റിന്റെ ജനകീയ കാലത്ത് ഏറെ പ്രസക്തമായ ഒരു ഷോ ഉണ്ടായിരുന്നു. വി കെ ശ്രീരാമന്‍ അതിലെ നായകവേഷക്കാരനും (അവതാരകന്‍/ആങ്കര്‍) മണിലാല്‍ സംഘാടകനുമായിരുന്നു. നാട്ടിലെ പ്രശ്നങ്ങള്‍ നാട്ടുകാരണവരെപ്പോലെയിരുന്ന് ശ്രീരാമേട്ടന്‍ സമീപിക്കുന്നത് എന്തൊരനായാസമായിട്ടായിരുന്നു. അതേ സമയം തികച്ചും ഗൗരവമുള്ള ഉള്ളടക്കവും ആഖ്യാനവുമായിരുന്നു നാട്ടരങ്ങിലുണ്ടായിരുന്നത്. പിന്നീട് കൈരളിയില്‍, ‘നാട്ടുകൂട്ട’വും ‘വേറിട്ട കാഴ്ചകളും’ അദ്ദേഹമാണ് അവതരിപ്പിച്ചത്. ഇതില്‍ ‘വേറിട്ട കാഴ്ചകള്‍’, സമൂഹത്തിലെ വിചിത്രമെന്നു തോന്നിപ്പിക്കുന്നവരും അതേ സമയം ചില മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരുമായ യഥാര്‍ത്ഥ മനുഷ്യരെക്കുറിച്ചുള്ള കഥകളുടെ അസാധാരണത്വം കൊണ്ട് സവിശേഷമായിരുന്നു.

സൗഹൃദങ്ങളുടെ ആകത്തുകയാണ് വി കെ ശ്രീരാമന്‍. മനുഷ്യര്‍ ഇല്ലാതായിക്കൊണ്ടേയിരിക്കുകയും വെറുപ്പും ദുഷിപ്പും നുണകളും പടരുകയും ചെയ്യുന്ന ഒരു കാലത്ത് കഴിയാവുന്നത്ര ആളുകളുമായി സൗഹൃദം തുടരുകയും തുടങ്ങുകയും ചെയ്യുക എന്ന സാധാരണമെന്നു തോന്നിപ്പിക്കുന്ന അത്ഭുതപ്രവൃത്തിയാണ് വി കെ ശ്രീരാമന്‍ നിര്‍വഹിക്കുന്നത്. വിസ്മയകരമായ ഈ യാഥാര്‍ത്ഥ്യം നാട്യങ്ങളൊന്നുമില്ലാതെ വിവരിക്കുന്നു എന്നതാണ് മണിലാലിന്റെ ‘വേറിട്ട ശ്രീരാമന്‍’ എന്ന ഡോക്കുമെന്‍ററിയെ പ്രസക്തമാക്കുന്ന കാര്യം.


About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.