A Unique Multilingual Media Platform

The AIDEM

Articles Politics Society

സ്വാതന്ത്ര്യദിനത്തിൽ ചില ഭരണഘടനാചിന്തകൾ

  • August 15, 2022
  • 1 min read
സ്വാതന്ത്ര്യദിനത്തിൽ ചില ഭരണഘടനാചിന്തകൾ

മതേതരത്വത്തെക്കുറിച്ച് മതേതരനീരസവാദികൾ ഉയർത്തുന്ന ഏറ്റവും വലിയ ആരോപണങ്ങളിൽ ഒന്ന് അത് ഭരണഘടനയുടെ ആദ്യരൂപത്തിൽ ഉൾച്ചേർന്നിരുന്നില്ല എന്നതാണ്. ശരിയാണ്. ഭരണഘടനയിൽ നാല്പത്തിരണ്ടാം ഭേദഗതിപ്രകാരം കൂട്ടിച്ചേർത്ത ഒരു സങ്കല്പനമാണ് മതേതരത്വം. അതേ സമയം ഭരണഘടനയാകട്ടെ ,മറ്റേത് ആധികാരിക രേഖയാകട്ടെ അതിൻ്റെ സ്വഭാവവും ലക്ഷ്യവും വെളിപ്പെടുത്തുന്നത് അതിൽ പ്രകാശിപ്പിക്കപ്പെട്ട തത്വങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമല്ല. അവ, ആവിഷ്ക്കരിക്കപ്പെട്ട കാഴ്ചപ്പാടിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ്. എനിക്ക് കൂടുതൽ പരിചയമുള്ള സാഹിത്യമണ്ഡലത്തിലെ ഒരു ഉദാഹരണം എടുത്ത് വിശദീകരിക്കേണ്ടി വരികയാണെങ്കിൽ, ഏലിയാസ് കനേറ്റി കാഫ്കയുടെ കത്തുകൾക്കെഴുതിയ അവതാരികയിൽ പറയുന്ന ഒന്നാണ് തെരഞ്ഞെടുക്കുക. വിശ്വപ്രസിദ്ധമായ ഈഫേൽ ഗോപുരത്തെപ്പറ്റി കനേറ്റി പറയുന്നത് ഏതാണ്ട് ഇങ്ങനെയാണ്. “പുറമേ നിന്ന് നോക്കുമ്പോൾ അത് ഒരു കാഴ്ചയാണ്. എന്നാൽ ആ ഗോപുരത്തിന് മുകളിൽ കയറി നോക്കുകയാണെങ്കിൽ അത് ഒരു കാഴ്ചപ്പാടാണ് ”

ഭരണഘടനയുടെ വാസ്തുശില്പവും ഏതാണ്ട് അങ്ങനെയാണ്. പുറമേ നിന്ന് നോക്കുമ്പോൾ അത് ഒരു കാഴ്ചയാണ്. എന്നാൽ അതിനുള്ളിൽ വസിക്കുന്ന ഒരാൾക്ക് അതൊരു കാഴ്ചപ്പാടാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ ജനിച്ച ഓരോരുത്തരും ഈ ഭരണഘടന എന്ന ഈ വസതിയിൽ കൂടിയാണ് പിറന്നത്. അതുകൊണ്ട് ആ വാസ്തുശില്പത്തിൽ വരുത്തുന്ന ഓരോ ഭേദഗതികളും കാഴ്ചപ്പാടിൽ വരുത്തുന്ന ഭേദഗതിയായി കൂടി കാണണം. കാരണം ആ ഭേദഗതികൾ ഓരോന്നും ആ കാഴ്ചപ്പാടിനെ, ഭരണഘടനാ ദർശനത്തെ സ്വാധീനിക്കുന്ന ഒന്നാണ്.

