വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി സംസ്ഥാന സർക്കാരിൻറെ ആദ്യ നാഴിക കല്ലുകൾ പലതലങ്ങളിലും തരങ്ങളിലും അടയാളപ്പെടുത്തി വരികയാണ്. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കാലത്തേക്കും ആ സമയത്ത് നിർണായകമായി ഉയർന്നുവന്ന ഘടകങ്ങളെ പറ്റിയും അവ എങ്ങനെ കേരളത്തിൻറെ സമകാലിക- ഭാവി രാഷ്ട്രീയ സംഭവവികാസങ്ങളെ സ്വാധീനിക്കും എന്നും പരിശോധിക്കുകയാണ് ഈ ലേഖന പരമ്പരയുടെ ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിനേ സ്വാധീനിച്ച രാഷ്ട്രീയ ഘടകങ്ങളും , അവയിൽ തന്നെ സവിശേഷമായി നേതാക്കളുടെ വ്യക്തിപരമായ നിലപാടുകളും ഇടപെടലുകളും എന്ത് തരം ശക്തി ദൗർബല്യങ്ങൾ പ്രതിഫലിപ്പിച്ചു എന്നും പരിശോധിക്കുന്നതിനോടൊപ്പം ഇവ എങ്ങനെ കേരളത്തിൻറെ ഇപ്പോഴത്തെ രാഷ്ട്രീയ സാമൂഹിക സ്ഥിതിവിശേഷത്തെയും ഭാവി ഗതി വിഗതികളെയും രൂപപ്പെടുത്തും എന്ന് ഉറക്കെ ചിന്തിക്കുക കൂടിയാണ് ഈ ലേഖനങ്ങൾ.
നാല് ഭാഗങ്ങളായുള്ള ഈ ലേഖന പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് വി ഡി സതീശൻ, പിണറായി വിജയൻ, സാദിക്കലി ശിഹാബ് തങ്ങൾ, ഗോവിന്ദൻ മാഷ്, വെള്ളാപ്പള്ളി നടേശൻ, പി മുജീബ് റഹ്മാൻ, രാജീവ് ചന്ദ്രശേഖർ, സാബു ജേക്കബ് എന്നീ നേതാക്കളെയാണ്. ആദ്യ ഭാഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും, പ്രതിപക്ഷ നേതാവ് പിണറായി വിജയനും.
നിസ്സംശയം തിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ഒരു ഘടകം മുൻനിര നേതാക്കളിൽ ചിലരുടെ നയപരമായ ജയപരാജയങ്ങൾ തന്നെയാണ്. യുഡിഎഫ് വിജയിച്ച ഈ തിരഞ്ഞെടുപ്പിൽ, സൂക്ഷ്മമായി പരിശോധിച്ചാൽ, വേറെ പലരും ജയിച്ചിട്ടുണ്ട് എന്നത് പോലെ, എൽഡിഎഫ് മാത്രമല്ല തോറ്റതെന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അത്തരം വിജയപരാജയങ്ങളുടെ കാരണഭൂതന്മാരിലൂടെ ഒന്ന് കണ്ണോടിക്കുകയാണ് ഇവിടെ. ഈ നേതാക്കൾ തമ്മിലുള്ള ഒരു താരതമ്യ പഠനമല്ല ഈ ലേഖന പരമ്പരയിലൂടെ ഉദ്ദേശിക്കുന്നത് എന്ന് ആദ്യമേ അടിവരയിടുകയാണ്. തിരഞ്ഞെടുപ്പിലെയും തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ നീക്കങ്ങളിലെയും ഏറ്റവും വലിയ വിജയി എന്ന് പൊതുവെ കരുതപ്പെടുന്ന മുഖ്യമന്ത്രി വി ഡി സതീശനിൽ നിന്നു തന്നെ ആരംഭിക്കാം.
