മഹാനായ മൗര്യ ചക്രവർത്തി അശോകന്റെചിന്താധാരകളിൽ നിന്ന് അഗാധമായിപ്രചോദനം ഉൾക്കൊണ്ടാണ് ജവഹർലാൽനെഹ്റു അന്തർദേശീയ സമാധാനം, മതേതരബഹുസ്വരത, ക്ഷേമരാഷ്ട്ര സങ്കൽപം തുടങ്ങിയദാർശനിക കാഴ്ചപ്പാടുകൾ ലോകത്തിനു മുന്നിൽസമർപ്പിച്ചത്. അധിനിവേശത്തിലൂടെയുള്ളവിജയത്തിനു പകരം, കാരുണ്യം, ധാർമ്മികത, സാർവ്വദേശീയത എന്നീ മഹിതമൂല്യങ്ങളാൽനയിക്കപ്പെടുന്ന ഒരു ഭരണാധികാരിയുടെമാതൃക സ്വീകരിച്ചുകൊണ്ട്, നവജാത ഇന്ത്യൻറിപ്പബ്ലിക്കിന്റെ ‘നവീന അശോകനായി‘ പരിണമിക്കാൻ നെഹ്റു ശ്രമിച്ചിരുന്നു.
വിഖ്യാത സ്കോട്ടിഷ്–അമേരിക്കൻ രാഷ്ട്രമീമാംസകനായ അലസ്റ്റയർ മാകിന്റയർ ആധുനിക രാഷ്ട്രത്തെ ഇരട്ടമുഖമുള്ള ജനൂസ് ദേവനെപ്പോലെ വൈരുധ്യപൂർണ്ണമായ സ്വത്വമായാണ് സൈദ്ധാന്തീകരിച്ചത്. ഒരു മുഖം രാഷ്ട്രീയ ഭാവനയുടേതാണെങ്കിൽ, മറ്റേ മുഖം ബ്യൂറോക്രാറ്റിക് യുക്തിയുടേതാണ്. ആദ്യത്തെ മുഖം ജനങ്ങളുടെ വികാരങ്ങളെ പ്രചോദിപ്പിച്ച് അവരുടെ വിധേയത്വം ഉറപ്പാക്കുന്നു, അതേസമയം രണ്ടാമത്തെ മുഖം നിർദയമായ ലാഭ–ചെലവ് നിർണയങ്ങളിലൂടെ രാഷ്ട്രത്തിന്റെ ഭരണയന്ത്രത്തെ ചലിപ്പിക്കുന്നു.

മാകിന്റയർ നിരീക്ഷിക്കുന്നതുപോലെ, “ഈ ഇരട്ട സ്വഭാവം, ഭരണകൗശലത്തിൽ മാത്രമല്ല, ഭരണാധികാരികളുടെ വ്യക്തിത്വത്തിലും പ്രതിഫലിക്കും.” ഇതിന് ഉത്തമമായ ഉദാഹരണമാണ് ജവഹർലാൽ നെഹ്റു. അദ്ദേഹത്തിന്റെ രാഷ്ട്രീയ–ദാർശനിക ജീവിതത്തെ രണ്ട് വ്യക്തമായ ഘട്ടങ്ങളായി വിഭജിക്കാം: ഗാന്ധിയൻ ആദർശവാദത്തിന്റെ തികവോടെ നിലകൊണ്ട ആദ്യ ഘട്ടവും നെഹ്റുവിയൻ യഥാർത്ഥവാദിയായിരുന്ന (Nehruvian Realist) രണ്ടാം ഘട്ടവും.
