A Unique Multilingual Media Platform

Articles Cinema

ശ്രീനിവാസൻ: അകത്തുനോക്കി യന്ത്രം

  • December 21, 2025
  • 1 min read
ശ്രീനിവാസൻ: അകത്തുനോക്കി യന്ത്രം

ചലച്ചിത്രകാരൻ എന്ന നിലയിൽ സ്റ്റീരിയോടൈപിങ് കലയായിരുന്നു ശ്രീനിവാസന്റെ കൈമുതൽ. മലയാളി മധ്യവർഗത്തെ സൂക്ഷ്മനീരീക്ഷണം നടത്തിയാണ് ടൈപ്പുകളെ ശ്രീനിവാസൻ ക്രാഫ്റ്റ് ചെയ്തത്. തങ്ങൾക്ക് പരിചയമുള്ള അല്ലെങ്കിൽ തങ്ങളിൽ ഒരാൾ തന്നെയായ മലയാളി മധ്യവർഗ പുരുഷനുമായി താദാത്മ്യപ്പെടാൻ മലയാളി സിനിമ പ്രേക്ഷകർക്ക് പെട്ടെന്നു കഴിഞ്ഞു. “ചിന്താവിഷ്ടയായ ശ്യാമള” യുടെ തുടക്കത്തിലാണെന്നു തോന്നുന്നു ശ്രീനിവാസൻ സ്വതസിദ്ധമായ രീതിയിൽ ചിരിയുതിർപ്പിക്കാനും എന്നാൽ ഒന്ന് ഗൗരവപ്പെടുത്തിക്കളയാമെന്ന വിചാരത്തോടെയും പതിവ് ഡിസ്ക്ലെയിമർ തെറ്റിച്ചുകൊണ്ട് ചലച്ചിത്രത്തിലെ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും യഥാത്ഥമാണെന്നും ആരെങ്കിലും ഇതിലെ കഥാപാത്രം അവരാണെന്നു തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ അത് യാദൃശ്ചികമല്ലെന്നും എഴുതി കാണിച്ചത്. അത് നിങ്ങൾ, നിങ്ങൾ തന്നെയാണെന്ന് ശ്രീനിവാസൻ തന്റെ മധ്യവർഗ പ്രേക്ഷകരോട് പറയുകയായിരുന്നു. അതിനായി തിരക്കഥാകൃത്തെന്ന നിലയിൽ അവലംബമാക്കിയത് സവിശേഷ ചെരുവുകൾ ചേർത്തു ക്രാഫ്റ്റ് ചെയ്ത് സ്റ്റീരിയോടൈപ്പുകളെയാണ്. മലയാളിയുടെ പൊള്ളത്തരമാണ് ശ്രീനിവാസൻ തുറന്നുകാട്ടിയതെന്നു ഒരു മലയാളിക്ക് തന്നെ സങ്കോചരഹിതമായി പറയാൻ കഴിയുന്നത്; അതെ തന്നെക്കുറിച്ചല്ല മലയാളി എന്ന ടൈപ്പിനെക്കുറിച്ചുള്ള വിശ്വാസംക്കൊണ്ടാണ്. സ്റ്റീരിയോടൈപിങ് ഒരേസമയം അകത്തുനിന്നുള്ള നോട്ടത്തെ അകന്നിരുന്നു കാണാൻ സാധിപ്പിക്കുന്നതുക്കൊണ്ടാണ്.

