A Unique Multilingual Media Platform

Articles Cinema History Politics

വാത്തിയാറില്‍ നിന്ന് ദളപതിയിലെത്തുമ്പോൾ: തമിഴ് സിനിമയും രാഷ്ട്രീയ വൈകാരികതയും – 1

വാത്തിയാറില്‍ നിന്ന് ദളപതിയിലെത്തുമ്പോൾ: തമിഴ് സിനിമയും രാഷ്ട്രീയ വൈകാരികതയും – 1

രാഷ്ട്രീയവും സിനിമയും കെട്ടുപിണഞ്ഞു കിടക്കുന്ന തമിഴ്നാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ചരിത്രത്തിലേക്ക് ഒരേസമയം തിരിഞ്ഞു നോക്കുകയും അതിൻറെ സമകാലിക വികാസത്തെ അപഗ്രഥിക്കുകയുമാണ് സാംസ്കാരിക – ചലച്ചിത്ര പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ  ജി പി രാമചന്ദ്രൻ ഇവിടെ. ഈ ലേഖനം മൂന്ന് ഭാഗങ്ങളായാണ് പ്രസിദ്ധീകരിക്കുക.


തമിഴ്‌നാടിലെ ദരിദ്രരുടെ അനിഷേധ്യനായ ദൈവമായിട്ടാണ് എം ജി ആർ കൊണ്ടാടപ്പെട്ടത്. ദൈവനിഷേധികളായ ദ്രാവിഡപ്രസ്ഥാനത്തിന്റെ പരിണാമകാലത്താണ് എം ജി ആർ ആ പ്രസ്ഥാനത്തിന്റെ പുതിയ നേതാവായി ഉയർന്നുവന്നത് എന്നത് പുതിയ ദൈവത്തിന്റെ സൃഷ്ടിയായും വിലയിരുത്തപ്പെട്ടു. വ്യക്തിപരമോ  രാഷ്ട്രീയമോ ആയ ഏതെങ്കിലും പ്രതിസന്ധിയിൽ അദ്ദേഹം ചെന്നു   പെടുമ്പോൾ, ജീവൻ വെടിഞ്ഞാണ് അണികളിൽ കുറെപ്പേർ അദ്ദേഹത്തോട് ഐക്യദാർഢ്യം അഥവാ സ്‌നേഹം പ്രകടിപ്പിച്ചത്. ഇതെല്ലാം എങ്ങിനെ സംഭാവ്യമാകും എന്ന് ഒരു പരിധി വരെ മലയാളി അത്ഭുതപ്പെടും. കാരണം, നമ്മളങ്ങനെയൊന്നും ചെയ്യാറില്ല. അതുമല്ല, എം ജി ആർ ജന്മം കൊണ്ട് മലയാളിയും കേരളീയനുമാണ്. ഭാഷാഭ്രാന്ത്, പ്രാദേശിക വികാര വിജൃംഭണം എന്നീ തന്മകളാൽ വിലയിരുത്തപ്പെടാറുള്ള തമിഴരുടെ കൺകണ്ട ദൈവമായി ഒരന്യദേശക്കാരൻ വളർന്നു വലുതായി എന്നതിന്റെ പിറകിലെ വിസ്മയം എന്തായിരിക്കും? മാത്രമല്ല, ബിംബക്കെണി (ദ ഇമേജ് ട്രാപ്പ്) എന്ന ഗംഭീരമായ പഠനഗ്രന്ഥത്തിൽ ഡോ. എം എസ് എസ് പാണ്ഡ്യൻ നിരീക്ഷിക്കുന്നതുപോലെ; ചരിത്ര-രാഷ്ട്രീയപരവും മാനുഷികവുമായ നന്മകളുടെ പര്യായമായി കൊണ്ടാടപ്പെട്ട താരപ്രരൂപം, മുതലമൈച്ചർ (മുഖ്യമന്ത്രി) ആയി പരിണമിച്ച് സംസ്ഥാന ഭരണം കൈയാളിയതോടെ, അത് മദ്യരാജാക്കന്മാരുടെയും റിയൽ എസ്റ്റേറ്റ് കൊള്ളക്കാരുടെയും ആർത്തിപ്പണ്ടാരങ്ങളായ ഭരണകക്ഷി നേതാക്കളുടെ സർവവ്യാപനത്തിന്റെയും ഒരു ദുഷിച്ച സ്ഥലകാലമായി സ്ഥിരീകരിക്കപ്പെട്ടു എന്ന വൈപരീത്യത്തെ നാം കാണാതിരിക്കേണ്ടതില്ല.

