A Unique Multilingual Media Platform

The AIDEM

Articles Climate Enviornment International

COP27ൽ വികസ്വര രാജ്യങ്ങൾക്ക് നേരിയ ആശ്വാസം

  • November 12, 2022
  • 1 min read
COP27ൽ വികസ്വര രാജ്യങ്ങൾക്ക് നേരിയ ആശ്വാസം

 നവംബർ 6 ന് ഈജിപ്തിലെ ഷരം എൽ ഷെയ്‌ഖിലാരംഭിച്ച ലോക കാലാവസ്ഥാ സമ്മേളനം തുടരുമ്പോൾ, സമ്മേളനത്തിലെ ആദ്യത്തെ പ്രധാനപ്പെട്ട പ്രഖ്യാപനം വന്നിരിക്കുന്നു. കോർപ്പറേറ്റ് ഭീമന്മാർ അവർ നടത്തുന്ന കാർബൺ വികിരണത്തിനു പ്രതിവിധിയായി കാലാവസ്ഥാ മാറ്റം തടയാൻ വേണ്ട നിക്ഷേപമായി നൽകുന്ന കോടിക്കണക്കിനു ബില്യൺ ഡോളർ വരുന്ന പണത്തിൽ (കാലാവസ്ഥ നിക്ഷേപ ഫണ്ടുകൾ) വലിയൊരു പങ്ക്, വികസ്വര രാജ്യങ്ങളുടെ വ്യവസായങ്ങൾക്ക് ഹരിത ഉത്പാദന രീതികളിലേക്ക് മാറാൻ ധനസഹായമായി നൽകുമെന്ന പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. 

അഞ്ചു മേഖലകളിൽ കാർബൺ വികിരണം തടയാൻ സമഗ്രമായ നടപടികൾ  

ഊർജ്ജം, ഗതാഗതം, ഉരുക്ക്, ഹൈഡ്രജൻ, കൃഷി എന്നീ അഞ്ചു മേഖലകളിൽ ഡികാർബണൈസേഷൻ അഥവാ കാർബൺ വികിരണം ഇല്ലാതാക്കാൻ 25 പുതിയ സംയുക്ത കർമ്മപദ്ധതികൾ അടങ്ങിയ മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ ലോക കാലാവസ്ഥ സമ്മേളനത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ നവംബർ 11 നു തീരുമാനിച്ചു. 12 മാസം കൊണ്ട് ഈ മാസ്റ്റർ പ്ലാൻ നടപ്പാക്കും എന്നാണ് പ്രഖ്യാപനം. നേരത്തെയും കാലാവസ്ഥാ മാറ്റത്തെ നേരിടാൻ ഇത്തരം പ്രഖ്യാപനങ്ങൾ കാലാവസ്ഥാ ഉച്ചകോടികളിൽ ഉണ്ടായിട്ടുണ്ട്. പക്ഷെ അവ വളരെ നേരിയ തോതിൽ മാത്രമാണ് നടപ്പായത് എന്ന് ഓർക്കുന്നതും ഈ ഘട്ടത്തിൽ ആവശ്യമാണ്. 

ഹരിത സാങ്കേതിക വിദ്യകളെ ചെലവ് കുറച്ച്, എല്ലാവർക്കും ഉപയോഗിക്കാൻ കിട്ടാവുന്ന രീതിയിൽ സർവത്രികമാക്കുക എന്നതാണ് പുതുതായി പ്രഖ്യാപിച്ച പരിപാടിയുടെ കാതൽ. 50% ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് തള്ളുന്നത് ഊർജ്ജം, ഗതാഗതം, ഉരുക്ക്, ഹൈഡ്രജൻ, കൃഷി എന്നീ 5 മേഖലകൾ ചേർന്നാണ്. ഈ മാസ്റ്റർ പ്ലാൻ നടപ്പായാൽ ഊർജോത്പാദനത്തിന്റെ ചെലവ് കുറയുകയും, ചൂട് വർധിപ്പിക്കുന്ന ഹരിത ഗൃഹ വാതകങ്ങളുടെ അന്തരീക്ഷത്തിലേക്കുള്ള വികിരണം കുറയുകയും, ഭക്ഷ്യ സുരക്ഷ വർധിക്കുന്ന രീതിയിൽ ഗുണപരമായ മാറ്റം കൃഷിയിൽ ഉണ്ടാവുകയും ചെയ്യും എന്ന് വിലയിരുത്തപ്പെടുന്നു. 

