A Unique Multilingual Media Platform

Articles Climate Development Environment Kerala Politics

കേരളം: വികസന യുക്തിയും പാരിസ്ഥിതിക യാഥാർത്ഥ്യവും

  • May 1, 2026
  • 1 min read
കേരളം: വികസന യുക്തിയും പാരിസ്ഥിതിക യാഥാർത്ഥ്യവും

മെയ് 4-ലെ തിരഞ്ഞെടുപ്പ് ഫലത്തിനായി കേരളം കാത്തിരിക്കുമ്പോൾ, പ്രചാരണ രംഗത്ത് വീണ്ടും മുഴങ്ങിക്കേട്ടത് പരിചിതമായ ചില വാഗ്ദാനങ്ങളാണ്: കൂടുതൽ സാമ്പത്തിക വളർച്ച, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, വൻതോതിലുള്ള നിക്ഷേപം, പദ്ധതികൾക്ക് വേഗത്തിലുള്ള അനുമതി. ക്ഷേമം, ഭരണം, രാഷ്ട്രീയ അവകാശവാദങ്ങൾ എന്നിവയിൽ പാർട്ടികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും, മിക്കവരും വികസനം എന്ന പൊതുയിടത്താണ് ഒത്തുചേർന്നത്. അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപം, വിനോദസഞ്ചാരം, വ്യവസായം എന്നിവയിലായിരുന്നു ഈ ചർച്ചകളെല്ലാം കേന്ദ്രീകരിച്ചത്. എന്നാൽ നേരെമറിച്ച്, ക്വാറികളുടെ നിയന്ത്രണം, നദീസംരക്ഷണം, വനങ്ങളുടെയും തീരപ്രദേശങ്ങളുടെയും ദുർബലത, ജനാധിപത്യപരമായ പാരിസ്ഥിതിക ആസൂത്രണം തുടങ്ങിയ വിഷയങ്ങൾക്ക് വലിയ ശ്രദ്ധ ലഭിച്ചില്ല. വികസനം ആവർത്തിച്ച് ഉന്നയിക്കപ്പെട്ടപ്പോൾ, നമ്മുടെ ദൈനംദിന ജീവിതത്തെ നിലനിർത്തുന്ന പാരിസ്ഥിതിക സാഹചര്യങ്ങൾ പലപ്പോഴും തഴയപ്പെട്ടു.

കേരളത്തിലെ ഭൂവിനിയോഗം (2001-2019)

ഈ അസന്തുലിതാവസ്ഥ വളരെ പ്രധാനപ്പെട്ട ഒന്നാണ്. കാരണം, അധികാരത്തിൽ വരുന്ന ഏത് സർക്കാരിനും ലഭിക്കാൻ പോകുന്നത് പ്രളയം, ഉരുൾപൊട്ടൽ, തീരദേശ പ്രതിസന്ധികൾ, മനുഷ്യ-വന്യജീവി സംഘർഷം എന്നിവ കാരണം പാരിസ്ഥിതിക പ്രശ്നങ്ങളെ ഇനി ഒട്ടും അവഗണിക്കാനാവാത്ത അവസ്ഥയിലുള്ള ഒരു സംസ്ഥാനത്തെയാണ്. ഇന്നത്തെ കേരളത്തിൽ, വികസനം ആവശ്യമാണോ എന്നതല്ല യഥാർത്ഥ ചർച്ചാവിഷയം, മറിച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണി നേരിടുന്ന ഒരു സംസ്ഥാനത്ത് ഏത് തരത്തിലുള്ള വികസനമാണ് പ്രായോഗികം എന്നതാണ്.