ഇത് തന്നെയാണ് 1980 കളിലെ സുപ്രധാനകോടതിവിധികളിൽ ഒന്നായ എസ് ആർ ബൊമ്മെ v/s കേന്ദ്രഗവണ്മെൻ്റ്  കേസിൽ സുപ്രീംകോടതിയും ഊന്നിപ്പറഞ്ഞത്. 1976 ൽ മാത്രമാണ് മതേതരത്വം ഭരണഘടനയിൽ ഉൾച്ചേർക്കുന്നതെങ്കിലും അത് അവിടെ ഉണ്ടായിരുന്നു. ഭരണഘടനയുടെ ഓരോ തത്വങ്ങളും ഉൾച്ചേർന്നത് ആധുനികമായ ലോകവീക്ഷണത്തിൻ്റെ അടിസ്ഥാനത്തിലാണ്. ഒരു ആധുനികലോകത്തിന് മതേതരമല്ലാതെ വർത്തിക്കാൻ കഴിയില്ല. മതാധിഷ്ഠിതമായ ഒരു ഭരണഘടന ആഭ്യന്തരമായി വലിയൊരു കൂട്ടം മനുഷ്യരെ പുറന്തള്ളും. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ദർശനങ്ങളിലൊന്ന് ഉൾച്ചേർക്കലാണ്. അത് പുറംതള്ളലിനെ എതിർക്കുന്നു. അതു കൊണ്ട് കർണ്ണാടകത്തിലെ ബൊമ്മെയുടെ സർക്കാരിനെ അക്കാലത്തെ കേന്ദ്ര ഗവണ്മെൻ്റ് പ്രസിഡണ്ടിൻ്റെ പ്രത്യേക അധികാരം ഉപയോഗിച്ചുള്ള മുന്നൂറ്റമ്പത്താറാം വകുപ്പ് പ്രയോഗിച്ച് പിരിച്ചുവിട്ടതിനെതിരെ നിലപാടെടുത്ത സുപ്രീം കോടതി ആ സുപ്രധാനവിധിയിൽ മതേതരത്വത്തെക്കുറിച്ചുള്ള ചില കാര്യങ്ങളും കൂടി കൂട്ടിച്ചേർത്തു. സംസ്ഥാനസർക്കാരുകൾ മതേതരസ്വഭാവം വെടിയുകയാണെങ്കിൽ പ്രസിഡണ്ടിന് പ്രത്യേക അധികാരം ഉപയോഗിച്ച് അവയെ നീക്കം ചെയ്യാവുന്നതാണ്.

ഭരണഘടന ഡ്രാഫ്റ്റിങ്ങ് കമ്മിറ്റി

അതായത് ഫെഡറൽ തത്വങ്ങൾ മാനിക്കുമ്പോഴും ആഭ്യന്തരസുരക്ഷിതത്വത്തിൻ്റെ ആണിക്കല്ലായാണ് മതേതരത്വത്തെ സുപ്രീം കോടതി കണ്ടത്. ഈ വിധിയുടെ ചുവടുപിടിച്ച് ഇന്ത്യയിലെ ഏത് പൗരനും / പൗരയ്ക്കും ചോദിക്കാവുന്ന ഒന്നുണ്ട്. മതേതരത്വത്തെ കാത്തുസൂക്ഷിയ്ക്കേണ്ട കേന്ദ്രസർക്കാർ തന്നെ മതാധിഷ്ഠിത സമീപനം സ്വീകരിക്കുകയാണെങ്കിൽ എന്താണ് ചെയ്യേണ്ടത്?

ഈ ചോദ്യം ഏതെങ്കിലും ഒരു സംഭവത്തെയോ, നടപടിയേയോ സംബന്ധിച്ചല്ല ഇന്ന് ചോദിക്കാനാകുക. അടിമുടി മതാധിഷ്ഠിതമായ ഒരു നിലപാടെടുത്ത കേന്ദ്ര സർക്കാരിന് കീഴിലാണ് നാം കഴിയുന്നതെന്ന് ഇക്കാലത്ത് ഉദാഹരണങ്ങൾ നിരത്തേണ്ടതില്ല. അങ്ങനെ ചെയ്യുന്നത് സാധാരണ പൗരൻ്റെ / പൗരയുടെ സാമാന്യബോധത്തെ ചോദ്യം ചെയ്യലാകും. ന്യൂനപക്ഷങ്ങൾക്ക് മേൽ ഭൂരിപക്ഷമതത്തിൻ്റെ അധീശത്വം നിരന്തരം ഉറപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ കേന്ദ്രഗവണ്മെൻ്റിൻ്റെ നിരന്തരമായ ഒരു ആഖ്യാനം എന്നത് അവർ തന്നെ രാഷ്ട്രീയമായി പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. പൗരത്വനിയമഭേദഗതി പോലെയുള്ള സന്ദർഭങ്ങളിൽ ഇത് ഉച്ചകോടിയിലെത്തുന്നു എന്ന് മാത്രം. ഭരണഘടനയുടെ അസ്തിത്വത്തെ ദുർബലപ്പെടുത്തണമെങ്കിൽ അതിൻ്റെ ആധുനികമായ കഴുക്കോലുകൾ ഊരിക്കളഞ്ഞേ തീരൂ എന്ന് ഇന്നത്തെ കേന്ദ്രഗവണ്മെൻ്റിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ബ്രാഹ്മണിസത്തിന് അറിയാം.

