A Unique Multilingual Media Platform

Articles History International

ജൈവാധികാരവും ഭരണകൂട ഭീകരതയും: ജോർജിയോ അഗംബൻ്റെ ചിന്തകളിലൂടെ ഒരു ദാർശനിക യാത്ര

  • July 25, 2026
  • 1 min read
ജൈവാധികാരവും ഭരണകൂട ഭീകരതയും: ജോർജിയോ അഗംബൻ്റെ ചിന്തകളിലൂടെ ഒരു ദാർശനിക യാത്ര
ന്യൂഡൽഹി ദേശബന്ധു കോളേജിലെ അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. പി. കൃഷ്ണനുണ്ണി നടത്തിയ പ്രഭാഷണത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ ലേഖനം, പ്രമുഖ ഇറ്റാലിയൻ തത്വചിന്തകനായ ജോർജിയോ അഗംബന്റെ സങ്കീർണ്ണവും സമകാലികവുമായ ദാർശനിക ലോകത്തേക്കുള്ള ഒരു ഉജ്ജ്വലമായ വഴികാട്ടിയാണ്. ആധുനിക ഭരണകൂടങ്ങൾ മനുഷ്യന്റെ ശരീരത്തിനും അസ്തിത്വത്തിനും മേൽ എങ്ങനെയാണ് ജൈവാധികാരം സ്ഥാപിക്കുകയും അവരെ നിയന്ത്രിക്കുകയും ചെയ്യുന്നത് എന്നതിന്റെ സൂക്ഷ്മമായ അന്വേഷണങ്ങളാണ് അനാവരണം ചെയ്യുന്നത്. ബയോമെട്രിക്സ് പോലുള്ള സംവിധാനങ്ങൾ മുതൽ ഓഷ്വിറ്റ്സിലെയും അബൂ ഗ്രൈബിലെയും തടവറകൾ വരെ നീളുന്ന അധികാരത്തിന്റെ ക്രൂരചരിത്രത്തെയും, കോവിഡ് കാലത്തെ അടച്ചിരിപ്പുകളിൽ മനുഷ്യൻ യാതൊരവകാശങ്ങളുമില്ലാത്ത വെറുമൊരു ‘നഗ്നജീവിതമായി’ (Bare life) ചുരുങ്ങിപ്പോയതിന്റെ നേർക്കാഴ്ചകളെയും അഗംബന്റെ ചിന്തകളിലൂടെ ലേഖനം വരച്ചുകാട്ടുന്നു. കൂടാതെ,സത്യാനന്തര കാലത്തെ (Post-truth era) ഡിജിറ്റൽ മുതലാളിത്തത്തിന്റെ കെണികളെക്കുറിച്ചും, ഭരണകൂടങ്ങൾ തങ്ങൾക്കനുകൂലമായ വ്യാജ സത്തകളെയും ചരിത്രങ്ങളെയും നിർമ്മിച്ചെടുക്കുന്നതിനെക്കുറിച്ചും ആഴത്തിൽ പ്രതിപാദിക്കുന്നു. സമകാലിക രാഷ്ട്രീയ-സാമൂഹിക ചുറ്റുപാടുകളെ അഗംബന്റെ ചിന്തകളിലൂടെ പുനർവായിക്കാൻ പ്രേരിപ്പിക്കുന്ന, ചിന്തോദ്ദീപകമായ ഒരു വായനാനുഭവമാണ് ഈ ലേഖനം വായനക്കാർക്ക് സമ്മാനിക്കുന്നത്.

ആധുനിക മനുഷ്യൻ്റെ അസ്തിത്വത്തെ ഭരണകൂടങ്ങൾ എങ്ങനെയാണ് നിർവ്വചിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് എന്നതിൻ്റെ ഏറ്റവും സൂക്ഷ്മമായ അന്വേഷണങ്ങളാണ് ഇറ്റാലിയൻ തത്വചിന്തകനായ ജോർജിയോ അഗംബൻ്റെ ചിന്തകളുടെ കാതൽ. കേവലമൊരു രാഷ്ട്രീയ വിമർശനത്തിനപ്പുറം, മനുഷ്യൻ്റെ ശരീരവും ഭരണകൂടത്തിൻ്റെ അധികാരവും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധങ്ങളെ അദ്ദേഹം തൻ്റെ കൃതികളിലൂടെ അനാവരണം ചെയ്യുന്നു. ബയോമെട്രിക്സ് പോലുള്ള ആധുനിക സാങ്കേതികവിദ്യകൾ മുതൽ ഓഷ്വിറ്റ്സിലെ കോൺസൻട്രേഷൻ ക്യാമ്പുകൾ വരെ നീളുന്ന അധികാരത്തിൻ്റെയും പീഡനങ്ങളുടെയും ചരിത്രത്തെ അദ്ദേഹം ഒരൊറ്റ നൂലിൽ കോർത്തിണക്കുന്നു.