സ്വാതന്ത്ര്യ സമരത്തിന്റെയും ഭരണഘടനാ നിർമ്മാണത്തിന്റേതുമായ ആദ്യ ഘട്ടത്തിൽ അശോകന്റെ ധർമവും നൈതിക ക്രമവും ഉദ്ഘോഷിക്കുന്ന ആദർശവാദിയായിരുന്നു നെഹ്രു. എന്നാൽ പ്രധാനമന്ത്രി പദമേറ്റെടുത്ത രണ്ടാംഘട്ടത്തിൽ കൗടില്യന്റെ അർത്ഥശാസ്ത്രം പ്രയോഗത്തിൽ വരുത്തുന്ന യാഥാർത്ഥനായ ഭരണാധികാരിയായി അദ്ദേഹം പരിവർത്തനം ചെയ്തു. ഇന്നത്തെ കാലഘട്ടത്തിൽ, തത്വചിന്താപരമായി ഏറെ പ്രസക്തമാവുന്നത് നെഹ്റുവിൻ്റെ ആദ്യഘട്ടമാണ്. കാരണം നെഹ്റുവിൻ്റെ ആദ്യകാല രാഷ്ട്രീയ ചിന്തകൾ ഊന്നിനിന്നത് അശോകന്റെ ആദർശാധിഷ്ടിത രാഷ്ട്രീയത്തിലാണ്. പിലക്കാലത്ത് അദ്ദേഹം ആശ്ലേഷിച്ചുപോന്ന പ്രായോഗികതാ വാദത്തിലായിരുന്നില്ല.
നെഹ്റുവിയൻ ഭാവനയിലെ അശോകൻ
അശോകനെ പറ്റി നെഹ്റു ഒരുപാട് എഴുതുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ദ ഡിസ്കവറി ഓഫ് ഇന്ത്യ എന്ന പുസ്തകത്തിലും മകൾ ഇന്ദിരക്ക് അയച്ച കത്തുകളുടെ സമാഹാരമായ പിന്നീട് ഗ്ലിംപ്സസ് ഓഫ് വേൾഡ് ഹിസ്റ്ററി എന്ന പേരിലും ലെറ്റേഴ്സ് ഫ്രം എ ഫാദർ ടൂ ഹിസ് ഡോട്ടർ എന്ന പേരിലും പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലും ഇതു കാണാൻ കഴിയും. അതിൽ ഒരു കത്തിൽ നെഹ്റു കുറിച്ച വാക്കുകൾ ഇങ്ങനെയാണ്: “ശിലകളിൽ കൊത്തിവെച്ച അശോക സ്തംഭങ്ങൾ അവയുടെ അതിമഹത്തായ ഭാഷയിൽ എന്നോട് സംവദിക്കുമായിരുന്നു. ഒരു ചക്രവർത്തി ആയിരുന്നിട്ടും രാജാവോ ചക്രവർത്തിയോ ആയ മറ്റാരേക്കാളും ശ്രേഷ്ഠനായ ഒരു മനുഷ്യനെ പറ്റി അവ എന്നോട് പറയുമായിരുന്നു.”

ചരിത്രകാരൻ എബ്രഹാം ഇരളി തന്റെ ‘Gem in the Lotus: The Seeding of Indian Civilization (2002)’ എന്ന പുസ്തകത്തിൽ നിരീക്ഷിക്കുന്നത് കാണാം; ഒരു രാജാവെന്ന നിലയിലുള്ള തന്റെ കർത്തവ്യം ബോധോദയ ദർശനം നിർദേശിച്ച ധാർമികമായ പാതയിലൂടെ നിർവഹിക്കുകയായിരുന്നു അശോകൻ. കാരുണ്യം, ഔദാര്യം, സത്യനിഷ്ഠ, ശുദ്ധി, സൗമ്യത, ധർമ്മം, തുടങ്ങിയ ഗുണങ്ങൾ മനുഷ്യരിൽ വ്യാപിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രത്യാശ. തന്റെ ആദർശവാദത്തിന്റെ അളവില്ലായ്മക്കിടയിലും അദ്ദേഹം ഒരു യഥാർത്ഥവാദിയായിരുന്നു. കുറ്റകൃത്യങ്ങൾ അദ്ദേഹം ഒട്ടും സഹിക്കില്ലായിരുന്നു. എങ്കിലും കുറ്റവാളികളോട് മനുഷ്യത്വപരമായ സമീപനം പുലർത്തുന്നതിൽ ശ്രദ്ധാലുവായിരുന്നു. അദ്ദേഹത്തിന്റെ കാരുണ്യം കഠിനതയാൽ തുല്യമായി സമതുലിതമാക്കപ്പെട്ടതായിരുന്നു.”അശോകനെ പറ്റി ഇരളി സൂചിപ്പിച്ച കാരുണ്യവും കഠിനതയും തമ്മിലുള്ള സന്തുലനാവസ്ഥ നെഹ്റുവിന്റെ വ്യക്തിത്വത്തോടും ഭരണരീതികളോടും കൃത്യമായി പൊരുത്തപ്പെട്ടു നിൽക്കുന്നുണ്ട്.
