വികാരത്തിന്റെ റാണി – എലീസയുടെ മാസ്മരികമായ സംഗീതം (ഈജിപ്ത് യാത്രാ കുറിപ്പുകൾ #15)
പരിചിതമല്ലാത്ത പ്രാദേശികതയിലേയ്ക്കും സംസ്‌ക്കാരത്തിലേയ്ക്കും ഭാഷയിലേയ്ക്കും ചരിത്രത്തിലേയ്ക്കും യാത്ര ചെയ്യുന്ന അമ്പരപ്പായിരുന്നു ഈജിപ്തിലേയ്ക്ക് പോകുമ്പോഴുണ്ടായിരുന്നത്. തിരിച്ചുപോരുമ്പോഴാകട്ടെ, ഒരിക്കലും വിസ്മരിക്കാനാകാത്ത പല അനുഭൂതികളും എന്നെ പിന്തുടർന്ന് ബോധാബോധങ്ങളിൽ നിലയുറപ്പിയ്ക്കുകയും ചെയ്തു. അറബ് പോപ് സംഗീതത്തിന്റെ മാസ്മരികത അത്തരത്തിലൊരു അനുഭവമാണ് പകർന്നു തന്നത്. മുമ്പും നാം അറബ് സംഗീതം പലനിലയ്ക്കും കേട്ടിട്ടുണ്ട്. എന്നാൽ, ഈജിപ്തിൽ യാത്ര ചെയ്യുകയും ഏതാനും ദിവസം താമസിക്കുകയും ചെയ്യുമ്പോൾ, അവിടത്തെ ജനപ്രിയതയെ നിർണയിക്കുന്ന ഘടകങ്ങൾ അതിൽ തന്നെ പോപ് സംഗീതം ഏത് എന്നത് നാം നേരിട്ട് കേട്ടറിയും. അങ്ങിനെയാണ് എലീസ എന്ന സംഗീത വിസ്മയത്തെയും ഞാൻ പരിചയപ്പെട്ടത്.
ടാക്‌സിയിലെ എഫ് എം സ്പീക്കറിൽ നിന്ന് കേട്ടിരുന്ന മാസ്മരികമായ സംഗീതം ആരുടേതാണ് എന്ന് ഡ്രൈവറായിരുന്ന മംദൂഹിനോട് ചോദിക്കാനിരിക്കുകയായിരുന്നു. സിവായിലെ റിസോർട്ടിലെത്തിയപ്പോൾ അവിടത്തെ റിസപ്ഷനിലും ഇതേ ശബ്ദം കേട്ടപ്പോഴാണ് ഗായിക ആരെന്ന് അദ്ദേഹത്തോട് എടുത്തു ചോദിച്ചത്. എലീസ എന്ന ഉത്തരം ലഭിച്ചു.എലീസ ലെബനൻ കാരിയാണ്. അറബ് പോപ്പ് സംഗീതത്തിന്റെ പ്രഭവകേന്ദ്രങ്ങളിൽ ഒന്നാം സ്ഥാനം കൈറോയ്ക്കാണ്. ബെയ്‌റൂത്തി(ലെബനൻ)നാണ് രണ്ടാം സ്ഥാനം.

