A Unique Multilingual Media Platform

Articles Culture History Travel

കൈറോ – ആയിരം മിനാരങ്ങളുടെ നഗരം (ഈജിപ്ത് യാത്രാ കുറിപ്പുകള്‍ #11)

കൈറോ – ആയിരം മിനാരങ്ങളുടെ നഗരം (ഈജിപ്ത് യാത്രാ കുറിപ്പുകള്‍ #11)

ഇസ്ലാമിക വാസ്തുവിദ്യയുടെ സമാനതകളില്ലാത്ത വ്യാപൃത സ്ഥലിയാണ് കൈറോ നഗരം. ആയിരത്തിലധികം വര്‍ഷത്തെ ആധുനിക ഇസ്ലാമിന്റെ ദൃശ്യചരിത്രം കൂടിയാണത്. ചരിത്രത്തിന്‍റെ ഏതോ അടഞ്ഞുപോയ സ്മൃതികളല്ല, മറിച്ച് ആഗോളമായ ഒരു നാഗരികതയുടെ ചലനോത്സുകതകളാണ് കൈറോ. ആയിരത്തൊന്നു രാവുകളിലെ കഥകള്‍ ശേഖരിക്കപ്പെട്ടത് മധ്യകാല കൈറോവിലാണെന്നു കരുതപ്പെടുന്നു. കൈറോ ഇസ്ലാമിക വിശ്വാസത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും എന്നതുപോലെ കഥകളുടെയും അനന്തമായ പ്രഭവ കേന്ദ്രമാണ്.

ഈജിപതിലേയ്ക്ക് ഇസ്ലാം കടന്നു വരുന്നത് എഡി 641ലാണ്. പിന്നീട് ഈജിപ്ത് ഇസ്ലാമിക രാജ്യമായി എന്നതു പോലെ ഒരു അറബ് രാജ്യവുമായി പരിണമിച്ചു. ഈ ചരിത്ര പശ്ചാത്തലത്തിലാണ് കൈറോ എന്ന രാജ്യതലസ്ഥാനവും വികസിക്കുന്നത്. മെംഫിസും ഗിസ പിരമിഡും ബാബിലോണ്‍ കോട്ടയും എല്ലാം ആയിരുന്നു അതിനു മുമ്പുള്ള കാലത്തെ പ്രമുഖമായ നഗരങ്ങളും ഭരണ-സംസ്കാര-വിജ്ഞാനകേന്ദ്രങ്ങളുമെങ്കില്‍ കൈറോ രൂപപ്പെട്ടതോടെ ഇതെല്ലാം അതിനു സമീപത്തുള്ള ചരിത്ര സ്മാരകങ്ങളായി മാറി.

അല്‍ അസ്ഹര്‍ പള്ളിക്ക് മുന്നിൽ നിന്നുള്ള ഫോട്ടോ

ഗ്രീക്കോ റോമന്‍ കാലങ്ങളിലെ ഈജിപ്തിന്‍റെ തലസ്ഥാനമായ അലെക്സാണ്ട്രിയയില്‍ നിന്ന് കുറെക്കൂടി ഫലപ്രദമായി രാജ്യത്തെ നിയന്ത്രിക്കുന്നതിന് കൈറോ ആയിരിക്കും സൗകര്യപ്രദം എന്ന് ഇസ്ലാമിക രാജാക്കന്മാര്‍ക്ക് തോന്നിയതും കൈറോ വികസിക്കുന്നതിന് കാരണമായി. നൈല്‍ നദിയുടെ ഇരുതീരങ്ങളും എന്ന സമൃദ്ധി എന്നും ഒരാകര്‍ഷണമായി കൈറോവിന്‍റെ കൂടെയുണ്ട്. ഈജിപ്ത് നൈലിന്റെ ദാനമാണെന്നു പറയാറുള്ളത് കൈറോയ്ക്കും ബാധകമാണ്. പ്രവാചകന്‍റെ നേരിട്ടുള്ള പിന്തുടര്‍ച്ചക്കാരായ രാശിദിയ കാലിഫേറ്റിലെ പ്രമുഖനായ ഖലീഫ ഉമര്‍ തന്നെയാണ് ഈജിപ്തിലെ ഇസ്ലാം ഭരണത്തിന്‍റെ സ്ഥാപകന്‍. പതിനാറാം നൂറ്റാണ്ടില്‍ ഒട്ടോമന്‍ സാമ്രാജ്യത്തിനു കീഴിലാവുന്നതു വരെ വിവിധ കാലിഫേറ്റുകളുടെയും ചക്രവര്‍ത്തിമാരുടെയും കീഴിലായിരുന്നു ഈജിപ്ത്.

