A Unique Multilingual Media Platform

Articles Cinema

കളങ്കാവലിന്റെ വിഷ ദർശനം

  • December 6, 2025
  • 1 min read
കളങ്കാവലിന്റെ വിഷ ദർശനം
സാത്താൻ വിശുദ്ധന്റെ വേഷമണിയുന്നു. പഞ്ചാര വാക്കുകൾ മൊഴിയുന്നു. നല്ല ഭാവിയുടെ സ്വപ്നം നൽകുന്നു. ഹൃദയം കവരുന്നു. ഒടുവിൽ മുഖാവരണം മാറ്റി പ്രലോഭനത്തിൽ വീണവരെ ഇരയാക്കുന്നു. ഇരയെ ഞെക്കിക്കൊല്ലുമ്പോൾ സാത്താന്റെ കൈകൾ വിറയ്ക്കുന്നില്ല. സ്നേഹവിശുദ്ധന്റെ പരിവേഷണമണിഞ്ഞ സാത്താന്റെ മുഖഭാവത്തിനിടയിൽ മിന്നലൊളിപ്പോലെ തിന്മ കടാക്ഷിക്കുന്നതു കാണാം. ദ്വന്ദ്വമാന ഭാവം ഉള്ളിൽ പേറുന്ന കൊടുംവിഷത്തിന്റെ ആവിഷ്ക്കാരമാണ് അത്. തന്റെ തന്നെ ഹിംസ്രാത്മകമായ ഭാവാവിഷ്ക്കാരങ്ങളിൽ ആത്മനിർവൃതിക്കൊള്ളുന്ന സാഡിസ്റ്റ് കഥാപാത്രത്തിനു തന്മത്വമാർന്ന വ്യഖ്യാനം നൽകിയിരിക്കുന്നു മമ്മൂട്ടി. ചെറിയൊരു ഇടവേളയ്ക്കുശേഷം സിനിമയിലേക്ക് തിരിച്ചുവന്നിരിക്കുന്ന മമ്മൂട്ടി അഭിനയത്തിന്റെ അഗ്രസീമകളെ സ്പർശിക്കുന്ന അനുഭവമാണ് കാഴ്ചവെക്കുന്നത്.

കളങ്കാവലിന്റെ ഇതിവൃത്തം പറയത്തക്കതൊന്നുമല്ല. ഒരു സീരിയൽ കില്ലർ. വിധവകളും വിവാഹംകഴിയാതെയുള്ള പ്രായമായിക്കൊണ്ടിരിക്കുന്നവരും അല്ലെങ്കിൽ വിവാഹമോചിതരുമായ സ്ത്രീകളാണ് അയാളുടെ ഇരകൾ. എത്രയോ സീരിയയിൽ കില്ലർ ചിത്രങ്ങൾ കണ്ടിരിക്കുന്നു. ഇതിൽ നിന്നും കളങ്കാവലിനെ വേറിട്ടുനിറുത്തുന്നത് മമ്മൂട്ടിയുടെ കഥാപാത്രസൃഷ്ടിയാണ്.അതു മാത്രമല്ല, നത്തു എന്ന പോലീസുകാരൻ കഥാപാത്രത്തിലൂടെ വിനായകൻ പെരുപ്പിക്കുന്ന സിനിമാറ്റിക്‌ ടെൻഷനിലൂടെയുമാണ്. നേർരേഖീയമായ ആഖ്യാനത്തിനുപകരമായി വെബ്സീരിസിന്റെ ഘടനയിൽ എപ്പിസോഡിക്ക് പ്രതിപാദനം ഇതിവൃത്തപരമായ ഘർഷണത്തിനും
കഥാപാത്രങ്ങൾ തമ്മിൽ തമ്മിലുമുള്ള സംഘർഷത്തെ ഉയർത്തിക്കൊണ്ടുവരാനും സാധിച്ചതുക്കൊണ്ടാണ്.