ഭരണഘടനാ നിർമ്മാണ സഭയിലെ സംവാദങ്ങൾ പുരോഗമിക്കവെ, നവ റിപ്പബ്ലിക്കിന്റെ വ്യക്തിമുദ്ര പതിപ്പിക്കേണ്ട ദേശീയ ചിഹ്നങ്ങൾ നിർദ്ദേശിക്കപ്പെട്ടപ്പോൾ നെഹ്റു അശോക ചക്രവർത്തിയുടെ ആശയങ്ങളെ ആശ്ലേഷിക്കുകയായിരുന്നു. അങ്ങനെ അശോക സ്തംഭവും ധർമ്മ ചക്രയും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഔദ്യോഗിക ചിഹ്നങ്ങളായി അംഗീകരിക്കപ്പെട്ടു. അശോകന്റെ ഭരണകാലത്തിന് രണ്ടായിരം വർഷങ്ങൾക്ക് ഇപ്പുറം അദ്ദേഹത്തിന്റെ നൈതിക ദർശനം നെഹ്റുവിലൂടെ വീണ്ടും പ്രതിധ്വനിക്കുകയായിരുന്നു. മൗര്യ സാമ്രാജ്യത്തിൽ നിന്നുള്ള ഈ ചിഹ്നങ്ങൾ അശോകന്റെ നൈതിക സ്വാധീനാധികാരത്തിന്റെ (ethical sovereignty) ആഴത്തിലുള്ള സങ്കൽപ്പത്തെയാണ് പ്രതിനിധീകരിക്കുന്നത്. നെഹ്റുവിലൂടെ ആ ദർശനം ആധുനിക ജനാധിപത്യന്റെ രൂപത്തിൽ പുനർ പ്രത്യക്ഷമാവുകയുമായിരുന്നു.
അന്തർദേശീയ സമാധാനത്തിന്റെ പ്രതീകം
അശോക ചക്രത്തെ പറ്റി അഭിപ്രായപ്പെടുമ്പോൾ നെഹ്റു അതിന്റെ ചലനാത്മക സങ്കല്പത്തെ ഊന്നിപ്പറയുന്നതായി കാണാം. “ചക്രം എന്നത് എപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്നതും നിരന്തരം ചലനത്തിലുള്ളതുമായ പ്രതീകമാണ്. നിശ്ചലത മരണമാണെന്നും ചലനത്തിലാണ് ജീവൻ കുടികൊള്ളുന്നതെന്നുമുള്ള സന്ദേശമാണ് അത് നമുക്ക് തരുന്നത്.” ഇന്ത്യയുടെ ദേശീയജൈവികശക്തിയുടെ ആന്തരസത്തയായി മാറ്റത്തെയും നവീകരണത്തെയും സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയുമായി നെഹ്റു ഈ പ്രതീകാത്മകതയെ ബന്ധിപ്പിച്ചു.