അറബ് ദേശീയത എന്നത് ഒറ്റ സംയുക്ത രാഷ്ട്രമായി സ്ഥാപിക്കപ്പെടാനുള്ള സകല സാധ്യതകളും ഇല്ലാതായി എന്ന് ഇതുവരെയുള്ള ചരിത്രം വെച്ച് നമുക്ക് അനുമാനിക്കാം. ഐക്യ അറബ് റിപ്പബ്ലിക്ക് സ്ഥാപിക്കപ്പെട്ടപ്പോൾ അതിലുദ്ദേശിച്ചിരുന്ന എല്ലാ രാജ്യങ്ങളെയും ഉൾപ്പെടുത്താൻ സാധിച്ചില്ലെന്നതു പോകട്ടെ, ഉണ്ടായിരുന്ന സിറിയയും ഗാസയും അടക്കം വിട്ടുപോകുകയും ചെയ്തു. സിറിയയിലും മറ്റൊരു ആധുനിക അറബ് രാഷ്ട്രമായ ഇറാഖിലുമെല്ലാം ആഭ്യന്തര കലഹങ്ങൾ രൂക്ഷമാണ്, അറബും അറബല്ലാത്തവരുമായ വ്യത്യസ്ത സ്വത്വങ്ങൾ തമ്മിലും മറ്റുമുള്ള സംഘർഷങ്ങൾ ആണവിടെയെല്ലാമുള്ളത്. ഈ പശ്ചാത്തലത്തിൽ; സംസ്‌ക്കാരത്തിന്റെ മേഖലയിലുള്ള ഐക്യവും വൈവിധ്യവും വിനിമയങ്ങളും സമന്വയങ്ങളും മാത്രമാണ് നമുക്ക് കാണാനും അനുഭവിക്കാനും പ്രതീക്ഷിക്കാനും സാധിക്കുകയുള്ളൂ. അതിൽ സംഗീതത്തിന്റെ സ്ഥാനം പരമപ്രധാനവുമാണ്.
പ്രാദേശികവും ദേശീയവും ഉപദേശീയവുമായ സംസ്‌ക്കാരത്തെ നിർണയിക്കുകയും ഉൾവഹിക്കുകയും വെളിപ്പെടുത്തുകയും ചെയ്യുന്നതിൽ സംഗീതത്തിനുള്ള പങ്ക് സുവിദിതമാണ്. മുഴുവൻ തദ്ദേശവാസികളുടെയും വിശിഷ്യാ യുവാക്കളുടെയും ആന്തരികവും ബാഹ്യവുമായ ജീവിത ശൈലിയെയും ഇഷ്ടങ്ങളെയുമെല്ലാം സംഗീതം പ്രതിനിധാനം ചെയ്യുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. എത്ത്‌നോ പോപ്പ് വിഭാഗത്തിൽ പെടുത്തി കേൾക്കേണ്ടതാണ് അറബ് പോപ്പ് സംഗീതവും. അറബ് ഭാഷയും സംസ്‌ക്കാരവും നിലനില്ക്കുന്ന ഈജിപ്ത്, ലെബനൻ, പലസ്തീൻ, ജോർദാൻ, സിറിയ, ഇറാഖ്, സൗദി അറേബ്യ, യു എ ഇ, കുവൈത്ത്, ഖത്തർ, യമൻ, ബഹറിൻ, അൾജീരിയ, ലിബിയ, മൊറോക്കോ, ഒമൻ, സുഡാൻ, ടുണീഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിൽ അറബി ആണ് പ്രധാന ഭാഷ. മറ്റെല്ലാ വൈജാത്യങ്ങളെയും അതിജീവിച്ചുകൊണ്ട് അറബ് പോപ് സംഗീതത്തിന് അതിർത്തികൾ ഭേദിച്ചുകൊണ്ട് ഈ രാഷ്ട്രങ്ങളിൽ ജനപ്രിയത സൃഷ്ടിക്കാനും വികസിപ്പിക്കാനും സാധിച്ചിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങളിൽ പ്രചാരത്തിലുള്ള ഖലീജി പോപ് സംഗീതത്തിൽ നിന്ന് ചില വ്യത്യസ്തതകളുള്ളതാണ് ഈജിപ്തിലും ലെബനനിലും ഉരുവം കൊള്ളുന്ന അറബ് പോപ്പ് സംഗീതം. പാശ്ചാത്യ സംഗീത ഉപകരണങ്ങളും മിഡിൽ ഈസ്റ്റിലെ പരമ്പരാഗത ഉപകരണങ്ങളും ഇതിൽ ഉപയോഗിക്കുന്നുണ്ട്. പ്രണയവും ഭക്തിയും വിഷാദവും കാത്തിരിപ്പും പിണക്കവും എല്ലാം വരികളിൽ കടന്നു വരും. കിഴക്കിന്റെ താരം (കവ്ക്കാബ് എൽ ഷാർഖ്) എന്ന പ്രശസ്തി-ശീർഷകം ലഭിച്ചിട്ടുള്ള ഉമ്മു കുൽസും(1904-1975) പോലുള്ള പാട്ടുകാരും അവതാരകരും എല്ലാം ആധുനിക അറബ് പോപ്പ് സംഗീതത്തെ പ്രചാരത്തിന്റെ കൊടുമുടികളിലെത്തിച്ചു.
