A Unique Multilingual Media Platform

Articles Kerala Literature Obituary

‘മാംസള’ പ്രതിരോധങ്ങള്‍

  • July 24, 2026
  • 4 min read
‘മാംസള’ പ്രതിരോധങ്ങള്‍

(ആമുഖ ചിത്രം: റാഷ്, പ്രമുഖ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ സി.പി സുരേന്ദ്രനോടൊപ്പം ലേഖകൻ്റെ വീട്ടിലെത്തിയ വേളയിലെ ചിത്രം)

 

ചോരയുടെയും പ്രണയത്തിന്റെയും രാഷ്ട്രീയ കാവ്യം

തനതായ ഒരു ഭാഷയും സവിശേഷമായ ഒരു ലോകവീക്ഷണവും കൊണ്ട് എപ്പോഴും വ്യത്യസ്തമായും സൂക്ഷ്മമായും എഴുതിയ അപൂര്‍വ്വതയുളള ഒരു എഴുത്തുകാരനായിരുന്നു റാഷ് എന്ന രവിശങ്കർ എൻ. അയാള്‍ തന്റെ പ്രണയ, രാഷ്ട്രീയ രചനകളിലൂടെ നമുക്കിടയിലെ സദാചാരത്തിന്റെ കപടാവരണങ്ങളെയും ഹിപ്പോക്രിസിയുടെ മതില്‍ക്കെട്ടുകളെയും നിരന്തരം ഭേദിക്കുകയും അല്പം കുസൃതിയോടെ ചിരിക്കുകയും ചെയ്തു. പക്ഷേ അപ്പോഴും ആചിരിയിലൊളിച്ചു വെച്ച കറുത്ത ഹാസ്യത്തിന്റെ ആഘാതം നമുക്ക് പെട്ടെന്ന് താങ്ങാവുന്നതായിരുന്നില്ല എന്നതല്ലേ വാസ്തവം..?!

രവി ശങ്കർ (റാഷ്) ലേഖകന് സമ്മാനിച്ച ആത്മകഥ

ദ്വിഭാഷാ എഴുത്തുകാരൻ എന്ന നിലയിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി അദ്ദേഹം നടത്തിയ -കവിതയിലും വിവര്‍ത്തനത്തിലും നടത്തിയ- സാഹിതീയ ഇടപെടലുകൾ, ആധുനിക കേരളീയ സാംസ്കാരിക പരിസരത്തെ ആഴത്തിൽ അടയാളപ്പെടുത്തുന്നവ കൂടിയായി മാറിയിട്ടുണ്ടെന്ന് പറയാം. ഒരു വശത്ത് ഇംഗ്ലീഷ് കവിതകളിലൂടെയും വിവർത്തനങ്ങളിലൂടെയും ആഗോളതലത്തിൽ സംവദിക്കുമ്പോൾ തന്നെ, മലയാളത്തിൽ ഉളള എഴുത്തുദ്യമങ്ങള്‍, ഒരേ സമയം സാംസ്കാരിക വിമർശനങ്ങളായം ആഴത്തിലുള്ള രാഷ്ട്രീയ ബോധമായും മലയാളി സത്വത്തെക്കുറിച്ചുള്ള സൂക്ഷ്മമായ ആലോചനകളായും പരിണമിക്കുന്നവയാണ്. പ്രണയത്തിന്റെ തീക്ഷ്ണലോകത്തിനപ്പുറം ആഗോളവൽക്കരണ കാലത്തെ മനുഷ്യന്റെ അന്യവൽക്കരണം, കുടിയേറ്റം, പ്രാന്തവൽക്കരിക്കപ്പെട്ടവരുടെ ജീവിതം, സാംസ്കാരികമായ സ്വത്വപ്രതിസന്ധികൾ എന്നിവയെല്ലാം റാഷിന്റെ എഴുത്തിന്റെ ഭാഗമായിത്തീര്‍ന്നു എന്നു പറയാം. സൂക്ഷ്മാര്‍ഥത്തില്‍, റാഷിന്റെ ശ്രദ്ദേയമായ ഒരു പ്രമേയം എന്നത് വേരറ്റവന്റെ അഥവാ പ്രവാസിയുടെ ആത്മസംഘർഷങ്ങളാണ്. ആധുനിക നഗരജീവിതത്തിന്റെ മടുപ്പും ഒറ്റപ്പെടലും അവിടെ കാണാം. സ്വന്തം നാട്ടിൽ ജീവിക്കുമ്പോൾ പോലും അനുഭവപ്പെടുന്ന ഒരു തരം അന്യവൽക്കരണം റാഷിന്റെ ചിന്തകളെ സ്വാധീനിക്കുന്നുണ്ട്. തന്റെ ആഗോള ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണ് അദ്ദേഹം കേരളത്തിലെ സാമൂഹിക മാറ്റങ്ങളെ വിലയിരുത്തിയത് എന്നു വേണം മനസ്സിലാക്കാന്‍. ഈ സാംസ്കാരികമായ അന്യത്വത്തെയും സ്ഥാനഭ്രംശത്തെയും (Displacement) കുറിച്ച് തന്റെ Exile എന്ന ഇംഗ്ലീഷ് കവിതയിൽ റാഷ് ഇങ്ങനെ കുറിക്കുന്നു:

“There’s nowhere else I’d rather not be than here,

But here I am nonetheless, dispossessed,

Though not quite, because I never owned

What’s been taken from me, never have belonged

In and to a place, a people, a common history.”

ഈ വരികളിൽ പ്രകടമാകുന്ന സാംസ്കാരികവും ചരിത്രപരവുമായ ശൂന്യത , അതേ തീവ്രതയോടെ റാഷിന്റെ മലയാള രചനകളിലും സജീവമായി നിഴലിക്കുന്നുണ്ട്. ഒരു തദ്ദേശീയന്റെ സങ്കുചിത ചിന്തകൾക്കപ്പുറം, പുറത്തുനിന്ന് നോക്കുന്ന ഒരു നിരീക്ഷകന്റെ നിഷ്പക്ഷതയോടെയും നിസ്സംഗതയോടെയും ചിലപ്പോള്‍ വേദനയോടെയും അദ്ദേഹം മലയാള സാഹിത്യത്തെയും സമൂഹത്തെയും സമീപിക്കുന്നതായി തോന്നയിട്ടുണ്ട്. അതുകൊണ്ടുതന്നെ, മലയാളിയുടെ വ്യാജമായ അഭിമാനബോധങ്ങളെയും പ്രാദേശികമായ മുൻവിധികളെയും വളരെ ശക്തമായി ചോദ്യം ചെയ്യാൻ റാഷിന് അനായാസം കഴിഞ്ഞിട്ടുണ്ട്.

