വാത്തിയാറില്‍ നിന്ന് ദളപതിയിലെത്തുമ്പോൾ: തമിഴ് സിനിമയും രാഷ്ട്രീയ വൈകാരികതയും -2
പുരട്ച്ചി തലൈവർ (വിപ്ലവ നായകൻ), മക്കൾ തിലകം(ജനങ്ങളുടെ ആരാധനാപാത്രം), വാത്തിയാർ(അധ്യാപകൻ) തുടങ്ങിയ നിരവധി വിശേഷണങ്ങളിലൂടെ അറിയപ്പെട്ട താരമാണ് എം ജി ആർ. എം ജി ആറും അദ്ദേഹത്തിന്റെ ഏട്ടൻ എം ജി ചക്രപാണിയും നാടകട്രൂപ്പുകളിൽ ചേർന്നാണ് ആദ്യകാലത്ത് കലാപ്രവർത്തനം ആരംഭിച്ചത്. എം ജി ആർ അക്കാലത്ത് കോൺഗ്രസ് അനുഭാവിയായിരുന്നു. സതി ലീലാവതിക്കു ശേഷം ചില ചെറിയ വേഷങ്ങളിൽ അഭിനയിച്ചു വന്നിരുന്ന എം ജി ആർ, 1950ലെ മന്ത്രികുമരി എന്ന ചിത്രത്തോടെയാണ് ഏറെ ശ്രദ്ധേയനാകുന്നത്. എം കരുണാനിധിയാണ് തിരക്കഥയെഴുതിയത്. ടി ആർ സുന്ദരവും എല്ലിസ് ആർ ഡങ്കനും ചേർന്ന് സംവിധാനം ചെയ്തു. 1954ലിറങ്ങിയ മലൈക്കള്ളൻ, 1955-ലിറങ്ങിയ ആലിബാബയും നാല്പതു തിരുടർകളും(ആദ്യത്തെ തമിഴ് വർണ സിനിമ), അദ്ദേഹത്തിന്റെ പ്രശസ്തി പലമടങ്ങുയർത്തി. തിരുടാതെ, എങ്ക വീട്ടു പിള്ളൈ, ആയിരത്തിൽ ഒരുവൻ, അൻപേ വാ, മഹാദേവി, പണം പിടൈത്തവൻ, ഉലകം ചുറ്റ്രും വാലിബൻ, റിക്ഷാക്കാരൻ ഇതൊക്കെ അദ്ദേഹത്തിന്റെ പ്രശസ്ത സിനിമകളാണ്. നേറ്റ്ര് ഇൻട്രു നാളൈ, ഇദയക്കനി, ഇൻട്രു പോൽ എൻട്രും വാഴ്ക എന്നീ സിനിമകൾ, എം ജി ആറിന്റെ രാഷ്ട്രീയ ഭാവി സുഗമമാക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ രൂപകൽപന ചെയ്ത സിനിമകളാണ്.

നല്ല തമ്പി, വേലൈക്കാരി, മന്ത്രി കുമാരി, മർമയോഗി, സർവാധികാരി, പരാശക്തി, സൊർഗ വാസൽ, നാടോടി മന്നൻ, തായ് മഗളുക്കു കട്ടിയ താലി എന്നീ ചിത്രങ്ങളെല്ലാം പ്രകടമായി ദ്രാവിഡ പ്രസ്ഥാനത്തിന്റെ പ്രചാരണ സിനിമകളായിരുന്നു. നിരീശ്വരവാദം, തമിഴ് ദേശീയത, ബ്രാഹ്മണ വിരുദ്ധത എന്നീ ആശയങ്ങൾക്കായിരുന്നു ഈ സിനിമകളിൽ പ്രാമുഖ്യം കിട്ടിയത്. പെൺകോന്തന്മാരായ ബ്രാഹ്മണ പൂജാരികളും വടക്കേ ഇന്ത്യക്കാരായ വട്ടിപ്പലിശക്കാരും മറ്റും പ്രതിനായകന്മാരായി വരുന്നത് ഇത്തരം സിനിമകളിൽ പതിവായിരുന്നു. കരുണാനിധി തിരക്കഥ എഴുതിയ പരാശക്തിയിൽ യുവതിയെ ക്ഷേത്രത്തിനകത്ത് വെച്ച് കയറിപ്പിടിക്കാൻ നോക്കുന്ന പുരോഹിതനെ കാണാം. എം ജി ആർ അഭിനയിച്ച നാടോടി മന്നൻ, നൂറാം ദിവസം തികച്ചപ്പോൾ, മധുരൈയിൽ വർണശബളമായ ഒരു റാലി തന്നെ തിമുക സംഘടിപ്പിച്ചു. അതിനെ തുടർന്നുള്ള പൊതുയോഗത്തിൽ സി എൻ അണ്ണാദുരൈ അടക്കമുള്ള പ്രമുഖ നേതാക്കൾ സംസാരിച്ചു. ആ യോഗത്തിൽ സംസാരിച്ചു കൊണ്ട് എം ജി ആർ പറഞ്ഞത്, തിമുക രാജ്യസേവനത്തിനായുള്ള പാർടിയാണെന്ന് തെളിയിക്കാനാണ് നാടോടി മന്നൻ നിർമിച്ചതു തന്നെ എന്നാണ്. തിമുകയുടെ ഔദ്യോഗിക ചരിത്രപുസ്തകത്തിൽ ഇത് രേഖപ്പെടുത്തുക തന്നെ ചെയ്തു. പാർടിയുടെ കൊടിക്ക് ചിത്രത്തിൽ മികച്ച സാന്നിദ്ധ്യം ഉണ്ടായിരുന്നു.
രാജകുമാരിയിൽ ഒരു സ്റ്റണ്ട് സീനിൽ നായകൻ പ്രത്യക്ഷപ്പെടുന്നത് കറുത്ത ഷർട്ട് ധരിച്ചു കൊണ്ടാണ്. അത് തിമുകയുടെ യൂണിഫോമായിരുന്നു. നാടോടിമന്നനിൽ, പാർടി ചിഹ്നമായ ഉദയസൂര്യൻ തിരശ്ശീലയിൽ പ്രത്യക്ഷപ്പെട്ടു. ചക്രവർത്തി തിരുമകളിൽ എം ജി ആറിന്റെ കഥാപാത്രത്തിന്റെ പേര് ഉദയസൂര്യൻ എന്നായിരുന്നു. പുതിയഭൂമിയിൽ കതിരവൻ എന്നായിരുന്നു. അതേ അർത്ഥം. ഇദയക്കനിയിലെ പ്രസിദ്ധ പാട്ടിന്റെ വരികളുടെ അർത്ഥം ഏതാണ്ടിപ്രകാരം: എല്ലാ തൊഴിലാളികളും കൈ കോർത്ത് പാടുവിൻ, ഈ ലോകം നമ്മുടേത്, തുല്യതയിലധിഷ്ഠിതമായ സമൂഹ സൃഷ്ടിയുടെ പാതയിൽ മുന്നേറുവിൻ. അണ്ണായുടെ വഴിയും വിജയവും പിന്തുടരുക. നംനാട് എന്ന ചിത്രത്തിൽ, എം ജി ആർ കറുപ്പു പാന്റും ചുകപ്പ് ഷർട്ടുമണിഞ്ഞാണ് എപ്പോഴും പ്രത്യക്ഷപ്പെടുന്നത്. ഇതാണ് തിമുകയുടെ കൊടിയിലെ നിറങ്ങൾ. തിമുകക്കാരായ നിരവധി തിരക്കഥാരചയിതാക്കളാണ് ഇതും അല്ലാത്തതുമായ കുറെയധികം സിനിമകളുടെ രചന നിർവഹിച്ചത്. സി എൻ അണ്ണാദുരൈ, കരുണാനിധി, എ കെ വേലൻ, എ വി പി ആശൈതമ്പി, മുരശൊലി മാരൻ എന്നിവർ ഇവരിൽ ചിലർ മാത്രം. ഗാനരചയിതാക്കളും നടീനടന്മാരുമായും തിമുകക്കാർ നിറഞ്ഞു നിന്നു. നിർമാണക്കമ്പനികളും പാർടിക്കാരുടേതായുണ്ടായിരുന്നു. ഇതെല്ലാം കണ്ട് കോൺഗ്രസ് നേതാവ് കെ കാമരാജ് തിമുകക്കാരെ കൂത്താടികൾ എന്ന് വിളിച്ച് ആക്ഷേപിക്കുകയുണ്ടായി.