ജോർജിയോ അഗംബൻ

​ബയോമെട്രിക്സും ആധുനിക സാമ്രാജ്യത്വവും

​മനുഷ്യൻ്റെ ഓരോ ചലനങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആധുനിക ഭരണകൂടങ്ങളുടെ രീതികളെ നിശിതമായി വിമർശിച്ചുകൊണ്ടാണ് അഗംബൻ തൻ്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുന്നത്. അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ ബയോമെട്രിക് നിയമങ്ങളിൽ പ്രതിഷേധിച്ച് അവിടെ വാഗ്ദാനം ചെയ്യപ്പെട്ട യൂണിവേഴ്സിറ്റി വിസിറ്റിംഗ് പ്രൊഫസർ പദവി അദ്ദേഹം നിരസിച്ചു. ബയോമെട്രിക്സ് എന്നത് കേവലമൊരു സുരക്ഷാ സംവിധാനമല്ല അഗംബന്. മനുഷ്യനെ പ്രാഥമികമായി ഒരു കുറ്റവാളിയായി മുദ്രകുത്തുകയും, അവർക്ക് കുറ്റം ചെയ്യാനുള്ള വാസനകളുണ്ടോ എന്ന് മുൻകൂട്ടി വിലയിരുത്തുകയും ചെയ്യുന്ന ഒരു അധികാരഘടനയാണത്. നമ്മുടെ ശരീരത്തെയും അതിൻ്റെ സവിശേഷതകളെയും ഭരണകൂടം മാപ്പ് ചെയ്തെടുക്കുമ്പോൾ, അത് അധികാര വ്യവസ്ഥ കൈകാര്യം ചെയ്യുന്ന മേലാളന്മാരുടെ അടുക്കളയിലേക്ക് നേരിട്ട് എത്തുന്നു. ഒരു വ്യക്തിയുടെ ഏറ്റവും ചെറിയ ചലനങ്ങൾ പോലും നിരീക്ഷണ വലയത്തിലാകുന്നു. ഈ അതിപുരോഗമന ആശയത്തെ നിരാകരിക്കുക വഴി, മനുഷ്യശരീരത്തിനും മനസ്സിനും മുകളിലുള്ള ഭരണകൂടത്തിൻ്റെ അനസ്യൂതമായ കടന്നുകയറ്റത്തെയാണ് അഗംബൻ വെല്ലുവിളിച്ചത്.

സത്തയില്ലാത്ത മനുഷ്യൻ: അന്വേഷണങ്ങളുടെ തുടക്കം

​അഗംബൻ്റെ തത്വചിന്താപരമായ അന്വേഷണങ്ങൾക്ക് വലിയൊരു തുടക്കമിട്ട കൃതിയാണ് ‘ദ മാൻ വിത്തൗട്ട് കണ്ടൻ്റ്’ (The Man Without Content). റോബർട്ട് മുസ്സിലിൻ്റെ പ്രശസ്തമായ ‘ദ മാൻ വിത്തൗട്ട് ക്വാളിറ്റീസ്’ എന്ന മൂന്ന് വാള്യങ്ങളുള്ള ജർമ്മൻ നോവലിനെ ഓർമ്മിപ്പിക്കുന്നതാണ് ഈ ശീർഷകം. ഗുണങ്ങളില്ലാത്ത മനുഷ്യനിൽ നിന്ന് സത്തയില്ലാത്ത (Content) മനുഷ്യനിലേക്കുള്ള ദൂരം വളരെ വലുതാണ്. ഈ കൃതിയിലെ ലേഖനങ്ങളിലൂടെ അഗംബൻ ചോദിക്കുന്ന പ്രാഥമികമായ ചോദ്യം ‘എന്താണ് മനുഷ്യൻ?’ എന്നതാണ്. ദൈവശാസ്ത്രവുമായും നിലവിലുള്ള രാഷ്ട്രീയ പശ്ചാത്തലവുമായും മനുഷ്യൻ്റെ അസ്തിത്വത്തെ ബന്ധപ്പെടുത്തിക്കൊണ്ട് അദ്ദേഹം മനുഷ്യൻ്റെ കേന്ദ്രീകൃതമായ ചില ചിന്തകളെ വിപുലീകരിക്കുന്നു. സത്തയില്ലാത്ത മനുഷ്യൻ എന്നത് സത്യത്തെ വെറുതെ നിഷേധിക്കുന്ന ഒരാളല്ല, മറിച്ച് അസ്തിത്വത്തിൻ്റെ തന്നെ പുതിയ മാനങ്ങൾ തേടുന്ന ഒരു ദാർശനിക രൂപമാണ്.

ജോർജിയോ അഗംബന്റെ ‘ദ മാൻ വിത്തൗട്ട് കണ്ടൻ്റും’ റോബർട്ട് മുസ്സിലിൻ്റെ ‘ദ മാൻ വിത്തൗട്ട് ക്വാളിറ്റീസും’.