ഒരു സീരിയൽ കില്ലർ ട്രാക്കിങ്ങിനപ്പുറം ഇതിവൃത്തത്തെ വികസിപ്പിക്കാനായത് മമ്മൂട്ടിയുടെ കഥാപാത്രത്തിന് നൽകിയ ട്വിസ്റ്റുവഴിയാണ്. സിനിമ പുറത്തിറങ്ങി രണ്ടു ദിവസം പോലുമാകാത്തപ്പോൾ ട്വിസ്റ്റിന്റെ വിശദമാംശങ്ങളിലേക്ക് പോകുന്നില്ല. എങ്കിലും, നിയമവും ക്രൈമും തമ്മിലുള്ള സങ്കീർണ ഇടപഴകലുകളെയും അതേസമയമുള്ള വൈരുധ്യത്തെയും ആവിഷ്‌ക്കരിക്കുക വഴി സിനിമയുടെ ക്ലൈമാറ്റിക് നിമിഷം വരെ ഉദ്വേഗത്തെ നിലനിർത്താനാകുന്നുണ്ട്. ഇതൊരു മികച്ച തിരക്കഥാ രചനയുടെ സവിശേഷതയാണ്.

മമ്മൂട്ടി അവതരിപ്പിക്കുന്ന സൈക്കോപാത് കഥാപാത്രം രോഗഗ്രസ്തമായ മനസ്സിന്റെ എല്ലാ സങ്കീർണതകളെയും ആവിഷ്ക്കരിക്കുന്നു.  പൊതുസമൂഹത്തിനു മുമ്പാകെ പ്രകടിപ്പിക്കുന്ന സന്നിഗ്ദ്ധതയെയും എന്നാൽ ഒരു പിഴവും വീഴാതെയുള്ള സാധാരണ പെരുമാറ്റത്തെയും ഈ കഥാപാത്രം പ്രകടമാക്കുന്നു. മലയാളിയും തമിഴനും ഇടകലരുന്ന കഥാപാത്രം. തെക്കൻ തിരുവതാംകൂർ ഭാഷാശൈലി മമ്മൂട്ടിയുടെ കഥാപാത്രത്തിനു മിഴിവ് നൽകുന്നു.

ലൈംഗിക സൈക്കോപാത്തുകൾ കടുത്ത ആത്മവിശ്വാസമുള്ളവരാണ്. ഒറ്റയ്ക്കാണ് അവരുടെ നീക്കങ്ങളത്രയും. കബളിപ്പിക്കുന്നതിലാണ് ഇരയെ കൊലപ്പെടുത്തുന്നതിനേക്കാൾ അവർ ആഹ്ളാദം കണ്ടെത്തുന്നത്. സൈക്കോപാത്‌ കഥാപാത്രത്തിന്റെ മനോഘടനയിലേക്ക് വെളിച്ചംവീശിക്കൊണ്ടു സിനിമയിൽ വിനായകൻ പങ്കുവെയ്ക്കുന്ന നീരീക്ഷണം ഇരയെ കൊല്ലുന്ന വേളയിൽ അയാൾ അവിടെ ഉണ്ടാകണമെന്നില്ല എന്നാണ്. ഇരയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യം പൂർത്തീകരിച്ചാൽ മതിയെന്നാണ്. മരണം സംഭവിച്ചുവെന്നു അയാൾ പത്രവാർത്തയിലൂടെ സ്ഥീരീകരിക്കുന്നു. മാത്രമല്ല, അയാളുടെ കൈകളിൽ നിന്നും ഏതെങ്കിലും വിധം രക്ഷപ്പെട്ടൊരു സ്ത്രീയെ പിന്നീട് അന്വേഷിച്ചു കൊല്ലുന്ന ശീലവും അയാൾ പിന്തുടരുന്നില്ല. മനോവൈകൃതത്തിന്റെ തീവ്രതയനുസരിച്ചു ഇരയുടെ ശരീരത്തെ ബീഭത്സമാക്കുന്ന വിധത്തിൽ പ്രതികാരബുദ്ധി ഇയാൾ കാണിക്കുന്നില്ല. ലൈംഗിക ഇരപ്പിടുത്തുകാരുടെ മനോവൈകൃതങ്ങളാണ് സീരിയൽ കില്ലർ ചിത്രങ്ങളിലെ ഭയപ്പെടുത്തുന്ന രംഗങ്ങൾ. അതിലേക്കൊന്നും പോകാതെ സൈക്കോപാത്തിന്റെ മാനസിക പ്രവർത്തനത്തെയാണ് കളങ്കാവൽ പിന്തുടരുന്നത്. കളങ്കാവൽ എന്ന ടൈറ്റലിൽ തന്നെയുണ്ട് ഈയൊരു സമീപനത്തിന്റെ സവിശേഷത. കളങ്കാവൽ – ഉള്ളിൽ പേറുന്ന വിഷം എന്നാണ്.