വി.ഡി സതീശൻ
മുഖ്യമന്ത്രി സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫ് സർക്കാർ നിലവിൽ വന്നിട്ട് രണ്ടു മാസമാകാൻ പോകുന്നു. പത്ത് വർഷത്തെ ഇടതുപക്ഷ ഭരണത്തിന് വിരാമമിട്ടു കൊണ്ടാണ് വൻഭൂരിപക്ഷത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു സർക്കാർ നിലവിൽ വന്നത്. 2021ൽ യുഡിഎഫ് തുടർച്ചയായ പരാജയത്തെ നേരിട്ടപ്പോൾ, ധൈര്യപൂർവ്വം ആ മുന്നണിയുടെ നേതൃത്വം ഏറ്റെടുത്ത ശേഷം, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഭരണപക്ഷത്തെ ഒരു നിമിഷം പോലും സമാധാനത്തോടെ ഇരിക്കാൻ സതീശൻ സമ്മതിച്ചിട്ടില്ല എന്നത് തന്നെയാണ് ഒരു നേതാവ് എന്ന നിലയിലുള്ള വിജയം. പറയുന്ന കാര്യങ്ങളെ ശക്തമായി പിന്തുണക്കുന്ന വസ്തുതകളും കണക്കുകളുമായി എപ്പോഴും തയ്യാറെടുപ്പുകളോടെ വന്നിരുന്ന സതീശനിൽ ഒരു നല്ല സാമാജികനുള്ള എല്ലാ ഗുണങ്ങളും ഉണ്ടാക്കിയെടുക്കാൻ പ്രതിപക്ഷ വാസം സഹായിച്ചു എന്ന് വേണം കരുതാൻ. പ്രതിപക്ഷ നിരയിൽ പലരേക്കാളും ജൂനിയർ ആയിരിന്നിട്ടു കൂടി കോൺഗ്രസിന്റെ ഉൾപ്പാർട്ടി രാഷ്ട്രീയ കളികൾ നന്നായി കൈകാര്യം ചെയ്യാൻ സതീശന് സാധിച്ചു. അതിനേക്കാൾ ഉപരി, തന്നെക്കാൾ രാഷ്ട്രീയ പരിചയമുള്ള എല്ലാ ഘടക കക്ഷി നേതാക്കളെയും തനിക്കൊപ്പം നിറുത്താൻ സാധിച്ചു എന്നത് സതീശന്റെ രഷ്ട്രീയവും, വ്യക്തിഗതവുമായ വിജയങ്ങൾക്ക് സഹായിച്ച ഘടകമായി എന്ന് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് നമുക്ക് കാണിച്ചു തന്നു.

എടുത്തു പറയേണ്ട ഒരു കാര്യം, മുൻപ് ഭരണത്തിൽ, അതായത് മന്ത്രിയായോ മറ്റേതെങ്കിലും ഭരണ പദവിയിലോ ഇരുന്നിട്ടില്ലാത്തത് കൊണ്ട്, എതിരാളികൾക്ക് ഉന്നയിക്കാൻ ഒരു ആരോപണവും സതീശന്റെ പേരിൽ ഉണ്ടായിരുന്നില്ല എന്നതാണ്. അതുകൊണ്ടു തന്നെ, രാഷ്ട്രീയ വാഗ്വാദങ്ങളിൽ മിക്ക നേതാക്കളുടെയും പോലെ ന്യായീകരണങ്ങൾക്ക് സമയം നഷ്ടപ്പെടുത്തേണ്ട കാര്യം ഈ നേതാവിന് ഉണ്ടായില്ല. ക്ലീൻ ഇമേജ് ഉള്ള നേതാവ് എന്ന നിലക്ക് അതിനാൽ ജനങ്ങൾ തുടക്കത്തിൽ തന്നെ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശനെ പ്രതിഷ്ഠിച്ചു. സാംസ്കാരിക, മത നേതാക്കളുടെ ചൊൽപ്പടിക്ക് നിൽക്കാൻ തനിക്കു സമയമില്ല എന്ന പ്രസ്താവനകൾ ജനങ്ങൾക്കിടയിൽ മതിപ്പ് വർദ്ധിപ്പിക്കുകയാണുണ്ടായത്. ആ പ്രസ്താവനകൾക്ക് സതീശന്റെ അതേ നിലക്കുള്ള പ്രവർത്തനത്തിന്റെ പിൻബലം കൂടിയുണ്ടായിരുന്നു എന്ന് കൂടി ഓർക്കണം. രാഹുൽഗാന്ധി ഉയർത്തിപ്പിടിച്ച ഫാസിസ്റ്റ് വിരോധവും, ന്യൂനപക്ഷളുടെ സംരക്ഷണവും കോൺഗ്രസിന്റെ ചുമതലയാണ് എന്ന നയത്തിൽ വെള്ളം ചേർക്കാൻ സതീശൻ ഒരിക്കൽ പോലും മുതിർന്നില്ല എന്ന് മാത്രമല്ല, അവസരവാദ രാഷ്ട്രീയ പ്രവർത്തനത്തിനു താനില്ല എന്നും ഉറക്കെ പറഞ്ഞു. ഉത്തരേന്ത്യയിൽ ചിലപ്പോൾ തിരിച്ചടിച്ചേക്കുമായിരുന്ന ഈ രീതികൾ പക്ഷെ കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്താണ് സതീശന്റെ വിജയം ഉറപ്പാക്കിയത്.