​ഓഷ്വിറ്റ്സിലെ അവശിഷ്ടങ്ങളും സാക്ഷ്യങ്ങളുടെ രാഷ്ട്രീയവും

​’പൊട്ടൻഷ്യാലിറ്റീസ്’ പോലെയുള്ള സങ്കീർണ്ണമായ കൃതികൾക്ക് ശേഷം അഗംബൻ രചിച്ച ‘ദ റെമനൻ്റ്സ് ഓഫ് ഓഷ്വിറ്റ്സ്’ (The Remnants of Auschwitz) ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഏടുകളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ്. നാസി കോൺസൻട്രേഷൻ ക്യാമ്പുകളിൽ നടന്ന ഭീകരതകളെ കേവലം വിവരിക്കുകയല്ല അദ്ദേഹം ചെയ്യുന്നത്. മറിച്ച്, അവിടെ അവശേഷിച്ച സാക്ഷ്യങ്ങളുടെ നൈതികതയെ അദ്ദേഹം ചോദ്യം ചെയ്യുന്നു. ‘സൗണ്ടർ കമാൻഡോസ്’ (Sonderkommandos) എന്നറിയപ്പെട്ടിരുന്ന, ഗ്യാസ് ചേമ്പറുകളിൽ മൃതദേഹങ്ങൾ നീക്കം ചെയ്യാൻ നിയോഗിക്കപ്പെട്ടിരുന്ന തടവുകാരുടെ മൊഴികളിലൂടെയാണ് അഗംബൻ ചരിത്രത്തെ വായിക്കുന്നത്. സാക്ഷികൾ എങ്ങനെ സാക്ഷികളാകുന്നു? അവരുടെ സാക്ഷ്യപ്പെടുത്തലുകൾ ചരിത്രത്തെ എങ്ങനെ മാറ്റിമറിക്കുന്നു? പൂർണ്ണമായി തകർക്കപ്പെട്ടവരും കൊല്ലപ്പെട്ടവരുമാണ് യഥാർത്ഥ സാക്ഷികൾ എന്ന വിരോധാഭാസത്തെ അഗംബൻ ഇതിലൂടെ വരച്ചുകാട്ടുന്നു.

ദ റെമനൻ്റ്സ് ഓഫ് ഓഷ്വിറ്റ്സ്

ഗ്വൻതനാമൊ ബേ, അബു സുബൈദ്: മധ്യകാല പീഡനങ്ങളുടെ ആധുനിക മുഖം

​ഓഷ്വിറ്റ്സിലെ ഭീകരതകൾ ചരിത്രത്തിൻ്റെ ഭാഗമായി അവസാനിച്ചിട്ടില്ലെന്ന് സമകാലിക സംഭവങ്ങൾ തെളിയിക്കുന്നു. അബു സുബൈദിന് ഗ്വൻതനാമൊ ബേ തുടങ്ങിയ ജയിലുകളിൽ അമേരിക്ക നടത്തിയ പീഡനങ്ങൾ ഇതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ്. അബു സുബൈദ് എന്ന തടവുകാരന് നേരിടേണ്ടി വന്ന ക്രൂരതകൾ ഇതിൽ പ്രത്യേകം പരാമർശിക്കപ്പെടുന്നു. ദിവസങ്ങളോളം പഴുതാരകൾ (Centipedes) അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന ഒരു സ്ഥലത്ത് അയാളെ പാർപ്പിച്ചു. ശരീരത്തിൽ പഴുതാരകൾ വീഴുമ്പോൾ ഉണ്ടാകുന്ന ഭയം അയാളുടെ മനസ്സിനെ പൂർണ്ണമായി തകർത്തു. ദിവസങ്ങൾക്കുശേഷം സ്വന്തം പേര് ചോദിച്ചപ്പോൾ അബൂ സുബൈദയ്ക്ക് അത് ഓർത്തെടുക്കാൻ കഴിഞ്ഞില്ല. തന്നെ എവിടെയാണ് കൊണ്ടുവന്നതെന്നും അയാൾ മറന്നുപോയി.

​എന്തുകൊണ്ടാണ് അമേരിക്കയെപ്പോലുള്ള ഒരു ആധുനിക രാജ്യം നൂറ്റാണ്ടുകൾക്ക് മുൻപുള്ള ഇത്തരം മധ്യകാല ടോർച്ചർ മെക്കാനിസങ്ങൾ (Medieval Torture Mechanism) ആവിഷ്കരിക്കുന്നത്? ഇവിടെ മനുഷ്യശരീരത്തെ കൊലപ്പെടുത്തുകയല്ല ഭരണകൂടത്തിൻ്റെ ലക്ഷ്യം. മറിച്ച്, മനുഷ്യൻ്റെ ഓർമ്മകളെ നിഷ്പ്രഭമാക്കുക, അവരെ പൂർണ്ണമായി ഇല്ലാതാക്കുക, അവരുടെ ഓരോ പ്രതികരണങ്ങളെയും ചോദ്യങ്ങളെയും ഇല്ലാതാക്കുക എന്നതാണ്. അബൂ ഗ്രൈബിൽ നടന്ന കൂട്ടരതിയും മൃഗരതിയും കേവലം ലൈംഗിക വൈകൃതങ്ങളായിരുന്നില്ല. നയൻ ഇലവന് (9/11) ശേഷം ഇസ്ലാമോഫോബിയ വളർത്താനും, ഭരണകൂടത്തിന് ആവശ്യമായ വ്യാജ സാക്ഷികളെ സൃഷ്ടിച്ചെടുക്കാനും അമേരിക്ക തൊടുത്തുവിട്ട ഏറ്റവും ക്രൂരമായ ആയുധങ്ങളായിരുന്നു അവ. സത്യം പുറത്തുകൊണ്ടുവരിക എന്നതിനേക്കാൾ ഭരണകൂടത്തിൻ്റെ സത്യം സ്ഥാപിച്ചെടുക്കുക എന്നതായിരുന്നു ഇതിൻ്റെ ലക്ഷ്യം. ഒബാമ പ്രസിഡൻ്റായ ശേഷമാണ് ഈ ടോർച്ചർ മെക്കാനിസങ്ങൾ ഒരു പരിധിവരെയെങ്കിലും എടുത്തുകളഞ്ഞത്.