2015-ൽ പുറത്തിറക്കിയ ഇംഗ്ലീഷ് കവിതാസമാഹാരമായ Architecture of Flesh,ആധുനിക മനുഷ്യൻ അനുഭവിക്കുന്ന തീക്ഷ്ണമായ ഒറ്റപ്പെടലും ശരീരത്തെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയവും ഒത്തുചേരുന്ന ഒരു വ്യത്യസ്ത അനുഭവ മണ്ഡലം സൃഷ്ടിക്കുന്നു.

 

ശരീരത്തിന്റെ രാഷ്ട്രീയവല്‍ക്കരണം

കേവലം മാംസവും രക്തവുമടങ്ങിയ ഒരു ജൈവിക ഘടന എന്നതിനപ്പുറം, വ്യവസ്ഥിതിയും മൂലധനവും സദാചാരവും നിരന്തരം ഇടപെടുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ ഭൂമികയായിട്ടാണ് കവി ശരീരത്തെ ഇതിൽ അവതരിപ്പിക്കുന്നത്. മറ്റൊരര്‍ഥത്തില്‍, ‘റാഷ് കവിതകൾ’ ഭാഷാപരമായ അതിരുകളെ ലംഘിക്കുന്നവയും, മനുഷ്യശരീരത്തെയും അതിന്റെ ആന്തരിക ചോദനകളെയും രാഷ്ട്രീയ പ്രതിരോധത്തിന്റെ ആയുധമാക്കുന്നവയുമാണ്. തൊട്ടുമുമ്പ് സൂചിപ്പിച്ചതുപോലെ, ചരിത്രവും ഫാസിസവും ആഗ്രഹങ്ങളും അടിച്ചമർത്തലുകളും പരസ്പരം പോരാടുന്ന മാംസത്തിന്റെ വലിയ ഒരു വാസ്തുവിദ്യാ നിർമ്മിതിയായും, മാംസനിബദ്ധമായ ഒരു വാസ്തുവിദ്യാ നിര്‍മ്മിതിയായും ശരീരം നിലകൊള്ളുന്നു. ആധുനിക മനുഷ്യന്റെ അസ്തിത്വപ്രതിസന്ധികള്‍ മാത്രമല്ല അധികാരഘടനകളോടുള്ള കവിയുടെ രോഷവും ഈ കവിതകളിൽ കനലുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഇപ്രകാരം, വിപുലമായ അര്‍ഥത്തില്‍, Architecture of Flesh എന്ന സമാഹാരത്തിൽ റാഷ് രൂപപ്പെടുത്തുന്ന സുപ്രധാനമായ നിരീക്ഷണം, ശരീരത്തിന്റെ രാഷ്ട്രീയവൽക്കരണമാണ്. നവലിബറൽ കാലഘട്ടത്തിലും നവ-ഫാസിസ്റ്റ് വ്യവഹാരങ്ങളിലും ശരീരം എങ്ങനെയാണ് നിരീക്ഷണങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമാകുന്നത് എന്ന് ചൂണ്ടിക്കാണിക്കാന്‍ കവി ശ്രമിക്കുന്നു. ഇവിടെ മാംസം എന്നത് വെറുമൊരു ഭൗതികവസ്തുവായി അവസാനിക്കുന്നില്ല, മറിച്ച് അത് വേദനയുടെയും ലൈംഗികതയുടെയും പ്രതിരോധത്തിന്റെയും വിപ്ലവത്തിന്റെയും ഒരു സംയുക്ത നിർമ്മിതിയാണ് വിപുലപ്പെടുകയാണ്. കാരണം ശരീരത്തെ ഒരു നിർമ്മിതിയായി കാണുമ്പോൾ തന്നെ, അതിന്റെ നശ്വരതയെക്കുറിച്ചും ജീർണ്ണതയെക്കുറിച്ചുമുള്ള ആഴത്തിലുള്ള ബോധം കവി പങ്കുവെക്കുന്നുണ്ട് എന്ന് കാണാം. ഒരു കവിതയിൽ നമ്മള്‍ ഇങ്ങനെ വായിക്കുന്നു-

“The body is a transient scaffold,

built with the bricks of desire,

and bound by the fragile mortar of breath.”

ഈ വരികൾ മനുഷ്യ ജീവിതത്തിന്റെ ആത്യന്തികമായ അസ്ഥിരതയെ ഓര്‍മിപ്പിക്കുമ്പോള്‍ത്തന്നെ ആഗ്രഹങ്ങൾ എങ്ങനെയാണ് ആ ശരീരത്തെ താങ്ങിനിർത്തുന്നത് എന്ന് വെളിപ്പെടുത്തുക കൂടിയാണ്. കാരണം, അധികാരവർഗ്ഗം എപ്പോഴും ഭയപ്പെടുന്നത് ശരീരത്തിന്റെ/മാംസത്തിന്റെ വാസ്തുവിദ്യയെയാണെന്നും അതിനെ പൂർണ്ണമായും മെരുക്കിയെടുക്കാൻ ഒരു നിയമവ്യവസ്ഥയ്ക്കും സാധ്യമല്ലെന്നും എഴുത്തുകാരന് ഉത്തമബോധ്യമുണ്ട്. റാഷിന്റെ കവിതകൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കടുത്ത രാഷ്ട്രീയ പ്രഖ്യാപനങ്ങളായി മാറുന്നത് ഈ വിധത്തിലാണ്. അരാജകമായി ജീവിക്കുകയും (അങ്ങനെ നമുക്ക് തോന്നുകയും) രാഷ്ട്രീയമായി ചിന്തിക്കുകയും ചെയ്യുന്നതില്‍ത്തന്നെ കവിതയുടെ വേറിട്ട ഒരു സൗന്ദര്യശാസ്ത്രം ദര്‍ശിക്കാം. സമകാലിക ഇന്ത്യയിലെ സാംസ്കാരിക ഫാസിസം, ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റങ്ങൾ, നൈതികതയുടെ പേരിൽ നടക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ എന്നിവയോടുള്ള കടുത്ത അമർഷം അദ്ദേഹത്തിന്റെ വരികളിൽ കാണാം. മാംസം കഴിക്കുന്നതും മാംസം കൊണ്ടുനടക്കുന്നതും കുറ്റകൃത്യമായി മാറുന്ന ഒരു വ്യവസ്ഥിതിയെ കവി തന്റെ മൂർച്ചയുള്ള വാക്കുകളില്‍ വിചാരണ ചെയ്യുന്നു.