ഇരകൾക്ക് അനായാസേന മരണപ്പെടണമെന്ന് കളങ്കാവലിലെ കഥാപാത്രം നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, സൈക്കോപാത്തുകളുടെ സ്ഥിരം രീതി പിന്തുടർന്നുകൊണ്ട്‌ അയാൾ തനിക്ക് മാത്രം പ്രാപ്യമുള്ള ഒരിടത്തു ഇരകളുടെ ചിത്രം വരച്ചുസൂക്ഷിക്കുന്നു. അയാളുടെ ഹിംസാത്മകമായ അബോധപ്രേരണകളുടെ മാനിഫെസ്റ്റേഷനാണ് അയാളുടെ രഹസ്യകേന്ദ്രം, അതു അയാളുടെ മാനസികഘടനയിലേക്ക് വാതിൽതുറക്കുന്നു. ലൈംഗിക മനോരോഗികൾ ജീവിതത്തിലുടനീളം ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്യുന്നത് തുടരുന്നതിനു  കാരണം അവർക്ക് അവരുടെ ലൈംഗിക പ്രേരണകളിൽ നിയന്ത്രണമില്ല എന്നതാണ്. അവർക്ക് ഒരു മാനസിക രോഗമുണ്ട്. അവരുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്നത് ഈ മനോഗതിയാണ്. അതുകൊണ്ടു അവർ എത്ര തന്നെ ഉന്നതരാണെങ്കിലും അല്ലെങ്കിൽ ഉന്നതമായ സ്ഥാനത്തിരിക്കുന്നവരാണെങ്കിലും ഈ രോഗാവസ്ഥ അവരെ നിർണയിച്ചുകൊണ്ടിരിക്കും.

ഈ സ്ഥിതിവിശേഷം കൂടുതൽ സാമൂഹ്യതിന്മയാകുന്നത് ലൈംഗിക സൈക്കോപാത്തുകൾ അവരുടെ പ്രവൃത്തിയിൽ ആത്മരതി കണ്ടെത്തി തുടങ്ങുന്നതോടെയാണ്. കുറ്റകൃത്യത്തിൽ അഭിരമിക്കുകയും അതിനൊപ്പം തന്നെ താൻ ചെയ്യുന്ന ക്രൈമിനു നോട്ടപ്പുള്ളി പോലുമാകാതിരിക്കുന്നതോടെ അവരുടെ ആത്മവിശ്വാസം ഇരട്ടിയായി വർദ്ധിക്കും. മമ്മൂട്ടിയുടെ കഥാപാത്രം ഈ ആത്മരതിയെയും ആത്മവിശ്വാസത്തെയും മാനസിക സങ്കീര്ണതയുടെ ആഴങ്ങൾ സ്പര്ശിച്ചറിഞ്ഞ പോലെയാണ് ആവിഷ്‌ക്കരിക്കുന്നത്. ആവിഷ്ക്കാരം എന്നതിനേക്കാൾ മമ്മൂട്ടി ഇത്തരത്തിലുള്ള സൈക്കോപാത്ത്‌  വ്യക്തിക്ക് നൽകിയ വ്യാഖ്യാനം ലോകസിനിമയിൽ തന്നെ അത്യപൂർവമായിരിക്കും. അന്റോണി ഹോപ്കിന്സിന്റെ ഹാന്നിബാൽ ലെക്ടറിന്റെ അഭിനയ വ്യഖ്യാനത്തെ അതിശയിപ്പിക്കും.