ഈ രാഷ്ട്രീയ ബ്രാഹ്മണിസം അതിൻ്റെ സ്വന്തം “ഭരണഘടന “യുമായി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് നൂറ് വർഷങ്ങൾ ആയിരിക്കുന്നു. വിനായക് ദാമോദർ സവർക്കർ 1923 ൽ പ്രകാശിപ്പിച്ച “ഹിന്ദുത്വത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ ” എന്ന സാമാന്യം വലിയ ലഘുലേഖയിലാണ് ഇവ ആദ്യം പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യയിലെ ബ്രാഹ്മണ സമുദായത്തിന് മേൽക്കൈ നേടാൻ കഴിഞ്ഞതിൻ്റെ ഒരു പ്രധാന കാരണം “സ്മൃതി ” കളുടെ അപ്രമാദിത്വ സ്വഭാവം കൊണ്ടാണ്. മനുസ്മൃതി അവയിൽ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ സാമൂഹികമായ ഈ മേൽക്കൈ പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും വ്യാപകമായി ചോദ്യം ചെയ്യുകയുണ്ടായി. അതിന് മുമ്പും നിരവധി പേർ ,ഭക്തിപ്രസ്ഥാനം എന്ന് പൊതുവേ വിളിക്കുന്ന ധാരയിൽപ്പെട്ട പലരും “സ്മൃതി “കളേയും ബ്രാഹ്മണമേധാവിത്വത്തേയും ചോദ്യം ചെയ്തിട്ടുണ്ടെങ്കിൽ ഈ കീഴാളചരിത്രത്തെയെല്ലാം പതുക്കെപ്പതുക്കെ ആഗിരണം ചെയ്ത് റദ്ദാക്കാൻ അവർക്ക് കഴിയുകയുണ്ടായി. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിലേയും ഇരുപതാം നൂറ്റാണ്ടിലേയും ജാതിവിരുദ്ധ പ്രസ്ഥാനങ്ങൾ ബ്രാഹ്മണിസത്തിൻ്റെ മേൽക്കോയ്മക്ക് സാരമായ പരിക്കേൽപ്പിച്ചു. സവർക്കറുടെ “ഹിന്ദുത്വത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ ” പുറത്തിറങ്ങുന്ന പശ്ചാത്തലം ഇതാണ്.

“ഹിന്ദുത്വത്തിൻ്റെ അടിസ്ഥാനതത്വങ്ങ” ളിൽ സവർക്കർ മനുസ്മൃതിയെയും മറ്റ് സ്മൃതികളേയും ശാശ്വതവല്ക്കരിക്കാനല്ല ഒരുമ്പെട്ടത് എന്ന് പ്രത്യേകം മനസ്സിലാക്കണം. ദേശരാഷ്ട്രങ്ങളുടെ കാലത്ത് സാമൂഹ്യമേൽക്കോയ്മ കൊണ്ടുമാത്രം ബ്രാഹ്മണിസത്തിന് പിടിച്ചുനിൽക്കാനാവില്ല എന്നത് സവർക്കർക്ക് നന്നായറിയാമായിരുന്നു. അതിനാൽ സാമൂഹിക മേൽക്കോയ്മയുള്ള ബ്രാഹ്മണ്യത്തെ രാഷ്ട്രീയ ബ്രാഹ്മണിസമായി പരിവർത്തനം ചെയ്യണമെങ്കിൽ, സ്മൃതികളുടെ “ദൈവികത്വ ” ത്തിൻ്റെ സ്ഥാനത്ത് പ്രത്യയശാസ്ത്രത്തെ അവരോധിക്കണമായിരുന്നു. അങ്ങനെയാണ് രാഷ്ട്രീയ ബ്രാഹ്മണിസത്തിൻ്റെ പ്രത്യയശാസ്ത്രം എന്ന നിലയ്ക്ക് “ഹിന്ദുത്വത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ” 1923 ൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് “ആരാണ് ഹിന്ദു?”, “ഹിന്ദുരാഷ്ട്ര ദർശനം” എന്നൊക്കെ പല പേരുകളിൽ ആ പ്രത്യയശാസ്ത്രത്തെ വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ സവർക്കർ ഏർപ്പെടുന്നുണ്ട്. അദ്ദേഹത്തിൻ്റെ ജ്യേഷ്ഠസഹോദരനായ “ബാബാറാവു” എന്നറിയപ്പെടുന്ന ഗണേഷ് ദാമോദർ സവർക്കറും ഈ രാഷ്ട്രീയദർശനത്തെ വികസിപ്പിക്കുവാൻ പണിപ്പെട്ട വ്യക്തിയാണ്. അദ്ദേഹമെഴുതിയ പുസ്തകം തർജ്ജമ ചെയ്തുകൊണ്ടാണ് എം എസ് ഗോൾവാൾക്കർ ഹിന്ദുത്വ യെ വികസിപ്പിക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെടുന്നത്. “വി ഓർ അവർ നാഷൻ ഹുഡ് ഡിഫൈൻഡ്” എന്ന പേരിൽ ഇംഗ്ലീഷിൽ ഗോൾവാൾക്കർ പ്രസിദ്ധീകരിച്ച പുസ്തകത്തെ സംബന്ധിച്ച തർക്ക വിതർക്കങ്ങൾ നമ്മുടെ ചർച്ചാവിഷയം അല്ലാത്തത് കൊണ്ട് അങ്ങോട്ട് പോകുന്നില്ല. പിന്നീട് ഗോൾവാൾക്കർ ആർ എസ് എസിൻ്റെ സർസംഘചാലകനായിരിക്കേ പ്രസിദ്ധീകരിച്ച “വിചാരധാര” യും തുടർന്ന് ആ സംഘടനയുടെ പിൽക്കാലതീരുമാനങ്ങളും ഈ രാഷ്ട്രീയ ബ്രാഹ്മണി സത്തിൻ്റെ പ്രത്യയശാസ്ത്രത്തെ പുഷ്ടിപ്പെടുത്തുന്നവയായിരുന്നു.