നയൻ ഇലവൻ (9/11)

​ഫുക്കോയുടെ ബയോപവറിൽ നിന്നും അഗംബനിലേക്ക്

​മനുഷ്യശരീരത്തിനുമേൽ അധികാരഘടനകൾ നടത്തുന്ന പ്രയോഗങ്ങളെക്കുറിച്ച് ഫ്രഞ്ച് ദാർശനികനായ മിഷേൽ ഫുക്കോ ‘ബയോ പവർ’ (Biopower) എന്ന ആശയത്തിലൂടെ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഫുക്കോയുടെ ചിന്തകളിൽ, ജനസംഖ്യ, സെൻസസ്, കാലാവസ്ഥാ പ്രവചനം തുടങ്ങിയ സ്ഥാപനവൽക്കരിക്കപ്പെട്ട സംവിധാനങ്ങളിലൂടെയാണ് ഭരണകൂടം മനുഷ്യനെ നിയന്ത്രിക്കുന്നത്. എന്നാൽ അഗംബൻ ഇതിൽ നിന്ന് ഏറെ മുന്നോട്ട് പോകുന്നു. അദ്ദേഹം ബയോപവറിനെ ‘ബയോ എത്തിക്സ്’ (Bioethics) അഥവാ മനുഷ്യൻ്റെ നൈതികതയുമായി ബന്ധിപ്പിക്കുന്നു. മനുഷ്യൻ സൃഷ്ടിക്കുന്ന നീതിയും നൈതികതയും എന്തുകൊണ്ട് നിരന്തരം ലംഘിക്കപ്പെടുന്നു എന്ന അന്വേഷണമാണ് അദ്ദേഹം നടത്തിയത്.

മിഷേൽ ഫുക്കോ

​രാജാധികാരവും നിയമത്തിൻ്റെ അസാധുവാക്കലും

​ക്രിസ്തുവർഷം രണ്ടാം നൂറ്റാണ്ടുമുതൽ പതിനൊന്നാം നൂറ്റാണ്ടുവരെയുള്ള രാജാധികാരങ്ങളെ പഠിച്ചുകൊണ്ട് അഗംബൻ മുന്നോട്ടുവെക്കുന്ന പ്രധാന ആശയമാണ് പരമാധികാരവും (Sovereignty) നിയമവും തമ്മിലുള്ള ബന്ധം. രാജാക്കന്മാർ എങ്ങനെയാണ് നിയമത്തെ തങ്ങൾക്ക് അനുകൂലമായി വളച്ചൊടിക്കുന്നതെന്നും, പഴയ നിയമങ്ങളെ അസാധുവാക്കി എങ്ങനെ പുതിയ നിയമങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. സുപ്രീം കോടതി പോലെയുള്ള ആധുനിക നീതിന്യായ വ്യവസ്ഥകൾ പോലും ഒരർത്ഥത്തിൽ ഈ രീതി പിൻതുടരുന്നുണ്ട്. ഭരണകൂടത്തിന് പൂർണ്ണ അധികാരം ഉറപ്പിക്കാൻ ജനങ്ങൾ തന്നെയാണ് പലപ്പോഴും ഈ പരമാധികാരികളെ സൃഷ്ടിച്ചെടുക്കുന്നത്. ഹൈഡെഗറുമായുള്ള ബന്ധവും അദ്ദേഹത്തിൻ്റെ ചിന്തകളും അഗംബൻ്റെ ഈ അധികാര വിശകലനങ്ങളെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.

ഹൈഡെഗർ

​നഗ്നജീവിതം (Bare Life): കോവിഡ് കാലത്തെ പലായനങ്ങൾ

​അഗംബൻ്റെ തത്വചിന്തയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പദങ്ങളാണ് ‘സൂയി’ (Zoe), ‘ബയോസ്’ (Bios). സൂയി എന്നത് കേവലമായ ജന്തുജീവിതത്തെ (Biological existence) കുറിക്കുമ്പോൾ, ബയോസ് എന്നത് രാഷ്ട്രീയവും സാമൂഹികവുമായ മനുഷ്യജീവിതത്തെയാണ് അർത്ഥമാക്കുന്നത്.


