A Unique Multilingual Media Platform

Articles International Law Politics Society

തുര്‍ക്കിയിലെ നിരായുധീകരണ നിയമവും കുര്‍ദുകളുടെ ജനാധിപത്യ ഭാവിയും

തുര്‍ക്കിയിലെ നിരായുധീകരണ നിയമവും കുര്‍ദുകളുടെ ജനാധിപത്യ ഭാവിയും

മക്ക ഉടമ്പടി എന്ന പേരില്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയ ത്രിരാഷ്ട്ര കരാര്‍ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ അന്താരാഷ്ട്ര വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. തുര്‍ക്കിയും സൗദി അറേബ്യയും പാക്കിസ്ഥാനും ചേര്‍ന്ന് ഒപ്പു വെച്ച ഈ ഉടമ്പടി പ്രകാരം ഈ മൂന്നു രാജ്യങ്ങളിലേതെങ്കിലും ഒരു രാജ്യം (ഒന്നില്‍ കൂടുതലും) നേരിടുന്ന സൈനിക ഭീഷണിയെ ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനമായിരിക്കുന്നത്. ഒരു ഭാഗത്തു നിന്ന് ഇസ്രായേലിന്റെയും മറുഭാഗത്തു നിന്ന് ഇറാന്റെയും കടന്നു കയറ്റം തടഞ്ഞു നിര്‍ത്താനും ഉടമ്പടിയിലെ കക്ഷികളായ മൂന്നു രാജ്യങ്ങളുടെയും അമേരിക്കന്‍ ആശ്രിതത്വം കുറച്ചു കൊണ്ടു വരാനും എല്ലാമാണ് ഈ ഉടമ്പടി ലക്ഷ്യമിടുന്നത് എന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലോ മറ്റൊരു മുഖ്യ നഗരമായ ജിദ്ദയിലോ അല്ല ഈ ചര്‍ച്ച നടന്നതെന്നും, അത് മക്കയിലാണെന്നതും ശ്രദ്ധേയമാണ്. ലോക മുസ്ലിമിങ്ങളുടെ ആഗോള തീര്‍ത്ഥാടന കേന്ദ്രവും വിശുദ്ധ നഗരവുമാണ് മക്ക. മക്ക ഉടമ്പടി എന്ന് ചരിത്രത്തില്‍ ഈ ഉടമ്പടി അറിയപ്പെടണമെന്ന താല്പര്യം പ്രകടമാണ്. നാലു നൂറ്റാണ്ടുകാലം ഇസ്താംബുള്‍ (കോണ്‍സ്റ്റാന്റിനോപ്പിള്‍) ആസ്ഥാനമായിരുന്ന ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു മക്ക എന്നതും വിസ്മരിക്കരുത്. ഒട്ടോമന്‍ സാമ്രാജ്യം തകര്‍ത്ത പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ നടപടികള്‍ക്കെതിരെയാണല്ലോ ഖിലാഫത്ത് പ്രസ്ഥാനം ലോകത്ത് പടര്‍ന്നത്.