ശിയാ വിഭാഗക്കാരായ ഫത്തിമികള്‍ എഡി 969ല്‍ ഈജിപ്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ഇത് 1171 വരെ തുടര്‍ന്നു. ഇക്കാലത്ത് മെഡിറ്ററേനിയന്‍ സാമ്രാജ്യത്തിന്‍റെ ആസ്ഥാനവും കൈറോ ആയിരുന്നു. ഫത്തിമി സാമ്രാജ്യത്തിലെ അഞ്ചാമത്തെ ഖലീഫയായിരുന്ന അബു മന്‍സൂറിന്‍റെ കാലത്ത് നിരവധി പള്ളികളും കൊട്ടാരങ്ങളും പാലങ്ങളും പണിതു. അല്‍ അസ്ഹര്‍, അല്‍ ഹക്കീം, അല്‍ അഖ്മര്‍, സാലി തലായ്, അല്‍ ഗുയുഷി എന്നീ പള്ളികളും നഗരത്തിന്‍റെ വടക്കുള്ള മതിലുകളും കൈറോവിന്‍റെ കവാടങ്ങളും ശവകുടീരങ്ങളും സെമിത്തേരികളും എല്ലാം അക്കാലത്തേതായി കൈറോവില്‍ നമുക്ക് കാണാന്‍ കഴിയും.

അല്‍ അസ്ഹര്‍ പള്ളി തന്നെയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം. ഇസ്ലാമിക വിജ്ഞാനത്തിന്‍റെ സാര്‍വദേശീയ ആസ്ഥാനങ്ങളിലൊന്നാണ് അല്‍ അസ്ഹര്‍. പ്രസിഡണ്ട്‌ ജമാല്‍ അബ്ദുല്‍ നാസറിന്‍റെ കാലത്ത് 1961ല്‍ പബ്ലിക് സര്‍വകലാശാലയായി മാറ്റപ്പെടുന്നതിനു മുമ്പ്, ആരാധനാലയവും ഇസ്ലാമിക സര്‍വകലാശാലയുമായിരുന്നു അല്‍ അസ്ഹര്‍. ടുണീഷ്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന ശൈലിയിലാണ് അല്‍ അസ്ഹര്‍ പണിതിട്ടുള്ളത്. ഗ്രീക്കോ റോമന്‍ അടക്കമുള്ള മറ്റ് സ്വാധീനങ്ങളും തള്ളിക്കളയാനാവില്ല.

ഫത്തിമി രാജാവായ ജവ്ഹര്‍ അല്‍ സിക്കിലി എഡി 970ലാണ് അല്‍ അസ്ഹര്‍ പള്ളി പണിയുന്നത്. ഇസ്മയിലി, ശിയാ മതബോധനങ്ങള്‍ക്കുള്ള ഒരു കേന്ദ്രമായി ഇത് വേഗത്തില്‍ പരിണമിച്ചു. സലാഹുദ്ദീന്‍ അയൂബി, ഫത്തിമികളെ തുരത്തി ഈജിപ്തില്‍ സുന്നി ഭരണം സ്ഥാപിച്ചതോടെ, അല്‍ അസ്ഹറും സുന്നി സര്‍വകലാശാലയായി മാറി. മമ്ലൂക്ക് സാമ്രാജ്യത്തിന്‍റെ കാലത്തും പില്‍ക്കാലത്ത് ഒട്ടോമന്‍ കാലഘട്ടത്തിലും അല്‍ അസ്ഹറിന്‍റെ പ്രശസ്തി ലോകത്തെമ്പാടും വ്യാപിച്ചു. ഈജിപ്ത് എന്നതിന്‍റെ വൈജ്ഞാനിക പര്യായം തന്നെയായി അല്‍ അസ്ഹര്‍ അക്കാലത്ത് മാറിയിരുന്നു. ഈജിപ്തിന്‍റെയും സമീപത്തുള്ള അറബ് രാഷ്ട്രങ്ങളുടെയും രാഷ്ട്രീയത്തിലും അല്‍ അസ്ഹറിന്‍റെ സ്വാധീനം പ്രകടമാണ്. ഇസ്ലാമിന്‍റെ വ്യാഖ്യാനം, വിശുദ്ധ ഖുര്‍ ആന്‍, നബിയുടെ പാരമ്പര്യവും ചര്യകളും, നിയമശാസ്ത്രം, വ്യാകരണം, പ്രഭാഷണ സാഹിത്യം എന്നിവയെല്ലാം ഇപ്പോഴും ഇവിടെ പഠിപ്പിക്കുന്നുണ്ട്. മലയാളികളായി നിരവധി വിദ്യാര്‍ത്ഥികളും ഇവിടെ പഠിക്കുന്നുണ്ട്.