നൂറിന് മുകളിൽ സീറ്റുകളിലേക്ക് വിജയം വളർന്നപ്പോൾ, കോൺഗ്രസ്സ് പാർട്ടിയുടെ കാലാകാലങ്ങളായുള്ള പതിവ് പോലെ നിരവധി പേരാണ് മുഖ്യമന്ത്രി കസേരക്ക് വേണ്ടി അവകാശമുന്നയിച്ചത്. പാർട്ടി ഫണ്ട് ഇറക്കിയതിന്റെയും, പണ്ട് ചെയ്ത ത്യാഗത്തിന്റെയും കണക്കുകൾ പറഞ്ഞു മാത്രമല്ല അവകാശവാദികൾ ഇറങ്ങി പുറപ്പെട്ടത്. എല്ലാവർക്കും സമ്മതമാണെങ്കിൽ തർക്കം ഒഴിവാക്കാൻ ഒരു നിഷ്പക്ഷ മുഖ്യനാകാനും തയ്യാറാണെന്ന് പറഞ്ഞു ആളുകൾ മുന്നോട്ട് വന്നിരുന്നത്രെ! എന്തായാലും, മുന്നിൽ നിന്ന് നയിച്ചും, തൻ്റെ ഭാവി തന്നെ പണയം വച്ചും ജനങ്ങളിലേക്കു ആവേശമായി പടർന്നതിന്റെ ഫലമായി, സതീശൻ തന്നെ മുഖ്യനായി. പക്ഷെ സതീശന്റെ പാർട്ടി കോൺഗ്രസ് ആയത് കൊണ്ട് ഇപ്പോഴുള്ള കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ എപ്പോഴും ഉണ്ടാകണം എന്നില്ല. കേരളത്തിലെ പാർട്ടിയുടെ ഗ്രൂപ്പ് നിലകൾ മാറിമറിയുന്നതിന് അനുസരിച്ചു അവരുടെ നിലപാടുകളും മാറുമെന്ന് സതീശന് നന്നായി അറിയാം. അത് കൊണ്ട് തന്നെ, മുഖ്യമന്ത്രി ആയത് കൊണ്ട് ഇനി രാഷ്ട്രീയ ഭാവി ഭദ്രമായി എന്ന് കരുതാൻ വയ്യ. ഇനിയങ്ങോട്ടുള്ള യാത്രകളിൽ എതിർപ്പുകൾ കൂടുതലായി ഉണ്ടാകുകയേയുള്ളു.