ഡോ. എം എസ് എസ് പാണ്ഡ്യന്റെ, ‘ദി ഇമേജ് ട്രാപ്പ്’.

മരണത്തിനു ശേഷവും ഒരു വിഗ്രഹം എന്ന നിലക്ക് എം ജി ആർ കൊണ്ടാടപ്പെടുന്നുണ്ട് എന്നതും ഇത്തരുണത്തിൽ നാം ഓർക്കേണ്ടതാണ്. എം ജി ആറിനോടുള്ള സ്‌നേഹത്തിന്റെ വിചിത്രമായ ഒരു പ്രകടനമായിരുന്നു (എംജിആറിന്റെ) ഇദയക്കനി എന്നറിയപ്പെട്ടിരുന്ന ജയലളിതയോടുള്ള മമതയുടെയും പിന്നിൽ. കുറെക്കാലം, സിനിമാതാരവും പിന്നെ കുറെക്കാലം രാഷ്ട്രീയനേതാവായും തമിഴകം നിറഞ്ഞു നിന്ന, തമിഴകത്തെ നയിച്ച അത്ഭുതപ്രഭാവനാണ് എം ജി ആർ എന്നത് ചരിത്രസത്യം മാത്രമാണ്. ആദ്യകാലത്ത് അദ്ദേഹം നേടിയെടുത്ത ജനപ്രിയത, അക്കാലത്തെ സിനിമകളിൽ അദ്ദേഹം സ്വീകരിച്ച വിജയകരമായ കഥാപാത്രങ്ങളോട് ബന്ധപ്പെട്ടാണ് നിൽക്കുന്നത്.

എം ജി ആറും ജയലളിതയും ‘മാതുകര വേലനി’ ൽ

1936-ൽ മദ്രാസ് സ്റ്റുഡിയോവിലാണ് അദ്ദേഹം സിനിമാഭിനയം തുടങ്ങുന്നത്. ആദ്യ ചിത്രം സതിലീലാവതി.  ഒരു സബ് ഇൻസ്‌പെക്ടറുടെ അപ്രധാന റോൾ. ചരിത്രം കൃത്യമായി പരിശോധിച്ചാൽ അദ്ദേഹം ഒരന്യദേശക്കാരനല്ലെന്നു കാണാം. അതായത്, അക്കാലത്തെ മദ്രാസ്  പ്രസിഡൻസി സ്റ്റേറ്റിലുൾപ്പെട്ടിരുന്ന മലബാർ ജില്ലയിലായിരുന്നു ഇന്നത്തെ പാലക്കാടും വടവന്നൂരും. ഇവിടങ്ങളിലുള്ളവരൊക്കെയും ഉന്നത പഠനത്തിനും പലവിധ ജോലികൾക്കായും മദ്രാസിനെയായിരുന്നു ആശ്രയിച്ചത്. പിന്നീട് സ്വാതന്ത്ര്യത്തിനു ശേഷം, ഭാഷാസംസ്ഥാന രൂപീകരണത്തോടെയാണ് കേരളം, രൂഢമൂലമാകുന്നത്. അതിനു ശേഷം വ്യവസ്ഥാപിതമായ തലമുറകളുടെ വിചാരപരിസരത്തു നിന്നു കൊണ്ട്, മലയാളി, കേരളീയൻ, തമിഴൻ എന്നീ പരികല്പനകളെ ആന്തരവത്ക്കരിക്കുന്നതുകൊണ്ടാണ് എം ജി ആർ തമിഴർക്ക് അന്യദേശക്കാരനല്ലേ എന്ന് നാം പരിഗണിക്കുന്നത്. അങ്ങിനെയല്ലെന്നതാണ് യാഥാർത്ഥ്യം. മാത്രമല്ല, എം ജി ആർ ജനിക്കുന്നത് അക്കാലത്ത് ബ്രിട്ടീഷ് സിലോൺ എന്നറിയപ്പെട്ടിരുന്ന ശ്രീലങ്കയിലെ കാൻഡിയിൽ വെച്ചായിരുന്നു. പിന്നീട് മധുരൈ ഒറിജിനൽ ബോയ്‌സ് കമ്പനിയിലാണ് അദ്ദേഹം നാടകാഭിനയത്തിനായി എത്തിയത്.