ഭരണകൂടം മനുഷ്യൻ്റെ ബയോസ് റദ്ദാക്കുകയും അവരെ വെറും മൃഗങ്ങളെപ്പോലെ ജീവിക്കാൻ വിടുകയും ചെയ്യുന്ന അവസ്ഥയെയാണ് അഗംബൻ ‘നഗ്നജീവിതം’ അഥവാ ‘ബെയർ ലൈഫ്’ (Bare life) എന്ന് വിളിക്കുന്നത്.


ഇന്ത്യയിലെ കോവിഡ് കാലത്തെ അടച്ചിരിപ്പും അതിനെത്തുടർന്നുണ്ടായ പ്രതിസന്ധികളും ഇതിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. അടച്ചിരിപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് തങ്ങളുടെ നാടുകളായ ഒറീസ, ബീഹാർ, ബംഗാൾ എന്നിവിടങ്ങളിലേക്ക് പലായനം ചെയ്തത്. ആ സമയത്ത് പോലീസ് അവരെ റോഡിലിരുത്തി ‘തവളച്ചാട്ടം’ ചാടിപ്പിച്ചു. മൈലുകളോളം തവളകളെപ്പോലെ ചാടിപ്പോകുന്ന മനുഷ്യരുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. ഇവിടെ മനുഷ്യന് ഭരണകൂടം നൽകുന്ന വില ഒരു തവളയുടേതോ പഴുതാരയുടേതോ മാത്രമാണ്. പൗരൻ എന്ന നിലയിലുള്ള എല്ലാ അവകാശങ്ങളും റദ്ദാക്കപ്പെട്ട്, കേവലം ജീവൻ നിലനിർത്താൻ വേണ്ടി യാതനകൾ അനുഭവിക്കുന്ന മനുഷ്യരൂപങ്ങളായി അവർ മാറി.

​ബംഗാൾ ഇലക്ഷൻ്റെ സമയത്ത് ഇരുപത്തിയേഴ് ലക്ഷത്തോളം വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതും ഈ നഗ്നജീവിതവൽക്കരണത്തിൻ്റെ ഭാഗമാണ്. ജനങ്ങളെ പൂർണ്ണമായി നിർവീര്യരാക്കുകയും ഭരണകൂടത്തിൻ്റെ ഇംഗിതങ്ങൾക്ക് അനുസരിച്ച് മാത്രം ജീവിക്കാൻ വിധിക്കപ്പെട്ടവരാക്കുകയും ചെയ്യുന്ന ഇത്തരം ഭരണക്രമങ്ങൾ, ജൈവാധികാരത്തിൻ്റെ ഏറ്റവും ഭീകരമായ അവസ്ഥയാണ് നമുക്ക് മുന്നിൽ തുറന്നിടുന്നത്.

സ്റ്റുഡിയോയിലെ ഓർമ്മച്ചിത്രങ്ങളും ചിന്തകരുടെ സ്വാധീനവും

അഗംബൻ്റെ ഏറ്റവും ശ്രദ്ധേയമായ കൃതികളിലൊന്നാണ് ‘സെൽഫ് പോർട്രെയിറ്റ് ഇൻ എ സ്റ്റുഡിയോ’ (Self-Portrait in a Studio). ഓർമ്മകളുടെ ഒരു സമാഹാരമായ ഈ പുസ്തകത്തിൽ അദ്ദേഹം വിവരിക്കുന്ന സ്റ്റുഡിയോ വെറുമൊരു പെയിൻ്ററുടെ മുറിയല്ല. മറിച്ച് പുസ്തകങ്ങളും ചിത്രങ്ങളും കത്തുകളും നിറഞ്ഞ, ഓർമ്മകൾ ഉറങ്ങിക്കിടക്കുന്ന ഒരു ഇടമാണ്. വിവിധ കാലങ്ങളിൽ താൻ താമസിച്ച സ്റ്റുഡിയോകളിൽ അവശേഷിപ്പിച്ചുപോയ ഓർമ്മകളുടെ ശകലങ്ങളെ അദ്ദേഹം തിരികെ വിളിക്കുന്നു. അത് കേവലം ഗൃഹാതുരത്വമല്ല, മറിച്ച് ഭൂതകാലവുമായുള്ള ഒരു സംവാദം കൂടിയാണ്.

സെൽഫ് പോർട്രെയിറ്റ് ഇൻ എ സ്റ്റുഡിയോ

ഈ സ്റ്റുഡിയോകളിൽ ഹൈഡെഗർ, ഹന്നാ ആറൻ്റ്, പാസ്സോളിനി തുടങ്ങിയവരുടെ സാന്നിധ്യമുണ്ട്. പാസ്സോളിനിയുടെ ഒരു സിനിമയിൽ പസോളിനി ഒരുക്കിയ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് അഗംബനായിരുന്നു എന്നതും ചരിത്രമാണ്. പാസ്സോളിനിയുടെ “മാത്യു പുണ്യാളൻ്റെ സുവിശേഷം” (The Gospel According to St. Matthew) എന്ന സിനിമയിലാണ് അഗംബൻ അഭിനയിച്ചത്.