(ഇടത് നിന്ന്) സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ നേതാക്കൾ

ലോക മുസ്ലിമിങ്ങളുടെ വിശുദ്ധ നഗരമായ മക്കയിലാണ്, ലോകത്തെ മൂന്നു സുന്നി മുസ്ലിം രാജ്യങ്ങളുടെ ഉടമ്പടി ഉണ്ടായിരിക്കുന്നത് എന്നത് ശിയാ നേതൃത്വമുള്ള ഇറാനെ, മുസ്ലിം കേന്ദ്രത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്താനും ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇസ്രയേലും അമേരിക്കയുമായി ഇറാന്‍ അടുത്ത കാലത്തായി നടത്തിയ യുദ്ധവും; ഹിസ്ബുള്ള, ഹമാസ് പോലുള്ള സംഘടനകള്‍ക്ക് അവര്‍ കൊടുത്ത സഹായങ്ങളും എല്ലാം ചേര്‍ന്ന് അമേരിക്കന്‍ സിയോണിസ്റ്റ് കൂട്ടുകെട്ടിനെതിരായ ഇസ്ലാമിക ബദല്‍ ഇറാനാണ് എന്ന തോന്നല്‍ ശക്തമായിരുന്നു. ഇതിലും വിള്ളല്‍ വരുത്താന്‍ മക്ക ഉടമ്പടിയ്ക്ക് സാധിക്കുന്നുണ്ട്. അമേരിക്കന്‍ താവളങ്ങളെ ആക്രമിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ. യുഎഇ, ഖത്തര്‍, കുവൈത്ത്, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്കു നേരെ ഇറാന്‍ സൈനിക നീക്കങ്ങള്‍ നടത്തിയതും പരമ്പരാഗതമായ സുന്നി-ശിയാ പിളര്‍പ്പും കാര്യങ്ങളെ വേറൊരു തലത്തിലേയ്ക്ക് എത്തിച്ചു എന്നും കാണാം.

ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യാനുദ്ദേശിയ്ക്കുന്ന വിഷയം, പക്ഷെ മക്ക കരാറിന്റെ ചരിത്രവും വരും വരായ്കകളും അല്ല. മക്കയില്‍ ഉടമ്പടി ചര്‍ച്ചയും ഒപ്പു വെക്കലും എല്ലാം നടന്നു കൊണ്ടിരിക്കുമ്പോള്‍ സമാന്തരമായി തുര്‍ക്കിയ്ക്കകത്ത് ആഭ്യന്തരമായി ഒരു സമാധാന നീക്കം നടക്കുന്നുണ്ടായിരുന്നു. അത് പരിപൂര്‍ണതയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പുറത്തും അകത്തും ഉടമ്പടികളിലൂടെയും കരാറുകളിലൂടെയും തുടര്‍ നടപടികളിലൂടെയും രാജ്യത്തിനകത്തും പുറത്തുമായി അത്യധികം പ്രസക്തമായ വിധത്തില്‍ നിര്‍ണായകത്വവും പ്രാധാന്യവും തുര്‍ക്കി പ്രസിഡണ്ട് റീസപ്പ് തയ്യിപ്പ് എര്‍ദോഗാന് കൈവന്നിട്ടുണ്ടെന്നതാണ് വാസ്തവം. തുര്‍ക്കിയില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തോളമായി, എര്‍ദോഗാന്റെ സ്വേഛാധിപത്യ രീതിയിലുള്ള ഭരണമാണ് തുര്‍ക്കിയില്‍ നടന്നു വരുന്നത്. മക്ക ഉടമ്പടിയും തുര്‍ക്കി പാര്‍ലമെന്റ് പാസാക്കിയ സമാധാന നിയമവും എല്ലാം ഉണ്ടാക്കുന്ന പുതിയ പശ്ചാത്തലവും എര്‍ദോഗാന്‍ ഭരണം തുടരാന്‍ സാധ്യത ഒരുക്കും.

പന്ത്രണ്ട് ആര്‍ട്ടിക്കിളുകളുള്ള സമാധാന നിയമം അഥവാ ചട്ടക്കൂട് നിയമം (ഫ്രെയിംവര്‍ക്ക് ലോ-ദ് ലോ ഓണ്‍ സ്‌ട്രെംഗ്ത്തനിംഗ് നാഷണല്‍ സോളിഡാരിറ്റി ആന്റ് സോഷ്യല്‍ ഇന്റഗ്രേഷന്‍) ആഗസ്ത് 10 നാണ് തുര്‍ക്കി പാര്‍ലമെന്റ് പാസാക്കിയത്. അറുനൂറ് അംഗങ്ങളുള്ള പാര്‍ലമെന്റില്‍ 467 പേര്‍ നിയമത്തിനനുകൂലമായി വോട്ടു ചെയ്തു. തീവ്രവാദ വിമുക്തമായ തുര്‍ക്കി എന്ന എര്‍ദോഗാന്റെ ലക്ഷ്യം ഇതോടെ നടപ്പിലാവും എന്നാണ് സര്‍ക്കാരനുകൂല മാധ്യമങ്ങളുടെ പ്രചാരണം.

