ആര് ആരെയാണ് തോൽപിച്ചത്?
കഴിഞ്ഞ നവംബറിൽ നടന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 243-ൽ 202 സീറ്റുകൾ നേടി ബി.ജെ.പിയും സഖ്യകക്ഷികളും നേടിയ അവിശ്വസനീയ വിജയം ഏവരെയും അമ്പരപ്പിച്ചിരുന്നു. അതിനു മുൻപുള്ള നിയമസഭയിൽ 112 പേരുടെ അംഗബലമുണ്ടായിരുന്ന ആർ.ജെ.ഡിയും കോൺഗ്രസും ഇടതുപാർട്ടികളുമടങ്ങുന്ന പ്രതിപക്ഷം 35 സീറ്റുകളിലേക്ക് ഒതുങ്ങി. ഇതെങ്ങനെ സംഭവിച്ചു എന്ന കാര്യത്തിൽ പ്രതിപക്ഷത്തെ നയിക്കുന്ന തേജസ്വി യാദവും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും തികച്ചും അജ്ഞരായിരുന്നു. മറുവശത്ത് തങ്ങളുടെ സീറ്റുകൾ 122-ൽ നിന്ന് 202-ലേക്ക് ഉയർത്തിയത് എങ്ങനെ എന്നത് ബി.ജെ.പിയെയും അത്ഭുതപ്പെടുത്തി. ശരിക്കും ഒരു മാജിക് പോലെയായിരുന്നു അത്!

സമാനമായ ആഘാതമാണ് ഇപ്പോൾ പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസും നേരിടുന്നത്. 2021-ൽ 215 സീറ്റുകൾ ഉണ്ടായിരുന്ന ടി.എം.സി 2026-ൽ 80-ലേക്ക് ചുരുങ്ങി; ബി.ജെ.പി 77-ൽ നിന്ന് 207-ലേക്ക് കുതിച്ചിരിക്കുന്നു. ഹിന്ദുത്വ പാർട്ടിയുടെ വക്താക്കളും ചാനൽ അവതാരക വേഷമണിഞ്ഞ അവരുടെ ആളുകളും മമതക്കെതിരെ ആക്രോശിക്കുകയാണ്. പത്തു വർഷത്തെ ഭരണവിരുദ്ധ വികാരവും ദുർഭരണവും ക്രമസമാധാന തകർച്ചയുമാണ് ഈ ഫലത്തിന് കാരണമെന്നാണ് അവർ ആരോപിക്കുന്നത്. തന്നിഷ്ടപ്രകാരം തോന്നുംപടി ഭരണം നടത്തിയ മമത എവിടെയാണ് പിഴച്ചതെന്ന് ആത്മപരിശോധന നടത്തണമെന്ന് അവർ ആവശ്യപ്പെടുന്നു.
എന്നാൽ ചോദ്യം ഇതാണ്: 2025-ന് മുമ്പ് മൂന്ന് തവണ ബിഹാർ ഭരിച്ച നിതീഷ് കുമാറിന് ഭരണവിരുദ്ധ വികാരം ബാധകമായിരുന്നില്ലേ? എൻ.ഡി.എ ഭരണത്തിൽ ബിഹാറിലെ ക്രമസമാധാനം അത്ര മികച്ചതായിരുന്നോ?
ഭരണകൂടത്തിന്റെ വിശാല സഖ്യം
ഞാൻ പറയുന്ന കാര്യങ്ങൾ ബി.ജെ.പി അനുകൂലികളെ അസ്വസ്ഥരാക്കിയേക്കാം. എന്നാലും പറയട്ടെ – തെരഞ്ഞെടുപ്പ് കമീഷൻ, അന്വേഷണ ഏജൻസികൾ, ഉദ്യോഗസ്ഥവൃന്ദം എന്നിവയുൾപ്പെടുന്ന ഇന്ത്യൻ ഭരണസംവിധാനം ഇന്ന് ഹിന്ദുത്വ യന്ത്രസംവിധാനത്തിന്റെ നിയന്ത്രണത്തിലാണ്. അവർ ഓരോ സംസ്ഥാനത്തും വ്യത്യസ്ത രീതികൾ ഉപയോഗിച്ച് ബി.ജെ.പിക്ക് അനുകൂലമായ ഫലം ഉണ്ടാക്കിയെടുക്കുന്നു.