പാസ്സോളിനിയുടെ “മാത്യു പുണ്യാളൻ്റെ സുവിശേഷ”ത്തിലെ ഒരു രംഗം.

ഹൈഡെഗറുടെ ഒരു ചിത്രം എല്ലാ സ്റ്റുഡിയോകളിലും ഒളിഞ്ഞുകിടപ്പുണ്ട്. 1960-കളിൽ ഹൈഡെഗറുടെ പ്രഭാഷണങ്ങൾ കേട്ടത് അഗംബൻ്റെ ചിന്തകളിൽ വലിയ മാറ്റങ്ങളുണ്ടാക്കി. 1956 വരെ തൻ്റെ നാസി ഭൂതകാലത്തെ മറച്ചുവെച്ച ഹൈഡെഗർക്ക് പിന്നീട് വലിയ കുറ്റബോധം അനുഭവപ്പെട്ടിരുന്നു. ഹിറ്റ്ലറിന് കത്തുകളെഴുതുകയും നാസികളെ പിന്തുണയ്ക്കുകയും ചെയ്ത ഹൈഡെഗറുടെ ഈ മാനസിക സംഘർഷങ്ങളും, അദ്ദേഹത്തിൻ്റെ സമയസങ്കൽപ്പങ്ങളും അഗംബനെ ആഴത്തിൽ സ്വാധീനിച്ചു. ഫ്രീഡ്രിക് നീച്ചയുടെ ആശയങ്ങളെ അദ്ദേഹത്തിൻ്റെ സഹോദരി എലിസബത്ത് ഫാസിസ്റ്റുകൾക്ക് കൈമാറുകയും, ‘ഓവർമാൻ’ (Übermensch) പോലെയുള്ള അതിമാനുഷ സങ്കൽപ്പങ്ങൾ എങ്ങനെ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു എന്ന ചരിത്രവും അഗംബൻ്റെ ദാർശനിക വായനകളുടെ ഭാഗമാണ്.

കലയിലെ ശരീരവും നഗ്നതയും

ഒരു കലാ നിരൂപകൻ എന്ന നിലയിൽ അഗംബൻ്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. നവോത്ഥാന കലയിലും പോസ്റ്റ്-എൻലൈറ്റൻമെൻ്റ് കലയിലുമാണ് അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ‘ന്യൂഡ്’ (Nude) എന്ന കൃതിയിൽ അദ്ദേഹം ടീഷൻ, ഫ്രാൻസിസ്കോ ഗോയ തുടങ്ങിയ ചിത്രകാരന്മാരുടെ സൃഷ്ടികളെ സൂക്ഷ്മമായി വിലയിരുത്തുന്നു.

ന്യൂഡിറ്റീസ്

മനുഷ്യശരീരത്തെ വെട്ടിമുറിച്ച് നിരവധി ഖണ്ഡങ്ങളാക്കി വലിച്ചെറിയുന്ന ഗോയയുടെ ചിത്രങ്ങൾ അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചിരുന്നു. അതുപോലെ മനുഷ്യശരീരത്തെ ഇൻഫ്ലേറ്റ് ചെയ്യുന്ന ടിഷ്യൻ്റെ ചിത്രങ്ങളും അദ്ദേഹത്തിൻ്റെ പഠനങ്ങൾക്ക് വിധേയമായി. പെയിൻ്റിംഗ് എന്നത് കേവലമൊരു ദ്വിമാന രൂപമല്ലെന്നും, അതിന് അനന്തമായ മാനങ്ങളും സാധ്യതകളുമുണ്ടെന്നും അഗംബൻ വാദിക്കുന്നു. കലയിലൂടെ മനുഷ്യൻ്റെ അധികാരത്തെയും നിസ്സഹായതയെയും അടയാളപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്.

ഭാഷ, ഉച്ചാരണം, ജന്തുജീവിതം

ഭാഷയും മനുഷ്യൻ്റെ അസ്തിത്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ‘സ്പീച്ച് ഇൻ ഇൻഫൻസി’ (Infancy and History) എന്ന പുസ്തകത്തിൽ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഭാഷയെയും സംഭാഷണങ്ങളെയും പലപ്പോഴും നിസ്സാരവൽക്കരിക്കുന്ന അദ്ദേഹം, ചെറിയ കുട്ടികളുടെ ഉച്ചാരണങ്ങളെയും കരച്ചിലുകളെയും തൻ്റെ ദാർശനിക തലങ്ങളുമായി ബന്ധിപ്പിക്കുന്നു. മനുഷ്യൻ്റെ പ്രാഥമികമായ ജന്തുജീവിതത്തെ (Zoe – സുയി) നിർവ്വചിക്കാൻ ഈ പ്രതികരണങ്ങൾ അദ്ദേഹം ഉപയോഗിക്കുന്നു. ഒരു ഭരണകൂടം മനുഷ്യൻ്റെ അവകാശങ്ങളെ ഇല്ലാതാക്കുമ്പോൾ, ഭാഷ നഷ്ടപ്പെട്ട, പ്രതികരിക്കാൻ കഴിയാത്ത ഒരു നഗ്നജീവിതമായി (Bare Life) മനുഷ്യൻ അധഃപതിക്കുന്നതിൻ്റെ തുടക്കമായി ഇതിനെ വായിച്ചെടുക്കാം.