ദരിദ്രനായ നായകൻ, ദൈനം ദിനം അഭിമുഖീകരിക്കുന്ന ചൂഷണങ്ങൾക്കെതിരായി പടപൊരുതുന്നതാണ് മിക്ക എം ജി ആർ സിനിമകളിലെയും ഇതിവൃത്തം. കർഷകൻ, മത്സ്യത്തൊഴിലാളി, റിക്ഷാ വലിക്കുന്നവൻ, തോട്ടക്കാരൻ, ടാക്‌സി ഡ്രൈവർ, ക്വാറി തൊഴിലാളി, സർക്കസ് കലാകാരൻ, ചെരുപ്പുകുത്തി, ഇടയൻ എന്നീ വേഷങ്ങളെല്ലാം അദ്ദേഹം ചെയ്തു. തൊഴിലാളി, വിവസായി (കൃഷിക്കാരൻ), പടകോട്ടി(തോണി തുഴയുന്നവൻ), മാട്ടുക്കാര വേലൻ(കന്നിനെ മേക്കുന്നവൻ), റിക്ഷാക്കാരൻ, മീനവനമ്പൻ(മീൻ പിടുത്തക്കാരന്റെ സുഹൃത്ത്) എന്നീ സിനിമകളുടെയെല്ലാം ശീർഷകങ്ങൾ തന്നെ അവയുടെ ദരിദ്ര പക്ഷപാതിത്വത്തെ സൂചിപ്പിക്കുന്നു. ധനികനായും ദരിദ്രനായും അദ്ദേഹത്തിന് ഡബിൾ റോളാണെങ്കിൽ ദരിദ്രന്റെ റോളിനാണ് പ്രാമുഖ്യം കിട്ടുക. 1970ലിറങ്ങിയ മാട്ടുക്കാര വേലൻ എന്ന സിനിമയെടുക്കുക. കന്നുകാലി മേക്കുന്നവനും അഭിഭാഷകനുമായി ഇരട്ടറോളാണ് എം ജി ആറിന്.
അഭിഭാഷകനെക്കാൾ മിടുക്കനാണ് കന്നുകാലി മേക്കുന്നവൻ എന്ന് തെളിയിക്കാനാണ് സിനിമ മെനക്കെടുന്നത്. എങ്ക വീട്ടു പിള്ളൈ(1965) യിൽ തൊഴിലാളിയായ എം ജി ആറിനാണ്, സ്വത്തുടമസ്ഥന്റെ മകന് കിട്ടുന്നതിനെക്കാൾ പ്രാമുഖ്യം. തൊഴിലാളിയിൽ, മൺകലത്തിൽ നിന്ന് കഞ്ഞി മോന്തിക്കുടിക്കുകയും കയ്യിലുള്ള അച്ചാർ നക്കുകയും ചെയ്യുന്ന എം ജി ആറിനെ കാണാം. നമ്മളിലൊരാളായി നമ്മൾ തന്നെയായി സാധാരണക്കാരന് താദാത്മ്യപ്പെടാവുന്ന വിധത്തിലാണ് അത്തരം കഥാപാത്രങ്ങളെ രൂപസംവിധാനം ചെയ്തിരിക്കുന്നതെന്ന് ചുരുക്കം. കണവൻ എന്ന സിനിമയിൽ, ധനികയായ ഭാര്യയോട് നീരക്കരം(പഴങ്കഞ്ഞി) ഉണ്ടോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. നിനൈത്തതേ മുടിപ്പവനിൽ, റാഗി ദോശയും ചുക്കുകാപ്പിയുമാണ് എം ജി ആർ ഭക്ഷിക്കുന്നത്. തണുത്ത ചോറും കറിയുമാണ് തനിക്ക് ചേരുക എന്നദ്ദേഹം പറയുകയും ചെയ്യുന്നു.

