സാമുദായിക പ്രീണനവും ഫാസിസ്റ്റ് വിധേയത്വവും ജനങ്ങളോടുള്ള വഞ്ചന: സർക്കാരിനു താക്കീതുമായി‘വേക്ക് അപ്പ് കേരളം’
കേരളം ഭരിക്കുന്ന ഐക്യജനാധിപത്യ മുന്നണി സാമുദായിക പ്രീണനവും ഫാസിസ്റ്റ് വിധേയത്വവും കാണിക്കുന്നത് ജനങ്ങളോടുള്ള വഞ്ചനയാണെന്ന് സാംസ്കാരിക-സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മയായ ‘വേക്ക് അപ്പ് കേരളം’. പുതിയ യു.ഡി.എഫ് സർക്കാരിന്റെയും ഭരണാധികാരികളുടെയും സമീപകാല നിലപാടുകൾ ജനാധിപത്യ വിശ്വാസികളെ വല്ലാതെ അങ്കലാപ്പിലാക്കുന്നതാണെന്ന് വ്യക്തമാക്കിക്കൊണ്ട് കെ. സച്ചിദാനന്ദൻ, സാറാ ജോസഫ് ഉൾപ്പെടെയുള്ള അൻപതോളം സാമൂഹിക-സാംസ്കാരിക പ്രവർത്തകർ ഒപ്പുവെച്ച പ്രസ്താവന പുറത്തിറക്കി. തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ജനങ്ങളോടും ജനാധിപത്യത്തോടും കൂറുപുലർത്തണമെന്നും സാമുദായിക നേതാക്കളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് അടിയന്തരമായി പിന്മാറണമെന്നും സംഘടന താക്കീത് ചെയ്യുന്നു.

ഭരണത്തിലെത്തി ഒരു മാസത്തിനകം തന്നെ ഈ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നിലപാടുകൾ മതേതര ജനാധിപത്യവാദികളെ അസ്വസ്ഥമാക്കുന്നതാണെന്ന് പ്രസ്താവനയിൽ പറയുന്നു.
സ്ഥാനത്തും അസ്ഥാനത്തും മുസ്ലിം സമുദായത്തെ അവഹേളിക്കുകയും ക്രിമിനൽവൽക്കരിക്കുകയും ചെയ്യുന്ന സമുദായ നേതാക്കളുമായും എൻ.ഡി.എ സഖ്യകക്ഷി നേതാക്കളുമായും മന്ത്രിമാർ പുലർത്തുന്ന ഊഷ്മള സൗഹൃദം ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണ്.
തുല്യ പ്രാതിനിധ്യ പ്രസ്ഥാനത്തിന്റെ പ്രവർത്തകർ വലിയ പ്രതീക്ഷയോടെ നോക്കിക്കണ്ട മന്ത്രി ബിന്ദു കൃഷ്ണ ഉൾപ്പെടെയുള്ളവർ ഇത്തരം നേതാക്കളെ ചെന്ന് കണ്ട് അനുഗ്രഹം വാങ്ങിയ നിലപാട് ഞെട്ടിക്കുന്നതാണെന്ന് കൂട്ടായ്മ വിലയിരുത്തി. ഫാസിസ്റ്റ് പ്രതിരോധത്തിൽ ഭരണകൂട നയങ്ങളിൽ വലിയ പങ്ക് വഹിക്കുമെന്ന് കരുതിയിരുന്ന മുസ്ലിം ലീഗിന്റെ പ്രതിനിധികൾ ഇക്കാര്യത്തിൽ പുലർത്തുന്ന മൗനം അമ്പരപ്പിക്കുന്നതാണെന്നും, അധികാരത്തിലെത്തുക എന്നതിലപ്പുറം മറ്റൊരു ലക്ഷ്യവും അവർക്കില്ലായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

മുമ്പ് അധികാരത്തിലിരുന്ന ഇടതുപക്ഷ സർക്കാരിന്റെ നയങ്ങളെയും തങ്ങൾ ശക്തമായി വിമർശിച്ചിരുന്നുവെന്ന് വേക് അപ്പ് കേരളം ഓർമ്മിപ്പിച്ചു.
ജനവിരുദ്ധ കേന്ദ്ര സർക്കാർ നയങ്ങളെ ചിലപ്പോൾ മൃദുവായും ചിലപ്പോൾ നിഗൂഢമായും പരിപോഷിപ്പിക്കുന്ന സമീപനമാണ് അന്ന് എൽ.ഡി.എഫ് സ്വീകരിച്ചത്.