ഉമ്മു കുൽസുമിനു പുറമെ അബ്ദെൽ ഹലീം ഹാഫെസിന്റെയും തലമുറയെ അർബൻ ക്ലാസിക് ആർട് വിഭാഗ(മ്യൂസിക്ക് അൽ തരാബ്)ത്തിലാണ് അടയാളപ്പെടുത്താറ്. പ്രാദേശികത്വമുണ്ടായിരിക്കെ തന്നെ പാശ്ചാത്യ സ്വാധീനം പ്രകടമായ മ്യൂസിക്ക ജദീദ് (അറബ് പോപ്) വിഭാഗത്തിൽ അലൻ മറിയം, ഹൊവാർഡ് ബെക്കർ,റേസി, ടാഗ്, ഫ്രിത്ത്, കെർമാൻ, ക്രാമർ, തുടങ്ങി നിരവധി ഗായകർ ഉൾപ്പെടുന്നു.
ഇസ്ലാം മതപശ്ചാത്തലത്തിന്റെ പ്രബലസ്വാധീനം നിലനിന്ന ഒരു കുടുംബാന്തരീക്ഷമായിരുന്നു ഉമ്മു കുൽസുമിന്റേത്. വിശുദ്ധ ഖുർ ആൻ സംഗീതാത്മകമായി പാരായണം ചെയ്യുക എന്നത് മുസ്ലിം മത വിശ്വാസികൾക്കിടയിൽ പ്രചാരത്തിലുള്ള രീതിയാണ്. പിതാവിൽ നിന്ന് ഖുർ ആൻ സംഗീതാത്മകമായി പാടാനുള്ള പരീശീലനം സിദ്ധിച്ച ഉമ്മു കുൽസും കിതാബ് മുഴുവനും കാണാപ്പാഠമാക്കിയിരുന്നു. ഈജിപ്തിന്റെ നാലാമത്തെ പിരമിഡ് എന്നു പോലും ഉമ്മു കുൽസും വിളിക്കപ്പെട്ടിരുന്നു. 1975ൽ ഉമ്മു കുൽസും അന്തരിച്ചപ്പോൾ നടത്തിയ വിലാപയാത്രയിൽ നാല്പതു ലക്ഷം പേരാണ് പങ്കെടുത്തത്. പ്രസിഡണ്ട് ജമാൽ അബ്ദെൽ നാസറുടെ വിലാപയാത്രയിൽ പങ്കെടുത്തവരിലും കൂടുതലായിരുന്നു ഇത്. 1934ൽ റേഡിയോ കൈറോ പ്രക്ഷേപണം ആരംഭിച്ചപ്പോൾ ആദ്യമായി പാടിയത് ഉമ്മു കുൽസും ആയിരുന്നു. പിന്നീട് നാല്പതു വർഷത്തോളം തുടർച്ചയായി കൈറോ റേഡിയോ സ്‌റ്റേഷനിൽ മാസം തോറും മുടക്കമില്ലാതെ അവരുടെ കച്ചേരി പ്രക്ഷേപണം ചെയ്തു.