തുര്‍ക്കിഷ് പാര്‍ലമെന്റ്

1984ലാരംഭിച്ച കുര്‍ദിസ്താന്‍ തൊഴിലാളി പാര്‍ടി (പികെകെ)യുടെ സായുധ സ്വാതന്ത്ര്യ പോരാട്ടം ഇതോടെ ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഭാഗമായി മാറും എന്നാണ് പികെകെയുടെ അനിഷേധ്യ നേതാവായ അബ്ദുള്ള ഓജലാന്‍ വിശദീകരിക്കുന്നത്. ഇംറാലി ദ്വീപിലെ ജയിലില്‍ ഇരുപത്തേഴ് വര്‍ഷമായി തടവിലടയ്ക്കപ്പെട്ടിരിക്കുകയാണ് മഹാനായ കുര്‍ദിഷ് നേതാവ് അബ്ദുള്ള ഓജലാന്‍. ഓജലാന്റെ വിമോചനം ഇതോടെ നടക്കുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. ദക്ഷിണാഫ്രിക്കയില്‍ നെല്‍സണ്‍ മണ്ടേല വിമോചിതനായതിനു തുല്യമായ രാഷ്ട്രീയ-ജനകീയ വിജയമായിരിക്കും കുര്‍ദുകളെയും അവരുടെ സ്വാതന്ത്ര്യ പോരാട്ടത്തെ അനുകൂലിക്കുന്നവരെയും സംബന്ധിച്ചിടത്തോളം ഓജലാന്റെ വിമോചനം.

കുര്‍ദ് വംശജര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത് പ്രധാനമായും ഡിഇഎം (പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ടി, എച്ച് ഡി പി എന്നും പേരുണ്ട്) എന്ന പാര്‍ടിയിലാണ്. ഡിഇഎം പാര്‍ടിയുടെ പ്രധാന നേതാക്കളായ സെലാഹത്തിന്‍ ദെമിര്‍ത്രാസും (കുര്‍ദിഷ് ഒബാമ എന്നും വിളിക്കപ്പെടുന്നു) ഫിഗെന്‍ യുക്‌സെക്ദാഗും ഇപ്പോള്‍ ജയിലിലാണുള്ളത്. അവരും വിമോചിപ്പിക്കപ്പെടുമോ എന്ന് വ്യക്തമായിട്ടില്ല.

സെലാഹത്തിന്‍ ദെമിര്‍ത്രാസ്

ഇപ്പോള്‍ പാസാക്കിയ സമാധാന നിയമം പ്രാവര്‍ത്തികമായാല്‍, നാലായിരത്തോളം കുര്‍ദിഷ് പോരാളികള്‍ക്ക് ജയില്‍ വിമോചനം സാധ്യമാവും. പികെകെയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചാര്‍ജ് ചെയ്യപ്പെട്ടിട്ടുള്ള എഴുപത്തയ്യായിരം കേസുകള്‍ പിന്‍വലിക്കപ്പെടേണ്ടതുണ്ട്. നിരായുധീകരണത്തിനും ജനാധിപത്യം ഉന്നം വെച്ചുള്ള രാഷ്ടീയ പരിണാമത്തിനുമുള്ള പൊതുസമിതിയെ അബ്ദുള്ള ഓജലാന്‍ തന്നെ നയിക്കും എന്നാണ് കരുതപ്പെടുന്നത്. തുര്‍ക്കിയുടെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഇതോടെ ഓജലാന്റെ സാന്നിദ്ധ്യം കൂടുതല്‍ പ്രകടമാവും.