ഇൻഫൻസി ആൻഡ് ഹിസ്റ്ററി

വാൾട്ടർ ബെഞ്ചമിനും ചരിത്രത്തിൻ്റെ മാലാഖയും

അഗംബൻ്റെ സമയസങ്കൽപ്പങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് വാൾട്ടർ ബെഞ്ചമിൻ്റെ ദർശനങ്ങളാണ്. സമയത്തെ ഒരു നേർരേഖയായി കാണുന്നതിന് പകരം, മിശിഹാ സമയം (Messianic Time) എന്ന ആശയമാണ് ബെഞ്ചമിൻ മുന്നോട്ടുവെച്ചത്. പോൾ ക്ലീ വരച്ച ‘ഏഞ്ചൽ ഓഫ് പ്രോഗ്രസ്’ (Angelus Novus) എന്ന പെയിൻ്റിംഗിനെ അടിസ്ഥാനമാക്കി ബെഞ്ചമിൻ നടത്തിയ നിരീക്ഷണങ്ങൾ അഗംബൻ ഏറ്റെടുക്കുന്നു. ആ പെയിൻ്റിംഗിലെ മാലാഖയുടെ നോട്ടം പുറകോട്ടാണ്, എന്നാൽ മാലാഖ അതിവേഗം ഭാവിയിലേക്ക് കുതിക്കുകയുമാണ്.

ഭൂതകാലത്തിൻ്റെ തകർച്ചകളെയും ദുരന്തങ്ങളെയും നോക്കിക്കൊണ്ട് മനുഷ്യൻ ഭാവിയിലേക്ക് വലിച്ചെറിയപ്പെടുന്നു എന്ന വലിയ സത്യം ഇതിലൂടെ അഗംബൻ ഓർമ്മിപ്പിക്കുന്നു. നമ്മളെ ക്രമീകരിക്കുന്നത് ഏത് സമയമാണ് എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു.

വാൾട്ടർ ബെഞ്ചമിൻ

കൊറോണക്കാലത്തെ സമയവും ഏകാന്തതയും

കൊറോണയെന്ന മഹാമാരിയെ ഒരു ആരോഗ്യ പ്രതിസന്ധി എന്നതിലുപരി, ഭരണകൂടങ്ങൾ തങ്ങളുടെ പരമാധികാരം ഉറപ്പിക്കാൻ ഉപയോഗിച്ച ഒരു ആയുധമായാണ് അഗംബൻ കാണുന്നത്. കൊറോണയെ ലേറ്റ് ക്യാപിറ്റലിസത്തിൻ്റെ വളർച്ചയായി സ്ലാവോയ് സിസെക്ക് വിലയിരുത്തിയപ്പോൾ, അഗംബൻ കണ്ടത് മനുഷ്യൻ്റെ സമയത്തെയും അസ്തിത്വത്തെയും ഭരണകൂടം എങ്ങനെ നിശ്ചലമാക്കുന്നു എന്നതാണ്. അടച്ചിരിപ്പിൻ്റെ (Lockdown) കാലത്ത് പുറത്തുള്ള സമയം നിശ്ചലമായി. മനുഷ്യൻ്റെ ഉള്ളിലെ സമയം കടുത്ത ഏകാന്തതയിലേക്കും (Melancholy) ദുഃഖത്തിലേക്കും വഴുതിവീണു. ഈ അടച്ചിരിപ്പ് ഭരണകൂടത്തെ സംബന്ധിച്ച് ഒരു പരീക്ഷണമായിരുന്നു; മനുഷ്യനെ എങ്ങനെ എളുപ്പത്തിൽ നിയന്ത്രിക്കാം, അവരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ എങ്ങനെ റദ്ദാക്കാം എന്നതിൻ്റെ പരീക്ഷണം. ഇത് വരാനിരിക്കുന്ന ഇതിലും വലിയ ഭീകരാവസ്ഥകളുടെ ഒരു സൂചന (മൂലശാസ്ത്രം) മാത്രമാണെന്ന് അഗംബൻ മുന്നറിയിപ്പ് നൽകുന്നു.

കൊറോണ വൈറസിൽ നിന്ന് സുരക്ഷിതരായിരിക്കാൻ വീട്ടിൽ തന്നെ കഴിയാൻ ആളുകളോട് ആവശ്യപ്പെടുന്ന, സിക്കന്ദരാബാദിലെ ഒരു ട്രാഫിക് ജംഗ്ഷനിലെ ഗ്രാഫിറ്റി.