ഉമ്മു കുൽസുമിന്റെ പാട്ടുവഴികളിലൂടെ വികസിച്ച അറബ് ജനപ്രിയ സംഗീതത്തിന്റെ സഞ്ചാരത്തെക്കുറിച്ചറിയണമെങ്കിൽ നജീബ് മെഹ്ഫൂസിന്റെ മിഠായിത്തെരുവി(ഷുഗർ സ്ട്രീറ്റ്)ൽ നിന്നുള്ള ഈ ഭാഗം വായിച്ചാൽ മതി. “‘സുന്ദരമായ പഴയ കാലത്തെ സഖാക്കളേ’ എന്ന ഗാനം റേഡിയോയിലൂടെ ഒഴുകി എത്തിക്കൊണ്ടിരിക്കുന്നത് പുകവലിച്ചുകൊണ്ട് കേട്ടിരിക്കുകയാണ് ആയിശ. പണ്ടേ ഈ ഗാനം അവൾക്ക് ഇഷ്ടമാണ്. പാട്ടുകളോടുള്ള ഇഷ്ടത്തെ അവളുടെ ദു:ഖവും നിരാശയുമൊന്നും നശിപ്പിച്ചിട്ടില്ല. എന്നല്ല ഗാനങ്ങളുടെ ശോകാത്മകവും വിഷാദം തുളുമ്പുന്നതുമായ വരികൾ അവയോടുള്ള താല്പര്യം വർദ്ധിപ്പിച്ചിട്ടേ ഉള്ളൂ. —–അമീന ഉമ്മയ്ക്കാകട്ടെ ഇത്തരം ഗാനങ്ങൾ ഇഷ്ടമേയല്ല. ഖുർ ആൻ സൂക്തങ്ങളും വാർത്തകളും പ്രക്ഷേപണം ചെയ്യുന്നത് കേൾക്കാമെന്നതു കൊണ്ടു മാത്രമാണ് അവർക്ക് റേഡിയോ ഇഷ്ടമുള്ളതു തന്നെ. എന്നാൽ ഈ ദു:ഖാർദ്രമായ ഗാനങ്ങൾ കേൾക്കുന്നത് അവർക്ക് വല്ലായ്മ സൃഷ്ടിക്കും. ഇവയുടെ സ്വാധീനം തന്റെ മകളിലുണ്ടാക്കുന്ന പ്രത്യാഘാതത്തെക്കുറിച്ചുള്ള ആധിയായിരിക്കും അവരുടെ മനസിലാകെ. ഒരു ദിവസം അമീന ഉമ്മ ഹനഫിയോട് ചോദിക്കുക പോലും ചെയ്തു; ‘ഈ പാട്ടുകൾ കേട്ടാൽ മരണവീടുകളിലെ വിലാപം പോലെ തോന്നുന്നില്ലേ നിനക്ക്?’ (പരിഭാഷ ഡോ.എൻ. ഷംനാദ്/ഗ്രീൻ ബുക്‌സ്)
വിപ്ലവത്തിനു മുമ്പും പിമ്പും ഈജിപ്തിലെല്ലാവർക്കും സ്വീകാര്യയായിരുന്നു ഉമ്മു കുൽസും. വിപ്ലവത്തിനു മുമ്പുള്ള കാലത്ത് ഫറൂഖ് രാജാവിനു വേണ്ടി ഉമ്മു കുൽസും പാടിയിരുന്നതിനാൽ, വിപ്ലവാനന്തരം അവരെ ഈജിപ്ഷ്യൻ സംഗീതജ്ഞരുടെ സംഘടന തള്ളിപ്പറഞ്ഞു. റേഡിയോവിൽ അവരുടെ ഗാനങ്ങൾ വിലക്കുകയും ചെയ്തു. ഇതറിഞ്ഞ പ്രസിഡണ്ട് നാസറാണ് ആ നിരോധനം നീക്കിയത്. ‘നിങ്ങളെന്താണ് ചെയ്യുന്നത്, ഈജിപ്തിനെ നമുക്കെതിരാക്കുകയാണോ?’ എന്നാണദ്ദേഹം ചോദിച്ചത്. ഈജിപ്തിന്റെ പര്യായം തന്നെയായിരുന്നു ഉമ്മു കുൽസും എന്നു ചുരുക്കം.