ചലച്ചിത്ര സംവിധായകൻ ശശികുമാർ, പ്രേം നസീർ, എം ജി ആർ, ടി കെ ബാലചന്ദ്രൻ (ഇടതു നിന്നും)

ആദ്യദശകങ്ങളിൽ സാധാരണ വേഷങ്ങളിലഭിനയിച്ചിരുന്ന എം ജി ആർ, 1950കളോടു കൂടി സ്റ്റിരിയോടിപ്പിക്കൽ എന്ന് വിശേഷിപ്പിക്കാവുന്ന താര-നായകത്വ രൂപത്തിലുള്ള വേഷങ്ങളിലേക്ക് തന്നെ പ്രതിഷ്ഠിച്ചു. ജനപ്രിയമായ വിചാര വികാരങ്ങളെ ഉൾക്കൊള്ളുന്നതും എടുത്തുയർത്തുന്നതും, ദ്രാവിഡ വൈകാരികതയെ ഊതിവീർപ്പിക്കുന്ന ഐതിഹാസികതയുടെ പിൻബലമുള്ളതുമായ നായകപ്രരൂപങ്ങളായി എം ജി ആർ കാലത്തിനൊത്ത്, കാലത്തിനപ്പുറം വളർന്ന് പന്തലിച്ചു. കഥാഗാത്രങ്ങളിലും സംഭാഷണങ്ങളിലും പാട്ടുകളിലും മറ്റുമെല്ലാം അദ്ദേഹം ഇടപെട്ടു പോന്നു. തന്റെ ഇമേജിനെ തകർക്കാത്തതും അതിനെ എടുത്തുയർത്തുന്നതുമായ രീതിയിൽ സിനിമകളുടെ ഇതിവൃത്ത-ആഖ്യാന പരിഗണനകൾ മാറ്റിമറിക്കപ്പെട്ടു. ഇത് മറ്റു താരങ്ങളുടെ കാര്യങ്ങളിലും സമാനമാണ്. താരനിർമിതി എന്നത്, മുഖ്യധാരാ സിനിമയുടെ അനിവാര്യമായ ഒരു വാണിജ്യ ആധാരമായതിനാൽ അത് ആരാലും ചോദ്യം ചെയ്യപ്പെട്ടതുമില്ല.

‘അടിമൈ പെണ്ണി’ൽ എം ജി ആർ

1971-ൽ റിക്ഷാക്കാരനിലെ അഭിനയത്തിന് ഏറ്റവും നല്ല നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ഭരത് എന്നാണ് അക്കാലത്ത് ഈ അവാർഡ് അറിയപ്പെട്ടിരുന്നത്. 1978-ലാണ് അദ്ദേഹത്തിന്റെ അവസാനത്തെ സിനിമ, മധുരൈ മീട്ട സുന്ദരപാണ്ഡ്യൻ പുറത്തു വന്നത്. 133 തമിഴ് സിനിമകളിലും ഓരോന്നു വീതം ഹിന്ദി, തെലുങ്ക്, മലയാളം സിനിമകളിലും എം ജി ആർ അഭിനയിച്ചു. 1953ൽ, എഫ് നാഗൂർ സംവിധാനം ചെയ്ത ജെനോവ എന്ന മലയാള സിനിമയിലാണദ്ദേഹം അഭിനയിച്ചത്. ഇതിൽ നാടോടി മന്നൻ(1958), ഉലകം സുറ്റ്രും വാലിബൻ(1973), മധുരൈ മീട്ട സുന്ദരപാണ്ഡ്യൻ(1978) എന്നിവ എം ജി ആർ തന്നെയാണ് സംവിധാനം ചെയ്തത്.