അടിസ്ഥാനരഹിതമായ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ വിളിച്ചുകൂവിയ സാമുദായിക നേതൃത്വങ്ങളോട് അന്ന് സർക്കാർ കാണിച്ച ഉപാധിരഹിത ചങ്ങാത്തവും, എൻ.ഇ.പി, പി.എം. ശ്രീ, അധികാര കേന്ദ്രീകരണം തുടങ്ങിയ വിഷയങ്ങളിൽ പുലർത്തിയ നിഷ്ക്രിയത്വവുമാണ് അന്ന് വിമർശിക്കപ്പെട്ടത്. എന്നാൽ ഇന്ന് ഭരണമാറ്റം ഉണ്ടായിട്ടും അവസ്ഥയ്ക്ക് മാറ്റമില്ലെന്നാണ് സാംസ്കാരിക ലോകം ചൂണ്ടിക്കാണിക്കുന്നത്.

സാമുദായിക നേതൃത്വങ്ങൾ ആ സമുദായത്തിലെ അംഗങ്ങളെയൊന്നും മൊത്തത്തിൽ പ്രതിനിധീകരിക്കുന്നവരല്ല എന്ന യാഥാർത്ഥ്യം രാഷ്ട്രീയക്കാർ മനസ്സിലാക്കണമെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു. സംശയകരമായ രാഷ്ട്രീയ ചായ്വ് പ്രകടമാക്കുന്ന സാമുദായിക നേതാക്കളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങൾ ഏത് സർക്കാരിന്റെയും വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്.
ഏത് വർഗീയ ഫാസിസത്തെ ചൂണ്ടിക്കാണിച്ചാണോ ജനങ്ങളുടെ വോട്ട് നേടിയത്, അതിന് തികച്ചും വിരുദ്ധമായ സമീപനമാണ് ഭരണകക്ഷിയിൽ നിന്നുണ്ടാകുന്നത്.
ഇതിനെ ശക്തമായി അപലപിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് സംഘടന വ്യക്തമാക്കി.
ഭരണപക്ഷത്തിന്റെ ‘സർഗാത്മക പ്രതിപക്ഷമായി’ പ്രവർത്തിക്കുക എന്നതാണ് ‘വേക്ക് അപ്പ് കേരള’ത്തിൻ്റെ ദൗത്യമെന്ന് പ്രസ്താവനയിലൂടെ അവർ അടിവരയിടുന്നു.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ജനങ്ങളോടാണ് പ്രാഥമികമായ ഉത്തരവാദിത്തം. അതിനാൽ ജനവിരുദ്ധ ആശയങ്ങൾ പുലർത്തുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന സാമുദായിക നേതാക്കളെ പ്രീണിപ്പിച്ചു കൂടെ നിർത്താനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ച്, ജനങ്ങൾക്കും ജനാധിപത്യത്തിനുമൊപ്പം നിൽക്കാൻ സർക്കാർ തയ്യാറാകണം.
അല്ലാത്തപക്ഷം ഈ ഭരണാധികാരികളും ജനങ്ങളാൽ വിചാരണ ചെയ്യപ്പെടുമെന്ന മുന്നറിയിപ്പോടെയാണ് പ്രസ്താവന അവസാനിക്കുന്നത്.
കെ. സച്ചിദാനന്ദൻ, സാറാ ജോസഫ്, ഡോ. ഖദീജ മുംതാസ്, അജിത അന്വേഷി, അൻവർ അലി, കെ. അംബുജാക്ഷൻ, കുരിപ്പുഴ ശ്രീകുമാർ, സി.ആർ. നീലകണ്ഠൻ, റഫീഖ് അഹമ്മദ്, പി.എൻ. ഗോപീകൃഷ്ണൻ, പ്രൊഫ. കെ.പി. ശങ്കരൻ, കുസുമം ജോസഫ്, ഡോ. ആശ ജോസഫ്, ജോളി ചിറയത്ത്, ഫാ. അഗസ്റ്റിൻ വട്ടോളി, അഡ്വ. ഹരീഷ് വാസുദേവൻ തുടങ്ങി അൻപതിലധികം പ്രമുഖ സാംസ്കാരിക, സാമൂഹിക പ്രവർത്തകരാണ് ഈ സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിരിക്കുന്നത്.