പ്രസിഡണ്ട് നാസർ അദ്ദേഹത്തിന്റെ ജനപ്രിയത വർദ്ധിപ്പിക്കാൻ അവരുടെ പാട്ടുകളെ ആശ്രയിച്ചിരുന്നു. റേഡിയോവിൽ അവരുടെ കച്ചേരിയുടെ സമയം കഴിഞ്ഞ ഉടനെ നാസറിന്റെ പ്രഭാഷണങ്ങളും സുപ്രധാനമായ സർക്കാർ അറിയിപ്പുകളും പ്രക്ഷേപണം ചെയ്യുക, അവർ പാടിയ വല്ലാഹി സമൻ യാ സിലാഹി എന്ന പാട്ട് ദേശീയ ഗാനമായി സ്വീകരിക്കുക എന്ന രീതികളെല്ലാം അദ്ദേഹം അവലംബിച്ചു. വിഖ്യാത അറബ് കവിയായ അഹ്‌മ്മദ് ശൗഖിയുടെ അടക്കം പല രചനകളും അവർ പാടി കൂടുതൽ പൊലിപ്പിച്ചു. സോഷ്യലിസ്റ്റുകളുടെ ഇമാം എന്ന് മുഹമ്മദിനെ വിശേഷിപ്പിച്ച വരികളടക്കം ഇവയിലുണ്ടായിരുന്നു. അൽഫ് ലൈല വ ലൈല എന്ന പാട്ട് കാലങ്ങളെ അതിജീവിച്ച് ഇപ്പോഴും ജനപ്രീതി വൻതോതിൽ നിലനിർത്തുന്നു. ഐസിസ് ദേവതയെ ഓർമ്മിപ്പിക്കുന്ന എൽസെത്ത് എന്ന ശീർഷകവും അവരെ സൂചിപ്പിക്കാൻ ഈജിപ്തുകാർ ഉപയോഗിച്ചിരുന്നു. 2001ൽ അവരുടെ മ്യൂസിയം കൈറോവിൽ ആരംഭിച്ചു. സമാലെക്കിൽ അവരുടെ ആദ്യഗൃഹത്തിനു മുമ്പിൽ അവരുടെ പ്രതിമയുമുണ്ട്.
കൈറോവിൽ അനവധി കഫേകൾ ഉമ്മു കുൽസുമിന്റെ പേരിലുണ്ട്.

റൊമാൻസാണ് അറബ് പോപ്പിന്റെ ഇഷ്ട പ്രമേയങ്ങളിലൊന്ന്. ഹബീബി (എന്റെ പ്രിയേ/പ്രിയാ), ഖൽബി (എന്റെ മധുരഹൃദയമേ) എന്നീ പദങ്ങൾ നിരന്തരം ആവർത്തിക്കുന്നതു കേൾക്കാം. ലൈംഗികതയുടെയും മദ്യത്തിന്റെയും പരാമർശങ്ങൾ പൊതുവേ പാട്ടുകളിൽ കടന്നു വരാറില്ല. അതേസമയം രാഷ്ട്രീയം ഒഴിവാക്കാറുമില്ല. സമകാലികരായ പാട്ടുകാരിൽ എലീസ പ്രധാനപ്പെട്ട പ്രശ്‌നങ്ങളായ സ്ത്രീകളുടെ അവകാശങ്ങൾ, ഗാർഹികാതിക്രമങ്ങൾക്കെതിരായ പ്രതിരോധം, മാനസികാരോഗ്യം എന്നിവയെല്ലാം അവരുടെ പാട്ടുകളിൽ ഉൾപ്പെടുത്തുന്നു. അറബ് നാട്ടുകൾക്കു പുറത്ത് യൂറോപ്പിലും ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലും അമേരിക്കയിൽ പോലും അറബ് പോപ്പിന്റെ ആരാധകർക്ക് പഞ്ഞമില്ല.