ഈയടുത്ത ദിവസം, എണ്‍പത്തിയെട്ടാം വയസ്സില്‍‍ നമ്മെ വിട്ടുപിരിഞ്ഞ ഫ്രാന്‍സിസ് മാര്‍‍പ്പാപ്പയുടെ കബറടക്കച്ചടങ്ങില്‍‍ അല്‍‍ അസ്ഹറിനെ പ്രതിനിധീകരിച്ച് ഉന്നതതല സംഘം തന്നെ പങ്കെടുത്തു. ഫ്രാന്‍സിസ് മാര്‍‍‍പ്പാപ്പ 2017ല്‍ കൈറോ സന്ദര്‍‍‍ശിച്ചപ്പോള്‍ അല്‍ അസ്ഹറിലെത്തുകയും ഗ്രാന്‍ഡ് ഇമാം ശെയിഖ് അഹമ്മദ് എല്‍ തയ്യെബിനെ കണ്ട് വിശദമായി സംസാരിക്കുകയും ചെയ്തിരുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍‍‍പ്പാപ്പ അല്‍ അസ്ഹറിലെത്തുന്നത്. 2019ല്‍ അബുദാബിയില്‍‍ വെച്ച് മാര്‍‍‍‍പ്പാപ്പയും ഗ്രാന്‍ഡ് ഇമാമും വീണ്ടും കണ്ടുമുട്ടിയിരുന്നു. അന്ന് അവര്‍‍‍‍ ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു.

അൽ അസ്ഹർ പള്ളിയിലെ ഗ്രാൻഡ് ഇമാമും ഫ്രാൻസിസ് മാർപാപ്പയും (നന്ദി: അൽ അഹ്‌റാം)

ഞങ്ങള്‍ അല്‍ അസ്ഹറിലെത്തുമ്പോള്‍, അവിടെ സ്ത്രീകളായ പഠിതാക്കള്‍ക്ക് പുരുഷനായ ഉസ്താദ് ഖുര്‍ ആന്‍ ക്ലാസെടുക്കുന്നത് നേരില്‍ കാണുകയുണ്ടായി. അൽ അസ്ഹർ പള്ളിയുടെ പ്രാർത്ഥനാമുറിയും പഠനവേദിയുമാണ് ഞങ്ങള്‍ സന്ദര്‍ശിച്ച ഹാളിലുള്ളത്‌. ഇവിടെ ഫോട്ടോ എടുക്കുന്നതിനോ കാഴ്ചകള്‍ കാണുന്നതിനോ വിലക്കുകളൊന്നുമില്ല. നിസ്ക്കാര സമയങ്ങളില്‍ അതിന്‍റേതായ മര്യാദകള്‍ പാലിക്കണമെന്നു മാത്രം. 1961ല്‍ പബ്ലിക് സര്‍വകലാശാലയായി മാറിയതോടെ മെഡിസിനും എഞ്ചിനീയറിംഗും ബിസിനസുമെല്ലാം അല്‍ അസ്ഹറിന്‍റെ സിലബസില്‍ ഉള്‍പ്പെടുത്തി. നഗരകേന്ദ്രത്തിലെ മുഖ്യ ആകര്‍ഷണമായ അല്‍ അസ്ഹര്‍ പള്ളിയ്ക്കു പുറമെ മറ്റ് വിശാലമായ ക്യാമ്പസുകളും ഈ സര്‍വകലാശാലയ്ക്കുണ്ട്. ഗ്രന്ഥശാലയും ഭരണ വിഭാഗവും മറ്റും ദറാസ ക്യാമ്പസിലാണ് പ്രവര്‍ത്തിക്കുന്നത്.