ശ്രീനിവാസന്റെ സ്റ്ററീടൈപ്പുകളുടെ വ്യത്യാസം ചലച്ചിത്രങ്ങളിലെ സ്ഥിരം കഥാപാത്രങ്ങളുടെ പൂർവനിശ്ചിത രൂപത്തെ  അതു പിന്തുടരുന്നില്ല എന്നാണ്. സ്ഥിരം ഹീറോ വില്ലൻ ചേരുവ ശ്രീനിവാസൻ നിരാകരിച്ചു.  സമൂഹത്തിൽ നിന്നും, പ്രത്യേകിച്ചും, എൺപതുകൾക്കു ശേഷമുള്ള കേരളത്തിലെ മുഖ്യധാരയിലെ മധ്യവർഗജീവിതത്തിൽ നിന്നുമാണ് സ്റ്റീരിയോടൈപ്പുകളെയാണ് ശ്രീനിവാസൻ ക്രാഫ്റ്റ് ചെയ്തത്. സ്റ്റീരിയോടൈപ് എന്നാൽ ശരാശരിയെ നിർണയിക്കുക എന്നതാണ്. അതുപോലെ കറുപ്പും വെളുപ്പുമെന്ന നിലയിലെ ചലനമറ്റ പ്രതീകവൽക്കരണവും ടൈപ്പിങ്ങിന്റെ ഭാഗമാണ്. എല്ലാവരുടെയും പ്രതിനിധിയാകേണ്ടതിനാൽ ഒരു ശരാശരിയെ മാനകമാക്കുകയാണ് അവലംബിക്കുന്ന രീതി. ഈ കഥാപാത്ര സൃഷ്ടി അതിനു പൂർവ്വനിശ്ചിതമായ സാമൂഹിക മാതൃകയെ അനുകരിക്കുന്നു. ഇതൊരു അനുകരണമാണ്; സോഷ്യൽ മിമിക്രി. ഈ അനുകരണവുമായി മലയാളി മധ്യവർഗത്തിനു താദാത്മ്യപ്പെടാൻ എളുപ്പമായിരുന്നു.

മലയാളി മധ്യവർഗത്തിന്റെ ധർമസങ്കടങ്ങളെയും വിഹ്വലതകളെയും ആഗ്രഹങ്ങളെയും അത്യാഗ്രഹങ്ങളെയും ആത്മവിശ്വാസക്കുറവിനെയും ശ്രീനിവാസന്റെ കഥാപാത്രങ്ങളും ഇതിവൃത്തങ്ങളും അനുകരിച്ചു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിൽ എങ്ങനെ പിടിച്ചുനിൽക്കാമെന്ന മലയാളി മധ്യവർഗ്ഗത്തിന്റെ തീവ്ര ഇച്ഛകളെയും പരിശ്രമങ്ങളെയും അനുകരിക്കുന്ന കഥാപാത്രങ്ങളിൽ മലയാളി മധ്യവർഗം സ്വയം കണ്ടെത്തി. മലയാളി മധ്യവർഗ പുരുഷന്റെ ജീവിതപ്രതിസന്ധികളും ആത്മസംഘർഷങ്ങളുമാണ് ശ്രീനിവാസൻ സിനിമകളിൽ പ്രതിപാദ്യമായത്. നടന്നുപോകവേ തന്നെപോലെ തന്നെ മുമ്പിൽ  നടക്കുന്നയാൾ പഴത്തൊലി ചവിട്ടി വീണാൽ ഉള്ളിൽ പൊട്ടുന്ന വിധം ഹാസ്യമായിരുന്നു ശ്രീനിവാസൻ കഥാപാത്രങ്ങൾ മലയാളിക്ക് നൽകിയത്. ഇത് നമ്മളല്ല എന്ന് വിചാരിക്കുകയും എന്നാൽ നമ്മളെ പോലെയൊരാൾ എന്ന്  തിരിച്ചറിയുകയും ചെയ്യുകയായിരുന്നു ശ്രീനിവാസന്റെ സിനിമകൾ കണ്ടിരുന്ന എൺപതുകളിലെയും  തൊണ്ണൂറുകളിലെയും കഴിഞ്ഞ ദശകം തുടക്കത്തിലെയും മധ്യവർഗ മലയാളികൾ. ഇന്ന് ശ്രീനിവാസൻ സിനിമകൾ യുട്യൂബിൽ കാണുന്ന പുതിയ തലമുറയ്ക്ക് ലഭിക്കുന്ന അനുഭവവും ഹാസ്യരസവും അതിനുമുമ്പുള്ള തലമുറയുടേതല്ലെന്നതാണ് വാസ്തവം.