പ്രസ്താവനയുടെ പൂർണരൂപം ഇവിടെ വായിക്കാം:
സർക്കാർ ജനാധിപത്യത്തോട് കൂറുപുലർത്തുക; സാമുദായിക പ്രീണനവും ഫാസിസ്റ്റ് വിധേയത്വവും ജനങ്ങളോടുള്ള വഞ്ചന:
പൊതു പ്രസ്താവന | 2026 ജൂൺ 2
കേരളത്തിലങ്ങോളമിങ്ങോളമുള്ള ജനാധിപത്യ വിശ്വാസികളായ പ്രവർത്തകരുടെ കൂട്ടായ്മയാണ് വേക്ക് അപ്പ് കേരളം. All India People’s Movement എന്ന ദേശീയ തലത്തിലെ സാംസ്കാരിക മൂവ്മെൻ്റുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയിൽ എഴുത്തുകാരും മറ്റു കലാരംഗത്തു പ്രവർത്തിക്കുന്നവരും പാരിസ്ഥിതിക സാമൂഹ്യ പ്രവർത്തകരുമായി ധാരാളം പേരുണ്ട്. വർഗീയ ഫാസിസത്തിൻ്റെ വ്യാപനത്തെ ചെറുക്കുക എന്നതാണ് മൂവ്മെൻ്റിൻ്റെ പ്രാഥമികമായ ഉദ്ദേശ്യം.
ഇടതുപക്ഷ സർക്കാരിനെ ഞങ്ങൾ വിമർശിച്ചിരുന്നത് ആ സർക്കാരിൻ്റെയും നേതൃത്വത്തിൻ്റെ യും പല നയങ്ങളും വിഭാഗീയത വളർത്തുന്ന ജനവിരുദ്ധ കേന്ദ്ര സർക്കാർ നയങ്ങളെ ചിലപ്പോൾ മൃദുവായും ചിലപ്പോൾ നിഗൂഢമാം വിധം ആപത്കരമായും പരിപോഷിപ്പിക്കുന്നു എന്നതിനാലാണ്. വളരെ പ്രത്യക്ഷമായി ജനങ്ങളുടെ മുമ്പിൽ വെളിപ്പെട്ടതാവട്ടെ, നിരന്തരം അടിസ്ഥാന രഹിത മുസ്ലിം വിരുദ്ധ പരാമർശങ്ങൾ വിളിച്ചു കൂവിയ എസ്.എൻ.ഡി.പി നേതാവിനോട് കാണിച്ചിരുന്ന ഉപാധിരഹിത ചങ്ങാത്തവും! NEP യും പി. എം. ശ്രീയും, SIR പ്രശ്നങ്ങളോടു കാണിച്ച നിഷ്ക്രിയതയും അധികാര കേന്ദ്രീകരണവും ഉൾപ്പെടെ മറ്റനേകം കാര്യങ്ങൾ പറയാനുണ്ടെങ്കിലും മുഴച്ചു നിന്നിരുന്ന ഒന്ന് വെള്ളാപ്പിള്ളിയെപ്പോലെയൊരു വ്യക്തിയുടെ അസ്ഥാനത്തുള്ള ഇസ്ലാമോഫോബിക് പരാമർശങ്ങളെ അവർ സമീപിച്ച വികലമായ രീതി തന്നെയായിരുന്നു.
ഇന്ന് എൽഡിഎഫ് പ്രതിപക്ഷത്താണ്. കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ പ്രതീക്ഷയർപ്പിച്ച് ഭരണത്തിലെത്തിച്ച യു ഡി എഫ് സർക്കാരാണ് ഇന്ന് ഭരണരംഗത്ത്. ഹിന്ദുത്വ ഫാസിസം ശത്രു പക്ഷത്തു നിർത്തിയ മുസ്ലിം സമൂഹത്തിനെ പേരിലെങ്കിലും പ്രതിനിധീകരിക്കുന്ന മുസ്ലിം ലീഗ് ഈ രാഷ്ട്രീയ സഖ്യത്തിലെ പ്രമുഖ കക്ഷിയുമാണ് 5 മന്ത്രിമാരും 22 എം എൽ എമാരും മുസ്ലിം ലീഗിൻ്റെതാണ്. ഹിന്ദുത്വ ഫാസിസത്തെ പ്രതിരോധിക്കുന്നതിൽ ഭരണകൂട നയങ്ങളിൽ വലിയ പങ്കു വഹിക്കുമെന്നു തോന്നിപ്പിക്കും വിധം സ്തുത്യർഹമായ മാന്യതയോടെ തിരഞ്ഞെടുപ്പു കാലത്ത് അവർ ചേർന്നു പ്രവർത്തിക്കുകയും ചെയ്തിരുന്നു. പൊതുവേ മുസ്ലിം ലീഗ് അനുഭാവികളല്ലാത്ത സമുദായാംഗങ്ങളുടെ പോലും വോട്ട് ലഭിച്ചു കൊണ്ടു തന്നെയാണ് അവർക്ക് ഇത്ര വലിയ തെരഞ്ഞെടുപ്പു വിജയം സാധ്യമായതും.