ആഗോള ജി.ഡി.പി. യുടെ 50% ത്തിലധികം സൃഷ്ടിക്കുന്ന 47 രാജ്യങ്ങൾ ഈ മാസ്റ്റർ പ്ലാൻ നടപ്പാക്കും എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. അക്കൂട്ടത്തിൽ നേതൃത്വം യു.കെ., യു.എ.ഇ. തുടങ്ങിയ രാജ്യങ്ങൾക്കാണെങ്കിലും നേരത്തെ മടിച്ചു നിന്നിരുന്ന അമേരിക്ക, ചൈന എന്നീ ലോകത്ത്‌ ആഗോളതാപനത്തിനു പ്രധാന കാരണക്കാരായ (കാർബൺ വികിരണ വ്യവസായങ്ങൾ ഏറ്റവും കൂടുതലുള്ള) വൻ ശക്തികൾ കൂടി ഈ പദ്ധതിയിൽ ഒപ്പുവെച്ചിരിക്കുന്നു എന്നത് വളരെ ശ്രദ്ധേയമാണ്.  അത് സ്വകാര്യ കോർപ്പറേറ്റ് മേഖലക്കുള്ള ഒരു സന്ദേശം കൂടിയാണ്. കാരണം, ലോകത്തെ പകുതി സാമ്പത്തിക ശേഷി കയ്യാളുന്ന രാജ്യങ്ങൾ ഒരുമിച്ചു നിന്ന് മാറ്റം വേണം എന്ന് തീരുമാനിക്കുമ്പോൾ ആഗോളതാപനം കൂട്ടുന്ന വ്യവസായ-വാണിജ്യ രീതികൾ മാറ്റാൻ സ്വകാര്യ കോർപ്പറേറ്റ് ഭീമന്മാരും നിർബന്ധിതരായേക്കാം. 

ഈ രാജ്യങ്ങളുടെ ഭരണകൂടങ്ങളുടെ ഒരു കേന്ദ്ര സമിതിയാണ് പദ്ധതി നടപ്പാക്കാൻ നേതൃത്വം നൽകുക. വ്യവസായ കമ്പനികളുടെയും, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെയും കൂടി പങ്കാളിത്തത്തോടെയായിരിക്കും ഈ മാസ്റ്റർ പ്ലാൻ നടപ്പാക്കുക. ഇന്ത്യയും ഈ കൂട്ടായ്മയുടെ ഭാഗമാണ്. ലോകം കൂടുതൽ പ്രവർത്തിയിൽ ഊന്നുന്ന കാലാവസ്ഥാ മാറ്റ അതിജീവന പദ്ധതികളിലേക്ക് നീങ്ങുന്നു എന്നുകൂടിയാണ് ഈ തീരുമാനം കാണിക്കുന്നത്. ഭരണകൂടങ്ങളും കോർപ്പറേറ്റുകളും ഉണർന്നു പ്രവർത്തിക്കാൻ നിർബന്ധിതരായിരിക്കുന്നു. കാരണം, അവരുടെയെല്ലാം അതിജീവനം കാലാവസ്ഥാ മാറ്റത്തിന്റെ തുലാസിലാണ്.

വ്യവസായങ്ങളുടെ കാർബൺ വികിരണം കുറയ്ക്കാൻ മാസ്റ്റർ പ്ലാൻ 

ഈ മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്യുന്ന പ്രായോഗിക നടപടികൾ ഇനി പറയുന്നവയാണ്:

  1. കാർബൺ വികിരണം ഏതാണ്ട് പൂജ്യത്തിലേക്ക് എത്തിക്കേണ്ടതുണ്ട്. ഇതിനു സഹായിക്കുന്ന വിധത്തിൽ ഉരുക്കും, ഹൈഡ്രജനും, പ്രകൃതി സൗഹൃദ ബാറ്ററികളും ഉത്പാദിപ്പിക്കാൻ ഒരു പൊതു മാനദണ്ഡം നിർവചിക്കും. ആ മാനദണ്ഡം പാലിക്കുന്ന വ്യവസായങ്ങളിലേക്ക് നിക്ഷേപവും, വിപണിയും ചെല്ലുന്നു എന്ന് ഉറപ്പു വരുത്തും. ഇതിനു വേണ്ടി ചുരുങ്ങിയത് 50 വലിയ നെറ്റ് സീറോ എമിഷൻ (കാർബൺ വികിരണം പൂജ്യത്തോടടുത്തു നിൽക്കുന്ന) വ്യവസായ പ്ലാന്റുകളും, ചുരുങ്ങിയത് 100 ഹരിത ഹൈഡ്രജൻ ഉത്പാദന താഴ്വരകളും, അതിർത്തികൾ മുറിച്ചുകടക്കുന്ന വലിയ ഊർജ്ജ-ശൃംഖലാ (power grid) അടിസ്ഥാന സൗകര്യ പദ്ധതികളും നടപ്പാക്കും.
  2. പാരീസ് കരാറിന് അനുസൃതമായി, അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന കാറുകളും, മറ്റു വാഹനങ്ങളും പൂർണ്ണമായും നിർത്തലാക്കുന്നതിനുള്ള ഒരു പൊതു തിയ്യതി നിശ്ചയിക്കും. ആഗോള തലത്തിൽ ഇത് 2040 ആയിരിക്കും. പ്രമുഖ വാഹന നിർമ്മാണ മേഖലകൾക്ക് ഈ സമയ പരിധി 2035 ഉം ആയിരിക്കും. ഈ തിയ്യതികൾ മാസ്റ്റർ പ്ലാനിനു പിന്നിൽ അണിനിരന്നിട്ടുള്ള രാജ്യങ്ങൾ ചേർന്ന് പ്രഖ്യാപിക്കും. ഒപ്പം തന്നെ ബിസിനസ്സുകളും, നഗര ഭരണകൂടങ്ങളും ഇതേ പ്രഖ്യാപനം നടത്തും.
  3. ലോകത്തെങ്ങുമുള്ള സ്വകാര്യ-പൊതു മേഖലകൾ, അടിസ്ഥാന സൗകര്യങ്ങൾക്കായും, സംഭരണത്തിനായും ചെലവിടുന്ന ശത കോടിക്കണക്കായ പണം ഉപയോഗിച്ച് ആഗോളതലത്തിൽ ഹരിത വ്യവസായ ഉത്പന്നങ്ങൾക്ക് ആവശ്യം വർധിപ്പിക്കും.
  4. കാലാവസ്ഥാ നിക്ഷേപ ഫണ്ടുകൾ ഉപയോഗിച്ച്, ലോകത്തെ തന്നെ ആദ്യത്തെ ഏറ്റവും വലിയ (പൂർണ്ണമായും ഈ ഒരൊറ്റ കാര്യത്തിന് വേണ്ടി നീക്കി വെച്ച), വ്യവസായങ്ങളെ ഹരിത സാങ്കേതിക വിദ്യകളിലേക്ക് ചുവടു മാറാൻ സഹായിക്കുന്ന പദ്ധതി നടപ്പാക്കും. വികസ്വര രാജ്യങ്ങൾക്കും വളർന്നു വരുന്ന വിപണികൾക്കും ഈ ചുവടുമാറ്റം നടത്താൻ സാധിക്കുന്ന വിധത്തിൽ സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ നൽകുന്നതിനാവും ഈ പദ്ധതി ഊന്നൽ നൽകുക.
  5. ഭക്ഷ്യ സുരക്ഷിതത്വം ഇല്ലായ്മയും, കാലാവസ്ഥാ മാറ്റവും, പരിസ്ഥിതി നാശവും കൊണ്ടുണ്ടാവുന്ന വെല്ലുവിളികൾക്ക് പരിഹാരങ്ങൾ കണ്ടെത്താൻ കാർഷിക ഗവേഷണത്തിനും, വികസനത്തിനും, ഹരിതബദലുകൾ കാണിച്ചുകൊടുക്കുന്നതിനും വേണ്ടിയുള്ള മൂലധനനിക്ഷേപം ഉറപ്പാക്കും. 

47 രാജ്യങ്ങൾ ഈ മാസ്റ്റർ പ്ലാൻ അംഗീകരിച്ചു കഴിഞ്ഞു. ബ്രെയ്ക്ക് ത്രൂ അജണ്ട (Breakthrough Agenda) എന്ന പേരിലാണ് ഈ പ്രായോഗിക പദ്ധതി അറിയപ്പെടുന്നത്. കൂടുതൽ രാജ്യങ്ങൾ ഇതിലേക്ക് ചേരും എന്നാണ് പ്രതീക്ഷ. 