ഉദാഹരണത്തിന് ബിഹാറിൽ വോട്ടർ പട്ടിക പുതുക്കുന്നതിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായാണ് റിപ്പോർട്ടുകൾ. സീമാഞ്ചൽ മേഖലയിലെ ബംഗ്ലാദേശി ‘നുഴഞ്ഞുകയറ്റക്കാർക്ക്’ എതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസംഗിച്ചതോടെ മുസ്‍ലിംകൾക്കെതിരായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ബി.ജെ.പിക്ക് സാധിച്ചു. പട്ടികയുടെ സൂക്ഷ്മപരിശോധന നടത്തിയിട്ടും നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനായില്ലെങ്കിലും, ഈ പ്രചാരണം വഴി ഹിന്ദുക്കളെ മുസ്‍ലിംകൾക്കെതിരെ ധ്രുവീകരിക്കാൻ സാധിച്ചു.

തെരഞ്ഞെടുപ്പ് ദിവസങ്ങൾക്ക് തൊട്ടുമുൻപായി 2.75 കോടിയിലധികം സ്ത്രീകൾക്ക് 10,000 രൂപ വീതം നേരിട്ട് അക്കൗണ്ടിലേക്ക് നൽകിയതായിരുന്നു ബിഹാറിലെ മറ്റൊരു തന്ത്രം. ഇതിനുപുറമെ, ദീപാവലി/ഛത്ത് പൂജാ ഉത്സവങ്ങൾക്കായി മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികൾക്ക് വസ്ത്രം നൽകാനായി കോടിക്കണക്കിന് രൂപ വിതരണം ചെയ്തു. നിയമവിരുദ്ധമായി വോട്ടർമാരെ സ്വാധീനിക്കുന്ന നടപടിയാണതെന്നാരോപിച്ച് പ്രശാന്ത് കിഷോർ പരാതി നൽകിയെങ്കിലും നിതീഷ് സർക്കാറിന്റെ ചെയ്തികളിൽ തെരഞ്ഞെടുപ്പ് കമീഷൻ തെറ്റൊന്നും കണ്ടില്ല.
ബംഗാളിൽ ഭരണമില്ലാതിരുന്നതിനാൽ ബി.ജെ.പിക്ക് ഇത്തരത്തിൽ നേരിട്ട് പണം വിതരണം ചെയ്യാൻ മാർഗമില്ലായിരുന്നു. അവിടെ അവർ വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ചെന്നാണ് ആരോപണം. ഏതാണ്ട് 27 ലക്ഷം വോട്ടർമാരെ ഒഴിവാക്കുകയും ആറ് ലക്ഷം പുതിയ വോട്ടർമാരെ ചേർക്കുകയും ചെയ്തു. കോടതിയും ഇതിൽ ഇടപെട്ടില്ല. ഇത്തരത്തിൽ നീക്കം ചെയ്യപ്പെട്ട വോട്ടർമാർ ബംഗാളിലെ ആകെ വോട്ടർമാരുടെ അഞ്ച് ശതമാനത്തോളം വരും. ബി.ജെ.പിയും ടി.എം.സിയും തമ്മിലുള്ള വോട്ട് വിഹിതത്തിലെ വ്യത്യാസവും ഏകദേശം അഞ്ച് ശതമാനമാണ്.
മാധ്യമങ്ങളെയും ജനാധിപത്യ സ്ഥാപനങ്ങളെയും ഉപയോഗിച്ച് പുതിയ ആഖ്യാനങ്ങൾ സൃഷ്ടിക്കാനും അവർക്ക് കഴിയുന്നു. ലാലു പ്രസാദ് യാദവിന്റെ ഭരണത്തെ ‘ജംഗിൾ രാജ്’ എന്ന് ആക്ഷേപിച്ചവർ ഇപ്പോൾ മുഖ്യമന്ത്രിയായി വാഴിച്ചിരിക്കുന്ന സമ്രാട്ട് ചൗധരിക്കെതിരെ ഉയർന്ന കേസുകളെക്കുറിച്ച് ഈ കോളത്തിൽ എഴുതിയിരുന്നു. കൂട്ടക്കൊലക്കേസ് പ്രതിയാവുകയും വ്യാജരേഖയുണ്ടാക്കി വയസ്സ് തിരുത്തി ശിക്ഷയിൽ നിന്ന് ഇളവ് നേടുകയും വ്യാജ വിദ്യാഭ്യാസ രേഖകൾ ചമയ്ക്കുകയും ഒക്കെ ചെയ്തുവെന്ന ആരോപണം നേരിട്ടയാളെ ഇപ്പോൾ മികച്ച ഭരണാധികാരിയായി ചിത്രീകരിക്കുന്നു. ബംഗാളിലും സമാനമായി അഴിമതി ആരോപണങ്ങൾ നേരിട്ട സുവേന്ദു അധികാരിയെ ‘രക്ഷകനായി’ അവർ അവതരിപ്പിച്ചേക്കാം.
മതനിരപേക്ഷ പാർട്ടികളുടെ പാളിച്ചകൾ
സംഘടനാപരമായ ബലഹീനതയോ, വ്യക്തമായ കാഴ്ചപ്പാടിന്റെ അഭാവമോ, അതോ അധികാരം പിടിച്ചെടുക്കാനുള്ള ആഗ്രഹമോ എന്തുകൊണ്ടു തന്നെയായാലും, ബി.ജെ.പിയുടെ ഭരണഘടനാ വിരുദ്ധ നടപടികളെ സാമാന്യവൽക്കരിക്കുന്നതിന് എങ്ങനെയൊക്കെയോ പ്രതിപക്ഷവും മതനിരപേക്ഷത അവകാശപ്പെടുന്ന കക്ഷികളും അവസരം നൽകുന്നു. ഉദാഹരണത്തിന്, വിധേയപ്പെട്ട ഉദ്യോഗസ്ഥവൃന്ദത്തിന്റെയും പൊലീസിന്റെയും തെരഞ്ഞെടുപ്പ് കമീഷന്റെയും ഒത്താശയോടെ ഹിന്ദുത്വ നേതാക്കൾ ബംഗാളിൽ മുസ്‍ലിംകൾക്കെതിരെ നിരന്തരം വിദ്വേഷ പ്രചാരണം നടത്തി.
“ബംഗാളിനെ കഅ്ബയാക്കാൻ ഞാൻ സമ്മതിക്കില്ല” എന്ന് പറഞ്ഞ് മുസ്‍ലിംകളുടെ വിശുദ്ധ ഗേഹത്തെ നിന്ദിക്കുന്ന പ്രസ്താവനയാണ് ഒരു തെരഞ്ഞെടുപ്പ് റാലിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയത്. മാതൃകാ പെരുമാറ്റച്ചട്ടം പരസ്യമായി ലംഘിച്ച ആദിത്യനാഥിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുത്തില്ല. ഇത്തരം പ്രസ്താവനകൾ മുസ്‍ലിംകൾക്കെതിരെ ബംഗാളി ഹിന്ദുക്കളെ ഒരുമിപ്പിക്കാൻ ബി.ജെ.പിയെ സഹായിച്ചു.