മലയാളി മധ്യവർഗത്തിന്റെ ആകാംഷ കോംപ്ലെക്‌സുകളെ സൂക്ഷ്മം ഗ്രഹിച്ചിട്ടുണ്ട് ശ്രീനിവാസൻ എന്ന എഴുത്തുകാരൻ. ശ്രീനിവാസന്റെ സിനിമകൾ എൺപതുകളിൽ തുടങ്ങി മലയാളി മധ്യവർഗ യുവതയുടെ ജീവിത പ്രാരാബ്ധങ്ങളെയും ഏതെങ്കിലുമൊക്കെ ആകാനുള്ള ത്വരയെയും താൻ എന്തെങ്കിലുമൊക്കെ  ആയിതീർന്നിരിക്കുന്നുവെന്ന പ്രദർശിപ്പിക്കാനുള്ള വ്യഗ്രതയെയുമാണ് മലയാളിക്ക് തന്നെ തിരിച്ചു കാണിച്ചുകൊടുക്കുന്നത്. എൺപതുകൾ തൊട്ടുള്ള മലയാളി മധ്യവർഗത്തിന്റെ പരിണാമഗ്രാഫ് ശ്രീനിവാസൻ – സത്യൻ അന്തിക്കാട് സിനിമകളിൽ കാണാം. മലയാളി മധ്യവർഗത്തിന്റെ രാഷ്ട്രീയ വിശ്വാസങ്ങളുടെ തിരിച്ചിലും മറച്ചിലും അതിന്റെ പരിണിതികളും മാറിക്കൊണ്ടിരിക്കുന്ന സാംസ്കാരിക അഭിരുചികളെയും ഈ സിനിമകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത്രമേൽ സൂക്ഷ്മമായ അനുകരണത്തെ മലയാളിക്ക് ഒരുകാരണവശാലും നിഷേധിക്കാനാവില്ല. അതുകൊണ്ടാണ് ശ്രീനിവാസനു തന്റെ സിനിമയ്ക്ക് ആമുഖമായി ഇത് നിങ്ങളെക്കുറിച്ചുള്ളതാണെന്നുള്ളതെന്നത് തെറ്റിദ്ധാരണയല്ല എന്നെഴുതാൻ കഴിയുന്നത്.

ശ്രീനിവാസൻ ആദ്യം തിരക്കഥയെഴുതിയ  “ഓടരുതമ്മാവാ ആളറിയാം” (സംവിധാനം: പ്രിയദർശൻ) പിന്നീട്  എഴുതിയ ടി പി ബാലഗോപാലൻ എം എ (സത്യൻ അന്തിക്കാട്) എന്ന  ആദ്യഘട്ടത്തിലെ സിനിമകളിൽ മധ്യവർഗ ചെറുപ്പക്കാർ അഭിമുഖീകരിച്ചിരുന്ന തൊഴിൽരാഹിത്യത്തിന്റയും സാമ്പത്തിക അരക്ഷിതാവസ്‌ഥയുടെയും സ്ഥിതിവിവരണവും അതേസമയം അങ്ങേയറ്റം പ്രതിസന്ധി നിറഞ്ഞ ചുറ്റുപാടിൽ എന്തെങ്കിലുമൊക്കെ തങ്ങളാണെന്നുള്ള തെളിയിക്കാനുള്ള ക്ലേശങ്ങളുമാണ് ആവിഷ്കൃതമായിരിക്കുന്നത്.

ടി പി ബാലഗോപാലൻ എം എ  എന്ന പേര് സൂചിപ്പിക്കുന്നതുപോലെ വിദ്യാസമ്പന്നനാണ്. പക്ഷെ കൃത്യമായ വരുമാനത്തിന്റെ അഭാവവും കുടുംബപ്രാരാബ്ധങ്ങളും അയാളെ വലിഞ്ഞുമുറുക്കുന്നു. അയാളുടെ പ്രണയം പോലും ജീവിതപ്രതിസന്ധികൾ നിമിത്തം അയാൾക്ക് നഷ്ടമാകുന്നു. ഈ പ്രതിസന്ധികളെയും കഥാപാത്രത്തിന്റെ ആത്മവിശ്വാസക്കുറവുമാണ് ഇവിടെ ഹാസ്യത്തിനു വഴിയൊരുക്കുന്നത്. എൺപതുകളിലെ ശരാശരി മലയാളി മധ്യവർഗകുടുംബങ്ങളിലെ യുവാക്കൾ നേരിട്ടിരുന്ന പ്രശ്നമായിരുന്നു ഇത്.