നെഹ്റു ഈ പ്രതീകത്തെ അശോകന്റെ ചരിത്രപരമായ പങ്കുമായി കൂടി ബന്ധിപ്പിച്ചതായി കാണാം. “ഇപ്പോൾ ഞാൻ അശോകന്റെ പേര് പരാമർശിക്കുന്നത് നിങ്ങളിൽ അശോകനെ പറ്റിയുള്ള ചിന്തകൾ ഉണർത്താനാണ്. ഇന്ത്യൻ ചരിത്രത്തിലെ അശോകന്റെ കാലഘട്ടം ഒരു അന്തർദേശീയ ഘട്ടമായിരുന്നു. അത് ഒരു പരിമിത ദേശീയ ഘട്ടമല്ലായിരുന്നു. ആ കാലഘട്ടത്തിൽ ഇന്ത്യയുടെ ദൂതന്മാർ ദൂരദേശങ്ങളിലേക്ക് യാത്ര ചെയ്തു – സാമ്രാജ്യത്തിന്റെ പ്രതിനിധികളായിട്ടായിരുന്നില്ല, മറിച്ച്, സമാധാനത്തിന്റെ, സംസ്കാരത്തിന്റെ, സദ്ഭാവനയുടെ ദൂതന്മാരായാണ്.”
നെഹ്റുവിനെ സംബന്ധിച്ചിടത്തോളം അശോകചിഹ്നങ്ങൾ ഇന്ത്യയുടെ മഹത്തായ അന്തർദേശീയതയുടെ ആത്മാവിനെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു. ലോകമെമ്പാടുമുള്ള ജനങ്ങളോട് സ്വാതന്ത്ര്യത്തിന്റെയും സൗഹാർദത്തിന്റെയും സന്ദേശം നൽകുന്നതായിരുന്നു. അശോകന്റെയും നെഹ്റുവിന്റെയും ഈ വിശാലമായ അന്തർദേശീയ ദർശനങ്ങൾ ഇന്നത്തെ സങ്കുചിതവും അഹന്തനിറഞ്ഞതുമായ ദേശീയ സങ്കൽപങ്ങളോട് പുറം തിരിഞ്ഞാണ് നിലനിൽക്കുന്നത്. മതപരവും ജാതീയവുമായ അതിവാദങ്ങൾ നിറഞ്ഞ ഇന്നത്തെ കാലഘട്ടത്തിൽ അവരുടെ സമാധാനാധിഷ്ഠിത അന്തർദേശീയതക്ക് പ്രസക്തി ഏറെയാണ്. ആണവയുഗത്തിൽ മനുഷ്യവംശത്തിന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ “ആത്മപരിശോധന” കൈക്കൊള്ളേണ്ട ആവശ്യകതയെ അത് ഊന്നി പറയുന്നുണ്ട്. ലോകത്തിന്റെ വിനാശകരമായ അന്ത്യത്തെ ഒഴിവാക്കണമെങ്കിൽ മാനവരാശി അശോകന്റെയും നെഹ്റുവിന്റെയും ദർശനങ്ങളിലേക്ക് അടുക്കേണ്ടത് അനിവാര്യമാണെന്നും അത് നമ്മെ ഓർമിപ്പിക്കുന്നു.
ധാർമികതയുടെ രാഷ്ട്രീയ അച്ചുതണ്ട്
അശോകന്റെ ധർമ്മ ചക്രത്തിന് ദ്വിമുഖമായ പ്രസക്തിയാണുള്ളത്. അത് ഒരു ദിശയിൽ ബൗദ്ധദർശനങ്ങളായ ധാർമ്മികത, നിയമം, സമാധാനം, അഹിംസ, സാർവത്രികമായ നൈതിക ക്രമം എന്നീ മഹിതമൂല്യങ്ങളുടെ സമാഹാരത്തെ പ്രതിനിധീകരിക്കുന്നു. അതോടൊപ്പം ആ ഉദാത്ത മൂല്യങ്ങളെ സംരക്ഷിക്കുകയും ലോകമെങ്ങും പ്രചരിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സ്വാധീനാധികാരത്തെയും അത് പ്രതീകവൽക്കരിക്കുന്നുണ്ട്. ഈ വിധത്തിൽ അത് ഒരു രാഷ്ട്രത്തിന്റെ ആദർശവാദത്തെയും യഥാർത്ഥ വീക്ഷണത്തെയും സമന്വയിപ്പിക്കുന്നുണ്ട്. ഈ സംയോജനത്തിൽ നെഹ്റു അതിരറ്റ സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി; “എന്നെ സംബന്ധിച്ചിടത്തോളം ഞാൻ അത്യധികം സന്തുഷ്ടനാണ്… നമ്മുടെ പതാകയുമായി ഈ ചിഹ്നത്തെ മാത്രമല്ല, ഒരു അർത്ഥത്തിൽ ഇന്ത്യയുടെ ചരിത്രത്തിലും ലോകചരിത്രത്തിലും ഏറ്റവും മഹത്തായ പേരുകളിലൊന്നായ അശോകന്റെ പേരും നമുക്ക് ബന്ധിപ്പിക്കാനായി.”