സമീപകാലത്തെ ചില പൗര ഇടപെടലുകൾ ഈ ഉയർന്നുവരുന്ന ആശങ്കയെ ചൂണ്ടിക്കാണിക്കുന്നു. പാരിസ്ഥിതിക-കാലാവസ്ഥാ ഭരണത്തിനായുള്ള ഒരു പ്രകടനപത്രികയായി അവതരിപ്പിച്ച, അടുത്തിടെ പുറത്തിറങ്ങിയ ‘കാടുമുതൽ കടൽവരെ: കേരള ജനതയുടെ പരിസ്ഥിതി രേഖ’ (From Forest to Sea: Keralam People’s Environmental Charter) വ്യക്തമാക്കുന്നത് വനങ്ങൾ, തണ്ണീർത്തടങ്ങൾ, തീരങ്ങൾ, ഉപജീവനമാർഗങ്ങൾ, പൊതുജന സുരക്ഷ എന്നിവയെ വെവ്വേറെ നയങ്ങളായി കാണാതെ ഒന്നിച്ചുചേർത്ത് പരിഗണിക്കണം എന്നാണ്. പാരിസ്ഥിതിക പ്രശ്നങ്ങൾ പരിസ്ഥിതി പ്രവർത്തകർ മാത്രം ഉന്നയിക്കുന്ന വിഷയങ്ങളല്ല, മറിച്ച് ഒരു പൊതുപ്രശ്നമാണ് എന്ന വിശാലമായ തിരിച്ചറിവാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഭരണനിർവ്വഹണത്തിൽ അവയുടെ പ്രാധാന്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനെയും ഈ ഇടപെടലുകൾ അടിവരയിടുന്നു.

കേരളത്തിലെ എലിവേറ്റഡ് ഹൈവേ പദ്ധതിക്കായി വൻതോതിലുള്ള മണ്ണെടുപ്പ്

എന്നിരുന്നാലും, കേരളത്തിലെ പൊതുചർച്ചകളിൽ ഭൂരിഭാഗവും പാരിസ്ഥിതിക ജാഗ്രതയെ വികസനത്തിനെതിരെയുള്ള ഇടപെടലുകളായാണ്  കണക്കാക്കുന്നത്. പരിസ്ഥിതിയെക്കാൾ വികസനം തിരഞ്ഞെടുക്കണം എന്ന വാദം സ്ഥിതിവിവരക്കണക്കുകളുടെ  പിൻബലത്തിലാണ് നിലനിൽക്കുന്നത്. വനവിസ്തൃതി, വന്യജീവികളുടെ എണ്ണം, റോഡ് ശൃംഖലകൾ, പ്രതീക്ഷിക്കുന്ന സാമ്പത്തിക നേട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള കണക്കുകളാണ് ഓൺലൈനിലും ഓഫ്‌ലൈനിലുമുള്ള പൊതുചർച്ചകളെ കൂടുതലായി സ്വാധീനിക്കുന്നത്. ഇത്തരം സ്ഥിതിവിവരക്കണക്കുകൾ ഉദ്ധരിക്കപ്പെടുമ്പോൾ, പാരിസ്ഥിതിക ആശങ്കകളെ യാതൊരു തെളിവുകളുമില്ലാത്ത വെറും വൈകാരിക പ്രതികരണങ്ങളായി തള്ളിക്കളയുന്നു. ശാസ്ത്രം അതിന്റെ അഭിപ്രായം വ്യക്തമാക്കിക്കഴിഞ്ഞു, അതിനാൽ വിയോജിപ്പുകൾ പിൻവലിക്കണം എന്നതാണ് ഇതിലൂടെ അർത്ഥമാക്കുന്നത്.

തിരുവനന്തപുരം ശംഖുമുഖത്ത് കടലാക്രമണത്താൽ തകർച്ച നേരിടുന്ന സർക്കാർ കെട്ടിടം.(ഫോട്ടോ: പ്രസൂൺ കിരൺ)

ഈ അവസ്ഥയെ വിശദീകരിക്കാൻ ‘ശാസ്ത്രവൽക്കരണം’ (Scientization) എന്ന ആശയം പ്രസക്തമാണ്. നയരൂപീകരണത്തിൽ ശാസ്ത്രം ഉപയോഗിക്കുക എന്നതല്ല ഇതിനർത്ഥം. മറിച്ച്, സങ്കീർണ്ണമായ രാഷ്ട്രീയ-ധാർമ്മിക പ്രശ്നങ്ങളെ ചില സാങ്കേതിക സൂചകങ്ങളിലൂടെയും വിദഗ്ധരുടെ അവകാശവാദങ്ങളിലൂടെയും മാത്രമായി ചുരുക്കുന്ന രീതിയാണിത്.