 

കോർപ്പറേറ്റ് കമ്പനികളുടെ വാഗ്ദാനം 

കഴിഞ്ഞ വർഷത്തെ കാലാവസ്ഥാ ഉച്ചകോടിയിൽ രുപപെടുത്തിയ ഫസ്റ്റ് മൂവേഴ്‌സ് കൊയലിഷൻ എന്ന കോർപ്പറേറ്റ് കമ്പനികളുടെ കൂട്ടായ്മയിലേക്ക് പെപ്സിക്കോ (Pepsi Co), ജനറൽ മോട്ടോർസ് (General Motors), റിയോ ടിന്റോ, ഈറ്റക്സ് (ETEX) എന്നീ വ്യവസായ ഭീമന്മാർ കൂടി കടന്നു വന്നിരിക്കുന്നു. ഇതോടെ കാലാവസ്ഥാ മാറ്റത്തെ നേരിടാൻ രൂപീകരിച്ച ഈ കോർപ്പറേറ്റ് സംഘത്തിൽ 65 വ്യവസായ ഭീമന്മാർ അംഗങ്ങളായിരുന്നു. അന്തരീക്ഷത്തിലേക്കുള്ള 30% കാർബൺ വികിരണത്തിനു കാരണക്കാരായ ഘന വ്യവസായത്തെയും, ദീർഘദൂര ചരക്കു ഗതാഗത മേഖലയെയും, പൂജ്യത്തോടടുത്ത കാർബൺ വികിരണത്തിലേക്ക് എത്തിക്കാൻ സഹായകമായ ഹരിത സാങ്കേതിക വിദ്യകളെ വ്യാവസായിക അടിസ്ഥാനത്തിൽ തന്നെ പ്രചരിപ്പിക്കാൻ 12 ബില്യൺ ഡോളർ ചെലവഴിക്കാമെന്ന് ഈ കോർപ്പറേറ്റ് സംഘം ഉറപ്പു നൽകിയിരിക്കുകയാണ്. 

സിമന്റ്, കോൺക്രീറ്റ് മേഖലകളിലുള്ള ഇടപെടലുകളും ഫസ്റ്റ് മൂവേഴ്‌സ് കൊയലിഷൻ ആരംഭിച്ചിട്ടുണ്ട്. 2030 ആകുമ്പോഴേക്കും തങ്ങൾ വാങ്ങുന്ന ആകെ സിമന്റും കോൺക്രീറ്റും കാർബൺ വികിരണം പൂജ്യത്തോടടുത്തു നിൽക്കുന്ന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമ്മിച്ചതാണ് എന്ന് ഉറപ്പു വരുത്താം എന്നതാണ് ഈ വൻകിട കമ്പനികളുടെ കൂട്ടായ്മ കാലാവസ്ഥാ സമ്മേളനത്തിൽ മുന്നോട്ടു വെച്ച മറ്റൊരു വാഗ്ദാനം. 

ലോകത്തെ ഏറ്റവും വലിയ ഹരിത ഹൈഡ്രജൻ ഉത്പാദകരും, ഷിപ്പിംഗ് വ്യവസായ രംഗത്തെ പ്രമുഖരും ചേർന്ന്, 2030 ആകുമ്പോഴേക്കും ഈ രണ്ടു കൂട്ടരും ഹരിത ഹൈഡ്രജൻ മാത്രം ഉത്പാദിപ്പിക്കുകയും, ഉപയോഗിക്കുകയും ചെയ്യും എന്ന പ്രഖ്യാപനവും ഈജിപ്തിൽ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിയിൽ വരും ദിവസങ്ങളിൽ ഉണ്ടാകും. 

ഗ്രീൻ വാഷിംഗ് (Green Washing) എന്ന പദം ഓർക്കാതെ ഈ പ്രഖ്യാപനങ്ങളെ പറ്റി ചർച്ച ചെയ്യുക സാധ്യമല്ല. തങ്ങൾ നടത്തുന്ന ഹരിത വാതക നിർഗമനത്തെ കുറയ്ക്കാൻ ശ്രമിക്കുന്നതിനു പകരം തത്തുല്യമായ പണം കൊടുത്ത്,  അതിൽ നിന്ന് തലയൂരി, പഴയതുപോലെ മുന്നോട്ടുപോകാം  എന്ന സമീപനം കോർപ്പറേറ്റുകൾ എക്കാലത്തും സ്വീകരിച്ചിട്ടുണ്ട്. ഇതിനൊരു മാറ്റം പെട്ടെന്നുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നത് വസ്തുതാ വിരുദ്ധമായിരിക്കും. അതേ സമയം, ഈ കോർപ്പറേറ്റുകളുടെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുന്ന വിധത്തിൽ- അവരുടെ വിഭവ ലഭ്യത, തൊഴിൽ ലഭ്യത, ലാഭസാധ്യതകൾ, എന്നിവയെ എല്ലാം തകിടം മരിക്കുന്ന വിധത്തിൽ- കാലാവസ്ഥാ മാറ്റം കടുത്തുവരുമ്പോൾ, ക്രിയാത്മകമായി ഇടപെടാൻ അവരും നിർബന്ധിതരാവുന്നു എന്ന വശവും ഇതിനുണ്ട്.