“ഹിന്ദുത്വത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ ” ദേശരാഷ്ട്രഘടനയുള്ള ആഗോളപശ്ചാത്തലത്തിലാണ് രൂപപ്പെടുന്നതെന്ന് നാം നിരീക്ഷിച്ചുവല്ലോ. അതുകൊണ്ട് തന്നെ സ്മൃതികളിലൊന്നും ചർച്ചയ്ക്ക് വിധേയമാക്കാത്ത രാഷ്ട്രം, പൗരത്വം എന്നീ വിഷയങ്ങളാണ് സവർക്കർ അതിൽ മുന്നോട്ട് വെച്ചത്. സവർക്കറുടെ പൗരത്വ സങ്കല്പം പരിശോധിക്കുകയാണെങ്കിൽ “ഹിന്ദുരാഷ്ട്ര” ത്തിലെ പൗരത്വം നിലകൊള്ളുന്നത് രണ്ട് കാര്യങ്ങളെ ആസ്പദിച്ചാണ്
1 ) ഭാരതം പിതൃഭൂമി ആയിരിക്കണം
2 ) ഭാരതം പുണ്യഭൂമി ആയിരിക്കണം

ഈ തത്വങ്ങൾ ആസ്പദിച്ച് പരിശോധിക്കുകയാണെങ്കിൽ ന്യൂനപക്ഷങ്ങൾക്ക് ഒരിക്കലും ഭാരതത്തിൽ പൗരത്വം ലഭിക്കുകയില്ല. നിരവധി തലമുറകളായി ഇന്ത്യയിൽ കഴിഞ്ഞു വരുന്ന മുസ്ലീങ്ങൾക്ക് അവരുടെ പുണ്യഭൂമി മെക്ക ആയിരിക്കുന്നിടത്തോളം കാലം ഇന്ത്യയിൽ പൗരത്വം ലഭിക്കുകയില്ല. മാർപ്പാപ്പയിൽ വിശ്വസിക്കുന്ന കത്തോലിക്കരുടെ കാര്യവും അങ്ങനെത്തന്നെ. അങ്ങനെ പൗരത്വത്തിൻ്റെ അടിസ്ഥാന തത്വമായി മതചരിത്രത്തെ ഉപയോഗിച്ചു കൊണ്ട് ന്യൂനപക്ഷങ്ങളെ പുറത്താക്കുന്ന രീതിയാണ് സവർക്കർ വികസിപ്പിച്ചെടുത്തത്.