കർഷകരുടെ ഭൂമി പിടിച്ചെടുക്കാൻ നോക്കുന്ന ജന്മിയാണ് വിവസായിയിലെ വില്ലൻ. ധനിക കർഷകനാണ് എങ്ക വീട്ടു പിള്ളൈയിലെ വില്ലൻ. ദരിദ്രരെ പിഴിയുന്ന ബ്ലേഡുകാരാണ് പടകോട്ടിയിലെ വില്ലന്മാർ. തൊഴിലാളികളെ പിരിച്ചുവിടുന്ന വ്യവസായമുതലാളിമാരാണ് തൊഴിലാളിയിലെ വില്ലന്മാർ. മുഖരാശി, മാടപ്പുര, ആയിരത്തിൽ ഒരുവൻ എന്നീ സിനിമകളിലെല്ലാം പ്രതിനായകന്മാർ, പാവപ്പെട്ടവരുടെ ഭൂമി തട്ടിയെടുക്കാൻ നോക്കുന്നു. തയിർ തിരുവിഴയിൽ, പാവപ്പെട്ട പെൺകുട്ടികളെ കടന്നാക്രമിച്ച് ഗർഭിണികളാക്കി വിടുന്നവരാണ് വില്ലന്മാർ. നാടോടിയിൽ, കീഴാള ജാതിക്കാരെ അയിത്തം പുലർത്തി അവർ അകറ്റി നിർത്തുന്നു. വിവാഹിതരായിരിക്കെ തന്നെ മറ്റു സ്ത്രീകളിൽ കമ്പം പുലർത്തുന്നവരെ വിവസായിയിലും ജെനോവയിലും ആശൈമുഖത്തിലും മഹാദേവിയിലും കാണാം. ഇവരെ എം ജി ആർ പരാജയപ്പെടുത്തുന്നതാണ് ഈ സിനിമകളിലൊക്കെയും ഇതിവൃത്തമായി വരുന്നത്. എന്നാൽ, എം ജി ആർ അധികാരത്തിലിരുന്ന പതിനൊന്ന് വർഷം, സംസ്ഥാനത്തിന്റ നികുതി വരുമാനത്തിന്റെ ഭൂരിഭാഗവും അതിദരിദ്രർ മുതൽ ഇടത്തരക്കാർ വരെയുള്ള സാധാരണക്കാരിൽ നിന്നാണ് ശേഖരിച്ചത് എന്ന് എം എസ് എസ് പാണ്ഡ്യൻ കണക്കുകളിലൂടെ വിശദീകരിക്കുന്നുണ്ട്. ആദ്യം മദ്യനിരോധനം ഏർപ്പെടുത്തിയ എം ജി ആർ പിന്നീട് അത് പിൻവലിക്കുകയും ചെയ്തു. എന്നാൽ, 1982-ലാരംഭിച്ച ഉച്ചയൂൺ പദ്ധതി അടക്കമുള്ള ജനപ്രിയ നടപടികളിലൂടെയും മുമ്പ് തന്നെ ശാശ്വതവത്ക്കരിക്കപ്പെട്ട അദ്ദേഹത്തിന്റെ താരവിഗ്രഹാരാധനയിലൂടെയും ഈ ഇരട്ടത്താപ്പ് കാണാതെ പോകുകയും വിലയിരുത്തപ്പെടാതെ പോകുകയും ചെയ്തു.