“They measure our patriotism

by the contents of our kitchen,

forgetting that hunger is the oldest language

spoken by the anatomy of the poor.”

ഭക്ഷണം എന്നത് ശരീരത്തിന്റെ പ്രാഥമിക ആവശ്യമാണ്. അതിലേക്ക് കടന്നുകയറുന്ന ഭരണകൂട യുക്തികളെ കവി ഇവിടെ നഗ്നമാക്കുന്നു. വിശപ്പ് എന്നത്, പാവപ്പെട്ടവന്റെ ശരീരശാസ്ത്രം സംസാരിക്കുന്ന ഏറ്റവും പഴയ ഭാഷയാണെന്ന നിരീക്ഷണം റാഷിന്റെ കവിതകൾക്ക് കൃത്യമായ ഒരു ദളിത്-ഉപവർഗ്ഗ (Subaltern) രാഷ്ട്രീയ പരിപ്രേക്ഷ്യം നൽകുന്നുമുണ്ട്. ഒരര്‍ഥത്തില്‍, മനുഷ്യന്റെ ആന്തരികാവയവങ്ങളും രക്തവും മാംസവുമെല്ലാം ഇവിടെ ഭരണകൂടത്തിനെതിരെയുള്ള സമരമുറകളായി പരിണമിക്കുന്നു.

 

നഗരവൽക്കരണവും അന്യവൽക്കരണവും

അതുപോലെ, റാഷിന്റെ കവിതകളിൽ നഗരവും ഒരു പ്രധാന കഥാപാത്രമാണ്. ആധുനിക നഗരജീവിതം മനുഷ്യനെ എങ്ങനെയാണ് യാന്ത്രികവൽക്കരിക്കുന്നതെന്നും അവന്റെ ജൈവികതയെ എങ്ങനെയാണ് ചോർത്തിക്കളയുന്നതെന്നും റാഷ് നിരീക്ഷിക്കുന്നു. കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ മനുഷ്യന്റെ ശരീരം അന്യവൽക്കരിക്കപ്പെടുന്നതിന്റെയും നഗരത്തിന്റെ വാസ്തുവിദ്യ എന്നത് മനുഷ്യശരീരത്തിന്റെ വാസ്തുവിദ്യയെ വിഴുങ്ങുന്നതിന്റെയും കാഴ്ച റാഷ് നിര്‍ദ്ദാക്ഷിണ്യം അവതരിപ്പിക്കുന്നു.

“We are lonely satellites

orbiting through neon-lit deserts,

seeking the warmth of skin

in a world ruled by glass and chrome.”

കണ്ണാടികളും ക്രോമിയവും ഭരിക്കുന്ന ഒരു ലോകത്ത് ചർമ്മത്തിന്റെ ചൂടുതേടി അലയുന്ന മനുഷ്യനെ, ‘പുതിയ അസ്തിത്വവാദ’ത്തിന്റെ പ്രതീകമായിക്കൂടി എണ്ണാം. നിയോൺ വിളക്കുകൾ പ്രകാശിക്കുന്ന മരുഭൂമികൾ എന്ന് നഗരങ്ങളെ വിശേഷിപ്പിക്കുന്നതിലൂടെ ആധുനികതയുടെ പൊള്ളത്തരത്തെയാണ് കവി തുറന്നുകാട്ടുന്നത്. ഈ അന്യവൽക്കരണത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഏക വഴി ജൈവികമായ സ്പർശനങ്ങളും പ്രണയവുമാണെന്ന് കൂടിയാണ് റാഷ്കവിതകൾ അടിവരയിടുന്നുത്. സമകാലിക ഇന്ത്യൻ ഇംഗ്ലീഷ് കവിതയിലും പുതിയൊരു ദിശാബോധം റാഷ് രൂപപ്പെടുത്തിയിട്ടുളളതായാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ശരീരം, മണ്ണ്, രാഷ്ട്രീയം, ഭാഷ എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് അദ്ദേഹം സൃഷ്ടിക്കുന്ന രചനാലോകം, വായനക്കാരെ അസ്വസ്ഥമാക്കാന്‍ കൂടി കെല്പുളളതാണ് അതുപോലെ, വരേണ്യവർഗ്ഗത്തിന്റെ ഇംഗ്ലീഷ് കവിതാ സങ്കൽപ്പങ്ങളെ തീര്‍ത്തും കാറ്റിൽപ്പറത്തിക്കൊണ്ട്, സാധാരണക്കാരന്റെയും വിപ്ലവകാരിയുടെയും ഭാഷയിൽ സംസാരിക്കുന്ന റാഷിന്റെ കവിതകൾ കാലഘട്ടത്തിന്റെ അടിസ്ഥാന സാക്ഷ്യപത്രങ്ങയിത്തീരുന്നു. അവ നമ്മോട് നിരന്തരം കലഹിക്കാനും, സ്വന്തം ശരീരത്തെയും സ്വത്വത്തെയും ഫാസിസ്റ്റ് ശക്തികൾക്ക് വിട്ടുകൊടുക്കാതിരിക്കാനും ആഹ്വാനം ചെയ്യുന്നു. Architecture of Flesh has me in toto. It’s an omnibus kind of book that deals with every kind of theme like love, politics, fantasy, the surreality of life, problems of existence, etc. The books that come later have only a few of these elements but more elaborately explored. Thus, Architecture of Flesh is a total book for me which shows up a man named Ra Sh in his totality” എന്ന് റാഷ് സന്ദേഹരഹിതമായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