കൗടില്യൻ്റെ തന്ത്രബോധത്തെയും ചന്ദ്രഗുപ്തമൗര്യൻ്റെ രാഷ്ട്രീയ ബുദ്ധിസാമർത്ഥ്യത്തെയും നെഹ്റു ആദരിച്ചിരുന്നുവെങ്കിലും, അശോകൻ്റെ അഹിംസാപരമായ നിലപാടുകളും ബൗദ്ധധാർമ്മിക പ്രവണതകളുമാണ് അദ്ദേഹത്തിൻ്റെ ആത്മാവിനെ അഗാധമായി സ്പർശിച്ചത്. ഇന്ത്യൻ വിദേശനയത്തിൻ്റെ ആധാരശിലയായി മാറിയ പഞ്ചശീല സിദ്ധാന്തം, അശോകൻ്റെ സമാധാനാധിഷ്ഠിതമായ അന്തർദേശീയ കാഴ്ചപ്പാടിൽ നിന്ന് നേരിട്ട് പ്രചോദനം ഉൾക്കൊണ്ടതാണ്.
അഹിംസ എന്ന മൂല്യത്തിനപ്പുറം, അശോകൻ്റെ മതസഹിഷ്ണുതയും ബഹുസ്വരതാ ദർശനവും നെഹ്റുവിനെ ഏറെ ആകർഷിച്ചിരുന്നു. ബുദ്ധമതത്തിന് പുറത്തുള്ള അജീവികൻമാരെപ്പോലുള്ള വിഭാഗങ്ങൾക്ക് പീഡനത്തിൽ നിന്ന് സംരക്ഷണം നൽകാൻ അശോകൻ മുൻപന്തിയിൽ നിന്നിരുന്നു. ഈയൊരു ദാർശനികതയാണ് നെഹ്റുവിയൻ മതേതരത്വത്തിൽ പ്രതിഫലിച്ചത്. ബഹുസ്വരതയോടും മനഃസാക്ഷിസ്വാതന്ത്ര്യത്തോടുമുള്ള നെഹ്റുവിൻ്റെ പ്രതിബദ്ധത, അശോകൻ്റെ മതപരമായ ഔദാര്യത്തിൻ്റെ ആധുനികമായ തുടർച്ചയായി നമുക്ക് കാണാവുന്നതാണ്.
ഏഷ്യയിലുടനീളം അശോകൻ നടത്തിയ നയതന്ത്ര ദൗത്യങ്ങളും സന്യാസ പ്രചരണങ്ങളും ശീതയുദ്ധകാലത്തെ നെഹ്റുവിന്റെ ഏഷ്യൻ ഐക്യദാർഢ്യത്തിലും ചേരി ചേരാ പ്രസ്ഥാനത്തിലും ആധുനിക പിന്തുടർച്ച കണ്ടെത്തുന്നതായി കാണാം. അതുപോലെ തന്നെ അശോകൻ നടത്തിയ ക്ഷേമപരമായ നടപടികളായ നടപാതകൾ, വിശ്രമകേന്ദ്രങ്ങൾ, അന്നദാനശാലകൾ, ആശുപത്രികൾ എന്നിവയുടെ നിർമാണങ്ങൾ, മൃഗസംരക്ഷണം, വനവൽക്കരണം എന്നീ പ്രവർത്തനങ്ങളെല്ലാം നെഹ്റുവിന്റെ ക്ഷേമരാഷ്ട്ര സങ്കൽപത്തിൽ നിഴലിക്കുന്നതായി കാണാം.