അൽ അസ്ഹർ മസ്ജിദിനുള്ളിൽ ജി പി രാമചന്ദ്രനും സംഘവും. പള്ളിക്കുള്ളിൽ മതപഠന ക്ലാസ് നടക്കുന്നത് പിന്നിൽ കാണാം.

പള്ളിയുടെയും മദ്രസ്സയുടെയും സമ്മിശ്രണമായ അല്‍ അസ്ഹര്‍ വിവിധകാല ശൈലികളുടെയും കാലങ്ങളുടെയും മുദ്രകള്‍ പതിഞ്ഞുകിടക്കുന്ന മഹത്തായ സ്മാരകമാണ്. പല കാലങ്ങളിലെ കൂട്ടിച്ചേര്‍ക്കലുകള്‍ പല ശൈലിയിലായതിനാല്‍ ഏതാണ് പ്രാചീനം ഏതാണ് ആധുനികം എന്ന് നിര്‍ണയിക്കാനാവില്ല. സുല്‍ത്താന്‍ ഖ്വയ്ത്തബെ ഗേറ്റിലൂടെയാണ് അല്‍ അസ്ഹറിന്റെ മുഖ്യ കൊത്തളത്തിലേയ്ക്ക് നാം പ്രവേശിക്കുക. മംലൂക്ക് സാമ്രാജ്യത്തിന്റെ കാലത്തുള്ള കൊത്തുപണികളാണ് കല്ലുകളിന്മേലുള്ളത്. അല്‍ അസ്ഹറിന്റെ പ്രധാന കവാടത്തിനു മുകളില്‍ മൂന്നു മിനാരങ്ങളാണുള്ളത്. അഖ്ബുഖാവിയ മദ്രസയെ അടയാളപ്പെടുത്തുന്നതും രണ്ടാമത്തേത് ഖ്വയ്ത്ത്‌ബേയുടേതും മൂന്നാമത്തേത്‌ സുല്‍ത്താന്‍ അല്‍ ഖുറി പണിതതുമാണ്. പത്താം നൂറ്റാണ്ടിലെ പ്ലാന്‍ അനുസരിച്ചുള്ള അളവുകളിലാണ് കൊത്തളം പണിതിട്ടുള്ളത്. ഇത് ഫാത്തിമി കാലത്തേതാണ്. എന്നാല്‍ അതിനു മുകളിലും ചുറ്റിലുമുള്ള അലങ്കാരങ്ങളെല്ലാം പില്‍ക്കാലത്തേതാണ്. 1751ല്‍ അബ്ദ് അല്‍ റഹ്മാന്‍ കത്ത്ഖൂദ അല്‍ അസ്ഹര്‍ സമുച്ചയം വിപുലീകരിക്കുന്നതിന് നിരവധി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുകയും മുമ്പുള്ളതിന്റെ ഇരട്ടിയോളം വലുതാക്കുകയും ചെയ്തു.
അല്‍ അസ്ഹറിന്റെ ചുറ്റുമുള്ള നിരവധി തെരുവുകളിലാണ് ഖാന്‍ അല്‍ ഖലീലി എന്ന പ്രസിദ്ധമായ നഗരകേന്ദ്ര വാണിജ്യം നടക്കുന്ന ജില്ല. (ഡിസ്ട്രിക്റ്റ് എന്നതിന്റെ പരിഭാഷയായാണ് ജില്ല എന്നിവിടെ പരാമര്‍ശിക്കുന്നത്. ഇന്ത്യയിലെ റവന്യൂ ജില്ലയുമായി ഇതിനെ താരതമ്യം ചെയ്യേണ്ടതില്ല. ഭരണ സൗകര്യത്തിനും നഗരനിയന്ത്രണത്തിനും മറ്റും വേണ്ടി തരംതിരിക്കുന്ന രീതിയാണിത്) ഭക്ഷണ ശാലകളും കാപ്പി, ശീതള പാനീയക്കടകളും പഴനീര്‍വില്പനശാലകളും വസ്ത്രക്കടകളും ആഭരണക്കടകളുമെല്ലാമുണ്ട്. കരകൗശല വസ്തുക്കളുടെയും പാരമ്പര്യത്തിന്റെയും മര്‍മ്മമാണ് ഖാന്‍ അല്‍ ഖലീലി. ഫാത്തിമികളുടെ കാലത്ത് നിര്‍മ്മിച്ച കൊട്ടാര സമുച്ചയത്തിന്റെയും ശവകുടീരങ്ങളുടെയും ഭാഗമായിരുന്നു ഖാന്‍ അല്‍ ഖലീലി. അക്കാലത്ത് ഇവിടേയ്ക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനവുമില്ലായിരുന്നു.