ഒരു തലമുറ കൈമാറ്റം ഏത് നിമിഷവും ഉണ്ടായേക്കും എന്ന് കരുതുന്ന എൽഡിഎഫിൽ നിന്നുള്ള എതിർപ്പുകളെയും സതീശൻ കരുതിയിരിക്കണം. മാർക്സിസ്റ്റ് പാർട്ടിയുടെ പുതുനിര നേതാക്കൾ വന്നാൽ, അണികളെയും അവരുടെ തന്നെ നേതൃത്വത്തെയും പറഞ്ഞു ഫലിപ്പിക്കാൻ ചെയ്യേണ്ട അത്യാവശ്യ ഘട്ടങ്ങളിൽ ഒന്നാണ് ഭരണവിരുദ്ധ സമരങ്ങൾ. ഇതിനായി സർക്കാരിന്റെ വീഴ്ചകളെ ഉറ്റുനോക്കിയിരിക്കുകയാണ് അവർ എന്ന് സതീശനറിയാം. അത്തരം പ്രവർത്തികളെ മുഖ്യമന്ത്രി എങ്ങനെ പ്രതിരോധിക്കുന്നു എന്ന് സ്വന്തം പാർട്ടിക്കാരും ഇഴകീറി പരിശോധിക്കും എന്ന് ‘ഉൾപാർട്ടി ജനാധിപത്യത്തെ’ കുറിച്ച് നല്ല ബോധ്യമുള്ള സതീശൻ ഓർത്തിരിക്കുന്നത് നന്ന്.

കോൺഗ്രസ്സ് മുക്ത് ഭാരത് സ്വപ്നം കണ്ടും, അതിനായി കച്ചവടങ്ങൾ നടത്താനുള്ള ഒരു ശ്രമവും ഒഴിവാക്കാതെ ഒരു പാർട്ടിയാണ് കേന്ദ്രം ഭരിക്കുന്നത്. വലിയ തോതിലുള്ള സാമ്പത്തിക അപര്യാപ്തതകളിലൂടെ കടന്നു പോകുന്ന കേരള സർക്കാരിന്റെ തലവൻ എന്ന നിലക്ക്, ഡൽഹിയിലുള്ള ബിജെപി സർക്കാരിന്റെ എല്ലാ നിലപാടുകളെയും പാടെ എതിർത്ത് നിൽക്കാൻ ഇന്നത്തെ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് കഴിയില്ല എന്നതാണ് മറ്റൊരു പ്രശ്നം. കോൺഗ്രസ്സ്, യുഡിഎഫ് നയങ്ങളിൽ ഉറച്ചു നിന്ന് കൊണ്ട്, കേന്ദ്ര സർക്കാരിനെ ഔദ്യോഗികമായി എങ്ങനെ കൈകാര്യം ചെയ്യും എന്നത് സതീശനെ സംബന്ധിച്ചുള്ള ഒരു പ്രധാന പ്രശ്നം തന്നെയാണ്. അത് പോലെ തന്നെയാണ്, ഇത്രകാലം ഉയർത്തിപ്പിടിച്ചിരുന്ന പരിസ്ഥിതി നയങ്ങളിൽ നിന്ന് പിന്മാറാതെ സംസ്ഥാനത്തിന് വേണ്ടി പുതിയ പദ്ധതികൾ കൊണ്ട് വരേണ്ട കടമയും. ഇത്തരം തടസ്സങ്ങളെ മറികടന്നു പോകേണ്ട ഭാവി നാൾവഴികളെ കുറിച്ച് ചിന്തിക്കുമ്പോൾ, ഇപ്പോൾ നേടിയിരിക്കുന്നു വിജയങ്ങൾ, ഡബിൾ ഡിഗ്രിയും, ഡബിൾ പോസ്റ്റ് ഗ്രാജുവേഷനുമുള്ള ഈ പറവൂർക്കാരന് അധികം ആഘോഷിക്കാൻ കഴിയും എന്ന് തോന്നുന്നില്ല.
പിണറായി വിജയൻ
രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒന്നിന് പിറകെ ഒന്നായി വിജയിച്ചു കയറിയ സിപിഎമ്മിന്റെ ക്യാപ്റ്റൻ എന്ന നിലക്ക് പിണറായി വിജയൻ പാർട്ടിയിൽ മുന്നത്തേക്കാൾ ശക്തനായിട്ടാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. പാർട്ടിക്കുള്ളിൽ നിന്ന് 2016ലെ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നത്ര എതിർപ്പുകൾ 2021ൽ ഉണ്ടായില്ല എന്നത് കൊണ്ടും, രണ്ടാമത്തെ തവണ കൂടി മുഖ്യനായപ്പോൾ, കമ്മ്യൂണിസ്റ്റ് നയങ്ങൾക്ക് വിരുദ്ധമായി പിണറായി പാർട്ടിയേക്കാൾ ലേശം വലുതായി എന്നും ഇടതുപക്ഷ രാഷ്ട്രീയം നോക്കിക്കാണുന്ന ആർക്കും മനസ്സിലാകും. ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ എൽഡിഎഫ് അല്ലാതെ ആര് എന്ന ചോദ്യത്തിന്, പിണറായി അല്ലാതെ വേറെയാരെന്ന ധ്വനിയുണ്ടാക്കാൻ സഖാവിന്റെ പടം ഉൾപ്പെടുത്തി നാട് നീളെ ഉയത്തിയ ഫ്ലെക്സുകൾ മാത്രമല്ല കാരണം.

പ്രളയം, കോവിഡ് തുടങ്ങിയ ദുരന്തനാളുകളിൽ സംസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ച മുഖ്യമന്ത്രി എന്ന നിലക്ക് കേരള ജനത അംഗീകരിച്ച നേതാവ് എന്ന നിലയിൽ നിന്ന്, വെറും 35 സീറ്റിലേക്ക് എൽഡിഎഫിനെ ഒതുക്കിയ നേതാവായി മാറിയതിന്റെ ഉത്തരവാദിത്വം പിണറായിക്ക് മാത്രമാണ്. അങ്ങനെ പറയുമ്പോൾ, പാർട്ടിക്ക് ഒരു ഉത്തരവാദിത്വവുമില്ല എന്നല്ല, പാർട്ടി മെഷിനറി മൊത്തമായി, പിണറായിയെ വാഴ്ത്തപ്പെട്ടവനായി ഉയർത്തി കാട്ടിയതിന് വില കൊടുക്കേണ്ടി വന്നു. സർക്കാരിന്റെ ചുമതലകൾ, ജനപ്രിയ നടപടികൾ, സാമൂഹികക്ഷേമ പെൻഷൻ തുടങ്ങിയവ ഇടതുപക്ഷ സർക്കാരിന്റെ ഔദാര്യമായി ഉയർത്തിക്കാട്ടിയതായി ജനങ്ങൾക്ക് തോന്നിയപ്പോൾ, അവർക്കു ആ മുന്നണിയെയും നേതാവിനെയും അംഗീകരിക്കാം ബുദ്ധിമുട്ടായി. ഇത് തിരിച്ചറിഞ്ഞു, തിരുത്തലുകൾക്ക് മുതിർന്ന നേതാക്കൾക്ക് സ്വരമില്ലാതായി എന്നതാണ് സത്യം. മുകളിലുള്ളവർക്കു ഉണ്ടായ ധാർഷ്ട്യം എന്ന ഇമേജ് കീഴ്ഘടകങ്ങൾ നടപ്പിലാക്കി എന്നതാണ് കഷ്ടം.
കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനം, കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് വിരുദ്ധമായ വ്യക്തി കേന്ദ്രീകത പ്രചാരണ പരിപാടികൾ, മക്കൾ സ്നേഹം, പൊതുയിടങ്ങളിൽ വച്ചുള്ള അഹന്തയോടുള്ള പെരുമാറ്റം എന്നിവ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് പോകുമ്പോൾ, ഒരു നിയന്ത്രണം കൊണ്ട് വന്നു ഒരടി പിന്നോട്ട് വയ്ക്കണം എന്ന് നിർദ്ദേശിക്കാൻ പോരുന്ന ഒരു കേന്ദ്ര നേതൃത്വം ഇല്ലാതിരുന്നതും തിരിച്ചടിയായി. ഒട്ടനവധി നല്ല കാര്യങ്ങൾ ചെയ്ത സർക്കാർ എന്ന നിലക്ക് മൂന്നാം ഊഴം സിപിഎമ്മിന് സാധ്യമായ ഒന്നായിരുന്നു. പക്ഷെ മുൻപേ ഗമിക്കും ഗോവു തൻ്റെ പിൻപേ ഗമിക്കും ബഹു ഗോക്കളെല്ലാം എന്ന് പറഞ്ഞ പോലെ, ക്യാപ്റ്റന്റെ ശൈലി പിന്തുടർന്ന് മറ്റ് നേതാക്കളും ജനവികാരത്തെ പുച്ഛത്തോടെ തള്ളിയപ്പോൾ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നായി. സുഹൃത്തായ വെള്ളാപ്പള്ളിയുടെ ജല്പനങ്ങളിലൂടെ എതിരായ ന്യൂനപക്ഷങ്ങളെ, ഒപ്പം നിറുത്താൻ ശ്രമിക്കാതെ, അവരെ വീണ്ടും പ്രകോപിച്ചപ്പോൾ, വീഴ്ചയുടെ വലിപ്പം വലുതായി. കേരള സമൂഹം ഒരേ മുന്നണിക്ക് വീണ്ടും വീണ്ടും അവസരം നൽകാത്തത് ഇത്തരം നേതാക്കളെ കൊണ്ടാണ്. 2021ൽ പറ്റിയ തെറ്റിന്, ഇത്തവണ കണക്കു പറഞ്ഞു ജനം തിരുത്തിയതിന്റെ മുഴുവൻ ഉത്തരവാദിത്വവും പിണറായിക്ക് മാത്രമാണ്. പാർട്ടി വിരുദ്ധർ എന്ന മേൽവിലാസം ചാർത്തിക്കൊടുത്ത മൂന്ന് പേർ വിജയിച്ചതും, പിണറായി ഡി ഫാക്ടോ നേതാവായ സംസ്ഥാന നേതൃത്വത്തിന് വലിയ തിരിച്ചടിയായി.

മത്സരിച്ചത് തികച്ചും എതിരായ വ്യക്തിത്വമുള്ള ഒരാളോടായി എന്നതും പിണറായി വിജയന് തിരിച്ചടിയായി. ജനങ്ങളോട് അടുത്തിടപഴകുന്ന സതീശന്റെഎ മുന്നിൽ, മൈക്കിനോടും, മൈക്കുകാരനോടും ദേഷ്യപ്പെടുന്ന, കറുപ്പ് കണ്ടാൽ ഹാലിളകുന്ന, പോലീസിന്റെ അന്യായ അക്രമങ്ങളെ രക്ഷാപ്രവർത്തനം എന്ന് വിളിച്ചു ജനങ്ങളെ കളിയാക്കുന്ന പിണറായിക്ക് തൂക്കം കുറഞ്ഞത് സ്വാഭാവികം മാത്രം. എന്തിനധികം പറയുന്നു, ഒപ്പം നിന്ന് സെൽഫിയെടുക്കാൻ ആഗ്രഹിക്കുന്ന സ്വന്തം പാർട്ടി പ്രവർത്തകരെ പോലും തള്ളിമാറ്റുന്ന മുഖ്യമന്ത്രി മെല്ലെ അണികളിൽ നിന്നും, അനുകൂലികളിൽ നിന്നും അകന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു മാസത്തിലേറെ സമയമെടുത്ത് നടത്തിയ നവകേരള സദസ് ബസ്സ് യാത്രക്കിടെ ഭക്ഷണം കഴിക്കാൻ മുതലാളിമാരുടെ മണിമാളികൾ തിരഞ്ഞെടുത്തത് കമ്മ്യൂണിസ്റ്റ് മനസ്സുകളെ പോലും മടുപ്പിച്ചു.