അശോകൻ്റെ ധർമ്മമഹാമാത്രന്മാരെപ്പോലെ, സാമൂഹിക പുരോഗതിക്കും നൈതികമായ ഭരണത്തിനും സമർപ്പിതമായ ഒരു ബ്യൂറോക്രസിയെ (ഭരണയന്ത്രത്തെ) നെഹ്റുവും സ്വപ്നം കണ്ടിരുന്നു. ഈ രണ്ടു ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം, ധാർമ്മികമായ ബോധനവും (നൈതികബോധനവും) ഭരണനടപടികളും പരസ്പരം വേർതിരിക്കാനാവാത്ത രണ്ട് ഘടകങ്ങളായിരുന്നു. ബുദ്ധൻ അശോകൻ്റെ ആത്മീയ ഗുരുവായിരുന്നത് പോലെ, മഹാത്മാഗാന്ധി നെഹ്റുവിൻ്റെ ആത്മീയ പ്രചോദനമായി നിലകൊണ്ടു. അശോകനെപ്പോലെത്തന്നെ, നെഹ്റുവും തൻ്റെ ആശയങ്ങൾ കത്തുകളിലൂടെയും പ്രസംഗങ്ങളിലൂടെയും ഗ്രന്ഥങ്ങളിലൂടെയും വ്യാപകമായി പ്രചരിപ്പിച്ചു. പേന വാളിനൊത്ത ശക്തിയുള്ള ഒരു ഭരണായുധമാണെന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നു.
അശോക രാജ്യവും രാമരാജ്യവും
നെഹ്റുവിനെ അശോകരാജ്യത്തിന്റെ സങ്കല്പം പ്രചോദിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ ആത്മീയ ഗുരുവായിരുന്ന ഗാന്ധിജി സംസാരിച്ചത് രാമരാജ്യത്തെ പറ്റിയായിരുന്നു. പക്ഷേ ഈ രണ്ട് സങ്കൽപങ്ങൾ അടിസ്ഥാനത്തിലും സ്വഭാവത്തിലും തികച്ചും വിഭിന്നമായിരുന്നു. ഗാന്ധിജിയുടെ രാമരാജ്യ സങ്കല്പം അടിസ്ഥാനപരമായി ആത്മീയവും പ്രതീകാത്മകവുമായ ഒരു ദർശനമായിരുന്നു. അതിനെ അദ്ദേഹം ഇങ്ങനെ വ്യാഖ്യാനിച്ചു: “ഞാൻ വിവക്ഷിക്കുന്ന രാമരാജ്യം ‘ദൈവരാജ്യമാണ്‘. എന്നെ സംബന്ധിച്ചിടത്തോളം രാമനും റഹീമും ഒരേ ദൈവമാണ്. സത്യത്തിൻ്റെയും ധാർമ്മികതയുടെയും ദൈവമല്ലാതെ ഞാൻ മറ്റൊരു ദൈവത്തെയും അംഗീകരിക്കുന്നില്ല. എൻ്റെ മനസ്സിലെ രാമൻ ഈ ഭൂമിയിൽ ജീവിച്ചിരുന്നുവോ ഇല്ലയോ എന്നത് പ്രസക്തമല്ല; എന്നാൽ, പ്രാചീനമായ രാമരാജ്യത്തിൻ്റെ ആദർശം ഏറ്റവും ദരിദ്രനായ പൗരനുപോലും വിലയേറിയതും സങ്കീർണ്ണവുമായ നിയമനടപടികൾ കൂടാതെ വേഗത്തിലുള്ള നീതി ഉറപ്പാക്കപ്പെടുന്ന യഥാർത്ഥ ജനാധിപത്യത്തിൻ്റെ പ്രതീകമാണെന്നതിൽ സംശയമില്ല.”