നാൻ ആണൈയിട്ടാൽ, അത് നടന്തുവിട്ടാൽ തുടങ്ങിയ പഞ്ച് ഡയലോഗുകൾ എം ജി ആർ സിനിമകളിൽ സാധാരണമായിരുന്നു. വിദ്യാഭ്യാസത്തെ അധികാരപ്രയോഗത്തിനായി പ്രയോജനപ്പെടുത്തുന്നതിനെ എം ജി ആർ ചില സിനിമകളിൽ വെല്ലുവിളിച്ചു. വിദ്യാഭ്യാസം പാവപ്പെട്ടവരുടെ വിമോചനമാർഗമായി അദ്ദേഹം അവതരിപ്പിച്ചു. പടകോട്ടിയിൽ അദ്ദേഹം അവതരിപ്പിക്കുന്ന നായക കഥാപാത്രം മാത്രമാണ് മീൻ പിടുത്തക്കാർക്കിടയിൽ വിദ്യാഭ്യാസമുള്ളയാൾ. താഴംപൂവിൽ, തോട്ടം തൊഴിലാളി കുടുംബത്തിൽ നിന്ന് ആദ്യമായി ബിരുദാനന്തരബിരുദം നേടിയയാളെയാണദ്ദേഹം അവതരിപ്പിച്ചത്. എന്നാൽ, ദരിദ്രർക്ക് വിദ്യാഭ്യാസവിജയം നേടുക എന്നത് ഒട്ടും എളുപ്പമല്ല. അവർക്കതിന് സമരം തന്നെ നടത്തേണ്ടി വരുന്നു. തൊഴിലാളിയിൽ, കായികത്തൊഴിലിലേർപ്പെടുന്ന എം ജി ആർ രാത്രികളിൽ ഉറക്കമൊഴിച്ചിരുന്നു പഠിച്ച് ഡിഗ്രി സമ്പാദിക്കുന്നു. പണത്തോട്ടത്തിലും നാൻ യേൻ പിറന്തേൻ എന്ന സിനിമയിലും പഠനത്തിനു വേണ്ടി പ്രതിജ്ഞ എടുക്കുന്ന കഥാപാത്രങ്ങളെയാണദ്ദേഹം അവതരിപ്പിക്കുന്നത്. കുമരിക്കോട്ടത്തിൽ, പത്രവിതരണക്കാരനായും തോട്ടക്കാരനായും ഹോട്ടലിൽ വെയിറ്ററായും ജോലി ചെയ്താണ് പഠിക്കാനുള്ള പണം എം ജി ആർ കഥാപാത്രം കണ്ടെത്തുന്നത്. തന്റെ കുട്ടിക്കാലത്ത് എം ജി ആർ അനുഭവിച്ച അതി ദാരിദ്ര്യവും ദുരിതങ്ങളും അർദ്ധ-അനാഥത്വവും എല്ലാം ലളിത ഭാഷയിൽ വിവരിക്കുന്ന ജീവചരിത്രപുസ്തകങ്ങൾ ഏറെ വിലക്കുറച്ച്, ഗ്രാമത്തിരുവിഴ(ആഘോഷങ്ങൾ)കളിൽ വിറ്റഴിക്കപ്പെട്ടിരുന്നു. ഇതിലൂടെ വ്യാപിപ്പിക്കപ്പെട്ട നാടോടിനായകത്വവും സിനിമകളിലൂടെ സ്ഥിരീകരിക്കപ്പെട്ട താരപ്രരൂപവും സംലയിച്ചുകൊണ്ടാണ്, ഇളക്കപ്പെടാത്ത വിഗ്രഹമായി എം ജി ആർ ഉറപ്പിക്കപ്പെട്ടത്.

വിദ്യാഭ്യാസം നേടിക്കഴിഞ്ഞാൽ അത് ദരിദ്രരുടെ ക്ഷേമത്തിനും വിമോചനത്തിനും വേണ്ടി ഉപയോഗിക്കുകയും ചെയ്യും അദ്ദേഹം. പടകോട്ടിയിൽ, പാവപ്പെട്ടവരുടെ വിരലടയാളങ്ങൾ പ്രോമിസറി നോട്ടുകളിൽ പതിപ്പിക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്യുന്നു. എന്താണ് എഴുതിയത് എന്നു വായിച്ചു നോക്കാൻ നിശ്ചയമില്ലാത്തവർക്കു മുമ്പിൽ എത്രമാത്രം മാരകമായ നിബന്ധനകളാണതിലുള്ളത് എന്നദ്ദേഹം വായിച്ചു വെളിപ്പെടുത്തുന്നു. യെങ്ക വീട്ടു പിള്ളൈയിലും കള്ളപ്രമാണങ്ങളുണ്ടാക്കി പാവങ്ങളുടെ ഭൂമി തട്ടിയെടുക്കാനുള്ള നീക്കം ചെറുക്കാനാകുന്നത്, വിദ്യാഭ്യാസമുള്ളതു കൊണ്ടാണ്. മാട്ടുക്കാരവേലനിൽ, കന്നുകാലി മേക്കുന്ന ആളാണെങ്കിലും വിദ്യാഭ്യാസമുള്ളതിനാൽ, കൊലപാതകിയെ കണ്ടെത്താൻ നായകനാകുന്നു. വിദ്യാഭ്യാസത്തെ പ്രമാണിത്തത്തിൽ നിന്നും വിജ്ഞാനത്തെ അധികാരത്തിൽ നിന്നും വിമോചിപ്പിക്കാനാണ് എം ജി ആർ നായകന്മാർ നിയുക്തരായിരിക്കുന്നത്.