അമർ ദയാബ്, മൊഹമ്മദ് ഫൗദ്, അംഖാം, ഷെറിൻ, നവാൽ അൽ സോഖ്ബി, വഈൽ ഫോറി, അസ്സി എൽ ഹല്ലാനി, ഡയാന ഹദ്ദാദ്, തുടങ്ങി എലീസയെ പോലെ പ്രസിദ്ധരായ അനേകം പാട്ടുകാർ അറബിക് പോപ്പ് രംഗത്തുണ്ട്. എലീസയുടെ പാട്ടിന്റെ ശൈലിയും ശബ്ദത്തിന്റെ ആഴവും ജീവിതവും ഈജിപ്തിൽ നിന്നുള്ള യാത്രയ്ക്കു ശേഷവും എന്നെ പിന്തുടർന്നു കൊണ്ടേ ഇരിക്കുന്നു. ഇറ്റ്‌സ് ഓക്കേ എന്ന എലീസയുടെ ജീവിതം പറയുന്ന ഡോക്കുമെന്ററി നെറ്റ്ഫ്‌ളിക്‌സിൽ നിന്ന് കാണുകയും ചെയ്തു.
ലെബനൻ എന്നു കേൾക്കുമ്പോൾ, ആന്തരിക രാഷ്ട്രീയ സംഘർഷങ്ങളുടെയും നിരന്തരമായ മരണഭീതിയുടെയും ഒരു സ്ഥലരാശിയാണെന്നാണ് നമുക്ക് തോന്നുക. എന്നാൽ, അതേ പ്രദേശം, രാഷ്ട്രം, സംസ്‌ക്കാരം എന്നിവ പ്രത്യാശയുടെ പര്യായമായി മാറുന്നത് എലീസയുടെ സംഗീതത്തിലൂടെ നാം അനുഭവിക്കും. തൊണ്ണൂറ്റഞ്ച് ശതമാനം അറബ് ഭാഷ സംസാരിക്കുന്നവരുള്ള ലെബനനിൽ അമ്പത്തിമൂന്ന് ശതമാനം മുസ്ലിങ്ങളും നാല്പത്തി ഒന്ന് ശതമാനം ക്രിസ്ത്യാനികളും അഞ്ച് ശതമാനം ദ്രൂസുകളുമാണുള്ളത്. മുസ്ലിങ്ങളിലാകട്ടെ ഇരുപത്തേഴ് ശതമാനം വീതം പേർ ശിയാക്കളും സുന്നികളും ശേഷിച്ചവർ അലവൈറ്റുകളുമാണ്. ക്രിസ്ത്യാനികളിൽ ഭൂരിപക്ഷം കത്തോലിക്കരും ശേഷിച്ചവർ ഓർത്തഡോക്‌സും അർമേനിയനും പ്രൊട്ടസ്റ്റന്റുമെല്ലാമാണ്. ഇത്തരത്തിലുള്ള സംസ്‌ക്കാരങ്ങളുടെയും മതവിശ്വാസങ്ങളുടെയും ഒരു നാൽക്കവലയാണ് ലെബനൻ. പലസ്തീന്റെ തൊട്ട് കിടക്കുന്നതുകൊണ്ട് നിരവധി അഭയാർത്ഥിക്യാമ്പുകളിലായി ലക്ഷക്കണക്കിന് പലസ്തീനികൾ ഇവിടെ താമസിക്കുന്നു. ഇവർക്ക് കുറഞ്ഞ പൗരാവകാശങ്ങളേ ഉള്ളൂ.
എലീസ അറബ് ലോകത്തിനകത്ത്, ലെബനണിന്റെയും സംഗീതാഹ്ലാദത്തിന്റെയും ജീവിതാഭിവാഞ്ഛയുടെയും സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും രാഷ്ട്രീയമായ ശരികളുടെയും പ്രതീകമാണ്. പാശ്ചാത്യ രാജ്യങ്ങളടക്കമുള്ള അറബേതര ലോകത്താകട്ടെ, അറബ് ജനതയുടെ അതിജീവനത്തിന്റെയും മഹത്തായ അറബ് പാരമ്പര്യത്തിന്റെയും പ്രതിനിധാനവും.