കളങ്കാവലിനോടു സാദൃശ്യമുള്ള കഥാപാത്രങ്ങളെ മമ്മൂട്ടി മുമ്പും അവതരിപ്പിച്ചിട്ടുണ്ട്. വേണു സംവിധാനം ചെയ്ത “മുന്നറിയിപ്പി”ലെ രാഘവൻ. സമാനമെങ്കിലും സാദൃശാത്മക കഥാപാത്രമാണ് രതീന സംവിദാനം ചെയ്ത “പുഴു”വിലെ കുട്ടൻ എന്ന കഥാപാത്രവും. കൊടുംഹിംസയെ ഉള്ളിൽ പേറുന്ന കഥാപാത്രങ്ങളാണിത്. കൊടും ഹിംസ ഉള്ളാകെ പേറുമ്പോഴും അവർ തങ്ങളുടെ മനോഗതിയെ പൊതുസമൂഹം മുമ്പാകെ മറ്റു രീതിയിൽ പ്രകടമാക്കുന്നു. ഈ കഥാപാത്രങ്ങളുടെ സവിശേഷത എന്തെന്നാൽ ഇവരിലെ ദ്വിമാന സ്വഭാവം തമ്മിൽ സംഘർഷത്തിലല്ല. പൊതുകാഴ്ച്ചയിൽ തിന്മയെ മൂടിവെച്ചുക്കൊണ്ടു ഏറ്റവും മൃദുവും കാല്പനികവും ഒട്ടും തന്നെ ഹിംസാത്മകതയും പ്രകടമാക്കാതെ അവർ അഭിനയിക്കുന്നു. അവർ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചാതുര്യത്തോടെയാണ് പെരുമാറുക. മമ്മൂട്ടിയുടെ കഥാപാത്ര വ്യാഖ്യാനം ഈ നിലയിൽ ഭിന്നതലങ്ങളെ ആവിഷ്‌ക്കരിക്കുന്നതാണ്. ഏറ്റവും മൃദുവായി പെരുമാറിക്കൊണ്ട് പരിപൂർണമായ വിശ്വാസമാർജ്ജിച്ചും പൂർണ സമ്മതത്തോടെയും ഒരു ചെറുസംശയത്തിനും ഇടനല്കാതെയുമാണ് റൊമാൻസിലേർപ്പെടുക. റൊമാൻസ് രതിയിലേക്കും. ലൈംഗിക വേഴ്ച്ചയ്ക്കുശേഷമാണ് എട്ടുകാലിയെ പോലെ ഇരയെ കൊലപ്പെടുത്തുക. തന്നിലേക്ക് സ്ത്രീകളെ ആകർഷിക്കുന്ന മമ്മൂട്ടിയുടെ റൊമാൻസിങ് ഈ കഥാപാത്രത്തിന്റെ വ്യാഖ്യാനത്തിൽ മമ്മൂട്ടി നൽകിയ ശ്രദ്ധയെ കാണിക്കുന്നു. ഭാഷാ പ്രയോഗം മുതൽ ചുണ്ടത്തു സിഗരറ്റു വെച്ചുകൊണ്ടുള്ള ഉപയോഗംവരെയുള്ള സൂക്ഷ്മ മാനറിസങ്ങൾ വരെ കഥാപാത്രത്തിനു തനതുഛായ നൽകുന്നു.