എം ജി ആറും കരുണാനിധിയും സി എൻ അണ്ണാദുരൈയുടെ ചിത്രത്തിനു മുന്നിൽ

1953 മുതൽ 1972 വരെ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ/തിമുക) അംഗമായിരുന്നു എം ജി ആർ. തമിഴ് സ്വത്വത്തിന്റെയും ദ്രാവിഡത്വത്തിന്റെയും രാഷ്ട്രീയ-സാമൂഹിക-സാംസ്‌ക്കാരിക   സംഘടനയായിട്ടാണ് തിമുക വളർന്നു വലുതായത്. നിരീശ്വരവാദം, ബ്രാഹ്മണ വിരുദ്ധത, തമിഴക സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളാണ് തിമുകക്കുള്ളതായി കരുതപ്പെട്ടിരുന്നത്. ഇവയുടെ തന്നെ ജനപ്രിയവും ലളിതവത്ക്കരിക്കപ്പെട്ടതുമായ ഇതിവൃത്ത-ആഖ്യാനങ്ങളാണ് എം ജി ആറിന്റെ അക്കാലത്തെ സിനിമകളിലുണ്ടായിരുന്നത്. പാർട്ടിയുടെ കൊടിയും നിറവും പലപ്പോഴും തിരശ്ശീലയിൽ കാണാമായിരുന്നു. തിമുകയുടെ വളർച്ചക്ക് എം ജി ആറിന്റെ താരപരിവേഷവും ജനപ്രിയതയും, തിരിച്ച് അദ്ദേഹത്തോടുള്ള ആഭിമുഖ്യത്തിന് തിമുകയുടെ സ്വാധീനവും പരസ്പരം പ്രയോജനപ്പെടുത്തപ്പെട്ടു. സിനിമയെ രാഷ്ട്രീയ പ്രചാരണത്തിനുള്ള ഒരുപാധിയായിട്ടാണ് തിമുക കരുതിപ്പോന്നിരുന്നത്. ആ പാർട്ടിയുടെ മുഖ്യ നേതാവായിരുന്ന കലൈഞ്ജർ കരുണാനിധി, തിരക്കഥാകൃത്തും സാഹിത്യകാരനുമായിരുന്നു. ഈ സാഹചര്യം, എംജിആറിനെ, ജീവിതവും ഇമേജും പരസ്പരം വേർതിരിക്കാൻ കഴിയാത്ത വിധം ഒന്നാണ് എന്ന രീതിയിലേക്കെത്തിച്ചു. സിനിമയും യാഥാർത്ഥ്യവും തമ്മിലുള്ള ഒരു സംലയനം ഇവിടെ സംഭവിക്കുന്നുണ്ടെന്നു ചുരുക്കം. വോട്ടിംഗിലും തെരഞ്ഞെടുപ്പു വിജയങ്ങളിലുമൊക്കെ ഇത് പ്രകടമായ രീതിയിൽ തന്നെ സ്വാധീനം ചെലുത്തുകയും അധികാരരാഷ്ട്രീയം അതിനനുസരിച്ച് മാറിത്തീരുകയും ചെയ്തു. 1972ൽ പക്ഷെ, എം ജി ആറിന് തിമുക വിടേണ്ടി വന്നു. അതിനെ തുടർന്ന് അദ്ദേഹം രൂപീകരിച്ച അതിമുക, അനൈറ്റിന്ത്യ അതിമുക(അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം)യായി എംജിആറിനെ പിന്തുണച്ച ജനകോടികളെയും കൊണ്ടു പോന്നു. 1987ലദ്ദേഹത്തിന്റെ മരണം വരെയും അവരദ്ദേഹത്തോടൊപ്പം നിന്നു. പിന്നീടും അദ്ദേഹത്തോടുള്ള ആഭിമുഖ്യമാണ് അമ്മ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ട ജയലളിതയോടുള്ള ആഭിമുഖ്യം,  അവരുടെ മരണം വരെയും നിലനിന്നതെന്നും സാമാന്യമായി വിലയിരുത്താം.

തിരുച്ചിറപ്പള്ളിയിൽ എം.ജി.ആറിന്റെ പ്രതിമയിൽ ഹാരാർപ്പണം ചെയ്ത് അഭിവാദ്യമർപ്പിക്കുന്ന ടി.വി.കെ അധ്യക്ഷൻ വിജയ് (ഏപ്രിൽ 2, 2026)