കണക്കുകൾ സൂചിപ്പിക്കുന്നത് ബംഗാളി ഹിന്ദുക്കളിൽ പത്തിൽ ആറോ ഏഴോ പേർ ബി.ജെ.പി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്തു എന്നാണ്. കൊട്ടിഘോഷിക്കപ്പെടുന്ന ബംഗാളി പ്രബുദ്ധതയെ നിർവീര്യമാക്കിക്കൊണ്ട് ഹിന്ദുത്വത്തിന് വോട്ട് ചെയ്യുന്ന രീതിയിലേക്ക് വോട്ടർമാർ പോയി. ഇത്തരമൊരു അവസ്ഥയെ ചെറുക്കാൻ മമതയുടെ പാർട്ടി താഴെത്തട്ടിൽ എന്തുചെയ്തു?
പട്നയിൽ വെച്ച് ‘രഘുപതി രാഘവ രാജാറാം’ ആലപിക്കുന്നത് കേന്ദ്രമന്ത്രി അശ്വിനി ചൗബേ തടഞ്ഞ സംഭവമുണ്ടായി. മതേതരത്വത്തിന്റെ സ്വയം പ്രഖ്യാപിത കാവലാളും ന്യൂനപക്ഷ സമൂഹത്തിന്റെ ചങ്ങാതിയും ചമഞ്ഞ് നടക്കുന്ന നിതീഷ് കുമാർ ഇതിനെ അവഗണിച്ചു. പൗരത്വത്തിൽ മതപരമായ വിവേചനത്തിന് വഴിയൊരുക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പാർലമെന്റിൽ നിതീഷിന്റെ പാർട്ടി പിന്തുണച്ചുവെന്ന് മാത്രമല്ല, അതിനെ എതിർത്തതിന്റെ പേരിൽ പ്രശാന്ത് കിഷോറിനെയും പവൻ കെ. വർമ്മയെയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

ഒരു ജനാധിപത്യ-മതേതര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ ഉയർത്തിപ്പിടിക്കേണ്ട മൂല്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുലർത്തുന്ന നിശബ്ദതയിലൂടെ ‘മതേതര പാർട്ടികൾ’ എന്ന് വിളിക്കപ്പെടുന്നവർ നൽകുന്ന തന്ത്രപരമായ പിന്തുണയാണ് ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികളെ ഇത്രയേറെ സാധാരണവൽക്കരിക്കാൻ ബി.ജെ.പിക്ക് തുണയായത്. അത്തരം നടപടികളിൽ ബോധപൂർവമായ തിരുത്തൽ വരുത്താതെ പ്രതിപക്ഷത്തിന്റെ തിരിച്ചുവരവ് ദുഷ്കരമാണ്.