സത്യാനന്തരകാലവും ഇന്ത്യയുടെ വർത്തമാനവും

ഇന്ന് നാം ജീവിക്കുന്നത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെയും ഉത്തരാനന്തര സത്യത്തിൻ്റെയും (Post-Truth) കാലത്താണ്. വാസ്തവത്തിൽ സത്ത (Content) എന്നത് ആത്യന്തികമായി ഉള്ള ഒന്നല്ല, മറിച്ച് നിരന്തരമായി സൃഷ്ടിക്കപ്പെടുന്ന ഒന്നാണ്. എന്നാൽ ഭരണകൂടങ്ങൾ തങ്ങൾക്ക് ആവശ്യമായ വ്യാജ സത്തകളെയും ചരിത്രങ്ങളെയും സൃഷ്ടിച്ചെടുക്കുകയും അത് സ്കൂളുകളിലും കലാലയങ്ങളിലും കുട്ടികളെക്കൊണ്ട് നിർബന്ധമായി പഠിപ്പിക്കുകയും ചെയ്യുന്നു. ഒരു ഭാഷ, ഒരു മതം, ഒരു രാഷ്ട്രം എന്ന നിലയിലേക്ക് ഭരണകൂടം കാര്യങ്ങളെ കൊണ്ടുപോകുന്നു. ഇല്ലാത്ത ഒരു സത്തയെ നിർമ്മിച്ച് മനുഷ്യരുടെ മേൽ അടിച്ചേൽപ്പിക്കുമ്പോൾ യുക്തിക്ക് അവിടെ യാതൊരു സ്ഥാനവുമില്ലാതാകുന്നു.

ഇന്ത്യയിലെ ഇന്നത്തെ അവസ്ഥ ഈ ഏകതാനതയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. അദാനിയും അംബാനിയും പോലെയുള്ള വൻകിട മൂലധന ശക്തികളുടെ കീഴിൽ ഒരു ഡിജിറ്റൽ ക്യാപിറ്റലിസം ഇവിടെ രൂപപ്പെട്ടിരിക്കുന്നു. ഈ കുത്തൊഴുക്കിൽ ഒഴുകിനടക്കുന്ന വെറും കരിയിലകൾ മാത്രമായി പൗരന്മാർ മാറിയിരിക്കുന്നു. സംഭാഷണങ്ങൾ പോലും നിഷിദ്ധമാകുന്ന, കലയോ സംഗീതമോ നാടകമോ ഇല്ലാത്ത ഒരു ഭീകരാവസ്ഥയിലേക്കാണ് നമ്മുടെ രാജ്യം കടന്നുപോകുന്നത്. ബയോപവർ അതിൻ്റെ പരമോന്നത രൂപത്തിൽ പ്രവർത്തിക്കുന്നത് ഇവിടെയാണ്.

പ്രതിരോധത്തിൻ്റെ അനിവാര്യത

ഭരണകൂടം അടിച്ചേൽപ്പിക്കുന്ന ഈ നഗ്നജീവിതത്തെയും അധികാരത്തെയും നാം എങ്ങനെ നേരിടും? അഗംബൻ്റെ ചിന്തകൾ നൽകുന്ന ഉത്തരം പ്രതിരോധം അനിവാര്യമാണ് എന്നാണ്. ഒരു ചെറിയ പൂച്ചയെ ഒരു മുറിയിലടച്ച് ഉപദ്രവിക്കാൻ ശ്രമിച്ചാൽ അത് നിങ്ങളെ മാന്താൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്. അതുപോലെ, കൊളോണിയൽ വ്യവസ്ഥയ്ക്കെതിരെയും ഉപരിവർഗ്ഗത്തിനെതിരെയും ഉയർന്നുവന്ന സന്താളുകളുടെ കലാപം പോലെയുള്ള ചെറുത്തുനിൽപ്പുകൾ എക്കാലത്തും ഉണ്ടായിട്ടുണ്ട്.


ഇന്ന് 27 ലക്ഷത്തോളം ആളുകളെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത് ഭരണകൂടം തങ്ങളുടെ അജണ്ട നടപ്പിലാക്കുമ്പോൾ, പ്രതിഷേധത്തിൻ്റെ മുനകൾ ഒടിയാതെ കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്.


അഗംബൻ്റെ തത്വചിന്തകൾ നമ്മെ ഓർമ്മിപ്പിക്കുന്നത്, ഇരുണ്ട കാലങ്ങളിലും ഓർമ്മകളെയും കലയെയും ആയുധമാക്കി ഭരണകൂട ഭീകരതയ്ക്കെതിരെ പുതിയൊരു സമയം നമ്മൾ തന്നെ സൃഷ്ടിച്ചെടുക്കേണ്ടതുണ്ട് എന്നാണ്.


പ്രഭാഷണത്തിന്റെ പൂർണരൂപം ഇവിടെ:

https://drive.google.com/file/d/1LNlnnkl35KU6JfH8EBELFw1NtpXvEf6A/view?usp=drive_link

About Author

പ്രൊഫ. പി. കൃഷ്ണനുണ്ണി

ന്യൂഡൽഹി ദേശബന്ധു കോളേജിലെ അധ്യാപകനും എഴുത്തുകാരനുമാണ് പ്രൊഫ. പി. കൃഷ്ണനുണ്ണി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x