മമ്മൂട്ടിയുടെ കഥാപാത്രം പരന്നുപോകുമായിരുന്നു വിനായകന്റെ പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രം വിരുദ്ധമായ തലത്തിൽ നിന്നും സിനിമാറ്റിക് ടെൻഷൻ താളാത്മക രീതിയോടെ ഉയർത്തിക്കൊണ്ടുവന്നില്ലായിരുന്നെങ്കിൽ. അച്ചടക്കമുള്ള അന്വേഷണ ചാതുര്യമുള്ള തന്റെ അന്വേഷണ ശേഷിയിൽ അതീവ ആത്മവിശ്വാസമുള്ള കഥാപാത്രമാണ് വിനായകന്റെ നത്ത്‌. താൻ പിന്തുടരുന്ന അന്വേഷണ രീതിയുടെയും കുറ്റവാളികളെ കണ്ടെത്താനുമുള്ള കഴിവിന്റേയും ബഹുമതി എന്ന നിലയിലാണ് കൂമൻ എന്ന ഇരട്ടപേര് തനിക്ക് ലഭിച്ചതെന്ന് അഭിമാനബോധത്തോടെ അയാൾ ഓർക്കുന്നുണ്ട്. ചിട്ടയൊപ്പിച്ചുള്ള അന്വേഷണം പിന്തുടരുന്ന ഈ ഉദ്യോഗസ്ഥൻ പോലീസ് നാടകീയതകൾ പൂർണമായും ഒഴിവാക്കുന്നു. അന്വേഷണ വേളയിൽ ഭീഷണിയോ ബലപ്രയോഗമോ നടത്തി പോലീസ് പ്രകടനം കാഴ്ച്ചവെയ്ക്കുന്നില്ല. സൈക്കോപാത്തിന്റെ മറ്റൊരു തലമാണ് വിനായകൻ ആവിഷ്‌ക്കരിക്കുന്നത്. അയാളും ഇരയെ തേടുകയാണ്. ഇരയെ പിടിക്കുന്നത്തിൽ അതെ നിഷ്ടയും ചാതുര്യവും ഇരയെ തേടിപ്പിടിക്കാനുള്ള ഒടുങ്ങാത്ത വിശപ്പും അയാളുടെ മാനസികഘടനയെ നിർണയിക്കുന്നു. ഈ നിലയിൽ രണ്ടുവിധത്തിലുളള ഇരപിടുത്തമാണ് കളങ്കാവലിൽ ആവിഷ്കൃതമാകുന്നത്. മമ്മൂട്ടിയുടെ സൈക്കോപാത്ത്‌ കഥാപാത്രത്തിന്റെയും വിനായകന്റെ പോലീസ് കഥാപാത്രത്തിന്റെയും കുടുംബജീവിതത്തിലേക്കും ഒരു വേള ഫോക്കസ് ചെയ്യുന്നുണ്ട്. സമാനതകളുള്ളതാണെങ്കിലും  വിനായകൻ കുടുംബസ്ഥൻ എന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്തബോധം പ്രകടമാക്കുന്നുവെന്ന് എന്നൊരൊറ്റ വ്യത്യാസം മാത്രം.

മമ്മൂട്ടി തൻറെ ദാമ്പത്യജീവിതത്തോടുള്ള കടപ്പാട് ആദ്യത്തെ ഇരയോടു വെളിപ്പെടുന്നത്തുന്നുണ്ട്. അയാൾ അതിനൊപ്പം തന്നെ തനിക്ക് ഏറെ പ്രിയമുള്ള സ്ത്രീധനമായി ലഭിച്ച മെറൂൺ നിറമുള്ള 1313 എന്ന നമ്പർ പ്ളേറ്റുള്ള ഹോണ്ട സെഡാൻ കാറിനെക്കുറിച്ചു പറയുന്നുണ്ട്. കാർ ഒരു പ്രധാന കഥാപാത്രമാണ്. രാത്രികാലങ്ങളിലെ സഞ്ചാരങ്ങളിലും ഇരയെ തേടിയുള്ള യാത്രകളിലും ഇരയെ കുഴിച്ചുമൂടാനുമുള്ള യാത്രയിലും സീരിയൽ കില്ലറിന്റെ ഏറ്റവും വലിയ സഹായി മറൂൺ ഹോണ്ട കാറാണ്. സിനിമയുടെ അവസാനരംഗവും കാറിൽ തന്നെ ഒടുങ്ങുന്നു. മറൂൺ കളർ കാറും പോലീസ് ഉപയോഗിക്കുന്ന ഇളം പച്ച നിറമുള്ള പഴയകാല ജീപ്പും പ്രത്യേകമായി രണ്ടുവിധമുള്ള അന്വേഷണ യാത്രകളെ പ്രതിനിധാനം ചെയ്യുന്നു.