2024-ലെ വയനാട് ഉരുൾപൊട്ടൽ ദുരന്തഭൂമിയിലെ ജീവൻരക്ഷാ ദൗത്യം.

കേരളത്തിലെ വനവിസ്തൃതി സുരക്ഷിതമാണെന്ന വാദം ഇതിനൊരു ഉദാഹരണമാണ്. ഈ വാദത്തെ സാധൂകരിക്കാൻ ഉപയോഗിക്കുന്നത് ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടുകളാണ്.  എന്നാൽ ഈ റിപ്പോർട്ടുകളുടെ പരിമിതികൾ പലപ്പോഴും അവയുടെ രീതിശാസ്ത്രപരമായ പരിമിതികൾ (methodological limitations) മനസ്സിലാക്കാതെയാണ് തയ്യാറാക്കുന്നത്. ഉപഗ്രഹചിത്രങ്ങളിലെ പച്ചപ്പിനെ (Canopy cover) അടിസ്ഥാനമാക്കിയുള്ള ഈ കണക്കുകളുപയോഗിച്ച്   സ്വാഭാവിക വനങ്ങളും തോട്ടങ്ങളും തകർന്നടിഞ്ഞ ഭൂപ്രകൃതിയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ സാധിക്കില്ല. അതുപോലെ, വന്യജീവികളുടെ എണ്ണം വർധിക്കുന്നത് പാരിസ്ഥിതിക സന്തുലിതാവസ്ഥയുടെ ലക്ഷണമാകണമെന്നില്ല; മറിച്ച് ആവാസവ്യവസ്ഥയുടെ തകർച്ചയോ വനാതിർത്തികളുടെ ചുരുങ്ങലോ ആകാം. ആനകളുടെ നാട്ടിലിറങ്ങലുമായി ബന്ധപ്പെട്ട ചർച്ചകളിൽ വെറും കണക്കുകൾ യഥാർത്ഥ പാരിസ്ഥിതിക സമ്മർദ്ദത്തെ മറച്ചുപിടിക്കുന്നു.

ജർമ്മൻ ചിന്തകനായ യുർഗൻ ഹേബർമാസ് ഇതിനെ ‘ജീവിതലോകത്തിന്റെ അധിനിവേശം’ (Colonisation of the lifeworld) എന്നാണ് വിശേഷിപ്പിച്ചത്. മനുഷ്യർ ബന്ധങ്ങൾ നിലനിർത്തുകയും മൂല്യങ്ങൾ പങ്കുവെക്കുകയും പ്രായോഗിക ജീവിതസാഹചര്യങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്യുന്ന ദൈനംദിന മേഖലയാണ് ‘ജീവിതലോകം’. പണം, ഉദ്യോഗസ്ഥ മേധാവിത്വം, സാങ്കേതിക യുക്തി എന്നിവ ഉൾച്ചേർന്നിരിക്കുന്ന സിസ്റ്റം (System) ഈ ജീവിതലോകത്തിന് മേൽ ആധിപത്യം സ്ഥാപിക്കുമ്പോഴാണ് ‘അധിനിവേശം’ സംഭവിക്കുന്നത്. കേരളത്തിലെ പരിസ്ഥിതി സമരങ്ങളുടെ ചരിത്രം നോക്കിയാൽ അവ ഈ ജീവിതലോകത്തിന്റെ അധിനിവേശം’ തടയാനുള്ള ഇടപെടലുകളാണെന്ന് മനസ്സിലാകും.  കേരളത്തിലെ മിക്ക പരിസ്ഥിതി സമരങ്ങളും കേവലം പദ്ധതികൾക്കെതിരെയുള്ള പ്രതിഷേധം  മാത്രമല്ല., മറിച്ച് ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങൾ സാങ്കേതിക വിദഗ്ധർ പൊതുജനത്തിന്റെ മേൽ അടിച്ചേൽപ്പിക്കുന്ന നടപ്പു രീതികൾക്കെതിരെയുള്ള സമരങ്ങൾ കൂടിയാണ്. ജനാധിപത്യപരമായി തീരുമാനങ്ങൾ എടുക്കാൻ ഗവണ്മെന്റിനുമേൽ സമ്മർദ്ദം ചെലുത്തുക കൂടി ചെയ്യുന്ന സമരങ്ങളാണ്.