തിരഞ്ഞെടുപ്പ് കഴിഞ്ഞു ബേബി സഖാവൊക്കെ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന പോലുള്ള ഒരു ഫ്രീ പാസ്സ് ഇനി കണ്ണൂർ ലോബിക്ക് കിട്ടുമോ എന്ന് കണ്ടറിയണം. ഇപ്പോൾ വരുന്ന വാർത്തകളിൽ, മുതിർന്ന നേതാക്കൾ തമ്മിൽ തന്നെ അഭിപ്രായ വ്യത്യാസം ഉള്ളതായി കാണുന്നുണ്ട്. പല ജില്ലാ കമ്മിറ്റികളിലും പ്രതിഷേധ സ്വരങ്ങൾ ഉയർന്നു തുടങ്ങി. നിയമസഭയ്ക്കുള്ളിൽ, പ്രതിപക്ഷ നേതാവെന്ന നിലയിൽ, പിണറായിക്ക് പ്രതിപക്ഷ പ്രകടനത്തെ ഏകോപിപ്പിക്കാൻ സാധിക്കുന്നില്ല. സിപിഐ നേരത്തെ തന്നെ പിണറായിയെ നേതാവാക്കുന്നതിന് എതിരെ സംസാരിച്ചതാണ്.

അടുത്ത തിരഞ്ഞെടുപ്പിൽ എന്തായാലും ഒരു മാറ്റം ഉണ്ടാകുമെന്നു തന്നെയാണ് സഖാക്കൾ പറഞ്ഞു തുടങ്ങിയിട്ടുള്ളത്. പിണറായി വിജയൻ ഇപ്പോൾ ഒരു ട്രാൻസിഷൻ പീരിയഡിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. മകളുടെ കേസിൽ പാർട്ടിക്ക് ഇടപെട്ടുണ്ടായ അബദ്ധം ഇനി ഉണ്ടാകാൻ സാധ്യതയില്ല. വ്യക്തമായി പറഞ്ഞാൽ, പാർട്ടി ആ കേസ് വിട്ടു. എങ്കിലും തൻ്റെ തന്നെ അനുയായികളുടെ കൈയ്യിൽ തന്നെ പാർട്ടി നിൽക്കണം എന്ന ചിന്തയിലാണ് കെ കെ രാഗേഷിനെ പോലുള്ള നേതാക്കളെ, ജന പിന്തുണ ഇല്ലാത്തവരായിട്ടു കൂടി, മുന്നോട്ട് കൊണ്ട് വരുന്നത്. പക്ഷെ അവർക്കൊക്കെ പഴയ കണ്ണൂർ നേതാക്കളിൽ നിന്ന് തന്നെ എതിർപ്പ് വരുന്നുണ്ട്. കൂടാതെ, ബേബി സഖാവിന് ഇത്തരം രാഷ്ട്രീയത്തോട് തീരെ താൽപ്പര്യമില്ല താനും.
കേരള രാഷ്ട്രീയ രാഷ്ട്രീയ രംഗത്ത് അഭിവാജ്യഘടകമായി നിന്നിരുന്ന നേതാവിന് കാലാടിസ്ഥാനത്തിലുള്ള ഒരു തിരിച്ചറിവ് സ്വയം ഉണ്ടാകണം. സർക്കാർ പ്രവർത്തനങ്ങളെ ഓഡിറ്റ് ചെയ്യാനും, എൽഡിഎഫ് മുന്നണിയെ മുന്നിൽ നിന്ന് നയിക്കാനും ഒരു പുതിയ നേതാവ് ഉണ്ടാകേണ്ടത് കേരള സമൂഹത്തിന്റെ ആവശ്യമാണ്. ഉടൻ തന്നെ ഈ പരിവർത്തനകാലത്തിന് യുക്തിസഹമായ പര്യവസാനം ഉണ്ടായില്ലെങ്കിൽ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യനായി പിണറായി മാറും എന്നുറപ്പാണ്. ഇടതുപക്ഷം ഒഴിച്ചിടുന്ന ശൂന്യസ്ഥലത്ത് കയറിക്കൂടാൻ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികൾ എല്ലാ തയ്യാറെടുപ്പും നടത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ് എന്ന് സഖാവ് ഓർക്കേണ്ടത് കൂടിയുണ്ട്.