കൗതുകകരമായ കാര്യം, അബ്ദുള്ള ഓജലാനെ കഴിഞ്ഞ ദിവസം ഇംറാലി ജയിലില്‍ പോയി കണ്ട് ചര്‍ച്ച ചെയ്ത മൂന്നംഗ സംഘത്തിന് സമാധാന നിയമത്തിന്റെ പൂര്‍ണ രൂപം ഇനിയും വായിക്കാനായിട്ടില്ല എന്നതാണ്. ഡിഇഎം പാര്‍ടിയുടെ എംപി പെര്‍വിന്‍ ബല്‍ദാനും ഈ സംഘത്തിലുണ്ട്. ഭരണകക്ഷിയായ ജസ്റ്റീസ് & ഡെവലപ്‌മെന്റ് പാര്‍ടി (എകെപി)യുടെ നിയമോപദേശകരെ കണ്ട് കാര്യങ്ങള്‍ ഉറപ്പു വരുത്തി എന്നാണവര്‍ പറയുന്നത്. കരടു നിയമത്തില്‍ ഭീകരവാദം തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചതിനെ സംബന്ധിച്ച് തര്‍ക്കങ്ങളുന്നയിക്കപ്പെട്ടിട്ടുണ്ട്.

ഡിഇഎം പാർട്ടി ഇമ്രാലി സംഘം മാധ്യമ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച

എന്നാല്‍, ഏറ്റവും ശ്രദ്ധേയമായ കാര്യം അബ്ദുള്ള ഓജലാന്‍ കാര്യങ്ങളെ ശുഭാപ്തി വിശ്വാസത്തോടെ കാണുന്നു എന്നതാണ്. സൂക്ഷ്മ വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തി സമയം കളയാനുള്ളതല്ല. പകുതി പാത്രം ഒഴിഞ്ഞിരിക്കുന്നുവെന്നതിന്റെ അര്‍ത്ഥം മറ്റേ പകുതി നിറഞ്ഞിരിക്കുന്നുവെന്നാണല്ലോ. ഞാനാണെങ്കില്‍ ഒറ്റയ്ക്ക് ചതുരംഗം കളിക്കുകയായിരുന്നു എന്നാണ് ഓജലാന്‍ പറയുന്നത്. അദ്ദേഹമാണ് സായുധ സമരത്തില്‍ നിന്നുള്ള പികെകെയുടെ മാറ്റവും ജനാധിപത്യത്തെ സ്വീകരിക്കുന്നതായുള്ള പ്രഖ്യാപനങ്ങളും ആദ്യമായി ആവിഷ്‌ക്കരിച്ചത്. തുര്‍ക്കി സര്‍ക്കാരിനെ സമാധാനനീക്കത്തിലേയ്ക്ക് വഴി നടത്തുകയായിരുന്നു ഓജലാന്‍ എന്നും പറയാം.

മുമ്പ് പല ഘട്ടങ്ങളില്‍, പ്രത്യേകിച്ച് 2011, 2014 മുതല്‍ 2015 വരെ എന്നീ കാലയളവുകളിലെല്ലാം നടന്ന സമാധാന നീക്കങ്ങള്‍ പരാജയപ്പെടുകയായിരുന്നു. അതിനോട് താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ നീക്കങ്ങള്‍ ഏറെ മുന്നേറിയിരിക്കുന്നു എന്നാണ് കുര്‍ദ് നേതാക്കള്‍ പറയുന്നത്.