യുർഗൻ ഹേബർമാസ്

കാസർകോട്ടെ എൻഡോസൾഫാൻ വിരുദ്ധ സമരം ഇതിന് വലിയൊരു ഉദാഹരണമാണ്. അത് കേവലം ഒരു കീടനാശിനിക്കെതിരെയുള്ള പോരാട്ടമായിരുന്നില്ല. തോട്ടങ്ങളിലെ ഉൽപ്പാദനക്ഷമതയ്ക്ക് മാത്രം മുൻഗണന നൽകുകയും മനുഷ്യരുടെ രോഗാതുരമായ ശരീരങ്ങളെയും തകർന്ന ജീവിതസാഹചര്യങ്ങളെയും അദൃശ്യമാക്കുകയും ചെയ്ത വികസന യുക്തിക്കെതിരെയുള്ള പോരാട്ടമായിരുന്നു അത്. തങ്ങളുടെ ദുരിതങ്ങൾ എൻഡോസൾഫാനുമായി ബന്ധപ്പെട്ടതാണെന്ന് തെളിയിക്കാൻ ഇരകളോട് നിരന്തരം ശാസ്ത്രീയ തെളിവുകൾ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ തങ്ങളുടെ ജീവിതാനുഭവങ്ങളും വേദനകളും തന്നെ തെളിവുകളായി പരിഗണിക്കണമെന്നുള്ള സമരക്കാരുടെ ആവശ്യം ജീവിതലോകത്തെ സംരക്ഷിക്കാനുള്ള ശ്രമമായിരുന്നു.

അവകാശങ്ങൾക്കായി തെരുവിലിറങ്ങി എൻഡോസൾഫാൻ ദുരിതബാധിതർ.

കേരളത്തിലുടനീളം നടക്കുന്ന ക്വാറി വിരുദ്ധ സമരങ്ങളുടെ കാര്യവും ഇതുതന്നെയാണ്. ഇവയെ പലപ്പോഴും വികസനത്തിനോ തൊഴിലിനോ എതിരായ സമരങ്ങളായി ചിത്രീകരിക്കാറുണ്ട്. എന്നാൽ, പ്രദേശവാസികളെ സംബന്ധിച്ചിടത്തോളം ക്വാറികൾ കേവലം തങ്ങളുടെ പ്രകൃതിഭംഗി നശിപ്പിക്കുന്ന ഒന്നല്ല. അവ മണ്ണിടിച്ചിലിനും വീടുകളുടെ തകർച്ചയ്ക്കും കാരണമാവുകയും തങ്ങളുടെ സുരക്ഷിതമായ വാസസ്ഥലങ്ങളെ ഖനന മേഖലകളാക്കി മാറ്റുകയും ചെയ്യുന്നു. ഈ സമരങ്ങളിലൂടെ സംരക്ഷിക്കപ്പെടുന്നത് പ്രകൃതി എന്ന കേവല ആശയമല്ല, മറിച്ച് പാർപ്പിടം, സുരക്ഷ, ജീവിതത്തിന്റെ തുടർച്ച എന്നിങ്ങനെയുള്ള ഭൗതിക സാഹചര്യങ്ങളാണ്.