 

വികസനത്തിലെ തിടുക്കവും ഇരകളുടെ രക്തവും

പിന്നീട് (2019) പുറത്തു വന്ന ‘The Bullet Train and Other Loaded Poems’ എന്ന സമാഹാരം, സമകാലിക ഇന്ത്യ നേരിടുന്ന സങ്കീർണ്ണമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെയും സാമൂഹിക അസഹിഷ്ണുതകളെയും കുറെക്കൂടി വിവൃതമാക്കുകയായിരുന്നു. അതായത്, സൗന്ദര്യശാസ്ത്രപരമായ കാവ്യ സാധ്യതകളെ പ്രതിരോധത്തിന്റെ ശക്തമായ ഒരു ഭാഷ കൂടിയാക്കി പരിവര്‍ത്തനപ്പെടുത്താന്‍ റാഷ് പ്രത്യേകം ശ്രദ്ധിക്കുകയായിരുന്നു എന്നര്‍ഥം. ഒരര്‍ഥത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട രാഷ്ട്രീയ നിലപാട് കൂടിയായിരുന്നു റാഷിന്റെത്. പക്ഷേ, “My political belief is against any kind of fascist and totalitarian regime. I do admit that I have a Marxist orientation which doesn’t prevent me from being critical of the so-called Left governments. Neither do I refrain from vehemently opposing any governance/policies based on the ideology of Hindu dominance” എന്ന് സ്പഷ്ടമാക്കാന്‍ എഴുത്തുകാരന് ഒട്ടും ചിന്തിക്കേണ്ടി വന്നിട്ടില്ല.

‘ബുള്ളറ്റ് ട്രെയിൻ’ പ്രതിനിധീകരിക്കുന്നത് കോർപ്പറേറ്റ് കേന്ദ്രീകൃതമായ, വേഗതയേറിയ വികസന സങ്കൽപ്പങ്ങളെയാണെങ്കില്‍ ഒപ്പം തന്നെ അത്, അടിച്ചമർത്തപ്പെട്ടവരുടെ രോഷത്തെയും ഭരണകൂട ഭീകരതയെയും കൂടി അടയാളപ്പെടുത്തുന്നു. എം. എം. കല്‍ബുർഗി, ഗൗരി ലങ്കേഷ് തുടങ്ങിയ ബുദ്ധിജീവികളുടെയും മാധ്യമപ്രവർത്തകരുടെയും കൊലപാതകങ്ങളും, എല്ലാറ്റിനുമിടയില്‍, മനുഷ്യമുഖമില്ലാതെ അതിവേഗം കുതിച്ചുപായുന്ന വികസന പദ്ധതികളും സൃഷ്ടമാക്കുന്ന വൈരുദ്ധ്യത്തെ റാഷ്, ശക്തമായി അടയാളപ്പെടുത്തുന്നു.

“This train will now pass through

Under skin arteries and veins and nerves. . .

To topple into a depthless soul one by one.”

എന്നെഴുതുമ്പോള്‍, നമ്മുടെ ശരീരത്തിലെ ഞരമ്പുകളിലൂടെയും ചോരയിലൂടെയും കടന്നുപോകുന്ന ഒന്നു കൂടിയാണ് ഈ വികസനത്തിന്റെ ‘ബുള്ളറ്റ് ട്രെയിൻ’ എന്ന് കവി ജാഗ്രതയോടെ ഓര്‍മിപ്പിക്കുന്നു. ഒരുവിധത്തില്‍ പറഞ്ഞാല്‍, പരമ്പരാഗതമായി കവിതകളിലെ ‘മ്യൂസ്’ (Muse) അഥവാ പ്രചോദന സങ്കൽപ്പം പ്രകൃതിയോ സൗന്ദര്യമോ ആയിരുന്നെങ്കിൽ, റാഷ് കവിതകളിൽ, അത് ക്രൂരമായി കൊല്ലപ്പെട്ട മനുഷ്യരും ഇരകളുമാണ് എന്നു വരുന്നു. ഈ കാവ്യഭാവുകത്വ വ്യതിയാനം, കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫയെയും, ജാതീയ പീഡനങ്ങൾ കാരണം ആത്മഹത്യ ചെയ്യേണ്ടിവന്ന രോഹിത് വെമുലയെയുമെല്ലാം, ഈ കവിതകളുടെ കേന്ദ്രങ്ങളാക്കുന്നു എന്ന് സാരം. ചുരുക്കത്തില്‍, ഭരണകൂടവും വംശീയ വെറിയും കവർന്നെടുത്ത മനുഷ്യരുടെ ചോര തന്നെയാണ് ഈ കവിതകൾക്ക് മഷിയാകുന്നത് എന്ന് വരുന്നു. അവിടെയാണ്, “Bullet train is a response to fascism. The collection contains only politically loaded poems. It was written with passion against the Rightist regime which brings out policies that hurt the citizens and fills the coffers of individuals or the party” എന്ന എഴുത്തുകാരന്റെ വാക്കുകളുടെ സവിശേഷ പ്രസക്തി.

 

പ്രണയവും കാമവും: വിശുദ്ധീകരിക്കപ്പെടാത്ത ശരീരങ്ങൾ

വർഗീയതയ്ക്കും വെറുപ്പിനുമെതിരെ സ്നേഹത്തെയും പ്രണയത്തെയും ഏറ്റവും വലിയ രാഷ്ട്രീയ പ്രതിരോധ ആയുധമായി കവി പ്രതിഷ്ഠിക്കുകയായരുന്നു. കാരണം, അധികാരികൾക്കും ഹിംസയുടെ ശക്തികൾക്കും പഠിപ്പിച്ചു കൊടുക്കാൻ കഴിയാത്ത ഒന്ന് പ്രണയമാണെന്ന് കവി ഉറപ്പിച്ചു പറയുക കൂടിയായിരുന്നു.