പല നൂറ്റാണ്ടുകളായി കൈറോയുടെ ഹൃദയമായി തുടിക്കുന്ന ഈ വലിയ മാർക്കറ്റിൻ്റെ (സൂക്ക്) വളരെ ചെറിയ ഭാഗത്തു കൂടി മാത്രമാണ് ഞങ്ങള്‍ക്ക് നടന്നു കാണാന്‍ സാധിച്ചത്. മൂന്നോ നാലോ ചതുരശ്ര കിലോമീറ്ററിൽ പരന്ന് വളർന്ന് പല തെരുവുകളായി നാഡിഞരമ്പുകൾ പോലെ കിടക്കുന്ന ഖാന്‍ അല്‍ ഖലീലിയില്‍ പ്രാചീന കാലം മുതല്ക്കുള്ള പല കാലങ്ങളുടെ മുദ്രകള്‍ പതിഞ്ഞുകിടക്കുന്നതു കാണാം. വിസ്മയകരമായ അലങ്കാരപ്പണികളുള്ള മരപ്പെട്ടികള്‍ ഖാന്‍ അല്‍ ഖലീലിയില്‍ വില്പനയ്ക്കു വെച്ചിട്ടുണ്ട്. പല വലിപ്പത്തിലുള്ളവയാണവ. മതാത്മകതയും മതാതീതത്വവും തമ്മിലുള്ള ഒരു സംവാദമാണ് ഈ മരാലങ്കാരപ്പണികള്‍ എന്നാണ് കൈറോയിലെ ഇസ്ലാമിക സ്മാരകങ്ങളെക്കുറിച്ച് വിശദപഠനങ്ങള്‍ നടത്തിയ കരോലിന്‍ വില്ല്യംസിന്റെ നിരീക്ഷണം.

വി കെ ജോസഫ് നിരീക്ഷിച്ചതു പോലെ, നമ്മുടെ കോഴിക്കോട് മിഠായിത്തെരുവുകൾ 100 എണ്ണം കൂടിച്ചേർന്നാൽ എങ്ങനെയുണ്ടാവും എന്ന് ആലോചിച്ചാൽ ഖാന്‍ അല്‍ ഖലീലിയുടെ സജീവത മനസ്സിലാകും. ഒഴുകിപ്പരക്കുന്ന ജനങ്ങൾ. തെരുവിൽ ഉച്ചത്തിലുള്ള സംഗീതവും ചിലയിടങ്ങളിൽ കേൾക്കാം. തെരുവിനെ കൂടുതൽ ഇടുങ്ങിയതാക്കിത്തീർക്കുന്ന കോഫി ഷോപ്പുകളുടെ കസേരകളും മേശകളും. ഇത്രയും ലൈഫുള്ള ഒരു തെരുവ് പല രാജ്യങ്ങളിലും സഞ്ചരിച്ചെങ്കിലും കണ്ടിട്ടില്ലെന്ന് ജോസഫ് പറഞ്ഞു. ഒട്ടും വെള്ളം ചേര്‍ക്കാത്ത പഴനീരുകളും അപ്പപ്പോള്‍ ചുട്ടെടുക്കുന്ന ഐഷും ഞങ്ങള്‍ക്കിവിടെ നിന്ന് കിട്ടി. ഈജിപ്തിലെ ഭക്ഷണ സവിശേഷതകളെക്കുറിച്ച് ഒരധ്യായം തന്നെ ഈ പരമ്പരയില്‍ എഴുതുന്നുണ്ട്. അപ്പോള്‍ അതിന്റെ സ്വാദുകള്‍ ഭാഷയിലേയ്ക്ക് കൊണ്ടു വരാം.