എൺപതുകളിൽ സമൂഹവും മാറുകയായാണ്. നഗരവൽക്കരണം ത്വരിതഗതിയിൽ മുന്നേറുകയാണ്. നഗരപ്രദേശങ്ങളിലെ പുതിയ വീടുകളുടെ നിർമാണമാണ് ഇതിനു നിദാനമായി ആവിഷ്‌കരിക്കുന്ന മുഖ്യഘടകങ്ങൾ. ഇക്കാലത്തിൽ തന്നെ മലയാള സിനിമയിൽ ഗൾഫ് രാജ്യത്തിലേക്കുള്ള കുടിയേറ്റം പ്രധാന ഇതിവൃത്ത ഘടകമായി കടന്നുവരുന്നുണ്ട്. 1984 -ൽ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “ടി പി ബാലഗോപാലൻ എം എ” പുറത്തുവന്നതിന്റെ തൊട്ടടുത്ത വര്ഷം ഗൾഫ് കുടിയേറ്റം കൂടി ഇതിവൃത്തത്തിൽ കടന്നുവരുന്ന “അക്കരെ നിന്നൊരു മാരൻ” എന്ന സിനിമയ്ക്ക് ശ്രീനിവാസൻ തിരക്കഥ എഴുതുന്നുന്നു. ജഗദീഷിന്റെ കഥയാണ്. സംവിധാനം ഗിരീഷ്. ഈ സിനിമയിലാണ് ശ്രീനിവാസൻ തന്റെ ഹാസ്യ അഭിനയ പാടവം കുറച്ചുകൂടി തികവോടെ ആവിഷ്‌ക്കരിക്കുന്നത്. ശ്രീനിവാസന്റെ മറക്കാത്ത കഥാപാത്രങ്ങളാണ് ഈ സിനിമയിലെ അറബിയായും കോട്ടയത്തും നിന്നുമുള്ള പുതുപ്പണക്കാരനുമായുള്ള കഥാപാത്രങ്ങൾ. “അക്കരെ നിന്നൊരു മാരനി“ലും ചെറുപ്പക്കാരുടെ പ്രതിസന്ധികളും രക്ഷപ്പെടാനുമുള്ള ഉപായങ്ങളുമാണ് പ്രതിപാദ്യമാകുന്നത്.

ടി പി ബാലഗോപാലൻ എം എ യിൽ  നിന്നുമൊരു ചരട് – 1986 ൽ  – റീലീസ് ചെയ്ത സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച “സന്മനസ്സുളളവർക്ക് സമാധാനം” എന്ന സിനിമയിലേക്ക് നീളുന്നു. സന്മനസ്സിൽ എത്തുമ്പോഴേക്കും ഗ്രാമ-നഗര വൈരുധ്യം പുതിയൊരു തലത്തിലേക്ക് മാറുന്നുണ്ട്. ഗോപാലകൃഷ്ണ പണിക്കർ എന്ന മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം ഗ്രാമമുപേക്ഷിച്ചു നഗരത്തിലേക്ക് ചേക്കേറാൻ ഉദ്ദേശിക്കുന്നു. നാട്ടിലെ സ്ഥലവും സ്വത്തും ജപ്തിയിൽ പോകുന്നതിനുമുമ്പ് നഗരത്തിലുള്ള വീട് വാടക്കക്കാരെ ഒഴിവാക്കി ഏറ്റെടുക്കാനാണ് ഗോപാലകൃഷ്ണ പണിക്കർ നഗരത്തിലേക്ക് വരുന്നത്. അഭ്യസ്തവിദ്യനാണോ എന്ന് വ്യക്തമല്ലെങ്കിലും നിയമക്കാര്യങ്ങളിൽ അനുഭവസമ്പന്നനും അതീവ നിപുണനുമാണ് പണിക്കർ. വാടകക്കാരുമായുള്ള ഉടമസ്ഥരുടെ സംഘർഷം അക്കാലത്തെ ഒരു പതിവ് നിയമ പ്രശ്നമാണ്. കേരളത്തിലെ മധ്യവർഗത്തിന്റെ പാർപ്പിട പ്രശ്നം എൺപതുകളിൽ വേറെയും ചലച്ചിത്രങ്ങൾക്കു വിഷയമായിരുന്നു. പോലീസ്, ഗുണ്ട, നാഗരികത, മധ്യ വർഗ്ഗത്തിന്റെ സാമ്പത്തിക അരക്ഷിതാവസ്ഥ ഈ സിനിമയിൽ മലയാളി മധ്യവർഗത്തിന്റെ അനുഭവസ്ഥമേഖലയിൽ നിന്നുള്ള ശരാശരികളെ കണ്ടെത്തുകയും അവരുടെ നിത്യജീവിത സന്ദർഭങ്ങളെ ഹാസ്യത്തോടെ നോക്കിക്കാണുകയുമാണ് ശ്രീനിവാസൻ ചെയ്തത്. തനിക്ക് സാമ്യപ്പെടാവുന്നതും എന്നാൽ ഹാസ്യപരിവേഷത്താൽ തന്റെ  നേർപകർപ്പുമല്ലാത്ത ഒരു അനുകരണമാതൃകയിൽ മധ്യവർഗത്തിനു സംതൃപ്തിപ്പെടാൻ സാധിച്ചു.

ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിൽ (1986)-ൽ ശ്രീനിവാസനും സത്യൻ അന്തിക്കാട് വീണ്ടും യോജിച്ചപ്പോൾ ഇതിന്റെ ഇതിവൃത്തം മുഴുവനായും സംഭവിക്കുന്നത് നഗരപ്രദേശത്തിലെ ഇടത്തരം സമ്പന്നരുടെ കോളനിയിലാണ്. ഈ സിനിമയിലാകുമ്പോഴേക്കും നായകൻ ഉപേക്ഷിച്ചുപോന്ന ഗ്രാമം വിദൂര സ്മരണ മാത്രമാണ്. ഗൾഫ് കുടിയേറ്റവും റെമിറ്റൻസ് സമ്പദ് വ്യവസ്ഥയും  കേരളത്തിൽ അനുഭവയാഥാർഥ്യമായിരിക്കുന്നു. മധ്യവർഗത്തിന്റെ സാമ്പത്തിക ജീവിതം മെച്ചപ്പെടാൻ തുടങ്ങിയിരിക്കുന്നു. ഇതിൽ ശ്രീനിവാസന്റെ കഥാപാത്രം തന്നെ എൺപതുകൾ തൊട്ടു വാണിജ്യ മേഖലയിൽ വികസിതമായിരിക്കുന്ന ട്രാവൽ ഏജൻസി നടത്തിപ്പുക്കാരനാണ്. മലയാളി മധ്യവർഗം തൊഴിൽപരമായും അനുബന്ധ ആവശ്യങ്ങൾക്കും പ്ലാൻ ചെയ്ത്  യാത്രകൾ ആരംഭിച്ചിരിക്കുന്നു അപ്പോഴേക്കും. ഇത്തരത്തിലുള്ള സൂക്ഷ്മതകളാണ് ശ്രീനിവാസന്റെ കേരളത്തെക്കുറിച്ചുള്ള കാഴ്ച്ച ഉൾകാഴ്ചയാകുന്നത്. മാത്രമല്ല, ഈ സിനിമയിലെ ശങ്കരാടിയുടെ ജനപ്രിയ നോവലിസ്റ്റ് കഥാപാത്രവും പ്രസിദ്ധീകരണ രംഗത്തു ആധിപത്യം പുലർത്തിയിരുന്ന പൈങ്കിളി എന്ന് വിളിക്കപ്പെട്ടിരുന്ന ജനപ്രിയ എഴുത്തുകളുടെ സജീവ സാന്നിധ്യത്തെയും കുറിക്കുന്നു.  ഇതിലെ മോഹൻലാലിൻറെ കഥാപാത്രം ആത്മവിശ്വാസം നഷ്ടപ്പെട്ടു ജീവിക്കാനുള്ള തത്രപ്പാടിൽ എന്ത് തൊഴിലും ചെയ്യാനും തയ്യാറായ കഥാപാത്രമാണ്. ഗൾഫിലേക്ക് വിസ ലഭിക്കുന്നതോടെയാണ് അയാളുടെ ജീവിതപ്രതിസന്ധിക്ക് പരിഹാരമാകുന്നത്.