“You can teach me

How to burn alive a peacock . . .

But, never never never never teach me

How to love . . .

You don’t know

What I know.”

ചാരുതയാര്‍ന്ന മയിലുകളെപ്പോലും ജീവനോടെ കത്തിക്കാൻ പഠിപ്പിക്കുന്ന ഭരണകൂട ഹിംസയ്ക്ക്, മനുഷ്യനെ ഒന്നായി കാണാനോ പ്രണയം പഠിപ്പിക്കാനോ/തിരിച്ചറിയാനോ ഒരിക്കലും കഴിയില്ല എന്ന വലിയ ബോധ്യമാണ് ഈ വരികളുടെ അന്ത:സാരം. വായനക്കാരെ സുഖപ്രദമായ ഒരിടത്തിരിക്കാൻ ഈ കവിതകൾ അനുവദിക്കുന്നില്ല. ഭാഷയുടെ പ്രയോഗം പോലും വായനക്കാരന്റെ മനസ്സാക്ഷിയെ ഉലയ്ക്കുന്ന തരത്തിലായി മാറുന്നു.

“Her lover bought her womb

and filled it with ink to dip a quill in..”

എന്നിങ്ങനെ ഭയജനകവും പരീക്ഷണാത്മകവുമായ പ്രയോഗങ്ങളിലൂടെ, വായനക്കാരെ കേവലം കാഴ്ചക്കാരെന്ന നിലയിൽ നിന്ന് വർത്തമാനകാല യാഥാർത്ഥ്യങ്ങളിലേക്ക് ദയാരഹിതമായി വലിച്ചിടാൻ എഴുത്തുകാരന് കഴിയുന്നു. റാഷിന്റെ കവിതകളിൽ പ്രണയവും ലൈംഗികതയും പരമ്പരാഗതമായ ആത്മീയ വിശുദ്ധിയോടെയല്ല അവതരിപ്പിക്കപ്പെടുന്നത്. അതിൽ മാംസത്തിന്റെ വന്യതയും കാമത്തിന്റെ തീക്ഷ്ണതയുമുണ്ട്. സദാചാരവാദികൾ മൂടിവെക്കാൻ ശ്രമിക്കുന്ന ശരീരലീലകളെ കവി തികച്ചും സ്വാഭാവികവും അതേസമയം ദാർശനികവുമായി സമീപിക്കുന്നു. ലൈംഗികത എന്നത് ശരീരങ്ങൾ തമ്മിലുള്ള വെറുമൊരു കൂടിച്ചേരലല്ല, മറിച്ച് അതൊരു അതിജീവനതന്ത്രം കൂടിയായി സ്വഭാവികമായി പരിണമിക്കുന്നു.

“In the dark geometry of our embrace,

we redraw the maps of forgotten empires,

conquering death, one breath at a time.”

ഇവിടെ, ആലിംഗനത്തിന്റെ ഇരുണ്ട ജ്യാമിതിയിൽ, മരണത്തെപ്പോലും കീഴടക്കാൻ മനുഷ്യന് സാധിക്കുന്നത് കാമത്തിന്റെ ആഴത്തിലുള്ള ജൈവശക്തി കൊണ്ടാണ്. ശരീരത്തെ അതിന്റെ എല്ലാ പരിമിതികളോടും അശുദ്ധികളോടും കൂടി സ്നേഹിക്കാൻ കവി നമ്മെ ഹൃദയപൂര്‍വ്വം ഓര്‍മിപ്പിക്കുന്നു. ഇതൊരുതരം ‘മാംസളമായ ആത്മീയത’ (Carnal Spirituality) മാത്രമല്ല, ‘മാംസളമായ പ്രതിരോധം’ (Carnal Resisistence) കൂടിയായി വികസിക്കുകയാണ്.

 

ഭാഷയിലെ അപകോളനീകരണവും വിവർത്തന സ്വത്വവും

ഒരു മികച്ച വിവർത്തകൻ കൂടിയായ റാഷിന്റെ ഇംഗ്ലീഷ് കവിതകൾക്ക് ഒരു പ്രത്യേകത നമുക്ക് കണ്ടെത്താനാകും. കവിതകള്‍ എഴുതിയിരിക്കുന്നത് ഇംഗ്ലീഷിലാണെങ്കിലും, അവയുടെ ആത്മാവും ഭാവുകത്വവും പൂർണ്ണമായും കേരളീയവും പ്രാദേശികവുമായ അനുഭവങ്ങളില്‍ വേരൂന്നിയിരിക്കുന്നു എന്നതാണ് ആ പ്രത്യേകത. ഇംഗ്ലീഷ് കവികൾ ഉപയോഗിക്കുന്ന ഇംഗ്ലീഷ് ഭാഷയല്ല റാഷിന്റേത്; അത് അടിച്ചമർത്തപ്പെട്ടവന്റെ, കറുത്തവന്റെ, നാട്ടില്‍ വേരുകളുള്ളവന്റെ പരുക്കൻ ഭാഷയാണ്. ഭാഷയിലെ ഈ അപകോളനീകരണ പ്രക്രിയ (Decolonization of Language) അദ്ദേഹത്തിന്റെ കവിതകളിലെ സ്വത്വബോധം കൂടുതല്‍ പ്രകടമാക്കുക കൂുടി ചെയ്യുന്നുണ്ട്. റാഷ് കവിതകളിലെ, ഭാഷാപരമായ ധിക്കാരത്തെ ഇപ്രകാരം വായിക്കാം:

“I stretch the foreign tongue

until it mimics the curve of my mother’s sickle,

until it bleeds the syntax of my red soil.”