കുര്‍ദിഷ് ധീരപോരാളിയായ സലാഹുദ്ദീന്‍ അയ്യൂബി, ശിയാക്കളെ തുരത്തി ഈജിപ്തിനെ സുന്നി രാഷ്ട്രമാക്കി മാറ്റിയതോടെയാണ് ഖാന്‍ അല്‍ ഖലീലിയും ജനകീയമായത്. അതോടെ, കൈറോ ആഫ്രിക്കയുടെ വാണിജ്യകേന്ദ്രമായി മാറുകയും ചെയ്തു. അര്‍മേനിയക്കാരും ജൂതന്മാരും പാര്‍സികളും ഈജിപ്തുകാരല്ലാത്ത അറബികളുമായിരുന്നു ഖാന്‍ അല്‍ ഖലീലിയിലെ ആദ്യകാല കച്ചവടക്കാര്‍ എന്ന് ചരിത്രം രേഖപ്പെടുത്തി. കാലക്രമേണ ഈ അവസ്ഥ മാറുകയും ഭൂരിപക്ഷവും ഈജിപ്തുകാരായ കച്ചവടക്കാരുടെ അധീനതയിലേയ്ക്ക് കമ്പോളം മാറുകയും ചെയ്തു.

സ്വര്‍ണം, വെള്ളി ആഭരണങ്ങളൊഴിച്ച് സകലതും വിലപേശി വാങ്ങാം എന്നതാണ് മറ്റൊരാനന്ദം. ലുഖ്മാന് വിലപേശുന്നതിനോട് വലിയ യോജിപ്പില്ല. അതേ സമയം, എന്റെ സഹധര്‍മ്മിണിയ്ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കും ആവേശവുമാണ്. അങ്ങനെ അക്കാര്യവും നടന്നു. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ആദ്യത്തെ അറബി നോവലിസ്റ്റായ നജീബ് മഹ്ഫൂസ് സ്ഥിരമായി കാപ്പി കുടിച്ചിരുന്നതെന്ന് കരുതപ്പെടുന്ന ഒരു കട ഇതിനിടയിലുണ്ട്. അടുക്കാന്‍ വയ്യാത്ത തരത്തില്‍ തിരക്കാണ് നജീബ് മഹ്ഫൂസ് കോഫി ഷോപ്പ് എന്ന ആ കടയുടെ മുന്നില്‍. പാതയുടെ ഇപ്പുറം നിന്നാണ് ഞങ്ങള്‍ക്ക് ഒരു ഫോട്ടോ പോലും എടുക്കാനായത്.

ഖാന്‍ അല്‍ ഖലീലി എന്ന ശീര്‍ഷകത്തില്‍ നജീബ് മഹ്ഫൂസ് ഒരു നോവലുമെഴുതിയിട്ടുണ്ട്. 1946ലാണതെഴുതിയത്. 2008ല്‍ റോജര്‍ അലെന്‍ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തി. നജീബ് മെഹ്ഫൂസിനെക്കുറിച്ചും ഈ പരമ്പരയില്‍ ഒരധ്യായം എഴുതാനാലോചനയുണ്ട്.

സലാദിന്‍ (സലാഹുദ്ദീന്‍) കോട്ട എന്ന കൈറോവിലെ പ്രസിദ്ധമായ കോട്ടയാണ് ഞങ്ങള്‍ സന്ദര്‍ശിച്ച മറ്റൊരു പ്രധാന കേന്ദ്രം. മുഖാത്തം മലയില്‍ പ്രൗഢിയോടെ നിലക്കൊള്ളുന്ന സലാദിന്‍ കോട്ട, കൈറോയുടെ എന്നതു പോലെ ഈജിപ്തിന്റെയും സൈനിക/സൈനികേതര ഭരണസിരാകേന്ദ്രമായി എഴുനൂറ് വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു. 1176ല്‍ സലാഹുദ്ദീന്‍ അയൂബിയാണ് മർമപ്രധാനമായ ഈ കോട്ടയുടെ നിര്‍മ്മാണം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പേരില്‍ തന്നെയാണ് കോട്ട എല്ലാകാലങ്ങളിലും അറിയപ്പെടുന്നതും.