പക്ഷേ, ഭരണത്തിലെത്തി ഒരു മാസത്തിനകം ഈ സർക്കാരിൻ്റെയും ഭരണാധികാരികളുടെയും നിലപാടുകൾ ജനാധിപത്യ വിശ്വാസികളെ വല്ലാതെ അങ്കലാപ്പിലാക്കുന്നതാണ്.നിരന്തരം സ്ഥാനത്തും അസ്ഥാനത്തും മുസ്ലിം സമുദായത്തെ അവഹേളിക്കുകയും ക്രിമിനൽവൽക്കരിക്കുകയും ചെയ്തുകൊണ്ടിരുന്ന വെള്ളാപ്പള്ളി നടേശനുമായും എൻഡിഎ സഖ്യ കക്ഷിനേതാവായ മകൻ തുഷാർ വെള്ളാപ്പള്ളിയുമായും മന്ത്രിമാർ പങ്കിടുന്ന ഊഷ്മള സൗഹൃദ ക്കാഴ്ചകൾ മതേരര ജനാധിപത്യ വാദികളെ അസ്വസ്ഥമാക്കുന്നതാണ്. വെള്ളാപ്പള്ളിയെ ചെന്നു കണ്ട് അനുഗ്രഹം വാങ്ങുന്ന, തുല്യ പ്രാതിനിധ്യ പ്രസ്ഥാന പ്രവർത്തകരായ വനിതകൾ അഭിമാനത്തോടെ നോക്കിക്കണ്ട മന്ത്രി ബിന്ദുകൃഷ്ണയുടെ നിലപാട് ഞെട്ടിക്കുന്നതും.മുസ്ലിം ലീഗ് പ്രതിനിധികളുടെ ഇക്കാര്യത്തിലുള്ള മൗനവും അമ്പരപ്പിക്കുന്നതാണ്. അധികാരത്തിലേക്ക് എത്തുക എന്നതിലപ്പുറമുള്ള ലക്ഷ്യമൊന്നും അവർക്കില്ലായിരുന്നു എന്നാണോ ഊഹിക്കേണ്ടത്?
സാമുദായിക നേതൃത്വങ്ങൾ ആ സമുദായാംഗങ്ങളെയൊന്നും മൊത്തത്തിൽ പ്രതിനിധീകരിക്കുന്നവരല്ല എന്ന സത്യം രാഷ്ട്രീയക്കാർ മനസ്സിലാക്കുന്നത് ഇനിയെപ്പോഴാണ് എന്നു ഞങ്ങൾ അത്ഭുതപ്പെടുന്നു. പ്രത്യേകിച്ച്, സംശയകരമായ രാഷ്ട്രീയ ചായ്വ് പ്രകടമാക്കുന്ന സാമുദായിക നേതാക്കളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളോരോന്നും ഏതു സർക്കാരിൻ്റെയും വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നുണ്ട്. ഏതു വർഗീയ ഫാസിസത്തെ ചൂണ്ടിക്കാണിച്ച് ജനങ്ങളുടെ വോട്ടു നേടിയോ അതിനു കടകവിരുദ്ധമാകുന്ന സമീപനങ്ങൾ ഭരണകക്ഷിയിൽ നിന്നുണ്ടാകുന്നതിനെ അപലപിക്കാതിരിക്കുക വേക് അപ് കേരളമെന്ന കൂട്ടായ്മയ്ക്ക് സ്വീകരിക്കാവുന്ന നയമല്ല. ഭരണ പക്ഷത്തിൻ്റെ സർഗാത്മക പ്രതിപക്ഷമായിരിക്കുക എന്ന ദൗത്യം നിറവേറ്റേണ്ട ഞങ്ങൾ ഒറ്റസ്വരത്തിൽ പറയാനാഗ്രഹിക്കുന്നതിതാണ്.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ജനങ്ങളോടാണ് പ്രാഥമികമായ ഉത്തരവാദിത്തം. ജനവിരുദ്ധ ആശയങ്ങൾ പുലർത്തുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന സാമുദായിക നേതാക്കളെ പ്രീണിപ്പിച്ചു കൂടെ നിർത്താനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കുക. ജനങ്ങളോടൊപ്പം നിൽക്കുക. ജനാധിപത്യത്തോടൊപ്പം നിൽക്കുക. അല്ലെങ്കിൽ നിങ്ങളും ജനങ്ങളാൽ വിചാരണ ചെയ്യപ്പെടും.