വിദേശഭാഷയെ സ്വന്തം അമ്മയുടെ അരിവാളിന്റെ വക്രതയിലേക്കും, ജന്മനാടിന്റെ ചുവന്ന മണ്ണിലേക്കും പരുവപ്പെടുത്തിയെടുക്കുന്ന കവിയുടെ ഈ ശ്രമം ഇംഗ്ലീഷ് കവിതയിലെ സാമ്രാജ്യത്വ ഭാവങ്ങളെ ഉല്ലംഘിക്കുകയോ തകര്‍ക്കുകയോ ചെയ്യുന്നുണ്ട്. ഭാഷ ഇവിടെ ആശയവിനിമയത്തിനുള്ള ഉപാധി മാത്രമല്ല, മറിച്ച് സാംസ്കാരികമായ അധിനിവേശങ്ങൾക്കെതിരെയുള്ള വിപ്ലവഭൂമി കൂടിയായി മാറുന്നുണ്ട്. മര്‍ദ്ദിതരുടെ ബോധനശാസ്ത്രം ( Pedagogy of the Oppressed – Paulo Freire) പോലൊരു കൃതി എഴുത്തുകാരന്‍ എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് വിവര്‍ത്തനം ചെയ്തിരുന്നു എന്ന വസ്തുത ഈ സന്ദര്‍ഭത്തില്‍ ഒട്ടും ആകസ്മികമായി തോന്നുന്നില്ല.

 

I have been regularly translating from English to Malayalam and vice versa. Similarly with Tamil. The latest work is a collection of stories in Tamil by Bama, a Dalit woman writer. I translated it into English and Speaking Tiger published it. Major works that I translated from Malayalam to English include Mother Forest (story of Janu, a tribal leader), Don’t want Caste (collection of Dalit stories in Malayalam translated into English), and How to Translate an Earthworm (an anthology of translated contemporary poetry from Malayalam) എന്ന് റാഷ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്, ഇവിടെ പ്രസക്തമാണെന്ന് കരുതുന്നു. തമിഴിലെയും മലയാളത്തിലെയും ദളിത്-പെണ്ണെഴുത്ത് കൃതികളും, അന്താരാഷ്ട്ര തലത്തിലെ ശ്രദ്ദേയമായ കവിതകളും മലയാളത്തിലേക്കും തിരിച്ചും രവിശങ്കര്‍ മൊഴിമാറ്റം നടത്തുമ്പോള്‍, പ്രാന്തവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ശബ്ദങ്ങൾക്ക് ഭാഷയുടെ അതിരുകൾ ഭേദിക്കാൻ വിവർത്തനം സഹായിക്കുമെന്ന് തീര്‍ച്ചയായും റാഷ് ശരിയായി വിശ്വസിച്ചിരുന്നു.

 

കറുത്ത ഹാസ്യത്തിന്റെ നേര്

‘Buddha and Biryani’ (2022) എന്ന കൃതിയില്‍, ആക്ഷേപഹാസ്യവും ഇരുണ്ട ഹാസ്യവും സമർത്ഥമായി സമന്വയിപ്പിച്ച്, മനുഷ്യജീവിതത്തിന്റെ വിരോധാഭാസങ്ങളെയും ഐറണികളെയും എളുപ്പത്തില്‍ തുറന്നുകാട്ടുന്നു.

ബുദ്ധൻ പ്രതിനിധീകരിക്കുന്നത് മോക്ഷത്തെയും തൃഷ്ണാനിരോധനത്തെയും ആണെങ്കിൽ, ബിരിയാണി പ്രതിനിധീകരിക്കുന്നത് മനുഷ്യന്റെ അടക്കാനാവാത്ത ലൗകികാഭിലാഷങ്ങളെയാണ്. ആത്മീയമായ പവിത്രതയും ഭൗതികമായ ആസക്തികളും തമ്മിലുള്ള സങ്കീർണ്ണമായ സംഘർഷമാണ് ഇതിലെ പ്രധാന പ്രമേയം.

“Even after endless meditation,

the aromatic vapors of human desire are hard to dispel.”

മതപരമായ ചിഹ്നങ്ങളെയും മിത്തുകളെയും സാധാരണ മനുഷ്യാനുഭവങ്ങളിലേക്ക് താഴ്ത്തിക്കെട്ടിക്കൊണ്ട് അവയുടെ പൊള്ളത്തരങ്ങളെ കവി ചോദ്യം ചെയ്യുന്നു. അതിരുകടന്ന ആദർശവൽക്കരണങ്ങളെ കവിത നിഷ്കരുണം പൊളിച്ചെഴുതുന്നു. “Sacred texts often forget that human teeth were made first to chew, then to chant.” – ദൈനംദിന ജീവിതത്തിന്റെ ഐറണി, (നഗരജീവിതം, വിയോഗം, ബന്ധങ്ങളിലെ വിള്ളലുകൾ, മരണഭയം എന്നിവയെല്ലാം തികച്ചും വ്യത്യസ്തവും മൂർച്ചയുള്ളതുമായ ഭാഷയില്‍ കവി ആവിഷ്കരിക്കുകയായിരുന്നു. ആധുനിക ഭാരതീയന്റെ ചില സാംസ്കാരിക വൈരുദ്ധ്യങ്ങളെക്കറിച്ച് പറയാന്‍, Pankti in Five Padas എന്ന ഇംഗ്ലീഷ് രചനയില്‍, റാഷ് ഇപ്രകാരം സറ്റയര്‍ ഉപയോഗിക്കുന്നത് കാണാം.

“So you remember Superman,

Not Shaktimaan, veal not enthu

cutlets in Ramarajan pants…

You don’t have to be Indian

to be Indian, just possess

a sense of Hindu rate of growth…”

