എഥനോള്‍ ഇന്ധന ‘വിപ്ലവ’വും ഗഡ്കരീ പുത്രന്റെ കമ്പനിയുടെ വളര്‍ച്ചയും
പ്രതിസന്ധിയെ പ്രശ്‌ന പരിഹാര സാധ്യതയാക്കി മാറ്റുക എന്നതാണ് നേതൃഗുണങ്ങളില്‍ സുപ്രധാനമായ ഒന്ന്. രാജ്യത്തെ ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് ഈ ഗുണം വേണ്ടുവോളമുണ്ട് എന്ന് തെളിയിക്കുന്ന ഒരു തീരുമാനം കൂടി അദ്ദേഹം സമയബന്ധിതമായി കൈക്കൊണ്ടിരിക്കുന്നു. ഒറ്റ വ്യത്യാസമേയുള്ളൂ, രാജ്യത്തിന്റെ പ്രതിസന്ധി പരിഹരിക്കാനല്ല, സ്വന്തം പുത്രന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ പ്രതിസന്ധി പരിഹരിക്കാനാണ് ഈ തീരുമാനം കൈക്കൊണ്ടത് എന്ന് മാത്രം. ഇതേക്കുറിച്ച് ആരെങ്കിലും ചോദ്യങ്ങളുയര്‍ത്തിയാല്‍ കാക്കിക്കളസമിട്ട സര്‍സംഘചാലക നേതാക്കൾ തൊട്ട് താഴെത്തട്ടിലുള്ള പ്രചാരക് വരെ ഗണഗീതം പാടി പ്രതിരോധിച്ചുകൊള്ളും എന്ന് ഗഡ്കരിക്ക് നന്നായറിയാം.
ട്രംപ് താരിഫ്, റഷ്യന്‍ എണ്ണ ഇറക്കുമതി എന്നിവയോടൊപ്പം തന്നെ ഇന്ത്യയില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകളിലൊന്ന് എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വിതരണത്തെ സംബന്ധിച്ചായിരുന്നു. ഇപ്പോള്‍ നൂറ് ശതമാനം എഥനോള്‍ അടിസ്ഥാനമാക്കിയ E100 ഫ്‌ളെക്‌സ് ഫ്യൂവലിന് രാജ്യത്ത് അനുമതി നല്‍കിയിരിക്കുകയാണ്. എഥനോള്‍ ഇന്ധനത്തിലേക്കുള്ള പരിവര്‍ത്തനം രാജ്യത്തെ വാഹന നിര്‍മ്മാണ മേഖലയിലും കാര്‍ഷിക മേഖലയിലും, ജലലഭ്യതയിലും സൃഷ്ടിക്കാന്‍ പോകുന്ന പ്രതിസന്ധികളെക്കുറിച്ച് ഈ വിഷയത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നതൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ സര്‍ക്കാരോ ഗതാഗത വകുപ്പോ തയ്യാറായിട്ടില്ല.

ഗതാഗത വകുപ്പ് മന്ത്രിയുടെ ധൃതിപിടിച്ച ഈ തീരുമാനത്തിന് പിന്നില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാത്ത മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്. അതിലൊന്ന് ഇന്ത്യയില്‍ എഥനോള്‍ ഉത്പാദനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന കമ്പനികളിലൊന്ന് സിയാന്‍ ആഗ്രോ ഇന്‍ഡസ്ട്രീസ് (CIAN Agro industries and Infrastructure ltd) ആണ് എന്നതാണ്. ഈ കമ്പനിയുടെ 60 ശതമാനത്തിലധികം ഓഹരികള്‍ നിതിന്‍ ഗഡ്കരിയുടെ മകനായ നിഖില്‍ ഗഡ്കരിയുടേതാണ് എന്നതുകൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
2024 ജൂണില്‍ വെറും 17 കോടി വരുമാനത്തില്‍ നിന്നും 2026 ആകുമ്പോഴേക്കും സിയാന്‍ ഇന്‍ഡസ്ട്രീസിന്റെ വരുമാന വളര്‍ച്ച 1200 കോടി രൂപയായി മാറി എന്നതുകൂടി നാം അറിയേണ്ടതുണ്ട്.