തങ്ങളുടെ ഉത്പാദന വാണിജ്യ പ്രവർത്തനങ്ങളെ നെറ്റ്‌ സീറോ (Net Zero) കാർബൺ വികിരണത്തിൽ എത്തിക്കാം എന്ന കാലാവസ്ഥാ പ്രതിജ്ഞകൾ പബ്ലിക് റിലേഷൻ അഭ്യാസങ്ങൾ മാത്രമായി കോർപ്പറേറ്റുകൾ കാണുന്നു എന്ന വിമർശനം ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുതരസ് തന്നെ ഈജിപ്തിലെ കാലാവസ്ഥാ ഉച്ചകോടിയിൽ നടത്തുകയുണ്ടായി. ഐക്യ രാഷ്ട്ര സഭ ഇത്തരം പ്രഖ്യാപനങ്ങൾ എത്രത്തോളം ആത്മാർത്ഥമാണ് എന്ന് പരിശോധിക്കാൻ ഒരു സമിതിയെ നിയോഗിച്ചിരുന്നു. കാനഡയുടെ മുൻ പരിസ്ഥിതി മന്ത്രി കാതറിൻ മക് കെന്ന അധ്യക്ഷയായ ഈ സമിതി അതിന്റെ റിപ്പോർട്ട് ഇപ്പോൾ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയിൽ സമർപ്പിച്ചിട്ടുണ്ട്. രാജ്യങ്ങളും കോർപ്പറേറ്റ് കമ്പനികളും നടത്തിയ കാലാവസ്ഥാ പ്രതിജ്ഞകൾ മിക്കതും വെറും വാചാടോപവും, പൊള്ളയായ മുദ്രാവാക്യങ്ങളും മാത്രമാണ് എന്നാണ് ഈ സമിതി കണ്ടെത്തിയത്. 

സ്വകാര്യമേഖലയുടെ മൂലധന നിക്ഷേപം, സർക്കാരുകളുടെ ഹരിത നയങ്ങൾ: രണ്ടും ചേർന്ന കർമ്മപദ്ധതി  

പുതിയ കർമ്മ പദ്ധതി നടപ്പാക്കുന്നതിൽ രാജ്യങ്ങളുടെ ഭരണകൂടങ്ങൾ ഇച്ഛാശക്തി കാണിക്കുമോ, കോർപ്പറേറ്റുകൾ ആത്മാർത്ഥത കാണിക്കുമോ എന്ന ചോദ്യം നിലനിൽക്കുന്നു. എങ്കിൽ പോലും ഈജിപ്തിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ ഉണ്ടായി വന്ന, 47 രാജ്യങ്ങൾ ഒപ്പിട്ട മാസ്റ്റർ പ്ലാൻ പ്രസക്തം തന്നെയാണ്. 

വികസ്വര രാജ്യങ്ങളുടെ വ്യവസായങ്ങളെ ഹരിത സാങ്കേതിക വിദ്യയിലേക്കു മാറ്റാൻ കാലാവസ്ഥാ നിക്ഷേപ ഫണ്ടുപയോഗിച്ചുള്ള ചരിത്രത്തിലെ ആദ്യത്തെ ഏറ്റവും വലിയ വ്യവസായ ഗതിമാറ്റ പരിപാടി (Industry Transition Programme), യൂറോപ്യൻ ബാങ്ക് ഫോർ റികൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്മെന്റിന്റെ നേതൃത്വത്തിൽ ഈജിപ്തിൽ നടപ്പാക്കുന്ന 410 മില്യൺ ഡോളർ ചെലവുള്ള ഹരിത ഹൈഡ്രജൻ നിക്ഷേപ പദ്ധതി, ലോക ബാങ്കിന്റെ നേതൃത്വത്തിൽ 1.6 ബില്യൺ ഡോളറിന്റെ ആഗോള ഹരിത ഹൈഡ്രജൻ പദ്ധതി, എന്നിവയാണ് ഈ ബ്രെയ്ക് ത്രൂ പരിപാടിയുടെ കൃത്യവും പ്രായോഗികവുമായ കാൽവെയ്പുകൾ. 

