കേരളമുഖ്യന് നൽവാഴ്ത്തുക്കൾ!
അങ്ങനെ കേരളത്തിനൊരു മുഖ്യമന്ത്രിയായി. പതിനൊന്ന് ദിവസം നീണ്ട ജനാധിപത്യത്തിന്റെ സൗന്ദര്യോൽസവ മൽസരത്തിന്റെ പരിസമാപ്തിയിൽ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയായിരുന്നയാൾ പ്രതിപക്ഷ നേതാവുമായിട്ടുള്ള പ്രഖ്യാപനങ്ങൾ വന്നിരിക്കുന്നു.വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ പ്രതിഷേധിച്ച് ചെന്നിത്തല ഗാന്ധി അധികാരത്തിന്റെ പട്ടു വസ്ത്രങ്ങൾ ഉപേക്ഷിച്ച് ഗുരുവായൂരേയ്ക്ക് പോയി.മല്ലികാർജ്ജുന ഖാർഗെ ഒഴിയുന്ന മുറയ്ക്ക് കോൺഗ്രസ്സ് പ്രസിഡന്റായി അവരോധിക്കാമെന്നാണ് കെ.സി യ്ക്ക് ആർ.ജി നൽകിയിരിക്കുന്ന ഉറപ്പ്. അത് പാലിക്കാനുള്ള ഉറപ്പല്ലെന്ന് പറഞ്ഞവർക്കുമറിയാം കേട്ടവർക്കും അറിയാം. എന്നാലും ഒരു മനസമാധാനം. വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കിയപ്പോൾ സുകുമാരൻ നായർക്കും വെള്ളാപ്പള്ളി നടേശനും ഒരു പോലെ ഹാലിളകിയത് കാണുന്ന കേരളജനതയ്ക്ക് ഒരു നേരത്തെ ചിരിക്കുള്ള വകയായി.

കീഴ്വഴക്കങ്ങളേയും ആചാരങ്ങളേയും എന്നും മുറുകെ പിടിച്ച് എൻ.എസ്.എസിനെ ഒരു വഴിക്കാക്കിയ ആളാണ് സുകുമാരൻ നായരദ്ദേഹം. എല്ലാ കീഴ്വഴക്കങ്ങളേയും ലംഘിച്ചു കൊണ്ടാണ് വി.ഡി സതീശനെ അവരോധിച്ചതെന്നാണ് അദ്ദേഹത്തിന്റെ സങ്കടം. രമേശ് ചെന്നിത്തലയെ മെരുക്കി കൂട്ടുക്കച്ചവടം ചെയ്യാമെന്നുള്ള ഇച്ഛാഭംഗം കൊണ്ടുന്നുമല്ലെന്ന് അദ്ദേഹത്തെ അറിയാവുന്ന സമസ്ത കേരള നായന്മാർക്കും അറിയാം.
മാത്രമല്ല സാധാരണ ഗതിയിൽ കോൺഗ്രസ് ഭരണത്തിൽ വരുമ്പോൾ എൻ.എസ്.എസിന്റെ “തിണ്ണനിരങ്ങി”കളെ മാത്രം കണ്ടാണ് പെരുന്ന തമ്പ്രാക്കൾക്ക് ശീലം. വി.ഡി സതീശനെ അതിനു കിട്ടില്ലെന്ന് നന്നായി അറിയാവുന്ന കോപത്തിൽ നിന്നാണ് സുകുമാരൻ നായർ സാറിന്റെ പ്രതികരണം.
വെള്ളാപ്പള്ളി അദ്ദേഹത്തിനാണെങ്കിൽ കോൺഗ്രസിനെ ലീഗിന്റെ തൊഴുത്തിൽകൊണ്ടു പോയി കെട്ടിയെന്നാണ് സങ്കടം. ഇനി കേരളത്തിൽ എല്ലാ ആനുകൂല്യങ്ങളും മുസ്ലീം ജനവിഭാഗത്തിനായി മത്രം പരിമിതപ്പെട്ടു പോകുമത്രെ! പിണറായി വിജയനെ സ്നേഹിച്ച് സ്നേഹിച്ച് ഒരു വഴിക്കാക്കി. ഇദ്ദേഹത്തിന് ഈഴവ സ്നേഹമില്ലെങ്കിലും മുസ്ലീം വിരോധം അസാരമുണ്ട്. ബി.ജെ.പിയോടൊപ്പം നിന്ന് തെരഞ്ഞെടുപ്പ് കച്ചവടം ചെയ്യുന്ന മകന്റെ അച്ഛനായതു കൊണ്ടല്ല ഈ രോഗം. ശുദ്ധ വിവരക്കേട് രക്തത്തിലുള്ളത് കൊണ്ടു മാത്രം.