ഗാന്ധിജിയുടെ രാമരാജ്യം, ധാർമ്മികമായി ആഴമുള്ളതായിരുന്നെങ്കിൽ പോലും, അത് യാഥാർത്ഥ്യബോധമില്ലാത്തതും (Utopian) ചരിത്രപരമല്ലാത്തതുമായ ഒരു സങ്കല്പമായിരുന്നു. പ്രശസ്ത പുരാണ പണ്ഡിതനായ ദേവദത്ത് പട്ടനായിക് തൻ്റെ The Book of Ram (2015) എന്ന ഗ്രന്ഥത്തിൽ നിരീക്ഷിക്കുന്നത് ഇപ്രകാരമാണ്; “രാമൻ ഒരിക്കലും വർണ്ണാശ്രമധർമ്മത്തെ ചോദ്യം ചെയ്തിരുന്നില്ല; സ്വന്തം വ്യക്തിപരമായ സന്തോഷത്തെ ബലികൊടുത്തുകൊണ്ട് പോലും അദ്ദേഹം അതിൻ്റെ നിയമങ്ങൾ പാലിച്ചുപോന്നു… എല്ലാ സന്ദർഭങ്ങളിലും വർണ്ണാശ്രമധർമ്മത്തെ ചോദ്യം ചെയ്യാതെ പിന്തുടരാനുള്ള രാമൻ്റെ ഉറച്ച നിശ്ചയം, അദ്ദേഹത്തെ ഒട്ടനവധി നൈതികവും ധാർമ്മികവുമായ സംഘർഷങ്ങളിലേക്കാണ് നയിച്ചത്.”

ഇതിനു വിപരീതമായി, നെഹ്റുവിൻ്റെ അശോകരാജ്യം ചരിത്രാധിഷ്ഠിതവും യുക്തിപരവും ഉൾക്കൊള്ളൽ സ്വഭാവമുള്ളതുമായിരുന്നു. അത് നീതി, കാരുണ്യം, യുക്തി എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു യഥാർത്ഥ ഭരണമാതൃകയെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു. ഈ മൂല്യങ്ങളെല്ലാം പുരാണ പരിധികളെയും മതപരമായ വിഭജനങ്ങളെയും അതിജീവിക്കുന്ന സാർവത്രികമായ തത്വങ്ങളായിരുന്നു.
ഇന്ന്, ഇന്ത്യയും ലോകം തന്നെയും സങ്കുചിതത്വത്തിൻ്റെയും അസഹിഷ്ണുതയുടെയും സംഘർഷങ്ങളുടെയും ഭാരത്താൽ വേദനിക്കുമ്പോൾ, നീതിപരതയും കാരുണ്യവും മുഖമുദ്രയാക്കി ദുഃഖരഹിതമായ ഒരു ഭരണക്രമം മുന്നോട്ട് വെക്കുന്ന അശോക രാജ്യ സങ്കല്പത്തിലൂന്നിയ നെഹ്റുവിയൻ ആദർശം വീണ്ടെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അശോകനും നെഹ്റുവും ഇന്നും പ്രകാശിക്കുന്ന ദീപസ്തംഭങ്ങളാണ്– വഴിതെറ്റിയ റിപ്പബ്ലിക്കിന് ദിശാനിർദ്ദേശം പകരുന്ന ഒരു വിളക്കുമാടം പോലെ. അവരുടെ ദർശനത്തിലേക്കുള്ള പ്രയാണം കേവലം ഭൂതകാലത്തെക്കുറിച്ചുള്ള ഗൃഹാതുരമായ ഒരോർമ്മ പുതുക്കൽ മാത്രമായി ഒതുങ്ങുന്നില്ല. മറിച്ച് അതൊരു നൈതികമായ അനിവാര്യതയാണ്. കാരണം അവരുടെ നൈതിക സങ്കൽപ്പങ്ങളുടെ പ്രകാശത്തിൽ മാത്രമെ നമുക്ക് ദുഃഖരഹിതമായ രാഷ്ട്രവും ലോകവും സൃഷ്ടിക്കാമെന്നുള്ള പ്രത്യാശ വീണ്ടെടുക്കാനാവൂ.