ഈ രീതിയാണ് ഇന്നത്തെ ഇന്ത്യൻ ഭരണകൂടം പിന്തുടരുന്നതെന്ന് ഒറ്റനോട്ടത്തിൽ നമുക്ക് കാണാൻ കഴിയും. പൗരത്വബിൽ മുതൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ഭക്ഷണശീലങ്ങളും വസ്ത്രധാരണരീതികളും മുൻനിർത്തിയുള്ള ആൾക്കൂട്ട ആക്രമണവും വരെ ഈ പൗരത്വ സങ്കല്പത്തെ ആസ്പദമാക്കിയാണ് ഹിന്ദുത്വ രാഷ്ട്രീയം മെനഞ്ഞെടുത്തിട്ടുള്ളത്. ഇത് ഇന്ത്യൻ ഭരണഘടന പ്രദാനം ചെയ്യുന്ന മതേതരമായ കാഴ്ചപ്പാടിന് കടകവിരുദ്ധമായ ഒന്നാണ്. അതിനാൽ ഭരണഘടനയെ കാഴ്ചപ്പാടിൽ നിന്നും കാഴ്ചയാക്കുന്ന പ്രവർത്തനത്തിലൂടെ അതിൻ്റെ മതേതരത്വത്തെ എന്നന്നേയ്ക്കുമായി ഊറ്റിയെടുക്കുന്ന രാഷ്ട്രീയപ്രക്രിയക്കാണ് ഈ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തിൽ നാം സാക്ഷ്യം വഹിക്കുന്നത്.

സംസ്ഥാനസർക്കാരുകൾ മതേതരത്വം ലംഘിക്കുകയാണെങ്കിൽ മുന്നൂറ്റി അമ്പത്താറാം വകുപ്പ് പ്രസിഡണ്ടിന് ഉപയോഗിക്കാൻ കഴിയും എന്ന വിധിയുടെ അടിസ്ഥാനത്തിൽ ഒരു വലിയ ചോദ്യമാണ് ഈ സന്ദർഭത്തിൽ നാം ഉപയോഗിക്കേണ്ടത്. കേന്ദ്രഗവണ്മെൻ്റ് തന്നെ മതേതരത്വം ലംഘിക്കുകയാണെങ്കിലോ? ഇത് സാങ്കേതികമായ ഒരു ചോദ്യം എന്നതിനേക്കാൾ രാഷ്ട്രീയമായ ചോദ്യമാണ്. ഈ ചോദ്യത്തിന് മുന്നിലാണ് നമ്മുടെ പ്രതിപക്ഷകക്ഷികളുടെ രാഷ്ട്രീയ ദൗർബല്യം വെളിപ്പെടുന്നത് എന്നത് കൂടി പറഞ്ഞു വെയ്ക്കട്ടെ. ഹിന്ദുത്വ രാഷ്ട്രീയം ഒരു ജനാധിപത്യ രാഷ്ട്രീയം അല്ല. അത് ഇന്ത്യയുടെ ജനാധിപത്യ, മതേതര, തുല്യാവകാശ സ്വഭാവത്തെ അട്ടിമറിക്കുന്ന ഒന്നാണ്.

About Author

പി. എൻ. ഗോപീകൃഷ്ണൻ

മലയാളത്തിലെ ഉത്തരാധുനികകവിതയിൽ കൃത്യമായ രാഷ്ട്രീയവീക്ഷണങ്ങളോടെ നിരന്തരം വായനക്കാരെ അഭിസംബോധന ചെയ്തുപോരുന്ന കവിയാണ് പി.എൻ.ഗോപീകൃഷ്ണൻ. മടിയരുടെ മാനിഫെസ്റ്റോ, ദൈവത്തെ മാറ്റിയെഴുതുമ്പോൾ, ഇടിക്കാലൂരി പനമ്പട്ടടി, എന്റെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ സ്ത്രീ ഏറ്റവും അവസാനത്തെ സ്ത്രീയോട് പറയുന്നത്, ബിരിയാണിയും മറ്റു കവിതകളും, പ്രളയവാരിധി നടുവിൽ നാം എന്നിവ കവിതാസമാഹാരങ്ങൾ. ഇടിക്കാലൂരി പനമ്പട്ടടി 2014ലെ കേരളസാഹിത്യ അക്കാദമി അവാർഡിന് അർഹമായി. അയനം എ അയ്യപ്പൻ അവാർഡ്, മുല്ലനേഴി പുരസ്കാരം, കെ ദാമോദരൻ പുരസ്കാരം, സമഗ്രസംഭാവനക്കുള്ള കുഞ്ഞുണ്ണി സ്മൃതി പുരസ്കാരം, കണ്ണൂർ സർവകലാശാലയുടെ ഡോ.പി.കെ.രാജൻ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.