രാജീവ് ചന്ദ്രശേഖരനും ഇതേ പ്രശ്നം തന്നെ. കോൺഗ്രസിനാണ് ഭരണം. അവരുടെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അഭിപ്രായം പറയുന്നതിന് മുമ്പ് സ്വന്തം പാർട്ടിയിൽ നിന്നും മുഖ്യമന്ത്രിമാരായി വന്നവരുടെ ചരിത്രം പരിശോധിക്കണം. അഴിമതിയിൽ മുങ്ങിക്കുളിച്ച് അകത്താകുമെന്ന് വന്ന ഘട്ടത്തിൽ ഭാജാപായിൽ ചേക്കേറിയ ഹിമാന്തബിശ്വ ശർമ്മയും സുവേന്ദു അധികാരിയും മുഖ്യമന്ത്രിമാരായതിനെ കുറിച്ച് ഒന്നും രാഷ്ട്രീയ കച്ചവടം നടത്തുന്ന ചന്ദ്രശേഖരന് അറിയില്ല. പിണറായി വിരുദ്ധതയിലാണ് കേരളത്തിൽ ലഭിച്ച മൂന്ന് സീറ്റെന്നത് മറന്നും പോകരുത്. വോട്ടു ശതമാനം 11.7 ആയിട്ടുണ്ട്. തമ്പുരാൻ പ്രസിഡന്റാകുന്നതിന് മുമ്പ് കെ.സുരേന്ദ്രൻ 15 വരെ കൊണ്ടെത്തിച്ചതാണ്.
കേരളത്തിന്റെ മതേതര മനസ്സ് അങ്ങനെയെങ്ങ് അംഗീകരിച്ചാൽ നിലവാരം കുറഞ്ഞ മതരാഷ്ട്രീയത്തിന്റെ വിത്തിറക്കാൻ സംഘപരിവാരം കഷ്ടപ്പെടുമെന്ന് രാജീവനറിയാം.
നിയമസഭയിൽ മിനിമം അവകാശങ്ങളുള്ള അംഗങ്ങളാണ് ബി.ജെ.പി എം.എൽ.മാർ. ഈ വിവരവും പത്രദ്വാരാ രാജീവ് ചന്ദ്രശേഖർ മനസ്സിലാക്കി കാണും.എന്നാൽ പിന്നെ കിട്ടുന്നിടത്തെല്ലാം കുറച്ച് മുസ്ലീം വിരോധമാകാമെന്നതാണ് അദ്ദേഹത്തിന്റെ ലൈൻ.

തിരഞ്ഞെടുപ്പ് അവലോകനം ധൃതഗതിയിൽ എ.കെ.ജി സെന്ററിലും എം.എൻ സ്മാരകത്തിലും നടക്കുകയാണ്. എന്തു കൊണ്ട് തോറ്റു എന്ന ചർച്ച തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തുടങ്ങിയതാണ്. പുത്തൻ തോൽവിയ്ക്ക് പുത്തൻ കാരണം അന്വേഷിക്കുകയാണ് സഖാക്കൾ.
അഹങ്കാരം, സ്വജനപക്ഷപാതം,കമ്മ്യൂണിസ്റ്റ് ആശയങ്ങളെ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി സമാസമം മുക്കിയതു കൊണ്ട് സ്വന്തം സഖാക്കൾ പോലും ഇടതുപക്ഷത്തിന് വോട്ടു ചെയ്തിട്ടില്ലെന്നറിയാൻ ഓരോ മണ്ഡലത്തിലും നോട്ടയ്ക്ക് പതിഞ്ഞ വോട്ടിന്റെ കണക്കെടുത്താൽ മതിയാകും.
തളിപ്പറമ്പിൽ എം.വി ഗോവിന്ദന്റെ ഭാര്യ നാദാപുരത്ത് സത്യൻ മൊകേരിയുടെ ഭാര്യ തുടങ്ങി രാവന്തി പണിയെടുത്ത് ജീവിക്കുന്ന സാധാരണ സഖാക്കളെ ഒന്നു മാറ്റി ചിന്തിപ്പിക്കാൻ ഇടതു മുന്നണി നേതൃത്വത്തിന് വളരെ വേഗത്തിലായി. സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചു വിടണമെന്ന ആവശ്യം അവരുടെ തന്നെ ജില്ലാ നേതൃത്വങ്ങളിൽ നിന്നും ഉയർന്നു കഴിഞ്ഞു. താത്വികാചാര്യന്മാരായ എം.വി ഗോവിന്ദനും ബിനോയ് വിശ്വവും ആ പദവിയൊഴിഞ്ഞ് നാട്ടുകാരുമായി ബന്ധമുള്ള ആരെയെങ്കിലും സെക്രട്ടറിമാരാക്കിയാൽ ഭാവിയിലെങ്കിലും കരപിടിക്കാം. പിണറായി ഭക്തി അവസാനിപ്പിച്ച് കതകടച്ചിരുന്നുള്ള ചർച്ചകളിലെങ്കിലും ആ സഖാവിന് പറ്റിയ അബദ്ധങ്ങൾ ഭയം കൂടാതെ പറയാൻ കണ്ണൂര് മുതൽ തിരുവനന്തപുരം വരെയുള്ള കറപുരളാത്ത കമ്മ്യൂണിസ്റ്റു നേതാക്കന്മാരും അണികളും തയ്യാറായാൽ നന്നായിരിക്കും.