മലയാളി മധ്യവർഗ്ഗത്തിന്റെ പതുക്കെ മുന്നേറുന്ന ജീവിതവ്യവസ്ഥയിലേക് തന്നെ ഫോക്കസ് ചെയ്യുന്ന ചലച്ചിത്രങ്ങളാണ് ശ്രീനിവാസൻ തുടർന്നും ചെയ്യുന്നത്. ഈയൊരു ഘട്ടത്തിന്റെ ഒരു ക്ലൈമാക്‌സാണ് “നാടോടിക്കാറ്റ്“. ആ പേര് അന്വർത്ഥമാക്കുന്നതുപോലെ മലയാളിയുടെ പ്രവാസി ജീവിതത്തിലേക്കാണ്  ശ്രീനിവാസൻ – സത്യൻ അന്തിക്കാട് ശ്രദ്ധ തിരിക്കുന്നത്. പക്ഷെ ഗൾഫിലേക്ക് പോകുന്നതിനുപകരമായി മദ്രാസ് നഗരത്തിലാണ് നാടോടികളായി ശ്രീനിവാസന്റെയും മോഹൻലാലിന്റേയും, ദാസൻ വിജയൻ കഥാപാത്രങ്ങൾ ചെന്നെത്തുന്നത്. പലവിധ സാഹസങ്ങൾക്ക് ശേഷമാണ് അതിജീവിക്കാനുള്ള ഉദ്യമത്തിൽ മദ്രാസ് പട്ടണത്തിൽ പണിപറ്റിക്കപ്പെട്ടു എത്തിച്ചേരുന്നത്. മാമ്മുക്കയുടെ “ഗഫൂർ കാ ദോസ്ത്” മലയാളി മധ്യവർഗത്തിന് പരിചയമുള്ള മനുഷ്യക്കടത്തുകാരനാണ്. നാടുവിട്ടു രക്ഷപ്പെടാനുള്ള ഇത്തരത്തിലുള്ള റിസ്ക് ഏറ്റെടുക്കാൻ മലയാളി മധ്യവർഗം തയ്യാറായിരുന്നു. കേരളത്തിലെ തൊണ്ണൂറുകൾക്കുശേഷമുള്ള പിൽക്കാല സമ്പന്നത ഇങ്ങനെ റിസ്കെടുത്ത് മലയാളി സംഭാവന ചെയ്തതാണെന്ന് നമ്മൾ പലപ്പോഴും ഓർക്കാറില്ല എന്നാണ്.

മലയാളി മധ്യ വർഗത്തെക്കുറിച്ചുള്ള ശ്രീനിവാസന്റെ പര്യവേഷണങ്ങളിൽ സ്വാഭാവികമായും കടന്നുവന്നതാണ് ഗൾഫിൽ നിന്നും പണം സമ്പാദിച്ചു നാട്ടിൽ നിക്ഷേപം നടത്താൻ മടങ്ങിയെത്തുന്ന പ്രവാസിയും അയാളെ കാത്തിരുന്ന സാമൂഹിക-രാഷ്‌ടീയ -കുടുംബ സംഘർഷങ്ങളും. ഓരോ മലയാളിയുടെയും അനുഭവസ്ഥ മേഖലയിൽ “വരവേൽപ്പി”ലെ മോഹൻലാലിൻറെ കഥാപാത്രമായ മുരളി എന്ന മനുഷ്യനുണ്ടായിരുന്നു. ഏറ്റവും ശക്തമായ ട്രേഡ് യുണിയനിസം നിലനിന്ന കാലഘട്ടം കൂടിയാണിത്.

“വരവേല്പിന്റെ” തുടർച്ചയിൽ തന്നെയാണ് “മിഥുനം” എന്ന സിനിമയെയും കാണേണ്ടത്. 1993 ലാകുമ്പോഴേക്കും ഒരു മധ്യവർഗ സംരഭകൻ പ്രധാനഭീഷണിയായി കണ്ടത് സർക്കാർ സംവിധാനങ്ങളെയാണ്. ട്രേഡ് യുണിയനിസം പതിയെ അടങ്ങിയിരുന്നു. സംരഭകത്വത്തെ ഏതളവിലും “പ്രതിരോധിക്കുക” എന്ന ദൗത്യമായിരുന്നു  സർക്കാർ ഏജൻസികളിലെ യജമാന്മാർക്ക്. ഇടത്തരക്കാരനായ മലയാളി മധ്യവർഗക്കാരൻ കടന്നുപോകുന്ന ജീവിതപ്രതിസന്ധികളെ സാമൂഹിക  രാഷ്ട്രീയ കോണിൽ നിന്നും വീക്ഷിക്കുന്നതാണ് ശ്രീനിവാസന്റെ ഈക്കാലത്തിലും തുടർന്നുള്ള ചിത്രങ്ങളിലും.