മരുതൂർ ഗോപാലമേനോൻ രാമചന്ദ്രൻ എന്നാണ് എം ജി ആറിന്റെ മുഴുവൻ പേര്. 1987 ഡിസംബർ 24നാണ് അദ്ദേഹം അന്തരിച്ചത്. മദ്രാസ് നഗരം കണ്ടതിൽ വെച്ചേറ്റവും വലുതായ ഒരു ശവസംസ്‌ക്കാര ഘോഷയാത്രയാണന്നുണ്ടായത്. 20 ലക്ഷം പേരെങ്കിലും അതിൽ പങ്കെടുത്തിട്ടുണ്ടാവും എന്നാണ് കണക്കാക്കപ്പെട്ടത്. അവരിൽ പലരും തമിഴ്‌നാടിന്റെ ദൂരെയുള്ള ഗ്രാമങ്ങളിൽ നിന്ന് കഷ്ടപ്പെട്ടെത്തിയതായിരുന്നു. ജയലളിത മരിച്ചപ്പോൾ, സഞ്ചാര സൗകര്യം തന്നെ ഏതാനും ദിവസത്തേക്ക് തമിഴ്‌നാട്ടിൽ സസ്‌പെന്റ് ചെയ്തു. അതുകൊണ്ട് ലക്ഷക്കണക്കിന് അനുയായികൾക്ക് ജയലളിതയുടെ ശവസംസ്‌ക്കാര ഘോഷയാത്രയിൽ പങ്കെടുക്കാനായില്ല. എം ജി ആറിന്റെ ശവസംസ്‌ക്കാര ഘോഷയാത്രയിൽ പങ്കെടുക്കാൻ എന്നിട്ടും ലക്ഷക്കണക്കിനാളുകൾക്ക് കഴിഞ്ഞിരുന്നില്ല. അവർ, അവരവരുടെ സ്ഥലങ്ങളിൽ തങ്ങളുടെ ആരാധ്യപുരുഷന്റെ പ്രതീകാത്മക സംസ്‌ക്കാരം നടത്തുകയും വിലാപയാത്രകൾ നടത്തുകയും ചെയ്തു. ആയിരക്കണക്കിന് യുവാക്കൾ തല മുണ്ഡനം ചെയ്തു. കുടുംബത്തിലാരെങ്കിലും മരിച്ചാലാണ് അപ്രകാരം ചെയ്യാറുള്ളത് എന്നിരിക്കെ, എം ജി ആറിന്റെ മരണം അവരുടെ കുടുംബാംഗത്തിന്റെ അഥവാ കുടുംബത്തലവന്റെ തന്നെ മരണമായിരുന്നു. മുപ്പത്തൊന്നു പേർ ആത്മാഹുതി ചെയ്തു. 1965-ലെ ഹിന്ദി വിരുദ്ധ സമരത്തോടെയാണ്, പൊതു ആവശ്യാർത്ഥം പൊതുജനമധ്യത്തിൽ വെച്ച് ആത്മഹത്യ ചെയ്യുന്ന പ്രവണത തമിഴ്‌നാട്ടിൽ സാധാരണ പ്രവണതയായി മാറിയത്. അന്ന് മരിച്ചവർ രക്തസാക്ഷികളായി പ്രഖ്യാപിക്കപ്പെടുകയും പിന്നീട് തിമുക അധികാരത്തിൽ വന്നപ്പോൾ അവരിൽ പലരുടെയും പ്രതിമകൾ സ്ഥാപിക്കപ്പെടുകയും ചെയ്തു.

അന്ന് എം.ജി.ആർ, ഇന്ന് ദളപതി: ഒരു ചെറിയ വലിയ താരതമ്യം.

എം ജി ആറിന്റെ യഥാർത്ഥ മരണത്തിനു മുമ്പു തന്നെ ഒരു അർദ്ധ-പ്രതീകാത്മക മരണം സംഭവിച്ചിരുന്നു. നിരവധി സിനിമകളിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുള്ള ആളും മിക്കതിലും പ്രതിനായകവേഷം കൈകാര്യം ചെയ്ത ആളുമായ തിമുക നേതാവ് കൂടിയായ എം ആർ രാധ 1967 ജനുവരി 12ന് എം ജി ആറിനെ വെടിവെച്ചു. അദ്ദേഹത്തെ  ചികിത്സിക്കാനായി  അഡ്മിറ്റ് ചെയ്ത ആശുപത്രിയുടെ ചുറ്റിലുമായി അമ്പതിനായിരം അനുയായികളാണ് തടിച്ചു കൂടിയത്. തെരുവുകളിലെല്ലാം കൂട്ടക്കരച്ചിൽ. കടകമ്പോളങ്ങളടച്ചു. ഇരുപത് റിക്ഷാവണ്ടിക്കാർ, ബാംഗളൂർ നിന്ന് മദിരാശി വരെ സൈക്കിൾ റിക്ഷ കാൽ കൊണ്ട് ചവിട്ടി എം ജി ആറിനെ കാണാനെത്തി. ആറാഴ്ച അദ്ദേഹം ആശുപത്രിയിൽ ചികിത്സക്കായി കിടന്നപ്പോൾ, അനുയായികൾ മറ്റെല്ലാം മാറ്റിവെച്ച് അദ്ദേഹത്തിന്റെ രോഗവിവരങ്ങൾക്കായി കാത്തിരുന്നു. 1972 ഒക്‌ടോബർ 10ന് അദ്ദേഹത്തെ തിമുകയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടപ്പോഴും കടകളടച്ചും, സിനിമാപ്രദർശനങ്ങൾ നിർത്തിവെച്ചും, തിമുകയുടെ പതാകക്കാലുകൾ മുറിച്ചു വീഴ്ത്തിയും ട്രാൻസ്‌പോർട് ബസുകൾ കല്ലെറിയപ്പെട്ടും പടുകൂറ്റൻ പ്രതിഷേധമാർച്ചുകൾ തമിഴ്‌നാട്ടിലെമ്പാടും സംഘടിപ്പിക്കപ്പെട്ടു. മൂന്നാഴ്ചകളോളം അക്രമാസക്തമായ പ്രതിഷേധം തുടർന്നു. 1984 ഒക്‌ടോബറിൽ രോഗബാധിതനായി അദ്ദേഹത്തെ അമേരിക്കയിലെ ബ്രൂക്ക്‌ലിനിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതും സംസ്ഥാനത്താകെയുള്ള അനുയായികളെ ദു:ഖത്തിലാഴ്ത്തി. ഇരുപത്തിരണ്ടാളുകൾ, വിരലും മറ്റും മുറിച്ച് ഇഷ്ടദൈവങ്ങൾക്കു മുമ്പിൽ ത്യാഗബലിയർപ്പിച്ചു. നൂറോളം ആളുകൾ ആത്മാഹുതിക്കു ശ്രമിച്ചെങ്കിലും ഫലപ്രദമായി തടഞ്ഞതിനാൽ നടന്നില്ല. അതിദരിദ്രരായ ജനങ്ങൾക്കിടയിലാണ് എം ജി ആറിന്റെ അനുയായികളിലധികവും എന്ന കാര്യവും ശ്രദ്ധേയമാണ്.