രണ്ട് സംവിധാനങ്ങളാണ് നിയമം നടപ്പിലാക്കാന്‍ നിലവില്‍ വരുക. വൈസ് പ്രസിഡണ്ട് സെവ്‌ദെത്ത് യില്‍മാസ് അദ്ധ്യക്ഷനായി ഹൈ കൗണ്‍സില്‍ രൂപീകരിക്കും. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇതിന്റെ ഭാഗമായിരിക്കും. രണ്ടാമത്തേത് പാര്‍ലമെന്ററി കൗണ്‍സില്‍ ആണ്. ഇതില്‍ ജനപ്രതിനിധികളായിരിക്കും അംഗങ്ങളാവുക. ഹൈ കൗണ്‍സിലിന്റെ ആദ്യ യോഗം ആഗസ്ത് 24നു ചേരും. നിരായുധീകരണവും രാഷ്ട്രീയ പരിണാമവും നടത്തുന്നതിനുള്ള ഒരു ഉപ സമിതി രൂപീകരിക്കും. അബ്ദുള്ള ഓജലാന്‍ ആയിരിക്കും ഈ ഉപ സമിതിയെ നയിക്കുക. അതോടെ ചരിത്രത്തിലാദ്യമായി, ഒരു കുര്‍ദിഷ് വിമത നേതാവ് തുര്‍ക്കി ഭരണകൂടത്തിന്റെ ഒരു ഔദ്യോഗിക സമിതിയാല്‍ അംഗീകരിക്കപ്പെടുന്ന അവസ്ഥ സംജാതമാവും.

വനിതകളുടെ ഒരു ഉപസമിതിയും രൂപീകരിക്കപ്പെടും. സിറിയയിലെ കുര്‍ദിസ്ഥാന്‍ ആയിരുന്ന റോജാവാ ഇപ്പോള്‍ ഏതാണ്ട് പരിപൂര്‍ണമായി പുതിയ സിറിയന്‍ ഭരണകൂടത്തില്‍ ലയിച്ചിരിക്കുകയാണ്. അവിടത്തെ വനിതാ ഭരണ സംവിധാനങ്ങള്‍ക്കെല്ലാം എന്തു സംഭവിച്ചു എന്ന് വ്യക്തമല്ല. സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം (ജിന്‍ ജിയാന്‍ ആസാദി) എന്ന കുര്‍ദിഷ് മുദ്രാവാക്യം പ്രാവര്‍ത്തികമാക്കിയ പ്രദേശമായിരുന്നു റോജാവ.

ജിന്‍ ജിയാന്‍ ആസാദി എന്ന മുദ്രാവാക്യം എഴുതിയ പ്ലക്കാർഡുമായി പ്രതിഷേധിക്കുന്ന ഇറാനിയൻ സ്ത്രീ (ഫയൽ ചിത്രം)

നിയമം, ജനാധിപത്യവത്ക്കരണം, ഭരണഘടന എന്നീ ഘട്ടങ്ങള്‍ ഈ സമാധാനപ്രക്രിയയ്ക്കുണ്ടെന്നാണ് ഇംറാലി സെക്രട്ടറിയറ്റംഗമായി മുപ്പത്തൊന്ന് വര്‍ഷം ജയിലില്‍ കഴിഞ്ഞ വെയ്‌സി അഖ്താസ് പറയുന്നത്. ആദ്യത്തെ ഘട്ടമാണ് പാര്‍ലമെന്റിലെ നിയമം പാസാക്കലിലൂടെ നടന്നിരിക്കുന്നത്. കുര്‍ദിഷ് സമൂഹത്തെ ജനാധിപത്യവത്ക്കരിക്കുക എന്ന ദീര്‍ഘമായ പദ്ധതിയാണ് അടുത്തത്. ഇത് തുര്‍ക്കി റിപ്പബ്ലിക്കിനെ ആകെ ജനാധിപത്യവത്ക്കരിക്കുന്നതിലൂടെയേ സാക്ഷാത്കൃതമാവുകയുള്ളൂ. മൂന്നാമതായി, ഭരണഘടനയില്‍ കൃത്യമായി കുര്‍ദുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്നുറപ്പു വരുത്തണം. ഏതായാലും ഇനി സായുധപ്പോരാട്ടത്തിലേയ്ക്ക് തിരിച്ചു പോകുന്നില്ലെന്ന കാര്യം ഉറപ്പായി എന്നാണ് അഖ്ത്താസ് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചത്.