വിവാഹത്തിലൂടെയും മറ്റും സ്ത്രീ വിമോചിപ്പിക്കപ്പെടണമെന്ന ആശയത്തിൽ ഊന്നുന്ന നായകകഥാപാത്രങ്ങളാണ് മിക്കപ്പോഴും എം ജി ആർ അവതരിപ്പിക്കുന്നത്. രാജകുമരിയിൽ, രാജകുമാരിയെ വിവാഹം കഴിക്കുന്ന വിനീതനായ ഗ്രാമീണനാണ് നായകൻ. മാട്ടുക്കാരവേലനിൽ, തന്നെ ഒരു കാലത്ത് പുറന്തള്ളിയ ധനികനായ വക്കീലിന്റെ മകളെ വിവാഹം കഴിക്കുന്ന ദരിദ്രനായ കന്നുകാലി മേക്കലുകാരൻ ആണ് എം ജി ആർ. തായ്ക്കു തലൈ മകനിൽ, ഓട്ടോമൊബൈൽ മെക്കാനിക്കായ കഥാപാത്രം, സ്ഥലത്തെ ഏറ്റവും ധനികനും ഭൂവുടമയുമായ ആളുടെ മകളെ വിവാഹം കഴിക്കുന്നു. പെരിയ ഇടത്തു പെണ്ണിൽ, ഇതേ പോലുള്ള ഭൂവുടമയുടെ മകളെ, കാളവണ്ടിക്കാരനാണ് കെട്ടുന്നത്. ആയിരത്തിൽ ഒരുവനിൽ, അടിമ രാജകുമാരിയെ വിവാഹം ചെയ്യുന്നു. താഴമ്പൂവിൽ, തോട്ടം തൊഴിലാളി കുടുംബത്തിൽ പെട്ട എം ജി ആർ കഥാപാത്രം തോട്ടം മുതലാളിയുടെ മകളെ വിവാഹം ചെയ്യുന്നു. ബാഗ്ദാദ് തിരുടൻ, പണത്തോട്ടം, യെങ്ക വീട്ടു പിള്ളൈ, കുമരിക്കോട്ടം എന്നീ സിനിമകളിലും സമാനമായ സാഹചര്യങ്ങളാണുള്ളത്. മധുരൈവീരൻ, പണം പടൈത്തവൻ, നാടോടി, നാം നാട് എന്നീ സിനിമകളിൽ, ജാതി വൈജാത്യത്തെ കണക്കാക്കാതെ വിവാഹം ചെയ്യുന്ന നായകന്മാരെ അദ്ദേഹം അവതരിപ്പിക്കുന്നു. താഴ്ന്ന ജാതിക്കാരൻ, ഉയർന്ന ജാതിക്കാരിയെ കല്യാണം കഴിക്കുന്നു. സമ്പന്നയും സുന്ദരിയുമായ നായികക്കു വേണ്ടി സമ്പന്നരും ഉയർന്ന ജാതിക്കാരുമായ വില്ലന്മാരാട് പോരാടുന്ന, സാധാരണക്കാരനും താഴ്ന്ന ജാതിക്കാരനും ദരിദ്രനും മറ്റും ആയ കഥാപാത്രങ്ങളെയും അദ്ദേഹം ശാശ്വതവത്ക്കരിച്ചു. പടകോട്ടി, പല്ലാണ്ടു വാഴ്ക, ആയിരത്തിൽ ഒരുവൻ, മഹാദേവി, തേർ തിരുവിഴ, പുതിയ ഭൂമി എന്നീ സിനിമകളിലും ഇതിവൃത്തത്തിൽ ഈ സമാനത കാണാം.