കാലാവസ്ഥാ നിക്ഷേപ ഫണ്ടിന്റെ ക്യാപ്പിറ്റൽ മാർക്കറ്റ് മെക്കാനിസം എന്ന ഒരു നൂതന സംവിധാനവും ഒരു വര്ഷം കൊണ്ട് നടപ്പാക്കാൻ തീരുമാനമായിട്ടുണ്ട്. ഇതിലൂടെ വിവിധ വ്യവസായ മേഖലകളെ അടുത്ത 10 വർഷം കൊണ്ട് ഹരിത സാങ്കേതിക വിദ്യയിലേക്കും, ഹരിത ഉത്പാദന ശൃംഖലകളിലേക്കും മാറാൻ സഹായിക്കുന്നതിന് വേണ്ടി ശത കോടിക്കണക്കിനു പണം സമാഹരിക്കാൻ കഴിയും എന്നാണ് കണക്കാക്കുന്നത്.

ഈ സമ്മേളനത്തിന്റെ തീരുമാനങ്ങൾ വരുന്നതോടെ, ചരിത്രത്തിൽ ആദ്യമായി പെട്രോളിയം ഉത്പന്നങ്ങളിലും പ്രകൃതി വാതകങ്ങളിലും ഉള്ളതിനേക്കാൾ കൂടുതൽ നിക്ഷേപം സൗരോർജ്ജ വ്യവസായത്തിലും, കാറ്റിൽ നിന്ന് ഊർജ്ജം ഉണ്ടാക്കുന്ന വ്യവസായങ്ങളിലും ആണ് എന്ന സ്ഥിതി വരാൻ പോവുകയാണ് എന്ന് കണക്കാക്കപ്പെടുന്നു. ഒപ്പം ലക്ഷക്കണക്കിന് ടൺ സ്റ്റീൽ ഉത്പാദന പ്ലാന്റുകൾ കാർബൺ വികിരണം പൂജ്യത്തോടടുപ്പിക്കുന്ന വിധത്തിൽ ഉത്പാദന രീതികൾ മാറ്റാൻ അവയിലേക്ക് വലിയ സാമ്പത്തിക നിക്ഷേപം വരാൻ പോകുന്നു. 

അഗ്രികൾച്ചർ ഇന്നവേഷൻ മിഷൻ ഫോർ ക്ളൈമറ്റ് എന്ന, അമേരിക്കയും, യു.എ.ഇ. യും ചേർന്ന് നടപ്പാക്കുന്ന പദ്ധതിക്ക് കീഴിൽ 4 ബില്യൺ ഡോളർ കാർഷിക മേഖലയെ സീറോ കാർബൺ വികിരണ മാതൃകയിൽ പുതുക്കാൻ മാറ്റിവെച്ചിരിക്കുന്നു.

തീരുമാനങ്ങൾ എത്രത്തോളം നടപ്പാക്കപ്പെടും എന്ന ആശങ്ക മുൻകാല അനുഭവം വെച്ചുനോക്കിയാൽ അസ്ഥാനത്തല്ല. നവംബർ 18 വരെ നടക്കുന്ന COP 27 ലോക കാലാവസ്ഥാ ഉച്ചകോടിയിലും വരുംദിവസങ്ങളിൽ നിർണ്ണായകമായ തീരുമാനങ്ങൾ ഉണ്ടാകും. അതേ സമയം, നിലവിലുള്ള വികസന ചട്ടക്കൂടിൽ നിന്ന് കാര്യമായി മാറി ചിന്തിക്കാനോ, അത് വഴി ഒരു സുസ്ഥിര വികസന മാതൃക വികസിപ്പിക്കാനോ, തുല്യത എന്ന സങ്കൽപ്പത്തിൽ ഉറച്ചുനിന്നുകൊണ്ട് കാലാവസ്ഥാ മാറ്റത്തിന്റെ ഏറ്റവും വലിയ ഇരകളാവുന്ന ദരിദ്ര ജനവിഭാഗങ്ങളുടെ  പ്രശ്നത്തെ ആ നിലക്ക് അഭിമുഖീകരിക്കാനോ, ഈ ഉച്ചകോടിയിലും ആത്മാർത്ഥമായ ശ്രമം നടക്കുന്നില്ല എന്ന് പറയേണ്ടി വരും.


Also Read: ഇന്ത്യ 2022: കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾ


Subscribe to our channels on YouTube & WhatsApp 

About Author

The AIDEM