ജിതിൻ കെ ജോസിന്റെ ആദ്യ സംവിധാന സംരംഭമാണ് കളങ്കാവൽ. ദുൽഖർ അഭിനയിച്ച “കുറുപ്പി”ന്റെ തിരക്കഥ എഴുതിയത് ജിതിൻ കെ ജോസാണ്. വെബ്സീരീസ് എപിസോഡിക് ഘടന സിനിമയുടെ ആഖ്യാനത്തിനായി ഉചിതമാക്കുന്നുണ്ട് ജിതിൻ. നേർരേഖീയമായ ഒഴുക്കിനുപകരം ഉദ്വേഗത്തെ ആവിഷ്‌ക്കരിക്കാൻ ഉതകുന്നവിധമാണ് ഈ ഘടന പിന്തുടർന്നിരിക്കുന്നത്. വെബ്സീരീസ് ശൈലിയിൽ തന്നെ ഓരോ അദ്ധ്യായത്തിനും  വളരെ വ്യത്യസ്തമായ നാമകരണവും നൽകിയിട്ടുണ്ട്. ഒരുപക്ഷെ, ഓ റ്റി റ്റി പ്രേക്ഷകലോകത്തിലായിരിക്കും അത്തരത്തിലുള്ള ഘടനാപരമായ ആഖ്യാനത്തിന്റെ സവിശേഷത കൂടുതൽ വിശദമായി ചർച്ച ചെയ്യപ്പെടുക.

കളങ്കാവലിൽ എടുത്തുപറയേണ്ടത് “നിലാ കായൽ വെളിച്ചം..” എന്നാവർത്തിക്കുന്ന ഗാനമാണ്. മുജീബ് മജീദ് ചിട്ടപ്പെടുത്തിയ ഈ ഗാനം സിനിമയിലെ ഹൊററിലേക്ക്‌ പ്രേക്ഷകരെ ഉദ്വേഗപ്പെടുത്തുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾ  പാടിയിരിക്കുന്നത് സിന്ധു ഡെൽസനാണ്. സീരിയൽ കൊലപാതകികൾ ആവർത്തിച്ചാവർത്തിച്ചു ഒരേപോലെയുള്ള കുറ്റകൃത്യത്തിൽ ഏർപ്പെടുന്നത് അവരുടെ മനോഘടന നിർബന്ധിതമായ പ്രേരണ ചെലുത്തിക്കൊണ്ടിരിക്കുന്നത്തിനാലാണ്. കുറ്റകൃത്യത്തിൽ നിന്നും എത്ര അകന്നുനിക്കുന്നുവോ അവർ ദുർബലരാകുന്നുവെന്ന തോന്നലാണ് അവരെ കുറ്റകൃത്യം ആവർത്തിക്കാൻ പ്രേരിപ്പിക്കുന്നത്. കളങ്കാവലിനു പ്രേരകമായത് സയനൈഡ് മോഹന്റെ ജീവിതമാണത്രെ. ഒ റ്റി റ്റി പ്ലാറ്റ്ഫോമിൽ ഒന്നിൽ കൂടുതൽ ഡോക്യൂമെന്ററികളുണ്ട് ഇതിനെ സംബന്ധിച്ചു. കളങ്കാവൽ  ഈ ഡോക്യൂമെന്ററികളുടെ ആഖ്യാനത്തിൽ നിന്നും വ്യതിരിക്തമാകുന്നത് തിന്മ മനുഷ്യപ്രകൃതിയെ ഗ്രസിക്കുന്ന വിചിത്രമെങ്കിലും സ്വാഭാവികമായ ഒരു പ്രേരണയാകുന്നതിനെക്കുറിച്ചുള്ള വ്യാഖ്യാനം എന്ന നിലയിലാണ്. ഇത്തരത്തിലുള്ള സങ്കീർണമായ സാഡിസ്റ്റിക്  മനോഭാവത്തിന്റെ രാഷ്ട്രീയാവിഷ്ക്കരണമാണ്  വ്യക്തികൾക്ക് ഫാസിസത്തോടും ഏകാധിപത്യ പ്രവണതകളുള്ള ദുരധികാരികളോടുമുള അഭിരമ്യതയും.

About Author

ദാമോദർ പ്രസാദ്

എഴുത്തുകാരൻ, സാമൂഹിക, സാംസ്കാരിക മാധ്യമ നിരീക്ഷകൻ

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.