ഇന്ത്യയുടെ എഥനോള്‍ പോളിസി സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടയില്‍ വാഹന ഉടമകളുടെ, പ്രത്യേകിച്ചും ട്രക്ക് ഉടമകളുടെ സംഘടനകള്‍ അടക്കം എതിര്‍ വാദമുഖങ്ങള്‍ ഉയര്‍ത്തുമ്പോഴാണ് ബിജെപി മന്ത്രി പുത്രന്റെ കമ്പനി അസമാന്യമായ സാമ്പത്തിക വളര്‍ച്ച ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കരസ്ഥമാക്കുന്നത്.
കര്‍ഷകരുടെ അടിസ്ഥാനാവശ്യങ്ങളെ പരിഗണിക്കാതെ ഒരു വര്‍ഷത്തോളം അവരെ പ്രക്ഷോഭത്തിനായി നിര്‍ബന്ധിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ആവര്‍ത്തിച്ചു പറയുന്നതിന് പിന്നില്‍ ഗഡ്കരീ പുത്രന്റെ കമ്പനിയുടെ സാമ്പത്തിക വളര്‍ച്ചയുമായി അഭേദ്യബന്ധമുണ്ടെന്ന് കാണാം.

രാജ്യത്തെ എഥനോള്‍ ഉത്പാദനം ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ നിര്‍ബന്ധമായും സംഭവിക്കാവുന്ന സാമൂഹിക ചെലവുകളെ (social cost) സംബന്ധിച്ച് കാര്യമായ പഠനങ്ങളൊന്നും തന്നെ നടന്നിട്ടില്ല എന്നത് ഗൗരവമായ കാര്യമാണ്. ഇന്ത്യ പോലുള്ള വന്‍തോതിൽ ജലക്ഷാമമുള്ള ഒരു രാജ്യത്ത് നെല്ല്, കരിമ്പ് തുടങ്ങിയ വെള്ളം കുടിക്കുന്ന വിളകളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ സാമൂഹിക ചെലവും വിലയിരുത്തപ്പെട്ടിട്ടില്ല. എന്നുമാത്രമല്ല, എഥനോള്‍ ഉല്‍പാദനത്തിനായി ഭക്ഷ്യധാന്യങ്ങള്‍ തിരിച്ചുവിടുന്നത് ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കുകയും ഭക്ഷ്യവസ്തുക്കളുടെ വില വര്‍ദ്ധിപ്പിക്കുകയും ഇതിനകം പിന്നാക്കം നില്‍ക്കുന്നവരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും എന്നതും സുപ്രധാനമായ സംഗതിയാണ്.
2050 ആകുമ്പോഴേക്കും ഇന്ത്യയുടെ ജനസംഖ്യ ഏകദേശം 1.7 ബില്യണ്‍ ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുടെ ഭക്ഷ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്, ഇന്ത്യ ഭക്ഷ്യ ഉല്‍പാദനം പല മടങ്ങ് വര്‍ദ്ധിപ്പിക്കേണ്ടതുണ്ട് – 2024-25-ല്‍ 354 ദശലക്ഷം ടണ്ണില്‍ നിന്ന് 2050 ആകുമ്പോഴേക്കും ഏകദേശം 480 ദശലക്ഷം ടണ്ണായി മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. എഥനോള്‍ ഉത്പാദനം നിലനിര്‍ത്താന്‍ ഭാവിയില്‍ ഇന്ത്യയില്‍ മിച്ച ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാകുമോ എന്നതാണ് ചോദ്യം.
ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാൻ നിതിൻ ഗഡ്കരിയോ സർക്കാരോ തയ്യാറായിട്ടില്ല.






The article raises a fundamental democratic concern: public policy must be seen to serve the public interest, not private interests. Whether the allegations are ultimately proven or not, the rapid growth of companies linked to political families naturally invites scrutiny. Transparency is not an attack on development—it is what gives development credibility