ഈജിപ്തിലെ സലാഹുദ്ദീൻ കോട്ട

ഈ കോട്ടയ്ക്കുള്ളിലാണ് അദ്ദേഹത്തിന്റെ അർദ്ധകായ‌/പൂർണ്ണകായ പ്രതിമകളുള്ളത്. ഈജിപ്തിന്റെയും സിറിയയുടെയും ആദ്യ സുൽത്താൻ ആയ സലാഹുദ്ദീന്‍ അയ്യൂബിയുടെ വീരസ്മരണ്യ്ക്കു മുന്നിൽ ആദരാഞ്ജലികളും ഐക്യദാർഢ്യവും സമർപ്പിക്കാന്‍ സാധിച്ചത് എന്റെ ജീവിതത്തിലെ മഹനീയമായ ഒരു സന്ദര്‍ഭമായി ഞാന്‍ കരുതുന്നു. കുർദു വംശജനാണ് സലാഹുദ്ദീന്‍ അയ്യൂബി എന്നതാണ് ഹൃദയത്തിന്റെ ഒരു പങ്ക് കുർദുകൾക്കായി കൊടുത്ത എനിയ്ക്ക് ആവേശമുണ്ടാക്കുന്ന യാഥാർത്ഥ്യം. സമീപനൂറ്റാണ്ടുകളിൽ എല്ലാ രാജ്യാധികാരങ്ങളിൽ നിന്നും അഭിമാനപൗരത്വങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടതിനാൽ രാജ്യമില്ലാത്ത രാഷ്ട്രമായി ഏകോപിക്കാനാകാതെ അലയുന്ന കുർദുകളുടെ ധീര ചരിത്രത്തിന്റെ കാലാതീത നേതൃരൂപമാണ് സലാഹുദ്ദീന്‍ അയ്യൂബി. ലോകമാകെയുള്ള കുർദുകൾക്കു വേണ്ടി സലാഹുദ്ദീന്‍ അയ്യൂബിയുടെ കാൽപ്പാദങ്ങളിൽ അഞ്ജലി അർപ്പിച്ചു.

ഖൈറു ജുനൂദിന്‍ ഫില്‍ അര്‍ദ്‌ അഥവാ ഭൂമിയിലെ ഏറ്റവും മികച്ച സൈനികപ്പോരാളി എന്ന് പ്രകീർത്തിക്കപ്പെടുന്ന സലാഹുദ്ദീന്‍ ആണ് കുരിശുയുദ്ധത്തിൽ മുസ്ലിം വിഭാഗത്തെ നയിച്ചു കൊണ്ട് ലെവന്റിനെ വിമോചിപ്പിച്ചത്. അയ്യൂബി സാമ്രാജ്യം തന്നെ അദ്ദേഹം സ്ഥാപിച്ചു. ഇറാഖിൽ ഇപ്പോൾ സലാദ്ദീൻ ഗവർണറേറ്റ് എന്നറിയപ്പെടുന്ന പ്രദേശത്താണ് അദ്ദേഹം ജനിച്ചത്. അതേ പ്രദേശത്താണ് സദ്ദാം ഹുസൈനും ജനിച്ചത്. സിറിയയിലെ വിശ്വ പ്രസിദ്ധമായ ദമാസ്കസ് ഉമയ്യദ് മസ്ജിദിലാണ് സലാഹുദ്ദീന്‍ അയ്യൂബിയെ ഖബറടക്കിയത്. ശിയാക്കളായ ഫാത്തിമികളുടെ ഭരണം അവസാനിപ്പിച്ച് പന്ത്രണ്ടാം നൂറ്റാണ്ടിൽ ആണ് സുന്നി മുസ്ലിം ആയ സലാഹുദ്ദീന്‍ അയ്യൂബി ഈജിപ്തിൽ അദ്ദേഹത്തിന്റെ സാമ്രാജ്യം ആരംഭിക്കുന്നത്.

സലാദിന്‍ കോട്ടയ്ക്കുള്ളില്‍, രാജാക്കന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മന്ത്രിമാരും സൈനികമേധാവികളുമടക്കമുള്ള പ്രമുഖ ഭരണാധികാരികള്‍ക്കും താമസിക്കാനുള്ള വീടുകളും കൊട്ടാരങ്ങളും ആപ്പീസുകളും കോടതികളും സൈനിക പരിശീലനമൈതാനികളും പൂന്തോട്ടങ്ങളും വാണിജ്യ കേന്ദ്രങ്ങളും പള്ളികളുമെല്ലാമുണ്ട്. ഈ കോട്ടയ്ക്കുള്ളിലും മികച്ച ഒരു മ്യൂസിയം പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്ലാമിക കാലഘട്ടത്തിലെ ഈജിപ്തിനെ മനസ്സിലാക്കാന്‍ ഈ മ്യൂസിയമാണ് പ്രയോജനപ്പെടുക.

 

(അടുത്ത ലക്കത്തില്‍: സൂയസ് കനാലും ഈജിപ്തിന്റെ ആധുനികതയും)


ഈ പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.