ഇത്തരം ആക്ഷേപഹാസ്യമോ ഗൗരവമേറിയ സാംസ്കാരിക വിശകലനമോ പൊതുവില്‍ റാഷിന്റെ എല്ലാ എഴുത്തിലും മറഞ്ഞിരുപ്പുണ്ടെന്ന് സൂക്ഷ്മ വായനയില്‍ തിരിച്ചറിയാം. റാഷ് എന്ന എഴുത്തുകാരന് ശക്തി പകരുന്ന ഏറ്റവും പ്രധാനപ്പെട്ട ആയുധമായിക്കൂടി ‘കറുത്ത ഹാസ്യം’ (Black Humor). പ്രവര്‍ത്തിക്കുന്നുണ്ടെന്നര്‍ഥം. ദുരന്തങ്ങളെയും ഭയങ്ങളെയും മരണത്തെയും അസ്തിത്വപരമായ ശൂന്യതയെയും തികച്ചും നിർവികാരമായോ അല്ലെങ്കിൽ വക്രമായ ഒരു ചിരിയോടെയോ സമീപിക്കുന്ന ഈ രീതിയില്‍, വായനക്കാരെ വെറുതെ ചിരിപ്പിക്കുന്നതിന് പകരം, അവരെ പൊതുവില്‍ അസ്വസ്ഥരാക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരുതരം ‘ക്രൂരമായ തമാശ’ (Dark Wit) എഴുത്തുകാരന്‍ കൊരുത്തു വെക്കുന്നു. ആധുനിക കോർപ്പറേറ്റ് ലോകം മനുഷ്യന്റെ വികാരങ്ങളെപ്പോലും എങ്ങനെ ക്രമപ്പെടുത്തി വിപണിക്ക് അനുയോജ്യമാക്കുന്നു എന്ന് റാഷ് തന്റെ ഈ കറുത്ത ഹാസ്യത്തിലൂടെത്തന്നെയാണ് വെളിപ്പെടുത്തുന്നതും. ദുഃഖത്തെപ്പോലും ടൈംടേബിൾ വെച്ച് നിയന്ത്രിക്കുന്ന മനുഷ്യന്റെ അവസ്ഥയെ അദ്ദേഹം അതീവ വ്യസനത്തോടെ എന്നാൽ പരിഹാസപൂർവ്വം അവതരിപ്പിക്കുന്നു-

“We have optimized our grief

into quarterly spreadsheets,

allocating exactly three minutes of despair

between the budget review and the automated coffee break.”

മനുഷ്യന്റെ ആത്മാർത്ഥമായ ‘ദുഃഖത്തെ’ (Grief) കോർപ്പറേറ്റ് ഓഫീസുകളിലെ ‘സ്പ്രെഡ്ഷീറ്റുകളുമായി’ (Spreadsheets) കൂട്ടിയിണക്കുന്നതിലാണ് ഇവിടുത്തെ ഇരുണ്ട ചിരി ഒളിഞ്ഞിരിക്കുന്നത്. ബഡ്ജറ്റ് റിവ്യൂവിനും കോഫി ബ്രേക്കിനും ഇടയിൽ കൃത്യം മൂന്ന് മിനിറ്റ് മാത്രം വിഷാദത്തിനായി നീക്കിവെക്കുന്ന മനുഷ്യൻ യന്ത്രത്തെക്കാൾ കഷ്ടമായി മാറിയിരിക്കുന്നു എന്ന യാഥാർത്ഥ്യം ഈ വരികൾ തുറന്നു കാട്ടുന്നു. അതുപോലെ, മനുഷ്യൻ എപ്പോഴും ഭയപ്പെടുന്ന ഒന്നാണ് രോഗവും മരണവും. എന്നാൽ റാഷ് മരണത്തെയോ ശാരീരികമായ തകർച്ചകളെയോ മഹത്വവൽക്കരിക്കാനോ ഓർത്ത് കരയാനോ തയ്യാറാകുന്നില്ല. പകരം ഒരു ഡോക്ടറുടെയോ അല്ലെങ്കിൽ ഒരു മെക്കാനിക്കിന്റെയോ നിർവികാരതയോടെ അതിനെ സമീപിക്കുന്നു-

“When the kidneys fail,

the soul does not ascend on wings;

it simply waits in a plastic tube,

hoping the dialysis technician didn’t stay up late

watching the cricket match.”

മരണസമയത്ത് ‘ആത്മാവ് ചിറകിലേറിപ്പോകുന്നു’ എന്ന പരമ്പരാഗതമായ ആത്മീയ സങ്കൽപ്പത്തെ കവി ഇവിടെ ഒരു ചിരിയോടെ അഭിസംബോധന ചെയ്യുകയാണ്. കിഡ്നി തകരാറിലാകുമ്പോൾ ഒരു പ്ലാസ്റ്റിക് ട്യൂബിൽ കാത്തുകിടക്കുന്ന ആത്മാവിന്റെ ആയുസ്സ് നിശ്ചയിക്കുന്നത് ഡയാലിസിസ് ചെയ്യുന്ന ജീവനക്കാരൻ ക്രിക്കറ്റ് കളി കണ്ടിരുന്നോ ഇല്ലയോ എന്നതിനെ ആശ്രയിച്ചാണ് എന്ന നിരീക്ഷണം ചിരിപ്പിക്കുന്നതിനൊപ്പം തന്നെ നമ്മെ ചിന്തിപ്പിക്കുകയും ചെയ്യുന്നു.

 

വിയോഗമൗനങ്ങള്‍

മലയാളത്തിൽ എഴുതുമ്പോഴും റാഷ് ഈ ഇരുണ്ട ഫലിതം ഉപേക്ഷിക്കുന്നില്ല. ലൈംഗികതയെയും പ്രണയത്തെയും ഭയത്തോടെയും ഒളിഞ്ഞുനോട്ടത്തോടെയും കാണുന്ന മലയാളിയുടെ സദാചാര ബോധത്തെ അദ്ദേഹം നഗ്നമായ പരിഹാസത്തോടെ ചിത്രീകരിക്കുന്നു. ഇംഗ്ലീഷ് കവിതകളിലേക്ക് വരുമ്പോൾ ഈ ശൈലി കുറച്ചുകൂടി ഘടനാപരമായിത്തീരുന്നു-

“The geometry of our coupling defies the municipal zoning laws of your morals.”

രണ്ടു മനുഷ്യരുടെ ഒന്നാകലിനെ നഗരസഭയുടെ കെട്ടിട നിർമ്മാണ നിയമങ്ങളോട് (Municipal zoning laws) ഉപമിച്ചുകൊണ്ട്, വ്യവസ്ഥിതിയുടെ സദാചാര ബോധത്തെ റാഷ് ഇവിടെ വെല്ലുവിളിക്കുന്നത് ശ്രദ്ധിക്കുക. എത്ര നിസ്സംഗതയും ഇരുണ്ട ഹാസ്യവും നിലനില്‍ക്കുമ്പോഴും Umbilical Ache പോലൊരു രചനയില്‍ ബന്ധങ്ങളുടെയും ഓർമ്മകളുടെയും ആഴത്തിലുള്ള വേദന അനുഭവവേദ്യമാണ്. റാഷ് കൂടുതല്‍ തന്നെത്തന്നെ മറകളില്ലാതെ പ്രകാശിപ്പിക്കുകയുമാണ്.