ജനാധിപത്യം പൂത്തുലഞ്ഞ തമിഴ്നാട് തിരഞ്ഞെടുപ്പ് വിശേഷം കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം. വെള്ളിത്തിരയിലെ സൂപ്പർ ഹീറോ തമിഴ്നാട് മുഖ്യമന്ത്രിയായപ്പോൾ 1974ൽ എം.ജി.ആർ അധികാരത്തിൽ വന്നതാണ് ഇത്തരുണത്തിൽ ഓർത്തു പോകുന്നത്. അന്ന് എം.ജി.ആറിന്റെ വലതു വശത്ത് അധികാരവും ഇടതു വശത്ത് ജയലളിതയും. ഇന്ന് വിജയിന്റെ ഇടതു വശത്തു തൃഷയും വലതു വശത്ത് അധികാരവും. അന്നത്തേയും ഇന്നത്തേയും ഡയലോഗുകൾ തമ്മിൽ പോലും മാറ്റങ്ങളില്ല. തമിഴ് മക്കളെ ഐശ്വര്യത്തിന്റെ പാലാഴിയിൽ മുക്കിയെടുത്തേ പോകൂവെന്ന് അന്ന് എം.ജി.ആർ വാശിപ്പിടിച്ചു. ഇന്ന് അതേ വാശി വിജയിനുമുണ്ട്. ഇവിടെയൊരു വ്യത്യാസമുള്ളത് പ്രതിപക്ഷ എം.എൽ.എമാരുടെ പിന്തുണയോടെയാണ് വിജയ് അധികാരം ഉറപ്പിച്ചതെന്നാണ്.ഡി.എം.കെ മുന്നണിയിലുള്ള സി.പി.എ,സി.പി.എം,വിടുതലൈ കക്ഷി എം.എൽ.എമാർ കലൈഞ്ജർ മുത്തുവേൽ കരുണാനിധി മകൻ സ്റ്റാലിന്റെ അനുഗ്രഹത്തോടെയാണ് സി.ജോസഫ് വിജയിന് പിന്തുണ നൽകിയിരിക്കുന്നത്. അണ്ണാ ഡി.എം.കെയെ പിളർത്തി കുറച്ച് പേരും വിജയിന്റെ കരങ്ങൾക്ക് ശക്തിപകരാൻ എത്തിയിട്ടുണ്ട്. എന്താവും വരാൻ പോകുന്നതെന്ന് കാത്തിരുന്നു കാണുകയേ നിവർത്തിയുള്ളൂ.
സനാതനികളോട് തമിഴകം വിട്ട് പിടിക്കാനുള്ള ആഹ്വാനം തമിഴ്നാടിന്റെ ആവേശമായ പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ നൽകി കഴിഞ്ഞു.
അണ്ണാമലൈയും നാഗേന്ദ്ര നൈനാരുമൊക്കെ അതു ചെയ്യും ഇതു ചെയ്യും എന്നൊക്കെ പറഞ്ഞിട്ടും ഉദയനിധി അണുവിട വിട്ടുകൊടുക്കുന്നില്ല. ജെൻസിയുടെ ആവേശമടങ്ങുമ്പോൾ ഒരേയൊരു ദ്രാവിഡ പാർട്ടിയായി തമിഴ്നാട്ടിലുണ്ടാകാനുള്ള പണി സ്റ്റാലിൻ പുത്രനെ ആരും പഠിപ്പിക്കേണ്ട.






Bas Sarkar Safal Honi Chahiye