1977 ലെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം, പാർട്ടി പ്രവർത്തകയെ ആശ്ലേഷിക്കുന്ന എം ജി ആർ.

ഏറ്റവും പാവപ്പെട്ടവർക്കിടയിൽ എം ജി ആറിനോടുള്ള ആരാധന വെളിപ്പെടുത്തുന്ന രണ്ടു ചലച്ചിത്രദൃശ്യങ്ങൾ എം എസ് എസ് പാണ്ഡ്യൻ രേഖപ്പെടുത്തുന്നു. ജി അരവിന്ദന്റെ ചിദംബര(1985)ത്തിൽ, ശ്രീനിവാസൻ അവതരിപ്പിക്കുന്ന മുനിയാണ്ടി എന്ന കേരളാതിർത്തിയിലെ കന്നുകാലി ഫാമിൽ ജോലി ചെയ്യുന്ന തമിഴനായ തൊഴിലാളിയുടെ മുറിയിൽ എം ജി ആറിന്റെ ചിത്രമുള്ള കലണ്ടറാണ് തൂങ്ങുന്നത്. പി ദുരൈ സംവിധാനം ചെയ്ത പശി(1979)യിൽ, ചവറു പെറുക്കുന്നവളാണ് നായികാകഥാപാത്രം. ചവറിനിടയിൽ എം ജി ആറിന്റെ പോസ്റ്റർ കാണുമ്പോൾ അവളത് സൂക്ഷിച്ചു വെക്കുന്നു. ഈ രണ്ടു ചിത്രങ്ങൾക്കും ദേശീയ പുരസ്‌കാരം ലഭിച്ചു.


“ദൈവനിഷേധാനന്തര ദൈവം”, “ തമിഴനെന്റ്ര് സൊല്ലടാ തലൈ നിമിര്‍ന്തു നില്ലടാ”എന്നീ ശീര്‍ഷകങ്ങളിലായി എഴുതിയ ലേഖനങ്ങൾ കൂടി ആസ്പദമാക്കിയിട്ടുള്ളതാണീ  ലേഖനം. 


(തുടരും)

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Subscribe
Notify of
guest
3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Venkitesh Krishnan

Good one

G P Ramachandran

Thank you very much

Raj Veer Singh

:
“An insightful and layered exploration of how Tamil cinema continuously shapes political imagination and mass leadership. The article brilliantly captures the transformation of screen charisma into political symbolism, where ‘Vaathiyaar’ and ‘Dalapathy’ become more than cinematic identities — they evolve into cultural and political narratives. Sharp, engaging, and deeply rooted in the socio-political history of Tamil Nadu.”

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

3
0
Would love your thoughts, please comment.x
()
x