ലേഖകൻ (ഇടത്) റാഷിനോടൊപ്പം

എല്ലാ മറകളും ഭേദിച്ച് ‘ദില്ലി കാ കലാകാര്‍ ആദ്മി’ എന്ന ഒരു ആത്മകഥാ രചന നടത്താന്‍ റാഷിനെ പ്രാപ്തമാക്കിയതും അടിസ്ഥാനപരമായി തന്നോടു തന്നെ- തന്നോടു മാത്രം- ഏറ്റവും സത്യസന്ധനായിരിക്കാനുളള അയാളുടെ ദൃഢനിശ്ചയം കൊണ്ടായിരിക്കണം. ഒരര്‍ഥത്തില്‍, അങ്ങനെ തന്നയാണ് നമ്മള്‍ എഴുത്തുകാരന്റെ Silent Farewells എന്ന ഏറെ ശ്രദ്ധിക്കപ്പെട്ട രചനയില്‍ എത്തുന്നതും-

When things start leaving you

they dont say bye.

Silently, they leave in a row.

My dad did not say bye

when he died.

My mom did not say bye

when she died.

My house did not say bye

when it quietly collapsed.

My garden did not say bye

when it went under water.

Finally, my love my love

my love did not say bye

when she left

when she left.

When I left me

I left quietly

leaving no trail of good byes.

But I heard a violin from afar

നൂറ്റി നാല്പതിലധികം വിവര്‍ത്തനങ്ങള്‍ ഉണ്ടായ, ഒരര്‍ഥത്തില്‍ എല്ലാവരുടെയും ഭാഷയും കവിതയുമായിത്തീരുന്ന, ജീവിതത്തിന്റെ ഈ ചിരന്തനസത്യം, ഇതിലധികം ലളിതമായി ആവിഷ്കരിക്കാന്‍ ആകില്ല തന്നെ..! ഈ ഏക രചനയുടെ വിവര്‍ത്തനങ്ങള്‍ മലയാളത്തില്‍ ‘മുണ്ടാണ്ടിങ്ങനെ’ എന്ന പാലക്കാടന്‍ ശീര്‍ഷകത്തിലാണ് ആണ് സമാഹിരിക്പ്പെട്ടത് എന്നതും കൗതുകകരമാണ്. തലമുറ വ്യത്യാസമില്ലാതെ കവിതയുടെ സ്ഫുലിംഗം ശ്രദ്ധയില്‍പ്പെട്ടാല്‍ റാഷ് അത് ഏതെങ്കിലും ഒരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ തുനിയുമെന്നതില്‍ സന്ദേഹമില്ല. റാഷ് എന്ന രവിശങ്കര്‍ കടന്നു പോകുമ്പോള്‍, വിലപ്പെട്ട ഈ സാസ്കാരികപ്രവര്‍ത്തനം കൂടിയാണ് നിലച്ചു പോകുന്നത്. വിയോഗമൗനങ്ങളുടെ തീവ്രമായ അനുഭവം പങ്കിടുന്ന ‘നിശ്ശബ്ദ യാത്രയയപ്പുകളി’ലേതുപോലെ‍ മൗനത്തിന്റെ ഭാഷ ഇപ്പോള്‍ കവിയും സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. പ്രകോപനത്തിന്റെയും പ്രണയത്തിന്റെയും തീവ്രമൊഴികള്‍ വിട്ട് ഇപ്പോള്‍ വിദൂരസ്ഥമായ വയലിന്‍ നാദം ആസ്വദിക്കുന്ന പ്രിയ കവീ, താങ്കളുടെ മൗനവും പക്ഷേ ഇവിടുത്തെ ശേഷിപ്പായിത്തീരുന്നു..!

About Author

രഘുനാഥന്‍ പറളി

നിരൂപകന്‍, വിവര്‍ത്തകന്‍, എഡിറ്റര്‍, പ്രഭാഷകന്‍, ഗ്രന്ഥകര്‍ത്താവ്‌. 1974 മെയ്‌ 28ന്‌ പാലക്കാട്‌ ജില്ലയിലെ പറളിയില്‍ ജനിച്ചു. ദര്‍ശനങ്ങളുടെ മഹാവിപിനം, ഭാവിയുടെ ഭാവന, ചരിത്രം എന്ന ബലിപീഠം, മൗനം എന്ന രാഷ്ട്രിയ രചന (വാക്കുകൾ സാക്ഷ്യങ്ങള്‍), സെല്ലുലോയ്ഡിലെ ചില്ലുപടവുകള്‍ (സിനിമ) എന്നിവയാണ്‌ പ്രസിദ്ധീകരിച്ച പ്രധാന നിരൂപണ കൃതികള്‍. 'സ്ഥലം ജലം കാലം' എന്ന പുസ്തകം ആത്മകഥാംശമുള്ള നിരൂപണ കൃതിയാണ്‌. ഡ്രീനാ നദിയിലെ പാലം, പെനാള്‍ട്ടി കാക്കുന്ന ഗോളിയുടെ ഉദ്വേഗം, ജീവിതത്തിലെ ഒരു ദിവസം എന്നീ കൃതികള്‍ (കെ.പി രാജേഷുമൊത്ത്‌) മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. സി.പി രാമചന്ദ്രൻ-സംഭാഷണം, സ്മരണ, ലേഖനം (മലയാളിയായ പ്രമുഖ ഇംഗ്ലീഷ്‌ പത്രപ്രവര്‍ത്തകന്‍ സി.പി രാമചന്ദ്രനെക്കുറിച്ചുളള പുസ്തകം), വിശ്വോത്തര കഥകൾ- രാഷ്ട്രിയ കൊലപാതകങ്ങൾ എന്നീ കൃതികളുടെ എഡിറ്റര്‍ ആണ്‌.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x