കാസർകോട്ടെ എൻഡോസൾഫാൻ ബാധിത പഞ്ചായത്തുകൾ.
(കടപ്പാട്: അനൂപ് എൻ.ആർ)

പാരിസ്ഥിതിക ആഘാതങ്ങൾ അനുഭവിക്കുന്നവർക്ക് ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളിൽ കാണാത്ത പ്രായോഗികമായ ചില അറിവുകളുണ്ട്. ക്വാറി മേഖലകളിൽ താമസിക്കുന്നവർക്ക് റോഡുകളിലും ചുവരുകളിലും വിള്ളലുകൾ വീഴുന്നത് എപ്പോഴാണെന്ന് കൃത്യമായറിയാം. കടലിലെ അടിയൊഴുക്കുകൾ മാറുന്നതും തീരം നശിക്കുന്നതും മത്സ്യത്തൊഴിലാളികൾക്കറിയാം. പുഴയിലെ വെള്ളത്തിന്റെ നിറവും മണവും രുചിയും മാറുന്നത് പുഴയോരത്ത് ജീവിക്കുന്നവർ തിരിച്ചറിയുന്നു. ഇത്തരം നിരീക്ഷണങ്ങൾ ശാസ്ത്രീയ തെളിവുകൾക്ക് വിരുദ്ധമല്ല, മറിച്ച് അവയും തെളിവുകളുടെ ഭാഗമാണ്.

പൊന്നാനി ഫിഷിംഗ് ഹാർബറിൽ നിന്നുള്ള ഒരു ദൃശ്യം.(ചിത്രം: പ്രസൂൺ കിരൺ)

​അതുകൊണ്ട് തന്നെ, കേരളത്തിലെ പരിസ്ഥിതി പ്രവർത്തനങ്ങൾ വികസനത്തിന് എതിരല്ല. മറിച്ച്, ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളിലേക്ക് പ്രത്യാഘാതങ്ങൾ തള്ളിവിടുന്ന വളർച്ചാ രീതികളിൽ നിന്ന് ദൈനംദിന ജീവിതത്തെ പ്രതിരോധിക്കലാണത്. പാറമടകൾക്കെതിരെ പ്രതിഷേധിക്കുമ്പോൾ അവർ തങ്ങളുടെ വീടും കുടിവെള്ളവുമാണ് സംരക്ഷിക്കുന്നത്. വിഴിഞ്ഞം തുറമുഖം പോലുള്ള പദ്ധതികളെ തീരദേശവാസികൾ ചോദ്യം ചെയ്യുമ്പോൾ അവർ തങ്ങളുടെ ഉപജീവനവും വാസസ്ഥലവും സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. മലിനീകരണത്തിനെതിരെ ശബ്ദമുയർത്തുമ്പോൾ അത് ജീവിക്കാനുള്ള അവകാശത്തിനായുള്ള പോരാട്ടമാണ്.

കേരളത്തിലെ തീരശോഷണത്തെക്കുറിച്ചുള്ള റിപ്പോർട്ട്.

മെയ് 4-ലെ വിധി എന്തുതന്നെയായാലും, പാരിസ്ഥിതിക പരിധികളെ മറികടന്നും ജനങ്ങളുടെ ജീവിതയാഥാർത്ഥ്യങ്ങളെ അവഗണിച്ചും മുന്നോട്ട് പോകാൻ അടുത്ത സർക്കാരിന് കഴിയില്ല. നമുക്ക് മുന്നിലുള്ള യഥാർത്ഥ തിരഞ്ഞെടുപ്പ് വികസനവും പരിസ്ഥിതിയും തമ്മിലല്ല; മറിച്ച് ഹ്രസ്വകാല നേട്ടങ്ങൾക്കായി നടത്തുന്ന ചൂഷണവും കേരളത്തിലെ ജനങ്ങളോടും അവരുടെ ജീവിതലോകത്തോടുമുള്ള ഉത്തരവാദിത്തപരമായ വികസനവും തമ്മിലുള്ളതാണ്.

About Author

സോണി ആർ കെ

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സാമൂഹികശാസ്ത്രജ്ഞനാണ് (Environmental Sociologist) സോണി ആർ.കെ. പരിസ്ഥിതി സംരക്ഷണം, വികസനം, പ്രായോഗിക പ്രവർത്തനങ്ങൾ (Action) എന്നീ മേഖലകളിലാണ് അദ്ദേഹം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പരിസ്ഥിതി രാഷ്ട്രീയം, സാമൂഹിക നീതി, അഗ്രോക്കോളജി, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സോണി ആർ.കെ ഗൗരവകരമായ പഠനങ്ങളും ഇടപെടലുകളും നടത്തിവരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x