കക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അതിന്റെ നൈതികാംശം വെടിഞ്ഞു അതിന്റെ ഉദ്ദേശലക്ഷ്യങ്ങളിൽ നിന്നും ബഹുദൂരം അകന്നുപോയ യാഥാർഥ്യം രാഷ്ട്രീയ ബോധ്യമുള്ള ഇടത്തരക്കാരൻ മലയാളി തിരിച്ചറിഞ്ഞു. രാഷ്ട്രീയ പാർട്ടികളും അതിന്റെ ഗുണഭോക്തൃ വിഭാഗങ്ങളും സ്വന്തം നിലനില്പിനെ മാത്രമേ ആധാരമാക്കി ചിന്തിക്കുന്നതിനാൽ കക്ഷി രാഷ്ട്രീയം അധികാരാസക്തിയിൽ നഷ്ടപ്പെടുത്തിയതെന്താണെന്നു തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധം ബുദ്ധിക്ഷയം പാർട്ടിക്കാർക്കും സംഭവിച്ചിരുന്നു. ‘സിനിസിസം’ മലയാളി മധ്യവർഗ്ഗവും സമൂഹതത്തിന്റെ ഒരാധാരഭാവമുദ്രയായി മറിയത് കക്ഷി രാഷ്ട്രീയത്തിന്റെ അധികാര മത്സരങ്ങൾ കണ്ടു മനം മടുത്തതിനു ശേഷമാണ്. മലയാളി ഇടത്തരക്കാർ ഈ മനോഭാവത്തെ കൂടുതൽ പക്വമായ വികാരമാക്കി പരിവർത്തിക്കുകയും അതിന്റെ ആവിഷ്‌ക്കാര മാധ്യമമായി ദൃശ്യമാധ്യമങ്ങളെ കാണുകയും ചെയ്യുന്ന കാലത്തിലൂടെയാണ് കേരളം വർത്തമാനത്തിൽ കടന്നുപോകുന്നത്. ഇതിനും സാരമായി മാറ്റം വരുന്നുണ്ട്. ശ്രീനിവാസൻ എഴുതാതെ പോയ ഒരു കാലഘട്ടത്തിലൂടെയുമാണ് മലയാളി മധ്യവർഗം അതിജീവിച്ചുക്കൊണ്ടിരിക്കുന്നത്.

“സന്ദേശം” മുഖ്യധാര ഇടതുപക്ഷത്തിനു ഇന്നും അരോചകമായ ‘പ്രതിലോമ’ സിനിമയാണ്. “സന്ദേശ”ത്തിൽ നിന്നുമൊരു ഗ്രാഫ് വരയ്ക്കുകയാണെങ്കിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ വിശ്വാസപതനത്തിന്റെ വര മുകളിലോട്ട് കുതിച്ചുകയറുന്നതാണ് ശ്രീനിവാസൻ ആദർശാത്മക കമ്മ്യൂണിസ്റ്റ് കഥാപാത്രത്തിനു ജീവൻനല്കിത “അറബിക്കഥ” മലയാളിക്ക് കാണിച്ചു തന്നത്. കണ്ണാടിയിൽ കണ്ടതിനു കാരണം കണ്ണാടിയുടെ ഗുണമേന്മകുറവാണെന്നു അരിശംകൊള്ളുകയാണ് ഇപ്പോഴും ഇടതുഗുണഭോക്തൃ സർവീസ് സംഘം.

ശ്രീനിവാസൻ സംവിധാനം ചെയ്ത “വടക്കുനോക്കി യന്ത്ര”വും “ചിന്താവിഷ്ടയായ ശ്യാമള”യും മലയാളി മധ്യവർഗ പുരുഷന്റെ ആത്മാവിനകത്തിരുന്നു കണ്ട കാഴ്ചകളാണ്. ശ്രീനിവാസൻ “ചിന്താവിഷ്ടയായ ശ്യാമള”യിൽ ചെയ്ത കഥാപാത്രം  കെ ആർ മോഹനന്റെ “സ്വരൂപം” സിനിമയിലെ കഥാപാത്രവുമായുള്ള സാദൃശ്യം വ്യക്തമാണ്. ശ്രീനിവാസൻ “സ്വരൂപ“ത്തിൽ ചെയ്ത കഥാപാത്രം പക്വമായ സാമൂഹിക രാഷ്ട്രീയ വിമർശന പാഠമായിരുന്നുവെന്നും ഓർക്കേണ്ടതുണ്ട്. മലയാളി ആണിന്റെ  ആത്മവിശ്വാസകുറവു തന്നെയാണ് ശ്രീനിവാസൻ സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളിലും  പ്രതിപാദ്യമാകുന്നത്. ശ്രീനിവാസന്റെ ചലച്ചിത്രസപര്യയിൽ സാമൂഹിക വിമർശനത്തിന്റെ പുതിയ ഘട്ടം ആരംഭിക്കുന്നത് സിനിമ വ്യവസായയും അതിന്റെ അനുബന്ധ ഘടകങ്ങളെയും സൂക്ഷ്മ പരിഹാസത്തിനുവിധേയമാക്കിക്കൊണ്ടാണ്. സിനിമാ വ്യവസായത്തിലെ ഉള്ളുകളികൾ , താരനിർമിതി, നിർമാണപ്രക്രിയ, ചലച്ചിത്ര സംരംഭകത്വം. സംവിധായകന്റെ കലാപരമായ പങ്കു തുടങ്ങിയ വിഷയങ്ങൾ ചലച്ചിത്രം എന്ന വ്യവസായമണ്ഡലത്തിനപ്പുറം പൊതുസമൂഹത്തിൽ ചർച്ച വിഷയമായ ഘട്ടത്തിൽ എഴുതപ്പെട്ടതാണ് “ഉദയനാണ് താരം”.