ജീവിതത്തിലെ ഏറ്റവും മനോഹരമായ വർഷങ്ങൾ ഞാൻ നിനക്കുവേണ്ടിയാണ് ജീവിക്കുന്നത്
എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം. ഓ എന്റെ കണ്ണുകളുടെ തിളക്കമേ
എന്റെ ഹൃദയത്തിൽ, ഓ വിലയേറിയ, ആഗ്രഹമുണ്ട് നിന്റെ പ്രണയത്തിന്റെ ആദ്യ ദിവസം മുതൽ അഭിനിവേശവും എന്റെ സ്വപ്നം നിന്നോടൊപ്പമായിരുന്നു എന്റെ ജീവിതത്തിലെ ഒരു ദിവസമെങ്കിലും
(അയഷലാക്ക് എന്ന എലീസയുടെ പ്രശസ്തമായ ആൽബത്തിന്റെ വരികൾ) സാമൂഹ്യ അനീതി, വിവേചനം, പിതൃ അധികാരം, കുടുംബത്തിൽ നിന്നുള്ള വേർപെടൽ എന്നിങ്ങനെ നിരവധി വൈകാരികാഘാതങ്ങൾക്ക് വിധേയയായവരാണ് എലീസ. അടുത്തെത്തിയ മരണത്തെപ്പോലും അതിജീവിച്ചവൾ, വീഴ്ചയിൽ നിന്ന് കുടഞ്ഞെഴുന്നേറ്റവൾ, എലീസയുടെ ജനപ്രിയവിജയങ്ങളെ ആദരവോടെയും ആഹ്ലാദത്തോടെയും കാണുന്നവർ ലോകത്തെമ്പാടുമുണ്ട്. ഗാർഹികാതിക്രമത്തിനെതിരെയും എലീസ പാടുകയും വീഡിയോ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ലെബനീസുകാരിയും ക്രിസ്ത്യാനിയുമാണ് ഞാൻ, എല്ലാവരുടെയും ജനാധിപത്യാവകാശത്തിനു വേണ്ടിയും ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയും ഞാൻ നിലകൊള്ളുന്നു എന്ന് എലീസ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ, ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന ആക്രമണങ്ങളെ എലീസ തുറന്നു കാട്ടി, തള്ളിപ്പറഞ്ഞു. സ്തനാർബുദത്തെ അതിജീവിച്ചതിനു ശേഷം അതു സംബന്ധമായ ബോധവത്ക്കരണത്തിനും എലീസ മുന്നിട്ടിറങ്ങി. ഗാസയിലെ പലസ്തീൻ വംശജരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് എലീസ പറയുന്നു: നീതിരാഹിത്യം അവസാനിപ്പിക്കാൻ നിങ്ങൾക്ക് സാധിച്ചേക്കില്ല, അതെല്ലാവരോടും തുറന്നു പറയുകയെങ്കിലും ചെയ്യൂ (2023). 2024ൽ സ്വീഡനിൽ നടത്തിയ സ്റ്റേജ് ഷോയിൽ പലസ്തീനിയൻ കഫിയ തലയിലണിഞ്ഞും പലസ്തീന്റെ കൊടി പറപ്പിച്ചും എലീസ തന്റെ രാഷ്ട്രീയം വ്യക്തമാക്കി. മുപ്പതിനായിരം കാണികളുണ്ടായിരുന്ന ആ സദസ്സിൽ അവർ ഇസ്രയേലിന്റെ മനുഷ്യത്വവിരുദ്ധ അതിക്രമങ്ങൾക്കെതിരെ സംസാരിച്ചു.

സ്വീഡനിൽ താമസിക്കുന്ന ലെബനീസ് വംശജനായ മഹെർ സൈൻ പ്രധാനമായും ഇസ്ലാമിക പ്രമേയങ്ങളുള്ള ഗാനങ്ങളാണ് ആലപിക്കുന്നത്. താങ്ക് യൂ അള്ളാ എന്ന ആൽബം വളരെ പ്രസിദ്ധമാണ്.
(അടുത്ത ലക്കത്തിൽ: സിനിമാറ്റിക് കൈറോ)
ഈ പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.