ഏറ്റവും കൂടുതല്‍ കുര്‍ദ് വംശജര്‍ അധിവസിക്കുന്ന തുര്‍ക്കിയില്‍ കുര്‍ദ് പ്രശ്‌നങ്ങള്‍ക്ക് നല്ല തോതില്‍ പരിഹാരമാവുന്നതോടെ; സിറിയ, ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളിലും അതിന്റെ അനുരണനങ്ങളുണ്ടാവും. എല്ലാ കുര്‍ദുകള്‍ക്കുമായി കുര്‍ദിസ്ഥാന്‍ എന്ന പ്രധാനപ്പെട്ട ആശയം ഉപേക്ഷിക്കപ്പെട്ടിട്ടില്ല. എന്നാല്‍, പ്രായോഗികമായ ഉടന്‍ ലക്ഷ്യം എന്ന രീതിയില്‍ ഡെമോക്രാറ്റിക് കോണ്‍ഫെഡറേഷനലിസം ആണ് ഓജലാന്‍ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയ പരിഹാരം. തുര്‍ക്കി അടക്കമുള്ള നാലു രാജ്യങ്ങളുടെയും സ്വതന്ത്ര പരമാധികാരം അംഗീകരിച്ചുകൊണ്ട് കുര്‍ദുകള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും രാഷ്ട്രാതീതമായ സൗഹാര്‍ദ്ദവും യാത്രയും എല്ലാം വിഭാവനം ചെയ്യുന്ന ഗംഭീരമായ ആശയമാണിത്. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസിന്റെ കമാന്റര്‍ ഇന്‍ ചീഫ് ആയ സിറിയന്‍ കുര്‍ദിഷ് നേതാവ് മസ്ലൂം അബ്ദി ഇംറാലിയിലേയ്ക്ക് വന്ന് ഓജലാനെ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നാണ് അഖ്താസ് പറയുന്നത്.

ഞങ്ങള്‍ ജനാധിപത്യ സമൂഹത്തെ ഉണ്ടാക്കും; നിങ്ങള്‍ ജനാധിപത്യ റിപ്പബ്ലിക്ക് എല്ലാ അര്‍ത്ഥത്തിലും സ്ഥാപിക്കൂ എന്നാണ് കുര്‍ദുകള്‍ തുര്‍ക്കി ഭരണകൂടത്തോട് ആവശ്യപ്പെടുന്നത്.

കുര്‍ദുകളുടെ ദേശീയോത്സവമായ ന്യൂറോസ് മാര്‍ച്ച് 21നാണ് നടക്കുക. അതോടനുബന്ധിച്ച് കുര്‍ദുകളുടെ പാര്‍ടിയായ ഡിഇഎം പാര്‍ടി വന്‍തോതിലുള്ള അഴിച്ചുപണികള്‍ക്ക് വിധേയമാവും. ജയില്‍ വിമോചിതനായാല്‍ ഓജലാന്‍ തന്നെ പാര്‍ടി സമ്മേളനത്തില്‍ പങ്കെടുത്തേക്കും. തുര്‍ക്കിയിലെ മൂന്നാമത്തെ പാര്‍ടിയാണ് ഡിഇഎം പാര്‍ടി.

 

(മൂന്നംഗ ഇംറാലി സംഘം കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തിന്റെ അടിസ്ഥാനത്തില്‍ അമര്‍ഗി എന്ന വാര്‍ത്താ പോര്‍ട്ടലില്‍ ഇര്‍ഫാന്‍ അഖ്താന്‍ തയ്യാറാക്കിയ സ്‌റ്റോറിയില്‍ നിന്നാണ് ഈ ലേഖനത്തിനുള്ള പല വിവരങ്ങളും ശേഖരിച്ചത്)

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x