ഒരുപക്ഷേ, ശ്രീനിവാസനെ തന്നെ സിനിമ വ്യവസായത്തിനകത്തു ശത്രുസ്ഥാത്തിലേക്ക് അവരോധിതമാക്കിയ സൃഷ്ടികളാണ് “ഉദയനാണ് താരവും“, “സരോജ് കുമാറും”. സിനിമ മേഖലയിൽ ശ്രീനിവാസനെപോലെ ഇത്ര റിസ്കെടുക്കാൻ തയ്യാറായവർ അപൂർവമാണെന്നല്ല, ഇല്ല എന്നു തന്നെ പറയാം. കൂടുതകൾ ശ്രദ്ധിച്ചാൽ മനസ്സിലാവുന്ന വസ്തുത സിനിമ വ്യവസായം തന്നെ മാഫിയകളുടെയും കൊട്ടാരം വിദൂഷകരുടെയും കൈയിൽ ഒതുങ്ങുന്ന സമയത്താണ് ശ്രീനിവാസന്റെ ചലച്ചിത്ര വ്യവസായത്തിലെ വികലപ്രവണതകൾക്കെതിരെ രൂക്ഷവിമർശനമുയർത്തുന്ന സിനിമകൾ സംഭവിക്കുന്നത്. ശ്രീനിവാസന്റെ തന്നെ ചലച്ചിത്രജീവിതത്തിൽ വിരാമഘട്ടം ഈ സിനിമകളോടെ തുടങ്ങുന്നുവോ എന്നും സംശയിക്കാം. സിനിമയിലൂടെയുള്ള സാമൂഹികവിമർശനത്തിനുശേഷം  രാഷ്ട്രീയ വിമർശനഘട്ടവും കഴിഞ്ഞു ചലച്ചിത്രലോകത്തിലേക്ക് തന്റെ വിമർശനകൂരമ്പുകൾ പായിച്ചപ്പോൾ അത് താങ്ങാനുള്ള കെൽപ് സിനിമയിലെ  ‘പവർ’ ഗ്രൂപ്പിനുണ്ടായിരുന്നില്ല. മാത്രമല്ല, ഹാസ്യം എന്ന പേരിൽ അങ്ങേയറ്റം നിലവാരമില്ലാത്ത ചലച്ചിത്രങ്ങൾ അടിക്കടി നിർമിക്കപ്പെട്ടുക്കൊണ്ടിരുന്ന ഈ സമയങ്ങളിൽ ശ്രീനിവാസനെപോലുളള ഒരു കലാകാരൻ ‘പവർ’ ഗ്രൂപ്പുകൾക്ക്  ബാധ്യതയുമായിട്ടുണ്ടാകാം. സത്യൻ അന്തിക്കാടിനെ പോലുള്ളവർ ശ്രീനിവാസന്റെ തിരിച്ചുവരവിനായി കാത്തിരുന്നുവെങ്കിലും ശ്രീനിവാസന്റെ തലമുറയിൽപ്പെട്ട ഏവരും അതേ സമീപനമായിരുന്നോ എന്നതിലും സംശയമുണരാം.

ശ്രീനിവാസന് എഴുത്തുകാരൻ വി.കെ.കെ. രമേശ് നൽകുന്ന സമർപ്പണം
About Author

ദാമോദർ പ്രസാദ്

എഴുത്തുകാരൻ, സാമൂഹിക, സാംസ്കാരിക മാധ്യമ നിരീക്ഷകൻ

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.