ഒരു കാലത്ത് തമിഴ്‌നാട്ടിലെ മുഖ്യ പ്രതിപക്ഷമായിരുന്ന കമ്യൂണിസ്റ്റ് പാർടി(കളുടെ)യുടെ ശക്തി ക്ഷയിച്ചതിനു പിന്നിലും എം ജി ആർ പ്രഭാവമായിരുന്നുവെന്ന് അന്തരിച്ച നേതാവ് ഡബ്ല്യു ആർ വരദരാജൻ നിരീക്ഷിച്ചതായി അദ്ദേഹവുമായി അഭിമുഖം നടത്തിയ നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ പറയുകയുണ്ടായി. മുൻ കാല ദ്രാവിഡപ്രസ്ഥാന നേതാക്കൾ, തങ്ങളെതിർത്തിരുന്ന ആശയങ്ങളോടും സ്വാധീന ശക്തികളോടും -ദൈവം, ബ്രാഹ്മണർ, ഹിന്ദി തുടങ്ങിയവ –എതിർപ്പ് പ്രകടിപ്പിക്കാനും വ്യാപിപ്പിക്കാനും വേണ്ടി വെറുപ്പ് എന്ന വികാരത്തെയാണ് ഉദ്ദീപിപ്പിച്ചിരുന്നതെങ്കിൽ, അൻപ് (സ്‌നേഹം), സാമീപ്യം, സ്പർശം തുടങ്ങിയ മാനുഷിക വികാരങ്ങളെ നിരന്തരം താലോലിച്ചുകൊണ്ടാണ് എം ജി ആർ ജനപ്രിയതയുടെ പ്രപഞ്ചം തന്നെ നിർമ്മിച്ചെടുത്തതെന്നും ടി ഡി രാമകൃഷ്ണൻ വ്യാഖ്യാനിക്കുന്നു. തമിഴ് മക്കളെ സ്വാധീനിക്കുന്ന വിവിധ നാടോടിക്കഥകളിലെ നായകപ്രരൂപങ്ങളുടെ ആധുനിക അവതാരമാണ് എം ജി ആർ നായകത്വങ്ങൾ. അവ തമിഴകത്തിന്റെ പുതിയ ഫോക്ക് ലോറിനെ നിർമ്മിച്ചെടുക്കുകയും ചെയ്തു.

എംജി ആറിന്റെയും തോഴി ജയലളിതയുടെയും കലൈഞറുടെയും കാലഘട്ടങ്ങള്‍ ഓര്‍മ്മയായിക്കഴിഞ്ഞു. ഇന്ത്യയും ലോകവുമെന്നതുപോലെ തമിഴ് നാടും ഏറെ മാറി മറിഞ്ഞു. സിനിമയിലും നിരവധി മാറ്റങ്ങള്‍ സംഭവിച്ചു. എന്നാലിപ്പോഴിതാ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ദളപതി വിജയ് എന്ന് കൊണ്ടാടപ്പെടുന്ന സൂപ്പര്‍ താരം വിജയ് അടുത്തിടെ രൂപീകരിച്ച തന്റെ പാര്‍ടിയായ തമിഴക വെറ്റ്രിക്കഴകത്തെ വിജയത്തിലാറാടിച്ച് തമിഴ്‌നാടിന്റെ മുതലമൈച്ചറായി (മുഖ്യമന്ത്രി) കഴിഞ്ഞ ദിവസം അധികാരമേറ്റു.
“ദൈവനിഷേധാനന്തര ദൈവം”, “ തമിഴനെന്റ്ര് സൊല്ലടാ തലൈ നിമിര്‍ന്തു നില്ലടാ”എന്നീ ശീര്‍ഷകങ്ങളിലായി എഴുതിയ ലേഖനങ്ങൾ കൂടി ആസ്പദമാക്കിയിട്ടുള്ളതാണീ ലേഖനം.
(തുടരും)
ലേഖനത്തിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം:https://theaidem.com/mal-vaathiyaar-dalapathy-politics-cinema/






This piece brilliantly captures how cinema, politics, and mass emotion continue to shape Tamil society in deeply interconnected ways. The narrative around “Dalapathy” is not merely about stardom, but about cultural memory, identity, and the political imagination of the people. Even for readers outside Tamil Nadu, the article offers a powerful insight into why Tamil cinema remains one of the most influential socio-political forces in India. Thought-provoking and richly layered writing.